Showing posts with label ആരോഗ്യരംഗം. Show all posts
Showing posts with label ആരോഗ്യരംഗം. Show all posts

ഡോക്ടർമാരും വിശ്വാസവും

ശരിയാണ്, ജഗി വാസുദേവിനെ പോലുള്ള ആത്മീയതാ കച്ചവടക്കാരനെ ഡോക്ടർമാരുടെ കോൺഫറൻസിൽ സംസാരിക്കാൻ വിളിക്കുന്നതൊക്കെ അപഹാസ്യമാണ്. ശാസ്ത്രപഠനവും ശാസ്ത്രാവബോധവും തമ്മിൽ വലിയ ബന്ധമൊന്നുമില്ലല്ലോ. അതുകൊണ്ടതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ ഇവിടെ ഡോക്ടർമാർ അപഹാസ്യരാവുന്നു എന്നതിനപ്പുറം രോഗികൾക്കോ സമൂഹത്തിനോ എക്‌സ്ട്രാ ദോഷമൊന്നുമില്ല. പക്ഷെ മെഡിക്കൽ പുസ്തകങ്ങൾക്കും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ശാസ്ത്രീയമായ നിഗമനങ്ങൾക്കും മുകളിൽ മതപുസ്തകങ്ങൾക്കും മതപരമായ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഡോക്ടർമാർ ചിലപ്പോഴെങ്കിലും അവരുടെ രോഗികൾക്കു വ്യക്തിപരമായും ആകെ മൊത്തം സമൂഹത്തിനും ഉണ്ടാക്കുന്ന ഡാമേജ് ചില്ലറയല്ലാ. എന്റെ അറിവിൽ ഭൂരിഭാഗം ഡോക്ടർമാരും വിശ്വാസികളാണ്. പക്ഷെ അവരിൽ ബഹുഭൂരിപക്ഷവും അവരുടെ വിശ്വാസത്തിനും പ്രൊഫഷണൽ ലൈഫിനും ഇടയിൽ കൃത്യമായ അതിരു വരച്ചിട്ടുള്ളവരുമാണ്. ഡോക്ടർമാർ വിശ്വാസികളാവുന്നതിൽ തെറ്റൊന്നുമില്ല. അതുപക്ഷേ രോഗി അർഹിക്കുന്ന ശാസ്ത്രീയമായ ചികിത്സാ പദ്ധതിയെ ഒരു രീതിയിലും ബാധിക്കാൻ പാടില്ലാന്ന് മാത്രം. വ്യക്തികളുടെ അന്തസും ഐഡന്റിറ്റിയും ഹനിക്കുന്ന വാക്കോ പ്രവൃത്തിയോ ആയി മാറാനും പാടില്ല. LGBTIQ മനുഷ്യരെ നോർമലായി കാണാനോ അംഗീകരിക്കാനോ പല ഡോക്ടർമാരെയും തടയുന്നത് പലപ്പോഴും മതമാണ്. PG യും സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രിയും ഒക്കെയുള്ള ഡോക്ടർമാർ അക്കൂട്ടത്തിലുണ്ട്. അംഗീകരിക്കാത്തത് മാത്രമല്ല, പലരും പലപ്പോഴും ക്വിയർ മനുഷ്യരെ രോഗികളായി ചിത്രീകരിക്കുകയും ചികിത്സിക്കുകയും (!!) റിഗ്രസീവായ പദപ്രയോഗങ്ങളിലൂടെ അവരെ പൊതുമധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഡോക്ടർക്ക് വേണമെങ്കിൽ ക്വിയർ മനുഷ്യരെ തന്റെ രോഗീഗണത്തിൽ നിന്നും ഒഴിവാക്കാം. മറ്റാരെയെങ്കിലും കാണാൻ നിർദ്ദേശിക്കുകയോ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അവരുടെ അന്തസിന് കോട്ടം തട്ടാതെ സ്വയം മൗനം പാലിക്കുകയോ ചെയ്യാം. അതിനു പകരം അവരെ അപമാനിക്കുന്നതരം എഴുത്തും പറച്ചിലും അംഗീകരിച്ചു കൊടുക്കേണ്ട ബാധ്യത സമൂഹത്തിനില്ല. വിശ്വാസപരമായ കാരണങ്ങളാൽ, തന്നെ കാണാൻ വരുന്ന ദമ്പതികളോട് ഗർഭനിരോധന മാർഗങ്ങൾ ഒന്നും സ്വീകരിക്കരുതെന്ന് പറയുന്ന ഡോക്ടർമാരും ഈ കൂട്ടത്തിൽ പെടുന്നവരാണ്. അതുപോലെ അബോർഷനെ കണ്ണുംപൂട്ടി എതിർക്കുന്ന ഡോക്ടർമാരുമുണ്ട്. അപൂർവ്വമായി ചിലരെങ്കിലും ഇതെല്ലാം തന്റെ വിശ്വാസങ്ങൾക്കെതിരായതു കൊണ്ടാണെന്ന് തുറന്ന് പറയാറുണ്ട്. അപ്പോൾ രോഗിക്ക് വേണമെങ്കിൽ വേറൊരു ഡോക്ടറെ പോയി കാണാം. പക്ഷെ ഭൂരിഭാഗം ഡോക്ടർമാരും അത് പറയാറില്ല. മതവിശ്വാസം അണ്ടർവെയർ പോലെ ആവണമെന്നൊരു പറച്ചിലുണ്ട്. നിങ്ങൾക്കതുണ്ടെങ്കിൽ നിങ്ങളുടെ മാത്രം സ്വകാര്യകാര്യം. മറ്റുള്ളവരെ ബാധിക്കുന്നവിധം അത് പ്രദർശിപ്പിക്കുന്നത് വൃത്തികേടാണ്. പ്രത്യേകിച്ചും ഡോക്ടർമാർ.. NB: ജഗിയല്ലാ, ജട്ടിയാണ് കൂടുതൽ പ്രശ്നം! :) മനോജ് വെള്ളനാട്

Mortui vivos docent

 

സഖാവ് ജോസഫൈന്റെ മരണം തികച്ചും യാദൃശ്ചികമായിരുന്നു. അവരുടെ രാഷ്ട്രീയത്തോടും വ്യക്തിത്വത്തോടും എതിർപ്പുള്ളവരിൽ ചിലർ സോഷ്യൽ മീഡിയയിൽ സന്ദർഭോചിതമല്ലാതെ പെരുമാറുന്നതും കാണാം. ആരു മരിച്ചാലും ഇതൊക്കെ ഇക്കാലത്ത് സ്വാഭാവികമാണെന്ന് കരുതാനെ പറ്റൂ.

എന്നാൽ അത്ര സ്വാഭാവികമല്ലാത്ത മറ്റൊരു മാതൃക ജോസഫൈന്റെ മരണം നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുക എന്ന മാതൃക. ഇതാദ്യമായൊന്നുമല്ല ഒരാൾ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നത്. പ്രശസ്തരും അല്ലാത്തവരും ആയ പലരും അത് ചെയ്തിട്ടുണ്ട്. പക്ഷെ, സമൂഹം കൂടുതൽ ശ്രദ്ധിക്കുന്നവർ ചെയ്യുമ്പോൾ, അക്കാര്യം ഒരുപാടാളുകളിലേക്കെത്തും.

മരണാനന്തര അവയവദാനം പോലെ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രകീർത്തിക്കപ്പെടേണ്ടതുമായ ഒന്നാണ് ഈ മൃതദേഹദാനവും. മരണാനന്തര അവയവദാനത്തെ പറ്റി നമുക്കിപ്പോൾ ചെറിയ ചില ധാരണകളെങ്കിലും ഉണ്ട്. എന്നാൽ മൃതദേഹം ദാനം ചെയ്യുന്നതെങ്ങനെയാണ്? യഥാർത്ഥത്തിൽ അവയവദാനത്തേക്കാൾ എളുപ്പമാണിത്.

അതിനാകെ വേണ്ടത്, "ജീവിച്ചിരിക്കുമ്പോഴേ അതിനുള്ള സമ്മതം നൽകുക എന്നതാണ്"

നിങ്ങൾക്കാർക്കെങ്കിലും അങ്ങനൊരു ആഗ്രഹം മനസിലുണ്ടെങ്കിൽ അതാദ്യം ഏറ്റവും വേണ്ടപ്പെട്ടവരോട് പറഞ്ഞു വയ്ക്കുക. അത്, പങ്കാളിയോ മക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരോ ആവാം. അവർ നിങ്ങളുടെ മരണശേഷം ആ വിവരം അടുത്തുള്ള മെഡിക്കൽ കോളേജിൽ അറിയിച്ച്, മൃതദേഹം രേഖാമൂലം കൈമാറിയാൽ മാത്രം മതി. മറ്റൊരു രീതി, നിങ്ങളുടെ ആഗ്രഹം, സമ്മതപത്രമായി ഒരു 100 രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി അടുത്തുള്ള മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ ഏൽപ്പിക്കുക എന്നതാണ്. അപ്പോഴും അക്കാര്യം രഹസ്യമായി ചെയ്തിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്ത ബന്ധുക്കൾ അതറിഞ്ഞിരിക്കണം. കാരണം, മരിച്ച ശേഷം അവരാണല്ലോ മൃതദേഹം അവിടെ എത്തിക്കേണ്ടത്.



കഴിഞ്ഞാഴ്ച, ഒരു അധ്യാപിക തന്റെ റിട്ടയർമെന്റിന്റെ ഭാഗമായി അവരുടെ കുടുംബത്തിലെ എല്ലാവരും മരണാനന്തരം മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകുമെന്ന് സമ്മതപത്രം കൈമാറുന്നത് ചെറിയൊരു കോളം വാർത്തയായി എവിടെയോ വായിച്ചിരുന്നു. അതിനപ്പുറം വലിയ പ്രാധാന്യം ആ വാർത്ത യഥാർത്ഥത്തിൽ അർഹിക്കുന്നുണ്ടായിരുന്നു. 

കൂടുതൽ ആൾക്കാർ മരണശേഷവും സ്വന്തം ശരീരത്തിന്റെ ഈ വിധത്തിലുള്ള സാധ്യതകൾ തിരിച്ചറിയണം. മണ്ണിലലിഞ്ഞും ചാരമായും ആർക്കും ഗുണമില്ലാതെ പോകുന്നതിലും എത്രയോ നല്ലതാണ്, കുറേയധികം വിദ്യാർത്ഥികൾക്ക് ഗുരുവാകുന്നത്. ഗുരുവെന്ന് വച്ചാൽ, ശരിക്കും ഗുരു തന്നെ. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലമാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. അതിന് "Mortui vivos docent" എന്ന് ലാറ്റിനിൽ പറയും.

എന്റെ ആഗ്രഹവും ഏതാണ്ടിതുപോലെ ആണ്. എന്റെ മരണശേഷം, പരമാവധി അവയവങ്ങൾ ആവശ്യക്കാർക്ക് മാറ്റിവയ്ക്കാൻ എടുക്കണം. അത് ആന്തരികാവയവങ്ങൾ മാത്രമല്ല, കൈപ്പത്തികൾ, ചർമ്മം, സ്നായുക്കൾ, ഞരമ്പുകൾ തുടങ്ങി എടുക്കാവുന്നവ എല്ലാം എടുക്കണം. ഇനിയഥവാ അത് പറ്റാത്ത അവസ്ഥയാണെങ്കിൽ ആ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം. വെറുതെ കത്തിച്ചോ കുഴിച്ചിട്ടോ വേസ്റ്റാക്കരുത്. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ഇതൊക്കെ പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്.

ഒന്ന് മനസിരുത്തി ചിന്തിച്ചാൽ ഇതൊക്കെ ആർക്കും ചെയ്യാവുന്ന നിസാരകാര്യങ്ങളാണ്. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ മരണം ഒരു മാതൃകയാവും. മൃതശരീരം ഗുരുവും. 

©മനോജ്‌ വെള്ളനാട്

(ഒറിജിനൽ പോസ്റ്റും ചർച്ചകളും ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.)


ആത്മഹത്യകളും മാധ്യമങ്ങളും

 ഒരു ആത്മഹത്യയെ പറ്റി പോലും വായിക്കാത്ത ഒരു ദിവസം കഴിഞ്ഞൊരാഴ്ചയിൽ ഉണ്ടായിട്ടില്ല. അധികവും 20-നും 30-നും ഇടയിൽ പ്രായമുള്ളവർ. ഇടയ്ക്കൊരു നാലാം ക്ലാസ് വിദ്യാർത്‌ഥിയുടെ വാർത്തയും വായിച്ചു! വിസ്മയയുടെ ആത്മഹത്യ മാദ്ധ്യമങ്ങൾ ആഘോഷിച്ച ശേഷം സമാനമായ സംഭവങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നുവെന്ന് ഒന്നു നിരീക്ഷിച്ചാൽ മനസിലാവും. ഒരു ദിവസം തന്നെ കേരളത്തിന്റെ പലഭാഗത്തും സമാനമായ മരണങ്ങൾ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്യുവാണെന്ന് വീഡിയോ എടുത്ത് ബന്ധുക്കൾക്കെല്ലാമയച്ച ശേഷം മരിച്ചു.

'വെർതർ എഫക്റ്റ്' എന്നൊരു സംഗതിയുണ്ട്. 

ഗൊയ്‌ഥെയുടെ 1774-ൽ പുറത്തിറങ്ങിയ “ദി സോറോസ് ഓഫ് യംഗ് വെർതർ” എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷെ പല കാരണം കൊണ്ടും അയാൾക്കവരെ കല്യാണം കഴിക്കാൻ പറ്റാതെ വരികയും അതിന്റെ വിഷമത്തിൽ, വെർതർ സ്വന്തം ജീവൻ എടുക്കുകയും ചെയ്യുന്നു. 

യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയ ശേഷം, ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിനു സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ സ്വന്തം ജീവൻ എടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകർപ്പ് കയ്യിൽ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒടുവിൽ ആ പുസ്തകം തന്നെ നിരോധിച്ചു.



ഇതുപോലെയാണ് മാദ്ധ്യമ വാർത്തകളും. വാർത്താ മാദ്ധ്യമങ്ങളിലെ ആത്മഹത്യയെക്കുറിച്ചുള്ള സെൻസേഷണൽ റിപ്പോർട്ടിംഗിന്റെ ആഘാതവും തുടർന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജ് ലേഖനങ്ങൾ ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ കുറവും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് “വെർതർ ഇഫക്റ്റ്” എന്ന്. (Phillips DP. The influence of suggestion on suicide: Substantive and theoretical implications of the Werther effect)

ഫിലിപ്സിന്റെ ഈ പഠനത്തിനുശേഷം, വാർത്താമാധ്യമങ്ങളിൽ വ്യക്തിഗത ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധത്തെ പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയെല്ലാം 'വെർതർ ഇഫക്റ്റ്' ശരിയാണെന്ന് പ്രൂവ് ചെയ്യുന്നവയായിരുന്നു.

അതുപോലെ 13 Reasons Why എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഇറങ്ങിയ ശേഷം ( കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം അവൾ മരിക്കാനുള്ള 13 കാരണങ്ങൾ അടങ്ങിയ ഓഡിയോ റെക്കോർഡിംഗുകളെ അവലംബിച്ചുള്ള വെബ് സീരീസാണ്) യു‌എസിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ആത്മഹത്യാ നിരക്ക് ഗണ്യമായി വർദ്ധിച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം നേരെ വിപരീതമായി, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനങ്ങളെ പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. ഈ പോസിറ്റീവ് പ്രതിഭാസത്തെ 'Papageno effect' എന്നാണ് പറയുന്നത്. മൊസാർട്ടിന്റെ 'ദി മാജിക് ഫ്ലൂട്ട്' -ലെ ഒരു കഥാപാത്രമാണ് പാപ്പജെനോ. പ്രണയം നഷ്ടപ്പെട്ടുവെന്ന ഘട്ടത്തിൽ ആത്മഹത്യയുടെ വക്കിലെത്തി തിരികെ വരുന്ന കഥാപാത്രം.

എന്നുവച്ചാൽ ആത്മഹത്യകളെ അതിവാചാലതയോടെ കൈകാര്യം ചെയ്യുന്ന എല്ലാതരം 'മീഡിയ'ത്തിനും നമ്മളെ ആത്മഹത്യയിലേക്ക് നയിക്കാൻ കഴിവുണ്ടെന്നാണ്. അത്തരം സംഭവങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ അതിജീവനകഥകൾ +ve ഇഫക്റ്റുണ്ടാക്കുമെന്നും.

സെൻസേഷണലിസം കാരണം നമ്മുടെ മാദ്ധ്യമങ്ങൾ മനുഷ്യരുടെ ആത്മഹത്യകളെ എത്ര അവിവേകപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്നതാണ്. എണ്ണം കൂടുന്തോറും ആവേശവും കൂടുന്ന പോലെ. ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. WHO-യുടെ മാർഗനിർദ്ദേശങ്ങളെ ആധാരമാക്കി Press Council of India 2019 സെപ്റ്റംബർ 13 -ന്‌ പുറത്തിറക്കിയതാണവ,

എല്ലാ വാർത്താമാദ്ധ്യമങ്ങളും ഏജൻസികളും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് -

1. ഒരു ആത്മഹത്യയുടെ പിന്നാമ്പുറ കഥകൾ‌ക്ക് അമിത പ്രധാന്യം കൊടുക്കുകയോ അത്തരം കഥകൾ‌ അനാവശ്യമായി ആവർത്തിക്കുകയോ ചെയ്യരുത് (DO NOT place stories about suicide prominently and unduly repeat such stories)

2. ഒരു ആത്മഹത്യയെ ഉദ്വേഗജനകമാക്കുന്നതോ, സാമാന്യവൽക്കരിക്കുന്നതോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌നങ്ങൾക്ക് ക്രിയാത്മക പരിഹാരമായി അവതരിപ്പിക്കുന്നതോ ആയ ഭാഷ ഉപയോഗിക്കരുത്. (DO NOT use language which sensationalizes or normalizes suicide or presents it as a constructive solution to problems)

3. ആത്മഹത്യ ചെയ്ത രീതി വിശദീകരിക്കരുത് (DO NOT explicitly describe the method used)

4. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരണം വേണ്ട. (DO NOT provide details about the site/location)

5. ഉദ്വേഗം ജനിപ്പിക്കുന്ന തലക്കെട്ടുകൾ പാടില്ല. (DO NOT use sensational headlines)

6. സംഭവത്തിന്റെ ചിത്രങ്ങളോ വീഡിയോയോ മറ്റു ലിങ്കുകളോ പ്രദർശിപ്പിക്കരുത്. (DO NOT use photographs, video footage, or social media links.)

ഈ ആറെണ്ണത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി അറിയാമോ? പ്രത്യേകിച്ചും ഓൺലൈൻ മാദ്ധ്യമങ്ങൾ. മരിച്ച വിസ്മയയുടെ പഴയ tiktok വീഡിയോ മുതൽ ശരീരത്തിലെ അടികൊണ്ട പാടുകൾ വരെ നമുക്കിപ്പൊ കാണാപ്പാഠമാണ്. ശേഷം മരിച്ച ഓരോരുത്തരെയും പറ്റി നിരന്തരം നമ്മൾ കണ്ടും വായിച്ചും കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും എപ്പോൾ, എവിടെ, എന്തിന്, എങ്ങനെയത് ചെയ്തൂവെന്നത് നമ്മളിങ്ങനെ കണ്ടും കേട്ടും തലച്ചോറിൽ ഫീഡ് കൊണ്ടേയിരിക്കുന്നു.



ശരിയാണ്, ഒരു ക്രൈം നടന്നു. അത് വാർത്തയാക്കേണ്ടതുമാണ്. പക്ഷെ ഇട്ടിരുന്ന വസ്ത്രം വരെ വിവരിച്ചുകൊണ്ടുള്ള അതിവാചാലമായ റിപ്പോർട്ടിംഗ് കണ്ടിരിക്കുന്ന സാധാരണക്കാരായ മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, ജീവിതത്തിന്റെ തുഞ്ചത്ത് കയറി നിൽക്കുന്ന മനുഷ്യന് നിങ്ങളുടെ 'സെൻസേഷണലിസം' ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം. അങ്ങനെയെങ്കിൽ അതെന്ത് തരം ജോലിയാണെന്ന് സ്വയം ചിന്തിക്കണം.

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായതുടർ ആത്മഹത്യകൾ ഒരു 'വെർതർ ഇഫക്റ്റ് ' അല്ലേയെന്ന് എനിക്ക് സംശയമുണ്ട്..

©മനോജ്‌ വെള്ളനാട്

(ഒറിജിനൽ പോസ്റ്റും കമന്റുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.)

പോസ്റ്റ് പാർട്ടം ഡിപ്രഷൻ!

 മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ അമ്മയോട് ദേഷ്യം തോന്നും. പക്ഷെ കുഞ്ഞുമരിച്ചതിലെ വിഷമം ഭൂരിഭാഗം പേരും അടുത്ത 5 നിമിഷം കൊണ്ട് മറക്കുകയും ഈ സംഭവത്തിലെ ഇക്കിളി-പരദൂഷണസാധ്യതകൾ തേടുകയും ചെയ്യും. അതുകിട്ടിയില്ലെങ്കിൽ നിരാശരുമാകും.



അമ്മയ്ക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ, അതിനെയും കളിയാക്കും. 'കുറ്റം ചെയ്തിട്ട് പിന്നെ മാനസികപ്രശ്‌നമെന്ന് പറഞ്ഞാ മതിയല്ലോ' യെന്ന് ക്രൂരമായി നിസാരവൽക്കരിക്കും. ആ അമ്മയെ തൂക്കിക്കൊല്ലണം, കല്ലെറിഞ്ഞു കൊല്ലണം എന്നൊക്കെ ശിക്ഷയും വിധിച്ച് സ്വയം നന്മമരങ്ങളും ജഡ്ജിമാരുമാവും.ആ വാർത്തയുടെ താഴെ വന്ന ചില കമൻ്റുകളാണ് ഈ പറഞ്ഞതെല്ലാം. 

പക്ഷെ അപ്പോഴെങ്ങും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്, പ്രസവാനന്തര വിഷാദം അഥവാ Post partum depression / psychosis എന്ന രോഗാവസ്ഥ. മുമ്പ് പല സന്ദർഭങ്ങളിലും പല ഡോക്ടർമാരും അനുഭവസ്ഥരും അതിനെ പറ്റി എഴുതിയിട്ടുള്ളതാണ്. എന്നാൽ കുറച്ച് ഗൈനക്കോളജി/സൈക്യാട്രി ഡോക്ടർമാരോ സൈക്കോളജിസ്റ്റുകളോ മാത്രമല്ലാ, സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണത്. കാരണം, ഗർഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കിൽ ജീവിതപരിസരത്തിലൂടെ തീർച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്.

പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10-ൽ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ 'പോസ്റ്റ് പാർട്ടം ബ്ലൂസ്' എന്നാണ് പറയുന്നത്. ഈ സമയത്തുണ്ടാവുന്ന ഉറക്കമില്ലായ്മ, പെട്ടന്നുള്ള മൂഡ് വ്യത്യാസങ്ങൾ, അകാരണമായ നിരാശയും ഇറിറ്റെബിലിറ്റിയും ഒന്നും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് ചെയ്യാറ്. മാത്രമല്ല, മിക്കപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് മാറുന്നതിനാൽ അങ്ങനൊന്നുണ്ടായതായി രോഗിയോ കൂടെയുള്ളവരോ അറിയാറുമില്ല.

പക്ഷെ, ഇതിൻ്റെ കുറച്ചു ഗുരുതരമായ അവസ്ഥയാണ് 'പോസ്റ്റ്പാർട്ടം ഡിപ്രഷൻ'. പത്തുപേരിൽ 1-2 പേർക്കീ അവസ്ഥ ഉണ്ടാവുന്നു എന്നാണ് കണക്കുകൾ. വികസ്വരരാജ്യങ്ങളിൽ 20% (അഞ്ചിലൊന്ന്) അമ്മമാരിലീ പ്രശ്നമുണ്ടാവുന്നുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം. ചിലപ്പോൾ മാസങ്ങളോളം നിൽക്കാം.

ഇതിലും കുറച്ചു കൂടുതൽ ഗുരുതരമായ അവസ്ഥയാണ് 'പോസ്റ്റ്പാർട്ടം സൈക്കോസിസ്‌'. 1000 അമ്മമാരിൽ ഒരാൾക്കങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. അമ്മയുടെ ആത്മഹത്യ മുതൽ കുഞ്ഞിൻ്റെയും അമ്മയുടെയും മരണത്തിന് വരെ ഇത് കാരണമാവാം.

ഈ അവസ്ഥകളുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പ്രസവാനന്തരം ഹോർമോണുകളുടെ അളവിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഗർഭധാരണത്തിന് മുമ്പേയുണ്ടായിരുന്ന വിഷാദമോ ഉത്കണ്ഠയോ, ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ, കുഞ്ഞിൻ്റെ ഭാവിയെ പറ്റിയുള്ള ആകുലതകൾ, സാമ്പത്തികമോ സാമൂഹികമോ ആയ അരക്ഷിതാവസ്ഥകൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിൻ്റെ ഉത്ഭവത്തിന് പ്രചോദനമാകുന്നുവെന്നാണ് പഠനങ്ങൾ.

ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം, ഒന്നിനോടും താൽപ്പര്യമില്ലായ്മ, കുഞ്ഞിനു വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുക, ഉത്കണ്ഠ, വിഷാദം, അമിതമായ ക്ഷീണം, ദേഷ്യം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെയോ സ്വയമേയോ മുറിവേൽപ്പിക്കാനുള്ള പ്രവണത, കുഞ്ഞിനെ കൊല്ലാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് പ്രധാനലക്ഷണങ്ങൾ. പ്രസവശേഷം ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ സ്വയം തിരിച്ചറിയുകയോ കൂടെയുള്ളവർ മനസിലാക്കുകയോ ചെയ്ത് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ പല അമ്മമാരും മറച്ചുവയ്ക്കും. അറിഞ്ഞാൽ കുഞ്ഞിനെ തന്നിൽ നിന്നകറ്റുമോ, താനൊരു നല്ല അമ്മയല്ലെന്ന് മറ്റുള്ളവർ കരുതുമോ തുടങ്ങിയ വേണ്ടാ വിചാരങ്ങൾ കാരണം ചെറിയ ലക്ഷണങ്ങൾ ഇങ്ങനെ മറച്ചുവയ്ക്കുകയും പിന്നീടത് പ്രശ്നമാകുകയും ചെയ്യും. അമ്മയ്ക്കും കൂടെയുള്ളവർക്കും ഇത്തരമൊരവസ്ഥയെ പറ്റിയും അതുണ്ടാക്കാവുന്ന പ്രശ്നത്തെ പറ്റിയും ആശുപത്രിയിൽ നിന്നും കൃത്യമായ ബോധവത്കരണം നൽകാത്തതും ഇവിടെ വില്ലനാവാറുണ്ട്.

ഏതെങ്കിലും ഒരു അനിഷ്ട സംഭവമുണ്ടായാൽ ആരെയെങ്കിലും കുറ്റക്കാരി/രനാക്കി വിധി പറയാൻ കാത്തുനിൽക്കുന്ന പ്രത്യേകതരം പരിഷ്കൃതസമൂഹമാണ് നമ്മുടേത്. ഒരമ്മ തൻ്റെ കുഞ്ഞിനെ കൊല്ലുന്നത് കുറ്റവാസനയുള്ളതു കൊണ്ടാണെന്നോ മറ്റെന്തോ ലക്ഷ്യം വച്ചാണെന്നോ ഒക്കെ എളുപ്പത്തിൽ വിധിയെഴുതുന്നത് അതുകൊണ്ടാണ്.

പോസ്റ്റ് പാർട്ടം ഡിപ്രഷനെ പറ്റിയുള്ള ശരിയായ അറിവുണ്ടാകുന്നത് അത്തരം പ്രിമെച്ചർ വിധിയെഴുത്തുകളെ മാത്രമല്ല ഇല്ലാതാക്കുക, അങ്ങനൊരു അനിഷ്ട സംഭവം ഉണ്ടാകുന്നതിനെ തന്നെ തടയാൻ സഹായിക്കും. അതിന് കൃത്യമായ ബോധവത്കരണത്തിന് വേണ്ട സംവിധാനങ്ങൾ എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കണമെന്ന് ഇനിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശിക്കണം. അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എല്ലാ ആശുപത്രികളും ഉറപ്പുവരുത്തണം. പ്രസവാനന്തരം എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ നിസാരമായി കാണാതെ വൈദ്യസഹായം തേടാൻ അമ്മമാരും ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ അപൂർവ്വമായെങ്കിലും അച്ഛന്മാരിലും ഉണ്ടാവാറുണ്ട്. 25-അച്ഛന്മാരിൽ ഒരാൾക്ക് (അമ്മമാരിൽ 5 -ൽ 1) ഡിപ്രഷൻ ഉണ്ടാവാമത്രേ. എന്നാലത് സൈക്കോസിസ് അവസ്ഥ വരെ എത്തുന്നതും അപൂർവ്വമാണ്. ഇതുകൂടി പറയാൻ കാരണം, ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന മിഥ്യാധാരണ മാറ്റാനാണ്. മറ്റു ചില മിഥ്യാധാരണകളാണ്, ഇത് ഹോർമോൺ വ്യതിയാനം കൊണ്ടു മാത്രമുണ്ടാവുന്നതാണെന്നും മറ്റു വിഷാദ രോഗങ്ങളേപ്പോലെ അത്ര കാര്യമാക്കേണ്ടതില്ലെന്നും താനേ മാറിക്കോളുമെന്നുമൊക്കെയുള്ള വിചാരങ്ങൾ. അതൊക്കെ തെറ്റാണ്. തീർച്ചയായും ചികിത്സ വേണം.

ഇത്തരമൊരവസ്ഥയെ പറ്റിയുള്ള ശരിയായ അറിവും മറ്റുള്ളവരോട് അൽപ്പം സഹാനുഭൂതിയോടെ പെരുമാറാനുള്ള മനസുമുണ്ടെങ്കിൽ ഈ രോഗം മൂലമുള്ള ഗുരുതരാവസ്ഥകൾ കുറേയൊക്കെ ഒഴിവാക്കാം. എട്ടു പെറ്റതിൻ്റെ അന്ന് എവറസ്റ്റ് കീഴടക്കാൻ പോയ അമ്മൂമ്മയുടെ കഥയും ഒറ്റയ്ക്ക് 12 പേരെ വളർത്തിയ ഉമ്മൂമ്മയുടെ കഥയും പറഞ്ഞിട്ട് നിനക്കൊന്നും ഇപ്പൊ ഒന്നിനും വയ്യല്ലോ എന്നൊക്കെ പുതുതായി അമ്മയാകുന്ന ഒരാളെ നിരുത്സാഹപ്പെടുത്തുന്ന വിധത്തിലുള്ള എല്ലാ സംസാരങ്ങളും ഒഴിവാക്കണം.

പിന്നെ, ഇത്തരം വാർത്തകൾ മാദ്ധ്യമങ്ങളിൽ വരുമ്പോൾ ആരാൻ്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്നോണം അവിടെപ്പോയി അവരെ ദുഷിച്ചും വിധിച്ചും കമൻറ് ചെയ്യുന്നതും വളരെ മോശമാണ്. അതും നിർത്തണം. വളരെ നിസാരരാണ് ഞാനും നിങ്ങളും ഒക്കെ. തലച്ചോറിലെ ഏതെങ്കിലും ഒരു രാസവസ്തുവിൻ്റെ അളവ് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ നമ്മളും ഈ രോഗിയും തമ്മിൽ ഒരു വ്യത്യാസവുമില്ലാ. :)


©മനോജ്‌ വെള്ളനാട്

( ഒറിജിനൽ പോസ്റ്റും കമൻ്റുകളും ഇവിടെ വായിക്കാം )

എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..?

 ആർത്തവസഹായികൾ (സാനിറ്ററി നാപ്കിൻ, ടാംപൺ, മെൻസ്ട്രുവൽ കപ്പ് etc.) സ്ത്രീകളുടേത് മാത്രമായ ഒരു സ്വകാര്യവസ്തുവായാണ് ഇന്നും സമൂഹം കാണുന്നത്. യഥാർത്ഥത്തിലവ സ്വകാര്യതയുടേതല്ല, സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ പ്രതീകങ്ങളാണ്. സാനിറ്ററി നാപ്കിനുകൾ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കിയേ..! സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാത്രമല്ല, ലോകം തന്നെ ഒരു 10-30 വർഷം പുറകിലായി പോയേനെ. 

വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾ, വിദ്യാഭ്യാസം, ശാസ്ത്രം, തൊഴിൽ, രാഷ്ട്രീയ സാമൂഹിക മേഖലകൾ എന്നിവയിലേക്കൊക്കെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങി വന്നതിനു ശേഷമാണ് ലോകത്തിൻ്റെ പുരോഗതിയുടെ പേസ് തന്നെ മാറിയതെന്ന് ചരിത്രം നിരീക്ഷിച്ചാൽ കാണാം. അതിലൊരു പങ്ക് ആർത്തവസഹായികൾക്കും അവകാശപ്പെട്ടതാണ്.


കേവലം വ്യക്തിപരമായ ഒരു ബയോളജിക്കൽ സംഗതി എന്നതിനപ്പുറം അനാവശ്യമായ സാമൂഹിക-സാംസ്കാരിക മാനങ്ങൾ കൂടി ചാർത്തിക്കിട്ടിയിട്ടുള്ളതിനാലും, ഒരശ്ലീലമോ അശുദ്ധിയോ അപശകുനമോ ആയി കാണുന്നതിനാലും ആർത്തവ സംബന്ധിയായ മുന്നേറ്റങ്ങളൊക്കെ ഒച്ചിഴയും വേഗത്തിലാണ് സ്ത്രീകളിലേക്ക് പോലും എത്തുന്നത്. 130 വർഷമായി സാനിറ്ററി നാപ്കിനുകൾ ലോക വിപണിയിലുണ്ടായിട്ടും കഴിഞ്ഞ 30 വർഷത്തിനുള്ളിലാണ് കേരളത്തിലവയ്ക്ക് വേണ്ട സ്വീകാര്യത കിട്ടിയതെന്നാണ് മനസിലാവുന്നത്. കേരളത്തിനു പുറത്തെ ഇന്ത്യയുടെ സ്ഥിതി പരിതാപകരവുമാണ്. 


സാനിട്ടറി നാപ്കിനേക്കാൾ ഇന്നത്തെ കാലത്ത് വ്യാപകമാകേണ്ട ഒരു ആർത്തവ സഹായിയാണ് മെൻസ്ടുവൽ കപ്പ്. ആർത്തവസമയത്ത് വജൈനയിലേക്ക് കടത്തി വയ്ക്കുന്ന ഈ ചെറിയ കപ്പിനെ പറ്റി കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. എന്നിട്ടും ബഹുഭൂരിപക്ഷം മനുഷ്യർക്കും ഇപ്പോഴും അതിനെ പറ്റി കൃത്യമായ ധാരണയില്ല. എന്താ കാരണം? മേൽപ്പറഞ്ഞതൊക്കെ തന്നെ. സാനിറ്ററി നാപ്കിൻ വിപണിയ്ക്കും ഇക്കാര്യത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കരുതണം.





മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കണമെന്നറിയാൻ നിരവധി വീഡിയോ ലെക്ചറുകൾ യൂടൂബിൽ കിട്ടും. പലരും പലവട്ടം അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതുകൊണ്ടതിനെ പറ്റിയല്ല, എന്തുകൊണ്ട് ഈ കപ്പിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നാണ് ഈ കുറിപ്പിൽ പറയാനുദ്ദേശിക്കുന്നത്.


1.പ്രകൃതി സൗഹൃദം

          സാനിട്ടറി നാപ്കിനുകൾക്കുള്ളിൽ ഉള്ള രക്തം വലിച്ചെടുക്കുന്ന ജെൽ സോഡിയം പോളി അക്രിലേറ്റാണ്. കൂടെ റയോൺ, സെല്ലുലോസ്, പോളിയെസ്റ്റർ മിശ്രിതവും. അതിനെ കവർ ചെയ്തുകൊണ്ടുള്ള സോഫ്റ്റ് വലപോലുള്ള ഭാഗം പോളി ഒലീഫീനാണ്. ഈ വക വസ്തുക്കൾ ഏതാണ്ട് പ്ലാസ്റ്റിക് പോലെ തന്നെയാണ്. അതിൻ്റെ നിർമ്മാർജ്ജനം (കത്തിച്ചാലും കുഴിച്ചിട്ടാലും) അത്ര പ്രകൃതിസൗഹൃദമല്ലെന്ന് പറയേണ്ടല്ലോ. രക്തം പുരണ്ട പാഡുകൾ ഒരുതരം ബയോവേസ്റ്റാണെന്നത് ഇതിൻ്റെ ഗൗരവം ഇരട്ടിപ്പിക്കുന്നുണ്ട്.


അതേ സമയം, മെൻസ്ട്രൽ കപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബർ കൊണ്ടാണ്. മാത്രമല്ല, ഒരു കപ്പ് തന്നെ മതി, 5 മുതൽ 10 വർഷത്തേക്ക്! 


വെറുതേ ഒന്ന് കണക്കാക്കി നോക്കൂ, 5 വർഷം ഒരു പെൺകുട്ടി/സ്ത്രീ ഉപയോഗിക്കേണ്ടി വരുന്ന പാഡുകൾ എത്രയെണ്ണം വരുമെന്ന്. ഏകദേശം 1000 പാഡുകൾ വരും. അങ്ങനെ ലക്ഷക്കണക്കിന് പേരുടേതാവുമ്പൊഴോ! 1000 പാഡിനുള്ളത്, അത് രക്തമായാലും നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കായാലും, നിസാരമൊരു കപ്പിലൊതുക്കാം നമുക്ക്. ഈ പുതുച്ചൊല്ല് ഓർത്താ മതി, ''ആയിരം പാഡിനരക്കപ്പ്..''


2. സാമ്പത്തികലാഭം

           ഒരു കപ്പിൻ്റെ വില 300 മുതൽ 1000 വരെയൊക്കെയാണ്. കൂടിയതുമുണ്ട്. ഇത് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം. ആദ്യ മുടക്കുമുതൽ ഇത്രയുണ്ടെങ്കിലും ആകെ മൊത്തം നോക്കുമ്പോൾ ലാഭമാണ്.


ഒരു മാസം ഒരാൾ 15-20 പാഡുകൾ ഉപയോഗിക്കേണ്ടി വരുന്നെന്ന് കരുതുക. ശരാശരി വില ₹5/Pad എന്നും. ഒരുമാസത്തെ ചെലവ് ₹75-100. ഒരു വർഷം ₹900-1200 വരെ. ബാക്കി പറയണ്ടല്ലോ, ഒരു വർഷത്തെ ചിലവ് പോലും വരുന്നില്ല 5-10 വർഷത്തേക്കുള്ള കപ്പിന്.


3.ഇടയ്ക്കിടെ പാഡ് മാറ്റേണ്ടി വരുന്നതൊഴിവാക്കാം.

          ഏറ്റവും ആഗിരണശേഷിയുള്ള പാഡിനേക്കാൾ ഇരട്ടിയോ അതിലധികമോ രക്തം ഒരു കപ്പിൽ ശേഖരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ തുടർച്ചയായി 12 മണിക്കൂർ വരെ കപ്പ് ഉള്ളിൽ വച്ചേക്കാൻ കഴിയും. കാറിലോ ബസിലോ ട്രെയിനിലോ ഒക്കെ ദീർഘദൂരയാത്ര ചെയ്യുന്നവർക്കും സമാനമായ മറ്റു സാഹചര്യങ്ങളിലുള്ളവർക്കും ഇതെന്ത് സൗകര്യപ്രദമാണെന്ന് ആലോചിച്ച് നോക്കൂ..


4.ആർത്തവരക്തം അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരാത്തതു കാരണം അധികനേരമതകത്തിരുന്നാലും ദുർഗന്ധമുണ്ടാകുന്നില്ല. Over wet ആവുന്നതുകൊണ്ടുള്ള അസ്വസ്ഥതയും ഉണ്ടാവില്ല.


5. പാഡ്, സ്കിൻ അലർജിയുണ്ടാക്കുന്നവർക്ക് ഏറ്റവും നല്ല ആൾട്ടർനേറ്റീവ് ആണ് കപ്പ്.


6. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിൽ ആർത്തവദിനങ്ങളിൽ ലോങ് ജമ്പിനു പോകുന്ന കുട്ടികളെ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ നീന്താൻ പോകുന്നവരെ കണ്ടിട്ടുണ്ടാവില്ല. കപ്പ് ആണെങ്കിലോ നീന്താനും തടസമില്ല. (ഈ ഐഡിയ കപ്പിൻ്റെ പരസ്യം പിടിക്കുന്നവർക്കുപയോഗിക്കാം.. :) )


7.ഈസിയായി എവിടെയും കൊണ്ടുപോകാം. എന്തെങ്കിലും ആവശ്യത്തിന് എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിച്ചതും ഉപയോഗിക്കാനുള്ളതുമായ പാഡുകൾ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ടൊഴിവാക്കാം. 


8. പ്രളയമോ പേമാരിയോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്ത സമയങ്ങളിൽ പല കാരണങ്ങൾകൊണ്ടും ഏറ്റവും സൗകര്യപ്രദമാണ് ആർത്തവക്കപ്പുകൾ. പക്ഷെ, ഇതിനൊരു 'ലേണിംഗ് കർവ്' ആവശ്യമായതിനാലും ആദ്യമായി ഉപയോഗിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലും നേരത്തെ ഉപയോഗിച്ചിരുന്നവർക്കു മാത്രമേ ആ സമയത്ത് ഈ കപ്പുകൾ ഗുണം ചെയ്യൂ. പാഡിൽ നിന്ന് കപ്പിലേക്ക് പൂർണമായി മാറാൻ 4-5 ആർത്തവചക്രങ്ങൾ പലർക്കും വേണ്ടി വരുന്നുണ്ടെന്നാണ് പഠനം. മുൻ വർഷങ്ങളിലുണ്ടായ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നമുക്കിനിയും സംഭവിക്കാം. അതുകൊണ്ട് ആർത്തവക്കപ്പുകൾ നേരത്തേ ഉപയോഗിച്ച് ശീലിക്കുന്നത് സ്വകാര്യമായ ഒരു മുൻകരുതൽ കൂടിയാവട്ടെ..


9. ഏതുപ്രായത്തിലുള്ളവർക്കും കപ്പ് ഉപയോഗിക്കാം. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകൾ തെരെഞ്ഞെടുക്കണം.


ഒരുപാടു പേർ കപ്പുപയോഗിച്ചതിൻ്റെ അനുഭവക്കുറിപ്പുകൾ എഴുതുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇനിയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തവർ അതുപയോഗിക്കുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങൾ തേടിയ ശേഷം ഉപയോഗിച്ചു തുടങ്ങണം. വാങ്ങേണ്ട ബ്രാൻഡ്, സൈസ് ഒക്കെ ഉപയോഗിക്കുന്ന ആരോടെങ്കിലും ചോദിച്ച ശേഷം തീരുമാനിക്കുന്നതാവും നല്ലത്. സുഹൃത്തില്ലെങ്കിൽ ഏതെങ്കിലും ലേഡി ഡോക്ടറോട് ചോദിക്കാം. ആർത്തവക്കപ്പിൻ്റെ പോസിറ്റീവായ ഉപയോഗത്തിൽ ഇത്തരം സൗഹൃദസംഘങ്ങൾക്ക് (Peer groups) വലിയ പ്രാധാന്യമാണുള്ളതെന്ന് Lancet-ൻ്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്.


പലകാരണങ്ങൾ കൊണ്ടും ഗുണകരമായ ഒന്നായതിനാൽ ഇത് ശരിക്കും സർക്കാർ മുൻകൈയോടെ സ്കൂൾ തലം മുതൽ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. ജനങ്ങൾക്ക് ബോധവൽകരണം നൽകുകയും ഒപ്പം സൗജന്യമായോ സബ്സിഡി നൽകിയോ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. ആലപ്പുഴ മുനിസിപ്പാലിറ്റി, കോട്ടയത്തെ വാഴൂർ പഞ്ചായത്തൊക്കെ ഇക്കാര്യത്തിൽ മാതൃക കാണിച്ചവരാണ്. ഓരോ പഞ്ചായത്തും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം.


യഥാർത്ഥത്തിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ഒരു വലിയ വിപ്ലവമാവേണ്ട ഒന്നാണിത്. ഇപ്പോഴും വെറും 12% സ്ത്രീകൾക്കാണത്രേ ഇന്ത്യയിലാകെ സാനിറ്ററി നാപ്കിനുകൾ കിട്ടുന്നത്. ബാക്കി 88%! തുണിയും ചാരവും മണ്ണും കൊണ്ട് ആർത്തവരക്തത്തെ നേരിടുന്നവരുടെ, അതുമൂലം പലതരം രോഗങ്ങൾ പിടിപെടുന്നവരുടെ 'ഗതികേട്' മാറ്റാൻ കഴിഞ്ഞാൽ ശരിക്കുമതൊരു 'സാനിറ്ററി റെവലൂഷൻ' തന്നെയാവും.


ആദ്യം ചോദിച്ച ചോദ്യം ഒരിക്കൽ കൂടി ചോദിക്കാം, എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്?


ഏറ്റവും ചുരുക്കത്തിൽ ഇതിത്രേയുള്ളൂ, മെൻസ്ട്രൽ കപ്പ് = ശുചിത്വം, സ്വാതന്ത്ര്യം, സ്വകാര്യത, പ്രകൃതിസൗഹൃദം, സാമ്പത്തികലാഭം. :)


( ഒറിജിനൽ ലേഖനവും കമന്റ്സും ഫേസ് ബുക്കിൽ കാണാം )



©മനോജ്‌ വെള്ളനാട്


മെറ്റ്ഫോമിൻ ഗുളികയിൽ NDMA! ഞെട്ടി രോഗികൾ. എന്താണ് യാഥാർത്ഥ്യം?

 ''മെറ്റ്ഫോമിൻ ഗുളികയിൽ ക്യാൻസറുണ്ടാക്കുന്ന NDMA! മരുന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച് പ്രമേഹരോഗികൾ''

അഥവാ ഞെട്ടിയില്ലെങ്കിൽ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോർവേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധർമ്മം തന്നെ. അത്തരത്തിൽ ഹൗസ് ഫുള്ളായി ഓടുന്നൊരു സന്ദേശത്തിൻ്റെ തലക്കെട്ടാണ് മേളിൽ.

ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നാണ് മെറ്റ്ഫോമിൻ. പ്രമേഹത്തിന് മാത്രമല്ല, PCOD ഉള്ള സ്ത്രീകൾക്കും അമിതവണ്ണമുള്ളവർക്കും ഇത് കൊടുക്കാറുണ്ട്. അങ്ങനൊരു മരുന്നിന് ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ ആരായാലും ഞെട്ടും.


യഥാർത്ഥത്തിൽ എന്താണ് സംഭവം?

അമേരിക്കയിലെ ചില മെറ്റ്ഫോർമിൻ ബ്രാന്റുകളിൽ NDMA (N -Nitroso dimethylamine) എന്ന പദാർത്ഥം അധികമായി കണ്ടെത്തിയതുകൊണ്ട്‌ FDA ആ ബ്രാന്റുകൾ കടകളിൽ നിന്ന് പിൻവലിക്കാൻ കമ്പനികളോട്‌ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ആ ബ്രാൻ്റുകളുടെ ചില ബാച്ചുകളിലാണ് ഈ impurity കണ്ടെത്തിയത്. അതും, metformin സാവധാനം മാത്രം രക്തത്തിൽ കലരുന്ന extended release വിഭാഗത്തിൽ പെട്ട ഗുളികകളിൽ മാത്രമാണ് അനുവദിക്കപ്പെട്ട അളവിലധികം NDMA കണ്ടെത്തിയിട്ടുള്ളത്.

FDA യുടെ വെബ്സൈറ്റിലൂടെ ഒന്ന് വെറുതെ സഞ്ചരിച്ചാൽ തന്നെ അറിയാൻ കഴിയും, ഇത്തരത്തിൽ  ഓരോ ബ്രാൻഡ് മരുന്നും എത്ര പ്രാവശ്യം പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ഈ വാർത്തയിൽ പുതിയതെന്തെങ്കിലും ഉണ്ടോ എന്നും. ഒന്നുമില്ല. നിരന്തരം ഇത്തരം പരിശോധനകൾ നടക്കുകയും അതിൻ്റെ ഫലം പൊതുജനങ്ങൾക്ക് കാണും വിധം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടവർ.

Metformin എന്ന പ്രമേഹമരുന്ന് കണ്ടുപിടിച്ചിട്ടിപ്പൊ 100 വർഷമാകുന്നു. ഒരുപാട് പഠനങ്ങളിലൂടെ ഇതിനകം കടന്നുപോയ ശേഷമാണത്, Type 2 പ്രമേഹത്തിൻ്റെ ഫസ്റ്റ് ലൈൻ മെഡിസിനായി അത് അംഗീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ 'Essential medicines list'-ലെ ഒരംഗം കൂടിയാണീ മരുന്ന്. എന്നുവച്ചാൽ 'അവശ്യമരുന്ന്'.

എല്ലാ മരുന്നുകളെയും പോലെ തന്നെ, ഇതിനും സൈഡ് എഫക്റ്റ്സ് ഉണ്ട്. ശാസ്ത്രമതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുമുണ്ട്. എന്തായാലും, അക്കൂട്ടത്തിൽ ക്യാൻസർ ഇല്ലാ. എന്നുവച്ചാൽ വാട്സാപ്പ് സന്ദേശം വായിച്ച് മെറ്റ്ഫോമിനെ വെറുതേ പേടിക്കണ്ടാന്ന്..

പിന്നെന്തിനാണീ പിൻവലിക്കൽ എന്നല്ലേ..?

NDMA-യെന്ന കലർപ്പാണ് വില്ലൻ. ആരാണീ NDMA?

N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കെഴുത്താണ് ഇത്. നമ്മളുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും പാലിലും പാലുല്പന്നങ്ങളിലും ഇറച്ചിയിലും ഒക്കെ ഈ NDMA ഒരു മാലിന്യമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല ചില ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുമ്പോഴും NDMA ഉണ്ടാകാറുണ്ട്. അതുപോലെ ചില വ്യാവസായിക രാസപ്രവർത്തനങ്ങളുടെ ബൈ പ്രോഡക്റ്റ് ആയും വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്.

ഈ കലർപ്പ്‌ മുൻപ്‌ അമിതരക്ത സമ്മർദ്ദത്തിനുള്ള മരുന്നുകളായ വൽസാർട്ടൻ, ലൊസാർട്ടൻ, അസിഡിറ്റി മരുന്നായ റാനിറ്റിഡിൻ എന്നിവയിലെ ചില ബ്രാന്റുകളിലും നേരത്തേ റിപ്പോർട്ട്‌ ചെയ്തിരുന്നു. അതുപോലെ മെറ്റ്ഫോമിൻ്റെ ചില ബ്രാൻഡുകളിലും.

NDMA ക്യാൻസർ ഉണ്ടാക്കുമോ?

       മനുഷ്യനിൽ ഇതുവരെയും ഈ രാസവസ്തു ക്യാൻസർ ഉണ്ടാക്കിയതായിട്ട് അറിവില്ല. എന്നാൽ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ക്യാൻസർ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനിൽ ഇത് ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടിട്ടാണ് ഇതിനെ ഒരു 'പ്രോബബിൾ കാർസിനോജൻ' ആയി കണക്കാക്കുന്നത്. അളവ് നിയന്ത്രിക്കുന്നത്.

ഇവിടിപ്പൊ Metformin extended release ഗുളികകളിൽ സാധാരണ ഭക്ഷണ വസ്തുക്കളിൽ കാണുന്ന അളവിലെ NDMA ഉണ്ടായിരുന്നുള്ളു. എങ്കിലും വളരെ അധികം നാൾ ഉയർന്ന അളവിൽ ഉള്ളിൽ ചെന്നാൽ കാൻസറിനു ഹേതുവായാലോ എന്ന സംശയമുള്ളതിനാനാലാണ്, പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാൻ ആ ബ്രാന്റുകളിലെ ആ ബാച്ച്‌ മരുന്നുകൾ തിരിച്ച്‌ വിളിച്ചത്.

ഇതിൽ നിന്നും ഈ സിസ്റ്റം എത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുകൂടി മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഒരു മരുന്ന്, അതും 100 വർഷത്തോളമായി നിരവധി പഠനങ്ങളിലൂടെ കൃത്യമായ ധാരണയുള്ള ഒരു മരുന്ന്, അതിലെ ഓരോ ബ്രാൻഡും വിപണിയിൽ എത്തിക്കഴിഞ്ഞാൽ പോലും വീണ്ടുമതിൽ പഠനങ്ങൾ നടക്കുന്നു എന്നും, എന്തെങ്കിലും പോരായ്മ കണ്ടെത്തിയാലുടൻ തിരിച്ചു വിളിക്കാനും, അതുവഴി രോഗികളുടെ സേഫ്റ്റി ഉറപ്പുവരുത്താനും സാധിക്കുന്നുണ്ടെന്നുമൊക്കെ ഉള്ളതിൻ്റെ തെളിവാണ് ഇത്തരം വാർത്തകൾ. അതിൻ്റെ പോസിറ്റീവ് വശം തന്നെയാണ് നമ്മൾ സ്വീകരിക്കേണ്ടത്. രോഗിയുടെ സുരക്ഷയ്ക്ക് ശാസ്ത്രമെത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതിൻ്റെ തെളിവാണവ.

മെറ്റ്ഫോമിൻ കഴിക്കുന്ന പലരും ഉത്കണ്ഠാകുലരായി മെസേജുകൾ അയച്ചതുകൊണ്ടാണിതെഴുതിയത്. എല്ലാവരും മനസിലാക്കേണ്ടത്, ഏതാനും ബ്രാന്റുകളുടെ ചില ബാച്ചുകളിൽ മാത്രമാണു NDMA കൂടുതലായി കണ്ടത്‌, അതും extended release വിഭാഗത്തിലുള്ളവയിൽ മാത്രം.

അതിനാൽ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമ്മിൻ തുടർന്നു ഉപയോഗിക്കുക. വാട്സാപ്പ് മെസേജ് കണ്ട് ഗുളികകൾ പെട്ടെന്ന് നിർത്തുന്നത്‌ രക്തത്തിൽ ഷുഗർ വർദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തിൽ ചാടിക്കും. എന്നിട്ടും ആശങ്കയുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക.

©മനോജ്‌ വെള്ളനാട്



കാഷ്വാലിറ്റിയിലെ ചൊറിച്ചില്‍

കഴിഞ്ഞ ഞായറാഴ്ച രാത്രി. സമയം 10:30- 11. സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി കാഷ്വാലിറ്റി. ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോയിട്ടുള്ളവർക്ക് അവിടുത്തെ ആ സമയത്തെ തിരക്കൂഹിക്കാം. നെഞ്ചിൽ ട്യൂബിട്ടവരും വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടവരും ട്യൂബുകളൊന്നുമിടാത്തവരും ആക്സിഡന്റിലും അക്രമത്തിലും മുറിവേറ്റവരുമൊക്കെയായി 15-ലധികം പേർ അവിടെയുണ്ട്. എല്ലാ ഡോക്ടർമാരും തിരക്കിലാണ്.

പാരിപ്പള്ളി മെഡിക്കൽ കോളേജീന്ന് റെഫർ ചെയ്ത് വന്ന ഒരു രോഗിയെ ഞാനന്തം വിട്ടു നോക്കുകയായിരുന്നു. അന്തം വിടാൻ കാരണം, ആ അമ്മച്ചി വളരെ കൂളായിട്ട് നടന്നാണ് കാഷ്വാലിറ്റിയിലേക്ക് വന്നത്. അവിടുന്ന് കൊടുത്തുവിട്ട വയറിന്റെ X-ray യിൽ അമ്മച്ചിയുടെ കുടലിലെവിടെയോ ദ്വാരം വീണിട്ടുണ്ടെന്നതിന്റെ തെളിവുണ്ടായിരുന്നു. ഇതും വച്ചിട്ടാണവർ നടന്നു വരുന്നത്! അവരെ ഉള്ള സ്ഥലത്തുടനേ പിടിച്ചു കിടത്തിയിട്ട്, ഒരു ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചു. എത്രയും വേഗം അഡ്മിറ്റാക്കി, അക്കമ്പനി ചെയ്ത് വാർഡിലെത്തിക്കാൻ പറഞ്ഞു. കാരണമത്, നടന്നാണ് വന്നതെങ്കിലും എമർജൻസി ഓപറേഷൻ വേണ്ട രോഗിയാണ്.

തിക്കിത്തിരക്കുന്ന വീൽ ചെയറുകൾക്കും ട്രോളികൾക്കും അവയെ അനുഗമിക്കുന്ന മനുഷ്യർക്കുമിടയിലൂടെ ഉന്തിത്തള്ളി രണ്ടുപേർ എന്റെ അടുത്തെത്തി, അപ്പോഴേക്കും. അച്ഛനും മകനുമാണ്. മകനാണ് രോഗി.

'എന്തു പറ്റിയതാണ്?' ഞാൻ ചോദിച്ചു.

'അതെന്റെ കാല്, ചെരിപ്പിട്ടപ്പൊ ഒന്നു പൊള്ളി' രോഗി ചെരുപ്പൂരി കാല് കാണിച്ചു. ശരിയാണ് കാൽ പാദത്തിൽ ചെറിയൊരു പാടുണ്ട്. പൊള്ളലുണ്ടാക്കിയ പുതിയ ചെരുപ്പ് മാറ്റിയിട്ടുണ്ട്.

ചെരുപ്പിട്ട് വരുന്ന പൊള്ളൽ കാണിക്കാനുള്ള സ്ഥലമല്ല സർജറി കാഷ്വാലിറ്റി. എന്നാലും രാത്രിയൊക്കെ വരുമ്പോ കാര്യമായ ബുദ്ധിമുട്ട് കാണണമല്ലോ. ഞാൻ ചോദിച്ചു,

'എത്ര ദിവസമായി?'

'ഇതിപ്പൊ രണ്ടു ദിവസമായി..'

'അപ്പൊ, ഈ നേരത്തിപ്പൊ വരാൻ കാര്യം?'

'ഞങ്ങളപ്പുറത്തൊരു സ്ഥലം വരെ വന്നതാ. അപ്പൊ ഇതൊന്ന് കാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചു.' അച്ഛനാണ് മറുപടി പറഞ്ഞത്.

'ചേട്ടാ, ഇത് കാഷ്വാലിറ്റിയാണ്. ആക്സിഡൻറും എമർജൻസി കേസുകളും നോക്കുന്ന സ്ഥലം. നിങ്ങൾ നാളെ രാവിലെ ഓപിയിൽ വന്ന് കാണിക്ക്.'

'നാളെയോ? ഇതൊന്ന് നോക്കാനെന്താണിത്ര പാട്?' അച്ഛൻ ചൂടായി തുടങ്ങി.

'അതാണ് പറഞ്ഞത്, ഇത് അലർജി ചികിത്സിക്കുന്ന സ്ഥലമല്ലാ. ഈ കിടക്കുന്നവരും ഇരിക്കുന്നവരുമൊക്കെ കാര്യമായ പ്രശ്നങ്ങളുള്ളവരാണ്. ഇതവരെ നോക്കാനുള്ള സ്ഥലമാണ്.' ഞാൻ പറഞ്ഞു.

ഞാനടുത്ത രോഗിയിലേക്ക് തിരിഞ്ഞു. അപ്പോഴാ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു,

'അലർജി നോക്കാൻ പറ്റൂലങ്കി പുറത്ത് ബോർഡെഴുതി വയ്ക്കണം, നോക്കാൻ പറ്റൂലാന്ന്. അപ്പൊ പിന്നെ മനുഷ്യൻ മെനക്കെട്ട് വരൂല്ലല്ലോ. ഓരോരോ പത്രാസുകള്..'

'കാര്യമായ വേദനയോ മറ്റോ ഉണ്ടെങ്കിൽ തൽക്കാലം അതിനുള്ള മരുന്നെഴുതി തരാം. എന്തായാലും ഇതിന് ചികിത്സിക്കുന്ന സ്ഥലമല്ലാ ഇത്.'

'എന്നാ താൻ ചികിത്സിക്കണ്ടാ..'

അയാളാ ഓപി ടിക്കറ്റും വലിച്ചെടുത്തു കൊണ്ട് ഒറ്റ പോക്ക്. അടി കിട്ടാത്തതിലുള്ള ആശ്വാസത്തിൽ, ഒന്ന് നെടുവീർപ്പെട്ട് ഞാനടുത്ത രോഗിയെ നോക്കിത്തുടങ്ങി.

അടി കിട്ടിയിരുന്നെങ്കിൽ പിറ്റേന്ന് പത്രത്തിൽ വെണ്ടയ്ക്കാ വലിപ്പത്തിൽ 5 കോളം വാർത്ത വന്നേനെ, ചികിത്സ നിഷേധിച്ചെന്നും പറഞ്ഞ്. രോഗമെന്താണ്? ചെരുപ്പിട്ടപ്പൊ കാലിലെ തൊലി അടർന്നത്. കാണിക്കാൻ വന്നത്, സർജറി കാഷ്വാലിറ്റിയിൽ. അതൊന്നും ആരും വായിക്കില്ല. വായിച്ചാലൊട്ടു മനസിലാക്കുകേമില്ല.

മേൽ വിവരിച്ചതിൽ വാക്കുപോലും ഞാൻ എക്സ്ട്രാ ചേർത്തിട്ടില്ല. 100% റിയൽ. ആ നടന്നു വന്ന അമ്മച്ചി ഒരു കോയിൻസിഡന്റായിരുന്നെങ്കിലും അതിനും പ്രസക്തിയുണ്ട്. കാരണം, രോഗി നടന്നു വന്നതാണെങ്കിലും അതൊരു എമർജൻസിയാണെങ്കിൽ തിരിച്ചറിയാൻ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണത്.

കാഷ്വാലിറ്റിയിൽ വെറുതേയിരിക്കുന്ന നേരത്താണെങ്കിൽ രണ്ടു വർഷം പഴക്കമുള്ള അരിമ്പാറയാണെങ്കിക്കൂടി നോക്കി വിടാറുണ്ട്. ഇനി ഓപിയിലോടിച്ച് മെനക്കെടുത്തണ്ടല്ലോന്ന് വിചാരിച്ച് മാത്രം. പക്ഷെ തിരക്കുള്ള സമയത്ത്, ഇതുപോലെ വെറുതേ ഒന്ന് കാണിച്ചിട്ട് പോകാൻ വരുന്നവരുണ്ടാക്കുന്ന ഇറിറ്റേഷൻ ചില്ലറയല്ലാ. പറഞ്ഞാ പോലും മനസിലാവാതെ തർക്കിക്കാൻ നിക്കുന്നവർ അന്നത്തെ മൊത്തം മൂഡും നശിപ്പിക്കും.

ഇത്രയും പറഞ്ഞത് ഇമ്മാതിരിയൊരു പത്രവാർത്ത ഇപ്പൊ വായിച്ചതു കൊണ്ടു കൂടിയാണ്. പത്രക്കാർക്ക് എത്തിക്സ് പാടില്ലാന്നുള്ളതുകൊണ്ട്, അവർക്ക് എന്തും കൊടുക്കാല്ലോ. സെൻസേഷൻ മാത്രം നോക്കിയാ മതി. അതോണ്ട് അവരോടൊന്നും പറയാനില്ല. മറ്റുള്ളവരോടാണ്,

കാഷ്വാലിറ്റിയെന്നത് വെറുതേ പോകുമ്പോ കേറീട്ട് പോകാനുള്ളതോ, ദിവസങ്ങളായുള്ള രോഗങ്ങളോ, ജലദോഷവും ചുമയും തൊണ്ടവേദനയും ചെരുപ്പിന്റെ അലർജിയും കാണിക്കാനുള്ളതോ ആയ സ്ഥലമല്ലാ. അവിടെ ഓരോ 10-15 മിനിട്ടിലും ഒരാളുടെയെങ്കിലും ജീവനോ ജീവിതമോ രക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിനുവേണ്ടിയുള്ളതാണ്. അതിനെ തടസപ്പെടുത്താതിരിക്കേണ്ടത് നിങ്ങടെ കടമയാണ്.

ഓപ്പിയിലെ പോലെ രോഗിയെ നോക്കി മരുന്നെഴുതൽ മാത്രമല്ലാ അവിടെ നടക്കുന്നത്. അടിപിടിയോ ആക്സിഡന്റോ പൊള്ളലോ ആത്മഹത്യാ ശ്രമമോ ഒക്കെയായി വരുന്നവരുടെയൊക്കെ ഭാവി തന്നെ തീരുമാനിക്കാവുന്ന മെഡിക്കോലീഗൽ പേപ്പർ വർക്കുകളും (Wound certificate, Police intimation etc) ഇതിനൊപ്പം തന്നെ നടക്കുന്നുണ്ട്. അപൂർവ്വം അവസരങ്ങളിലല്ലാതെ അവിടാരും വിശ്രമിക്കാറുമില്ല.

അതിനാൽ ഇനിമുതൽ ഈ വക കാര്യങ്ങൾ മനസിലാക്കി സ്വയം ചിന്തിച്ച ശേഷം മാത്രം, അല്ലെങ്കിൽ പരിചയമുള്ള ഡോക്ടർമാരെയോ നഴ്സുമാരെയോ വിളിച്ചു ഒരഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം, സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് പോകുമല്ലോ..



©മനോജ്‌ വെള്ളനാട്

മാസ്ക് ധരിക്കുമ്പോൾ...

നിരവധി തരം മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീലയും വെള്ളയും ഉള്ള ശസ്ത്രക്രിയാ മാസ്ക് ആണ്. അതാണ് ചിത്രത്തിൽ



ഈ മാസ്കിന് 3 ലെയറുകളുണ്ട്. നീലയ്ക്കും വെള്ളയ്ക്കും ഇടയിൽ നമ്മൾ കാണാത്ത ഒരു പാളി ഉണ്ട്. ഇതാണ് ശരിക്കും ബാക്ടീരിയയോ വൈറസോ പുറത്തേക്കോ അകത്തേക്കോ പോകുന്നത് തടയുന്നത്. അതെത്രത്തോളം ഇഫക്റ്റീവാണെന്നത് ഒരു ചോദ്യമാണ്.

ഇനി മാസ്കിലെ ആ നീല നിറമുള്ള ഭാഗം തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും. അത് പുറമേ നിന്നുള്ള ഡ്രോപ്ളെറ്റുകൾ അകറ്റുന്നതിനുള്ളതാണ്. മുന്നിലൊരാൾ നിന്ന് സംസാരിക്കുമ്പോൾ തെറിക്കുന്ന തുള്ളികൾ അതിൽ വന്ന് തട്ടി നമ്മുടെ മൂക്കിലെത്താതെ അവ തെറിച്ചു പോകും. അതോണ്ട് മാസ്ക് കെട്ടുമ്പോൾ നിറമുള്ള ഭാഗം പുറത്താണ് വരാനുള്ളത്.

വെള്ളപ്പാളി തൊട്ടാൽ നല്ല സോഫ്റ്റാണ്. അതിൽ വന്ന് വീഴുന്നതിനെ ഒക്കെ അതങ്ങ് വലിച്ചെടുത്തോളും. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും. എന്നുവച്ചാ നിറമില്ലാത്ത ഭാഗം അകത്തു വരുന്ന വിധമാണ് മാസ്ക് ധരിക്കേണത്.

യഥാർത്ഥത്തിൽ N95 മാസ്കുകളാണ് ഈ അവസരങ്ങളിൽ ഉപയോഗിക്കേണ്ടത്. പക്ഷെ അവ അത്ര എളുപ്പമല്ലാ കിട്ടാൻ. അതോണ്ട് ഈ മാസ്കുകൾ തന്നെ പലപ്പോഴും നമുക്കാശ്രയം. അതിനിടയിൽ ഈ മാസ്ക് ധരിക്കുന്നതിനെ പറ്റി വരെ ഹോക്സുകൾ പ്രചരിക്കുന്നുണ്ട്. എന്താല്ലേ..? അതോണ്ടെഴുതിയതാണിത്.

ഇത്രേം മാത്രം ഓർത്താ മതി, നിറമുള്ള വശം മറ്റുള്ളവർക്ക് കാണാനുള്ളതാണ്. നമ്മളെ കളർഫുളായി മറ്റുള്ളവർ കാണുന്നതല്ലേ നമുക്കിഷ്ടം. അത്രേള്ളൂ..

©മനോജ്‌ വെള്ളനാട്

മെഡിക്കൽ ജയിലും ടൈഫോയിഡ് മേരിയും

കൊറോണ മേഖലകളിൽ നിന്ന് വന്നവരോട് എന്തിനാണ് ''28 ദിവസം'' ക്വാറന്റൈൻ ചെയ്യാൻ പറയുന്നത്? പലരും ചോദിച്ച ചോദ്യമായതിനാൽ ഉത്തരമിവിടെ എഴുതുന്നു.

ഈ ക്വാറന്റൈൻ എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത, എന്നാൽ രോഗം വരാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവർക്ക്, മറ്റുള്ളവരുമായി ഇടപഴകുന്നതിനുള്ള വിലക്കിന് പറയുന്ന പേരാണ്. ഇവര്‍ക്കഥവാ രോഗാണുബാധ ഉണ്ടെങ്കില്‍ ഇവരിൽ നിന്നും രോഗം വേറാർക്കും കിട്ടാതിരിക്കാനാണീ സംഗതി. ഇനി രോഗലക്ഷണമുള്ളയാളിനെയും ഇതുപോലെ മാറ്റി നിർത്താറുണ്ട്. അതിന് പറയുന്നത് ഐസൊലേഷൻ എന്നാണ്.

ഒരാളെ എത്ര നാൾ ക്വാറന്റൈൻ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആ പ്രത്യേക രോഗത്തിന്റെ ഇൻകുബേഷൻ പിരീഡ് (Incubation Period-IP) നോക്കിയിട്ടാണ്. IP എന്നു പറഞ്ഞാൽ, ഒരു രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നതു മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ്. ഏതൊരു രോഗത്തിൻറെയും പരമാവധി ഇൻകുബേഷൻ പീരീഡ് അഥവാ longest incubation period ആണ് നമ്മൾ quarantine time ആയി നിശ്ചയിക്കുന്നത്.

നമ്മള്‍ കണ്ടിട്ടുള്ള നിപയുടെ കാര്യമെടുത്താല്‍, അതിന്‍റെ സാധാരണ ഇൻകുബേഷൻ പീരീഡ് 4 മുതൽ 21 ദിവസം വരെ ആയിരുന്നു. പക്ഷേ അതിൻറെ longest incubation period  42 ദിവസം ആണെന്നായിരുന്നു മനസിലാക്കിയത്. അതുകൊണ്ട് നിപ സംശയിക്കുന്ന ഒരാളെ ക്വാറന്റൈൻ ചെയ്യേണ്ടത് 42 ദിവസമാണ്.

ഇപ്പോൾ പടർന്നുപിടിക്കുന്ന നോവൽ കൊറോണ വൈറസിന്‍റെ ഇൻകുബേഷൻ പീരീഡ് കണക്കാക്കിയിരിക്കുന്നത് 2 മുതൽ 10 ദിവസം വരെയാണ്. അതിന്‍റെ ലോങ്ങസ്റ്റ് ഇൻകുബേഷൻ പീരീഡ് 14 ദിവസമാണെന്നാണ് നിഗമനം. പക്ഷേ ഇതൊരു പുതിയ രോഗം ആയതിനാലും അതിൻറെ മറ്റ് സ്വഭാവങ്ങൾ നമുക്ക് തീർച്ച ഇല്ലാത്തതിനാലും ക്വാറന്റൈൻ സമയം പരമാവധി ഇൻകുബേഷൻ പീരീഡിന്‍റെ ഇരട്ടിയായി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് നോവല്‍ കൊറോണയുടെ quarantine സമയം 28 ദിവസം ആയത്.

ക്വാറന്റൈന്റെ ചരിത്രത്തെ സംബന്ധിച്ച വിശദമായ ലേഖനം ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിച്ചിരുന്നു. അതിൻറെ ലിങ്ക് കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട്

ഇവിടെ നമ്മള്‍ 28 ദിവസത്തെ ക്വാറന്റൈൻ എന്നു പറയുമ്പോള്‍ തന്നെ പേടിക്കുന്നു. ഇത്രയും ദിവസമൊക്കെ എങ്ങനൊരാൾ.. എന്നൊക്കെ ആശ്ചര്യപ്പെടുന്നു. ക്വാറന്റൈന്‍റെ ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്ന, അയര്‍ലണ്ട് കാരിയായ മേരി മലോണ്‍. അവരെ ചരിത്രം, "ടൈഫോയിഡ് മേരി'' എന്നാണ് വിളിക്കുന്നത്.

മേരി ഒരു നല്ല കുക്കായിരുന്നു. പക്ഷെ അവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്കെല്ലാം ടൈഫോയിഡ് വന്നു കിടപ്പിലാവുന്നത് സ്ഥിരമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലാകുമ്പോഴേക്കും മേരി ആ നാടുവിടും. വേറൊരു നാട്ടിലൊരു വീട്ടില്‍ ജോലിക്കാരിയാവും. ഇങ്ങനെ മേരി ജോലിക്ക് നിന്നിടത്തെല്ലാം രോഗം വിതച്ചു. പലരും മരിച്ചു. മേരി പക്ഷെ ഈ രോഗത്തിന്‍റെ ഒരു കാരിയര്‍ ആയിരുന്നതിനാൽ മേരിക്ക് ടൈഫോയിഡ് വന്നില്ല. ടൈഫോയിഡ് കാരിയർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല, പക്ഷെ അവരുടെ പിത്തസഞ്ചിയിൽ ഈ ബാക്ടീരിയ സ്ഥിരവാസിയായിരിക്കും. പൂര്‍ണ്ണ ആരോഗ്യവതി ആയതിനാല്‍ മേരിയെ ഇക്കാര്യത്തിൽ ആരും സംശയിച്ചുമില്ല.



ഒടുവില്‍ ഒരു കോടീശ്വരന്‍റെ വീട്ടിലും മേരി ടൈഫോയിഡ് കൊടുത്തു. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ കണ്ടുവരാറുള്ള ഈ രോഗമെങ്ങനെ തങ്ങള്‍ക്ക് വന്നെന്നു അവര്‍ക്ക് സംശയമായി. അവരതിനെ പറ്റി പഠിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. അങ്ങനെയാണ് മേരി ആണ് വില്ലത്തിയെന്നു കണ്ടെത്തുന്നത്. പക്ഷെ അപ്പോഴേക്കും മേരി ആ നാടും വിട്ടിരുന്നു. സംഗതി കേസായി. പോലീസ് അന്വേഷണത്തിനൊടുവില്‍ മേരിയെ തേടിപ്പിടിച്ചു, മറ്റൊരു വീട്ടില്‍ നിന്നും.

കാര്യം പറഞ്ഞു മനസിലാക്കാന്‍ നോക്കിയിട്ടും മേരി, താനാണു ഇതിനെല്ലാം കാരണമെന്നു മാത്രം സമ്മതിച്ചില്ല. മേരി സമ്മതിച്ചില്ലെങ്കിലും കോടതി മേരിയെ ക്വാറന്റൈൻ ചെയ്യാന്‍ വിധിച്ചു. മൂന്നുവര്‍ഷത്തെ ക്വാറന്റൈൻ കഴിഞ്ഞപ്പോള്‍ രോഗിയല്ലാത്ത ഒരാളെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലാന്ന് കണ്ടു അവരെ റിലീസ് ചെയ്തു, ഇനിയൊരിക്കലും പാചകജോലി ചെയ്യില്ലാന്നുള്ള ഒരൊറ്റ ഉറപ്പില്‍.

പക്ഷെ മേരി മലോണ്‍ പേര് മാറ്റി മേരി ബ്രൌണ്‍ ആയി വീണ്ടും പാചകത്തിന് പോയി. വീണ്ടും അവിടങ്ങളിൽ ടൈഫോയിഡ് പടരാന്‍ തുടങ്ങി. വീണ്ടും അവരെ പോലീസ് പിടിച്ചു. ഇപ്രാവശ്യം കോടതി മേരിയെ ആജീവനാന്ത ക്വാറന്റൈന് വിധിച്ചു. അങ്ങനെ മരിക്കും വരെ മേരി തുടർച്ചയായ 27 വര്‍ഷവും 7 മാസവും ക്വാറന്റൈൻ തടവുകാരിയായി കഴിഞ്ഞു.

ഇതൊക്കെ ആന്റിബയോട്ടിക് കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കഥയാണ്. ഇന്നിപ്പോള്‍ ടൈഫോയിഡ് വന്നാലും നമുക്ക് നല്ല ചികിത്സയുണ്ട്. അന്നങ്ങനെയല്ല, ഒരൊറ്റ മേരി കാരണം അമ്പതിലധികം പേര്‍ ഈ ടൈഫോയിഡ് വന്നു മരിച്ചു എന്നാണ് പറയപ്പെടുന്നത്. അതാണ് ടൈഫോയിഡ് മേരി!

മേരിയുടെ കഥയിലെ രോഗാണു ഒരു ബാക്റ്റീരിയ ആണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന കാര്യത്തില്‍ ഈ ബാക്ടീരിയമാരുടെ വല്യപ്പൂപ്പനാണ് വൈറസുകള്‍. അതിനോ, കൃത്യമായ മരുന്നുകളും ഇല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ക്വാറന്റൈൻ മുഖ്യം ബിഗിലേ...

©മനോജ്‌ വെള്ളനാട്


കൊറോണ നായകർ




പണ്ട് മഹായുദ്ധങ്ങൾ നടക്കുമ്പോൾ സൈനിക സേവനത്തിന് പോകുന്ന ബന്ധുജനങ്ങളെ കണ്ണീരോടെ യാത്രയാക്കുന്ന സീനുകൾ പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും അതു പോലൊന്നാണ്. പക്ഷെ, ഇത് സിനിമയിലല്ലാ, ജീവിതത്തിലേതാണ്.

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനായി വുഹാനിലേക്ക് പോകാൻ സന്നദ്ധത അറിയിച്ച ധീരരായ ഡോക്ടർമാരോടും നഴ്സുമാരോടും ബന്ധുക്കൾ യാത്ര പറയുകയാണ് ചിത്രത്തിൽ. കൊറോണയെ നേരിടുന്നതും യുദ്ധസമാനമായ ആത്മഹത്യാ ദൗത്യമായാണ് അവർ കാണുന്നത്. ശരിക്കുമതങ്ങനെ തന്നെയാണ്.

കൊറോണയെ തോൽപ്പിക്കാൻ എത്ര നാളുകൾ എടുക്കുമെന്നാർക്കുമറിയില്ലാ. മാസങ്ങളെടുത്തേക്കാം. അത്രയും നാൾ ഊണും ഉറക്കവുമില്ലാതെ, ഒരു ദിവസത്തിന്റെ അധികസമയവും PPE കിറ്റിനുള്ളിൽ ജീവിക്കേണ്ടി വരുമിവർക്ക്. ഇനി രോഗം നിയന്ത്രണ വിധേയമായാലും അവർക്ക് പഴയ ജീവിതത്തിലേക്ക്, സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ തന്നെ പിന്നെയും ഒന്നോ രണ്ടോ മാസങ്ങളെടുത്തേക്കും. രോഗം സംശയിക്കുന്നവർക്ക് നമ്മളിപ്പോൾ ചെയ്യുന്ന 'ക്വാറന്റൈൻ' അപ്പോഴേക്കും അവർക്കും ബാധകമാകും.

ചൈനയിൽ സർവ്വീസിൽ നിന്നും വർഷങ്ങൾക്കു മുമ്പ് വിരമിച്ച ഒരു സീനിയർ ഡോക്ടർ, സന്നദ്ധ സേവനത്തിന്റെ ഭാഗമായി കൊറോണ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച വാർത്തയും നിങ്ങൾ വായിച്ചു കാണും. അദ്ദേഹത്തെ പോലെ നൂറായിരം ആരോഗ്യപ്രവർത്തകരാണ് ഈ യുദ്ധത്തിലെ മുന്നണി പോരാളികൾ.

ഇവരിനി ഇടയ്ക്ക് വച്ചു മരിച്ചാലോ, ആ ശവശരീരം പോലും ബന്ധുക്കൾക്ക് കാണാനാവില്ല. അതുകൊണ്ട് തന്നെ ഒരുപാട് മാനുഷിക വികാരങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നവയാണീ ചിത്രങ്ങൾ.

ചൈനയിൽ നിന്നും നാട്ടിലെത്തി സർക്കാരിനെ അറിയിക്കാതെ കബളിപ്പിച്ചു കറങ്ങി നടക്കുന്ന പലരും നമ്മുടെ ഇടയിലുണ്ട്. അവരിതൊക്കെ അറിയണം. ഒരു തീപ്പൊരിയിൽ നിന്ന് ഒരു കാട് മൊത്തം കത്തുന്ന പോലെ, ഒരാൾ മതി രോഗം എല്ലാവർക്കും കിട്ടാൻ. രോഗിയിൽ രോഗലക്ഷണങ്ങൾ കാണും മുമ്പേ പകരാൻ സാധ്യതയുള്ള ഒന്നാണ് കൊറോണയെന്ന് മറക്കരുത്. ചൈനയിലെ അടിയന്തിരാവസ്ഥ കേരളത്തിൽ സൃഷ്ടിക്കാൻ ഒരാൾ മതി. ക്വാറന്റൈൻ മാത്രമാണ് പ്രതിരോധം. ദയവ് ചെയ്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം.

പ്രിയപ്പെട്ടവരേ, മേൽപ്പറഞ്ഞ ആരോഗ്യപ്രവർത്തകരെ പോലെ തന്നെ അങ്ങേയറ്റം ബഹുമാനമർഹിക്കുന്നവരാണ് 28 ദിവസം സെൽഫ്  ക്വാറന്റൈൻ ചെയ്യുന്ന നിങ്ങളോരോരുത്തരം. യഥാർത്ഥ നായകർ. ഈ മഹായുദ്ധം ജയിക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ച് പൊരുതിയേ മതിയാവൂ.

©മനോജ്‌ വെള്ളനാട്

ചാണകചരിതം രണ്ടാം ഖണ്ഡം

ചാണകം എന്നു പറഞ്ഞാൽ കന്നുകാലികളുടെ മലത്തിന് പറയുന്ന പേരാണ്. അത് പശുവായാലും കാളയായാലും എരുമയോ പോത്തോ ആയാലും സംഗതി ഒന്നാണ്. ഇങ്ങനെ വെറും മലമാണെന്നൊക്കെ പറഞ്ഞാലും മനുഷ്യന്റെതിനേക്കാൾ ഗുണമുള്ള ഐറ്റം തന്നെയാണിത്. ഒന്നാന്തരം പച്ചിലകൾ പാചകം ചെയ്യാതെ കഴിക്കുന്ന ടീംസല്ലേ, അതോണ്ട് തരുന്ന സാധനം നല്ല വളമാണ്. ഉണക്കിയാൽ വിറകില്ലാത്തപ്പോൾ തീ കത്തിക്കാനും കൊള്ളാം.

പക്ഷെ, ഈ ചാണകത്തിലേറ്റവും കൂടുതലുള്ളതെന്താന്നറിയാമോ? കുറേ ബാക്ടീരിയകൾ. കോടിക്കണക്കിനാണ്. അതും ചില്ലറക്കാരല്ലാ, ടെറ്റനസ് ഉണ്ടാക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി, വയറിളക്കം മുതൽ മെനിഞ്ചൈറ്റിസ് വരെ ഉണ്ടാക്കാറുള്ള E. coli, KIebsiella, Enterobacter, Corynebacterium തുടങ്ങി ഒരുവിധപ്പെട്ട എല്ലാവരും തന്നെ അതിലുണ്ട്. മുമ്പൊക്കെ കുഞ്ഞു ജനിച്ചാൽ പൊക്കിൾ കൊടിയിൽ ചാണകം പൊതിയുന്ന ആചാരമുണ്ടായിരുന്നപ്പോൾ, ഭൂരിഭാഗം കുഞ്ഞുങ്ങളും നിയോനാറ്റൽ ടെറ്റനസ് വന്ന് ദാരുണമായി മരിക്കുമായിരുന്നു ഇവിടെ. ആ ചാണകമാണ് മരുന്നാണെന്നും പറഞ്ഞ് പൊക്കിക്കൊണ്ട് വരുന്നത്.

ചാണകത്തേക്കാൾ വിലയാണ് ഗോമൂത്രത്തിന്. ശേഖരിക്കാനുള്ള പ്രയാസം കൂടി കൊണ്ടായിരിക്കും. ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങൾ കുറേ കാലമായി പഠിച്ചോണ്ടിരിക്കുവാണ് ലോകം. 1975-ൽ എലികളിലും 1976-ൽ പട്ടികളിലും പഠനം നടത്തിയപ്പോൾ അവറ്റകൾ പെട്ടന്ന് ചത്തുപോകുന്നതായാണ് റിസൾട്ട് കിട്ടിയത്. ഒരു ബ്രസീലിയൻ പഠനത്തിൽ എലികളിൽ മൂത്രത്തിൽ കല്ലുണ്ടാവുന്നത് തടയുമെന്ന് മനസിലായതാണ് ഏക ആശ്വാസം. ആർക്ക് ആശ്വാസം? എലികൾക്ക്. മനുഷ്യന് എന്തെങ്കിലും ഗുണമൊന്നുമുള്ളതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുരു അഥവാ Bovine spongiform encephalopathy എന്ന തലച്ചോറിനെ ബാധിക്കുന്ന മാരകരോഗം ഗോമൂത്രം കുടിച്ചാൽ വരാമെന്ന് പണ്ടേ കണ്ടെത്തിയിട്ടുമുണ്ട്.

എന്തസുഖം വന്നാലും ഞങ്ങടേല് മരുന്നുണ്ടേന്ന് പറഞ്ഞു വരുന്ന ഹോമിയോക്കാർ ഒരു വശത്ത്. കൊറോണയല്ലാ, ഇനി ഏതസുഖത്തിനും ചാണകവും ഗോമൂത്രവും മതിയെന്ന് പറയുന്ന മന്ത്രിമാരും സന്യാസിമാരും മറുവശത്ത്. മനസമാധാനത്തോടെ ഒരു വൈറസിന് പോലും ജീവിക്കാൻ പറ്റാത്ത ലോകത്തെ ഏകരാജ്യമാണിന്ന് ഇന്ത്യ.

പിന്നേ, ലോകത്തിലേറ്റവും വിലയേറിയ 'കാപ്പിപ്പൊടി' ഉണ്ടാക്കുന്നതും മലത്തീന്നാണ് കേട്ടോ. സിവെറ്റ് എന്ന വന്യ ജീവിയാണ് താരം. Kopi luwak എന്നാണാ കാപ്പിപ്പൊടിയുടെ പേര്‌. ഇന്തോനേഷ്യൻ ഐറ്റമാണ്. 500 അമേരിക്കൻ ഡോളറൊക്കെ ആവും കിലോയ്ക്ക്. പറയാൻ കാരണം, അതിനിടയ്ക്ക് ചാണകത്തീന്നും കാപ്പിപ്പൊടി ഉണ്ടാക്കാന്ന് കേരളത്തിലേതോ അച്ചൻ അവകാശപ്പെട്ടെന്നു കേട്ടു. അയ്യേ, അയ്യയ്യേ.. അതൊന്നും ഇവിടെ ചെലവാവൂല അച്ചോ.. :)


©മനോജ്‌ വെള്ളനാട്

ചാണകചരിതം ഒന്നാം ഖണ്ഡം :)



ഉടായിപ്പ് വില്‍ക്കാനുണ്ടേ... (പാര്‍ട്ട്‌ 2)


വീടുകൾ തോറും കയറിയിറങ്ങി മരുന്ന് വിൽക്കുന്ന ഏതോ ഒരുത്തന്റെ കൈയീന്ന് മരുന്നെന്നും പറഞ്ഞ് അയാൾ കൊടുത്ത എന്തൊക്കെയോ കഴിച്ച് 100 പേരോളം ആശുപത്രിയിലാണെന്ന് വാർത്ത. വാർത്ത കേൾക്കുമ്പോ, നമ്മൾ വിചാരിക്കും അത് UP യിലോ ബീഹാറിലോ ആണെന്ന്. നമ്മളത്രയ്ക്ക് മണ്ടന്മാരല്ലാന്ന് നമുക്ക് ഭയങ്കര ആത്മവിശ്വാസമാണല്ലോ. സംഭവം നമ്മുടെ നാട്ടിൽ തന്നെ. കൊല്ലം, അഞ്ചലിൽ.



2-3 മാസം മുമ്പ് അഞ്ചലിൽ തന്നെ വീടുകൾ തോറും തൈറോയ്ഡ് ഗുളികകൾ വിൽക്കാൻ വന്നൊരാളെ പറ്റി സുഹൃത്ത് വിനീത് പറഞ്ഞിരുന്നു. അതിനെ പറ്റി വിശദമായൊരു കുറിപ്പ് അന്നെഴുതിയിരുന്നു. ഇനിയെങ്ങനൊരാളെ കണ്ടാലെന്ത് ചെയ്യണമെന്നൊക്കെ അതിലുണ്ടായിരുന്നു. (ലിങ്ക് കമന്റിൽ).

കഷ്ടമാണ് ചിലപ്പോഴൊക്കെ നമ്മുടെ കാര്യം. നമ്മളൊക്കെ എന്തൊരു മണ്ടന്മാരാണെന്ന് ഇടയ്ക്കെങ്കിലും സ്വയം ചോദിക്കുന്നതും നല്ലതാണ്. കമ്പിളിപ്പുതപ്പും കാർപ്പറ്റും വിൽക്കാൻ വരുന്നവരെ പോലും സംശയത്തോടെ നോക്കുന്ന മലയാളിക്ക്, 5000 രൂപയുടെ മരുന്ന് വിയ്ക്കാൻ വീടുകൾ കയറിയിറങ്ങുന്ന ഫ്രോഡുകളെ ഭയങ്കര വിശ്വാസമാണ്.

അവിടെ കാശവർക്ക് പ്രശ്നമില്ലാ. ഇതു മരുന്നാണോന്നോ എന്തിനുള്ളതാണെന്നോ കഴിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോന്നോ, ഒന്നിലും ഒരു സംശയവുമില്ലാ. കുട്ടികൾക്കു വരെ കലക്കിക്കൊടുക്കും. കഴിച്ചുകൊണ്ടിരുന്ന പ്രമേഹത്തിന്റേം പ്രഷറിന്റേം തൈറോയിഡിന്റേം മരുന്നുകളെടുത്ത് കിണറ്റിലിട്ടിട്ടായിരിക്കും ഈ സാഹസമൊക്കെ.

എത്രയൊക്കെ അനുഭവങ്ങൾ ആർക്കൊക്കെ ഉണ്ടായെന്ന് പറഞ്ഞാലും അതു വാർത്തയായാലും, ഈ കുറിപ്പ് നിങ്ങൾ വായിക്കുന്ന ഈ നേരത്തും, മരുന്നു വിൽക്കാൻ വന്ന ഏതെങ്കിലും ഫ്രോഡിനെ കേരളത്തിലെവിടേങ്കിലും ആരെങ്കിലും സൽക്കരിക്കുകയായിരിക്കും. തട്ടിപ്പിനിവിടെ ഗംഭീര മാർക്കറ്റാണല്ലോ ഉള്ളത്. കാശുള്ള ഫ്രോഡുകൾ പത്രത്തിൽ പരസ്യം നൽകി ആളെ പറ്റിക്കുന്നു, അത്രയ്ക്കും കാശില്ലാത്ത ഫ്രോഡുകൾ വീടുകൾ കയറിയിറങ്ങി ആൾക്കാരെ പറ്റിക്കുന്നു. ചരിത്രം പരിശോധിച്ചാൽ, ആദ്യം പറഞ്ഞ ആൾക്കാരെല്ലാം പണ്ട് രണ്ടാമത്തെ ആൾക്കാരെ പോലെ കവലകളിലും വീടുകളിലും മരുന്നു കച്ചവടം നടത്തിയിരുന്നവർ ആയിരുന്നെന്ന് കാണാം.

സർക്കാരിനോ ആരോഗ്യവകുപ്പിനോ ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മൾ അനുഭവിക്കുക തന്നെ.

എന്നാലും നമ്മൾ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ ഒരിക്കൽ കൂടി പറയാമെന്ന് കരുതി (ഇതെത്രാമത്തെ വട്ടമാണെന്ന് എനിക്കറിയില്ല!)

1.ഇങ്ങനെ വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക. അവർ 100% ഫ്രോഡുകളായിരിക്കും. അവരുടെ വാക്ചാതുരിയിലും പൊടിപ്പും തൊങ്ങലും നിറഞ്ഞ വാഗ്ദാനങ്ങളിലും വീഴാതിരിക്കുക.

2. സ്വന്തം കാര്യത്തിനപ്പുറം അൽപ്പം കൂടി ജാഗ്രത നമ്മളവിടെ കാണിക്കണം. നമ്മൾ രക്ഷപ്പെട്ടല്ലോന്ന് കരുതി മിണ്ടാതിരിക്കാതെ, അടുത്ത വീടുകളിൽ കൂടി ഒരു ജാഗ്രത നിർദ്ദേശം കൊടുക്കണം.

3. അവർ നിങ്ങളെ പറ്റിച്ച് നിങ്ങളുടെ കാശ് മാത്രമല്ല കവരുന്നത്. നിങ്ങടെ രോഗത്തിന് ശരിയായ ചികിത്സയെടുക്കുന്നത് തന്നെ അവർ വിലക്കുകയാണ്. എന്നിട്ട് മറ്റെന്തോ ആണ് മരുന്നെന്നും പറഞ്ഞ് തരുന്നത്. നിങ്ങളുടെ ആരോഗ്യവും ചിലപ്പോൾ ജീവനും കൂടിയവർ കവർന്നെടുത്തേക്കാം.

4. മറ്റൊന്നുകൂടി നിങ്ങൾക്കീ കാര്യത്തിൽ ചെയ്യാനുണ്ട്. ഇത്തരക്കാരെ കണ്ടു കഴിഞ്ഞാൽ അവരുടെയും അവർ വിൽക്കാൻ കൊണ്ടുവന്ന ഉൽപ്പന്നത്തിന്റെയും ഫുൾ ഡീറ്റെയിൽസും ചോദിച്ചു വാങ്ങുക. എന്നിട്ടത് കേരള ഡ്രഗ് കൺട്രോളർക്ക് (dckerala@gmail.com) മെയിലായി അയക്കുക. @Capsule (capsulekerala@gmail.com) യ്ക്ക് കൂടി ആ മെയിലിന്റെ കോപ്പി അയച്ചാൽ അവരത് കൃത്യമായി ഫോളോ അപ്പ് ചെയ്തോളും. നിങ്ങളതിന്റെ പിറകേ പോവുകയൊന്നും വേണ്ടാ.

5. മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഒരുത്തരവുണ്ട്. അതിത്തരം ഫ്രോഡ് മരുന്നുകളുടെ അനധികൃത പരസ്യങ്ങൾ തടയണമെന്നും ഡ്രഗ് കൺട്രോളർ അതന്വേഷിച്ച് റിപ്പോർട്ട് കൊടുക്കണമെന്നുമാണ്. പക്ഷെ പരസ്യങ്ങൾ മാത്രമല്ലാ, മീൻ വിൽക്കാൻ വരുന്നപോലെ വീടുകളിൽ മരുന്ന് വിൽക്കാൻ വരുന്ന പ്രവണതയും തടയേണ്ടതും നിയമപരമായി നേരിടേണ്ടതുമാണ്. അത് നമ്മളോരോരുത്തരും വിചാരിച്ചാൽ നടക്കും. മേൽപ്പറഞ്ഞ പോലെ ചെയ്താ മതി.

പ്രിയപ്പെട്ടവരേ, നമ്മുടെ വീടുകളിൽ കമ്പിളിപ്പുതപ്പും നോൺ സ്റ്റിക്ക് ടവയും വിൽക്കാൻ വരുന്നവരിൽ നിന്നൊക്കെ രണ്ടും കൽപ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും. നിങ്ങൾക്ക് രോഗമുണ്ടെങ്കിൽ അതിന്റെ ശരിയായ ചികിത്സ ആ മേഖലയിൽ അറിവുള്ളവരിൽ നിന്ന് മാത്രേ സ്വീകരിക്കാവൂ. ഒരു കാര്യം മാത്രം ഓർത്താ മതി, അറിവുള്ളവരാരും ഇവിടെ രോഗിയുണ്ടോ എന്ന് തിരക്കി വീടുതെണ്ടി നാടുനീളെ നടക്കാറില്ല. സോ, ജാഗ്രതൈ.

©മനോജ്‌ വെള്ളനാട്

പൂച്ച മാന്തിയാലും പേ പിടിക്കാം..


പൂച്ച മാന്തിയതുകാരണം പേവിഷബാധയേറ്റ് 11 വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലും രണ്ടു ദിവസമായി ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. നിസാരമായി ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.

മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി. ഈ പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ 'പട്ടി'യുടെ 'കടി'യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്.

ഡിയർ ഇന്ത്യൻസ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്. പിന്നെ ചില കുറുക്കന്മാരും ഇന്ത്യൻ പൗരന്മാരല്ലാത്ത വവ്വാലുകളും ഇക്കൂട്ടരിൽ പെടും. ഇവയുടെയൊക്കെ 'കടി' മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.

ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.

💥മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe

💥എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

💥ഇമ്യൂണോ ഗ്ലോബുലിൻ വേണ്ടി വന്നാൽ മാത്രം കാശാവും. മുറിവേത് കാറ്റഗറിയിൽ പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറതൊക്കെ വേണോ വേണ്ടേന്ന് തീരുമാനിക്കുന്നത്.

💥പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.

💥0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

💥കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.

💥10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.

💥ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

💥തെരുവ് നായയൊക്കെ ആണെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.

💥നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!

അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം.



മരിച്ചുപോയ കുട്ടിയ്ക്ക് ആദരാഞ്ജലികൾ.

©മനോജ്‌ വെള്ളനാട്