റൂട്ട് മാപ്പ്!

രാവിലേ കോഴിക്കൂടിൻ്റെ കതക് തുറക്കുന്ന ശബ്ദം കേട്ടതും ചിന്നൻ ചിതലിന് വിറയൽ തുടങ്ങി. ചിന്നൻ വേഗം പുറത്തിറങ്ങി, പുറ്റിന് പുറത്ത് കളിക്കാൻ പോയ മക്കളെ വിരട്ടി അകത്ത് കയറ്റി. ശേഷം ചുറ്റുമൊന്ന് കണ്ണോടിച്ച് ഭീതിയോടെ പുറ്റിനകത്ത് കയറി. മക്കളോട് നിശബ്ദരാവാൻ ആംഗ്യം കാട്ടി. അച്ഛനും മക്കളും അതീവ ജാഗ്രതയോടെ ഒരു മൂലയിൽ പതുങ്ങിയിരുന്നു.


ത്രേസ്യക്കുട്ടി കോഴിക്കൂട് തുറക്കാൻ വന്നപ്പോൾ ചക്കിയും ചങ്കരനും തമ്മിൽ ആദ്യമാര് പുറത്തിറങ്ങുമെന്ന കാര്യത്തിൽ തർക്കം നടക്കുകയായിരുന്നു. എന്താടീ രാവിലെ രണ്ടും കൂടിയൊരു കുശുകുശുപ്പെന്ന കിന്നാരത്തോടെ ത്രേസ്യ കതകു തുറന്നു കൊടുത്തു. വാതിൽ തുറന്നതും ആദ്യം ചക്കിയും പിന്നാലെ ചങ്കരനും ഓടി അടുക്കളപ്പുറം വഴി ചിന്നൻ ചിതലിൻ്റെ പുറ്റിനടുത്തേക്ക് പോയി.


നാട്ടിലെന്തോ രോഗം പടരുന്നുവെന്നേ മാത്യുവിനറിയൂ. കൊറോണയോ കോവിന്ദോ വരുന്നെന്നും അതുകൊണ്ട് ഒരു ദിവസം വീട്ടീന്നാരും പുറത്തിറങ്ങരുതെന്നും റേഡിയോയിൽ പറയുന്നത് കേട്ടിരുന്നു. അവധിയുടെ ആലസ്യങ്ങൾക്കൊന്നും കടന്നു ചെല്ലാൻ പഴുതുകളില്ലാത്ത വീടായിരുന്നു മാത്യുവിൻ്റേത്. കൃത്യം അഞ്ചരയ്ക്ക് അമ്മിണി പശുവിൻ്റെ അമറൽ കേട്ടപ്പോൾ മാത്യുവുണർന്നു. കൂടെ ത്രേസ്യയും.


ഇന്നിപ്പോൾ പാലെടുക്കാൻ പാൽക്കാരൻ വരില്ലാത്രേ. വണ്ടിയോടാൻ പാടില്ലാന്ന് മന്ത്രി പറഞ്ഞെന്ന്. എന്നാപ്പിന്നെ അതെടുത്ത് പിള്ളേർക്കൊക്കെ പാൽപ്പായസം വച്ചു കൊടുത്താലോന്ന് ചോദിച്ചത് ത്രേസ്യക്കുട്ടിയാണ്. പായസം വയ്ക്കുന്ന സ്ഥിതിയ്ക്കിത്തിരി ചിക്കനും കൂടിയായാലോന്ന പൂതി മാത്യുവിനും തോന്നി.


ചിന്നൻ ചിതലിൻ്റെ കുടുംബത്തെ ഒന്നില്ലാതെ അകത്താക്കി ഏമ്പക്കം വിട്ടു നിൽക്കുമ്പോഴാണ് ചങ്കരൻ, മാത്യുവിൻ്റെ പതുങ്ങിയുള്ള വരവ് കണ്ടത്. പന്തികേട് തോന്നിയ ചങ്കരൻ ജീവഭയത്തോടെ കാറിക്കൊണ്ടോടാൻ തുടങ്ങി. മൂന്നര മിനിട്ടിൽ 200 മീറ്ററോളം ദൂരം നാല് ലാപ്പുകളിൽ പൂർത്തിയാക്കി ചങ്കരൻ മാത്യുവിൻ്റെ മുന്നിൽ കീഴടങ്ങുക തന്നെ ചെയ്തു.


ചങ്കരൻ്റെ ശരീരത്തിൽ നിന്നും പുറപ്പെട്ട മസാലമണം വടക്കേപ്പുറം വഴി പ്ലാവിൻ ചോട്ടിൽ ചിക്കിക്കൊണ്ടിരുന്ന ചക്കിയുടെ മൂക്കിലെത്തുമ്പോൾ, അവളുടെ ആമാശയത്തിൽ ചിന്നൻ ചിതലിൻ്റെ മക്കളും ദഹനരസത്തിൽ കുതിരുകയായിരുന്നു.


കഴിക്കാനിരുന്നപ്പോഴും മാത്യുവിന് നല്ല ക്ഷീണമായിരുന്നു. ചങ്കരൻ്റെ പിറകേ ഓടിയതിൻ്റേതാണെന്ന് മാത്യുവും അതുതന്നെ ആയിരിക്കുമെന്ന് ത്രേസ്യയും പറഞ്ഞു. വൈകുന്നേരമായപ്പോൾ ഒന്ന് പനിച്ചു. ചെറിയ ചുമയും. ത്രേസ്യ ചുക്കു കാപ്പിയിട്ടു. രാത്രിയിൽ പനി കലശലായി. കൂടെ ശ്വാസം മുട്ടലും. ബാക്കി വന്ന ചിക്കനും പായസവും ആമാശയത്തിനകത്താക്കി ഉറങ്ങാൻ കിടന്ന മക്കളെ വിളിച്ചുണർത്തി ത്രേസ്യ മാത്യുവിനേം കൊണ്ട് ആശുപത്രിയിലേക്കോടി.


ശ്വാസംമുട്ടൽ കലശലായതിനാൽ മാത്യുവിനെ ICU വിലേക്ക് മാറ്റി. വൈറൽ ന്യുമോണിയ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ തോമാച്ചൻ അറിയാതെ ത്രേസ്യയുടെ മുഖത്തേക്ക് നോക്കിപ്പോയി. മകൻ്റെ മുഖത്തെ പരിഭ്രമം കണ്ട് ത്രേസ്യ സ്തബ്ധയായി നിന്നു.


തോമാച്ചൻ മാത്യുവിൻ്റെ ദിനചര്യയുടെ റൂട്ട് മാപ്പ്‌ ഡോക്ടറുടെ മുന്നിൽ വെളിപ്പെടുത്തി. അഞ്ചരയ്ക്ക് അമ്മിണിയുടെ അമറൽ കേട്ടുണരും. ഒരു ബീഡി വലിക്കും. ആറു വരെ കറവയാണ്. പിന്നെയും ഒരു ബീഡി വലിക്കും. അടുത്തുള്ള കുറച്ചു വീടുകളിൽ പാലെത്തിക്കും. തിരിച്ചുവന്ന് അമ്മിണിയെ കുളിപ്പിക്കും. അതിനിടയിൽ ഒന്നോ രണ്ടോ ബീഡി വലിക്കും. എട്ടുമണിക്ക് പാൽവണ്ടിക്കാരൻ പാലു വാങ്ങാൻ വരും.


എട്ടര ഒമ്പതാവുമ്പോ ഭക്ഷണോം കഴിച്ചിട്ട്, അമ്മിണിക്കുള്ള പുല്ലു ചെത്താൻ പോവും. ഉച്ചയ്ക്ക് വന്ന് അമ്മിണിയ്ക്ക് വെള്ളത്തിലിട്ട് വച്ച പുണ്ണാക്കും കാടി വെള്ളോം കൊടുക്കും. ഒരു ബീഡി വലിക്കും. ഊണ് കഴിഞ്ഞ് ഒന്നുറങ്ങും. ഉറങ്ങിയെണീറ്റ് ബീഡിയും പുകച്ച് സഞ്ചിയുമെടുത്ത് പിണ്ണാക്ക് വാങ്ങാനെന്നും പറഞ്ഞിറങ്ങും. കാസിം സായിപ്പിൻ്റെ ചായക്കടേ കേറി നാട്ടുകാരുടെ മൊത്തം നൊണയും പറഞ്ഞോണ്ടിരിക്കും തോന്നും വരെ. പിന്നെ നടന്ന് അക്കരെ ബിവറേജിലുപോയി ഒരു വാട്ട റം വാങ്ങും. എന്നിട്ട് ഒന്നുരണ്ട് കൂട്ടുകാരൊള്ളതുമൊത്ത് വാഴപ്പണേലിരുന്ന് വെള്ളം ചേർക്കാതെ അകത്താക്കും. പിന്നെപ്പോയി അമ്മിണിക്കുള്ള പിണ്ണാക്ക് വാങ്ങും. ഉറങ്ങാറാവുമ്പോ നാലുകാലിൽ വീട്ടിലെത്തും.


പിറ്റേന്ന് പുലർച്ചെ അമ്മിണിപ്പശു പലവട്ടം അമറിയിട്ടും മാത്യു കറക്കാൻ വന്നില്ല. അതിൻ്റെ പരവേശത്താലത് തൊഴുത്തിൽ നിന്നും നാലുകാലിൽ താളം ചവിട്ടി. അമ്മിണിയോട് പറയാതെ, തൻ്റെ റൂട്ട് മാപ്പ്‌ ചാനലുകൾ വഴി പുറത്തുവരും മുമ്പേ തന്നെ മാത്യു ചിന്നൻ്റെയും ചങ്കരൻ്റെയും ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. 


മാത്യുവിന് അന്ത്യചുംബനം നൽകാൻ പാടില്ലാന്ന് ത്രേസ്യയോട് കളക്റ്റർ ഫോണിൽ പറഞ്ഞു. മരണശുശ്രൂഷയിൽ പങ്കെടുക്കാൻ വീട്ടുകാർ മാത്രമേ ഉണ്ടായുള്ളു. മാത്യുവിൻ്റെ ശവപ്പെട്ടി ചുമക്കാൻ പുറംനാട്ടിൽ നിന്നും മുഖവും ശരീരവും മറച്ച മനുഷ്യരെത്തി. 


അന്യദേശക്കാരായ നാലാളുടെ അകമ്പടിയോടെ പള്ളി സെമിത്തേരിയിൽ, തോട്ടപ്പറമ്പിൽ ഗീവർഗീസ് മകൻ മാത്യുവിൻ്റെ റൂട്ട് മാപ്പ് അവസാനിച്ചു. ഒപ്പം ചിന്നൻ ചിതലിൻ്റെയും.


©മനോജ്‌ വെള്ളനാട്






1 comment:

  1. മനോജ് നല്ല കഥ. ഇതേ പേരില്‍ ഞാനൊരു കഥയെഴുതി മിനുക്കു പണി നടത്തിക്കൊണ്ടിരുന്നപ്പോളാണ്
    ഈ കഥ വായിക്കാന്‍ മെയില് കിടക്കുന്ന കണ്ടത്. എന്‍റത് പോസിറ്റീവാണ്.

    ReplyDelete