മരണാനന്തരം

സിദ്ദിഖ് മരിച്ചപ്പോൾ ലാൽ ഇരുന്ന പോലെ.. കൊടിയേരി മരിച്ചപ്പോൾ പിണറായി ഇരുന്ന പോലെ.. ഇങ്ങനെയൊക്കെ മരിച്ചു കിടക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെക്കുറെ ആൾക്കാരും എന്നാണ് മരണാനന്തര ഫേസ്ബുക്ക് പോസ്റ്റുകൾ നൽകുന്ന സൂചനകൾ. അതൊരു അപൂർവ്വ സംഗതിയൊന്നും അല്ലാ എന്നാണെന്റെ അഭിപ്രായം. മിക്കവാറും മനുഷ്യർക്കും അത്തരത്തിൽ ഒന്നോ അധികമോ ആൾക്കാർ ഉണ്ടാവും. കാരണം, ഭൂരിഭാഗം പേരും അവരവരുടെ ക്ലോസ് സർക്കിളിൽ അത്രയും വേണ്ടപ്പെട്ടവർ തന്നെയാവും. പക്ഷെ ആ സുഹൃത്തുകൾക്കാർക്കും ഇരിക്കാൻ അങ്ങനൊരു കസേരയോ സൗകര്യമോ സാഹചര്യമോ ആ സമയത്ത് ഉണ്ടാവണമെന്നില്ലാ എന്നുമാത്രം. എന്റെ മരണശേഷം വീട്ടുകാർക്കും കൂട്ടുകാർക്കും കരയണോ ചിരിക്കണോ ഗ്രൂപ്പ് ഫോട്ടോ എടുക്കണോ എന്നൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചും മൂഡനുസരിച്ചും അവർ ചെയ്തോട്ടെ. അധികം സീനാക്കാതെ റ്റാറ്റാ പറഞ്ഞാൽ അത്രയും സന്തോഷം. പക്ഷെ എന്റെ ചില ഡിമാന്റ്സ് കൂടി ഈ അവസരത്തിൽ പറഞ്ഞു വയ്ക്കാമെന്ന് കരുതുന്നു. മരിക്കുന്നവർക്കും ഉണ്ടല്ലോ ഒരു മനസ്. പലതും പലപ്പോഴും പലരോടും പറഞ്ഞതു തന്നെ. 1.സ്വാഭാവിക മരണമാണെങ്കിൽ എത്രയും വേഗം എടുക്കാവുന്ന അവയവങ്ങൾ എല്ലാം എടുത്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യണം. ഇക്കാര്യം വീട്ടുകാർ മറന്നാൽ കൂട്ടുകാർ ഓർമ്മിപ്പിക്കണം. :) 2. അവയവങ്ങൾ എടുത്തിട്ടും ബാക്കിയുള്ള ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാനോ എക്സിബിഷന് പ്രദർശിപ്പിക്കാനോ പറ്റുന്നതാണെങ്കിൽ ആ ബോഡി അനാട്ടമി വകുപ്പിന് കൈമാറണം. അവയവങ്ങൾ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ബോഡി അനാട്ടമിക്ക് തന്നെ കൊടുക്കണം. വെറുതെ കത്തിച്ച് കളയരുത്. 3. ഇനി ഇതൊന്നും ചെയ്യാൻ പറ്റാത്ത തരം മരണമാണെങ്കിൽ, a)പൊതുദർശനം, ഫ്രീസറിൽ വയ്ക്കൽ, റീത്ത്, ഹാരം, ബൊക്കെ നോട്ടുമാല പോലുള്ള കലാപരിപാടികൾ പാടില്ല. b)മതപരമായ യാതൊരു വിധ ആചാരങ്ങളും ആ ശരീരത്തിന്മേൽ പ്രയോഗിക്കരുത്. c)എന്നിട്ട് എത്രയും വേഗം (ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ) അടുത്തുള്ള ഇലക്ട്രിക് ശ്മശാനത്തിൽ അതങ്ങ് ദഹിപ്പിക്കുക. മണ്ണിൽ കുഴിയെടുത്ത് ദഹിപ്പിച്ച് അത്രയും ഏരിയ കുറേ നാളത്തേക്ക് ബ്ലോക്ക് ചെയ്യുന്നത് അത്ര നല്ല കാര്യമല്ല. d) ദഹിപ്പിച്ചിട്ട് ചിതാഭസ്മം ശേഖരിച്ച് വീട്ടിൽ സൂക്ഷിക്കുക, ആറ്റിലോ കുളത്തിലോ കൊണ്ടിട്ട് മലിനീകരണം ഉണ്ടാക്കുക ഇവയൊന്നും പാടില്ല. ശേഖരിച്ചു വയ്ക്കാതെ വല്ല ചെടിയുടെ മൂട്ടിലും ഇട്ടാലും മതി. 4. മരണാനന്തരം സഞ്ചയനം, അടിയന്തിരം, ആണ്ടുബലി, കർക്കിടക ബലി തുടങ്ങിയ കലാപരിപാടികൾ നടത്തി ആരുടെയും സമയവും റിസോഴ്സസും വേസ്റ്റാക്കരുത്. അതൊക്കെ എന്റെ ആത്മാവിനെ ( :D ) കളിയാക്കുന്നതായി മാത്രമേ എനിക്ക് തോന്നൂ. 5. ഇതെല്ലാം അറിയാമെങ്കിലും അയ്യോ നാട്ടുകാരെന്ത് വിചാരിക്കുമെന്ന് കരുതി ഇതിന് വിരുദ്ധമായി ഒന്നും ചെയ്യരുത്. പറ്റുമെങ്കിൽ നാട്ടുകാർക്കാവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുക. അവരെയും ഹാപ്പിയാക്കി വിടുക. പറ്റിയാൽ അവരോട് രക്തദാനം ചെയ്യാൻ പറയുക. ഒന്നുകിൽ കോഴികളെ പോലെ ഒരുപാട് പേർക്ക് സന്തോഷം നൽകിക്കൊണ്ട് മരിക്കണം. അല്ലെങ്കിൽ കാക്കകളെ പോലെ ആരുമറിയാതെ, പറന്നതിന്റെ പാടുകൾ പോലും വായുവിൽ അവശേഷിപ്പിക്കാതെ മരിക്കണം. :) മനോജ് വെള്ളനാട്

വിഷാദമെന്ന ഇരുട്ട്

എനിക്ക് വളരെ അടുത്തറിയാവുന്ന ഒരാൾ. വിഷാദത്തിന്റെ ഇരുട്ട് അപ്രതീക്ഷിതമായാണ് അയാളെ പിടികൂടിയത്. ഉറക്കമില്ലായ്മ, ഒന്നിനോടും താൽപ്പര്യമില്ലായ്മ, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയെ പറ്റിയുള്ള ചിന്തകൾ വരെ ഘട്ടം ഘട്ടമായി അയാൾക്കുണ്ടായി. ലക്ഷണങ്ങൾ കണ്ടപ്പൊഴേ ചികിത്സ തുടങ്ങി. കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോൾ ഭേദമായതായി സ്വയം തോന്നിയപ്പോൾ അയാൾ മരുന്നിന്റെ ഡോസ് ഒക്കെ കുറച്ചു. അതുപക്ഷേ വലിയ തെറ്റായിപ്പോയി. ദിവസങ്ങൾക്കുള്ളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ വീണ്ടും തുടങ്ങി. അവ അതി കഠിനമായപ്പോൾ സഹികെട്ട് അയാൾ വീണ്ടും ഡോക്ടറെ കണ്ടു. കൂടുതലായി കുറിച്ചു കൊടുത്ത മരുന്നുകൾ അന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടൻ തന്നെ അയാൾ കഴിച്ചു. എന്നിട്ടും ഉറക്കം വന്നില്ല. അയാൾക്ക് ആത്മഹത്യ ചെയ്യണമെന്ന ത്വര ഭീകരമായി. ചെയ്യാൻ തന്നെ തീരുമാനിച്ചു. പ്ലാനുണ്ടാക്കി. പക്ഷെ കൂടുതലായി കഴിച്ച മരുന്നിന്റെ എഫക്റ്റ് കാരണം ശരീരം ക്ഷീണിക്കുകയും അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തതു കൊണ്ടു മാത്രം അയാൾക്കന്ന് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ആശുപത്രിയിൽ അഡ്മിറ്റായി. മരുന്നും സൈക്കോതെറാപ്പികളുമൊക്കെയായി മാസങ്ങളുടെ ചികിത്സ പിന്നെയും തുടർന്നു. ഇന്നിപ്പോൾ അയാൾ മരുന്നുകളൊക്കെ നിർത്തി മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷമായിട്ടിരിക്കുന്നു. ആത്മഹത്യയെ പറ്റി നിരന്തരം ചിന്തിക്കുന്നത്, ജീവിതം മടുത്തുവെന്ന് ആവർത്തിക്കുന്നത്, ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് നിരാശപ്പെടുന്നത്, പറ്റുന്നില്ല പറ്റുന്നില്ലാ എന്ന് സ്വയം തോന്നലുണ്ടാകുന്നത്.. ഇവയൊന്നും നിസാരകാര്യങ്ങളേ അല്ല. ഒന്നാന്തരം രോഗമാണ്. എത്രയും വേഗം ചികിത്സിക്കപ്പെടേണ്ട രോഗം. ചിലപ്പോൾ ഒരുപാട് നാൾ ചികിത്സ വേണ്ടി വന്നേക്കാവുന്ന രോഗം. രോഗിയും ഡോക്ടറും (മാരും) മറ്റു തെറാപ്പിസ്റ്റുകളും രോഗിയുടെ സുഹൃത്തുക്കളും വീട്ടുകാരും തുടങ്ങി എല്ലാവരും നിരന്തരം ചികിത്സയുടെ ഭാഗഭാക്കാവേണ്ട രോഗം. വിഷാദം എത്രയും വേഗം തിരിച്ചറിയുകയും ശരിയായ ചികിത്സ, വേണ്ടത്രയും നാൾ കൃത്യമായി സ്വീകരിക്കുകയും ചെയ്താൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ്. തിരിച്ചറിയാൻ വൈകുന്നതും ചികിത്സ തേടാൻ വൈകുന്നതോ തുടർച്ചികിത്സയ്ക്ക് വൈമുഖ്യം കാണിക്കുന്നതോ ഒക്കെ പലപ്പോഴും ദുരന്തത്തിൽ കലാശിക്കാറുമുണ്ട്. ഉപദേശം കൊണ്ടോ കോമഡി സിനിമകൾ കണ്ടതു കൊണ്ടോ ഒരാളുടെ വിഷാദം ചികിത്സിക്കാനാവുകയുമില്ല. വിഷാദത്തെ പറ്റി കാൽപനികമായി കവിതകൾ എഴുതുന്നത് അതിന്റെ ഭീകരതയെ പറ്റി യാതൊരു ധാരണയുമില്ലാത്തവരായിരിക്കും. ഒരു സുഹൃത്ത് ഒരു കുറിപ്പെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ട് ഇന്നിതാ ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ സങ്കടത്തോടെയാണത് വായിച്ചവസാനിപ്പിച്ചത്. അയാൾ ചികിത്സ തേടിയിട്ടുണ്ട്. ധാരാളം സൗഹൃദങ്ങളും കൂടെ നിൽക്കാൻ ആൾക്കാരും ഉണ്ടായിരുന്നു. എന്നിട്ടും. നിർഭാഗ്യകരം എന്നേ പറയാനുളളൂ. ഇത്രയും ചികിത്സാ സൗകര്യങ്ങൾ ഉള്ള ഒരിടത്ത്, ഈ ഒരു കാലത്ത് ഇപ്പൊഴും ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തികച്ചും ദൗർഭാഗ്യകരം തന്നെ. സാധിക്കുമെങ്കിൽ ആ സൂയിസൈഡ് നോട്ട് ഫേസ്ബുക്കിൽ നിന്നും എത്രയും വേഗം റിമൂവ് ചെയ്യിക്കണമെന്നാണ് എന്റെ അഭിപ്രായം. അതു തന്നെ സമാന അവസ്ഥയിലുള്ളവർക്ക് ട്രിഗറാവാം. (അത്തരം അവസ്ഥയെ പറ്റി മുമ്പെഴുതിയതിന്റെ ലിങ്ക് കമന്റിൽ) ജ്യോതിഷിന് ആദരാഞ്ജലി 💐 മനോജ് വെള്ളനാട്

ഡോക്ടർമാരും വിശ്വാസവും

ശരിയാണ്, ജഗി വാസുദേവിനെ പോലുള്ള ആത്മീയതാ കച്ചവടക്കാരനെ ഡോക്ടർമാരുടെ കോൺഫറൻസിൽ സംസാരിക്കാൻ വിളിക്കുന്നതൊക്കെ അപഹാസ്യമാണ്. ശാസ്ത്രപഠനവും ശാസ്ത്രാവബോധവും തമ്മിൽ വലിയ ബന്ധമൊന്നുമില്ലല്ലോ. അതുകൊണ്ടതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ ഇവിടെ ഡോക്ടർമാർ അപഹാസ്യരാവുന്നു എന്നതിനപ്പുറം രോഗികൾക്കോ സമൂഹത്തിനോ എക്‌സ്ട്രാ ദോഷമൊന്നുമില്ല. പക്ഷെ മെഡിക്കൽ പുസ്തകങ്ങൾക്കും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ശാസ്ത്രീയമായ നിഗമനങ്ങൾക്കും മുകളിൽ മതപുസ്തകങ്ങൾക്കും മതപരമായ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഡോക്ടർമാർ ചിലപ്പോഴെങ്കിലും അവരുടെ രോഗികൾക്കു വ്യക്തിപരമായും ആകെ മൊത്തം സമൂഹത്തിനും ഉണ്ടാക്കുന്ന ഡാമേജ് ചില്ലറയല്ലാ. എന്റെ അറിവിൽ ഭൂരിഭാഗം ഡോക്ടർമാരും വിശ്വാസികളാണ്. പക്ഷെ അവരിൽ ബഹുഭൂരിപക്ഷവും അവരുടെ വിശ്വാസത്തിനും പ്രൊഫഷണൽ ലൈഫിനും ഇടയിൽ കൃത്യമായ അതിരു വരച്ചിട്ടുള്ളവരുമാണ്. ഡോക്ടർമാർ വിശ്വാസികളാവുന്നതിൽ തെറ്റൊന്നുമില്ല. അതുപക്ഷേ രോഗി അർഹിക്കുന്ന ശാസ്ത്രീയമായ ചികിത്സാ പദ്ധതിയെ ഒരു രീതിയിലും ബാധിക്കാൻ പാടില്ലാന്ന് മാത്രം. വ്യക്തികളുടെ അന്തസും ഐഡന്റിറ്റിയും ഹനിക്കുന്ന വാക്കോ പ്രവൃത്തിയോ ആയി മാറാനും പാടില്ല. LGBTIQ മനുഷ്യരെ നോർമലായി കാണാനോ അംഗീകരിക്കാനോ പല ഡോക്ടർമാരെയും തടയുന്നത് പലപ്പോഴും മതമാണ്. PG യും സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രിയും ഒക്കെയുള്ള ഡോക്ടർമാർ അക്കൂട്ടത്തിലുണ്ട്. അംഗീകരിക്കാത്തത് മാത്രമല്ല, പലരും പലപ്പോഴും ക്വിയർ മനുഷ്യരെ രോഗികളായി ചിത്രീകരിക്കുകയും ചികിത്സിക്കുകയും (!!) റിഗ്രസീവായ പദപ്രയോഗങ്ങളിലൂടെ അവരെ പൊതുമധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഡോക്ടർക്ക് വേണമെങ്കിൽ ക്വിയർ മനുഷ്യരെ തന്റെ രോഗീഗണത്തിൽ നിന്നും ഒഴിവാക്കാം. മറ്റാരെയെങ്കിലും കാണാൻ നിർദ്ദേശിക്കുകയോ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അവരുടെ അന്തസിന് കോട്ടം തട്ടാതെ സ്വയം മൗനം പാലിക്കുകയോ ചെയ്യാം. അതിനു പകരം അവരെ അപമാനിക്കുന്നതരം എഴുത്തും പറച്ചിലും അംഗീകരിച്ചു കൊടുക്കേണ്ട ബാധ്യത സമൂഹത്തിനില്ല. വിശ്വാസപരമായ കാരണങ്ങളാൽ, തന്നെ കാണാൻ വരുന്ന ദമ്പതികളോട് ഗർഭനിരോധന മാർഗങ്ങൾ ഒന്നും സ്വീകരിക്കരുതെന്ന് പറയുന്ന ഡോക്ടർമാരും ഈ കൂട്ടത്തിൽ പെടുന്നവരാണ്. അതുപോലെ അബോർഷനെ കണ്ണുംപൂട്ടി എതിർക്കുന്ന ഡോക്ടർമാരുമുണ്ട്. അപൂർവ്വമായി ചിലരെങ്കിലും ഇതെല്ലാം തന്റെ വിശ്വാസങ്ങൾക്കെതിരായതു കൊണ്ടാണെന്ന് തുറന്ന് പറയാറുണ്ട്. അപ്പോൾ രോഗിക്ക് വേണമെങ്കിൽ വേറൊരു ഡോക്ടറെ പോയി കാണാം. പക്ഷെ ഭൂരിഭാഗം ഡോക്ടർമാരും അത് പറയാറില്ല. മതവിശ്വാസം അണ്ടർവെയർ പോലെ ആവണമെന്നൊരു പറച്ചിലുണ്ട്. നിങ്ങൾക്കതുണ്ടെങ്കിൽ നിങ്ങളുടെ മാത്രം സ്വകാര്യകാര്യം. മറ്റുള്ളവരെ ബാധിക്കുന്നവിധം അത് പ്രദർശിപ്പിക്കുന്നത് വൃത്തികേടാണ്. പ്രത്യേകിച്ചും ഡോക്ടർമാർ.. NB: ജഗിയല്ലാ, ജട്ടിയാണ് കൂടുതൽ പ്രശ്നം! :) മനോജ് വെള്ളനാട്