ഹെലൻ

(സ്പോയിലർ ഉണ്ട്. ഹെലൻ കാണാത്തവർ ജാഗ്രതൈ 🙄)


"അയ്യോ, അവള് മരിക്വോ?!'

ഈ ചോദ്യം മൂന്നാല് വട്ടമായപ്പോൾ ഞാൻ ഭാര്യയെ ചിറഞ്ഞ് നോക്കി. തിയറ്ററിലെ ഇരുട്ടിലവളത് കണ്ടുകാണില്ല. ഇടയ്ക്ക് ഞാൻ പറഞ്ഞൂ,

'ഇങ്ങനൊരു സിനിമയിലെന്തായാലും നായിക മരിക്കില്ല. അങ്ങനെങ്കി സിനിമയെടുക്കുന്നതിലർത്ഥമില്ലല്ലോ. അവളെങ്ങനെ രക്ഷപ്പെടുമെന്നറിയാനാണ് ഞാനും ഇരിക്കണത്.'

മൈനസ് 18 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ, ആ ഫ്രീസർ മുറിയിൽ നിന്ന്, മണിക്കൂറുകൾക്കു ശേഷം 'ഹെലൻ' എന്ന പെൺകുട്ടി കൂളായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. അത് സിനിമയിലായതു കൊണ്ടാണ്. ആണ്ടിലെ 365 ദിവസവും 25 ഡിഗ്രി സെൽഷ്യസിനു മുകളിലെ ചൂടിൽ മാത്രം ജീവിച്ചു ശീലിച്ച നമ്മളൊരിക്കലും ഹെലൻ വന്ന പോലെ തിരിച്ചു വരില്ല. ഒരുപാട് തണുപ്പേറിയ കാലാവസ്ഥയിൽ ജീവിച്ചു ശീലിച്ചവർക്ക് ചിലപ്പോൾ പറ്റിയേക്കും.

മനോഹരമായി ചിത്രീകരിച്ച, അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഹെലന്റെ നിരൂപണമോ ആസ്വാദനമോ അല്ല ഈ കുറിപ്പ്. ഒരു ഡോക്ടർ ഹെലൻ കണ്ടപ്പോഴുണ്ടായ ചിന്തകളാണ്, കണ്ടുകൊണ്ടിരുന്നപ്പോൾ പണ്ടുപഠിച്ചതോർമ്മ വന്നതീന്ന് കടിച്ചു പറിച്ചെടുത്തത്. അതിൽ പ്രധാനപ്പെട്ട രണ്ടേ രണ്ടുകാര്യങ്ങൾ മാത്രം.

അതിലേക്കെത്തും മുമ്പൊരു കുഞ്ഞ് ഇൻട്രൊഡക്ഷൻ വേണം. മനുഷ്യശരീരത്തിന്റെ സാധാരണ ചൂട് 37 ഡിഗ്രി സെൽഷ്യസാന്ന് നമുക്കറിയാം. അതിപ്പോ അന്തരീക്ഷ താപനില 10 ഡിഗ്രി ആയാലും 40 ഡിഗ്രി ആയാലും ശരീരമത് 37 നടുത്ത് നിർത്താൻ കിണഞ്ഞ് ശ്രമിക്കും. ഇല്ലേൽ ആള് വടിയാവും. പക്ഷെ, ഹെലൻ പെട്ടുപോയതുപോലൊരു ഫ്രീസറിനകത്തൊക്കെ കുറേനേരം പെട്ടുപോയാൽ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തിന്റെ ഫ്യൂസടിച്ച് പോവും. അപ്പോൾ കാര്യങ്ങൾ കൈവിട്ടുതുടങ്ങും.

അങ്ങനെ നിയന്ത്രണങ്ങൾ കൈവിട്ടുപോയ ശരീരത്തിലെ കോർ ടെമ്പറേച്ചർ 35 ഡിഗ്രിയിൽ താഴുമ്പോഴതിനെ നമ്മൾ 'ഹൈപോതെർമിയ' എന്ന് പറയും. നമ്മളു വിചാരിക്കും, തണുത്ത് വിറച്ചങ്ങനെ ഇരുന്നാ മതീന്ന്. പക്ഷെ അങ്ങനല്ലാ, എല്ലാ ആന്തരികാവയവങ്ങളിലേക്കും തണുപ്പ് അരിച്ചു കയറും. ഹൃദയം, തലച്ചോർ, കിഡ്നി, ശ്വാസകോശം തുടങ്ങി പ്രധാനപ്പെട്ടവരൊക്കെ പെടും. സിനിമയിൽ നമ്മൾ കാണുന്ന പോലെ ഗൂസ് ബംപ്സും, തൊലിപ്പുറത്തെ പൊള്ളലും നിറവ്യത്യാസവും മാത്രമല്ലാ അവിടെ സംഭവിക്കുന്നത്. ചൂട് 35-ന്ന് താഴുമ്പൊഴേ തലച്ചോറിലെ കിളികൾ പറന്നു തുടങ്ങും. നെഞ്ചിടിപ്പും BP -യും ശ്വാസഗതിയും മൂത്രമുണ്ടാകലും കൂടും. ചൂടുകൂട്ടാനുള്ള അവസാനവട്ടശ്രമങ്ങളാണൊക്കെ. 32 ഡിഗ്രിയിൽ താഴെയായാൽ പിന്നെ എല്ലാം തകിടം മറിയും. കാര്യങ്ങളെല്ലാം തലതിരിഞ്ഞ രീതിയിലാവും. അക്ഷരാർത്ഥത്തിൽ ഭ്രാന്താവും.

അങ്ങനെ ഓരോന്നായി തകിടം മറിയുമ്പോൾ, നമ്മളൊട്ടും പ്രതീക്ഷിക്കാത്ത രണ്ടു കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അതിലൊന്ന് സിനിമയിൽ കാണിക്കാൻ ശ്രമിക്കുന്നുണ്ട്.

1. ഹൈഡ് & ഡൈ (ഒളിച്ചിരുന്ന് മരിക്കൽ) ഫിനോമിനൻ
ഹെലൻ തണുപ്പ് സഹിക്കാതാവുമ്പോ കുറേ പെട്ടികൾ അടുക്കിവച്ച്, ഒരാൾക്ക് കഷ്ടിച്ച് കടക്കാൻ പറ്റുന്ന ഒരു ഗുഹയുണ്ടാക്കി അതിനകത്തേക്ക് നുഴഞ്ഞു കയറുന്നത് സിനിമ കണ്ടവർക്ക് ഓർമ്മ കാണും. ഹൈപോതെർമിയയിൽ പെട്ടുപോകുന്ന ഏതൊരാളും ചെയ്യാൻ സാധ്യതയുള്ള കാര്യമാണത്. ചുരുണ്ടുകൂടി 'ഒളിച്ചിരിക്കാൻ' പറ്റിയ ഏറ്റവും ചെറിയ സ്ഥലം അവർ കണ്ടെത്തും. എന്നിട്ട് അതിനകത്തേക്ക് നൂണ്ട് കയറി, അവിടിരുന്ന് തന്നെ മരിച്ചുപോവുകയാണ് ചെയ്യാറ്. അതുകൊണ്ട് ഹൈപോതെർമിയയ്ക്ക്, 'ഹൈഡ് & ഡൈ സിൻഡ്ര'മെന്നും വിളിപ്പേരുണ്ട്. (ഹെലൻ പക്ഷെ അതീന്ന് രക്ഷപ്പെട്ടിറങ്ങി വരുന്നുണ്ട്.)

2. പാരഡോക്സിക്കൽ അൺ ഡ്രസിംഗ്
കൂടുതൽ തണുക്കുന്തോറും നമ്മൾ കൂടുതൽ കട്ടിയുള്ള വസ്ത്രങ്ങളെടുത്തുടുക്കുകയല്ലേ സാധാരണ ചെയ്യുന്നത്. പക്ഷെ, ശരീരതാപനില 30 ഡിഗ്രിയിൽ താഴെയൊക്കെ എത്തുമ്പോൾ, രോഗി ഇട്ടിരിക്കുന്ന വസ്ത്രങ്ങളെല്ലാം ഊരിക്കളയും. നേരത്തേ സൂചിപ്പിച്ച കിളിപോയ തലച്ചോറിന്റെ പ്രശ്നമാണിത്. ശരീരം തണുത്ത് വിറങ്ങലിക്കുമ്പോൾ, തലച്ചോറത് ചുട്ടുപൊള്ളുന്നതായി സങ്കൽപ്പിക്കും. എന്നിട്ട് ഉടുപ്പൊക്കെ ഊരിക്കളയാൻ പറയും. ഇങ്ങനെ, യഥാർത്ഥത്തിൽ ചെയ്യുമെന്ന് കരുതുന്നതിന് വിപരീതമായി ചെയ്യുന്നതിനെയാണ് 'പാരഡോക്സിക്കൽ' എന്ന് പറയുന്നത്. 'ഹൈപോതെർമിയ' കാരണം മരിക്കുന്നവർ പലപ്പോഴും 'പാരഡോക്സിക്കൽ ഉടുപ്പൂരൽ' കാരണം നഗ്നരായാണ് മരിച്ചു കിടക്കാറ്.. (ഇത് ഹെലനിൽ ഇല്ലാ..  )

ഹെലൻ അതിജീവനത്തിന്റെയും വ്യക്തി ബന്ധങ്ങളുടെയും കഥ പറയുന്ന സുന്ദരമായ സിനിമയാണ്. അന്ന ബെന്നും അജു വർഗീസും മാത്തുക്കുട്ടി സേവ്യറും പ്രത്യേകം കയ്യടി അർഹിക്കുന്നുമുണ്ട്. പിന്നെ, ഒരു ഭിഷഗ്വരന്റെ വീക്ഷണകോണകത്തിൽ നിന്നുകൊണ്ട് ഹെലൻ കടന്നുപോകാൻ സാധ്യതയുണ്ടായിരുന്ന ചില സങ്കീർണമായ സാഹചര്യങ്ങൾ പങ്കുവച്ചുവെന്ന് മാത്രം.

മനോജ് വെള്ളനാട്

1 comment:

  1. very informative.
    എന്നാല്‍ മോളുടെ യടുത്ത് ലണ്ടനില്‍ മൈനസ് ഡിഗ്രിയില്‍ കോട്ടൊക്കെ ഇട്ട് survive ചെയ്തിട്ടുണ്ട്.

    ReplyDelete