Showing posts with label SMALL POX. Show all posts
Showing posts with label SMALL POX. Show all posts

വസൂരി / Small Pox

വാക്സിപീഡിയ:ചാപ്റ്റര്‍ 7

ചരിത്രാതീത കാലം തൊട്ടേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ വൈറസ് ആയിരുന്നു വേരിയോള, അതായത് വസൂരി അഥവാ സ്മോൾ പോക്സിന് കാരണമാവുന്ന വൈറസ്. ദ്രുതഗതിയിൽ പടർന്നു പിടിക്കുകയും അനേകരെ കൊന്നൊടുക്കുകയും, രക്ഷപ്പെടുന്ന പലർക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിച്ചു കടന്നുപോവുകയും ചെയ്തിരുന്ന ഈ പകർച്ചവ്യാധി അന്നാളുകളിൽ മനുഷ്യരുടെ പേടി സ്വപ്നം ആയിരുന്നു.

സാമൂഹികമായും വസൂരി ബാധയുടെ നാളുകൾ കറുത്ത ചരിത്രാദ്ധ്യായമാണ്, രോഗബാധിതർ ആവുന്നവർക്ക് സാമൂഹിക ഭ്രഷ്ട് കൽപ്പിച്ചു ഒറ്റപ്പെടുത്തിയിരുന്നു. മരിച്ചു വീഴുന്നവരെ ഒരുമിച്ചിട്ടു അഗ്നിക്കിരയാക്കി. മൃതശരീരങ്ങൾ കൈകാര്യം ചെയ്യാൻ താഴ്ന്ന ജാതി എന്ന് കണക്കാക്കപ്പെട്ടവരെ നിയോഗിച്ചു. ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലായിരുന്നു ലോകം അന്ന്.


ശാസ്ത്രം ആദ്യത്തെ വാക്സിൻ പ്രയോഗിക്കുന്നത്, അഥവാ “വാക്സിനേഷൻ” എന്ന പ്രക്രിയ തന്നെ കണ്ടെത്തുന്നത് വസൂരിക്ക് എതിരെയാണ്.

ആദ്യമായി ഒരു പകർച്ചവ്യാധി ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റുന്നതും വസൂരിയെയാണ്.

വസൂരിയുടെ ചരിത്രം
വസൂരി ആവിർഭവിച്ചത് എന്നാണെന്ന് കൃത്യമായി അറിയില്ലയെങ്കിലും ചരിത്രാതീതകാലം തൊട്ടേ വസൂരി ഉണ്ടായിരുന്നു എന്നാണു കരുതുന്നത്.

ചരിത്രത്തിലെ ചില വസൂരിപ്പാടുകൾ
*1350 ബി.സി യിലെ ഈജിപ്ഷ്യൻ യുദ്ധത്തിനിടയിൽ വസൂരി പകർച്ച വ്യാധി ഉണ്ടായി.

*1157 ബി.സി യിൽ മരിച്ച ഫറവോയുടെ മമ്മിയിൽ വസൂരിബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയുണ്ടായി.

*ബി.സി 430 ൽ ഏതൽസ് നഗരത്തെ വസൂരി വിപുലമായി ബാധിച്ചുവത്രേ.

*പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ വർഷംതോറും 4 ലക്ഷം പേരോളം വസൂരിയാൽ മരിച്ചിരുന്നു. മുതിർന്നവരിൽ മരണ നിരക്ക് 30% ത്തോളം ആയിരുന്നു എങ്കിൽ കുട്ടികളില്‍ അത് 90%നു മുകളിൽ ആയിരുന്നു.

*ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണു കണക്കുകള്‍.

*ലോകാരോഗ്യ സംഘടന നിലവില്‍ വന്ന 1948 എന്ന വർഷം 5 കോടിയോളം ആളുകളെ വസൂരി ബാധിക്കുന്നുണ്ടായിരുന്നത്രേ.

*ഇന്ത്യയില്‍ 1950കൾ വരെ പ്രതിവർഷം ഒരു ലക്ഷത്തോളം ആൾക്കാർ വസൂരി ബാധയാൽ മരണപ്പെട്ടിരുന്നു. അനേകം പേർക്ക് അന്ധത,അംഗവൈകല്യം എന്നിവ വസൂരിബാധയുടെ പരിണിതഫലമായി കൈവന്നു.

എന്താണ് വസൂരി?
വേരിയോള വൈറസ് ഉണ്ടാക്കുന്ന രോഗബാധയാണ് വസൂരി. വേരിയോള മേജർ, വേരിയോള മൈനർ എന്നിങ്ങനെ രണ്ടു തരം വൈറസ് ഇതിനു കാരണമാവുന്നുണ്ട്. ഇതിൽ വേരിയോള മേജർ മൂലമുള്ള രോഗമാണ് കൂടുതല്‍ സാധാരണവും കൂടുതൽ മാരകവും. ഇത് ബാധിച്ച മൂന്നിൽ ഒരാൾക്ക്‌ മരണമുണ്ടാവുന്നു. എന്നാൽ വേരിയോള മൈനർ ബാധിക്കുന്ന പത്തിലൊരാളെ മരണപ്പെടുകയുണ്ടായിരുന്നുള്ളൂ.

രോഗം പകരുന്നത് എങ്ങനെ?
രോഗമുള്ള ഒരാളിൽ നിന്ന് വായുവിലൂടെയാണ് സാധാരണഗതിയിൽ രോഗാണുക്കൾ പകരുന്നത്. രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിയ വസ്തുക്കളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരം.

രോഗലക്ഷണങ്ങൾ
രോഗാണുക്കൾ ശരീരത്തിലെത്തി 12 ദിവസങ്ങളോളം ആവുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക.

രോഗിയുടെ ശ്വാസകോശത്തിൽ എത്തപ്പെടുന്ന വൈറസുകൾ ശരീരത്തിൽ പെറ്റുപെരുകി ഒടുവിൽ കടുത്ത പനി, ക്ഷീണം, തലവേദന, പേശീ വേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാവും.

തുടർന്ന് മുഖത്തു തുടങ്ങി ശരീരത്തിലാകമാനം കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ആദ്യം തെളിഞ്ഞ നിറം ആണെങ്കിലും പിന്നീട് ഈ കുരുക്കൾക്ക് ഉള്ളിലെ ദ്രാവകം പഴുപ്പ് ആയി മാറുകയും ചെയ്യും. ഇത് പിന്നീട് കരിയുമ്പോൾ ആഴത്തിലുള്ള വടുക്കൾ ത്വക്കിൽ സൃഷ്ടിക്കും.

കണ്ണിന്‍റെ കോർണിയയെ ബാധിക്കുന്നത് മൂലം ചിലരിൽ ഇത് അന്ധതയ്ക്കു കാരണമാവും.

30% പേരുടെ മരണത്തിനും വസൂരി കാരണമാവും.

ചികിത്സ
വസൂരി വൈറസ് ബാധയ്ക്ക്‌ എതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ചികിത്സ കണ്ടെത്തിയിരുന്നില്ല. രോഗ ലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സയും, രോഗിക്ക് വേണ്ട ശാരീരിക പരിരക്ഷയും വിശ്രമവുമായിരുന്നു ചികിത്സ.

വാക്സിൻ നല്‍കുകയാണ് ശരിയായ പ്രതിരോധമാർഗ്ഗം. രോഗാണുക്കൾ ശരീരത്തിൽ കടന്നു കഴിഞ്ഞാൽ പോലും നാല് ദിവസത്തിനു ഉള്ളിൽ വാക്സിൻ നൽകിയാൽ ഫലപ്രദമാവും.

വസൂരി നിർമ്മാർജ്ജനം എങ്ങനെ സാധ്യമായി?


ആയിരക്കണക്കിന് വർഷങ്ങൾ ഭൂമിയിൽ നില നിന്ന ഈ രോഗത്തെ ഒടുവിൽ ശാസ്ത്രം പിടിച്ചു കെട്ടിയത് മനുഷ്യരാശിയുടെയും അതോടൊപ്പം വാക്സിനുകളുടെയും ചരിത്രത്തിലെ സുവർണ്ണ നേട്ടമാണ്.

വാക്സിനേഷൻ പ്രക്രിയയ്ക്ക് തന്നെ എതിരായി ഒരു ചെറിയ വിഭാഗം ആളുകൾ സ്ഥാപിത താൽപ്പര്യങ്ങൾ മുന്‍നിർത്തി അവാസ്തവ പ്രചാരണങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ വസൂരിയുടെ ചരിത്രത്തിലൂടെ അല്പം പിന്നോട്ട് നടക്കുന്നത് ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തേക്കാം.

ലോകം മുഴുവൻ ഒറ്റക്കെട്ടായി പന്ത്രണ്ടു വർഷം നീണ്ടു നിന്ന നിർമ്മാർജ്ജന തീവ്രയജ്ഞത്തിലൂടെയാണ് വസൂരി വൈറസിനെ ഭൂമിയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്തത്. ഇന്നിപ്പോൾ അമേരിക്കയിലും റഷ്യയിലും ഉള്ള രണ്ടു ലാബുകളിൽ മാത്രമാണ് ഈ “വില്ലനെ” സുഷുപ്തിയിൽ അതീവ ജാഗ്രതയോടെ കർശന സുരക്ഷാ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

വസൂരി നിർമ്മാർജ്ജനം സാധ്യമായതോടെ പ്രതിവർഷം 50 ലക്ഷത്തോളം ജീവനുകളാണ് രക്ഷിക്കാൻ കഴിഞ്ഞത്.

ഒരു പക്ഷേ ഇന്നായിരുന്നെങ്കിൽ വസൂരി നിർമ്മാർജ്ജനം സാധ്യമാവുകയില്ലായിരുന്നു.
സമാനമായി ഇന്ന് നിർമ്മാർജ്ജനത്തിനു തൊട്ടരികെ നിൽക്കുന്ന ഒരു രോഗമാണ് പോളിയോ. എങ്കിലും കുപ്രചാരണങ്ങളും, ഗൂഡാലോചന സിദ്ധാന്തങ്ങളും, വിവാദങ്ങളും മുന്നോട്ടുള്ള പ്രയാണത്തിനു അടിക്കടി തടസ്സം സൃഷ്ടിക്കുന്നു.

എങ്കിലും ലോകത്ത് 80% കുട്ടികൾക്കും ഇന്ന് പോളിയോയ്ക്ക് എതിരെ ഉള്ള വാക്സിൻ നല്‍കപ്പെട്ടു കഴിഞ്ഞു. 1980 പ്രതിവർഷം 400,000 കേസുകൾ ഉണ്ടായിരുന്നത് 1990 കളുടെ പകുതിയോടെ 90,000 ആയി കുറഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പോളിയോ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പൾസ് പോളിയോ പോലുള്ള തീവ്ര യജ്ഞങ്ങളാണ് ആശാവഹമായ രീതിയിൽ കാര്യങ്ങൾ എത്തിച്ചതിനു പിന്നിൽ.

വാക്സിൻ വിരുദ്ധ/സയൻസ് വിരുദ്ധ കച്ചവടക്കാരുടെ ഗൂഡാലോചനാ സിദ്ധാന്തത്തിനു ചെറിയ തോതിലെങ്കിലും പ്രചാരണം കിട്ടുന്നതിന്റെ പിന്നിൽ കേൾവിക്കാരുടെ ശാസ്ത്രാവബോധം ഇല്ലായ്മ മാത്രമല്ല, ചരിത്രാവബോധം നശിക്കുന്നതും കൂടിയാണ് ആയതിനാൽ വസൂരി നിർമ്മാജ്ജനചരിത്രത്തിന്റെ പശ്ചാത്തലത്തിൽ താരതമ്യപഠനം കൂടെ ആവാം.

18ആം നൂറ്റാണ്ടിൽ എഡ്വാർഡ് ജെന്നെർ ആദ്യമായി ഗോവസൂരി പ്രയോഗം പരീക്ഷിച്ചത് ഒരു ബാലനിൽ ആണ്. അത് വിജയമാണെന്ന് കണ്ടു അദ്ദേഹം തന്റെ മകന്‍ ഉൾപ്പെടെ ഉള്ളവരിൽ ഇത് പരീക്ഷിച്ചു.

(ഇന്നായിരുന്നെങ്കിൽ ചിലർ മരുന്ന് പരീക്ഷണം എന്നും പറഞ്ഞു അദ്ദേഹത്തെ “ഉന്മൂലനം” ചെയ്തേനെ. “രോഗം ബാധിച്ച പശുവിന്‍റെ ശരീരത്തിലെ പഴുപ്പ് എടുത്താണ് ഇയാൾ മനുഷ്യരിൽ കുത്തി വെക്കുന്നത്” എന്ന് വരെ “ഞെട്ടിക്കല്‍ വാർത്തകൾ” സംപ്രേക്ഷണം ചെയ്തേനെ!! അതോടെ കാര്യം കഴിഞ്ഞില്ലേ)

വസൂരി എന്ന മഹാവ്യാധിയുടെ കെടുതികൾ കണ്ടും അനുഭവിച്ചും ജീവിച്ച മനുഷ്യർക്ക്‌ ശാസ്ത്രത്തിന്‍റെ ഇടപെടലുകളെ നിരാകരിക്കാൻ കഴിയുമായിരുന്നില്ല (നിരക്ഷരർക്ക് പോലും) അതുകൊണ്ട് കൂടിയാണ് അത്തരം നിർമ്മാർജ്ജന ക്യാമ്പയിനുകൾ ഫലം കണ്ടത്.

ശാസ്ത്രം പുരോഗമിച്ചതോടെ സാംക്രമിക രോഗങ്ങൾ നമ്മുടെ വരുതിക്ക് നിൽക്കുന്ന സ്ഥിതി വന്നു. അങ്ങകലെ കണ്ട സിക്കാ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പഴേ നമ്മൾ ഒരുങ്ങുന്നു. പക്ഷിപ്പനിയും എബോളയും പന്നിപ്പനിയും ഒക്കെ മാരകം ആണെങ്കിൽ കൂടി ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ ശാസ്ത്രസാങ്കേതികവിദ്യ നിലവിൽ വിജയിച്ചു പോരുന്നു. ഇതെല്ലാം സമൂഹം സൗകര്യപൂർവ്വം അങ്ങ് മറക്കുന്നു അല്ലെങ്കിൽ, ഇതെന്റെ പ്രശ്നം അല്ല എന്ന് കരുതി അവഗണിക്കുന്നു.

ഉദാഹരണത്തിന് 30 വർഷം മുൻപൊക്കെ പോളിയോ ബാധിച്ച അനേകം ആൾക്കാരെ കാണാമായിരുന്നു. ഇന്നത്തെ യുവതലമുറയിൽ പോളിയോ ബാധിതരെ കണ്മുന്നിൽ കാണാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക.

പോളിയോയോ,വില്ലൻ ചുമയോ , തൊണ്ടമുള്ളോ , ടെറ്റനസോ ഒക്കെ ഒരു മനുഷ്യനെ ബാധിച്ചാൽ ഉണ്ടാക്കുന്ന തീവ്രനുഭാവങ്ങളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഇത്തരം അസംബന്ധ തിയറികൾ ഒക്കെ ആകർഷണീയമാവുന്നത് അത്ഭുതകരമല്ല. സയൻസ് പഠിച്ച കൂട്ടർ വരെ രോഗാണുക്കൾ ഇല്ല, ഇതൊക്കെ മരുന്ന് കച്ചവടക്കാരുടെ തന്ത്രമാണ് എന്നുള്ള വങ്കത്തരം വരെ ഒരു വേള വിശ്വസിക്കുന്നത് കാണാം.

പോളിയോ ഉൾപ്പെടെയുള്ള സോദ്ദേശപരമായ വാക്സിനേഷൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും നിർമ്മാർജ്ജനം എന്ന വലിയ നേട്ടത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഗൂഡാലോചനാ സിദ്ധാന്ത പ്രചാരണക്കാർ ഇന്ന് നമ്മുടെ നാട്ടിലും ഉണ്ടെന്നത് ഖേദകരമായ വസ്തുതയാണ്.

എന്നാൽ വസൂരി നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒറ്റക്കെട്ടായുള്ള ഭഗീരഥ പ്രയത്നമാണ് നടന്നത്. ഈ ചരിത്രം ഒരു മാതൃകയും പ്രചോദനവുമാണ്.

1970 ൽ യൂഗോസ്ലാവിയയിൽ വസൂരിയുടെ ഒരു കേസ് റിപ്പോർട്ട്‌ ചെയ്തപ്പോൾ 10 ദിവസം കൊണ്ട് 180 ലക്ഷം പേർക്കാണ് വാക്സിൻ കൊടുത്തത്. വിദേശീയരുടെ കാര്യം മാത്രമാണ് ഇതെന്ന് കരുതേണ്ട..! ഇന്ത്യ പോലെ ജനസംഖ്യ ഉള്ള രാജ്യത്ത് ഇത് നടക്കുമോ എന്ന് സംശയിച്ചിരുന്നു, എന്നാൽ 1967 ൽ തന്നെ രാമചന്ദ്ര റാവു എന്ന ഡോക്ടർ ലോകാരോഗ്യ സംഘടനയുടെ ഫണ്ട്‌ സഹായത്തോടെ ചെറിയ ഒരു ടീമും ആയി തമിഴ്‌നാട്‌ സംസ്ഥാനം മുഴുവൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കിയ ചരിത്രം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. (ഇന്നായിരുന്നേൽ അനേകം ഗൂഡാലോചന സിദ്ധാന്തങ്ങൾക്ക് ഇതൊക്കെ കാരണമായേനെ). പറഞ്ഞു വന്നത് ഈകെടുതികൾ ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളുകൾക്ക് ശാസ്ത്രത്തിനു മാത്രമായിരിക്കും ഇതിനു പ്രതിവിധി കണ്ടെത്താനാവുക എന്നുള്ള അവബോധവും അത് ഉൾക്കൊണ്ടു സഹകരിക്കാനുള്ള മനോഭാവവും ഉണ്ടായിരുന്നു. വസൂരി നിർമ്മാർജ്ജനം 12 വർഷം നീണ്ടുനിന്ന തീവ്ര പരിപാടിയിലൂടെ സാധ്യമായത് അത്തരം ഒരു സമൂഹം നിലവിലുണ്ടായിരുന്നത് കൊണ്ടാണ്.

അന്ന് ജനങ്ങൾ വാക്സിൻ അങ്ങോട്ട്‌ ആവശ്യപ്പെടുന്ന സാഹചര്യമായിരുന്നു. വാക്സിൻ എല്ലാവർക്കും ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവർത്തകർ അന്ന് പൊതുവിൽ അനുഭവിച്ചിരുന്നത്‌. എങ്കിലും അത്യപൂർവ്വമായി ചിലർ മതപരമായ ആചാരങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞു വാക്സിൻ എടുക്കുന്നതിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, അന്നത്തെ സർക്കാർ ചെയ്തത് പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഇവർക്ക് നിർബന്ധിത വാക്സിനേഷൻ നടപ്പാക്കുകയായിരുന്നു. ചിലരുടെ ഒക്കെ വീട്ടില്‍ രാത്രി എത്തി നിർബന്ധിതമായി വാക്സിൻ കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടത്രേ..! വൻ ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയുടെ ഭാഗമായി നടന്നത്.

ചരിത്രബോധവും ശാസ്ത്രാവബോധവും ഉൾക്കാഴ്ചയും ഒക്കെ സാമാന്യം നന്നായി ഉണ്ടായാലേ ഇന്നത്തെ വാക്സിൻ വിരുദ്ധ കുപ്രചരണങ്ങളെ ഒരുവന് അതിജീവിക്കാൻ കഴിയൂ. ഈ സാമൂഹികമാറ്റം ആരോഗ്യപ്രവർത്തകരും ഈ വസ്തുത ഉൾക്കൊണ്ടു നയപരിപാടികൾ പുനർനിർവചിക്കുകയും ജനങ്ങൾക്ക്‌ കൂടുതൽ അവബോധം ഉണ്ടാക്കാൻ ക്ഷമാപൂർവ്വം പരിശ്രമിക്കുകയും അവരെ വിശ്വാസ്യതയിലെടുക്കുകയും വേണം.

വസൂരി നിർമ്മാർജ്ജനം നാൾ വഴികൾ

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടും നടന്ന വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഫലമായി 1980 ൽ ലോകം വസൂരി വിമുക്തമായി എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. സ്വാഭാവികമായി ഉണ്ടാവുന്ന വസൂരി ബാധ ഒടുവിൽ റിപ്പോർട്ട്‌ ചെയ്തത് 1978 ൽ സോമാലിയയിലെ അലിമാവോ മാലിൻ എന്ന ചെറുപ്പക്കാരനിൽ ആണ്.

പതിനാറാം നൂറ്റാണ്ടുകൾക്ക് മുൻപ് വസൂരിക്ക് എതിരെ പലവിധ ചികിത്സാരീതികളും പരീക്ഷിക്കാൻ രോഗികൾ നിർബന്ധിതരായിരുന്നു. അതിൽ പ്രധാനമായ ഒരു മാർഗ്ഗമായിരുന്നു “വേരിയോളെഷൻ”. രോഗികളിൽ നിന്നുള്ള പദാർത്ഥങ്ങളുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ ബോധപൂർവ്വം നേരിയ തോതിൽ സമ്പർക്കത്തിൽ വരുകയും അത്തരത്തിൽ അധികം തീവ്രം അല്ലാത്ത രോഗാവസ്ഥ ഉണ്ടാക്കി പ്രകൃതിദത്തമായ പ്രതിരോധ ശക്തി നേടി എടുക്കുന്ന പ്രക്രിയ ആയിരുന്നു ഇത്. എന്നാൽ മാരകമായ രോഗം തന്നെ വന്നു മരിക്കാൻ ഉള്ള സാധ്യതയും ഇതോടൊപ്പം ഉണ്ടായിരുന്നു!


വസൂരിക്കെതിരെയുള്ള വാക്സിൻ ആദ്യമായി കണ്ടെത്തുന്നത് 1796 ൽ എഡ്വാർഡ് ജെന്നെർ എന്ന ശാസ്ത്രഞ്ജനാണ്.

ഗോ വസൂരി(Cow Pox) എന്ന മൃഗങ്ങളിലൂടെ പകരുന്ന വസൂരി സമാനമായ രോഗം വന്ന മനുഷ്യർക്ക്‌ വസൂരിക്ക് എതിരെ ഉള്ള പ്രതിരോധ ശക്തി കൂടി ഉണ്ടാവും എന്ന് 1768 ൽ തന്നെ ജോൺ ഫ്യൂസ്റെർ എന്ന ബ്രിട്ടീഷ് ഡോക്ടർ തിരിച്ചറിഞ്ഞിരുന്നു.

കറവക്കാരികളായ സ്ത്രീകൾക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധ ശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെർ ഈ സിദ്ധാന്തം തെളിയിക്കാനായി തന്റെ സഹായിയായ എട്ടു വയസ്സുകാരനിൽ ഗോ വസൂരി വന്ന ഒരു ജോലിക്കാരിയുടെ വൃണത്തിൽ നിന്നും ചലം എടുത്തു കുത്തി വെച്ച് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങൾ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തിൽ പരീക്ഷണങ്ങൾ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടർന്ന് അദ്ദേഹം കൗ പോക്സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്സിൽ സ്വന്തം മകനുൾപ്പെടെ 8 പേരിൽ പരീക്ഷിച്ചു വിജയിച്ചു. തുടർന്ന് 23 പേരിൽ സമാന പരീക്ഷണങ്ങൾ നടത്തി ഫലങ്ങൾ ലോകത്തെ അറിയിക്കുകയായിരുന്നു, പിന്നീടുള്ളത് ചരിത്രം.

വാക്സിനേഷൻ എന്ന പദം അദ്ദേഹത്തിന്‍റെ സംഭാവനയാണ്. “പശുവില്‍ നിന്ന്” എന്നർത്ഥം വരുന്ന ലാറ്റിന്‍ പദമായ “vaccus” ൽ നിന്നാണ് ഇതിന്റെ ആവിർഭാവം.

വസൂരിയോടു സാമ്യം ഉള്ള വാക്സീനിയ വൈറസ് ആണ് പ്രതിരോധശക്തി പ്രദാനം ചെയ്യുന്നതിന് കാരണമാവുന്നതെന്ന് 1938 ല്‍ അല്ലന്‍ വാട്ട് എന്ന ശാസ്ത്രഞ്ജൻ കണ്ടെത്തി.

ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ വികസിത രാജ്യങ്ങളിലും മറ്റും വസൂരി പകർച്ചവ്യാധി നിയന്ത്രിതമായിരുന്നു. അക്കാലത്ത് അമേരിക്കയിലെ സെന്റെർ ഫോർ ഡിസീസ് കണ്ട്രോൾ, വാക്സിൻ പ്രയോഗിക്കാൻ ഒരു പുതിയ ഉപകരണം (ജെറ്റ് ഇഞ്ചെക്ട്ടർ) വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച് മണിക്കൂറിൽ ആയിരം പേർക്ക് വാക്സിൻ കൊടുക്കാമായിരുന്നു.

എന്നാൽ അധികം താമസിയാതെ തന്നെ കൂടുതൽ ലളിതമായ പുതിയ ഒരു ഉപകരണം നിലവിൽ വന്നു. നേരിയ ഒരു രണ്ടു മുന ഉള്ള സൂചി . ഇത് വാക്സിനിൽ മുക്കിയതിനു ശേഷം ഇടതു തോളിൽ 15 പ്രാവശ്യത്തോളം അടുപ്പിച്ചു ചെറുതായി കുത്തുമ്പോൾ ഇതിനൊപ്പം മുനയ്ക്ക് ഇടയിലുള്ള മരുന്ന് ത്വക്കിന് അടിയിൽ പരക്കുന്നു.

1953 ൽ ലോകാരോഗ്യ അസംബ്ലി വസൂരി ലോകവ്യാപകമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് ആലോചിച്ചപ്പോൾ പലരും സംശയാലുക്കൾ ആയിരുന്നു. മുൻകാലങ്ങളിൽ നാടവിര, യെല്ലോ ഫീവർ തുടങ്ങിയ രോഗങ്ങൾ തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടത് ചിലർ ചൂണ്ടിക്കാണിച്ചു. എന്നാൽ റഷ്യയുടെ Deputy ആരോഗ്യ മന്ത്രി ആയിരുന്ന Dr. Zhdanov ലോക വ്യാപകമായ നിർമ്മാർജ്ജനത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു. ഇതേത്തുടർന്ന് നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കി തുടങ്ങി.

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിർമ്മാർജ്ജനം അസാധ്യമായ ഒന്നാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ വസൂരി പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിച്ച രീതി പിന്നീട് ഉള്ള പദ്ധതി നടത്തിപ്പിൽ പ്രധാന വഴികാട്ടി ആയി.

നൈജീരിയയില്‍ സ്വീകരിച്ച രീതി – അതീവ ജാഗ്രതയോടെയുള്ള സൂക്ഷ്മമായ നിരീക്ഷണവും അതിന്‍റെ ഫലമായി കേസ് കണ്ടെത്തിക്കഴിഞ്ഞാൽ ആ പ്രദേശത്തിന് നിശ്ചിത ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഒക്കെയുള്ളവർക്ക് വാക്സിൻ കൊടുക്കുകയുമായിരുന്നു. അതിലൂടെ വൈറസ് ബാധ ആ പരിസരത്തിനു പുറത്തേക്ക് കടക്കുന്നത്‌ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നതായി നിരീക്ഷിച്ചു.

ആഗോള തലത്തിൽ വസൂരിയ്ക്ക് എതിരെ ഉള്ള വാക്സിനേഷൻ 1979 ൽ അവസാനിപ്പിച്ചു.

ഇന്ത്യയിലെ വസൂരി നിർമ്മാർജ്ജന ചരിത്രം.

ഇന്ത്യയെ പോലെ ജനസംഖ്യയും വൈവിധ്യമുള്ള ഭൂപ്രകൃതിയും, സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവുമുള്ളയിടത്ത് വസൂരി നിർമ്മാർജ്ജനം സാദ്ധ്യമായത് ചരിത്രപരമായ പൊതുജനാരോഗ്യ പ്രവർത്തന നേട്ടം ആയിരുന്നു. ഇന്ത്യയിലെ പ്രമുഖ നാല് വാക്സിൻ നിർമ്മാണശാലകൾ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാൻ തക്ക അളവിൽ വാക്സിൻ നിർമ്മിച്ചിരുന്നു.

മാസ് വാക്സിനേഷൻ കാമ്പെയിൻ (1962–67)
3 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനതയ്ക്കു മൊത്തം വാക്സിൻ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിർമ്മാർജ്ജന പദ്ധതി 1962 ൽ ആരംഭിച്ചു. വീടുവീടാന്തരം സന്ദർശിച്ചു ആരോഗ്യപ്രവർത്തകർ വാക്സിൻ നൽകി. എന്നാൽ രോഗം ഉള്ളവരെ നേരത്തെ കണ്ടെത്തി വേണ്ട നടപടികളെടുക്കുന്നത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.

FORMULATION OF A SOUND STRATEGY (1968–72)
രോഗം ഉള്ളവരെ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കൂടി ഈ പദ്ധതി സമയത്ത് ഉൾപ്പെടുത്തി. രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോർട്ട്‌ ചെയ്യാനും നിയന്ത്രിക്കാനും കൂടി നടപടികളെടുത്തു.

തീവ്ര ക്യാമ്പെയിൻ (1973–75)
രോഗം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു, ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം സംശയിക്കുന്നവരെ വരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി. വസൂരിയുടെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു ഈ തീവ്ര യജ്ഞം. രോഗ സ്ഥിരീകരണത്തിനു ലാബ് ടെസ്റ്റിംഗ് സംവിധാനങ്ങൾ (രാജ്യത്ത് 6 എണ്ണം) നിലവിൽ വന്നു.

OPERATION SMALLPOX ZERO (1975–77)
1975 ലാണ് ഇന്ത്യയിൽ അവസാന വസൂരി കേസ് റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ വസൂരിയുടെ മേൽ അവസാന വിജയം നേടാൻ രണ്ടുവർഷം നീളുന്ന ശക്തമായ നിരീക്ഷണ പരിപാടികൾ ഏർപ്പെടുത്തി. ഏതു അസുഖവുമായും പനിയും ശരീരത്ത് പാടുകളും ബാധിച്ചു വരുന്നവരെ എല്ലാം നിരീക്ഷണത്തിനു വിധേയമാക്കി റിപ്പോർട്ട്‌ ചെയ്യേണ്ടത് നിർബന്ധമാക്കി.

*കേസുകൾ ഒളിച്ചുവെക്കപ്പെടാതെ ഇരിക്കാൻ രോഗം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും പ്രോത്സാഹനമായി 10-50 രൂപ വരെ നൽകുന്ന സംവിധാനം ഉണ്ടായിരുന്നു.(1975 ൽ ഇതു 1000രൂപ ആയി ഉയർത്തി). എടുത്തു പറയേണ്ട ഒന്ന് ഇതിനു പിന്നിലുണ്ടായിരുന്ന ഭഗീരഥപ്രയത്നവും ജനപങ്കാളിത്തവും ആണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം ലോകാരോഗ്യ സംഘടനയും ഈ പ്രവർത്തനത്തിൽ അണി നിരന്നു. ഇന്ത്യയിലെ അസംഖ്യം ആരോഗ്യ പ്രവർത്തകരോടൊപ്പം 31 രാജ്യങ്ങളിലെ പ്രമുഖരായ 230 മെഡിക്കൽ വിദഗ്ദ്ധരും ആറു മാസത്തോളം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു, അതും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇടങ്ങളിൽ മുഴുസമയവും നിരന്തരം പരിശ്രമിച്ചു കൊണ്ട്. താഴെക്കിടയിലുള്ള ആരോഗ്യപ്രവർത്തകർ ഒന്നരലക്ഷത്തോളംപേർ ചരിത്ര ദൌത്യത്തിന്റെ ഭാഗമായി അക്ഷീണം കടമ ചെയ്തു. വസൂരി വിമുക്ത ഇന്ത്യയ്ക്കായി 6 ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം മനുഷ്യർക്ക്‌ അവർ വാക്സിൻ നൽകി.

സൈന്യം, റെയിൽവേ, പൊതു മേഖല, വ്യവസായ മേഖല എന്നിങ്ങനെ വിവിധ മേഖലകൾ പൊതുനന്മയ്ക്കായി കൈകോർത്തു. ഉദാ:ജാംഷഡ് പൂർ, ബീഹാറിലെ ചില മേഖലകൾ എന്നിവിടങ്ങളിൽ വ്യവസായ പ്രമുഖൻ ടാറ്റ യുടെ സഹായം സർക്കാർ തേടിയതിനെത്തുടർന്ന്, ടാറ്റ തന്റെ വിവിധ മേഖലകളിൽ (സാധാരണ തൊഴിലാളി മുതൽ നേഴ്സ്മാർ വരെ) ഉള്ള ജീവനക്കാരെ വസൂരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി വിട്ടു കൊടുത്തു.

Swedish International Development Agency (SIDA) യും ലോകാരോഗ്യ സംഘടനയിലൂടെ ഇന്ത്യാ സർക്കാരിനു ഇതിലേക്കായി സാമ്പത്തിക സഹായം നൽകി.

1977 ൽ ഇന്ത്യ വസൂരി വിമുക്തമായി.

പോളിയോ കൂടാതെ ഗിനിയ വിരബാധ നിർമ്മാർജ്ജനത്തിന്റെ വക്കിലാണ്. Rinderpest, എന്ന കന്നുകാലികൾക്ക് വരുന്ന രോഗം വാക്സിനേഷൻ മുഖേന നിർമ്മാർജ്ജനം ചെയ്ത ഒന്നാണ്.

നിർമ്മാർജ്ജനം ചെയ്യാൻ സാധ്യത കൽപ്പിക്കുന്ന മറ്റു രോഗങ്ങൾ മന്ത്, അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല, പോർക്ക്‌ നാടവിര എന്നിവയാണ്. എന്നാലിതെല്ലാം സാധ്യമാവാൻ ശാസ്ത്ര സമൂഹത്തോടൊപ്പം ഭരണകൂടങ്ങളും പൊതുജനവും അണിനിരക്കേണ്ടിയിരിക്കുന്നു.