മാറുന്ന കക്കൂസുകള്‍...

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സ്ഥിരം കേൾക്കുമായിരുന്ന ഒരു പേരാണ് 'കക്കൂസ് മണിയൻ'. പേര് കേൾക്കുമ്പോൾ ചിലപ്പോൾ ചിരിവരുമെങ്കിലും അതിൽ ചിരിക്കാനൊന്നുമില്ലെന്നതാണ് വാസ്തവം. കാരണം, നാട്ടിൽ കക്കൂസുകളില്ലാതിരുന്ന ഒരു കാലത്തെ പ്രതിനിധിയായിരുന്നദ്ദേഹം. ആ പ്രദേശത്ത് കക്കൂസുകൾ കൊണ്ടുവരാൻ ഒരുപാട് ഓടി നടന്നങ്ങനെ വീണ പേരാണത്. ഒരു ചെറുകിട വിപ്ലവകാരി. ഞാൻ ഹൈസ്കൂളിലാകുമ്മുമ്പേ അദ്ദേഹമെന്തോ അസുഖം വന്ന് മരിച്ചതിനാൽ എനിക്കദ്ദേഹത്തെ കണ്ട ഓർമ്മയില്ലാ.

ഓർമ്മയുള്ള മറ്റൊരാളാണ്, മുരളി മാമൻ. എന്റെ വീടിരുന്ന ഏരിയയിൽ പഞ്ചായത്തു വക കക്കൂസുകൾ കൊണ്ടുവരുന്നതിൽ മുന്നിൽ നിന്നയാൾ. ഒരാക്സിഡന്റിൽ കാലുപൊട്ടി കാലിനു ചുറ്റും കമ്പിവളയങ്ങളുമായി (Illizaro technique) കസേരയിലിരിക്കുന്ന മുരളിമാമന്റെ ചിത്രം ഇപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹവും എന്റെ സ്കൂൾ കാലത്ത് തന്നെ മരിച്ചു.

പത്തിരുപത് കൊല്ലം കഴിഞ്ഞിട്ടിന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ ചിത്രങ്ങളാകെ മാറിയിട്ടുണ്ട്. വല്ലവന്റേം പറമ്പിൽ നിന്നും സ്വന്തം ബെഡ് റൂമിലേക്ക് കക്കൂസുകൾക്ക് സ്ഥാനക്കയറ്റം കിട്ടി. കക്കൂസുമണിയനും മുരളീധരനുമൊക്കെ ഓർമ്മകളിൽ പോലും വരാതായി. ഇന്ന് 'ലോക കക്കൂസ് ദിന'മാണെന്ന് രാവിലെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് ഞാനും യാദൃശ്ചികമായി കക്കൂസ് മണിയനെയൊക്കെ ഓർത്തത്. ഒപ്പം എന്റെ ചില കക്കൂസ് ചിന്തകൾ കൂടി പങ്കു വയ്ക്കാമെന്ന് കരുതി.

1. കക്കൂസിലെ ലിംഗസമത്വം
നമ്മുടെ നാട്ടിൽ ട്രെയിനിലൊഴികെ പുറത്തെവിടെ പോയാലും ആണിനും വെവ്വേറെ ടോയിലറ്റുകളാണ്. അതുകൊണ്ടെന്താണിപ്പൊ ദോഷമെന്നായിരിക്കും പലരും ചിന്തിക്കുന്നത്. ദോഷമൊന്നുമില്ല. ആണും പെണ്ണും ഒരുമിച്ച് ഒരു മുറിയിലിരുന്നാൽ സംസ്കാരം വ്രണപ്പെടുന്ന നാട്ടിൽ അതിലത്ഭുതമൊന്നുമില്ല.

പക്ഷെ കാലത്തിനൊപ്പം പുറത്തുള്ള ലോകം മാറിയത് നമ്മളറിയണം. ഇന്ന് ആണും പെണ്ണും മാത്രമല്ലാ, ആണ് പെണ്ണായവരും പെണ്ണ് ആണായവരും സ്വയം ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്തവരും ഉൾപ്പെടെ നിരവധി ലിംഗങ്ങളുണ്ടെന്നും അവർക്കും സമൂഹത്തിൽ സവിശേഷ സ്ഥാനമുണ്ടെന്നും നമുക്കറിയാം. ഈ ബൈനറി ബോർഡുകളുടെ മുന്നിൽ നിൽക്കുമ്പോൾ, തങ്ങളേത് ടോയിലറ്റിലാണ് കയറേണ്ടതെന്ന് അവർക് തന്നെ കൺഫ്യൂഷനുണ്ടാവും. ആ കൺഫ്യൂഷൻ കണ്ടില്ലാന്ന് നടിക്കരുത്.

അവർക്കുവേണ്ടി മാത്രമൊന്നുമല്ലാ. അല്ലാതെ തന്നെ മറ്റെന്തിലും എന്ന പോലെ ടോയിലറ്റുകളിലും ലിംഗസമത്വം വരേണ്ടതാണ്. ഒരു പബ്ലിക് ടോയിലറ്റ് സമുച്ചയത്തിൽ പലലിംഗത്തിലുള്ളവർ ഒരുമിച്ച് കയറി കാര്യം സാധിച്ചാലൊന്നും ആകാശം ഇടിഞ്ഞു വീഴില്ലാന്നാണ് ശാസ്ത്രം പറയുന്നത്. ലോകത്ത് പലയിടത്തും 'ജെൻഡർ ന്യൂട്രലാ'യിട്ടുള്ള ടോയിലറ്റുകൾ വരുന്നുണ്ട്. നമ്മുടെ നാട്ടിലും വരും, വരണം. നിങ്ങടെ വീടുകളിലെ ടോയിലറ്റുകൾക്ക് നിങ്ങൾ ലിംഗവ്യത്യാസം കൽപ്പിക്കാത്ത പോലെ പബ്ലിക് ടോയിലറ്റുകൾക്കും വേണം ആ ന്യൂട്രാലിറ്റി. ഇന്നിപ്പോളിത് കേൾക്കുമ്പോ പുച്ഛമോ അതിശയമോ തോന്നുന്നത് കാര്യമാക്കണ്ടാ. ആ മനോഭാവം മാറ്റിയാൽ മതി.

Rome was not built in a day എന്ന് പറഞ്ഞപോലെ പതിയെ ഇവിടെയും മാറ്റം വരും. :)

2.വീൽചെയർ ഫ്രണ്ട്ലി ടോയിലറ്റ്
ഇന്നെല്ലാ വീട്ടിലും ബെഡ്റൂമിന്റെ ഭാഗമാണ് ബാത്റൂം. തിരിഞ്ഞ് നിങ്ങടെ സ്വന്തം ബാത്റൂമിന്റെ ആ വാതിലിലേക്കൊന്ന് നോക്കിയേ. എത്ര ചെറുതാണത്. ഒരാൾക്ക് കേറാനത് മതി. ഇനി നിങ്ങൾ കാലൊടിഞ്ഞ് കുറേ നാൾ വീൽ ചെയറിലായതായി വെറുതേയൊന്ന് സങ്കൽപ്പിച്ചേ. എങ്ങനെ ബാത്റൂമിൽ പോവും? ഇനിയാ വീട്ടിൽ സ്ഥിരം വീൽ ചെയറിനെ ആശ്രയിക്കുന്നൊരാൾ ഉണ്ടായാലോ? വാതിൽ തന്നെ പൊളിക്കേണ്ടി വരും.
പുതുതായി വീടുപണിയുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങളിലൊന്നാണിത്. ആ വീട്ടിലെ ഒരു മുറിയെങ്കിലും പൂർണമായി വീൽചെയർ സൗഹൃദം ആയിരിക്കണമെന്നത്. നമ്മൾ ഒരു റൂമിന്റെ വാതിലിന് എത്ര എടുക്കുന്നോ ആ വീതി തന്നെ ടോയ്ലറ്റ് വാതിലുകൾക്കും കൊടുക്കണം. മാത്രമല്ലാ, ആവശ്യമില്ലാത്ത ആഡംബരങ്ങൾ ആ ടോയ്‌ലറ്റിനുള്ളിൽ ചെയ്യുന്നതും ഒഴിവാക്കുക. ഒരു വീൽചെയർ അതിനുള്ളിൽ കടന്നാൽ അതിലിരുന്നു തന്നെ കുളിക്കാനും, ടോയ്ലറ്റിൽ പോകാനുമുള്ള സൗകര്യവുമുണ്ടായിരിക്കണം. നാളെ ഒരുപക്ഷേ നമ്മൾക്കു തന്നെയൊരു അപകടം പറ്റുകയോ, അല്ലെങ്കിൽ വാർദ്ധക്യത്തിൽ എത്തുമ്പോഴോ വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നാലോ എന്ന് ഇന്നേ ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല.

ഇതൊക്കെ വലിയ കാര്യമാണോ എന്നൊക്കെ ചിന്തിക്കുന്നവർ ധാരാളമുണ്ടെന്നറിയാം. സംസ്കാരമെന്നത് ക്ലോസറ്റിലെ വെള്ളം പോലെ ഏതോ കാലത്തങ്ങനെ തളം കെട്ടി കിടക്കേണ്ടതല്ലെന്നും മനുഷ്യൻ പുരോഗമിക്കുന്നതിനനുസരിച്ച് പോസിറ്റീവായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അതുകൂടി ആർജ്ജിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും മനസിലാക്കുമ്പോ ആ ചിന്ത മാറും. ആ മാറ്റം കക്കൂസിലും പ്രതിഫലിക്കും.

ഇന്നിപ്പൊ നമ്മുടെ കൺമുന്നിൽ നല്ല മാതൃകകളില്ലാത്തതാണ് നമ്മുടെ പ്രശ്നം. മേൽപ്പറഞ്ഞ മാറ്റങ്ങൾ വരുത്താൻ ഒരാൾ ശ്രമിച്ചാൽ തന്നെ അത് 10 പേർക്കെങ്കിലും ഒരു പ്രചോദനമാവും. അവ അത്ര പ്രയാസമുള്ളതൊന്നുമല്ലാ. അങ്ങനെ ഒന്നോ രണ്ടോ തലമുറ കൊണ്ടെങ്കിലും നമ്മൾ പുതിയൊരു സംസ്കാരം രൂപപ്പെടുത്തും. പെടുത്തണം. :)

അപ്പൊ രാവിലെ കക്കൂസിൽ പോയവർക്കും പോകാനുദ്ദേശിക്കുന്നവർക്കും ലോക കക്കൂസ് ദിനാശംസകൾ. കക്കൂസിലിരുന്നീ പോസ്റ്റ് വായിക്കുന്നവർക്ക് ഡബിൾ ആശംസകൾ



#World_Toilet_Day
#Nov_19

©മനോജ്‌ വെള്ളനാട്

3 comments:

  1. യൂറോപ്യൻ ക്ലോസറ്റ് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നുള്ള വാദങ്ങൾ കേൾക്കുകയുണ്ടായി. വാസ്തവം എന്താണ് ? ഇന്ത്യൻ ക്ലോസറ്റ് ആണോ കൂടുതൽ നല്ലത്..?

    ReplyDelete
  2. വിപ്ലവം കക്കൂസിൽ നിന്ന് തുടങ്ങാം ...!

    ReplyDelete