Showing posts with label പാറാവുകാരന്‍. Show all posts
Showing posts with label പാറാവുകാരന്‍. Show all posts

പാറാവുകാരന്‍




http://www.vellanadandiary.com/2014/01/blog-post_9.html
("മഴവില്ല്" മാസിക, 2014 ജനുവരി ലക്കം.)

ഇരുപത്തിനാല് മണിക്കൂറാണ് ജോലി.
അതാ നല്ലത്, അതാകുമ്പോ നാളെ
ഇരുപത്തിനാല് മണിക്കൂര്‍
മനസ്സിനൊപ്പം വീട്ടിലിരിക്കാം

ഐ.സി.യു.വിനു മുന്നിലോ
ലിഫ്റ്റിനകത്തോ
കാഷ്വാല്‍റ്റിയിലോ
ഗേറ്റിലോ
ചിലപ്പോളങ്ങു പാര്‍ക്കിങ്ങ് ഗ്രൌണ്ടിലോ
പോയി നില്‍ക്കാന്‍ പറയും.

പണ്ടു നേവിയിലായിരുന്ന
കാലത്തിന്‍ ശേഷിപ്പുപോലെ
തിരയൊടുങ്ങിയ കണ്ണുകളില്‍
മൌനത്തിന്‍ കപ്പലോടിത്തുടങ്ങും.

ഉച്ചയ്ക്ക് കഴിക്കാന്‍ രാവിലത്തെ
ഇഡ്ഡലി പൊതിഞ്ഞുകൊണ്ടുവരും.
അതാകുമ്പോള്‍ ബാക്കി വച്ചാല്‍
രാത്രിയിലും കഴിക്കാം.

രാത്രിയായാല്‍ പാന്റിനകത്ത് നിന്നും
ഉടുപ്പിനെ സ്വതന്ത്രനാക്കി,
പേശികള്‍ക്ക് അയവ് വരുത്തി,
ഒടിയാറായ ഫൈബര്‍ കസേരയില്‍
നടുവളച്ചിരിക്കാം.

എത്ര ശ്രമിച്ചാലും അറിയാതെ
ഉറങ്ങിപ്പോകും.
ചെറുശബ്ദത്തില്‍ പോലും
ശ്വാനനെപ്പോലെ ഞെട്ടിയുണരും.

ഓരോ ഉണര്‍ച്ചയിലും
ശരീരത്തെ സ്വയം ശാസ്സിക്കും.
മനസ്സിനെ,യങ്ങു ദൂരെ
കണ്ണുതുറന്നുറങ്ങുന്ന പുരയ്ക്ക്
കാവല്‍ നിര്‍ത്തിയിട്ട-
റിയാതെ ഉറങ്ങിപ്പോയതിന്.