Showing posts with label ആർത്തവം. Show all posts
Showing posts with label ആർത്തവം. Show all posts

എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..?

 ആർത്തവസഹായികൾ (സാനിറ്ററി നാപ്കിൻ, ടാംപൺ, മെൻസ്ട്രുവൽ കപ്പ് etc.) സ്ത്രീകളുടേത് മാത്രമായ ഒരു സ്വകാര്യവസ്തുവായാണ് ഇന്നും സമൂഹം കാണുന്നത്. യഥാർത്ഥത്തിലവ സ്വകാര്യതയുടേതല്ല, സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ പ്രതീകങ്ങളാണ്. സാനിറ്ററി നാപ്കിനുകൾ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കിയേ..! സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാത്രമല്ല, ലോകം തന്നെ ഒരു 10-30 വർഷം പുറകിലായി പോയേനെ. 

വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾ, വിദ്യാഭ്യാസം, ശാസ്ത്രം, തൊഴിൽ, രാഷ്ട്രീയ സാമൂഹിക മേഖലകൾ എന്നിവയിലേക്കൊക്കെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങി വന്നതിനു ശേഷമാണ് ലോകത്തിൻ്റെ പുരോഗതിയുടെ പേസ് തന്നെ മാറിയതെന്ന് ചരിത്രം നിരീക്ഷിച്ചാൽ കാണാം. അതിലൊരു പങ്ക് ആർത്തവസഹായികൾക്കും അവകാശപ്പെട്ടതാണ്.


കേവലം വ്യക്തിപരമായ ഒരു ബയോളജിക്കൽ സംഗതി എന്നതിനപ്പുറം അനാവശ്യമായ സാമൂഹിക-സാംസ്കാരിക മാനങ്ങൾ കൂടി ചാർത്തിക്കിട്ടിയിട്ടുള്ളതിനാലും, ഒരശ്ലീലമോ അശുദ്ധിയോ അപശകുനമോ ആയി കാണുന്നതിനാലും ആർത്തവ സംബന്ധിയായ മുന്നേറ്റങ്ങളൊക്കെ ഒച്ചിഴയും വേഗത്തിലാണ് സ്ത്രീകളിലേക്ക് പോലും എത്തുന്നത്. 130 വർഷമായി സാനിറ്ററി നാപ്കിനുകൾ ലോക വിപണിയിലുണ്ടായിട്ടും കഴിഞ്ഞ 30 വർഷത്തിനുള്ളിലാണ് കേരളത്തിലവയ്ക്ക് വേണ്ട സ്വീകാര്യത കിട്ടിയതെന്നാണ് മനസിലാവുന്നത്. കേരളത്തിനു പുറത്തെ ഇന്ത്യയുടെ സ്ഥിതി പരിതാപകരവുമാണ്. 


സാനിട്ടറി നാപ്കിനേക്കാൾ ഇന്നത്തെ കാലത്ത് വ്യാപകമാകേണ്ട ഒരു ആർത്തവ സഹായിയാണ് മെൻസ്ടുവൽ കപ്പ്. ആർത്തവസമയത്ത് വജൈനയിലേക്ക് കടത്തി വയ്ക്കുന്ന ഈ ചെറിയ കപ്പിനെ പറ്റി കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. എന്നിട്ടും ബഹുഭൂരിപക്ഷം മനുഷ്യർക്കും ഇപ്പോഴും അതിനെ പറ്റി കൃത്യമായ ധാരണയില്ല. എന്താ കാരണം? മേൽപ്പറഞ്ഞതൊക്കെ തന്നെ. സാനിറ്ററി നാപ്കിൻ വിപണിയ്ക്കും ഇക്കാര്യത്തിൽ കാര്യമായ സ്വാധീനമുണ്ടെന്ന് കരുതണം.





മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കണമെന്നറിയാൻ നിരവധി വീഡിയോ ലെക്ചറുകൾ യൂടൂബിൽ കിട്ടും. പലരും പലവട്ടം അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതുകൊണ്ടതിനെ പറ്റിയല്ല, എന്തുകൊണ്ട് ഈ കപ്പിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്നാണ് ഈ കുറിപ്പിൽ പറയാനുദ്ദേശിക്കുന്നത്.


1.പ്രകൃതി സൗഹൃദം

          സാനിട്ടറി നാപ്കിനുകൾക്കുള്ളിൽ ഉള്ള രക്തം വലിച്ചെടുക്കുന്ന ജെൽ സോഡിയം പോളി അക്രിലേറ്റാണ്. കൂടെ റയോൺ, സെല്ലുലോസ്, പോളിയെസ്റ്റർ മിശ്രിതവും. അതിനെ കവർ ചെയ്തുകൊണ്ടുള്ള സോഫ്റ്റ് വലപോലുള്ള ഭാഗം പോളി ഒലീഫീനാണ്. ഈ വക വസ്തുക്കൾ ഏതാണ്ട് പ്ലാസ്റ്റിക് പോലെ തന്നെയാണ്. അതിൻ്റെ നിർമ്മാർജ്ജനം (കത്തിച്ചാലും കുഴിച്ചിട്ടാലും) അത്ര പ്രകൃതിസൗഹൃദമല്ലെന്ന് പറയേണ്ടല്ലോ. രക്തം പുരണ്ട പാഡുകൾ ഒരുതരം ബയോവേസ്റ്റാണെന്നത് ഇതിൻ്റെ ഗൗരവം ഇരട്ടിപ്പിക്കുന്നുണ്ട്.


അതേ സമയം, മെൻസ്ട്രൽ കപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബർ കൊണ്ടാണ്. മാത്രമല്ല, ഒരു കപ്പ് തന്നെ മതി, 5 മുതൽ 10 വർഷത്തേക്ക്! 


വെറുതേ ഒന്ന് കണക്കാക്കി നോക്കൂ, 5 വർഷം ഒരു പെൺകുട്ടി/സ്ത്രീ ഉപയോഗിക്കേണ്ടി വരുന്ന പാഡുകൾ എത്രയെണ്ണം വരുമെന്ന്. ഏകദേശം 1000 പാഡുകൾ വരും. അങ്ങനെ ലക്ഷക്കണക്കിന് പേരുടേതാവുമ്പൊഴോ! 1000 പാഡിനുള്ളത്, അത് രക്തമായാലും നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കായാലും, നിസാരമൊരു കപ്പിലൊതുക്കാം നമുക്ക്. ഈ പുതുച്ചൊല്ല് ഓർത്താ മതി, ''ആയിരം പാഡിനരക്കപ്പ്..''


2. സാമ്പത്തികലാഭം

           ഒരു കപ്പിൻ്റെ വില 300 മുതൽ 1000 വരെയൊക്കെയാണ്. കൂടിയതുമുണ്ട്. ഇത് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം. ആദ്യ മുടക്കുമുതൽ ഇത്രയുണ്ടെങ്കിലും ആകെ മൊത്തം നോക്കുമ്പോൾ ലാഭമാണ്.


ഒരു മാസം ഒരാൾ 15-20 പാഡുകൾ ഉപയോഗിക്കേണ്ടി വരുന്നെന്ന് കരുതുക. ശരാശരി വില ₹5/Pad എന്നും. ഒരുമാസത്തെ ചെലവ് ₹75-100. ഒരു വർഷം ₹900-1200 വരെ. ബാക്കി പറയണ്ടല്ലോ, ഒരു വർഷത്തെ ചിലവ് പോലും വരുന്നില്ല 5-10 വർഷത്തേക്കുള്ള കപ്പിന്.


3.ഇടയ്ക്കിടെ പാഡ് മാറ്റേണ്ടി വരുന്നതൊഴിവാക്കാം.

          ഏറ്റവും ആഗിരണശേഷിയുള്ള പാഡിനേക്കാൾ ഇരട്ടിയോ അതിലധികമോ രക്തം ഒരു കപ്പിൽ ശേഖരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ തുടർച്ചയായി 12 മണിക്കൂർ വരെ കപ്പ് ഉള്ളിൽ വച്ചേക്കാൻ കഴിയും. കാറിലോ ബസിലോ ട്രെയിനിലോ ഒക്കെ ദീർഘദൂരയാത്ര ചെയ്യുന്നവർക്കും സമാനമായ മറ്റു സാഹചര്യങ്ങളിലുള്ളവർക്കും ഇതെന്ത് സൗകര്യപ്രദമാണെന്ന് ആലോചിച്ച് നോക്കൂ..


4.ആർത്തവരക്തം അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരാത്തതു കാരണം അധികനേരമതകത്തിരുന്നാലും ദുർഗന്ധമുണ്ടാകുന്നില്ല. Over wet ആവുന്നതുകൊണ്ടുള്ള അസ്വസ്ഥതയും ഉണ്ടാവില്ല.


5. പാഡ്, സ്കിൻ അലർജിയുണ്ടാക്കുന്നവർക്ക് ഏറ്റവും നല്ല ആൾട്ടർനേറ്റീവ് ആണ് കപ്പ്.


6. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിൽ ആർത്തവദിനങ്ങളിൽ ലോങ് ജമ്പിനു പോകുന്ന കുട്ടികളെ വരെ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ നീന്താൻ പോകുന്നവരെ കണ്ടിട്ടുണ്ടാവില്ല. കപ്പ് ആണെങ്കിലോ നീന്താനും തടസമില്ല. (ഈ ഐഡിയ കപ്പിൻ്റെ പരസ്യം പിടിക്കുന്നവർക്കുപയോഗിക്കാം.. :) )


7.ഈസിയായി എവിടെയും കൊണ്ടുപോകാം. എന്തെങ്കിലും ആവശ്യത്തിന് എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിച്ചതും ഉപയോഗിക്കാനുള്ളതുമായ പാഡുകൾ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ടൊഴിവാക്കാം. 


8. പ്രളയമോ പേമാരിയോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്ത സമയങ്ങളിൽ പല കാരണങ്ങൾകൊണ്ടും ഏറ്റവും സൗകര്യപ്രദമാണ് ആർത്തവക്കപ്പുകൾ. പക്ഷെ, ഇതിനൊരു 'ലേണിംഗ് കർവ്' ആവശ്യമായതിനാലും ആദ്യമായി ഉപയോഗിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലും നേരത്തെ ഉപയോഗിച്ചിരുന്നവർക്കു മാത്രമേ ആ സമയത്ത് ഈ കപ്പുകൾ ഗുണം ചെയ്യൂ. പാഡിൽ നിന്ന് കപ്പിലേക്ക് പൂർണമായി മാറാൻ 4-5 ആർത്തവചക്രങ്ങൾ പലർക്കും വേണ്ടി വരുന്നുണ്ടെന്നാണ് പഠനം. മുൻ വർഷങ്ങളിലുണ്ടായ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നമുക്കിനിയും സംഭവിക്കാം. അതുകൊണ്ട് ആർത്തവക്കപ്പുകൾ നേരത്തേ ഉപയോഗിച്ച് ശീലിക്കുന്നത് സ്വകാര്യമായ ഒരു മുൻകരുതൽ കൂടിയാവട്ടെ..


9. ഏതുപ്രായത്തിലുള്ളവർക്കും കപ്പ് ഉപയോഗിക്കാം. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകൾ തെരെഞ്ഞെടുക്കണം.


ഒരുപാടു പേർ കപ്പുപയോഗിച്ചതിൻ്റെ അനുഭവക്കുറിപ്പുകൾ എഴുതുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇനിയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തവർ അതുപയോഗിക്കുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങൾ തേടിയ ശേഷം ഉപയോഗിച്ചു തുടങ്ങണം. വാങ്ങേണ്ട ബ്രാൻഡ്, സൈസ് ഒക്കെ ഉപയോഗിക്കുന്ന ആരോടെങ്കിലും ചോദിച്ച ശേഷം തീരുമാനിക്കുന്നതാവും നല്ലത്. സുഹൃത്തില്ലെങ്കിൽ ഏതെങ്കിലും ലേഡി ഡോക്ടറോട് ചോദിക്കാം. ആർത്തവക്കപ്പിൻ്റെ പോസിറ്റീവായ ഉപയോഗത്തിൽ ഇത്തരം സൗഹൃദസംഘങ്ങൾക്ക് (Peer groups) വലിയ പ്രാധാന്യമാണുള്ളതെന്ന് Lancet-ൻ്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്.


പലകാരണങ്ങൾ കൊണ്ടും ഗുണകരമായ ഒന്നായതിനാൽ ഇത് ശരിക്കും സർക്കാർ മുൻകൈയോടെ സ്കൂൾ തലം മുതൽ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. ജനങ്ങൾക്ക് ബോധവൽകരണം നൽകുകയും ഒപ്പം സൗജന്യമായോ സബ്സിഡി നൽകിയോ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. ആലപ്പുഴ മുനിസിപ്പാലിറ്റി, കോട്ടയത്തെ വാഴൂർ പഞ്ചായത്തൊക്കെ ഇക്കാര്യത്തിൽ മാതൃക കാണിച്ചവരാണ്. ഓരോ പഞ്ചായത്തും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം.


യഥാർത്ഥത്തിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ഒരു വലിയ വിപ്ലവമാവേണ്ട ഒന്നാണിത്. ഇപ്പോഴും വെറും 12% സ്ത്രീകൾക്കാണത്രേ ഇന്ത്യയിലാകെ സാനിറ്ററി നാപ്കിനുകൾ കിട്ടുന്നത്. ബാക്കി 88%! തുണിയും ചാരവും മണ്ണും കൊണ്ട് ആർത്തവരക്തത്തെ നേരിടുന്നവരുടെ, അതുമൂലം പലതരം രോഗങ്ങൾ പിടിപെടുന്നവരുടെ 'ഗതികേട്' മാറ്റാൻ കഴിഞ്ഞാൽ ശരിക്കുമതൊരു 'സാനിറ്ററി റെവലൂഷൻ' തന്നെയാവും.


ആദ്യം ചോദിച്ച ചോദ്യം ഒരിക്കൽ കൂടി ചോദിക്കാം, എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്?


ഏറ്റവും ചുരുക്കത്തിൽ ഇതിത്രേയുള്ളൂ, മെൻസ്ട്രൽ കപ്പ് = ശുചിത്വം, സ്വാതന്ത്ര്യം, സ്വകാര്യത, പ്രകൃതിസൗഹൃദം, സാമ്പത്തികലാഭം. :)


( ഒറിജിനൽ ലേഖനവും കമന്റ്സും ഫേസ് ബുക്കിൽ കാണാം )



©മനോജ്‌ വെള്ളനാട്


ഓസ്കാറില്ലാത്ത ആർത്തവങ്ങൾ


ഇന്ത്യൻ സ്ത്രീകളുടെ ആർത്തവദിനങ്ങളെയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും പറ്റിയുള്ള 'പിരീഡ്- എൻഡ് ഓഫ് സെന്റൻസ്' എന്ന ഡോക്യുമെന്ററിയ്ക്ക് ഓസ്കാർ അവാർഡ് ലഭിച്ചിരിക്കുന്നു. ഇറാനിയൻ സംവിധായിക ചെയ്ത 26 മിനിട്ടുള്ള ചെറുസിനിമയുടെ ഈ വിഷയം തന്നെ പ്രബുദ്ധരായ നമ്മൾ മലയാളികളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

ആർത്തവത്തെ പറ്റി മലയാള സിനിമയ്ക്ക് ഒരു കാഴ്ചപ്പാടുണ്ട്. അത് അശ്ലീലം കലർന്ന ഹാസ്യത്തിന്റേതാണ്. മലയാള സിനിമയ്ക്കെന്ന് പറയുമ്പോൾ സിനിമാക്കാരുടെ പ്രശ്നമായി മാത്രം കാണേണ്ടതല്ലത്. മലയാളികളുടെ മൊത്തം മനോഭാവവും ഏതാണ്ടങ്ങനെ തന്നെ. സാനിറ്ററി പാഡ് വാങ്ങാൻ പോകുന്ന പുരുഷൻ സ്ത്രീകൾക്കു പോലും ഹാസ്യകഥാപാത്രമാണിവിടെ. ആർത്തവം അശുദ്ധിയാണെന്ന് പതിച്ചുകിട്ടാൻ ധർണനടത്തിയവരുടെ നാട്ടിൽ, അതിലും വലിയ ഹാസ്യരംഗമെന്താണോ എന്തോ..?

പക്ഷെ കേരളത്തിന് പുറത്ത് സിനിമയും ജീവിതവും മനുഷ്യരുടെ മനോഭാവവുമൊക്കെ മാറി വരുന്നുണ്ട്. റാമിന്റെ പേരൻപ് അത്തരത്തിൽ വലിയൊരു മാറ്റമാണ് സൂചിപ്പിച്ചത്. ആർത്തവമെന്ന സ്വാഭാവിക ജൈവ പ്രക്രിയയെ എത്ര ഭംഗിയായിട്ടാണ്, അശ്ലീലത്തിന്റെ തരിമ്പുപോലുമില്ലാതതിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ ഒന്നുണ്ട്, അന്ധവിശ്വാസം ലേശം കൂടുതലാണെങ്കിലും ആർത്തവ ശുചിത്വത്തിൽ ഒന്നാം സ്ഥാനം മലയാളിയ്ക്ക് തന്നെ. ചുരുക്കിപ്പറഞ്ഞാൽ വൃത്തിയുണ്ട്, പക്ഷെ വിവേകബുദ്ധിയില്ലാന്നേയുള്ളൂ. ഡോക്ടർമാരിലും മറ്റു ശാസ്ത്രം പഠിച്ചവരിലും ഒക്കെ അവസ്ഥ ഇതുതന്നെയാണെന്ന് കാണുമ്പോഴാണ്, ആർത്തവം അശുദ്ധിയാണെന്നൊക്കെ ഒരു ചളുപ്പുമില്ലാതെ വിളിച്ചു കൂവുന്നത് കാണുമ്പോഴാണ് കഷ്ടം തോന്നുന്നത്. ഒന്നും പഠിച്ചില്ലേലും വിവേകമുള്ള ന്യൂനപക്ഷവും നമുക്കുണ്ടെന്നത് മറക്കുന്നില്ല.

പക്ഷെ ഇത്തരം ചുരുക്കം സിനിമകൾക്ക് പുറത്തും, മുഖ്യധാരാ കേരളത്തിന് പുറത്തും, പ്രാഥമിക ആർത്തവ ആരോഗ്യവും ശുചിത്വവും ഒരു വലിയ പ്രശ്നമാണ്. മുഖ്യധാരയെന്ന് പറയാൻ കാരണമുണ്ട്. ഇന്നും പഴം തുണിയും കടലാസും കൊണ്ട് ആർത്തവ രക്തത്തെ തടഞ്ഞു നിർത്തേണ്ടി വരുന്ന സ്ത്രീകൾ ഇവിടെയും ഉണ്ട്. കേരളത്തിന്റെ വെളിയിൽ ഉള്ള ഇന്ത്യയിലെ സ്ഥിതി പക്ഷെ അതീവ ശോചനീയമാണെന്ന് മാത്രം. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ മുന്നൂറു കോടിയാളം വരുന്ന സ്ത്രീകളിൽ 12% ശതമാനത്തിൽ താഴെ പേർക്കു മാത്രമേ ആരോഗ്യകരമായ ആർത്തവദിനങ്ങളുള്ളൂ. ആർത്തവാരോഗ്യ അവബോധമുള്ളൂ.

ഡൽഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണീ ഡോക്യുസിനിമ. ഇന്ത്യയിലെ ഗ്രാമീണരായ സ്ത്രീകളുടെ ആർത്തവദിന പ്രശ്നങ്ങളിലൂടെ, മനുഷ്യരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, അരുണാചലം മുരുകാനന്ദനെന്ന  'പാഡ്മാനി'ലൂടെയൊക്കെയാണ് 'പിരീഡ്- എൻഡ് ഓഫ് സെന്റൻസ്' എന്ന ചെറുസിനിമ കടന്നു പോകുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തിനായി വില കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡുകൾ സ്വയം വികസിപ്പിച്ചു എടുത്തയാളാണീ മുരുകാനന്ദം. അത് വഴി ലക്ഷക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ ജീവിതം തന്നെ മാറിയതൊക്കെ സിനിമയെ വെല്ലുന്ന യാഥാർത്ഥ്യവുമാണ്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളെയും ഡ‍ോക്യുമെന്ററി കൃത്യമായി വരച്ചിടുന്നു. ആർത്തവം അശുദ്ധിയല്ല എന്നും ആർത്തവ ആരോഗ്യവും ശുചിത്വവും  ഓരോ സ്ത്രീകളുടെയും അവകാശം ആണെന്നും ഡോക്യുമെന്ററി പറഞ്ഞു വയ്ക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം, കുറഞ്ഞത് ശാസ്ത്രബോധമുള്ളവരെങ്കിലും. കാരണം, ആർത്തവമുള്ള ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളോരോരുത്തരും ഓരോ ഓസ്കാറിനർഹരാണ്, ജീവിതത്തിൽ. അവർ ഓസ്കാറില്ലാത്തവരാണ്. നമ്മൾ ഓർക്കാറില്ലാത്തവർ.

കേരളത്തിൽ 'ആർത്തവാശ്ലീല -അശുദ്ധി സംരക്ഷണ സമിതി'യുടെ 'ആർത്തവധർണ'യ്ക്ക് ഈ അവസരത്തിൽ ഒരു തെക്കേടത്തമ്മ പുരസ്കാരമെങ്കിലും കൊടുക്കേണ്ടതാണ്. കിട്ടും. കിട്ടാതിരിക്കില്ല. അങ്ങ് തെക്കോട്ടേക്കാണല്ലോ നമ്മുടെ ശാസ്ത്രബോധവും പുരോഗമനവുമൊക്കെ പോകുന്നത്.


©മനോജ്‌ വെള്ളനാട്