മരണാനന്തരം

സിദ്ദിഖ് മരിച്ചപ്പോൾ ലാൽ ഇരുന്ന പോലെ.. കൊടിയേരി മരിച്ചപ്പോൾ പിണറായി ഇരുന്ന പോലെ.. ഇങ്ങനെയൊക്കെ മരിച്ചു കിടക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെക്കുറെ ആൾക്കാരും എന്നാണ് മരണാനന്തര ഫേസ്ബുക്ക് പോസ്റ്റുകൾ നൽകുന്ന സൂചനകൾ. അതൊരു അപൂർവ്വ സംഗതിയൊന്നും അല്ലാ എന്നാണെന്റെ അഭിപ്രായം. മിക്കവാറും മനുഷ്യർക്കും അത്തരത്തിൽ ഒന്നോ അധികമോ ആൾക്കാർ ഉണ്ടാവും. കാരണം, ഭൂരിഭാഗം പേരും അവരവരുടെ ക്ലോസ് സർക്കിളിൽ അത്രയും വേണ്ടപ്പെട്ടവർ തന്നെയാവും. പക്ഷെ ആ സുഹൃത്തുകൾക്കാർക്കും ഇരിക്കാൻ അങ്ങനൊരു കസേരയോ സൗകര്യമോ സാഹചര്യമോ ആ സമയത്ത് ഉണ്ടാവണമെന്നില്ലാ എന്നുമാത്രം. എന്റെ മരണശേഷം വീട്ടുകാർക്കും കൂട്ടുകാർക്കും കരയണോ ചിരിക്കണോ ഗ്രൂപ്പ് ഫോട്ടോ എടുക്കണോ എന്നൊക്കെ അന്നത്തെ സാഹചര്യമനുസരിച്ചും മൂഡനുസരിച്ചും അവർ ചെയ്തോട്ടെ. അധികം സീനാക്കാതെ റ്റാറ്റാ പറഞ്ഞാൽ അത്രയും സന്തോഷം. പക്ഷെ എന്റെ ചില ഡിമാന്റ്സ് കൂടി ഈ അവസരത്തിൽ പറഞ്ഞു വയ്ക്കാമെന്ന് കരുതുന്നു. മരിക്കുന്നവർക്കും ഉണ്ടല്ലോ ഒരു മനസ്. പലതും പലപ്പോഴും പലരോടും പറഞ്ഞതു തന്നെ. 1.സ്വാഭാവിക മരണമാണെങ്കിൽ എത്രയും വേഗം എടുക്കാവുന്ന അവയവങ്ങൾ എല്ലാം എടുത്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യണം. ഇക്കാര്യം വീട്ടുകാർ മറന്നാൽ കൂട്ടുകാർ ഓർമ്മിപ്പിക്കണം. :) 2. അവയവങ്ങൾ എടുത്തിട്ടും ബാക്കിയുള്ള ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാനോ എക്സിബിഷന് പ്രദർശിപ്പിക്കാനോ പറ്റുന്നതാണെങ്കിൽ ആ ബോഡി അനാട്ടമി വകുപ്പിന് കൈമാറണം. അവയവങ്ങൾ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ബോഡി അനാട്ടമിക്ക് തന്നെ കൊടുക്കണം. വെറുതെ കത്തിച്ച് കളയരുത്. 3. ഇനി ഇതൊന്നും ചെയ്യാൻ പറ്റാത്ത തരം മരണമാണെങ്കിൽ, a)പൊതുദർശനം, ഫ്രീസറിൽ വയ്ക്കൽ, റീത്ത്, ഹാരം, ബൊക്കെ നോട്ടുമാല പോലുള്ള കലാപരിപാടികൾ പാടില്ല. b)മതപരമായ യാതൊരു വിധ ആചാരങ്ങളും ആ ശരീരത്തിന്മേൽ പ്രയോഗിക്കരുത്. c)എന്നിട്ട് എത്രയും വേഗം (ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ) അടുത്തുള്ള ഇലക്ട്രിക് ശ്മശാനത്തിൽ അതങ്ങ് ദഹിപ്പിക്കുക. മണ്ണിൽ കുഴിയെടുത്ത് ദഹിപ്പിച്ച് അത്രയും ഏരിയ കുറേ നാളത്തേക്ക് ബ്ലോക്ക് ചെയ്യുന്നത് അത്ര നല്ല കാര്യമല്ല. d) ദഹിപ്പിച്ചിട്ട് ചിതാഭസ്മം ശേഖരിച്ച് വീട്ടിൽ സൂക്ഷിക്കുക, ആറ്റിലോ കുളത്തിലോ കൊണ്ടിട്ട് മലിനീകരണം ഉണ്ടാക്കുക ഇവയൊന്നും പാടില്ല. ശേഖരിച്ചു വയ്ക്കാതെ വല്ല ചെടിയുടെ മൂട്ടിലും ഇട്ടാലും മതി. 4. മരണാനന്തരം സഞ്ചയനം, അടിയന്തിരം, ആണ്ടുബലി, കർക്കിടക ബലി തുടങ്ങിയ കലാപരിപാടികൾ നടത്തി ആരുടെയും സമയവും റിസോഴ്സസും വേസ്റ്റാക്കരുത്. അതൊക്കെ എന്റെ ആത്മാവിനെ ( :D ) കളിയാക്കുന്നതായി മാത്രമേ എനിക്ക് തോന്നൂ. 5. ഇതെല്ലാം അറിയാമെങ്കിലും അയ്യോ നാട്ടുകാരെന്ത് വിചാരിക്കുമെന്ന് കരുതി ഇതിന് വിരുദ്ധമായി ഒന്നും ചെയ്യരുത്. പറ്റുമെങ്കിൽ നാട്ടുകാർക്കാവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുക. അവരെയും ഹാപ്പിയാക്കി വിടുക. പറ്റിയാൽ അവരോട് രക്തദാനം ചെയ്യാൻ പറയുക. ഒന്നുകിൽ കോഴികളെ പോലെ ഒരുപാട് പേർക്ക് സന്തോഷം നൽകിക്കൊണ്ട് മരിക്കണം. അല്ലെങ്കിൽ കാക്കകളെ പോലെ ആരുമറിയാതെ, പറന്നതിന്റെ പാടുകൾ പോലും വായുവിൽ അവശേഷിപ്പിക്കാതെ മരിക്കണം. :) മനോജ് വെള്ളനാട്

No comments:

Post a Comment