കല്യാണം വിളിയെന്ന ആചാരം

കല്യാണത്തലേന്ന് രാത്രിയിൽ, പറഞ്ഞു വച്ച സ്വർണം വാങ്ങാൻ അച്ഛന് കഴിഞ്ഞില്ലാന്നറിയുന്ന ഒരു പെൺകുട്ടി ജീവിതം അവിടെ അവസാനിച്ചെന്ന വ്യഥയോടെ കുറേനേരമിരുന്ന് കരയുന്നു. കരഞ്ഞ് തളർന്നൊടുവിൽ വെളിപാടുണ്ടായി, ഫേസ്ബുക്ക് ലൈവ് വഴി ചാരിറ്റി ജോലി ചെയ്യുന്ന ഒരാളെ വിളിച്ച് സങ്കടം പറയുന്നു. അയാൾ, 'അതാ ഒരു പെൺകുട്ടി സ്ത്രീധനം കൊടുക്കാനില്ലാതെ കരയുന്നേ' എന്ന് പറഞ്ഞുകൊണ്ടൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ഒറ്റരാത്രികൊണ്ട് കുറേ പേരുടെ സഹായത്താൽ സ്വർണം റെഡിയാക്കി പിറ്റേന്ന് കുട്ടിയുടെ കല്യാണം നടത്തുന്നു. എല്ലാം ശുഭം. ഒന്നൊന്നര മാസം മുമ്പ്, മധ്യകേരളത്തിന്റെ വടക്കുകിഴക്കേ മൂലയിൽ സംഭവിച്ചതാണ്.
സ്ത്രീധനം മുഴുവൻ തന്നില്ലേൽ കെട്ടില്ലാന്ന് പറഞ്ഞ മരങ്ങോടന്മാരെയൊക്കെ 'പോടാ പുല്ലേ..'ന്ന് പറഞ്ഞ് മണ്ഡപത്തിൽ നിന്നും കണ്ടം വഴി ഓടിച്ച പെൺകുട്ടികളുടെയൊക്കെ ചരിത്രമുണ്ട് നമ്മുടെ മുന്നിൽ. ആത്മാഭിമാനത്തിന് മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒരുപാടുണ്ടാകുന്ന ഇക്കാലത്ത്, മേൽപ്പറഞ്ഞ വാർത്തയും അതിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കിട്ടിയ സ്വീകാര്യതയും അൽപ്പം ദഹനക്കേടുണ്ടാക്കുന്നുണ്ട്.
ഇതേ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സാധ്യതകളുപയോഗിച്ച് സ്ത്രീധനത്തിനെതിരെ ഇപ്പോൾ നടക്കുന്ന ക്യാമ്പെയിനുകൾ വളരെ അഭിനന്ദനാർഹമാണ്. 5 വർഷം കൊണ്ട് സമ്പൂർണ സ്ത്രീധന നിർമ്മാർജനമാണ് ലക്ഷ്യം. അതത്ര എളുപ്പമൊന്നുമല്ലാ, കാരണം മറ്റുള്ളവരെന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് മാത്രം സ്വന്തം ജീവിതത്തെ മോഡിഫൈ ചെയ്യുന്നവരെ മാറ്റിയെടുക്കാൻ വല്യ പാടായിരിക്കും. മോളെ കെട്ടിച്ചപ്പൊ 101 പവനും കാറും കൊടുത്ത കഥ പറയുന്ന ഭാവി അമ്മായിയമ്മമാരും നിങ്ങളൊക്കെ തറവാട്ടുകാരല്ലേ, കണ്ടറിഞ്ഞ് ചെയ്യുമല്ലോ എന്ന് ഒരു മുഴം മുന്നേ എറിയുന്ന അമ്മാവന്മാരും ഇതൊക്കെ കണ്ടിട്ടും പെണ്ണിന്റെ സൗന്ദര്യത്തിൽ മയങ്ങി ബോധം പോയതുകൊണ്ട് മാത്രം മിണ്ടാട്ടം മുട്ടിപ്പോകുന്ന ഭാവി വരന്മാരുമൊക്കെ നാട്ടിലിപ്പോഴും, ഈ 2019 ലും കാക്കകളേക്കാളും സുലഭമല്ലേ.. പിന്നെങ്ങനെ മാറും. സ്ത്രീധന നിരോധന നിയമമുണ്ടായിട്ട് തന്നെ 60 വർഷമായി. മനോഭാവം മാറാതെ നിയമം മാത്രംകൊണ്ട് ഒന്നും മാറില്ല.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും എന്തോ ഒരു കുറവാണെന്നും അപഹാസ്യമാണെന്നും സ്വയം തോന്നുന്ന തലമുറയെ സൃഷ്ടിക്കുകയേ വഴിയുള്ളൂ. അതിനീ ക്യാമ്പയിനുകൾ സഹായിക്കുമെന്ന് പ്രത്യാശിക്കാം.
ശരിക്കും സ്ത്രീധനത്തെ പറ്റി പറയാനല്ല വന്നത്. ഈ ക്യാമ്പയിൻ കണ്ടപ്പോളോർത്തത് മറ്റൊരാചാരത്തെ പറ്റിയാണ്. അതിന്റെ പേരാണ് 'കല്യാണം വിളി'
എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ, അതിൽ വാട്സാപ്പ്, ഫേസ്ബുക്ക്, വീഡിയോ കോളുകൾ, ഇൻസ്റ്റാഗ്രാം തുടങ്ങി സകല കുണ്ടാമണ്ടികളുമുണ്ട്, അതിലൂടെ നിമിഷം തോറും പരസ്പരം അപ്ഡേറ്റ് ചെയ്തോണ്ടിരിക്കുകയും ചെയ്താലും ഇനിയെത്ര ദൂരെയാണെങ്കിലും നേരിട്ട് വന്ന് ക്ഷണിച്ചാലേ നമ്മളാ കല്യാണത്തിന് പോകൂ. എന്താല്ലേ.. സുഹൃത്തുക്കളേക്കാൾ ബന്ധുക്കൾക്കിടയിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. തിരോന്തരം ഭാഗങ്ങളിൽ ഇതിന്റെ ഭയാനകമായ മറ്റൊരു വേർഷൻ കൂടിയുണ്ട്, ആണുങ്ങൾ മാത്രം ക്ഷണിക്കാൻ പോയാൽ ആണ് മാത്രേ കല്യാണത്തിന് വരൂ, പെണ്ണിനെ ക്ഷണിക്കാൻ പെണ്ണ് തന്നെ വേണം. ഇനി ക്ഷണം കഴിഞ്ഞിറങ്ങാൻ നേരം 'തലേന്ന് തന്നെ വരണേടീ..' എന്ന ഡയലോഗ് പറയാൻ വിട്ടുപോയാൽ ചങ്ക് ബ്രോ ആണെങ്കിപ്പോലും കല്യാണസമയത്തേ എത്തൂ. (വീണ്ടും) എന്താല്ലേ..
നമ്മുടെ നാട്ടിൽ 'കല്യാണം വിളി' എന്ന് പറയുന്നത് മിനിമം ഒന്നര മാസത്തെ കഠിനാധ്വാനമാണ്. ഇത്രമാത്രം കാശും മനുഷ്യവിഭവശേഷിയും സമയവും ഒക്കെ ഈ സൈബർ യുഗത്തിലും ഇതിനുവേണ്ടി വിനിയോഗിക്കുന്നതിന്റെ ആവശ്യമെന്താണെന്ന് കുറേ നാളായിട്ടുള്ള ചിന്തയാണ്. കല്യാണം കഴിക്കാൻ പോകുന്ന പലരോടും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്, ആ രീതിയൊക്കെ നിങ്ങളെങ്കിലും മാറ്റണമെന്ന്.
ഞാനിപ്പൊ എല്ലാവരോടും പറയാറുണ്ട്, അതിപ്പൊ ബന്ധുവാണേലും സുഹൃത്താണേലും നാട്ടുകാരാണേലും, നേരിട്ട് മെനക്കെട്ട് വന്ന് വിളിക്കുകയേ വേണ്ടാന്ന്. ഒന്നു ഫോൺ ചെയ്ത് പറയുക. എന്നിട്ടാ കാർഡുണ്ടെങ്കിലതിന്റെ പടം or ടെക്സ്റ്റ് മെസേജ് ഒന്ന് വാട്സാപ്പ് ചെയ്യുക. മറ്റസൗകര്യങ്ങളില്ലെങ്കിൽ തീർച്ചയായും ഞാൻ വരും.
പണ്ട്, ഒന്ന് ഫോൺ ചെയ്ത് പറയാൻ പോലും സൗകര്യങ്ങളില്ലാതിരുന്ന ഒരു കാലത്ത് മറ്റു വഴിയില്ലാതെ തുടങ്ങിയ ഒരാചാരമാണീ ഓടി നടന്നുള്ള ക്ഷണമൊക്കെ. കാലം മാറി, ഇന്നിപ്പോ ഒരു വീഡിയോ കോളിലൂടെ ക്ഷണിക്കാവുന്നതേയുള്ളൂ. ഇനി 'അതൊന്നും പറ്റില്ലാ, വരണമെങ്കിൽ നേരിട്ട് വന്ന് ക്ഷണിക്കണ'മെന്നുള്ള ആ ഈഗോയും കടിച്ചു പിടിച്ചിരിക്കുന്നവർ കല്യാണം പോലുള്ള മംഗളകാര്യങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതല്ലേ നല്ലത്. അവർ വരണ്ടാന്നങ്ങ് വയ്ക്കണം.. നിങ്ങൾ വീട്ടിൽ തന്നെയിരുന്നാ മതി. കല്യാണത്തിന്റെയും സദ്യയുടെയും വീഡിയോ വാട്സാപ്പ് ഗ്രൂപ്പിലിടുമ്പോ കണ്ട് വെള്ളമിറക്കിയാ മതി. അല്ല പിന്നെ..

2 comments: