വൈദ്യവിദ്യാഭ്യാസത്തിനു മെഡിക്കൽ കോളേജിലേയ്ക്ക് വണ്ടികയറുന്നതിനു നാളുകള്‍ക്ക് മുമ്പായിരുന്നു ആ വര്‍ഷത്തെ ആകാശവാണി റേഡിയോ നാടകോത്സവം. ഓലമേല്‍ക്കൂര ചൂടിയ വീടിന്‍റെ മണ്‍ചുമരുകളെ തുരന്നുകയറിയ പ്ലാസ്റ്റിക് കുഴലുകളിലൂടെ ഇലക്ട്രോണുകള്‍ പ്രവഹിച്ചുതുടങ്ങിയിട്ടപോള്‍ ഒന്നുരണ്ടു മാസങ്ങള്‍ മാത്രം. കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ അതിനകം ഇന്‍സ്റ്റാള്‍മെന്‍റ്കാരനില്‍ നിന്നും സ്വന്തമാക്കിയിരുന്നു. AM ഉം FM ഉം മാത്രമല്ല, ദൂരദര്‍ശന്‍ പരിപാടികള്‍ വരെ (ശബ്ദരേഖയായി) അതില്‍ കിട്ടുമായിരുന്നു. രാത്രിയുള്ള പഠിപ്പും (ഹ. ഹ. ചുമ്മാ) ഹോംവര്‍ക്കും വരെ റേഡിയോ പരിപാടികളുടെ പോക്കുവരവിനനുസരിച്ചു ട്യൂണ്‍ ചെയ്തിരുന്ന എനിക്ക്, സര്‍വസ്വതന്ത്രനായി, എന്നുവച്ചാല്‍ ആരുടേയും പഴികേള്‍ക്കാതെ, ബുക്കെല്ലാം അടച്ചുവച്ച് റേഡിയോ ഓണ്‍ ചെയ്യാവുന്ന സമയമായിരുന്നു ആ ഒമ്പതരകള്‍. കാരണം വീട്ടില്‍ എല്ലാരും ഒരുപോലെ ആസ്വദിക്കുന്ന, കേള്‍ക്കാന്‍ കാത്തിരിക്കുന്ന പരിപാടികള്‍ ഇഷ്ടഗീതങ്ങളും റേഡിയോ നാടകങ്ങളുമായിരുന്നു.
നാടകനേരമായാല്‍ അന്തരീക്ഷം ആകെ മൂകമാകും. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് റേഡിയോയുടെ ശബ്ദം മാത്രം. വീട്ടുകാരെന്താ നേരത്തെ വിളക്കണച്ചതെന്ന് സന്ദേഹിച്ചു, കഴുക്കോലുകള്‍ക്കിടയിലൂടെ, "എന്തോ പ്രശ്നമുണ്ടല്ലോ" എന്ന് പായാരം പറഞ്ഞുകൊണ്ട് പായുന്ന മൂഷികകുടുംബത്തിന്‍റെ ശബ്ദം ചിലപ്പോള്‍ കേള്‍ക്കാറുണ്ട്. പക്ഷെ നാടകം തുടങ്ങിക്കഴിഞ്ഞാല്‍ അവരും നിശബ്ദരാകും. ചാണകത്തറയില്‍ പുല്‍പ്പായില്‍ കഴുത്തോളം മൂടിപ്പുതച്ച് മലര്‍ന്നുകിടന്നു, മുന്നിലെ ഇരുട്ടില്‍ സുവ്യക്തമായി നമ്മള്‍ നാടകം കാണുകയായി. അവര്‍ കരയുന്നതും ചിരിക്കുന്നതും പുലമ്പുന്നതും വെള്ളം കോരുന്നതും പാചകം ചെയ്യുന്നതും ഭ്രാന്തെടുത്തോടുന്നതും നിലത്തു വീണു ചിലമ്പുന്ന പാത്രങ്ങളും ട്രെയിനും കാറ്റും പേമാരിയുമെല്ലാം കണ്‍മുന്നിലെന്നപോലെ നമ്മൾ കാണും.
നെടുമുടി വേണുവും തിലകനും സിദ്ദിക്കും നരേന്ദ്രപ്രസാദും മുരളിയും തുടങ്ങി കേട്ടുപരിചയിച്ചതും അല്ലാത്തതുമായ പ്രതിഭാധനരായ ശബ്ദകലാകാരന്മാരുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളില്‍ മതിമറന്ന് ഒരുമണിക്കൂര്‍. ആകാശവാണിയില്‍ നാടകം തീര്‍ന്നാലും നമ്മുടെ മനസ്സില്‍ അവരൊക്കെ അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഒരു നെടുവീര്‍പ്പിലൂടെയും ചുമയിലൂടെയും നമ്മളവരോട് തിരിച്ചും സംസാരിക്കും. അത്രയ്ക്കും ശക്തമായിരുന്നു ആ ആശയവിനിമയം..
മെഡിക്കല്‍ കോളേജിന്‍റെ പടികടന്നുള്ളില്‍ കയറിയേപ്പിന്നെ അങ്ങനൊരു റേഡിയോകാലം ഉണ്ടായിട്ടില്ലാ. പിന്നീടെപ്പൊഴോ കേടായ ആ റേഡിയോ, ടിവിയുടെ കടന്നാക്രമണത്തില്‍ വിസ്മൃതിയിലുമായി. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും അവന്‍ തിരികെവന്നുവെങ്കിലും, കണ്ണടച്ചിരുന്നുകണ്ടിരുന്ന ആ ശബ്ദചലച്ചിത്രങ്ങള്‍ മാത്രം മടങ്ങിവന്നില്ല. ജീവിതബഹളത്തിനും വേഗത്തിനുമൊപ്പം കൂടുന്ന മിര്‍ച്ചിയും മാംഗോയും റെഡും ക്ലബുമൊക്കെ കൂട്ടുകൂടാന്‍ വന്നപ്പോള്‍ ആകാശവാണിയെ സ്കൂള്‍ കാലത്തെ കാമുകിയെ പോലെ മനപ്പൂര്‍വം മറന്നു.
ഇന്നലെമുതല്‍ വീണ്ടും ആകാശവാണി നാടകോത്സവം തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് കണ്ടയുടന്‍ മനസ്സില്‍ കരുതിയതാണ് ഇപ്രാവശ്യം ആവുന്നത്രയും കേള്‍ക്കണമെന്ന്. ആദ്യദിവസം പത്മരാജന്‍ എഴുതിയ പഴയൊരു നാടകമാണ്. മിസ്സാവരുത്. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് ഒമ്പതരയ്ക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറി മൊബൈലില്‍ റേഡിയോ ഓണാക്കി, ലൗഡ്സ്പീക്കറില്‍ കണക്ട് ചെയ്തു. കാറില്‍ സ്റ്റീരിയോ ഇല്ല. പക്ഷെ മൊബൈല്‍ കമ്പനി (ലെനോവോ) ചതിച്ചു. മൊബൈലില്‍ FM മാത്രമേ കിട്ടുന്നൊള്ളൂ . AM ഇല്ല. അങ്ങനെ തകര്‍ന്നിരിക്കുമ്പോള്‍, പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ അനന്തപുരി FM ഇട്ടുനോക്കി. പണ്ട് അതിലും കേള്‍പ്പിക്കുമായിരുന്നല്ലോ. പക്ഷെ ഇന്നലെ, അതില്‍ ഏതോ ഭാഗവതര്‍ നീലത്താമരയിലെ നിശാഗായകനെപ്പോലെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. ആകെ വിഷമമായി, ഏതോ പാട്ടൊക്കെ പ്ലേ ചെയ്തെങ്കിലും ഒന്നിനും ചെവികൊടുക്കാതെ വീട്ടിലെത്തി.
നാളെമുതലുള്ളതെങ്കിലും കേള്‍ക്കണം. കേള്‍ക്കാതെ പറ്റില്ല. രാത്രി കുത്തിയിരുന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ആകാശവാണി ആപ് ഡൌണ്‍ലോഡ് ചെയ്തു. കിട്ടുന്നുണ്ട്, പക്ഷെ പ്രവേഗവും ത്വരണവും കൂടുതലുള്ള നെറ്റ്കണക്ഷന്‍ അനിവാര്യം. ഒരു രക്ഷയും ഇല്ല. അങ്ങനെ വീണ്ടും വിഷാദചിത്തത്തോടെ ഇരിക്കുമ്പോഴാണ് മനസ്സില്‍ വീണ്ടും ബള്‍ബ് കത്തിയത്. ടിവിയുടെ സെറ്റ് ടോപ് ബോക്സില്‍ റേഡിയോ കിട്ടുമല്ലോ. പക്ഷെ ഇതുവരെയും അതുപയോഗിച്ചിട്ടില്ല. ഓടിപ്പോയി അതെങ്ങനെയാണെന്നൊക്കെ കണ്ടുപിടിച്ചു, കേള്‍ക്കുന്നുണ്ടെന്നുറപ്പിച്ചു. സന്തോഷം. എന്തൊരു സമാധാനം.
എന്തായാലും ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ സ്വന്തമാക്കണം. അതും എത്രയും വേഗം. കൃത്രിമവെളിച്ചങ്ങളെല്ലാം കെടുത്തി, ഇരുട്ടിനെയും ഉറങ്ങാന്‍ വിട്ടിട്ട്, മനസിന്‍റെ അഭ്രപാളിയില്‍ സുവ്യക്തമായ ചലച്ചിത്രങ്ങള്‍ മെനയാന്‍ അതുതന്നെ വേണം. പലപ്പോഴും ഈ ഓര്‍മ്മകള്‍ക്ക് ആകാശവാണി നാടകങ്ങളുടെ ഒരു സ്വഭാവമാണ്. മനസ്സിന്‍റെ ഉള്ളിലെവിടെയോ ഇരുന്ന്, അതിങ്ങനെ ആരോടെന്നില്ലാതെ സംസരിച്ചുകൊണ്ടേ ഇരിക്കുന്നു.

