മാറുന്ന കാലം മാറുന്ന കുടുംബം


കാലം മാറി. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതുവഴി നമ്മുടെ ജീവിതരീതികളൊക്കെ മാറി. കൂട്ടപ്രാർത്ഥനയ്ക്ക് പോലും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്ന വിധം നമ്മുടെ ആചാരങ്ങൾ വരെ മാറി. ആ മാറ്റങ്ങളെയൊക്കെ ഒരു മെസേജയച്ചു കിട്ടുന്നതിനേക്കാൾ വേഗത്തിലാണ് നമ്മൾ ജീവിതത്തോട് ചേർത്ത് വച്ചത്. പക്ഷെ ചില കാര്യങ്ങളിൽ മാത്രം നമ്മളപ്പോഴും കടുംപിടിത്തം കാട്ടി നിന്നു.

അതിലൊന്നാണ്, ലൈംഗികതയും കുടുംബമെന്ന സങ്കൽപ്പവുമൊക്കെ. ആണും പെണ്ണും കല്യാണം കഴിക്കുകയും അവർക്ക് കുട്ടികളുണ്ടാവുകയും അവരുമതുപോലെ കല്യാണം കഴിക്കുകയും പേരക്കുട്ടികളുണ്ടാവുകയും... അങ്ങനെ തുടർന്ന് പോകുന്ന ഒന്നായിരുന്നു നമ്മുടെ കുടുംബമെന്ന യാഥാർത്ഥ്യം. ഒരു 3 ദശാബ്ദത്തിൽ താഴെയേ ആയിട്ടുള്ളൂ, നമ്മുടെ നാട്ടിൽ ലിവിംഗ് ടുഗെദർ ഒക്കെ സംഭവിക്കുകയും ആ രീതിയിലൊരു കുടുംബം നിർമ്മിക്കുകയുമൊക്കെ ഉണ്ടായിട്ട്. എന്നുവച്ചാൽ 'കുടുംബം' നിർമ്മിക്കാൻ കല്യാണം കഴിക്കണ്ടാന്നായിട്ട്..

മനുഷ്യൻ മനുഷ്യനെ കൂടുതൽ മനസിലാക്കുന്തോറും അവർക്കു മനസിലായി, കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ ഒരു ചെസ് ബോർഡ് പോലല്ലാ, അവന്റെ ലൈംഗികതയുടെ സ്പെക്ട്രമെന്ന്. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും, ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവരോടും അവർ തമ്മിലും ഒക്കെ മനുഷ്യന്റെ ലൈംഗികതയുടെ വർണരാജി അങ്ങനെ പടർന്ന് കിടക്കുകയാണെന്ന്. അതൊക്കെ പണ്ടു കരുതിയിരുന്നതു പോലെ പ്രകൃതി വിരുദ്ധമല്ലായിരുന്നെന്ന്. ലൈംഗികതയുടെ ആസ്വാദനം പുറമേയുള്ള ഏതെങ്കിലും അവയവത്തിലല്ലാ, പകരം തലച്ചോറിലാണ് നടക്കുന്നതെന്ന്..

അറിവുകൾക്ക് കൂടുതൽ ക്ലാരിറ്റി വന്നതനുസരിച്ച് കുടുംബമെന്ന സങ്കൽപ്പത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു, ലോകത്ത്. പല രാജ്യങ്ങളും സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കി. അവർക്ക് കുട്ടികളെ ദത്തെടുക്കാനും, മറ്റു മാർഗ്ഗങ്ങളിലൂടെ സ്വന്തം കുഞ്ഞിനെ തന്നെ നേടാനും നിയമപരിരക്ഷയുണ്ടായി. നമ്മുടെ രാജ്യത്ത് ഇന്ന് സ്വവർഗപ്രണയം നിയമവിധേയമാണ്. അവരുടെ വിവാഹവും അങ്ങനാവേണ്ട സമയം കഴിഞ്ഞു.

നോക്കൂ, വാട്സാപ്പും ഫേസ്ബുക്കും കണ്ടുപിടിക്കുന്നതും, തമോഗർത്തത്തിന്റെ ചിത്രമെടുക്കുന്നതും ഒക്കെ പോലെ തന്നെ ശാസ്ത്രീയമായ അറിവാണ് ലൈംഗികതയുടെ സ്പെക്ട്രത്തെ പറ്റിയും ഇന്ന് നമുക്കുള്ളത്. പക്ഷെ, മറ്റുള്ളവയ്ക്ക് കിട്ടുന്ന സ്വീകാര്യത പല കാരണങ്ങൾ കൊണ്ടും ഇതിന് കിട്ടുന്നില്ലാന്ന് മാത്രമല്ലാ, സാമൂഹികമായ എതിർപ്പും നേരിടുന്നുണ്ട്.

അതൊക്കെ മാറണം. മാറേണ്ട കാലമെന്നേ കഴിഞ്ഞതാണ്. ഇനി വലിയ തോതിലാ മാറ്റങ്ങൾ വരണമെങ്കിൽ നമ്മുടെ കുട്ടികളെ ആ രീതിയിൽ ബോധവത്കരിച്ചു വളർത്തി കൊണ്ടുവരണം. അവരിലൂടെ ആ അറിവുകൾ തലമുറകളിലേക്ക് പകരണം. നമ്മുടെ തലച്ചോറിലെ നൂറ്റാണ്ടുകൾ പഴകിയ വിരുദ്ധമനോഭാവങ്ങളുടെ ഡേറ്റ, പതിയെ മായ്ച്ചു കളയണം. അതിനേറ്റവും നല്ല ഉപാധി പാഠപുസ്തകങ്ങളാണ്.

ചിത്രത്തിലേത്, തമിഴ്നാട്ടിലെ ഒരു നാലാം ക്ലാസ് പാഠപുസ്തകമാണെന്നാണ് അറിഞ്ഞത്. കുടുംബങ്ങൾ എന്ന പാഠഭാഗം. എന്ത് ക്ലിയറായിട്ടാണ് ചിത്രങ്ങളിലൂടെ വിവിധതരം കുടുംബങ്ങളെ അതിൽ വിശദമാക്കിയിരിക്കുന്നത്. തീർച്ചയായും കൈയടി അർഹിക്കുന്ന പ്രവൃത്തി. നമ്മുടെ നാട്ടിലും ഈ രീതിയിൽ മാറ്റങ്ങൾ ഉടനെ വരുമെന്നു തന്നെ പ്രത്യാശിക്കുന്നു.

പ്രിയപ്പെട്ടവരെ, കൂടുമ്പോൾ ഇമ്പമുണ്ടാവുന്നതാണ് കുടുംബങ്ങൾ. അതിന് 'ജെൻഡർ' ഒരു പരിമിതിയേ അല്ലാ. ഇനി നമ്മളായിട്ട് പരിമിതികൾ കൽപ്പിച്ചാലും, മാറ്റി നിർത്തിയാലും കാലമതിനെ തിരുത്തും. നമ്മളെത്ര ശ്രമിച്ചാലും നാളത്തെ സൂര്യോദയം തടയാൻ പറ്റാത്ത പോലെ..



©മനോജ്‌ വെള്ളനാട്

1 comment:

  1. ഒരേ ജെന്റർ ഉള്ളവർ / ബയോളജിക്കൽ മാതാപിതാക്കളല്ലാത്തവർ അങ്ങിനെയങ്ങിനെ മക്കളും ,പാർട്ടണറുമായുള്ള  പുതു പുത്തൻ കുടുംബങ്ങൽ വാഴും കാലം  ...!

    ReplyDelete