മെഡിക്കൽ ജയിലും ടൈഫോയിഡ് മേരിയും

കൊറോണ മേഖലകളിൽ നിന്ന് വന്നവരോട് എന്തിനാണ് ''28 ദിവസം'' ക്വാറന്റൈൻ ചെയ്യാൻ പറയുന്നത്? പലരും ചോദിച്ച ചോദ്യമായതിനാൽ ഉത്തരമിവിടെ എഴുതുന്നു.

ഈ ക്വാറന്റൈൻ എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത, എന്നാൽ രോഗം വരാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നവർക്ക്, മറ്റുള്ളവരുമായി ഇടപഴകുന്നതിനുള്ള വിലക്കിന് പറയുന്ന പേരാണ്. ഇവര്‍ക്കഥവാ രോഗാണുബാധ ഉണ്ടെങ്കില്‍ ഇവരിൽ നിന്നും രോഗം വേറാർക്കും കിട്ടാതിരിക്കാനാണീ സംഗതി. ഇനി രോഗലക്ഷണമുള്ളയാളിനെയും ഇതുപോലെ മാറ്റി നിർത്താറുണ്ട്. അതിന് പറയുന്നത് ഐസൊലേഷൻ എന്നാണ്.

ഒരാളെ എത്ര നാൾ ക്വാറന്റൈൻ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആ പ്രത്യേക രോഗത്തിന്റെ ഇൻകുബേഷൻ പിരീഡ് (Incubation Period-IP) നോക്കിയിട്ടാണ്. IP എന്നു പറഞ്ഞാൽ, ഒരു രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നതു മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ്. ഏതൊരു രോഗത്തിൻറെയും പരമാവധി ഇൻകുബേഷൻ പീരീഡ് അഥവാ longest incubation period ആണ് നമ്മൾ quarantine time ആയി നിശ്ചയിക്കുന്നത്.

നമ്മള്‍ കണ്ടിട്ടുള്ള നിപയുടെ കാര്യമെടുത്താല്‍, അതിന്‍റെ സാധാരണ ഇൻകുബേഷൻ പീരീഡ് 4 മുതൽ 21 ദിവസം വരെ ആയിരുന്നു. പക്ഷേ അതിൻറെ longest incubation period  42 ദിവസം ആണെന്നായിരുന്നു മനസിലാക്കിയത്. അതുകൊണ്ട് നിപ സംശയിക്കുന്ന ഒരാളെ ക്വാറന്റൈൻ ചെയ്യേണ്ടത് 42 ദിവസമാണ്.

ഇപ്പോൾ പടർന്നുപിടിക്കുന്ന നോവൽ കൊറോണ വൈറസിന്‍റെ ഇൻകുബേഷൻ പീരീഡ് കണക്കാക്കിയിരിക്കുന്നത് 2 മുതൽ 10 ദിവസം വരെയാണ്. അതിന്‍റെ ലോങ്ങസ്റ്റ് ഇൻകുബേഷൻ പീരീഡ് 14 ദിവസമാണെന്നാണ് നിഗമനം. പക്ഷേ ഇതൊരു പുതിയ രോഗം ആയതിനാലും അതിൻറെ മറ്റ് സ്വഭാവങ്ങൾ നമുക്ക് തീർച്ച ഇല്ലാത്തതിനാലും ക്വാറന്റൈൻ സമയം പരമാവധി ഇൻകുബേഷൻ പീരീഡിന്‍റെ ഇരട്ടിയായി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് നോവല്‍ കൊറോണയുടെ quarantine സമയം 28 ദിവസം ആയത്.

ക്വാറന്റൈന്റെ ചരിത്രത്തെ സംബന്ധിച്ച വിശദമായ ലേഖനം ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിച്ചിരുന്നു. അതിൻറെ ലിങ്ക് കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട്

ഇവിടെ നമ്മള്‍ 28 ദിവസത്തെ ക്വാറന്റൈൻ എന്നു പറയുമ്പോള്‍ തന്നെ പേടിക്കുന്നു. ഇത്രയും ദിവസമൊക്കെ എങ്ങനൊരാൾ.. എന്നൊക്കെ ആശ്ചര്യപ്പെടുന്നു. ക്വാറന്റൈന്‍റെ ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്ന, അയര്‍ലണ്ട് കാരിയായ മേരി മലോണ്‍. അവരെ ചരിത്രം, "ടൈഫോയിഡ് മേരി'' എന്നാണ് വിളിക്കുന്നത്.

മേരി ഒരു നല്ല കുക്കായിരുന്നു. പക്ഷെ അവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്കെല്ലാം ടൈഫോയിഡ് വന്നു കിടപ്പിലാവുന്നത് സ്ഥിരമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലാകുമ്പോഴേക്കും മേരി ആ നാടുവിടും. വേറൊരു നാട്ടിലൊരു വീട്ടില്‍ ജോലിക്കാരിയാവും. ഇങ്ങനെ മേരി ജോലിക്ക് നിന്നിടത്തെല്ലാം രോഗം വിതച്ചു. പലരും മരിച്ചു. മേരി പക്ഷെ ഈ രോഗത്തിന്‍റെ ഒരു കാരിയര്‍ ആയിരുന്നതിനാൽ മേരിക്ക് ടൈഫോയിഡ് വന്നില്ല. ടൈഫോയിഡ് കാരിയർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല, പക്ഷെ അവരുടെ പിത്തസഞ്ചിയിൽ ഈ ബാക്ടീരിയ സ്ഥിരവാസിയായിരിക്കും. പൂര്‍ണ്ണ ആരോഗ്യവതി ആയതിനാല്‍ മേരിയെ ഇക്കാര്യത്തിൽ ആരും സംശയിച്ചുമില്ല.



ഒടുവില്‍ ഒരു കോടീശ്വരന്‍റെ വീട്ടിലും മേരി ടൈഫോയിഡ് കൊടുത്തു. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ കണ്ടുവരാറുള്ള ഈ രോഗമെങ്ങനെ തങ്ങള്‍ക്ക് വന്നെന്നു അവര്‍ക്ക് സംശയമായി. അവരതിനെ പറ്റി പഠിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. അങ്ങനെയാണ് മേരി ആണ് വില്ലത്തിയെന്നു കണ്ടെത്തുന്നത്. പക്ഷെ അപ്പോഴേക്കും മേരി ആ നാടും വിട്ടിരുന്നു. സംഗതി കേസായി. പോലീസ് അന്വേഷണത്തിനൊടുവില്‍ മേരിയെ തേടിപ്പിടിച്ചു, മറ്റൊരു വീട്ടില്‍ നിന്നും.

കാര്യം പറഞ്ഞു മനസിലാക്കാന്‍ നോക്കിയിട്ടും മേരി, താനാണു ഇതിനെല്ലാം കാരണമെന്നു മാത്രം സമ്മതിച്ചില്ല. മേരി സമ്മതിച്ചില്ലെങ്കിലും കോടതി മേരിയെ ക്വാറന്റൈൻ ചെയ്യാന്‍ വിധിച്ചു. മൂന്നുവര്‍ഷത്തെ ക്വാറന്റൈൻ കഴിഞ്ഞപ്പോള്‍ രോഗിയല്ലാത്ത ഒരാളെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലാന്ന് കണ്ടു അവരെ റിലീസ് ചെയ്തു, ഇനിയൊരിക്കലും പാചകജോലി ചെയ്യില്ലാന്നുള്ള ഒരൊറ്റ ഉറപ്പില്‍.

പക്ഷെ മേരി മലോണ്‍ പേര് മാറ്റി മേരി ബ്രൌണ്‍ ആയി വീണ്ടും പാചകത്തിന് പോയി. വീണ്ടും അവിടങ്ങളിൽ ടൈഫോയിഡ് പടരാന്‍ തുടങ്ങി. വീണ്ടും അവരെ പോലീസ് പിടിച്ചു. ഇപ്രാവശ്യം കോടതി മേരിയെ ആജീവനാന്ത ക്വാറന്റൈന് വിധിച്ചു. അങ്ങനെ മരിക്കും വരെ മേരി തുടർച്ചയായ 27 വര്‍ഷവും 7 മാസവും ക്വാറന്റൈൻ തടവുകാരിയായി കഴിഞ്ഞു.

ഇതൊക്കെ ആന്റിബയോട്ടിക് കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കഥയാണ്. ഇന്നിപ്പോള്‍ ടൈഫോയിഡ് വന്നാലും നമുക്ക് നല്ല ചികിത്സയുണ്ട്. അന്നങ്ങനെയല്ല, ഒരൊറ്റ മേരി കാരണം അമ്പതിലധികം പേര്‍ ഈ ടൈഫോയിഡ് വന്നു മരിച്ചു എന്നാണ് പറയപ്പെടുന്നത്. അതാണ് ടൈഫോയിഡ് മേരി!

മേരിയുടെ കഥയിലെ രോഗാണു ഒരു ബാക്റ്റീരിയ ആണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന കാര്യത്തില്‍ ഈ ബാക്ടീരിയമാരുടെ വല്യപ്പൂപ്പനാണ് വൈറസുകള്‍. അതിനോ, കൃത്യമായ മരുന്നുകളും ഇല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ക്വാറന്റൈൻ മുഖ്യം ബിഗിലേ...

©മനോജ്‌ വെള്ളനാട്


1 comment:

  1. പഴയ കഥ
    പുതിയ അറിവ്
    മേരിയുടെ കഥയിലെ
    രോഗാണു ഒരു ബാക്റ്റീരിയ ആണ്.
    ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന
    കാര്യത്തില്‍ ഈ ബാക്ടീരിയമാരുടെ വല്യപ്പൂപ്പനാണ്
    വൈറസുകള്‍. അതിനോ, കൃത്യമായ മരുന്നുകളും ഇല്ല.
    അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ക്വാറന്റൈൻ മുഖ്യം ബിഗിലേ...

    ReplyDelete