ആതുരാലയങ്ങളെ അമ്പലങ്ങളാക്കുന്നവർ


ആതുരാലയങ്ങളെ അമ്പലങ്ങളാക്കുന്ന മനുഷ്യർ





ആശുപത്രികൾ ആതുരതയുടെയും വേദനകളുടെയും മ്യൂസിയമാണ്. പ്രതീക്ഷകളറ്റതും ജീവന്റെ താളം തെറ്റിയതുമായ മനുഷ്യർ ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് ജീവിതത്തെ തിരികെ പിടിക്കാൻ ഓടിയെത്തുന്ന ഇടങ്ങൾ. ഡോക്ടർമാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും ഒക്കെ ചേർന്ന് ആ മനുഷ്യർക്ക് തിരികെ ജീവിതത്തിലേക്കുള്ള വഴി തെളിച്ചു കൊടുക്കുന്നയിടങ്ങൾ.


എന്നുകരുതി, ഈ ആശുപത്രികൾ ഒന്നും തന്നെ പഴയകാല കഥകളിൽ കേട്ടിട്ടുള്ളതു പോലെ അത്ഭുതങ്ങൾ (Miracles) സംഭവിക്കുന്ന ഇടങ്ങളൊന്നുല്ല. മരണമായാലും ജനനമായാലും ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കായാലും അതിൽ അമാനുഷികമായതോ അത്ഭുതപ്പെടുത്തുന്നതോ ആയ ഒന്നും തന്നെയില്ല. അവിടുത്തെ ജീവനക്കാരാരും തന്നെ മാജിക്കുകാരുമല്ലാ. ശാസ്ത്രത്തിന്റെയും മനുഷ്യന്റെയും പരിമിതികൾക്കുള്ളിൽ നിന്നും തികച്ചും സാധാരണമായി പ്രവർത്തിക്കുന്ന ഒരു സംവിധാനം മാത്രമാണ് ആശുപത്രികൾ. അവിടെ ചിലപ്പോ വ്യക്തി പ്രഭാവം കൊണ്ട് സവിശേഷ ശ്രദ്ധ നേടുന്ന ഡോക്ടർമാരോ നഴ്സുമാരോ അറ്റൻഡർമാരോ മറ്റു ജീവനക്കാരോ ഒക്കെ ഉണ്ടായേക്കാം. അങ്ങനെയുള്ളവരെ പറ്റി ധാരാളം വാർത്തകളും അനുഭവക്കുറിപ്പുകളും നമ്മൾ വായിച്ചിട്ടുണ്ടാവും. എന്നാലവർ ജോലിയുടെ ഭാഗമായുള്ള അവരുടെ കടമ ഭംഗിയായി ചെയ്യുന്നു എന്നു മാത്രമേ ഞാൻ കാണുന്നുള്ളൂ.


ഈ ചെറിയ ഓർമ്മക്കുറിപ്പ് ഏതെങ്കിലും ആരോഗ്യപ്രവർത്തകരെ പറ്റിയല്ല. രോഗികളുടെ കൂടെ വരുന്ന കൂട്ടിരിപ്പുകാരെ അഥവാ ബൈസ്റ്റാൻഡേഴ്‌സിനെ പറ്റിയാണ്. ഒരിക്കൽ ഐസിയുവിൽ അഡ്മിറ്റായിരുന്ന ഒരു രോഗിയുടെ മക്കൾ വിദേശത്തു നിന്നും വന്നു. ഗുരുതരമാണ് രോഗിയുടെ സ്ഥിതി. പക്ഷെ മക്കൾക്ക് ആർക്കും അധികനാൾ നാട്ടിൽ നിൽക്കാനൊക്കില്ല. ലീവില്ല. എത്രയും വേഗം അവരൊന്ന് മരിച്ചു കിട്ടിയാൽ മതിയെന്ന ഭാവമായിരുന്നു എല്ലാവർക്കും. അന്ന് ഐസിയു ഡ്യൂട്ടി ആയിരുന്നു എനിക്ക്. ഓരോ പ്രാവശ്യം ഐസിയു മുറിയിൽ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോഴും അവരിൽ ആരെങ്കിലും ഓടി വന്നു ചോദിക്കും, എന്തായി ഡോക്ടർ എന്ന്. അതേ അവസ്ഥ തന്നെയെന്നു ഞാൻ പറയുമ്പോൾ അവരുടെ മുഖം മങ്ങും. പിറ്റേന്നോ അതിൻ്റെ പിറ്റേന്നോ ആണ്, ആ രോഗി മരിച്ചു എന്ന് പറയുമ്പോഴാണ് മക്കളുടെ മുഖത്ത് അല്പം പ്രകാശം കണ്ടത്.


ഇങ്ങനെയോ ഇതിനൊപ്പം നിൽക്കുന്നതു ആയ പല അനുഭവങ്ങളും വേറെയും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രണ്ടു അനുഭവങ്ങൾ പറയാനാണീ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. അമ്പലം എന്ന് കേൾക്കുമ്പോൾ ക്ഷേത്രങ്ങളായിരിക്കും നമുക്കാദ്യം ഓർമ്മ വരുന്നത്. എന്നാലീ ലേഖനത്തിന്റെ തലക്കെട്ടിലെ അമ്പലത്തിന് 'അൻപുള്ള ഇല്ലം' എന്നാണർത്ഥം. ആതുരാലയങ്ങളെ അൻപിന്റെ അഥവാ സ്നേഹത്തിന്റെ ഹൃദയഗേഹമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചില മനുഷ്യരെ പറ്റിയാണ്. രോഗികളുടെ കൂട്ടിരിപ്പുകാരാണവർ. അവർ മക്കളാവാം, ജീവിതപങ്കാളിയാവാം, സഹോദരങ്ങളാവാം, സുഹൃത്തുക്കളാവാം. ചിലപ്പോഴെങ്കിലും വാടകയ്ക്കെടുത്തവരുമാവാം. ഇവരെയൊന്നും ഒരിടത്തും നമ്മളങ്ങനെ അടയാളപ്പെടുത്തി കണ്ടിട്ടില്ല. എൻ്റെ ബൈസ്റ്റാൻഡർ ഓർമ്മകളിൽ ഞാനൊരിക്കലും മറക്കാത്ത ഏതാനും ചിലരെ പരിചയപ്പെടുത്താം. 



1.അപൂര്‍വസഹോദരങ്ങള്‍

              

                    ഒരു ദിവസം വൈകുന്നേരം ആറുമണിയോടടുപ്പിച്ചാണ് ദാസിനെയും കൊണ്ട് അത്രതന്നെ പ്രായം തോന്നിക്കുന്ന രണ്ടു വയസന്മാര്‍ കാഷ്വാല്‍റ്റിയില്‍ എത്തുന്നത്. കൊയമ്പത്തൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്ന് നേരെ വരികയാണ്‌. ദാസിനു തലച്ചോറിന്‍റെ വലതുഭാഗത്ത് രക്തം കട്ടപിടിച്ചു ശരീരത്തിന്‍റെ ഇടതുവശം തളര്‍ന്നു പോയിരുന്നു. അമിതമായിട്ടുണ്ടായ രക്തക്കട്ട കോയമ്പത്തൂരിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. വലതു കപാലപകുതി മുറിച്ചുമാറ്റിയിരുന്നതിനാല്‍ തലയുടെ ആകെയുള്ള ആകൃതി ആപ്പിള്‍ കമ്പനിയുടെ ലോഗോ പോലിരുന്നു. ബോധമുണ്ട്. എന്നാല്‍ പറയുന്നത് മനസിലാക്കാനോ പ്രതികരിക്കാനോ സാധിക്കില്ല. തുടര്‍ ചികിത്സയ്ക്ക് നമ്മുടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണ്‌.


ദാസിനു പ്രായം എഴുപത്. കൂടെയുള്ളത് ഒന്ന് ചേട്ടന്‍, കുമരേശന്‍. മറ്റേത് അനിയന്‍ മാരിയപ്പന്‍. മധുരയ്ക്കടുത്ത് ഏതോ ഒരുള്‍പ്രദേശമാണ് സ്വദേശം. മൂന്നുപേരും അവിവാഹിതര്‍. കുമാരേശന് സര്‍ക്കാര്‍ നല്‍കുന്ന ചെറിയ പെന്‍ഷന്‍ തുക കൊണ്ടാണ് മൂന്ന് സഹോദരങ്ങളും കഴിഞ്ഞു വന്നത്. അടുത്ത ബന്ധുക്കള്‍ ആരും തന്നെയില്ല. അങ്ങനെ പരസ്പരം താങ്ങായി ജീവിതരഥമുന്തിത്തള്ളി നീങ്ങുമ്പോഴാണ് ദാസിന് പ്രഷര്‍ അധികമായി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്.


വന്ന ദിവസം ആദ്യം കണ്ടതും പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ സ്ഥിരമായി റൗണ്ട്സിന് കാണുന്നതും എന്നെയായതിനാല്‍ കൂടെയുള്ള രണ്ടുപേര്‍ക്കും എന്നോടൊരു അടുപ്പം കൂടുതലുണ്ടായി. വളരെ താണ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നാണ് വരുന്നതെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ക്ക് മനസിലാകുന്ന വിധം മലയാളവും എന്നാലാകുന്ന തമിഴും ചേര്‍ത്തു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അതും അവരോടു എന്നെ കൂടുതല്‍ അടുപ്പിച്ചുവെന്നാണ് കരുതുന്നത്. ആശുപത്രിയ്ക്കകത്തോ പുറത്ത് റോഡിലോ അങ്ങനെ എവിടെ വച്ച് കണ്ടാലും അവരാ സ്നേഹം ഒരു ചിരി കൊണ്ടെങ്കിലും പ്രകടിപ്പിച്ചിരുന്നു. 


മാസങ്ങൾ കടന്നുപോയി. പതിപ്പതിയെ ദാസിന്‍റെ ആരോഗ്യനില മെച്ചപ്പെടാന്‍ തുടങ്ങി. കൂടെയുള്ളവരെ തിരിച്ചറിയാനും പറയുന്നത് അനുസരിക്കാനുമൊക്കെ സാധിക്കുന്നുണ്ട്. അൽപ്പാൽപ്പമായി സംസാരിക്കാനും പറ്റുന്നുണ്ടിപ്പൊ. പക്ഷെ തലച്ചോറിലുണ്ടായ ക്ഷതം വലുതായതിനാല്‍ കൈകാലുകളുടെ ബലക്ഷയം പഴയതുപോലെ മെച്ചപ്പെട്ടുവന്നില്ല. ആ രണ്ടു സഹോദരങ്ങളും ദാസിനെ ശുശ്രൂഷിക്കുന്നത്, സഹോദരസ്നേഹത്തിന്റെ മാത്രമല്ലാ, രോഗീ പരിചരണത്തിന്റെ തന്നെ അപൂര്‍വമായ മാതൃകയായിരുന്നു. ഒരാള്‍ ഭക്ഷണം വാരിക്കൊടുക്കുമ്പോള്‍, മറ്റെയാള്‍ തോര്‍ത്തുകൊണ്ട് ചിറിയില്‍ പറ്റിയ വറ്റുകള്‍ തുടച്ചുകൊടുക്കും. ഒരാള്‍ കൈകഴുകിക്കുമ്പോള്‍ മറ്റെയാള്‍ ദാസിനു ചാരി ഇരിക്കത്തക്കവിധം കട്ടില്‍ ശരിപ്പെടുത്തും. സാധാരണ കിടപ്പുരോഗികളെ എത്രയൊക്കെ ശ്രദ്ധയോടെ പരിചാരിച്ചാലും ചെറിയ രീതിയിലെങ്കിലും കിടക്കപ്പുണ്ണ് (bed sore) ഉണ്ടാവും. ഇത്രയും നാൾ കിടന്നിട്ടും ദാസിന്റെ തൊലിപ്പുറം പോലും പൊട്ടിയില്ലായെന്നു പറയുമ്പോൾ കുമരേശനും മാരിയപ്പനും അയാളെ എത്ര അവധാനതയോടെയാണ് പരിചരിക്കുന്നതെന്ന് ഊഹിക്കാം.


എത്ര സീരിയസ്സായിട്ടുള്ള രോഗമാണെങ്കിലും ഒരു രോഗിയും മൂന്നോ നാലോ, പരമാവധി ആറുമാസത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ കിടക്കാറില്ല. എന്നാല്‍ ദാസിനും സഹോദരങ്ങള്‍ക്കും ആശുപത്രി വിട്ടു വീട്ടില്‍ പോകുന്നതിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തികസ്ഥിതിയും ദാസിനു പരമാവധി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമുക്തിയും ബോധ്യമുള്ളതിനാല്‍ നമ്മള്‍ പലവട്ടം പറഞ്ഞതുമാണ്, ഇനി ഇതേ പരിചരണത്തിന് വീട്ടിലോ അടുത്തുള്ള ചെറിയ ക്ലിനിക്കിലോ മറ്റോ പോയാൽ മതിയെന്ന്. പക്ഷെ അവര്‍ ചെവി കൊണ്ടില്ല. മാത്രമല്ല നാട്ടില്‍ ആകെയുണ്ടായിരുന്ന കൊച്ചുവീടും ദാസിന്‍റെ ചികിത്സക്കായി വില്‍ക്കുകയും ചെയ്തു!!


നെഞ്ചിലൂറുന്ന കഫം ചുമച്ചു തുപ്പാനുള്ള ശേഷിയില്ലാത്തതിനാല്‍ ഇടയ്ക്കിടയ്ക്ക് ന്യുമോണിയ വരാറുണ്ടായിരുന്നു ദാസിന്. ചിലപ്പോഴൊക്കെ  ഐ.സി.യു.വിലേക്കു മാറ്റേണ്ടിയും വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഭക്ഷണം പോലും കഴിക്കാതെ കുമരേശനും മാരിയപ്പനും ഐ.സി.യു.വിനു മുന്നില്‍ പ്രതീക്ഷയും സങ്കടവും കുടിച്ചിറക്കി നിശബ്ദരായി ഇരിക്കുമായിരുന്നു. വിലയേറിയതെന്തിനോ കാവലിരിക്കുന്നത് പോലെ.


ഒന്നും രണ്ടുമല്ല, ഇരുപ്പത്തിരണ്ടു മാസം അവര്‍ മൂന്നുപേരും നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെ എങ്ങും പോകാതെ അവിടെ ഉണ്ടായിരുന്നു. ദാസ്‌ ഒരുപാട് മെച്ചപ്പെട്ടിരുന്നു അപ്പോള്‍. 


ഏതെങ്കിലും രോഗിയുടെ നില പെട്ടന്ന് വഷളാകുമ്പോള്‍ എമർജൻസി ഡോക്ടര്‍മാരെയും മറ്റു സ്റ്റാഫിനെയും വേഗം വിവരം അറിയിക്കാൻ ആശുപത്രിയിലുള്ള സംവിധാനമാണ് 'കോഡ് ബ്ലു'. ഒരു ദിവസം ഞാന്‍ ഓപിയിലെ തിരക്കില്‍ ഇരിക്കുമ്പോഴാണ് കോഡ് ബ്ലു അനൗൺസ്മെന്റ് കേട്ടത്. ഐസിയുവിൽ വിളിച്ചു ചോദിച്ചു, ഏതു രോഗിക്കാണ്, എന്താണ് പ്രശ്നമെന്ന് ഒക്കെ. ഒരാള്‍ പെട്ടന്ന് ഹൃദയസ്തംഭനം വന്നു കുഴഞ്ഞു വീണതാണെന്നും, കോഡ് ബ്ലൂ ടീമിലെ ഡോക്ടര്‍മാര്‍ എല്ലാം ഉണ്ടെന്നും മറുപടി കിട്ടി. ആരാണെന്നു മനസിലായില്ലെങ്കിലും നമ്മുടെ കീഴിലുള്ള രോഗിയല്ല എന്ന് ഉറപ്പായി. ഞാന്‍ ഓപിയിലെ ജോലി തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അവിടുന്ന് ഒരു വിളിവരുന്നത്.


"സര്‍, നമ്മുടെ ദാസിന്‍റെ കൂടെയുണ്ടായിരുന്ന ആള്‍ കാര്‍ഡിയാക് അറെസ്റ്റ്‌ വന്നു കൊളാപ്സ് ചെയ്തു."


ഞാനാകെ ഞെട്ടി. ആരാണ്, കുമരേശനോ മാരിയപ്പനോ? പുതിയ സ്റ്റാഫ് ഒരാളായിരുന്നു വിളിച്ചത്.


"പേരറിയില്ല സര്‍. താടിയുള്ള ആളാണ്."


കുമരേശന്‍!!


ഓപിയില്‍ ബാക്കിയുള്ള കുറച്ചുപേരോട് ഞാനുടനെ വരാമെന്ന് പറഞ്ഞു വേഗം ഐ.സി.യു.വിലേക്ക് ചെന്നു. പുറത്ത് വാതിലിനരികില്‍ ഒരു കസേരയില്‍ കുനിഞ്ഞിരിക്കുകയായിരുന്നു മാരിയപ്പന്‍. പാവം തോന്നി നഴ്സുമാരാരോ കൊടുത്തതാവും ആ കസേര. ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അയാള്‍ എന്നെ കണ്ടില്ല. കുമരേശന്റെ ബെഡിനടുത്തേക്ക് ചെന്നു. മനുഷ്യസാധ്യമായ എല്ലാ പ്രയത്നങ്ങളും, മാരിയപ്പന്‍റെ പ്രാര്‍ത്ഥനകളും നിഷ്പ്രഭമാക്കി കുമരേശന്‍ പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. കുറച്ചുനേരം ജീവന്റെ ചൂടുമാറാത്ത ആ ശരീരത്തിനടുത്ത് നിന്നശേഷം ഞാന്‍ പുറത്തിറങ്ങി. ഒന്ന് നോക്കിയതേ ഉള്ളു, മാരിയപ്പന്‍ നിലവിളിച്ചുകൊണ്ട് എന്‍റെ കാല്‍ക്കലേക്ക് വീഴുകയായിരുന്നു.


"എപ്പടിയാവത് കാപ്പാത്തുങ്കോ സര്‍.. യേ അണ്ണനെ കാപ്പാത്തുങ്കോ സര്‍.."


അയാള്‍ ഇരുകൈകളും കൊണ്ടെന്‍റെ കാലുകള്‍ കൂട്ടിപ്പിടിച്ചിരുന്നു. എന്തുപറയണം എന്നറിയാതെ ഞാന്‍ വല്ലാതെ കുഴഞ്ഞു. അപ്പോഴേക്കും ഒരു സെക്യൂരിറ്റി ഓടി വന്നു അയാളെ പിടിച്ചുമാറ്റി. അയാള്‍ കുറച്ചുനേരം കൂടി കരഞ്ഞു.ഞാന്‍ നിശബ്ദനായി ആ കൈകള്‍ പിടിച്ചു നിന്നു. പിന്നെ ഒന്നും പറയാതെ, നീണ്ടുനിവര്‍ന്ന ആ ഇടനാഴിയിലൂടെ വേഗം നടന്നു. 


ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതനുസരിച്ച് അകന്നബന്ധത്തിലുള്ള ഒരു പയ്യന്‍ വന്നിരുന്നു. അന്ന് രാത്രിയില്‍ കുമരേശന്‍റെ ശരീരത്തോടൊപ്പം ജീവനുള്ള രണ്ടു ശരീരങ്ങള്‍ കൂടി ആ ആംബുലന്‍സില്‍ കയറി പോയി, ദീര്‍ഘനാളത്തെ ആ കുടുംബജീവിതത്തിന്‍റെ ഓര്‍മ്മകള്‍ 428 ആം നമ്പര്‍ മുറിയിലും, നമ്മുടെ മനസുകളിലും ബാക്കി വച്ച്. അവരുടെ അവസ്ഥ നന്നായി അറിയുമായിരുന്നതിനാല്‍ അതുവരെയുള്ള ബില്ല് ആശുപത്രി അധികൃതര്‍ ഒഴിവാക്കി കൊടുത്തു.


കുമരേശൻ, ദാസ്, മാറിയപ്പൻ. അപൂര്‍വസഹോദരങ്ങള്‍. ജീവിതമെന്ന മരണക്കിണറില്‍ പരസ്പരസ്നേഹവും, കരുതലും അച്ചുതണ്ടാക്കി കറങ്ങിക്കൊണ്ടിരുന്ന മൂന്നുപേര്‍. വിധിയുടെ ഗുരുത്വാകര്‍ഷണബലപരീക്ഷണത്തില്‍ ആ അച്ചുതണ്ടിന്‍റെ കാമ്പ് തന്നെ നിലംപൊത്തി. സ്വന്തമായി വീടോ, പരിചരിക്കാന്‍ ആളുകളോ ഇല്ലാതെ ദാസും മാരിയപ്പനും പിന്നെത്ര നാള്‍ ആ ബലപരീക്ഷയില്‍ പിടിച്ചു നില്‍ക്കുമെന്നറിയില്ല. എന്‍റെ മനസ് പറയുന്നു, അവര്‍ ഇതിനകം തന്നെ തോറ്റുപോയിട്ടുണ്ടാകും. കാരണം അവര്‍ അത്രയധികം നിഷ്കളങ്കരായിരുന്നു.



2. സ്നേഹവും തിരിച്ചറിവും ഉള്ള പുതു തലമുറ

         മെഡിക്കൽ കോളേജിൽ, വയറിനുള്ളിൽ വലിയൊരു ഓപറേഷൻ കഴിഞ്ഞ് കിടക്കുന്ന ആ അമ്മയെ പതിനെട്ടുകാരിയായ മകൾ പരിചരിക്കുകയാണ്.  അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വർഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കൾക്കറിയില്ലായെന്നുമാണ് മാതാപിതാക്കൾ പറഞ്ഞ പ്രകാരം എന്റെ അറിവ്.


ഈ രോഗവിവരമറിയാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങൾ പുറത്തേയ്ക്ക് പോകാൻ മൂന്നോളം കുഴലുകളുമായി കിടക്കുന്ന അമ്മയെ പരിചരിക്കുന്ന ആ കുട്ടിയ്ക്ക്, അശ്രദ്ധമൂലം HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാലാ മാതാപിതാക്കൾ മക്കളറിയാതെ മറച്ചുവച്ചേക്കുന്ന രഹസ്യം ഞാനായിട്ടു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോർത്ത് ഒന്നും പറയാനും വയ്യാ.


എന്നാലും ഒരവസരം വന്നപ്പോൾ ആ കുട്ടിയെ മാറ്റി നിർത്തി ചോദിച്ചു,


"അമ്മയുടെ അസുഖത്തെ പറ്റിയൊക്കെ അറിയാമോ?"


''അറിയാം ഡോക്ടർ" അവൾ പറഞ്ഞു.


"എന്തറിയാം?"


"ക്യാൻസറാണ്. ചികിത്സിക്കാവുന്ന സ്റ്റേജൊക്കെ കഴിഞ്ഞു എന്ന് ഓപറേഷന് മുന്നേ തന്നെ ഡോക്ടർ പറഞ്ഞായിരുന്നല്ലോ"


"മറ്റെന്തറിയാം?" ഞാൻ പിന്നെയും ചോദിച്ചു


അൽപനേരം മിണ്ടാതെ നിന്നിട്ടവൾ പറഞ്ഞു,


''അതുമറിയാം ഡോക്ടർ.'' 


പിന്നെയും മൗനം.


''എനിക്കുമറിയാം ചേച്ചിക്കുമറിയാം. പക്ഷെ, ഞങ്ങൾക്കതറിയാമെന്ന് അവർക്കറിയില്ലാ. അവരതറിഞ്ഞാ പിന്നെങ്ങനെ ഫേസ് ചെയ്യുമെന്ന് പറയാൻ പറ്റില്ലാ. അവരു വളരെ ഡെലിക്കേറ്റാണ്.."


കാര്യം ശരിയാണ്. മക്കൾക്കൊന്നുമറിയില്ലാന്നുള്ള ഒരു ആത്മവിശ്വാസം ആ മാതാപിതാക്കൾക്കുണ്ടായിരുന്നു. എന്നാലും ഞാനെന്റെ ആശങ്ക മറച്ചു വച്ചില്ലാ.


"ഈ അവസ്ഥയിൽ അമ്മയെ ശുശ്രൂഷിക്കുമ്പോൾ സൂക്ഷിക്കണം. മുറിവിലൂടെയും മറ്റും .."


"ഞാനും ചേച്ചിയും HIV യെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് ഡോക്ടർ. ഞങ്ങൾക്കറിയാം കുറേയൊക്കെ, പകരുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ആ കെയർ ഞങ്ങൾ ചെയ്യുന്നുണ്ട്"


ഞാൻ അത്ഭുതത്തോടെ ആ പതിനെട്ടുകാരിയെ കേട്ടുകൊണ്ടിരുന്നു.


''ഈ അസുഖമുണ്ടെന്നറിഞ്ഞിട്ടും അവർ രണ്ടും ഇപ്പോഴും ജീവിക്കുന്നത് ഞങ്ങൾക്കു വേണ്ടിയാണ് ഡോക്ടർ. ജീവിക്കുന്നിടത്തോളം രണ്ടുപേരെയും രോഗമുണ്ടെന്ന തോന്നൽ പോലുമില്ലാതെ ഞങ്ങൾ നോക്കും.."


എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവൾക്ക്! മനസുകൊണ്ട് ആ കൊച്ചുപെൺകുട്ടിയ്ക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു. HIV/AIDS രോഗിയെന്നാൽ മാറ്റി നിർത്തേണ്ട ആളല്ലെന്നും ശരിയായ ചികിത്സയും പ്രതിരോധവും ഒപ്പം ആത്മവിശ്വാസവും പകർന്നു കൊടുക്കേണ്ടത് ഒപ്പമുള്ളവരുടെ കടമയാണെന്നും മനസിലാക്കുന്ന അവളുടെ ഈ തലമുറയ്ക്കായിരുന്നു ആ സല്യൂട്ട്.


**

ആരോഗ്യ പ്രവർത്തകർക്ക് സഹായമാവുന്നതും തലവേദനയാകുന്നതും ആയ ധാരാളം കൂട്ടിരിപ്പുകാരോട് ഇടപെട്ടിട്ടുണ്ട്. ഇടപെട്ടു കൊണ്ടിരിക്കുന്നു. രോഗിയോടും ചികിത്സകരോടും അൻപോടെ പെരുമാറുന്ന ബൈസ്റ്റാൻഡേഴ്സ് രണ്ടു കൂട്ടർക്കും പകർന്നു തരുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ലാ. നല്ല ആരോഗ്യപ്രവർത്തകർ മാത്രമല്ല, നല്ല കൂട്ടിരിപ്പുകാരും കൂടി ചേരുമ്പൊഴാണ് ആതുരാലയങ്ങൾ 'അമ്പല'ങ്ങളായി മാറുന്നത്.


©മനോജ്‌ വെള്ളനാട്




1 comment:

  1. നല്ല ആരോഗ്യപ്രവർത്തകർ മാത്രമല്ല, നല്ല കൂട്ടിരിപ്പുകാരും കൂടി ചേരുമ്പൊഴാണ് ആതുരാലയങ്ങൾ 'അമ്പല'ങ്ങളായി മാറുന്നത്.
    hrudayasparsiyaya vivaranam.
    Asamsakal Doctor

    ReplyDelete