രാത്രിഞ്ചരരാവുന്ന പെണ്ണുങ്ങള്‍





പണ്ടു MBBS കാലത്താണ്, സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്നും അത്തരം ആചാരങ്ങൾ സ്ത്രീവിരുദ്ധമാണെന്നും പറഞ്ഞ് ആദ്യമായി ഒരു ലേഖനമെഴുതിയത്. അതിനെ പറ്റി ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ അവൻ ചോദിച്ചു,

'ഇത്രയും കാലമായിട്ടും സ്ത്രീകളെന്താണ് അവിടെ കയറാത്തതെന്നറിയാമോ?'

ഉത്തരവായി അവൻ തുടർന്ന് പറഞ്ഞൂ, 'അത് പുരുഷന്മാർ മുന്നിട്ടിറങ്ങാത്തത് കൊണ്ടാണ്.'

പറഞ്ഞിട്ടവനങ്ങ് പോയി. എനിക്ക് ദേഷ്യം വന്നൂ. എന്ത് സ്ത്രീവിരുദ്ധമായ കാര്യമാണവൻ പറഞ്ഞത്. സ്ത്രീകൾക്ക് അവകാശവും സ്വാതന്ത്ര്യവുമൊക്കെ പുരുഷന്മാർ വാങ്ങിക്കൊടുക്കേണ്ടതാണെന്ന ധ്വനിയല്ലേ അവന്റെ വാക്കുകളിലുണ്ടായിരുന്നത്!

പക്ഷെ, പിന്നീടാലോചിച്ചപ്പോൾ അവൻ പറഞ്ഞതിൽ ശരിയുണ്ടെന്ന് എനിക്കും തോന്നി. ലോക ചരിത്രം പരിശോധിച്ചാൽ സ്ത്രീകളെ അടിച്ചമർത്തിയിരുന്നതും അതേ സമയം അവരുടെ അവകാശങ്ങൾ പൊരുതി നേടിക്കൊടുക്കാൻ മുന്നിൽ നിന്നതും എല്ലാം പുരുഷന്മാരായിരുന്നെന്ന് കാണാം. പലയിടങ്ങളിലും സ്ത്രീകൾ തന്നെ ആ മാറ്റങ്ങൾക്ക് എതിരായിരുന്നുവെന്നതും മറ്റൊരു ചരിത്രം.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്, വോട്ടവകാശത്തിന്, ഇലക്ഷനിൽ മത്സരിക്കുന്നതിന്, സതി പോലുള്ള ദുരാചാരങ്ങൾ നിർത്തലാക്കുന്നതിന്, സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് കൊണ്ടുവരുന്നതിന്, വിധവാ പുനർവിവാഹങ്ങൾ സംഘടിപ്പിക്കുന്നതിന്, തൊഴിൽ പഠിക്കുന്നതിന്, തൊഴിലവസരങ്ങൾ നേടിക്കൊടുക്കുന്നതിന് ഒക്കെയുള്ള സമരങ്ങളിൽ മുന്നിൽ നിന്നത് പുരുഷന്മാരായിരുന്നെന്ന് കാണാം. ആ കാലത്തങ്ങനയേ പറ്റുവൊള്ളായിരുന്നു. കാരണം അവർക്കേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. അന്ന്, ആ പുരുഷന്മാർ നേടിയ വിദ്യാഭ്യാസവും അതിലൂടെ ആർജ്ജിച്ച മാനവികതയുമാണവരെ കൊണ്ടത് ചെയ്യിച്ചത്.

അതുവഴി സ്ത്രീകൾ വിദ്യാഭ്യാസവും തൊഴിലും നേടിയപ്പോഴാണ് സമൂഹത്തിനാകെ ഉയർച്ച ഉണ്ടായിത്തുടങ്ങിയത്. ഇന്ന്, മതപരമായ അനാചാരങ്ങളിൽ സാരിത്തുമ്പും ഷോളും കുടുങ്ങിക്കിടക്കുന്നവർക്കൊഴികെ എല്ലാവർക്കും നേരം വെളുത്തുകഴിഞ്ഞു. അത്തരം മതപരമായ ആചാരങ്ങൾ പെട്ടന്നൊന്നും മാറുകയുമില്ല. ഓർക്കണം, സതി വേണമെന്ന് വാശിപിടിച്ചിരുന്ന ഒന്നോ രണ്ടോ തലമുറ സ്ത്രീകൾ മരിച്ചു പോയതിന് ശേഷമാണത് അസ്തമിച്ചത്. നിയമം മൂലം നിരോധിച്ച ദിവസമല്ലാ.

സർക്കാരിന്റെ രാത്രി നടത്ത പരിപാടിയെ പറ്റി പല വീക്ഷണകോണുകളിൽ നിന്നുമുള്ള വിമർശനങ്ങൾ കണ്ടതുകൊണ്ടാണിത്രയും എഴുതിയത്. ഒരുപാട് സ്ത്രീകൾ തന്നെ അതിനെ പരിഹസിക്കുന്നതും കണ്ടു. അവരുടെ വാദങ്ങൾ ശരിയുമാണ്, മാറേണ്ടത് സമൂഹത്തിന്റെ മൊത്തത്തിലുള്ള മനോഭാവം തന്നെയാണ്. അതിലൊരു സംശയവുമില്ല.

പക്ഷെ നമ്മുടെയാ മനോഭാവത്തിന്, നമ്മുടെ പ്രായത്തിന്റെ പഴക്കമല്ല ഉള്ളത്. ചിന്തിച്ചാൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കാണാം. ഒരു രാത്രി കൊണ്ടത് മാറില്ല. 10 വർഷം കൊണ്ടത് മാറുമെന്നും പ്രതീക്ഷിക്കണ്ടാ. എന്നുകരുതി മിണ്ടാതിരുന്നാലോ, ആ മാറ്റം സ്വയം പടികയറി വരുകയുമില്ല.

ഇന്ന് പണ്ടത്തെ പോലല്ലാ. ആണിനും പെണ്ണിനും ഒരു പോലെ വിദ്യാഭ്യാസവും അവനവന്റെ ആവശ്യങ്ങൾക്ക് മുന്നിട്ടിറങ്ങാനുള്ള ആർജ്ജവവുമുണ്ട്. അതൊന്നും ഒരു ദിവസം പെട്ടന്നുണ്ടായതല്ലാന്ന് പറയാനാണ് മുകളിൽ ചില ചരിത്രങ്ങൾ പറഞ്ഞത്.

പ്രിയപ്പെട്ട പെണ്ണുങ്ങളെ, അതുകൊണ്ട് എന്റെ 'വ്യക്തിപരമായ അഭിപ്രായത്തിൽ' ഈ ഫുൾ സുരക്ഷയിലുള്ള സർക്കാർ സ്പോൺസേർഡ് രാത്രി നടത്തം (ആദ്യകേൾവിയിൽ ബോറായി തോന്നിയാലും) പരിഹസിക്കപ്പെടേണ്ട ഒന്നല്ലാ. നല്ല സ്ത്രീ പങ്കാളിത്തം കൊണ്ട് സ്ത്രീകൾ തന്നെ വിജയിപ്പിക്കേണ്ടതാണ്. അതുകാരണം, പിറ്റേന്നു മുതൽ നിങ്ങൾ രാത്രിയാത്രയിൽ ഒന്നും പേടിക്കേണ്ടതില്ലാ, ഫുൾ സുരക്ഷകിട്ടും, ആരും ഉപദ്രവിക്കില്ലാ എന്നൊന്നും അതിനർത്ഥവുമില്ല. ഇതൊരു തുടക്കം മാത്രം. നിങ്ങൾക്ക് വേണ്ടിയല്ലാ, നിങ്ങളുടെ അടുത്ത തലമുറയ്ക്കോ അതിനുമടുത്ത തലമുറയ്ക്കോ ആവാം അതിന്റെ ഗുണം കിട്ടുന്നതെന്നും ചിന്തിച്ച് തന്നെ പങ്കെടുക്കൂ.

മാറ്റങ്ങൾ ചെറുകാറ്റായി വന്നാലും, അത് നല്ലതിനാണെങ്കിൽ അതിനൊപ്പം കൂട്ടുകൂടൂ. സ്വയം തളച്ചിടാതിരിക്കൂ. ഓർക്കൂ, റോം വാസ് നോട്ട് ബിൽറ്റ് ഇൻ എ ഡേ.. 🌹

©മനോജ്‌ വെള്ളനാട്

1 comment:

  1. നമ്മുടെയാ മനോഭാവത്തിന്, നമ്മുടെ പ്രായത്തിന്റെ പഴക്കമല്ല ഉള്ളത്. ചിന്തിച്ചാൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കാണാം.
    ഒരു രാത്രി കൊണ്ടത് മാറില്ല. 10 വർഷം കൊണ്ടത് മാറുമെന്നും പ്രതീക്ഷിക്കണ്ടാ. എന്നുകരുതി മിണ്ടാതിരുന്നാലോ, ആ മാറ്റം സ്വയം പടികയറി വരുകയുമില്ല.

    ReplyDelete