വ്യത്യസ്തനാമൊരു ബാര്‍ബറാം മാരിയപ്പന്‍


സിൽക് സ്മിതേടെ പടമുള്ള ബാർബർ ഷോപ്പീന്നാണ് ഞാൻ കുഞ്ഞുന്നാളിലേ മുടിവെട്ടിത്തുടങ്ങിയത്. നടുപ്പേജിൽ അർദ്ധനഗ്നരായ സിനിമാസുന്ദരിമാരുടെ ചിത്രം വരുന്ന ആനുകാലികങ്ങൾ മറിച്ചു നോക്കാൻ വേണ്ടി മാത്രം അവിടെ വരുന്നവരുമുണ്ടായിരുന്നു. പഴയ നിരപ്പലകകളിൽ നിന്ന് ഏസീ മുറിയിലേക്ക് നമ്മുടെ ബാർബർ ഷോപ്പുകളുടെ പുറംമോടിയിന്ന് മാറിയെങ്കിലും അകത്തെ കഥാപാത്രങ്ങൾ ഇവരൊക്കെ തന്നെ.

അങ്ങനെയിരിക്കെ, കഴിഞ്ഞ ദിവസമാണ് വ്യത്യസ്തമായൊരു ബാർബർ ഷോപ്പിനെ പറ്റി വായിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് പൊൻ മാരിയപ്പനെന്ന ഒരു ബാർബറാം ബാലന്റെ മുടിവെട്ട് കട.

ആ കടയെ വ്യത്യസ്തമാക്കുന്നത്, കടയ്ക്കുള്ളിലെ 400 ലധികം പുസ്തകങ്ങളുള്ള ഒരു കുഞ്ഞ് ലൈബ്രറിയാണ്. അതും വിവിധ വിഷയങ്ങളിലുള്ള, വിവിധ ഗണത്തിൽ പെട്ടവ. മുടി വെട്ടാനും ഷേവ് ചെയ്യാനുമൊക്കെ വരുന്നവർക്ക് ഇഷ്ടമുള്ള ബുക്കെടുത്ത് വായിക്കാം.

പുസ്തകങ്ങളെയും വായനയെയും അത്രയധികം സ്നേഹിക്കുന്ന പൊൻ മാരിയപ്പൻ, അവിടുന്ന് പുസ്തകമെടുത്ത് 10 പേജിലധികം വായിക്കുന്ന എല്ലാ കസ്റ്റമേഴ്സിനും, 30 രൂപ ഡിസ്കൗണ്ടും കൊടുക്കും. என்ன பிரமாதமான யோசனை சார்?! நீங்கள் எவ்வளவு பெரிய மனிதர். സൂപ്പർ.. ഈ കാര്യങ്ങളറിഞ്ഞ അവിടുത്തെ MP കനിമൊഴി 50 പുസ്തകങ്ങളും കടയിലേക്ക് സംഭാവന നൽകിയത്രേ.



നന്മനിറഞ്ഞ എന്തെങ്കിലും പങ്കുവച്ചുകൊണ്ട് ഈ വർഷത്തെയങ്ങ് പറഞ്ഞു വിടാമെന്ന് കരുതി, അതിനാണ് പൊൻമാരിയപ്പന്റെ അപൂർവ്വ സുന്ദരമായ കഥ പറഞ്ഞത്. പ്രിയപ്പെട്ടവരെ, ഒരിക്കലും നിങ്ങൾക്ക് ദോഷകരമാവില്ലാന്ന് ഉറപ്പുള്ള ഒരു ശീലമാണ് വായന. വായന, നമ്മളെ നമ്മളിൽ നിന്ന് സ്വതന്ത്രരാക്കുന്നു എന്നാണ് സുനിൽ പി ഇളയിടം പറഞ്ഞത്. അത് സത്യമാണ്. 2020-ൽ നല്ല ഒരു വായനക്കാരനാ (രിയാ)വൂ.. സ്വതന്ത്രരാവൂ..

2020 പ്രതീക്ഷകളുടേതും വിജയങ്ങളുടേതുമാവട്ടെ..
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ, എല്ലാർക്കും. 🌹

©മനോജ്‌ വെള്ളനാട്

No comments:

Post a Comment