Showing posts with label SUN STROKE. Show all posts
Showing posts with label SUN STROKE. Show all posts

സൂര്യാതപവും സൺസ്ക്രീനും / Sunburn and Sun screen

സൂര്യനായി തഴുകി ഉറക്കം കളയുന്ന...

മിസ്റ്റർ സൂര്യൻ, ഇങ്ങനെ തഴുകാതിരിക്കാൻ പറ്റുമോ? ജീവിക്കാനൊരു കൊതി. അതുകൊണ്ടാണ്..

നായകനായി നിന്നിടത്തു നിന്ന്, കേരളത്തിൽ ഒരു വില്ലൻ പരിവേഷത്തിലേക്ക് ആദിത്യൻ ഏലിയാസ് സൂര്യൻ പരിണമിച്ചു കഴിഞ്ഞു. ഇന്നലെ മാത്രം ഇവിടെ രണ്ടു പേർക്ക് സൂര്യാഘാതവും നാൽപ്പതിലധികം പേർക്ക് സൂര്യാതപവും ഉണ്ടായി. അധികം ചൂടുള്ള പ്രദേശങ്ങളിൽ നേരിട്ട് വെയിലേൽക്കാത്തവർക്കു പോലും ചൂട് കാരണം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്.

ഒരു വിരലുകൊണ്ട് സൂര്യനെയും ചന്ദ്രനെയും കണ്ണിൽ നിന്ന് മറയ്ക്കാൻ കഴിയുന്ന നമുക്ക് പക്ഷേ, സൂര്യരശ്മികളിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ വലിയ പാടാണ്. സൂര്യനിൽ നിന്നും കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ ചൂടിന് കാരണം ഇൻഫ്രാറെഡ് തരംഗങ്ങളാണ്. അവ നമുക്ക് കാണാൻ പറ്റില്ല. അതുപോലെ കാണാൻ പറ്റാത്ത മറ്റൊരാളുണ്ട്. ഇൻഫ്രാറെഡ് തരംഗങ്ങൾ കാരണമുള്ള 'ഒടുക്കത്തെ ചൂടി'നെ പറ്റി നമ്മൾ വാചാലരാവുമ്പോൾ, യഥാർത്ഥ വില്ലൻ ദൃശ്യപ്രകാശത്തിന് പിന്നിൽ മറഞ്ഞിരുന്ന് ചിരിക്കുകയാണ്. അയാളാണ്, സാക്ഷാൽ അൾട്രാവയലറ്റ് (UV).

സൂര്യരശ്മിയിൽ ഏകദേശം 290 മുതൽ 400 നാനോമീറ്റർ വരെ തരംഗദൈർഘ്യത്തിൽ വ്യാപിച്ച് കിടക്കുന്ന ഈ UV തരംഗങ്ങളാണ് സൂര്യാതപ (Sun burn) ത്തിന്റെ യഥാർത്ഥ കാരണം.

സൂര്യന്, അൾട്രാവയലറ്റമ്മയിൽ മൂന്ന് മക്കളാണുള്ളത്. UV-A, UV-B, UV-C എന്നൊക്കെയാണ് അവരുടെ പേരുകൾ. ഇതിൽ UV-C എന്ന വഴക്കാളി, ഭൂമിയിലേക്കുള്ള സഞ്ചാരപാതയിൽ ഓസോൺ പാളിയുമായുള്ള യുദ്ധത്തിൽ അകാലമൃത്യു വരിക്കും. അവൻ മരിച്ചില്ലായിരുന്നേൽ ഇവിടെ സീൻ ഇതിലും ഡാർക്കായേനെ. UV-B-യും യുദ്ധത്തിൽ മുറിവേറ്റ് പരിക്ഷീണനായാണ് ഭൂമിയിലെത്തുന്നത്. ഇവിടെത്തുമ്പോൾ 95-98 ശതമാനം UV-A-യും 2-5 ശതമാനം UV-B യും മാത്രേ കാണൂ. ഈ അൽപപ്രാണനും കൊണ്ട് രക്ഷപ്പെട്ടോടിയ UV-B യാണ് കുറച്ചുനേരം വെയിലുകൊള്ളുമ്പോൾ നമ്മളെയിങ്ങനെ പൊള്ളലേൽപ്പിക്കുന്നത്. ദീർഘനാൾ UV-B രശ്മികളേൽക്കുന്നത് സ്കിൻ കാൻസറിനു വരെ കാരണവുമാകും. UV-B യെ മാത്രം വില്ലനാക്കുമ്പോൾ UV-A- യെ നായകനായി കാണണ്ട. അവനും വില്ലന്റെ കൂട്ടുകാരൻ തന്നെയാണ്.

സൂര്യന്റെയീ UV മക്കളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ധാരാളം സൺസ്ക്രീനുകളൊക്കെ ഇന്ന് വിപണിയിൽ ലഭ്യമാണ്. പകൽ പുറത്തിറങ്ങുന്നവർക്ക് SPF (Sunburn Protection Factor) 50- ന് മുകളിലുള്ളവ ഏതെങ്കിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇക്കാര്യത്തിൽ സംശയമുള്ളവർ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം സ്വീകരിച്ചശേഷം ഉപയോഗിച്ചാലും മതി.

ഓർക്കണം :

💥ആറുമാസത്തിൽ താഴെയുള്ള കുട്ടികളിൽ സൺസ്ക്രീൻ ഉപയോഗിക്കരുത്.

💥തൊലിപ്പുറത്ത് അലർജി ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഉപയോഗിക്കുക.

💥പലതരം സൺഗ്ലാസുകളും ലഭ്യമാണ്. EPF (Eye protection Factor) 8-ന് മുകളിലുള്ള സൺഗ്ലാസുകൾ UV രശ്മികളെ 99% ആഗിരണം ചെയ്യുന്നവയാണ്.

💥പരമാവധി വെയിലത്തിറങ്ങാതെ, ഇറങ്ങിയാൽ തന്നെ അധികനേരം വെയിലുകൊള്ളാതെ നോക്കണം. അതാണേറ്റവും നല്ലത്.

💥സൺസ്ക്രീൻ സൂര്യാതപത്തിൽ (Sun burn) നിന്നു മാത്രമേ സംരക്ഷിക്കൂ. സൂര്യാഘാതത്തിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല. അതോണ്ട് ആരും പേടിക്കണ്ട, ഓടിക്കോ...


സൂര്യാഘാതവും ടൂവീലറും / Sunstroke n Two wheeler

മഴയാണെങ്കിലും വെയിലാണെങ്കിലും എട്ടിന്റെ പണി കിട്ടുന്ന ചില ടീംസുണ്ട്. ഒന്ന്, കെട്ടിടം പണിക്കാർ. മഴയാണേൽ പണിയേ കാണില്ലാ. വെയിലാണേൽ സൂര്യാതപമോ സൂര്യാഘാതമോ അടിക്കും. രണ്ടാമത്തെ കൂട്ടർ, പകൽ നേരം ദീർഘദൂരം ബൈക്കോടിക്കേണ്ടി വരുന്നവരാണ്. യുവാക്കളിൽ ബഹുഭൂരിഭാഗവും ഈ ഗ്രൂപ്പിൽപ്പെടും. പകലത്തെ ചൂടിനിയും കൂടാനാണ് സാധ്യത. കുറച്ചല്ലാ, കുറച്ചധികം ശ്രദ്ധ ഇനി നമ്മൾ പാലിക്കേണ്ടതാണ്. സോ, ബൈക്കോടിക്കുന്നവർ 'സോളാർ രക്തസാക്ഷി'യാവാതിരിക്കാനുള്ള പോംവഴികളെ പറ്റി അറിഞ്ഞിരിക്കുന്നത് നല്ലതാ.

1. പൊരിവെയിലത്തൂടെ ബൈക്കോടിക്കുമ്പോൾ സൂര്യൻ നിങ്ങളെ ഞെക്കാതെ ഞെക്കിപ്പിഴിഞ്ഞ് ചാറെടുക്കും. കൈവിട്ട ആയുധത്തിന്റെയും വാ വിട്ട വാക്കിന്റെയും അവസ്ഥയാണാ ചാറിനും. വെള്ളം ധാരാളം കുടിക്കുക മാത്രേയുള്ളൂ പോംവഴി. നിർജലീകരണമാണ് സൂര്യാഘാതത്തിന്റെ 'ആഘാത'ശേഷിയെ തന്നെ നിർണയിക്കുന്നത്. അതോണ്ട് ദാഹിച്ചാലും ഇല്ലെങ്കിലും ധാരാളം വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. ഒരു കുപ്പി വെള്ളം യാത്രയിലുടനീളം കൈയ്യിൽ കരുതുക.

2. ‎മദ്യപിക്കരുത്, കോഫി പോലുള്ളവയും ഒഴിവാക്കുക. ഇവ രണ്ടും അല്ലെങ്കിലേ നിർജലീകരണത്തിന്റെ കോ-സ്പോൺസർമാരാണ്.

3. ‎അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കാരണം, ശരീരം വിയർക്കുന്നത് ചൂട് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. വിയർപ്പ് ബാഷ്പീകരിച്ച് പുറത്ത് പോകാനാകാത്ത വസ്ത്രമാണെങ്കിൽ, ശരീരം വീണ്ടും വീണ്ടും വിയർത്തുകൊണ്ടിരിക്കുമെന്ന് മാത്രം. ചൂട് കുറയില്ല. വിയർപ്പിലൂടെ വെള്ളവും ഉപ്പും (സോഡിയം) നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഹൈലി ഡേഞ്ചറസ്!

4. ‎ശരീരം മൊത്തം കവർ ചെയ്യുന്ന കോട്ടൺ വസ്ത്രങ്ങളാണുത്തമം. (ഉദാ: ഫുൾസ്ലീവ് ഷർട്ട്, ചുരിദാർ).

5. ‎ഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ചും ബ്രേക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്.

6. ‎അരമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ബൈക്കോടിക്കാതിരിക്കുക. ഇടയ്ക്ക് തണലുള്ളയിടങ്ങളിൽ നിർത്തി, വെള്ളമൊക്കെ കുടിച്ച ശേഷം യാത്ര തുടരുക.

7. ‎വെള്ളം പോലെ തന്നെ ഉപ്പും ശരീരത്തീന്ന് ധാരാളമായി നഷ്ടപ്പെടും. നഷ്ടങ്ങൾ ഒരുപാടായാൽ നമ്മൾ കഷ്ടപ്പെടും. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളമൊക്കെ ഇടയ്ക്ക് കിട്ടുമെങ്കിൽ കുടിയ്ക്കുന്നത് നല്ലതാണ്. ഇതൊക്കെ കൈയിൽ കരുതുന്നതിൽ നാണക്കേടൊന്നും വിചാരിക്കണ്ടാ.

8. ‎തണ്ണിമത്തൻ പോലുള്ള നീരധികമുള്ള പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

9. ‎ഒരു കാരണവശാലും പെപ്സി, കോള ഐറ്റംസ് ഈ സമയത്ത് കുടിയ്ക്കരുത്. നിർജലീകരണത്തിന്റെ ഉസ്താദ് ബാദുഷാ ഖാന്മാരാണവർ. സ്റ്റേ എവേ..

10. ‎ഇനി ബൈക്കോടിക്കുമ്പോൾ ക്ഷീണമോ തലകറക്കമോ ഓക്കാനമോ എന്തേലും തോന്നിയാൽ നേരെ അടുത്ത ആശുപത്രിയിലേക്ക് ചെല്ലുക. സൂര്യാതപത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം ഇവ. അങ്ങനെയെങ്കിൽ വിശ്രമം അനിവാര്യം. ആവശ്യമെങ്കിൽ ചികിത്സയും.

11. ‎മറ്റെന്തെങ്കിലും അസുഖമുള്ള അവസ്ഥയാണെങ്കിൽ (വൈറൽ പനി ആണെങ്കിൽ പോലും) പരമാവധി ടൂ വീലർ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

12. ‎മറ്റു ട്രാൻസ്പോർട്ട് സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയാണെങ്കിൽ, ചൂടുകാലത്ത് പകൽ ബൈക്ക് ഉപയോഗിക്കണ്ടാന്ന് വയ്ക്കുന്നതും വളരെ നല്ലൊരു തീരുമാനമായിരിക്കും.



മനോജ് വെള്ളനാട്

സൂര്യാഘാതം (SUN STROKE)




പകല്‍ നേരത്തെ അമിതമായ ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം അഥവാ സണ്‍സ്ട്രോക്ക്. പാലക്കാടും കോഴിക്കോടുമൊക്കെ സൂര്യാഘാതമേറ്റ് ആള്‍ക്കാര്‍ കുഴയുന്നതിന്‍റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിതെന്നും നിസാരമായി തള്ളേണ്ടതല്ലായെന്നും മനസിലാക്കണം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരികപ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അധികനേരം  ജോലി ചെയ്യേണ്ടിവരുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍  കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ഹൈപ്പര്‍തെര്‍മ്മിയ (HYPERTHERMIA) എന്ന അവസ്ഥയുണ്ടാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം  ഇത് ഗുരുതരമായി ബാധിക്കും. 

കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും  മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

         1.നിര്‍ജ്ജലീകരണം (DEHYDRATION)

ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്.നിര്‍ജ്ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും.  ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം.
       
         2. ചൂടുകുരു/ വെപ്പ് (മിലിയേരിയ)
ചെറിയ ചെറിയ കുരുക്കള്‍ , വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയുംതണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും. 


      
             3. സൂര്യാഘാതം
ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം(SUNBURN) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ , വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്‍. ശരിക്കും സൂര്യനില്‍ നിന്നും പുറപ്പെടുന്ന UV രശ്മികളുടെ 10%ല്‍ താഴെ മാത്രമാണ് ഭൂമിയിലെത്തുന്നത്. അതിനെത്തന്നെ UV-A എന്നും UV-B എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യാണ് സൂര്യതാപത്തിന് കാരണം. അതുകൊണ്ട് അതിനെ "SUNBURN SPECTRUM" എന്നാണ് പറയുന്നത്.
എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (SUNSTROKE) രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും.
രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും. 
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്. 



സൂര്യാഘാതത്തിന്‍റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS)

  1. വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
  2. ക്ഷീണം
  3. ഓക്കാനവും ചെറിയ തലകറക്കവും
  4. സാധാരണയിലധികമായി വിയര്‍ക്കുക
  5. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
  6. ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
  7. പേശികളുടെ കോച്ചിപ്പിടുത്തം
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം. 

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

  1. ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.
  2. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
  3. വിങ്ങുന്ന മാതിരിയുള്ള തലവേദന
  4. ചര്‍ദ്ദി
  5. ശ്വാസംമുട്ടല്‍


കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

  1. ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
  2. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
  3. മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
  4. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
  5. തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
  6. കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
  7. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക


പ്രതിരോധ മാര്‍ഗങ്ങള്‍
  • നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം
  • ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
  • അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. 
  • രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക
  • നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്
  • പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക
  • കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.


©മനോജ്‌ വെള്ളനാട്