അന്ധവിശ്വാസവും ജീവനും

ഒരു തിരുവോണദിവസം ഉച്ചയ്ക്കാണ് ഇരുപത് വയസുള്ള ചെറുപ്പക്കാരനെ കാഷ്വാലിറ്റിയിലെത്തിച്ചത്. ഹോട്ടലിന്ന് ഓർഡർ ചെയ്തു വരുത്തിയ ഓണസദ്യയുടെ പൊതി പാതിതുറന്നവിധം അവിടെ വച്ചിട്ട് കാഷ്വാലിറ്റിയിലേക്കോടി. കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടർ പയ്യന്റെ മരണം കൺഫേം ചെയ്തിരുന്നെങ്കിലും, ബന്ധുക്കളോട് സംസാരിക്കാനുള്ള പേടി കാരണമാണെന്നെ വിളിച്ചത്. രോഗി ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു.

അവർ ക്രിസ്തുമതവിശ്വാസികളായിരുന്നു. ഏതോ രോഗശാന്തി ശുശ്രൂഷയ്ക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോഴാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഈ ചെറുപ്പക്കാരൻ രക്തം ഛർദ്ദിക്കുന്നത്. അന്നുവരെ ഒരസുഖവും ഇല്ലാതിരുന്ന പയ്യൻ. എന്തായാലും രോഗം മാറ്റുന്ന പ്രാർത്ഥനക്കാണല്ലോ പോകുന്നതെന്ന് കരുതി അവരവനെയും കൊണ്ടങ്ങോട്ട് പോയി. പ്രാർത്ഥനയ്ക്കിടയിലവൻ വീണ്ടും രക്തം ഛർദ്ദിച്ച് തളർന്ന് വീണു. ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

രോഗലക്ഷണങ്ങൾ വച്ചിട്ട് അത് അണലി പോലുള്ള വല്ല വിഷജന്തുക്കളേതെങ്കിലും കടിച്ചതാവാമെന്നായിരുന്നു ധാരണ. പ്രാർത്ഥനയ്ക്ക് പകരം ആദ്യമേ ആശുപത്രിയിലെത്തിച്ചാൽ രക്ഷിക്കാമായിരുന്ന ഒരവസ്ഥ. ബോഡി മെഡിക്കൽ കോളേജിലയച്ചു, പോസ്റ്റ് മോർട്ടത്തിന്.

അത് 8 വർഷം മുമ്പാണ്. ഇന്നിതാ, പ്രാർത്ഥിക്കാൻ കൊണ്ടുപോയി ഒരു 16 കാരൻ കൂടി മരിച്ചവാർത്ത വായിക്കുന്നു. അതും രോഗമെന്താണെന്ന് കണ്ടെത്തി, വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിൽ പോകാൻ നിർദ്ദേശിച്ച ഒരു കുട്ടി. അവരുടെ മതം വേറെയാണെങ്കിലും മനോഭാവവും അജ്ഞതയും മറ്റു മതങ്ങളെ കണക്ക് ശിലായുഗത്തിലേതായതിനാലാണ് ആ 16 കാരൻ മരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയില്ലാതെ 10 ദിവസത്തോളം കഴിഞ്ഞ് ഒരു കുട്ടി മരിക്കുന്നതിന്, കഷ്ടമെന്നല്ലാതെ എന്തു പറയാൻ. ആശുപത്രിയിൽ കാണിച്ച്, മരുന്നും വാങ്ങി, അതു കഴിച്ചോണ്ട് പ്രാർത്ഥിക്കാൻ പോയാലും അവൻ രക്ഷപ്പെട്ടേനെ ചിലപ്പോൾ.



ഇതിനോടൊക്കെ സഹതപിക്കേണ്ടി വരുമ്പോഴും, ഇതൊക്കെ വീണ്ടും വീണ്ടും എഴുതുന്ന നമ്മളോട് തന്നെയാണ് ഏറ്റവും സഹതാപം.

എന്നോ മരിച്ചവരെ വിശുദ്ധയാക്കുന്നതിന് ഡോക്ടർമാർ തന്നെ സർട്ടിഫിക്കറ്റ് കൊടുക്കുന്ന കാലത്ത് ഇതൊക്കെ ഇനിയും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കൊണ്ടാണിങ്ങനെ വീണ്ടും വീണ്ടും എഴുതുന്നത്.

നിങ്ങൾ ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിച്ച് അന്യന് ശല്യമുണ്ടാക്കാതെ ജീവിച്ചാൽ ഒരു കുഴപ്പവുമില്ല. പക്ഷെ മതം വളർത്താൻ വേണ്ടി ഇല്ലാത്ത അത്ഭുതരോഗശാന്തി പോലുള്ള ഉഡായിപ്പുകളുമായി വന്ന്, അതൊക്കെ കണ്ടും കേട്ടും അതിലെന്തോ സത്യമുണ്ടെന്ന് കരുതുന്ന പാവങ്ങൾക്ക് ഇതുപോലെ ജീവനുകൾ നഷ്ടപ്പെടുമ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ല. കണ്ടം വഴി ഓടാൻ തന്നെ പറയും, സകല മതക്കാരോടും.

വിശ്വാസികളോടാണ്, പ്രാർത്ഥിച്ചാൽ ബാക്ടീരിയയും വൈറസും ചാവില്ല. പാമ്പിന്റെ വിഷം നിർവീര്യമാവില്ല. കാൻസർ കോശങ്ങൾ നശിക്കില്ല. മുറിവുണങ്ങില്ല. അതിന് ശരിയായ ചികിത്സ തന്നെ കൊടുക്കണം. നിങ്ങടെ രോഗം മാറ്റാൻ പ്രാർത്ഥിക്കുന്ന അച്ചന്മാരും സ്വാമിമാരും ഉസ്താദുമാരുമൊക്കെ ഒരു പനി വന്നാൽ എവിടെയാണ് പോകുന്നതെന്ന് മാത്രം അന്വേഷിച്ചാ മതി, ഉത്തരം കിട്ടും. അതുകൊണ്ട് കുട്ടികളെയെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ തന്നെ കാണിക്കണം. ഇനി പ്രാർത്ഥിച്ചേ പറ്റൂന്നാണെങ്കിൽ, ആശുപത്രിയിലിരുന്നും ആവാം.

©മനോജ്‌ വെള്ളനാട്

2 comments: