Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

പ്രണയക്കൊലകൾ പെരുകുമ്പോൾ!!

പ്രേമിച്ചിട്ടുണ്ട്.
പിറകെ നടന്നിട്ടുണ്ട്.
നിസാരമായി നിരസിച്ചിട്ടുണ്ട്.
വീണ്ടും പിറകെ നടന്നിട്ടുണ്ട്.
ഒടുവിൽ സമ്മതിച്ചിട്ടുണ്ട്.

ഇനി അഥവാ സമ്മതിച്ചില്ലേലും ഏതെങ്കിലും വിധത്തിൽ അവളെ ഉപദ്രവിക്കുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. അവിടുന്നൊരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും നമ്മുടെയൊക്കെ പ്രണയത്തിന്റെ സ്വഭാവം തന്നെയങ്ങ് മാറിയോ? പ്രൊപ്പോസ് ചെയ്തു കഴിഞ്ഞാൽ പിന്നെയവൾ തന്റെയാണെന്ന് കരുതുന്ന മണകൊണാഞ്ചന്മാരാണോ ഇപ്പൊഴത്തെ കാമുകന്മാർ? 'നോ' പറഞ്ഞാൽ കത്തിക്കാൻ പെട്രോളുമായി നടക്കുന്ന കാമുകന്മാരാണോ നമ്മുടെ കൗമാരക്കാർ?

പ്രണയിക്കുന്ന ഒരു മനുഷ്യന് ഇങ്ങനൊക്കെ ചെയ്യാൻ കഴിയുന്നതിന്റെ കാരണമെന്തായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ പ്രതിയുടെ മാനസികാരോഗ്യത്തെ പ്രതിയാക്കി വെറുതെയിരിക്കാമായിരുന്നു. ഇതിപ്പൊ മാസത്തിൽ രണ്ടെന്ന കണക്കിൽ പെട്രോളായും ആസിഡായും നമ്മുടെ പ്രണയസങ്കൽപ്പങ്ങളെ പൊള്ളിക്കുന്നുണ്ട് ന്യൂജെൻ കാമുകന്മാർ.

എന്റെയൊരു നിഗമനം, ഈ പറയുന്ന കാമുകന്മാർക്കൊന്നും നല്ല സൗഹൃദങ്ങളേയില്ലായെന്നാണ്. സ്വന്തവും അല്ലാതെയുമുള്ള അനുഭവങ്ങളിൽ നിന്നുള്ള നിഗമനമാണ്. കാമുകിയേക്കാൾ പലപ്പോഴും നമ്മളെ മനസിലാക്കിയിട്ടുള്ളത്, നമ്മുടെ പൈങ്കിളിത്തരങ്ങളെ വിമർശിച്ചിട്ടുള്ളത്, പലപല വട്ടുകൾക്കും പ്രതിസന്ധികളിലും കൂടെ നിന്നിട്ടുള്ളത്, പ്രണയനഷ്ടം വിഷാദത്തിലേക്ക് പോകാതെ താങ്ങിയിട്ടുള്ളതൊക്കെ കൂട്ടുകാരാണ്. +2 പരീക്ഷയുടെ തലേന്ന് രാത്രി 12 മണിക്ക് സൈക്കിളിൽ ആറുകിലോമീറ്റർ അപ്പുറത്തെ കാമുകിയുടെ വീടുകാണാൻ കൂട്ടുവരാൻ മാത്രം കൂട്ടായിരുന്ന കൂട്ടുകാരന്മാരാണ് എനിക്കുണ്ടായിരുന്നത്. അവളുറങ്ങിക്കാണുമെന്ന് അറിയാമെങ്കിലും, ചുമ്മാ പോയി റോഡിൽ നിന്ന് വീടെങ്കിലും കണ്ടിട്ട് വരാമെന്ന് പറയുമ്പൊ കൂടെ വന്നിരുന്നവർ.

മനസിൽ ഒരുവളോടുള്ള പ്രണയം മൊട്ടിടുന്നതു മുതൽ നമ്മുടെ ഓരോ വികാരങ്ങളും ആ കൂട്ടുകാരോട് പറയും. പ്രൊപ്പോസ് ചെയ്യാനുള്ള വിവിധങ്ങളായ ഐഡിയകൾ മുതൽ അവളുടെ മുന്നിൽ ചെന്ന് അതൊക്കെ പറഞ്ഞ് ഫലിപ്പിക്കാനായി, പറഞ്ഞു പഠിപ്പിക്കുന്നതു വരെ കൂട്ടുകാരായിരിക്കും. ഡെസ്പായി തിരിച്ചു വരുമ്പൊ 'പോട്ടെടാ, അവളല്ലേൽ വേറൊരാൾ' എന്നൊക്കെ പറയാനും 'ഇല്ല, എനിക്കവളെ മതി' എന്ന് വാശി പിടിക്കുമ്പോ 'എന്നാ വാ അടുത്ത ഐഡിയ നോക്കാ'മെന്നും പറഞ്ഞ് കൂടെക്കൂടുന്നവർ. ഒടുവിൽ ഇതൊന്നും വർക്കൗട്ട് ആയില്ലെങ്കിലും, ആ കട്ട ഡെസ്പിലും അവനെങ്കിലും കൂട്ട് കാണും. ഇനിയഥവാ വിഷമവും ദേഷ്യവും സഹിക്കാതെ ഞാനവളെ ഇന്ന് ശരിയാക്കുമെന്ന് പറഞ്ഞിറങ്ങിയാലും 'നിനക്ക് വട്ടാടാ, അവളു പോണെങ്കി പോട്ടെ, നീ വന്നേ'യെന്ന് പറഞ്ഞു പിന്തിരിപ്പിക്കാനും ഒരു കൂട്ടുകാരൻ കാണും. 'അവൾക്ക് നിന്നെ വേണ്ടെങ്കിൽ പിന്നെന്തിനാടാ പുല്ലേയിങ്ങനെ ചാവുന്ന'തെന്നും അവൻ ചോദിക്കും. പതിയെയാണെങ്കിലും അവൾ പറഞ്ഞ 'NO' യെ അവനെക്കൊണ്ടംഗീകരിപ്പിക്കും.

ഇങ്ങനെയൊക്കെയൊരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ കാമുകന്മാർ കുപ്പിയിൽ പെട്രോളുമായി കാമുകിയെ കാണാൻ പോകുമായിരുന്നോ? പുറമെ പ്രണയമെത്ര മാറിയാലും പ്രണയിക്കുന്നവരുടെ മനസെല്ലാ കാലത്തും ഒരുപോലായിരിക്കും എന്നായിരുന്നു എന്റെ ധാരണ. ഇതൊക്കെ കാണുമ്പോ അത് തെറ്റാണെന്ന് തോന്നുന്നു. വെള്ളമടിക്കുമ്പോ ടച്ചിംഗ്സ് മാത്രം കഴിച്ച് കൂടെയിരിക്കുന്ന ചില ഫ്രണ്ട്സുണ്ടാവും എല്ലാവർക്കും. എന്നെ പിടിക്കണ്ടാ, ഞാൻ ഫിറ്റല്ലാന്ന് പറഞ്ഞ് കുടിച്ചവൻ ലക്കുകെട്ട് വീഴാൻ പോവുമ്പൊ താങ്ങി നിർത്തുന്നത് ആ sച്ചിംഗ്സ് ഈറ്ററായിരിക്കും. അതുപോലെ പ്രേമത്തിന്റെ ലഹരി തലയ്ക്കു പിടിച്ചവർക്ക് സ്വബോധമുള്ളൊരു ഫ്രണ്ടുണ്ടാവുന്നത് നല്ലതാണ്.

നിഷ്ഠൂരമായ കൊലപാതകങ്ങളെ സൗഹൃദമില്ലാത്തതാണ് കാരണമെന്ന് പറഞ്ഞ് ലഘൂകരിക്കുകയേ അല്ല ഇവിടെ. പക്ഷെ നല്ല സൗഹൃദങ്ങൾ പ്രണയകാരണമുള്ള ഒരുപാട് ആത്മഹത്യകളെ ഒഴിവാക്കിയതറിയാം. അതുപോലെ ചില കൊലപാതകങ്ങളെയും.



പ്രണയിനി പോലും അറിയാത്ത പ്രണയരഹസ്യം


ഒരു പച്ച പട്ടുപാവാടയുണ്ടായിരുന്നു അവള്‍ക്ക്. മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും കല്ലുവാരന്‍തോട് കരമനയാറ്റില്‍ ചേരുന്ന മുനമ്പിലെ കൈതക്കാട് പോലെ തിളങ്ങുന്ന ആ പച്ചയില്‍ അന്ന്‍ അവളെ കണ്ട നിമിഷം, അക്കാലം വരെ പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നത് എന്തോ കുറച്ചിലായി കണ്ടിരുന്ന ഞാന്‍ ഒറ്റ സെക്കന്റില്‍ ആ തീരുമാനം മാറ്റി. ആള് സ്കൂളിലെ തന്നെ വലിയ സുന്ദരിയൊക്കെ ആയിരുന്നിട്ടും അതുവരെ ആരുടേയും ചൂണ്ടയില്‍ കുടുങ്ങിയിട്ടുണ്ടായിരുന്നില്ല.. :)

പിന്നങ്ങോട്ട് വെള്ളനാട് സ്കൂളിലെ +2 ബ്ലോക്കിന്‍റെ വരാന്തയിലൂടെ, കാറ്റേറ്റാല്‍ പോലും കയ്ക്കുന്ന കാഞ്ഞിരമരത്തിന്‍റെ മധുരിക്കുന്ന തണലിലൂടെ അവള്‍ക്ക് പിന്നാലെ കുറുകിക്കുറുകി നടന്ന ദിനങ്ങള്‍. കുളത്തില്‍ ചൂണ്ടയിട്ടും തോര്‍ത്തില്‍ മീനരിച്ചും ഉണ്ടാക്കിയ അനുഭവസമ്പത്തൊന്നും അവളുടെ അടുത്ത് വിലപോയില്ല. പിന്നവസാനം....(മോഹന്‍ലാല്‍ വന്ദനത്തില്‍ ഗാഥയുടെ പുറകെ നടക്കുന്നതിലും ലെങ്തി ആയതിനാല്‍ ഇവിടെ എഴുതി ബോറടിപ്പിക്കുന്നില്ല.. :) )

ഒടുവില്‍, അനുരാഗത്തിന്‍റെ സുന്ദരസുരഭില ദിനങ്ങള്‍.. സ്കൂളിലെ മറ്റുള്ളവരുടെ ക്ലീഷേ പ്രണയങ്ങളില്‍ നിന്നും എന്തെങ്കിലും വെറൈറ്റി നമ്മുടെ പ്രണയത്തിനു വേണം എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അടുത്ത വീട്ടില്‍ ഒരു മഞ്ചാടിമരം ഉണ്ടായിരുന്നു. ചുമന്നു തിളങ്ങുന്ന മഞ്ചാടി മണികളെക്കാള്‍ പ്രണയം വിങ്ങുന്ന മനസ്സിനെ പ്രതിഫലിപ്പിക്കാന്‍ വേറെന്തുണ്ട്. അങ്ങനെ ദിവസവും അഞ്ചു മഞ്ചാടിമണികള്‍ വീതം ഞാനവള്‍ക്ക് കൊടുത്തുകൊണ്ട് ഓരോ ദിവസത്തെയും ഞങ്ങളുടെ പ്രണയത്തെ ലോകത്തിലെ ഒരേയൊരു സത്യമാക്കി മാറ്റി. അതെ, ഈ ഭൂമിയിൽ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ലായിരുന്നു. പകൽ മായുന്നില്ല. സൂര്യനുദിക്കുന്നില്ല, അസ്തമിക്കുന്നില്ല. മഴ പെയ്യുന്നില്ല. എന്തിന് കാറ്റും കിളികളും വാഹനങ്ങളും അമ്പലമണികൾ പോലും നിശ്ചലമായിരുന്നു അക്കാലത്ത്. ഒരു ദിവസം പോലും മുടങ്ങാതെ, അവധി ദിനങ്ങളില്‍ പോലും മഞ്ചാടി മണികള്‍ അവളുടെ കയ്യില്‍ എത്തിക്കൊണ്ടിരുന്നു. നമ്മുടെ പ്രണയത്തിനു പിന്തുണയെന്നോണം മരം മഞ്ചാടിമഴ തന്നെ പെയ്തു.

അവളത് ഒരു പ്ലാസ്റ്റിക്‌ ഡപ്പിയില്‍ സൂക്ഷിച്ചു. ക്ലാസ്സിന്‍റെ ഓരോ ഇടവേളകളിലും, വീട്ടില്‍ ആരും കാണാതെയും വെറുതെ അതിന്‍റെ എണ്ണമെടുത്തു സ്വപ്നജീവിയായി. എന്തുകൊണ്ട് അഞ്ചെണ്ണം എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിന് എന്‍റെ കുഞ്ഞമ്മ വരെ.. :) പക്ഷെ അതിനു പിന്നിലെ രഹസ്യം അവളോട്‌ പോലും പറഞ്ഞിട്ടില്ല. അതിപ്പോഴും രഹസ്യം. പ്രണയിനി പോലും അറിയാത്ത പ്രണയരഹസ്യം.

ആ രഹസ്യം പോലെ, അവള്‍ക്കറിയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ട്. ഒരു സുന്ദരിപ്പാവക്കുള്ളില്‍ (വെള്ളനാട് അമ്പലത്തിലെ ഉത്സവത്തിന് വാങ്ങിയത്) അന്നു ഞാന്‍ ശേഖരിച്ച മഞ്ചാടി മണികളില്‍ അവള്‍ക്ക് നല്‍കിയ ശേഷം ബാക്കിയുള്ളവ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചരിച്ചു വച്ചാല്‍ കണ്ണടയ്ക്കുകയും നിവര്‍ത്തുമ്പോള്‍ കണ്ണ് തുറക്കുകയും ചെയ്യുന്ന നീല ഫ്രോക്കിട്ട പാവ. :) ഞാനിപ്പോഴും ഇടയ്ക്കൊക്കെ അതെടുത്ത് വെറുതെ നോക്കും. വെറും വെറുതെ. എന്നിട്ട് പൊടിയടിക്കാതെ പ്ലാസ്റ്റിക്‌ കവറിലാക്കി തിരികെ വക്കും.

അതിനകത്തിപ്പോള്‍ എത്ര മഞ്ചാടി മണികളുണ്ടെന്നോ? ഹ.. ഹ.. പ്രണയമണിമുത്തുകള്‍ എണ്ണാന്‍ കഴിയുമോ? <3 <3