Showing posts with label ചുംബനം. Show all posts
Showing posts with label ചുംബനം. Show all posts

ചുണ്ടുകൾ കഥ പറയുമ്പോൾ / Tell Tale Lips

ഫോറൻസിക് സയൻസിൽ, കുറ്റവാളികളെ കണ്ടെത്താൻ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സൂചനകളിൽ ഒന്നാണ് വിരലടയാളം(FINGER PRINTS). കാരണം ഒരാളുടെ വിരലടയാളം അയാളുടേത് മാത്രമാണ്. ഒരേ DNA ഘടനയുള്ള സമജാത ഇരട്ടകൾക്ക് (Identical twins) പോലും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും. മാത്രമല്ല ഒരാളുടെ വിരലടയാളം ആജീവനാന്തം മാറ്റങ്ങളൊന്നും സംഭവിക്കാതെ നിലനിൽക്കുകയും ചെയ്യും. അതുകൊണ്ടാണ് ഒപ്പിനു പകരമായി പോലും വിരലടയാളങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വിരലടയാളങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രമാണ് DACTYLOGRAPHY.

വിരലടയാളം പോലെ തന്നെ ഒരാൾക്ക് അയാളുടെ മാത്രമെന്നവകാശപ്പെടാവുന്ന ഒന്നാണ് 'ചുണ്ടടയാളം' (LIP PRINTS). ഒരാളുടെ ചുണ്ടിലെ ചുളിവുകളും ചുനുപ്പുകളും കുഴികളും ചേർന്ന് സൃഷ്ടിക്കുന്ന ചിത്രങ്ങൾ അയാളുടെ സിഗ്നേച്ചറാണ്. വിരലടയാളം പോലെ തന്നെ അത് സ്ഥിരവുമാണ് (PERMANENT). എന്ന് വച്ചാൽ കാലം കഴിയുമ്പോൾ ഒരാളുടെ ചുണ്ടാടയാളങ്ങൾ മാറിപ്പോകുന്നില്ല. മാഞ്ഞു പോകുന്നില്ല.
     
ചുണ്ടടയാളങ്ങളെ പറ്റിയുള്ള ഗവേഷണശാസ്ത്രമാണ് "CHEILOSCOPY". 1932 ൽ ഫ്രാൻസിലെ ക്രിമിനോളജിസ്റ്റായിരുന്ന ലൊക്കാർഡാണ് (Edmond Locard) ചുണ്ടടയാളങ്ങളുടെ സാധ്യതകളെ കേസന്വേഷണങ്ങൾക്കുപയോഗിക്കാമെന്ന് തിരിച്ചറിയുന്നത്. 1950-ൽ ചുണ്ടുകൾ നൽകിയ തെളിവുകൾ ഒരു കേസിന് തുമ്പുണ്ടാക്കി. സംശയാസ്പദമായി കണ്ട കാറിൽ ഒരു ചുണ്ടടയാളം Synder എന്ന പോലീസുദ്യോഗസ്ഥൻ കണ്ടു. മറ്റൊരു ആക്സിഡന്റ് കേസ് കൂടി അന്വേഷിക്കുകയായിരുന്ന അദ്ദേഹത്തിന് തോന്നിയ ചെറിയൊരു സംശയമായിരുന്നു, ആ അടയാളവും പരുക്ക് പറ്റിയ സ്ത്രീയുടെ ചുണ്ടടയാളവും താരതമ്യം ചെയ്ത് നോക്കിയാലോയെന്ന്. ചെയ്തപ്പോഴോ രണ്ടും ഒന്ന് തന്നെ! അങ്ങനെ ഒരു പെണ്ണിന്‍റെ ചുണ്ടുകൊണ്ട് ചരിത്രത്തിൽ ആദ്യമായി ഒരു കേസിനു തുമ്പുണ്ടായി. അത് പിന്നെ ചരിത്രമായി. ശാസ്ത്രമായി. ഗവേഷണങ്ങളിലൂടെ അതൊരു ശാസ്ത്രശാഖയായി തന്നെ വളർന്നു. ജപ്പാനിലെ രണ്ടു ഫോറെൻസിക് ദന്തഡോക്ടർമാർ ആയിരുന്ന Yasuo Tsuchihashi, Kazuo Suzuki എന്നിവരായിരുന്നു ചുണ്ടടയാള ശാസ്ത്രത്തിൽ മഹത്തായ സംഭാവനകൾ നൽകിയവരിൽ പ്രമുഖർ.
 
ചുണ്ടുകൾ നൽകിയ തുമ്പുകൾ നിരവധി കുറ്റകൃത്യങ്ങൾ പിന്നീട് തെളിയിക്കുകയുണ്ടായി. 1986 ൽ പോളണ്ടിൽ ഒരു മിടുമിടുക്കനായ കൊള്ളക്കാരൻ യാതൊരു തുമ്പും ശേഷിപ്പിക്കാതെ കുറ്റകൃത്യം നടത്തിയതിന്‍റെ സന്തോഷത്തിൽ, ഉദ്ദിഷ്ടകാര്യകാര്യത്തിന് ഉപകരസ്മരണയായി അവിടെ ഉണ്ടായിരുന്ന മാതാവിന്‍റെ ചിത്രത്തിൽ അമർത്തി ഒരുമ്മ കൊടുത്തിട്ട് സംപ്തൃപ്തനായി മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ അയാളെ പോലീസ് പൊക്കി. ആകെയുണ്ടായിരുന്ന തെളിവ് ആ മാതാവിന്‍റെ ചിത്രത്തിലെ ചുണ്ടടയാളം മാത്രമായിരുന്നത്രേ! അയാൾ പിന്നെ തൂക്കിലേറ്റപ്പെട്ടൂ!

ശാസ്ത്രം പലപ്പോഴും ഒരു മൂരാച്ചിയാണ്. നമ്മൾ കാൽപ്പനികതയുടെ തേൻ പുരട്ടി, പ്രണയത്തിൽ നനഞ്ഞൊലിച്ചു നൽകുകയും നേടുകയും ചെയ്യുന്ന ഉമ്മകളെയൊക്കെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തി, ഇഴകീറിപ്പഠിച്ച്, ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്ന മുരടനായ മൂരാച്ചി. നമ്മൾ സ്നേഹത്തിന്റെ പ്രകടരൂപമായി കാണുന്ന ഉമ്മകളും അവയുടെ ശേഷിപ്പുകളും ശൂന്യാകാശശാസ്ത്രം പോലെ അന്തവും കുന്തവും ഇല്ലാതെ നിരവധി ഗവേഷണങ്ങൾ നടക്കുന്ന ഒരു ശാസ്ത്രശാഖ കൂടിയാണ്. ചുണ്ടുകൾ കൊണ്ട് നമ്മൾ കോറി വയ്ക്കുന്നതിൽ, എത്രതന്നെ സ്നേഹം ഒളിപ്പിച്ചു വച്ചാലും ശാസ്ത്രത്തിന്റെ കണ്ണിൽ അതൊരു ഗവേഷണസാമഗ്രിയും നിയമത്തിന്‍റെ കണ്ണിൽ അത് വെറും സാഹചര്യത്തെളിവുകളുമാണ്.

പക്ഷെ സാധാരണക്കാരായ, പ്രണയികളായ മനുഷ്യരെ സംബന്ധിച്ചു, ചുണ്ടുകൾ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്. നന്മയുടെയും സ്നേഹത്തിന്‍റെയും പഞ്ചാര ഉമ്മകൾ മാത്രം പകരാനുള്ളത്. ഒരു ശാസ്ത്രത്തിനും ഏതൊരു മാപിനിയ്ക്കും നിർണ്ണയിക്കാനകാത്തത്രയും സ്നേഹം നിങ്ങളതിൽ ഒളിപ്പിച്ചു വയ്ക്കൂ. നിങ്ങളുടെ ചുണ്ടുകൾ പോലെ, നിങ്ങളുടെ ചുംബനങ്ങളും നിങ്ങളുടെ മാത്രം അടയാളപ്പെടുത്തൽ ആയിരിക്കട്ടെ..

(1.സമജാത ഇരട്ടകൾക്ക് (Identical twins) പക്ഷേ ചുണ്ടടയാളങ്ങളും ഒരുപോലെയാണ്, വിരലടയാളങ്ങൾ പോലെ വ്യത്യസ്തമല്ലാ.
2.ചുംബനങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ്- ഫിലമറ്റോളജി)
©മനോജ്‌ വെള്ളനാട്





ചുംബനശാസ്ത്രം




(ഈ കുറിപ്പ് എഴുതിയത് ജൂലൈ 6,2014- ലോകചുംബനദിനം)



            

ഒരിക്കലെങ്കിലും ആരെയെങ്കിലും ഉമ്മ വച്ചിട്ടില്ലാത്തവര്‍ ഉണ്ടോ? ഒരുമ്മ ആഗ്രഹിക്കാത്തവര്‍? കൊടുക്കണം എന്നാഗ്രഹിക്കാത്തവര്‍..? ഉണ്ടാകില്ല അല്ലെ..


ചുംബനം എന്നാല്‍ വെറും ചുണ്ടുകള്‍ കൊണ്ടുള്ള സ്പര്‍ശനം മാത്രം അല്ല. ഒരാളുടെ നിറം, ശബ്ദം, ഗന്ധം, സ്പര്‍ശം എല്ലാം ഒരുമിച്ചു 'രുചി'ച്ചറിയാനാകുന്ന സര്‍വേന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനക്ഷമതയുടെ പരമമായ അടയാളപ്പെടുത്തല്‍ ആണ്. പ്രണയത്തിന്‍റെ ഭാഷയാണ്. ആത്മാവിന്‍റെ അക്ഷരങ്ങളില്ലാത്ത ലിപിയാണ്.
ചുംബനങ്ങള്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ ഉണ്ടെന്നതിനു ധാരണകള്‍ ഒന്നുമില്ല. മനുഷ്യനോളം പഴക്കം എന്തായാലും ഉണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചുംബിക്കാറുണ്ടത്രേ..!! എന്നാല്‍ ചുംബനത്തെ പറ്റി കേട്ടിട്ടുകൂടിയില്ലാത്ത ജനതയും ഉണ്ട്. ആഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗ്ഗത്തിലും ചില ആമസോണ്‍ ഗോത്രക്കാരിലും ചുംബനമേയില്ലത്രേ. അതുപോലെ ഓരോ സംസ്കാരത്തിലെയും, ദേശത്തിലെയും ചുംബനരീതികള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. നാക്കും നാക്കും തമ്മിലുള്ളത് ഫ്രഞ്ച് കിസ്സും, മൂക്കും മൂക്കും തമ്മിലുള്ളത് കിവി കിസ്സുമൊക്കെ ആകുന്നത് ചുംബനകാര്യത്തിലെ ആ ഭൂഖണ്ടാന്തരം ഉള്ളതുകൊണ്ടാണ്. നമ്മുടെ കാമസൂത്രത്തിലും പഴയനിയമത്തിലെ ഉത്തമഗീതത്തിലുമെല്ലാം വിവിധതരം ചുംബനരീതികളെ പറ്റി വിശദമായി പറയുന്നുണ്ട്. സ്നേഹചുംബനം, സൗഹൃദചുംബനം , വാത്സല്യചുംബനം , അന്ത്യചുംബനം തുടങ്ങി എന്തുമാത്രം ചുംബനങ്ങള്‍ നിലവിലുണ്ട്! ജീവന്‍ രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമത്രേ.!! 'ജീവന്‍റെ ചുംബനം' (KISS OF LIFE) ". ചുംബനത്തിന്‍റെ രസതന്ത്രം, ജീവശാസ്ത്രം , മനശാസ്ത്രം തുടങ്ങിയ പഠനങ്ങളെല്ലാം കാലങ്ങളായി പ്രണയചുംബനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിട്ടുണ്ടെന്നും തോന്നുന്നു.

ഇങ്ങനെ നിരവധിയായ ചുംബനങ്ങളെ പറ്റി പഠിക്കുന്ന (പഠിക്കാന്‍ എന്ത് രസായിരിക്കും അല്ലേ?) ശാസ്ത്രശാഖയാണ്‌ "ചുംബനശാസ്ത്രം അഥവാ ഫിലമറ്റോളജി (PHILEMATOLOGY)". അത്രയ്ക്ക് പഠിയ്ക്കാന്‍ മാത്രം ഇതിലെന്താണെന്നു തോന്നിയെങ്കില്‍ തെറ്റി. ചുംബനം അത്ര നിസാരമായ ഒരു പ്രവൃത്തിയല്ല. നമ്മുടെ ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗങ്ങളില്‍ ഒന്നാണ് ചുണ്ടുകള്‍. ശരീരഭാഗങ്ങളെ തലച്ചോറില്‍ അവയുടെ പ്രധാന്യമനുസരിച്ച് അടയാളപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്നത് ഹോമണ്‍കുലസ് (HOMUNCULUS) എന്നാണ്. ഇങ്ങനെയുള്ള സെന്‍സറി ഹോമണ്‍കുലസില്‍ ഏറ്റവുമധികം സ്ഥലം കയ്യേറിയിരിക്കുന്നത് ചുണ്ടുകളും നാവുമാണ്. അതുകൊണ്ടുതന്നെ ചുണ്ടുകളിലെ ചെറിയ സ്പര്‍ശനങ്ങള്‍ പോലും കൂടുതല്‍ തീവ്രതയില്‍ തലച്ചോറില്‍ രേഖപ്പെടുത്തപ്പെടും.

തലച്ചോറില്‍ നിന്നും പുറപ്പെടുന്ന അഞ്ചുജോഡി ക്രേനിയല്‍ നാഡികളും മുപ്പതോളം പേശികളും നിരവധിയായ ഗ്രന്ഥികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് ചുംബനം സാധ്യമാക്കുന്നത്. ചുംബനവേളയില്‍ ഡോപ്പമിന്‍ എന്ന നാഡീരസത്തിന്‍റെ അളവ് തലച്ചോറില്‍ കൂടുകയും അതുവഴി സവിശേഷമായ അനുഭൂതികള്‍ നമുക്കുണ്ടാകുകയും ചെയ്യും. ഉമ്മ തരുന്ന ആളോട് നമുക്കുണ്ടാകുന്ന അടുപ്പം ഈ ഡോപ്പമിന്‍റെ കളിയാണ്. ഒപ്പം കോര്‍ട്ടിസോള്‍ എന്ന 'സ്‌ട്രെസ് ഹോര്‍മോണി'ന്‍റെ അളവ് ചുംബിക്കുമ്പോള്‍ കുറയുന്നതായും ഫിലമറ്റോളജിസ്റ്റുകള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഉമ്മകള്‍ക്ക് ടെന്‍ഷന്‍ കുറയ്ക്കാനും കഴിവുണ്ടെന്ന് അവര്‍ വാദിക്കുന്നു.

ചുംബനം എന്ന് കേള്‍ക്കുമ്പോള്‍ ചുണ്ടുകള്‍ കൊണ്ടുള്ളത് അല്ലെ നമ്മുടെ മനസ്സില്‍ ആദ്യം വരിക. അത് മാത്രമല്ലല്ലോ ചുംബനങ്ങള്‍. കാമസൂത്രത്തില്‍ വിരലുകള്‍ തമ്മില്‍ ഉരുമ്മുന്നത് പോലും ചുംബനമായി കണക്കാക്കണം എന്നാണ് പറയുന്നത്. പ്രണയിക്കുന്നവര്‍ നോട്ടം കൊണ്ടുപോലും ചുംബിക്കും. ഇന്നത്തെ കാലത്ത് ഏറ്റവും അധികം ഉമ്മകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവുക മൊബൈലിന്‍റെ ഹെഡ്സെറ്റുകള്‍ക്ക് ആയിരിക്കും.

എവിടെയോ വായിച്ചറിഞ്ഞതും ഓര്‍മ്മയില്‍ പെട്ടന്ന് വന്നതുമായ രണ്ടു വെറൈറ്റി ഉമ്മകള്‍ ഇതാ.

1. എസ്കിമോ ചുംബനം- കണ്ണുകള്‍ അടച്ചു പരസ്പരം "മൂക്കുകള്‍" മുന്നോട്ടും പിന്നോട്ടും ഉരസുന്ന ചുംബനം.

2.ചിത്രശലഭ ചുംബനം - ഇണകള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും "കണ്‍പീലികള്‍" തമ്മില്‍ സ്പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റചിറകുകള്‍ പോലെ ചലിക്കും.

ഇനിയുമുണ്ട് ഇതുപോലെ ധാരാളം വെറൈറ്റി ഉമ്മകള്‍. എല്ലാവരും പോയി ഇതുപോലെ പുതിയ പുതിയ ഉമ്മകള്‍ പരീക്ഷിക്കൂ. കണ്ടെത്തൂ. ഉമ്മശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ പങ്കാളിയാകൂ. എല്ലാ സുഹൃത്തുക്കള്‍ക്കും ഉമ്മ ദിനാശംസകള്‍.. ഒപ്പം ഓര്‍ക്കുക, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പൊതുവഴിയില്‍ വച്ച് ഉമ്മ വയ്ക്കുന്നത്, ഐ.പി.സി. 294 പ്രകാരം കുറ്റകരമാണ്. ചുംബനശാസ്ത്രം മാത്രമല്ല, ചുംബനനിയമങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.












പ്രണയത്തിന്‍റെ, ചുംബനത്തിന്‍റെയും ജീവശാസ്ത്രത്തെ പറ്റി വിശദമായി വായിക്കാന്‍ ഈ ബ്ലോഗിലെ പ്രണയത്തിന്‍റെ ജീവശാസ്ത്രം എന്ന ലേഖനം വായിക്കൂ..

©മനോജ്‌ വെള്ളനാട്