കൊറോണ നായകർ




പണ്ട് മഹായുദ്ധങ്ങൾ നടക്കുമ്പോൾ സൈനിക സേവനത്തിന് പോകുന്ന ബന്ധുജനങ്ങളെ കണ്ണീരോടെ യാത്രയാക്കുന്ന സീനുകൾ പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും അതു പോലൊന്നാണ്. പക്ഷെ, ഇത് സിനിമയിലല്ലാ, ജീവിതത്തിലേതാണ്.

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനായി വുഹാനിലേക്ക് പോകാൻ സന്നദ്ധത അറിയിച്ച ധീരരായ ഡോക്ടർമാരോടും നഴ്സുമാരോടും ബന്ധുക്കൾ യാത്ര പറയുകയാണ് ചിത്രത്തിൽ. കൊറോണയെ നേരിടുന്നതും യുദ്ധസമാനമായ ആത്മഹത്യാ ദൗത്യമായാണ് അവർ കാണുന്നത്. ശരിക്കുമതങ്ങനെ തന്നെയാണ്.

കൊറോണയെ തോൽപ്പിക്കാൻ എത്ര നാളുകൾ എടുക്കുമെന്നാർക്കുമറിയില്ലാ. മാസങ്ങളെടുത്തേക്കാം. അത്രയും നാൾ ഊണും ഉറക്കവുമില്ലാതെ, ഒരു ദിവസത്തിന്റെ അധികസമയവും PPE കിറ്റിനുള്ളിൽ ജീവിക്കേണ്ടി വരുമിവർക്ക്. ഇനി രോഗം നിയന്ത്രണ വിധേയമായാലും അവർക്ക് പഴയ ജീവിതത്തിലേക്ക്, സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ തന്നെ പിന്നെയും ഒന്നോ രണ്ടോ മാസങ്ങളെടുത്തേക്കും. രോഗം സംശയിക്കുന്നവർക്ക് നമ്മളിപ്പോൾ ചെയ്യുന്ന 'ക്വാറന്റൈൻ' അപ്പോഴേക്കും അവർക്കും ബാധകമാകും.

ചൈനയിൽ സർവ്വീസിൽ നിന്നും വർഷങ്ങൾക്കു മുമ്പ് വിരമിച്ച ഒരു സീനിയർ ഡോക്ടർ, സന്നദ്ധ സേവനത്തിന്റെ ഭാഗമായി കൊറോണ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച വാർത്തയും നിങ്ങൾ വായിച്ചു കാണും. അദ്ദേഹത്തെ പോലെ നൂറായിരം ആരോഗ്യപ്രവർത്തകരാണ് ഈ യുദ്ധത്തിലെ മുന്നണി പോരാളികൾ.

ഇവരിനി ഇടയ്ക്ക് വച്ചു മരിച്ചാലോ, ആ ശവശരീരം പോലും ബന്ധുക്കൾക്ക് കാണാനാവില്ല. അതുകൊണ്ട് തന്നെ ഒരുപാട് മാനുഷിക വികാരങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നവയാണീ ചിത്രങ്ങൾ.

ചൈനയിൽ നിന്നും നാട്ടിലെത്തി സർക്കാരിനെ അറിയിക്കാതെ കബളിപ്പിച്ചു കറങ്ങി നടക്കുന്ന പലരും നമ്മുടെ ഇടയിലുണ്ട്. അവരിതൊക്കെ അറിയണം. ഒരു തീപ്പൊരിയിൽ നിന്ന് ഒരു കാട് മൊത്തം കത്തുന്ന പോലെ, ഒരാൾ മതി രോഗം എല്ലാവർക്കും കിട്ടാൻ. രോഗിയിൽ രോഗലക്ഷണങ്ങൾ കാണും മുമ്പേ പകരാൻ സാധ്യതയുള്ള ഒന്നാണ് കൊറോണയെന്ന് മറക്കരുത്. ചൈനയിലെ അടിയന്തിരാവസ്ഥ കേരളത്തിൽ സൃഷ്ടിക്കാൻ ഒരാൾ മതി. ക്വാറന്റൈൻ മാത്രമാണ് പ്രതിരോധം. ദയവ് ചെയ്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം.

പ്രിയപ്പെട്ടവരേ, മേൽപ്പറഞ്ഞ ആരോഗ്യപ്രവർത്തകരെ പോലെ തന്നെ അങ്ങേയറ്റം ബഹുമാനമർഹിക്കുന്നവരാണ് 28 ദിവസം സെൽഫ്  ക്വാറന്റൈൻ ചെയ്യുന്ന നിങ്ങളോരോരുത്തരം. യഥാർത്ഥ നായകർ. ഈ മഹായുദ്ധം ജയിക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ച് പൊരുതിയേ മതിയാവൂ.

©മനോജ്‌ വെള്ളനാട്

1 comment:

  1. ലോകം മുഴുവൻ കൊറോണ
    നായകകർ മറ്റുള്ളവരെ രക്ഷിക്കട്ടെ

    ReplyDelete