ഹെല്‍മെറ്റ്‌ പുരാണം

കഴിഞ്ഞ 8 വർഷമായി ഒരേ ബൈക്കാണ് ഓടിക്കുന്നത്. പക്ഷെ ഹെൽമറ്റ് ഇതഞ്ചാമത്തേതാണ്. 'ഇതിനുമാത്രം ഹെൽമറ്റ് നിനക്കെന്തിനാടേ, തലേല് മാത്രോല്ലീ വയ്ക്കണത്' എന്നിപ്പൊ പലർക്കും തോന്നിക്കാണും. സോറി ബ്രോസ്, ഒരു സമയം ഒരു ഹെൽമറ്റ് മാത്രേയുള്ളൂ. ആദ്യത്തെ നാലെണ്ണവും മോഷണം പോയതാണ്. തിരോന്തരത്തിന്റെ പല ഭാഗങ്ങളിൽ വച്ച്, പല സമയങ്ങളിലായി.

ഒരാൾ ഭക്ഷണം മോഷ്ടിക്കുന്നത് 'പാവം, വിശന്നിട്ടല്ലേ.. തിന്നോട്ടേ' എന്ന് പറഞ്ഞ് സഹതപിക്കുന്ന പോലെ ഈ കള്ളന്മാരോടും 'ഹോ! ഒന്നൂല്ലേലും തലക്കൊന്നും പറ്റാതെ നോക്കാനല്ലേ.. പാവം രക്ഷപ്പെട്ടാ മതിയായിരുന്നു' എന്ന് സ്നേഹത്തോടെ സഹതപിക്കുകയേ ചെയ്തിട്ടുള്ളൂ. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതെ വേറെന്ത് കാട്ടാനാണ്.

'പൂട്ടി വച്ചൂടാർന്നോ?' എന്നാണെങ്കി, പൂട്ടൊക്കെ ഉണ്ടായിരുന്നു. സ്ഥിരം പൂട്ടാറുമുണ്ട്. 'ഇന്നിപ്പൊ അര മണിക്കൂറിനകം വരുമല്ലോ, തൽക്കാലം പൂട്ടണ്ടാ'ന്ന് എന്നൊക്കെ വിചാരിച്ചിട്ടുണ്ടോ അന്നൊക്കെ സാധനം പോയിട്ടുമുണ്ടാകും.

അതിലേറ്റവും ലാസ്റ്റ് ഇൻസിഡന്റ് നടക്കുന്നത് ഏതാണ്ട് രണ്ടുവർഷം മുമ്പാണ്. അന്നുച്ചയ്ക്ക് മെഡിക്കൽ കോളേജീന്ന് ഹെൽമറ്റില്ലാതെ തന്നെ തിരികെ വീട്ടിലെത്തി. ഫുഡ് കഴിച്ച്, വീണ്ടും ബൈക്കെടുത്ത് പട്ടത്ത് ഒരു കടയിൽ പോയി പുതിയൊരു ഹെൽമറ്റ് വാങ്ങി തലേൽ വച്ചോണ്ട് തിരികെ ആശുപത്രിയിൽ പോയി.

ഒരു പത്തു ദിവസം കഴിഞ്ഞപ്പൊ അതാ വരുന്നു, ഒരിണ്ടാസ്. I.G.S എന്നൊക്കെ എഴുതിയ പോലീസിന്റെ പരുക്കൻ കാക്കിച്ചട്ടയിട്ട കവറിനകത്ത്, ഗവൺമെൻറ് സീലു പതിച്ച ഒരു പിഴപ്പത്രിക. ഹെൽമറ്റ് വയ്ക്കാതെ ഞാൻ കുമാരപുരം ജംഗ്ഷൻ ക്രോസ് ചെയ്തത് സർവ്വം സാക്ഷിയായ, ആകാശവാസിയായ ഒരു സർവൈലൻസ് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു! ബൈക്കിന്റെ നമ്പരൊക്കെ പടത്തിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റിനും ക്യാമറ പെറ്റിയുണ്ടെന്ന് അത്ഭുതത്തോടെ ഞാനറിയുകയായിരുന്നു.

കേരളത്തിൽ നാളെ മുതൽ പിലിയൻ റൈഡർക്കും ഹെൽമറ്റ് നിർബന്ധമാക്കുകയാണല്ലോ. അതിനിടയിൽ പോലീസിന്റെ ഹെൽമറ്റ് 'വേട്ട'യും വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ഇങ്ങനെ വഴിയോരം നിന്ന് വേട്ട നടത്താതെ പോലീസിന് ഈ ക്യാമറകളെ കൂടുതലായി പ്രയോജനപ്പെടുത്തിക്കൂടേ എന്നാണ് ആ വാർത്ത വന്നതു മുതൽ ചിന്തിക്കുന്നത്. ക്യാമറയില്ലാത്ത സ്ഥലങ്ങളിലാണെങ്കിലും ഈ എറിഞ്ഞിടൽ ഭയങ്കര ബോറ് പരിപാടിയാണ്.

കഴിഞ്ഞ കുറച്ചു ദിവസമായി കണ്ണുകൊണ്ടുള്ള ഒരു 'ഹെൽമറ്റ് സർവൈലൻസ്' ഞാനും നടത്തുന്നുണ്ടായിരുന്നു. പാലക്കാടും കോട്ടയത്തും പോയപ്പോ കണ്ടത്, പകുതിയിലധികം ആൾക്കാർക്കും ഹെൽമറ്റില്ലാന്നാണ്. തിരുവനന്തപുരത്ത് ഹെൽമറ്റ് വയ്പ്പ് താരതമ്യേന കൂടുതലാണ്. പക്ഷെ, ഇവിടെ ഹെൽമറ്റ് വയ്ക്കാത്തവരിൽ 90 ശതമാനത്തിലധികവും ചെറുപ്പക്കാരാണെന്നതാണ് ഹൈലൈറ്റ്. ഇന്നലെ നെടുമങ്ങാട്ട് ഒരാൾ ഹെൽമറ്റ് നമ്മളീ കൂളിംഗ് ഗ്ലാസ് നെറ്റിക്ക് മുകളിൽ കയറ്റി വയ്ക്കൂലേ, അതുപോലെ വച്ചോണ്ട് പോകുന്നതും കണ്ടു. അവന്റെ തലയ്ക്കകത്ത് ചോറല്ലാ, സാമ്പാറാണെന്നാണ് ഞാനപ്പൊ ഓർത്തത്, എന്തിനോ വേണ്ടി തിളയ്ക്കുന്നത്.

ഹെൽമറ്റ് തലയുടെയും അതിലൂടെ സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും സുരക്ഷയ്ക്കാണെന്നും പിഴ പേടിച്ച് മാത്രം വയ്ക്കേണ്ടതല്ലാന്നും സ്വയം തോന്നാത്തവരോട് ഇനിയും എന്തു പറയാനാണ്.



എന്നാലും അവരോട് മാത്രമായിട്ട്, ആർക്കുമറിയാത്ത ഒരു രഹസ്യം പറഞ്ഞുതരാം, ഈ ഒരു ദിവസത്തെ പിഴയടക്കുന്ന കാശിനേക്കാളും കുറവാണ് കേട്ടോ, ഒരു ഹെൽമറ്റ് വാങ്ങാൻ. ഹെൽമെറ്റിനും പൂട്ടിവയ്ക്കാനുള്ള ലോക്കിനും കൂടി അത്രയേ വരൂ. ചുമ്മാ വാങ്ങെന്നേ.. കേരള പോലീസിന് നൂറു പണിയുണ്ട്. കല്യാണ വീഡിയോയിൽ സദാചാരം നശിക്കുന്നുണ്ടോന്നൊക്കെ നോക്കാൻ പോകാനുള്ളതാണ്. വെറുതേ അവരുടെ ലാത്തീം സമയോം പാഴാക്കിക്കരുത്..

©മനോജ്‌ വെള്ളനാട്

No comments:

Post a Comment