പ്രാകൃതനായ പരിഷ്കാരി

മനുഷ്യൻ ഒരേ സമയം പരിഷ്കാരിയും പ്രാകൃതനുമാണ്. പരിഷ്കാരിയായ അവൻ സ്വന്തം വാഹനം കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കും. സർവീസ് നടത്തും. കാറിലെ സീറ്റിന്റെ ബോൾട്ട് ലൂസാവുന്നത് പോലും പെട്ടന്ന് തിരിച്ചറിയും. അതിവേഗം പരിഹാരം കാണും. വേണമെങ്കിൽ വിറ്റിട്ട് മറ്റൊന്ന് വാങ്ങാവുന്ന വെറും യന്ത്രമാണതെന്ന ബോധ്യമപ്പോഴുമുണ്ടാവും.
ഇനി ഇതേ മനുഷ്യനോട് നിങ്ങൾ BP കൂടുതലായതു കൊണ്ട് സ്ഥിരമായി മരുന്ന് കഴിക്കണം ,ചിട്ടയായ എക്സർസൈസ് ചെയ്യണം, ഭക്ഷണത്തിലും ഉറക്കത്തിലുമൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു നോക്കൂ. അവന്റെ പ്രാകൃത സ്വഭാവം പുറത്തു വരുന്നതു കാണാം. നമ്മളെന്തോ മോശപ്പെട്ട കാര്യം പറഞ്ഞ ഫീലായിരിക്കും.
ഇനി മരുന്ന് കഴിച്ചു തുടങ്ങിയാലോ, കുറച്ചു നാൾ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ പോകുന്ന കാണുമ്പൊ സ്വന്തം ശരീരത്തെ പ്രതി അൽപ്പം അഹങ്കാരമൊക്കെ തോന്നും. മരുന്നിനെ എടുത്ത് തോട്ടിലിടും. എന്നിട്ടോ, മൊബൈൽ ആപ്പുകൾ അപ്ഡേറ്റ് ചെയ്യാൻ കാണിക്കുന്ന ജാഗ്രത പോലും വല്ലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ കാണിക്കേമില്ല. എന്നിട്ടൊരു ദിവസം എട്ടിന്റെ പണീം വാങ്ങും.
വിവരോം വിദ്യാഭ്യാസോമുളള, ലോകത്തിലെ സകലകാര്യങ്ങളെയും പറ്റി ഡെയ്ലി ചർച്ച ചെയ്യാൻ വരുന്ന, ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെയിങ്ങനെ കാണിച്ച് പണി വാങ്ങുന്നത് കാണുമ്പൊഴാണ് കലിപ്പ് കേറുന്നത്.
High BP യ്ക്കുള്ള മരുന്ന് സ്വന്തമായി നിർത്തിയ അടുത്ത സുഹൃത്തിപ്പൊ ICU വിലാണ്.
വേറൊരാൾ, കുറച്ചുനാൾ മുമ്പ് BP യ്ക്ക് തഴുതാമ നല്ലതാണെന്നേതോ വഴിപോക്കൻ പറഞ്ഞത് കേട്ടതും തപ്പി കുറേ നാൾ നടന്നു. അന്ന് കണ്ടം വഴി ഓടിച്ചപ്പോ കുറച്ചു ഭേദമുണ്ടായി.
High BP-യെ പറ്റി MBBS ന് ആദ്യം പഠിക്കുന്ന വാചകം തന്നെ 'നിശബ്ദനായ കൊലയാളി' എന്നാണ്. എന്നുവച്ചാൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ലാന്ന്, അതുകൊണ്ട് രോഗമില്ലാന്നല്ല അർത്ഥമെന്ന്. അതോണ്ടിപ്പോ ചില കാര്യങ്ങൾ പറയാനുണ്ട്.
1.എന്റെ സ്കൂൾ മേറ്റിന് (32 വയസ്) ഒരാഴ്ച മുമ്പ് വെറുതേ ചെക്ക് ചെയ്തപ്പൊ BP 180/100. ഒരാഴ്ചക്കകം പല പ്രാവശ്യം നോക്കിയപ്പോഴും കൂടുതലായതിനാൽ മെനഞ്ഞാന്ന് മുതൽ മരുന്ന് തുടങ്ങി. എക്സർസൈസും ഡയറ്റ് ചേഞ്ചും ഉപ്പു കുറയ്ക്കലും കൂടെ. പറയാനുള്ളത്, 30 വയസിന് മുകളിലുള്ള എല്ലാവരും ഒന്ന് BP ചെക്ക് ചെയ്തേക്കുക. ഉടനെ തന്നെ. 5 മിനിട്ട് പോലും വേണ്ടല്ലോ. നോർമലാണേൽ 6 മാസത്തിലൊരിക്കൽ നോക്കിയാലും മതി. ബൈക്കിന്റെ ടയറിൽ കാറ്റതിലും ഫ്രീക്വൻറായിട്ടടിക്കൂലേ..
2. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് മാറ്റുകയോ നിർത്തുകയോ ചെയ്യരുത്.
3. സ്വന്തം ഇഷ്ടപ്രകാരം/ വഴിപോക്കന്റെ വിദഗ്ധോപദേശം കേട്ട് മരുന്ന് നിർത്തിയിട്ടിരിക്കുവാണേൽ ഇന്ന് തന്നെ ഡോക്ടറെ കാണണം.
4.ഇതു വായിക്കുന്നവർ, നിങ്ങടെ സുഹൃത്തോ ബന്ധുവോ ആരെങ്കിലും BP മരുന്ന് കഴിക്കുന്നവരുണ്ടെങ്കിൽ അവരതിപ്പോഴും കഴിക്കുന്നുണ്ടോ എന്ന് വിളിച്ചോ മെസേജയച്ചോ ചോദിക്കണം, പറ്റുമെങ്കിൽ ഇപ്പൊ തന്നെ. നിർത്തിയെങ്കിൽ കണ്ടം വഴി ഓടിച്ച് ഡോക്ടറുടെ അടുത്തെത്തിക്കുക. അവർക്ക് പറയാൻ 100 മുട്ടാപ്പോക്ക് ന്യായങ്ങളുണ്ടാവും, മൈൻഡ് ചെയ്യരുത്. എന്നിട്ടവരോടും അറിയാവുന്നവരുണ്ടെങ്കിൽ ഇതു പോലെ ചെയ്യാൻ പറയുക. ആ ചെയിൻ തുടരട്ടെ..
(ഞാൻ രാവിലെ എന്റെ 4 സുഹൃത്തുക്കളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടാണീ കുറിപ്പെഴുതുന്നത്)


കൈയെത്തും ദൂരത്ത് ഡോക്ടർമാരും മികച്ച ആശുപത്രികളും ഒക്കെ ഉണ്ടായതുകൊണ്ട് മാത്രം മെച്ചപ്പെട്ട ആരോഗ്യമുണ്ടാവില്ല. അതിന് നമ്മുടെയാ പ്രാകൃത മനോഭാവം കൂടി മാറണം. അല്ലെങ്കി മാറ്റുമതുകളീ നിങ്ങളെ താൻ.. ജാഗ്രതൈ.


No comments:

Post a Comment