ശംഭുനാഥ് ഡേ.. കോളറയുടെ ഘാതകൻ!

ആകാശവാണീ തിരോന്തരം, ആലപ്പുഴ, കവരത്തീ. ശാസ്ത്രവേദിയിലേക്ക് പ്രിയ പ്രേക്ഷകർക്ക് സ്വാഗതം. ലോകശാസ്ത്രദിനമായ ഇന്ന് ലോകത്തിന് വലിയ സംഭാവനയൊക്കെ നൽകിയ, എന്നാൽ നമ്മളാരും ഓർക്കാത്ത, ചിലപ്പോൾ കേട്ടിട്ടുതന്നെയില്ലാത്ത ഒരാളെ, ഒരു ഡോക്ടറെ പരിചയപ്പെടുത്തുകയാണ്. ശാസ്ത്രവേദി കേൾക്കാതെ റെഡ് എഫെമ്മിലേക്കും റേഡിയോ മിർച്ചിയിലേക്കും ചാനൽ മാറ്റാൻ കൈയും കൊണ്ട് പോകുന്നവർക്ക്, ഈശ്വരാ.. ഭഗവാനേ.. ഡിങ്കാ.. ഒന്നും വരുത്തല്ലേ..

ശംഭുനാഥ് ഡേ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഡോക്ടറായിരുന്നു. ഒരു ഗവേഷണഭ്രാന്തനുമായിരുന്നു. ഇന്ത്യയിലെ, എന്നുവച്ചാ ബംഗാളിലെ, തികച്ചും പരിമിതമായ സൗകര്യങ്ങളിൽ ഗവേഷണം നടത്തി കുറേയൊക്കെ കണ്ടെത്തി, പക്ഷെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഒക്കെ മടുത്ത്, ഒടുവിൽ 'ശ്ശൊ! എന്തരഡേ ഇത്. എനിക്കിനി വയ്യെ'ന്ന് പറഞ്ഞ് എല്ലാം നിർത്തിയ മനുഷ്യനാണ് ഡോക്ടർ ഡേ. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് റ്റ്യൂബ് ശിശുവിന് കാരണക്കാരനായ സുഭാഷ് മുഖർജിയെ അവഗണിച്ച, ആത്മഹത്യ ചെയ്യിച്ച അതേ ബംഗാൾ, അതേ ഇന്ത്യ അതിനും മുന്നേ മനപ്പൂർവ്വം കണ്ടില്ലാന്ന് നടിച്ച വ്യക്തിയാണ് ഡോ. ശംഭുനാഥ് ഡേ. പക്ഷെ, അതുവരെയുള്ള സംഭാവനകൾക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് രണ്ടു വർഷമദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രിയ ശ്രോതാക്കളെ, പ്രണയിക്കാൻ ഒട്ടും പറ്റിയ സമയമല്ല കോളറകാലമെന്ന് ആ പുസ്തകം വായിച്ചവർക്കറിയാം. ഒരു സാധാ വയറിളക്കം വന്നാ തന്നെ പ്രണയത്തെ പറ്റിയെന്നല്ലാ, നമ്മൾ സകലതും മറക്കുമല്ലേ, അപ്പോഴാണ് സാക്ഷാൽ കോളറ. ഒന്നു പിടിപെട്ടുകഴിഞ്ഞാൽ ഒരു നാടു മുഴുവൻ, ചിലപ്പോൾ ഒരു രാജ്യം തന്നെ, അല്ലെങ്കിൽ ഭൂഖണ്ഡങ്ങൾ പോലും കടന്ന് നമ്മുടെ കൈവിട്ടു പോകുന്ന രോഗമാണിതെന്ന് നമുക്കറിയാം. ചരിത്രത്തിലങ്ങനെ ഏഴു പ്രാവശ്യം കോളറ ലോകം കീഴടക്കിയിട്ടുണ്ട് (Pandemic). അതിലാദ്യത്തേത് തുടങ്ങിയത് നമ്മുടെ ബംഗാളിൽ നിന്നായിരുന്നു. 1817-ൽ.

ഈ ഭീകരനായ കോളറയ്ക്ക് കാരണം വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണെന്ന് ശാസ്ത്രജ്ഞന്മാര് കണ്ടെത്തി. ഇത് ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നതെന്നും. 1892-ൽ വാൽദിമർ ഹാഫ്കേൻ കോളറയ്‌ക്കെതിരെ ഒരു വാക്സിനും കണ്ടെത്തി. പക്ഷെ പരിസര ശുചിത്വം ഇല്ലാതെ, വാക്സിൻ മാത്രം കൊണ്ട് കാര്യമില്ലല്ലോ. കോളറ വീണ്ടും വന്നുകൊണ്ടിരുന്നു. അത് പിടിപെട്ടവരിൽ ഭൂരിഭാഗവും മരിച്ചും പോയി. ഈ കോളറ ബാക്ടീരിയ ഒരു വിഷപദാർത്ഥം നമ്മുടെ രക്തത്തിൽ കലർത്തുമെന്നും (Endotoxin) അതു കാരണമാണ് രോഗി മരിക്കുന്നതെന്നുമായിരുന്നു, രോഗാണു സിദ്ധാന്തത്തിന്റെ (Koch's postulates) പിതാവായ റോബർട്ട് കോക്ക് പറഞ്ഞത്. ഓ, അങ്ങനെയാണെങ്കിൽ പിന്നെ എന്തു ചെയ്യണമെന്നാർക്കും ഒരെത്തും പിടീം കിട്ടീല്ല. അന്ന് ആന്റിബയോട്ടിക്കൊന്നും കണ്ടുപിടിച്ചിട്ടുമില്ല. ശാസ്ത്രം താടിയിൽ കയ്യും കൊടുത്തിരുന്നു.

ആരും ചാനൽ മാറ്റീലല്ലോ അല്ലേ? എന്നാ കേൾക്കൂ, കോക്കിന്റെ, കോളറ വിഷം രക്തത്തിൽ കലർന്നാണ് കോളറ രോഗി മരിക്കുന്നതെന്ന കണ്ടെത്തലിൽ MBBS കഴിഞ്ഞ് ലണ്ടനിൽ പോയി PhD -യൊക്കെ ചെയ്ത് തിരിച്ചു വന്ന നമ്മുടെ ഡേ ഡോക്ടർക്ക് സംശയമായി. അത് തെറ്റല്ലേ എന്ന തോന്നലദ്ദേഹത്തിന് ജാസ്തിയായി. തുടർന്നദ്ദേഹം നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി. എന്നിട്ട് രണ്ടു കാര്യങ്ങൾ പറഞ്ഞൂ,

1. കോളറ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷപദാർത്ഥം രക്തത്തിൽ കലരുന്ന ടൈപ്പല്ല. അത് കുടലിലെ കോശങ്ങളിലാണ് പ്രവർത്തിക്കുന്നത് ( Entero toxin,  not endotoxin). ഇത് കുടലിൽ പ്രവർത്തിച്ച് കുടൽകോശങ്ങളെക്കൊണ്ട് വെളിയിലേക്ക് വെള്ളം പമ്പ് ചെയ്യിക്കലാണ് ചെയ്യുന്നത്. ആ വെള്ളമാണ് കോളറയിലെ വയറിളക്കം (Watery diarrhea).

2. കോളറ രോഗി മരിക്കുന്നത് ഈ ടോക്സിൻ കാരണമല്ലാ, അത് വയറിളക്കം കാരണമുണ്ടാകുന്ന നിർജലീകരണം കാരണമാണ്. നിർജലീകരണം തടഞ്ഞാൽ മരണവും തടയാം.

ശ്രോതാക്കൾക്കോർമ്മയുണ്ടാവും നിപ്പ വന്ന സമയത്തൊരമ്മാവൻ വവ്വാൽ കടിച്ച പഴവും പെറുക്കിക്കൊണ്ട് വന്ന് ചെത്തിത്തിന്നിട്ട്, കണ്ടില്ലേ ഇവിടെ നിപ്പേന്നും ഇല്ലാന്ന് പറഞ്ഞ കാര്യം. അതുപോലല്ല ശാസ്ത്രഗവേഷണങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും. ശാസ്ത്രത്തിന്റെ കാര്യത്തിൽ അമ്മാവനെപ്പോലെ വായിത്തോന്നുന്നത് പറയാനൊക്കില്ലല്ലോ. താൻ പറഞ്ഞത് തെളിയിക്കാൻ ഡോക്ടർ ഡേ മുയലിന്റെ കുടൽ ഉപയോഗിച്ച് ഒരു മോഡലുണ്ടാക്കി (First Rabbit model), അതിൽ കോളറ ബാക്ടീരിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിച്ച് തെളിയിച്ചു കൊടുത്തു. അങ്ങനെ, കോളറ ടോക്സിൻ എന്ന Enterotoxin കണ്ടെത്തിയ മനുഷ്യനായി നമ്മുടെ ഡേ ഡോക്ടർ.

പക്ഷെ അതിനെക്കാളും വലിയ കാര്യമായിരുന്നു, നിർജലീകരണം തടഞ്ഞാൽ മരണം തടയാമെന്ന കണ്ടെത്തൽ. 1950 ൽ ഇന്ത്യയിൽ 1,76,000 പേർക്ക് കോളറ വന്നു. അതിൽ 87000 പേരും മരിച്ചു. എന്നുവച്ചാൽ ~50%. ഡേയുടെ കണ്ടെത്തലൊക്കെ വന്ന് കഴിഞ്ഞ്, 1965 ആയപ്പോൾ മരണനിരക്ക്, 50 ൽ നിന്ന് 29% ആയി കുറഞ്ഞു. ഡ്രിപ്പായിട്ടും കുടിവെള്ളമായിട്ടും രോഗിയുടെ ശരീരത്തിലെ ജലാംശം കുറയാതെ നോക്കിയതാണ് കാരണം.

പ്രിയ ശ്രോതാക്കളിൽ ഒരിക്കലെങ്കിലും ORS പൊടി കലക്കി കുടിക്കാത്തവർ കുറവായിരിക്കും അല്ലെ? ഈ ORS പൊടി എന്ന ആശയം തന്നെ കോളറ രോഗികളിൽ നിർജലീകരണം തടയാൻ വേണ്ടി ഉണ്ടായതാണ്. അതും ഡേയുടെ ആശയത്തിൽ നിന്നും. കോളറയെ സംബന്ധിച്ച് ആന്റിബയോട്ടിക്കിനെക്കാളും 10 മടങ്ങ് സ്ട്രോങ്ങ് 'മരുന്നാ'ണീ ORS!

ദശലക്ഷക്കണക്കിന് മനുഷ്യർ വർഷം തോറും കോളറ കാരണം മരിച്ചു കൊണ്ടിരുന്ന കാലത്ത്, അതിന്റെ ചികിത്സയിൽ വിപ്ലവകരമായ മാറ്റമായിരുന്നു ഡേ ഡോക്ടറുടെ കണ്ടെത്തലുകൾ. അതിനദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടേണ്ടതായിരുന്നു. നൊബേൽ ജേതാവായ ജോഷ്വ ലിഡർബർഗ് എന്ന ശാസ്ത്രജ്ഞൻ രണ്ടുവട്ടം ഡോ. ശംഭുനാഥ് ഡേയുടെ പേര് നൊബേലിനായി നോമിനേറ്റ് ചെയ്തു. ഇന്ത്യക്കാരുടെ അവഗണനപോലെ നൊബേൽ കമ്മിറ്റിയും തന്നെ അവഗണിച്ചതിനെ പറ്റി 1984-ലെ നൊബേൽ സിംപോസിയത്തിൽ ഡോ.ഡേ പറയുകയും ചെയ്തു.

ആകാശവാണിയുടെ പ്രിയ ശ്രോതാക്കളെ, ഇത്രയും നേരം നിങ്ങൾ ഞങ്ങളെ കേട്ടതിന് നന്ദി. ഇന്ന് വിനോദത്തിന് വേണ്ടി മാത്രം റേഡിയോ കേൾക്കുന്നവർ ഒരു കാലത്ത് ഞങ്ങൾ നൽകിയ സംഭാവനകളെ മറക്കുന്നത് പോലെ മറന്നു പോകുന്ന പേരുകളിലൊന്നാണ് ഡോക്ടർ ശംഭുനാഥ് ഡേയുടേതും. ഡോക്ടർ ശംഭുനാഥ് ഡേ. ആ പേര് ഓരോ ഇന്ത്യക്കാരും അറിയേണ്ടതും ഓർക്കേണ്ടതുമാണ്. ഈ ലോകശാസ്ത്രദിനത്തിൽ അതിനൊരു നിമിത്തമായതിൽ ശാസ്ത്രവേദിയ്ക്ക് സന്തോഷമുണ്ട്. ഈ ലോകമിങ്ങനായത് ഒറ്റ ദിവസം കൊണ്ടല്ലാന്നും ഒരുപാട് പേരുടെ കഷ്ടപ്പാടും കാഴ്ചപ്പാടും ഇതിന്റെയൊക്കെ പിന്നിലുണ്ടെന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ശാസ്ത്രവേദി പൂർണമാകുന്നു.

അടുത്തതായി ഇഷ്ടഗാനങ്ങൾ. ആദ്യമായി 'അറബിക്കടലിളകി വരുന്നേ.. ' എന്ന പാട്ടാണ്. ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത്....

#World_science_day
#November_10

©മനോജ്‌ വെള്ളനാട്



No comments:

Post a Comment