സൂര്യഗ്രഹണത്തെ പേടിക്കണോ?


സൂര്യഗ്രഹണത്തെ പേടിക്കണോ?

വേണം.

ആരൊക്കെ?

അന്ധവിശ്വാസികൾ മാത്രം.

അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവർ ഇതെന്തോ ദിവ്യത്ഭുതമെന്നോ വരാൻ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികൾ മാത്രമാണ്. സൂര്യഗ്രഹണമെന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിൽ വരുന്നത് കൊണ്ട്, ഒരു താൽക്കാലിക മറയുണ്ടാവുന്നത് മാത്രമാണെന്ന് ഇന്ന് നമുക്കറിയാം. അതുകൊണ്ട് മനുഷ്യർക്കോ, ഭൂമിയിലെ ഏതെങ്കിലും ജീവികൾക്കോ സൂര്യഗ്രഹണം കാരണം ഒരു പ്രശ്നവുമുണ്ടാവില്ല.

🌞ങേ..? പുറത്തിറങ്ങിയാൽ സൂര്യനിൽ നിന്നു വരുന്ന മാരകരശ്മികളേറ്റ് നമ്മൾ ചത്തുപോവില്ലേ..? ആ അൾട്രാവയലൊറ്റൊക്കെ ഡേഞ്ചറസാന്ന് പറഞ്ഞിട്ട്?!

ആ പറഞ്ഞത് പൊട്ടത്തരമാണ്. സൂര്യഗ്രഹണ സമയത്തുള്ളതും സാധാരണ സൂര്യൻ, അതേ ചന്ദ്രൻ, അതേ ഭൂമി, അതേ നമ്മൾ ഒക്കെ തന്നെ. സാധാരണ ദിവസം വരുന്ന രശ്മികൾ തന്നെയാണന്നും വരുന്നത്. അതോ, എന്നത്തേക്കാട്ടിലും കുറഞ്ഞ അളവിലും. അവരെ പറ്റി ചെറുതായിട്ടൊന്ന് പറഞ്ഞു തരാം.

സൂര്യപ്രകാശമെന്ന് പറഞ്ഞാൽ, നമ്മൾ കണ്ണുകൊണ്ടറിയുന്ന ദൃശ്യപ്രകാശം മാത്രമല്ലാ. സൂര്യനിൽ നിന്നും കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ 'ചൂടി'ന് കാരണം ഇൻഫ്രാറെഡ് തരംഗങ്ങളാണ്. അവ നമുക്ക് കാണാൻ പറ്റില്ല. അതുപോലെ കാണാൻ പറ്റാത്ത മറ്റൊരാളുണ്ട്. ഇൻഫ്രാറെഡ് തരംഗങ്ങൾ കാരണമുള്ള 'ഒടുക്കത്തെ ചൂടി'നെ പറ്റി നമ്മൾ വാചാലരാവുമ്പോൾ, യഥാർത്ഥ വില്ലൻ ദൃശ്യപ്രകാശത്തിന് പിന്നിൽ മറഞ്ഞിരുന്ന് ചിരിക്കുകയാണ്. അയാളാണ്, സാക്ഷാൽ അൾട്രാവയലറ്റ് (UV). സൂര്യാഘാതമൊക്കെ ഏൽക്കുമ്പോൾ തൊലി പൊള്ളുന്നത്, ചൂടുകൊണ്ടല്ലാ, UV രശ്മികൾ കാരണമാണ്.

സൂര്യന്, അൾട്രാവയലറ്റമ്മയിൽ മൂന്ന് മക്കളാണുള്ളത്. UV-A, UV-B, UV-C എന്നൊക്കെയാണ് അവരുടെ പേരുകൾ. ഇതിൽ UV-C എന്ന വഴക്കാളി, ഭൂമിയിലേക്കുള്ള സഞ്ചാരപാതയിൽ ഓസോൺ പാളിയുമായുള്ള യുദ്ധത്തിൽ അകാലമൃത്യു വരിക്കും. അവൻ മരിച്ചില്ലായിരുന്നേൽ ഇവിടെ സീൻ ഇതിലും ഡാർക്കായേനെ. UV-B-യും യുദ്ധത്തിൽ മുറിവേറ്റ് പരിക്ഷീണനായാണ് ഭൂമിയിലെത്തുന്നത്. ഇവിടെത്തുമ്പോൾ 95-98 ശതമാനം UV-A-യും 2-5 ശതമാനം UV-B യും മാത്രേ കാണൂ. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ കൂടി ഇടയ്ക്കു കയറുന്നതിനാൽ ഈ രശ്മികളുടെ അളവ് പിന്നേം കുറവായിരിക്കും.

അതുകൊണ്ട് സാധാരണ ദിവസം പുറത്തിറങ്ങുന്നതിലും സേഫാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങാൻ.

🌞പേടിക്കേണ്ടതില്ലെങ്കിൽ പിന്നെന്തിനാണീ കണ്ണട വയ്ക്കൂ, സുരക്ഷിതരാകൂ എന്നൊക്കെ വിളിച്ചു കൂവുന്നത്?

ബ്രോ, സൂര്യഗ്രഹണമെന്നത് നിങ്ങടെ ലൈഫിൽ സംഭവിക്കാൻ സാധ്യതയുള്ള അപൂർവ്വമായൊരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. അത് നിങ്ങൾക്ക് കാണണ്ടേ? കാണണ്ടെങ്കിൽ നിങ്ങൾ കണ്ണടയെ പറ്റി ബേജാറാവുകയേ വേണ്ട. പക്ഷെ, കൗതുകം കൂടിയിട്ട് കണ്ണട വയ്ക്കാതെ പുറത്തിറങ്ങി ഗ്രഹണസൂര്യനെ തുറിച്ച് നോക്കരുത്. കാഴ്ച നഷ്ടപ്പെട്ടേക്കാം.

കാരണം, സാധാരണ ദിവസങ്ങളിൽ ദൃശ്യപ്രകാശത്തിന്റെ തീവ്രത കാരണം, സെക്കന്റുകളിൽ കൂടുതൽ നമുക്ക് സൂര്യനെ നേരിട്ട് നോക്കാൻ കഴിയില്ല. കൃഷ്ണമണി പെട്ടന്ന് ചുരുങ്ങുകേം ചെയ്യും. ഗ്രഹണസമയത്ത് പക്ഷെ, ആ തീവ്രതയില്ലാത്തത് കാരണം സൂര്യനെ നമുക്ക് പുല്ലുവിലയായിരിക്കും. ചുമ്മാ നോക്കി നിക്കാൻ തോന്നും. കൃഷ്ണമണി വിടർന്ന് വിലസി നിൽക്കും. അദൃശ്യരായ UV രശ്മികളുടെ അളവ് സാധാരണയിലും കുറവാണെങ്കിലും, ഉള്ളത് മൊത്തം കണ്ണിലെ റെറ്റിനയിൽ ചെന്ന് വീഴും. കാഴ്ചയുടെ ഫ്യൂസ് കേടാവാൻ അതുമതി.

അതുകൊണ്ട്, ഒരു കാരണവശാലും സൗരഗ്ലാസുകൾ വച്ചല്ലാതെ ഗ്രഹണസൂര്യനെ നോക്കരുത്.

🌞പിന്നെ, ഗ്രഹണസമയത്ത് അതുകാരണം ഈ ലോകത്ത്, ഒരു മാറ്റവും സംഭവിക്കുന്നില്ല. നിങ്ങൾ സാധരണ ആ സമയത്ത് ചെയ്യുന്നതെന്തും ചെയ്യാം. ഏതു ഭക്ഷണം വേണേലും കഴിക്കാം. വെള്ളം കുടിക്കാം. മൂടിപ്പുതച്ചുറങ്ങാം. ഏണീം പാമ്പും കളിക്കാം. സെക്സ് ചെയ്യാം. യാത്ര ചെയ്യാം. സമരത്തിന് പോകാം. ബിവറേജസിൽ ക്യൂ നിൽക്കാം. ഡാൻസ് ചെയ്യാം. പഠിപ്പിക്കാം. പഠിക്കാം. ഓപറേഷൻ ചെയ്യാം. മൊബൈലിൽ സംസാരിക്കാം. അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യാം. നഗ്നനേത്രങ്ങൾ കൊണ്ടോ, കൗതുകം മൂത്ത് പഴയ Xray ഫിലിമിലൂടെയോ സൂര്യനെ നോക്കാതിരുന്നാ മാത്രം മതി.

🌞പ്രിയപ്പെട്ടവരെ, സൂര്യഗ്രഹണമെന്ന് പറഞ്ഞാലിന്ന് പഴയപോലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞ, പേടിപ്പെടുത്തുന്ന ഒരു പ്രകൃതിദുരന്തമല്ലാ. ശരിയായ അറിവിലൂടെ, എന്നാൽ സുരക്ഷിതമായി ആഘോഷിക്കേണ്ടൊരു പ്രപഞ്ച പ്രതിഭാസമാണ്. കണ്ണുകളെ സുരക്ഷിതമാക്കി നമുക്കിതാഘോഷിക്കാം.

©മനോജ്‌ വെള്ളനാട്



No comments:

Post a Comment