Showing posts with label CANCER. Show all posts
Showing posts with label CANCER. Show all posts

പതുങ്ങിയിരിക്കുന്ന സൈക്കോപാത്ത്!!

മനുഷ്യശരീരം ഒരു ജനാധിപത്യ രാജ്യമാണ്. കോശപൗരന്മാരെല്ലാം തന്നെ കട്ട ജനാധിപത്യവിശ്വാസികളും. ജോലി സംബന്ധമായ തരംതിരിവുകളുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിവിധ അവയവ സംസ്ഥാനങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം പരസ്പരം ആശ്രയിച്ചും ആവേശം പകർന്നും ഒരൊറ്റ രാജ്യമെന്ന വിചാരത്തോടങ്ങനെ കഴിയുന്നു. ബഹുസ്വരതയുടെ ശരിയായ എക്സാമ്പിൾ. ഭക്ഷ്യവകുപ്പ്, മാലിന്യനിർമ്മാർജന വകുപ്പ്, രാജ്യപുനർനിർമ്മാണവകുപ്പ്, പ്രണയവകുപ്പ്, മാനസികാരോഗ്യ വകുപ്പ് തുടങ്ങി ഓരോന്നിനും കട്ട പ്ലാനിങ്ങുള്ള ഒരടിപൊളി രാജ്യം. പുറമേ നിന്നുള്ള കടന്നാക്രമങ്ങൾ തടയാൻ പ്രതിരോധവകുപ്പും അകത്തെ ക്രമസമാധാന പരിപാലനത്തിനായി ഒരൊന്നൊന്നര ആഭ്യന്തരവകുപ്പുമുണ്ട്.

ഓരോ നിമിഷവും ആ രാജ്യത്ത് കോശപൗരന്മാർ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. മേലനങ്ങി പണിയെടുത്ത് സ്വന്തം ജോലി വൃത്തിയായി ചെയ്യുന്ന ആ ബഹുഭൂരിപക്ഷങ്ങൾക്കിടയിൽ അരാഷ്ട്രീയവാദികളും ക്രിമിനലുകളും താന്തോന്നികളും ലോകത്തെവിടെയും എന്ന പോലെ ഈ രാജ്യത്തുമുണ്ടാവുന്നുണ്ട്. എന്നുവച്ചാൽ, ഒരു കോശസമൂഹത്തിലെ നിയമങ്ങൾ അനുസരിക്കാൻ മടിയുള്ളവർ, നിശ്ചിത സമയത്തിനുള്ളിൽ ഇത്ര പ്രാവശ്യമേ വിഘടിക്കാൻ പാടുള്ളൂവെന്ന റൂളിഷ്ടപ്പെടാതെ ലക്കും ലഗാനുമില്ലാതെ കോശസന്തതികളെ പെറ്റു കൂട്ടുന്നവർ, സഹകോശങ്ങൾക്കുള്ള അപ്പോം മുട്ടേം യാതൊരുളുപ്പുമില്ലാതെ അകത്താക്കുന്നവർ, ചോദിക്കാൻ ചെന്നാൽ ആക്രമിക്കുന്നവർ അങ്ങനെ നിരവധി സ്വഭാവദൂഷ്യങ്ങളുള്ള കോശങ്ങളും ഇവിടുണ്ടാവുന്നുണ്ട്, അതും ഓരോ സെക്കന്റിലും.

അങ്ങനെയുള്ളവരെ കാണുന്ന നിമിഷം കൊന്നുകളഞ്ഞേക്കാനാണ് ആ ജനാധിപത്യ രാജ്യത്തെ നിയമം. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ മാക്രോഫാജുകൾ, നാച്ചുറൽ കില്ലർ സെല്ലുകൾ ഒക്കെയാണീ കൊല്ലലിന്റെ ആൾക്കാർ. ഇത്തരം സാമൂഹ്യവിരുദ്ധരെ ഈ ആരാച്ചാർമാർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാജ്യത്താളുണ്ട്, ആന്റിജൻ പ്രസന്റിംഗ് കോശങ്ങൾ, ഡെൻഡ്രൈറ്റിക് കോശങ്ങൾ തുടങ്ങിയവരാണ് സ്ഥിരം ചാരന്മാർ.

ഈ നിയമലംഘനങ്ങൾ, അതിന്റെ കണ്ടെത്തൽ, ഷൂട്ട് അറ്റ് സൈറ്റൊക്കെ ഓരോ സെക്കൻറിലും ശരീരമാകുന്ന ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നടക്കുന്നുണ്ട്. പക്ഷേണ്ടല്ലോ, ചില അവസരങ്ങളിൽ ചിലർ ഇതിൽ നിന്നൊക്കെ വളരെ ബുദ്ധിപൂർവ്വം രക്ഷപ്പെടും!

അങ്ങനെ രക്ഷപ്പെടുന്നവർ ചില്ലറക്കാരായിരിക്കില്ലല്ലോ. അവർ രാജ്യത്തിന് തന്നെ ഭീഷണിയാണ്. നാട്ടിലെ നിയമങ്ങളെ തെല്ലും പേടിയില്ലാത്ത ആ സാമൂഹ്യവിരുദ്ധർ സകല നിയന്ത്രണങ്ങളും ഭേദിച്ച് വളരും. ചാരന്മാരെ അടിച്ചമർത്തും. വിഭജിച്ചും വീണ്ടും വിഭജിച്ചും അവർ സാമൂഹ്യവിരുദ്ധരുടേത് മാത്രമായൊരു നാട്ടുരാജ്യം തന്നെ തീർക്കും. യഥാർത്ഥരാജ്യത്തെ വിഭവങ്ങൾ അവർ കൊള്ളയടിക്കും. ആ ഇത്തിൾക്കണ്ണിയായ പുതിയ നാട്ടുരാജ്യത്തെ, മറ്റു ജനാധിപത്യകോശങ്ങൾ വിളിക്കുന്നത് 'കാൻസർ' എന്നാണ്.

ഈ കാൻസർ കോശങ്ങൾ വെറും സാമൂഹ്യവിരുദ്ധർ മാത്രമല്ലാ, ഒന്നാന്തരം സൈക്കോപ്പത്തുകൾ കൂടിയാണ്. രാജ്യമുണ്ടെങ്കിലേ അവർക്കും നിലനിൽപ്പുള്ളൂ എന്ന വീണ്ടുവിചാരം തീരെയില്ലാത്തവർ. നല്ലവരായ മറ്റു കോശങ്ങളെ ആക്രമിക്കുകയും അവർക്കുള്ള ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവർ. എന്നിട്ട് ചില സോംബീ സിനിമകളിലെ പോലെ സ്വന്തം ജനസംഖ്യ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിലേക്ക് പടർന്നു കയറാനും അവിടങ്ങളിൽ ഒളിച്ചുപാർത്ത് അവരെയും നശിപ്പിക്കാനും ഈ സൈക്കോപ്പത്തുകൾക്ക് യാതൊരു മടിയുമില്ല. മെറ്റാസ്റ്റാറ്റിക് ഇഡിയറ്റ്സ്!

ഇതേ സമയം ജനാധിപത്യരാജ്യ തലസ്ഥാനത്ത് കടുത്ത പ്രശ്നങ്ങളാണ്. സൈക്കോപ്പത്തുകൾ രക്ഷപ്പെട്ടത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടെന്ന് ചിലർ. കാൻസർ കോശങ്ങളാണെങ്കിലും അവരും കോശപൗരന്മാരെണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും പറഞ്ഞു മറ്റു ചിലർ. എന്തായാലും ആഭ്യന്തരവകുപ്പ് കൂടുതൽ മാക്രോഫേജുമാരെയും കില്ലർ കോശങ്ങളും B, T-ലിംഫോസൈറ്റുകളും ആന്റിബോഡികളും ഒക്കെ കടം വാങ്ങിയും പലിശയ്ക്കെടുത്തും നിരത്തിലിറക്കി യുദ്ധം ശക്തമാക്കാൻ ശ്രമിക്കാറുണ്ട്. മറ്റെല്ലാ വകുപ്പുകൾക്കുമുള്ള ഫണ്ട് ഈ സമയം സർക്കാർ വെട്ടിക്കുറയ്ക്കും. അവരും തളരും. പക്ഷെ, അപ്പോഴേക്കും എതിരാളി അതിശക്തന്മാരായി കഴിഞ്ഞിട്ടുണ്ടാവും.

പുറം രാജ്യങ്ങളുടെ സഹായം തേടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. കാൻസറിനോട് യുദ്ധം ചെയ്യാൻ ശാസ്ത്രസാമ്രാജ്യത്തിലെ യോദ്ധാക്കൾക്കേ കഴിയൂ. അവരെ കൊണ്ടു വരികയാണ് ശരിയായ രീതി. പക്ഷെ, അന്യന്റെ രാജ്യം നശിച്ചാലും സ്വന്തം കാര്യം നടക്കണമെന്ന് വിചാരിക്കുന്ന സൈക്കോപത്തുകളായ രാജ്യങ്ങളുമുണ്ട്. അവരുടെ മോഹനവാഗ്ദാനങ്ങളിൽ പെട്ട് സ്വന്തം രാജ്യം നഷ്ടപ്പെട്ടവർ ധാരാളം. അവർക്കോശാന പാടുന്ന കേശവൻ മാമന്മാരും.

എന്നാൽ ശാസ്ത്രസാമ്രാജ്യത്തിൽ അഭയം തേടിയ രാജ്യങ്ങൾ രക്ഷപ്പെട്ട ചരിത്രമാണധികവും. അവിടെ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ തുടങ്ങി ഇമ്യൂണോതെറാപ്പി വരെയുള്ള യുദ്ധമുറകളുണ്ട്. സൈക്കോപ്പത്തിന്റെ സ്വഭാവമനുസരിച്ച് ഏതാണെന്ന് വച്ചാൽ യഥേഷ്ടം തെരെഞ്ഞെടുക്കാം.

ഇന്ന് നവംബർ 7, ദേശീയ കാൻസർ ബോധവൽക്കരണദിനമാണ്. 2014 മുതലാണ്‌ ഇന്ത്യയിൽ ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന ഡോ. ഹർഷ് വർദ്ധനായിരുന്നു അതിനു മുൻകൈ എടുത്തിരുന്നത്. വ്യക്തികളിലും സമൂഹത്തിലും കാൻസർ എന്ന രോഗത്തെ സംബന്ധിച്ച് ആധികാരികവും സത്യസന്ധവുമായ ധാരണ ഉണ്ടാക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നത്തിനും സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമൊക്കെയാണ് ഈ ദിനം ആചരിക്കുന്നത്.

നിങ്ങൾക്കറിയാമോന്ന് എനിക്കറിഞ്ഞൂടാ, 40 ശതമാനം കാൻസറുകളും നമുക്ക് വരാതെ നോക്കാവുന്നതാണെന്ന്. മറ്റൊരു നാൽപ്പത് ശതമാനം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചുഭേദമാക്കാൻ സാധിക്കുന്നവയുമാണ്. നിർഭാഗ്യവശാൽ പലപ്പോഴും പല കാൻസറുകളും വൈകിയാണ് കണ്ടെത്തപ്പെടുന്നത് എന്ന് മാത്രം..



പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ, ചരിത്രം നോക്കിയാലറിയാം, ഒരു രാജ്യവും അതിന്റെ അതിർത്തികളും ശാശ്വതമല്ല. ബാക്ടീരിയയുടെയും വൈറസിന്റെയും ആക്രമണത്തിൽ രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിമാരെ നമുക്കറിയാം. രാജ്യങ്ങൾ അവരുടെ പ്രതിരോധവകുപ്പിനെ ആന്റിബയോട്ടിക്കുകൾ കൊണ്ട് ശക്തിപ്പെടുത്തിയ ശേഷം അത്തരം ദുരനുഭവങ്ങൾ കുറവാണ്. പക്ഷെ കാൻസർ, അതൊരാഭ്യന്തര പ്രശ്നമാണ്. ഇത്തരം സൈക്കോപ്പത്തുകളുണ്ടാവുന്നത് തടയാൻ ആഭ്യന്തര വകുപ്പ് ശക്തമായി ഇടപെട്ടില്ലെങ്കിൽ, കൃത്യസമയത്ത് ശാസ്ത്ര സാമ്രാജ്യത്തിന്റെ സഹായം തേടിയില്ലെങ്കിൽ അതീ രാജ്യവും കൊണ്ടേ പോകൂ.. ജയ് ഡെമോക്രസി!

#National_Cancer_Awareness_Day
#November_7

©മനോജ്‌ വെള്ളനാട്

കാൻസർ ഇമ്മ്യൂണോതെറാപ്പി / Immunotherapy


              
              "എന്റെ ജീവൻ രക്ഷിച്ചതിന് നന്ദി"



ഒരു നന്ദി പറച്ചിലാണീ ചിത്രത്തിൽ. ഇടതുവശത്തുള്ളത് തോമസ് ഡാൾ (Thomas Dahl) എന്ന രോഗി. അദ്ദേഹത്തിന് ടോൺസിൽസിൽ കാൻസറായിരുന്നു. നിലവിലുള്ള ചികിത്സാരീതികളൊന്നും ഫലപ്രദമല്ലായിരുന്നു അദ്ദേഹത്തിന്റെ കാര്യത്തിൽ. പക്ഷെ കാൻസർ ഇമ്യൂണോതെറാപ്പിയിലൂടെ അദ്ദേഹം രോഗമുക്തനായി. കാൻസർ ചികിത്സയിൽ ഇമ്യൂണോതെറാപ്പിയെന്ന പുതിയ ചികിത്സാമാർഗം ആവിഷ്കരിച്ച ജയിംസ് ആലിസനും (James P Allison)  ടസുകു ഹോൻജോ (Tasuku Honjo) യുമാണ് ചിത്രത്തിൽ കൂടെയുള്ളവർ. അവർക്കായിരുന്നു 2018-ലെ മെഡിസിനുള്ള നോബൽ സമ്മാനം.
എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന ക്യാൻസർ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണെന്ന് നമുക്കറിയാം. ഈ ട്യൂമർ സെല്ലുകളെ ആക്രമിക്കാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അന്തർലീനമായ കഴിവിനെ ഉത്തേജിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന കണ്ടെത്തലിനായിരുന്നു ഈ സമ്മാനം. കാൻസർ ചികിത്സയിലെ പുതിയമാനം. എന്താണീ ഇമ്യൂൺ തെറാപ്പിയെന്നറിയാൻ താൽപ്പര്യമുള്ളവർക്ക് തുടർന്ന് വായിക്കാം.

അർബുദകോശങ്ങൾ അതി തന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ച് വിഭജിച്ച് അവരുടെ സമൂഹം (ട്യൂമർ) സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട് പൈപ് ലൈൻ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകൾ അതിലംഘിക്കും. കോശങ്ങളുടെ സർവ്വനിയന്ത്രണങ്ങളുമുള്ള, മദർ സുപ്പീരിയർ ആയ ന്യൂക്ളിയസിലെ ഡി എൻ എ യിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. നേരത്തെ “കീമോതെറാപ്പി” യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടി കോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്.  പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ (Immune system)യെ ഊർജ്ജതരമാക്കുന്ന വിദ്യകളാണ് ചികിൽസാപദ്ധതിയിൽ. കഠിനമായ രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഒരുകാലത്ത് ഇന്നലത്തെ കഥയായി മാറിയേക്കാം.
    
 നമ്മുടെ രക്തത്തിലുള്ള റ്റി കോശങ്ങൾ (T cells) ആണ് അനധികൃതമായി കടന്നു കൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. ഈ റ്റി കോശങ്ങൾ നേരിട്ട് വെട്ടി കൊലപാതകം ചെയ്യുന്ന ആയോധനകലയിൽ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശം. അർബുദകോശങ്ങളേ നേരിടാൻ ഈ T cells നെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അർബുദകോശങ്ങൾ നമ്മുടേത് തന്നെ ആയതിനാൽ ഈ റ്റി കോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണ്. എന്നാൽ അതിചാതുര്യവാന്മാരായ ക്യാൻസർ കോശങ്ങൾക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങൾ പറ്റുന്നുണ്ട്. അവയുടെ ഡി എൻ എയിലെ ചില പാകപ്പിഴകളാൽ (ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അർബുദകോശങ്ങളായി മാറിയതു തന്നെ) പുതിയചില പ്രോട്ടീൻ തന്മാത്രകൾ ഉപരിതലത്തിൽ പ്രദർശിപ്പിച്ച് “ഞങ്ങൾ ക്യാൻസർ കോശങ്ങളാണേ” എന്ന് അറിയിച്ചു കൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും. നമ്മുടെ റ്റി സെല്ലുകളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്. അതിലും എളുപ്പമായ വിദ്യ ക്യാൻസർ കോശങ്ങൾ പ്രദർശിപ്പിക്കുന്ന മേൽപ്പറഞ്ഞ പ്രത്യേക തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന “ആന്റി ബോഡി” എന്ന പ്രോട്ടീൻ കുത്തിവച്ചാലും മതി. ഈ ‘ആന്റിബോഡികൾ’ അർബുദകോശങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിച്ചുകൊള്ളും. ഈ തന്മാത്രകളോട് കൂട്ടിച്ചേർക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കൾ ഇതിനു ആക്കം കൂട്ടുന്ന വിദ്യയും ഉണ്ട്. ക്യാൻസർ കോശങ്ങളെ മാത്രം ഇവകൾ ഉന്നം വയ്ക്കുന്നതുകൊണ്ട് ശരീരം ആകമാനം വിഷമതകളിൽ പെടുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങൾക്കിടയിൽ പലേ ക്യാൻസറുകൾക്കുമുള്ള ഈ കുത്തിവയ്പ്പ് മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.
  
അർബുദകോശങ്ങൾ അതീവ സാർത്ഥ്യക്കാരാണെന്നതിൽ സംശയമില്ല. കൊല്ലാൻ വരുന്ന റ്റി സെൽസിനെ നിർവ്വീരീകരിച്ച് ആക്രമണോൽസുകതയിൽ നിന്ന് പിൻതിരിപ്പിക്കാൻ അവയ്ക്കറിയാം. റ്റി സെൽസിന്റെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോടീനുകളെ പൊത്തി അമർത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോടീനുകൾ കുത്തിവയ്ക്കുന്നത് ഇന്ന് ക്യാൻസർ ചികിൽസയിലെ നൂതനവും പ്രഭാവശാലിയും ആയ മാർഗ്ഗമാണെന്നുള്ളത് വിപ്ലവം തന്നെ. “ചെക്ക് പോയിന്റ് അമർത്തൽ’ (Check point inhibition) എന്ന് വിളിയ്ക്കുന്ന ഈ ചികിൽസാപദ്ധതി വൻ വിജയമാണ്; 2010 ഇനു മുൻപ് 12% മാത്രം അതിജീവനം സാദ്ധ്യമായിരുന്ന ചർമ്മാർബുദക്കാർ 60% ഇലേക്കാണ് ഇതുമൂലം കുതിച്ചുയർന്നത്.
      
പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിൽസാപദ്ധതിയാണ് “ജീവിക്കുന്ന മരുന്ന്’ (Living drug) എന്ന വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി സെൽസിനെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തിൽ കടത്തിവിടുകയാണ് സൂത്രപ്പണി. ജീൻ തെറാപ്പി (പുതിയ ജീനുകൾ സന്നിവേശിപ്പിച്ച കോശങ്ങൾ  ഉപയോഗിച്ചുള്ള ചികിൽസ) പുതിയ മാനങ്ങൾ തേടുന്ന ആധുനിക രീതിയാണിത്. മേൽപ്പറഞ്ഞ റ്റി കോശങ്ങളിൽ പുതിയ ജീനുകൾ കൊരുത്താണ് അർബുദകോശങ്ങളെ നേരിടാൻ തയാറാക്കുന്നത്. രോഗിയുടെ രക്തത്തിൽ നിന്നും തന്നെ വേർതിരിച്ചെടുത്ത റ്റി കോശങ്ങളിൽ  ക്യാൻസർ കോശങ്ങളെ നേരിടാനുള്ള ആയോധാനവിദ്യകൾ പെറുന്ന ജീനുകൾ സന്നിവേശിപ്പിക്കുകയും (പരീക്ഷണശാലയിൽ അത്യാധുനിക മോളിക്യുലാർ ട്രിക്കുകൾ ഉപയോഗിച്ചണിത്) പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. രോഗിയ്ക്കുള്ള പ്രത്യേക അർബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ,ഈ റ്റി സെൽസ് രോഗിയിൽ കുത്തിവച്ചാൽ ഇവ നേരേ പോയി ക്യാൻസർ കോശങ്ങളെ നശിപ്പിച്ചുകൊള്ളും. റ്റി സെൽസിനു മറ്റൊരു പ്രവണതയുമുണ്ട്. ഒരു തവണ ക്യാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്ന് സ്വന്തം രൂപത്തിൽ ആയിരക്കണക്കിനു അതേ റ്റി സെൽസ് ആയി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ റ്റി സെൽസ് കുത്തി വച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധി ഭരണസമിതി (Food and Drug Administration)  ഈയിടെ അനുമതി നൽകിയ ഈ ചികിൽസാ പദ്ധതി ഏറേ വിജയം കാണുകയാണ് പല ക്യാൻസർ രോഗികളിലും.
  പല ക്യാൻസറിനും ഒരേ ചികിൽസ അനുവദിക്കുന്ന മറ്റൊരു ആധുനിക രീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ. ഓരോ അവയവത്തിനും ഓരോ ക്യാൻസർ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതനുസരിച്ച് ചികിൽസ നിശ്ചയിക്കുകയാണ് ഈ പദ്ധതിയിൽ. വ്യക്തിപരമായ ഈ സമ്പ്രദായം-നിഷ്കൃഷ്ട ചികിൽസാപദ്ധതി (Precision medicine)എന്ന് അറിയപ്പെടുന്നു. ഒരു അവയവത്തിന്റെ ക്യാൻസറിനു പൊതു ചികിൽസാരീതി എന്ന വ്യവസ്ഥ മാറ്റിയിട്ട് അർബുദകോശങ്ങളുടെ ഡി എൻ എ വിശദാംശങ്ങൾ നിരീക്ഷിച്ച്  ഒരാൾക്ക് അനുയോജ്യമായ ഒരു ചികിൽസ എന്ന് നിജപ്പെടുത്തുകയാണിവിടെ..ചിലപ്പോൾ പലേ ക്യാൻസറിനും ഒരേ ചികിൽസ ആകാനും മതി. 12 വിവിധ ക്യാൻസറുകൾക്ക് ഒരേ ഡി എൻ എ  പ്രശ്നങ്ങളാണെന്ന് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങൾ വിഭജിക്കുമ്പോൾ അവയിലെ ഡി എൻ  എ പകർപ്പെടുക്കുമ്പോൾ ചില തെറ്റുകൾ വരാറുണ്ട്, ഉടൻ റിപ്പയർ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോൾ ഈ അറ്റകുറ്റപ്പണിയിൽ പാളിച്ച വന്നുഭവിക്കും, ക്യാൻസറിലെക്ക് നയിക്കും. ഇത്തരം ക്യാൻസറുകളെ ഒറ്റയടിക്കു നേരിടാൻ പ്രാപ്തമായ മരുന്നുകൾ -നേരത്തെ പ്രസ്താവിച്ച “ചെക്ക് പോയിന്റ് അമർച്ച’ തന്നെ-ഇക്കഴിഞ്ഞ വർഷമാണ് വിപണിയിൽ ഇറങ്ങിയത്. രോഗിയുടെ  ക്യാൻസർ ഡി എൻ എ പരിശോധനയിലാണു തുടക്കം.

റ്റി കോശങ്ങളിലെ രണ്ടു വ്യത്യസ്ത 'ചെക്ക് പോയിന്റു'കളെയാണ് ആലിസനും ഹോൻജോയും കണ്ടെത്തിയത്. ആലിസൺ കണ്ടെത്തിയത് CTLA- 4 ഉം ഹോൺജോയുടേത് PD-1 ഉം. രണ്ടുപേരും ഈ ചെക്ക് പോയിന്റുകൾക്കെതിരായ ആന്റിബോഡികൾ നിർമ്മിക്കുകയും അവ കാൻസർ രോഗികളിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. രണ്ടുപേരുടെയും കണ്ടുപിടിത്തങ്ങളെ സംയോജിപ്പിക്കുമ്പോൾ അതു കൂടുതൽ കാര്യക്ഷമമാണെന്നും കണ്ടെത്തുകയുണ്ടായി. പ്രത്യേകിച്ചും ശ്വാസകോശാർബുദം, വൃക്ക കാൻസർ, സ്കിൻ കാൻസർ, ലിംഫോമ തുടങ്ങിയവയ്ക്ക്.
(ചിത്രത്തിനും വിവരങ്ങൾക്കും കടപ്പാട്- നോബൽ അക്കാഡമിയുടെ ട്വിറ്ററിനും വെബ്സൈറ്റിനും എതിരൻ കതിരവന്റെ ലേഖനത്തിനും. 
>


©മനോജ്‌ വെള്ളനാട്

കാന്‍സര്‍-അടിസ്ഥാനവിവരങ്ങള്‍/ CANCER BASICS




കാന്‍സറിനെ സംബന്ധിച്ച് നമ്മളോരോരുത്തരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണീ പവര്‍പോയിന്‍റ് സ്ലൈഡുകളില്‍..

നിങ്ങള്‍ക്കിത് ബ്ലോഗില്‍ പവര്‍പോയിന്റ്‌ ആയി തന്നെ കാണാം ആവശ്യമെങ്കില്‍ പവര്‍പോയിന്റ്‌ ഫോര്‍മാറ്റിലോ, pdf ഫോര്‍മാറ്റിലോ ഡൌണ്‍ലോഡ് ചെയ്യാം






DOWNLOAD PDF

©മനോജ്‌ വെള്ളനാട്

കാന്‍സര്‍




        കാന്‍സറിനെ സംബന്ധിച്ച് നമ്മളോരോരുത്തരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണീ പവര്‍പോയിന്‍റ് സ്ലൈഡുകളില്‍..

നിങ്ങള്‍ക്കിത് ബ്ലോഗില്‍ പവര്‍പോയിന്റ്‌ ആയി തന്നെ കാണാം (താഴെയുള്ള സ്ലൈഡില്‍ ക്ലിക്ക് ചെയ്യുക). ആവശ്യമെങ്കില്‍ പവര്‍പോയിന്റ്‌ ഫോര്‍മാറ്റിലോ, pdf ഫോര്‍മാറ്റിലോ ഡൌണ്‍ലോഡ് ചെയ്യാം..






RELATED POSTS
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്
SEX EDUCATION FOR GIRLS

©മനോജ്‌ വെള്ളനാട്

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് 
(റീജിയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം)

(ക്ഷമിക്കണം.. ഈ സ്കീം അവര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.  ഉടന്‍ തന്നെ പുനരാരംഭിക്കും എന്നറിയുന്നു.  വായനക്കാരുടെ അറിവിലേക്കായി ആര്‍ട്ടിക്കിള്‍ അതുപോലെ നിലനിര്‍ത്തുന്നു.. ഡോ.മനോജ്‌, 17/08/2015 )


പ്രായ,ദേശ,ലിംഗഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന മാരകമായ അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്നതും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതും, ചികിത്സിക്കാന്‍ പ്രയാസമേറിയതും അങ്ങനെ നിരവധി വകഭേദങ്ങള്‍ തന്നെയുണ്ട്. കാന്‍സര്‍ പലപ്പോഴും നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളര്‍ത്തിക്കളയും, ഒപ്പം നമ്മുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും.


നമ്മുടെ സാമ്പത്തിക അടിത്തറതന്നെ കാന്‍സര്‍ ചികിത്സയില്‍ തകരാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ചികിത്സ വളരെയധികം ചെലവേറിയതാണ്. ഈ ചികിത്സാരംഗം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നും അതുതന്നെ. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിങ്ങനെ മൂന്ന് തരം ചികിത്സാരീതികളാണ് കൂടുതലായും അവലംബിക്കുന്നത്. പലപ്പോഴും ഇവയില്‍ രണ്ടോ അതിലധികമോ രീതികള്‍ ഒരു രോഗിയില്‍ തന്നെ ആവശ്യമായി വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ചികിത്സാചെലവ് ലക്ഷങ്ങള്‍ വേണ്ടിവരും.


ഭീമമായ കാന്‍സര്‍ ചികിത്സാചെലവുകളില്‍ നിന്നും ഏത് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഒത്തിരി ആശ്വാസം പകരുന്ന തിരുവനന്തപുരം ആര്‍.സി.സി.യുടെ തികച്ചും ഉപയോഗപ്രദമായ ആരോഗ്യപരിരക്ഷാ പദ്ധതിയാണ്, "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്". ഒരു തവണ മാത്രം കാശ് അടച്ച് മുമ്പ് കാന്‍സര്‍ വന്നിട്ടില്ലാത്ത ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇതില്‍ ചേര്‍ന്ന്, രണ്ടുവര്‍ഷം മുതല്‍ ആജീവനാന്തം നമ്മള്‍ ഇതിന്‍റെ ഗുണഭോക്താവായിരിക്കും.


രണ്ടുതരം പ്ലാനുകള്‍


രണ്ടു തരം പ്ലാന്‍ ആണ് ഈ പദ്ധതിയില്‍ ഉള്ളത്. പ്ലാന്‍-A യും പ്ലാന്‍-B യും. ഏറ്റവും കുറഞ്ഞത് 500 രൂപയാണ് അംഗത്വസംഖ്യ. ഓരോ പ്ലാനും ദാ, ഇങ്ങനെയാണ്,


PLAN A- Membership fee is Rs.500/- per person
                Rs.1400/- per family of three persons*
                Rs.1700/- per family of four persons*
                Rs.2000/- per family of five persons*
                          *FAMILY INCLUDES SPOUSE AND DEPENDENT CHILDREN ONLY.


PLAN B- Membership fee is Rs.10000/-per person
         
അഞ്ഞൂറ് രൂപ ഒറ്റത്തവണ അടച്ചു അംഗമായാല്‍ ആജീവനാന്തം 50000 (അമ്പതിനായിരം) രൂപയുടെ കാന്‍സര്‍ ചികിത്സ ലഭിക്കും. ആയിരമാണ് അടയ്ക്കുന്നതെങ്കില്‍ ഒരുലക്ഷത്തിന്‍റെ, 1500 ആണെങ്കില്‍ ഒന്നര ലക്ഷത്തിന്‍റെ,അങ്ങനെ... പ്ലാന്‍-Aയില്‍ മുകളില്‍ പറഞ്ഞപോലെ ഫാമിലി പാക്കേജും ഉണ്ട്.


പ്ലാന്‍-B യില്‍ 10000 രൂപ അടച്ചുകഴിഞ്ഞാല്‍, പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.

CCLല്‍ എങ്ങനെ ചേരാം


ഇതില്‍ അംഗമാകാന്‍ വളരെ എളുപ്പമാണ്. ആര്‍.സി.സി.യില്‍ നേരിട്ട് ചെല്ലുകയാണെങ്കില്‍ റിസെപ്ഷനില്‍ നിന്നും ഒരു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു നല്‍കി, കാശടച്ചാല്‍ അപ്പോള്‍ തന്നെ അതില്‍ അംഗമാക്കിക്കൊണ്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കും. തിരുവനന്തപുരത്തുള്ളവര്‍ നേരിട്ട് പോയി അംഗമാകുന്നതാണ് സൗകര്യം.


നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്കും, ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത്,പൂരിപ്പിച്ച്, കേരളത്തിലെ ഏത് അംഗീകൃത ബാങ്ക് വഴി കാശടച്ചും  CCL ല്‍ അംഗമാകാം. കാശ് "Cancer Care for Life Account, Regional Cancer Centre, Trivandrum" എന്നപേരില്‍ ഡി.ഡി. എടുത്ത് അപേക്ഷയോടൊപ്പം ഈ അഡ്രസ്സില്‍ അയക്കണം.


അഡ്രസ്സ്-       DIRECTOR
                       REGIONAL CANCER CENTRE
                       MEDICAL COLLEGE CAMPUS
                       TRIVANDRUM-695011


കാന്‍സര്‍ വരാതിരിക്കുന്നത് ഭാഗ്യം തന്നെയാണ്. പക്ഷെ വന്നുപോയി എന്നുകരുതി അത് ജീവിതാന്ത്യമല്ല. കാന്‍സര്‍ ചികിത്സ ഇന്ന് ഒരുപാട് മുന്നേറിയിട്ടുണ്ട്. പക്ഷെ കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ടുമാത്രം വൈദ്യശാസ്ത്രത്തിന്‍റെ ഈ നേട്ടങ്ങള്‍ നമുക്ക് നഷ്ടമാകരുത്. അതുകൊണ്ട് ഇത് വായിക്കുന്ന എല്ലാവരും ഈ "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍" നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അംഗങ്ങളാക്കി  സസന്തോഷം ജീവിക്കുക.. ജീവിക്കാന്‍ പ്രേരിപ്പിക്കുക..

ഞാനുമെടുത്തു ഒരെണ്ണം..


കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം

Administrative officer(CS) 0471 2522324

Public Relations Officer      0471 2522288

email- webmaster@rcctvm.org




ആരോഗ്യപത്മം മാസിക, 2014 ജൂണ്‍



RELATED POSTS