ടെറ്റനസ് രോഗവും പ്രതിരോധ വാക്സിനും

100% സുരക്ഷിതവും 100% ഫലപ്രദവുമായ എന്തെങ്കിലും മെഡിക്കൽ സയൻസിൽ ഉണ്ടോ? ഈ പ്രകൃതിയിലേ അങ്ങനൊരു സംഗതിയില്ലാ, പിന്നല്ലേ മെഡിക്കല്‍ സയന്‍സില്‍. പക്ഷെ, ഈ രണ്ടുകാര്യങ്ങളിലും ഏതാണ്ട് 100-നടുത്ത് നിൽക്കുന്ന ഒന്നുണ്ട്, ടെറ്റനസ് ടോക്സോയിഡ് എന്ന വാക്സിൻ. ഏവർക്കും സുപരിചിതനും പ്രിയങ്കരനും ആയ അതേ 'TT ഇഞ്ചക്ഷൻ'. വാക്സിന്‍ വിരുദ്ധര്‍ പോലും ഒരു മുറിവുണ്ടായാല്‍ ഓടിപ്പോയി എടുക്കുന്ന വാക്സിന്‍.. ടി.ടി..

കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു 10 വയസുകാരൻ ടെറ്റനസ് രോഗം വന്നു മരിച്ചു! ടെറ്റനസ് വന്നൊരാള്‍, അതും ഒരു കുട്ടി കേരളത്തില്‍ മരിക്കുന്നത് തന്നെ ഞെട്ടിക്കുന്നതാണ്. അതിലും ഞെട്ടിക്കുന്ന കാര്യം ആ കുട്ടിയ്ക്കിതുവരെയും TT ഇന്‍ജെക്ഷന്‍ ഒന്നും തന്നെ എടുത്തിട്ടില്ലായിരുന്നു എന്ന കാര്യമാണ്.

കാരണം, ഒരു കുട്ടി ജനിച്ചാൽ നമ്മുടെ ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതി പ്രകാരം 6-ആമത്തെ ആഴ്ച, 10-മത്തെ ആഴ്ച, പിന്നെ 14- മത്തെ ആഴ്ചകളിൽ നിർബന്ധമായും എടുക്കേണ്ട വാക്സിനുകളിൽ ഒന്നാണ് TT. തുടർന്ന് ശിശുക്കളിൽ ഒന്നര വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട് ചേർത്ത് ടെറ്റനസ് വാക്സിൻ നൽകുന്നുണ്ട്. പിന്നീട് 10 വയസിലും, ശേഷം 15 വയസിലും ടെറ്റനസ് വാക്സിൻ കുട്ടികൾക്ക് നൽകുന്നു. അപ്പോളീ പത്തുവയസ്സിനുള്ളില്‍ ഇതിലൊന്നു പോലും ആ കുട്ടി എടുത്തിട്ടില്ലാ എന്നത് സങ്കടകരമായ കാര്യമാണ്.

👉എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ടെറ്റനസ്?

ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്റ്റീരിയ കാരണം ഉണ്ടാകുന്ന വളരെ ഗുരുതരമായ രോഗമാണ് ടെറ്റനസ്. ‘വലിയുക’ എന്നർത്ഥമുള്ള 'ടെറ്റനോസ' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ രോഗത്തിന്‍റെ പേര് ഉത്ഭവിച്ചത്. നമ്മുടെ ചുറ്റുപാടുമുള്ള മലിനമായതോ തുരുമ്പിച്ചതോ അഴുകിയതോ ആയ ഏതൊരു വസ്തുവിലും ഈ ബാക്റ്റീരിയ കാണാം.

മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെയാണ് ക്ലോസ്ട്രീഡിയം ടെറ്റനി കൂടുതലായും ശരീരത്തിൽ പ്രവേശിക്കുന്നത്. മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളൽ, മൃഗങ്ങളിൽ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഇവ ശരീരത്തിൽ കടക്കാം.

എന്നിട്ടിത് വൻകുടലിൽ എത്തി പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ 'ടെറ്റനോ സ്പാസ്മിന്‍' എന്ന ബയോടോക്സിൻ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പാടേ തകരാറിലാക്കുന്നതാണ് ടെറ്റനസ്.

പേശികൾ ക്രമമായി സങ്കോചിക്കുകയും അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനിൽപ്പിനാധാരം. ഓരോ സെക്കന്‍ഡും അത് സംഭവിക്കുന്നുണ്ട്. ഈ വിഷത്തിന്റെ മാരകമായ പ്രവർത്തനം മൂലം ശരീരപേശികൾ സങ്കോചിത അവസ്ഥയിൽ തന്നെ മിനുട്ടുകളോളം തുടരുന്നു. ഇത് സാധാരണഗതിയിൽ കീഴ്ത്താടിയിൽ തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ടെറ്റനസ് 'ലോക്ക്ജോ' അഥവാ താടിയെല്ലുകൾ അനക്കുവാൻ വയ്യാത്ത അവസ്ഥ എന്നും അറിയപ്പെടുന്നു. കഠിനമായ വേദന ഉണ്ടാക്കുന്ന ഒരവസ്ഥ കൂടിയാണിത്.

ഈ 'ടെറ്റനോ സ്പാസ്മിന്‍' പ്രധാന നാഡികളെ ബാധിക്കുമ്പോൾ ശ്വസനപേശികൾക്കും, അന്നനാളപേശികൾക്കും മുൻസൂചിപ്പിച്ച അവസ്ഥയുണ്ടാവുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതൽ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.

👉ടെറ്റനസിന്‍റെ ലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ 3 മുതൽ 20 ദിവസം വരെ സമയത്തിനുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം.
🤒പനി
😱തലവേദന
😖രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ,
🤢കഠിനമായ ശരീരവേദന,
🥴മേല്‍പ്പറഞ്ഞ പോലെ പേശീസങ്കോചം
തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗത്തിനു കാരണമാകുന്ന ടോക്സിൻ എത്രവേഗത്തിൽ നാഡീവ്യവസ്ഥകളിലേക്കെത്തുന്നുവോ, അത്രയും വേഗത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും, അതനുസരിച്ച് രോഗത്തിന്‍റെ സങ്കീർണ്ണാവസ്ഥ കൂടുകയും ചെയ്യുന്നു.

👉ചികിത്സ
ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്സിനെ പ്രതിരോധിക്കുന്ന പ്രതിവിഷം (ആന്‍റി ടോക്സിൻ) ആണ് ചികിത്സയുടെ കാതൽ. അതോടൊപ്പം തന്നെ ആന്‍റി ബയോട്ടിക്സ്, പേശികളെ അയയുവാൻ സഹായിക്കുന്ന മരുന്നുകൾ ഇവയും നൽകുന്നു. ശ്വസനം തകരാറിലായ രോഗികള്‍ക്ക് വെറ്റിലേറ്ററിന്റെ സഹായം ആവശ്യം വരും.

👉പ്രതിരോധം
പ്രതിരോധമാണ്, അഥവാ രോഗമുണ്ടാകാതെ നോക്കുകയാണ് ടെറ്റനസിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അതിലൊന്ന്, ഒരു മുറിവുണ്ടായാല്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ്. ഇതുവഴി രോഗാണുബാധ ഒരു പരിധിവരെ തടയുന്നതാണ്.

അതിലും പ്രധാനം ആദ്യം സൂചിപ്പിച്ച പ്രതിരോധ കുത്തിവയ്പ്പുകള്‍ തന്നെ.

1924-ൽ ആണ് ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ കണ്ടുപിടിക്കുന്നത്. ഫ്രഞ്ച് വെറ്റിറനറി ഫിസിഷ്യൻ Gaston Ramon, P. Descombey എന്നിവർ ചേർന്നാണ് ഡിഫ്തീരിയയ്ക്കും ടെറ്റനസിനും എതിരായ വാക്സിനുകൾ കണ്ടുപിടിച്ചത്. ഓരോ വർഷവും ലക്ഷക്കണക്കിന്‌ മനുഷ്യരാണ് ടെറ്റനസ് മൂലം മരിച്ചിരുന്നത്. നോക്കൂ, 1990-ൽ പോലും ലോകത്താകമാനം 3,56,000 മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് ടെറ്റനസ്. ഊര്‍ജിതമായ കുത്തിവയ്പ്പ് പരിപാടികള്‍ വഴി 2015-ൽ അത് ലോകത്താകമാനം 59,000 മരണങ്ങളായി കുറഞ്ഞു.

നേരത്തെ സൂചിപ്പിച്ചതുപോലെ പ്രതിരോധകുത്തിവയ്പ്പുകൾ വഴി ടെറ്റനസ് ബാധയെ പൂർണ്ണമായി തടയാം. നവജാത ശിശുക്കളിൽ 6, 10, 14 ആഴ്ചകളിലും തുടർന്ന് ശിശുക്കളിൽ ഒന്നര വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട് ചേർത്ത് ടെറ്റനസ് വാക്സിൻ നൽകുന്നു. തുടർന്ന് 10 വയസിലും, പിന്നീട് 16 വയസിലും Td വാക്സിനും (ടെറ്റനസ്+ ഡിഫ്തീരിയ) കുട്ടികൾക്ക് നൽകുന്നു. ടെറ്റനസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തിന് ആവശ്യമായ ആന്‍റിബോഡിയുടെ അളവ് കൃത്യമായ നിലനിർത്താൻ തുടർന്ന് 10 വർഷത്തിലൊരിക്കൽ ഒരു ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് മതിയാകും.

പ്രതിരോധ കുത്തിവയ്പ്പുകൾ ശരിയായ ക്രമത്തിൽ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളിൽ, ആഴത്തിലുള്ള മലിനമായ മുറിവുകൾ ഉണ്ടാകുന്ന അവസരങ്ങളിൽ പ്രതിരോധശേഷിക്കായി ഉടൻ തന്നെ ശരീരത്തെ സജ്ജമാക്കാൻ 'ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ' ആവശ്യമാണ്. ഇനി ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള മുറിവുകളുടെ സുരക്ഷയ്ക്കായും ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പു നൽകാവുന്നതാണ്.

👉ഗർഭിണികളിൽ

ഗർഭിണികളിൽ ഈ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പുകൾ നിര്‍ബന്ധമാണ്‌. ഇതുവഴി നവജാതശിശുക്കളിലെ ടെറ്റനസ് (നിയോനാറ്റല്‍ ടെറ്റനസ്) എന്ന അതീവ ഗുരുതരമായ അവസ്ഥയെ പൂർണ്ണമായും പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു. WHO നിര്‍ദ്ദേശപ്രകാരം ആദ്യ കുത്തിവയ്പ്, ഗർഭം ധരിച്ചതായി അറിയുന്ന അവസരത്തിൽ തന്നെയും, അടുത്ത ഡോസ് നാലു ആഴ്ചകള്‍ക്ക് ശേഷവും എടുക്കേണ്ടതാണ്. ഇപ്പോള്‍ ഗര്‍ഭകാലത്ത് TTയ്ക്ക് പകരം, Td (ടെറ്റനസ്+ ഡിഫ്തീരിയ) ആണ് നമ്മളിവിടെ നല്‍കുന്നത്. ഈ രീതിയിൽ രണ്ടു കുത്തിവയ്പുകൾ ലഭിച്ച ഒരു സ്ത്രീയ്ക്ക് അടുത്ത ഗർഭധാരണം മൂന്നു വർഷത്തിനുള്ളിൽ സംഭവിക്കുകയാണെങ്കിൽ, ആ ഗർഭകാലയളവിൽ ആദ്യം തന്നെ ഒരു ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും.

👉ചില 'TT'ദ്ധാരണകളും തിരുത്തലുകളും

പ്രായപൂർത്തിയായവരുടെ വാക്സിനേഷൻ പ്രോട്ടോക്കോൾ കൃത്യമായി പ്രായോഗികമാക്കാൻ സാധിക്കാത്ത രാജ്യമാണ് ഇന്ത്യ. അറിവില്ലായ്മ മൂലം ഓരോ തവണ മുറിവുണ്ടാകുമ്പോളും ടി.ടി. വാക്സിൻ സ്വീകരിക്കാൻ ഇവിടെ ജനങ്ങൾ മുന്നോട്ടുവരുന്നു. ചിലരുടെയെങ്കിലും ധാരണ ആറുമാസത്തിലൊരിക്കൽ മുറിവുണ്ടായാൽ ടി.ടി. വാക്സിൻ സ്വീകരിക്കണമെന്നാണ്. ആ ധാരണ പൂർണമായും തെറ്റാണ്. TT യെ പറ്റി നിങ്ങൾ തീർച്ചയായും അറിയേണ്ടത്,

1. സർക്കാർ നിഷ്കർഷിക്കുന്ന പ്രതിരോധകുത്തിവെപ്പുകൾ എല്ലാവരും സ്വീകരിച്ചിരിക്കണം, അതിൽ ഉൾപ്പെടുന്ന ഒന്നാണ് ടെറ്റനസ്.

2. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർക്കും (Immunized) അഞ്ചുവർഷത്തിനുള്ളിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്കും മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല.

3. കൃത്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ അഞ്ചിനും പത്തിനും വർഷങ്ങൾക്കിടയിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്ക് വൃത്തിയുള്ള മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല. എന്നാൽ മുറിവ് വൃത്തിഹീനം ആണെങ്കിൽ ടി.ടി. എടുക്കുക തന്നെ വേണം. കൂടെ ടെറ്റനസ് ഇമ്യുണോ ഗ്ലോബുലിനും.

4. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ ടി.ടി. എടുത്തിട്ട് പത്ത് വർഷത്തിന് മുകളിലായാൽ, മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കണം.

5. കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കും (Unimmunized) പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് അറിയാത്തവർക്കും മുറിവുണ്ടായാൽ ടി.ടി. കുത്തിവെപ്പ് എടുക്കണം. ഇത്തരക്കാരിൽ മുറിവ് വൃത്തിഹീനമാണെങ്കിൽ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി സ്വീകരിക്കേണ്ടിവരും.

മുറിവുണ്ടായാൽ ഡോക്ടറെ കാണിക്കുക. മുൻപ് സ്വീകരിച്ച പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകൾ കൊണ്ടുപോവുകയോ കൃത്യമായി ധരിപ്പിക്കുയോ ചെയ്യുക.

6. പ്രായപൂർത്തിയായവർക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഉള്ള പ്രോട്ടോകോൾ:
രണ്ടു റെഗുലര്‍ ഡോസും ഒരു ബൂസ്റ്ററും ഉള്‍പ്പെടുന്നതാണിത്. മുറിവുണ്ടാകുമ്പോള്‍ (അല്ലെങ്കില്‍ മുറിവില്ലാതെയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) ഒരു ടി.ടി. കുത്തിവെപ്പെടുക്കുക, രണ്ടു മാസത്തിനു ശേഷം അടുത്ത ഡോസ് കുത്തിവെപ്പും എടുക്കുക. ഒരു വര്‍ഷത്തിനു ശേഷം ഒരു ബൂസ്റ്റർ കൂടെ എടുക്കുക. പിന്നെ അഞ്ചു വർഷം കഴിഞ്ഞു ആവശ്യമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം.

7.പ്രത്യേകം ശ്രദ്ധിക്കുക, മുറിവു പഴുക്കാതിരിക്കാൻ വേണ്ടിയുള്ള കുത്തിവെപ്പല്ല ടി.ടി; അപകടകരമായ ടെറ്റനസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പ് മാത്രമാണിത്. പഴുക്കാതിരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ തന്നെ വേണ്ടിവരും.

8. ഇടയ്ക്കിടെ TT ഇന്‍ജെക്ഷന്‍ എടുക്കുന്ന ചെറിയ ശതമാനം ആളുകളില്‍ ഹൈപ്പര്‍ഇമ്മ്യുണൈസേഷന്‍ എന്ന അവസ്ഥയോ അല്ലെങ്കില്‍ അലര്‍ജിക് റിയാക്ഷനോ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓരോ ആറുമാസവും, അല്ലെങ്കില്‍ ഓരോ മുറിവിനും പോയി TT എടുക്കുന്നത് നല്ലതല്ല.

ഇത്തരത്തില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തതിലൂടെയും പ്രസവശുചിത്വ പ്രക്രിയകളിലൂടെയുമാണ് ഗുരുതരമായ നിയോനാറ്റല്‍ ടെറ്റനസ് എന്ന രോഗം നമ്മള്‍ തുടച്ചു നീക്കിയത്. നവജാതശിശുക്കളിലെ ടെറ്റനസ് കേരളത്തിൽ അവസാനമായി സ്ഥിരീകരിച്ചത് 2013 ൽ പാലക്കാടാണ്. തുടർന്നുള്ള തുടർച്ചയായ 3 വർഷങ്ങൾ ഇന്ത്യയിൽ കാര്യക്ഷമമായ പ്രതിരോധ കുത്തിവയ്പുകളിലൂടെ രോഗബാധ വളരെയധികം നിയന്ത്രിക്കപ്പെടുകയും ലോകാരോഗ്യസംഘടന മെയ് 2015 ൽ ഇന്ത്യയെ നവജാതശിശു ടെറ്റനസ് രോഗ മുക്ത രാജ്യമെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

കോഴിക്കോട് മരിച്ച കുട്ടി നമ്മുടെ നാട്ടിലെ വാക്സിന്‍ വിരുദ്ധതയുടെ അവസാനത്തെ ഇരയാണ്. വര്‍ഷങ്ങളോളം കേട്ടുകേള്‍വിയില്ലായിരുന്ന ഡിഫ്തീരിയയെ നമ്മള്‍ തിരിച്ചുകൊണ്ടു വന്നതും കുറേ കുട്ടികളെ മരണത്തിനു വിട്ടുകൊടുത്തതും ഈ വാക്സിന്‍ വിരുദ്ധതയിലൂടെയാണ്. ഇപ്പോഴിതാ ടെറ്റനസും.

പ്രിയപ്പെട്ടവരേ, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ടെന്നുറപ്പുള്ള ഒന്നാണ് ടെറ്റനസ് ഉണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബാക്റ്റീരിയ. ഈ ബാക്റ്റീരിയയ്ക്ക് അറിഞ്ഞൂടാ കുട്ടികള്‍ നിരപരാധികള്‍ ആണെന്നും, അവരുടെ അച്ഛനമ്മമാര്‍ വാക്സിന്‍ വിരുദ്ധരായതിന്‍റെ നിര്‍ഭാഗ്യ ഇരകളാണ് ഇവരെന്നും. കുഞ്ഞിനു വാക്സിൻ കൊടുക്കാതിരുന്നത് എന്ത് കാരണം കൊണ്ടായാലും അംഗീകരിക്കാൻ പറ്റില്ല. അതൊരു ധീരമായ പ്രവർത്തിയേയല്ല. കുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ് മാതാപിതാക്കളുടെ തെറ്റിദ്ധാരണകൾ മൂലം ഇല്ലാതാവുന്നത്.

സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ഒക്കെയാണ് ഇത്തരം മരണങ്ങള്‍ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. ഒപ്പം ശരിയായ, ശാസ്ത്രീയമായ അറിവ് ജനങ്ങളിലേക്കെത്തിക്കുകയും വേണം.




1 comment: