ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു Voice മെസേജ് വാട്സാപ്പ് വഴി ഇപ്പോഴും ഓടുന്നുണ്ട്. മൊബൈൽ ഉപയോഗം കാരണം കുട്ടികളിൽ കാൻസർ കൂടുന്നുവെന്നതാണതിലെ വ്യാജസന്ദേശം. അത് താനല്ലെന്നും തന്റെ ശബ്ദമല്ലെന്നും എന്നാൽ അതിൽ പറയുന്നതിൽ ഗൗരവതരമായ കാര്യമുള്ളനാൽ വിശാലമനസ്കനായ അദ്ദേഹം ആ ഫേക്ക് ഓഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നവരോട് ക്ഷമിക്കുന്നതായും ഉള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും കൂട്ടത്തിൽ പ്രചരിക്കുന്നുണ്ട്. രണ്ടുകൂട്ടരോടും കഷ്ടമെന്നല്ലാതെന്ത് പറയാൻ.
ഇന്നലെ വരെ 'ഗോരിത'ത്തിൽ പ്രവർത്തിച്ചിരുന്ന ഫേസ്ബുക്ക് ഇപ്പോൾ 'അൽ-ഗോരിത'മായെന്നും, അതുകാരണം അയ്യോ, എന്റെ പ്രൊഫൈലടിച്ചു പോയേ, എനിക്കാരേം കാണാൻ പറ്റുന്നില്ലേ എന്നും വിലപിക്കുന്നവർക്ക് ഷെയർ ചെയ്ത് കൈത്തരിപ്പ് തീർക്കാൻ കിട്ടുന്ന സുവർണാവസരങ്ങളാണല്ലോ ഇത്തരം ഫേക്ക് മെസേജുകൾ. കാൻസറുകളൊക്കെ ചികിത്സിച്ച് മാറിയാലും, ഇത്തരക്കാരുടെ ആ കൈത്തരിപ്പ് is incurable..!
പലപ്രാവശ്യം പറഞ്ഞതാണെങ്കിലും ചില കാര്യങ്ങൾ ഒന്നുകൂടി പറയുവാണ്,
1.കുട്ടികളിൽ സാധാരണയായി കാണുന്ന കാൻസറുകൾ ലുക്കീമിയ, ചിലതരം ബ്രെയിൻ ട്യൂമറുകൾ, ന്യൂറോബ്ലാസ്റ്റോമ, ലിംഫോമ, കണ്ണിനുള്ളിൽ വരുന്ന റെറ്റിനോബ്ലാസ്റ്റോമ, എല്ലിലെ ഓസ്റ്റിയോ ബ്ലാസ്റ്റോമ, കിഡ്നിയിൽ വരുന്ന വില്മ്സ് റ്റ്യൂമർ ഒക്കെയാണ്.
2. ഇവയുടെ ഒക്കെ കാരണം കുട്ടിയുടെ DNA യിലുണ്ടാകുന്ന പ്രശ്നമാണെന്നും അതേത് ജീനിലുണ്ടാവുന്ന എന്ത് പ്രശ്നമാണെന്നും, അതൊക്കെ എപ്പോൾ സംഭവിക്കുന്നതാണെന്നുമെല്ലാം വളരെ കൃത്യമായിട്ട് ഇപ്പൊ നമുക്കറിയാം.
3. ഈ കാൻസറുകൾ വളരെയധികം ഇവിടെ ഉണ്ടായിരുന്നതും ഇവയുടെ മേൽപ്പറഞ്ഞ കാരണങ്ങൾ പലതും മൊബൈൽ ഫോൺ കണ്ടുപിടിക്കും മുമ്പേ ശാസ്ത്രജ്ഞർ മനസിലാക്കിയിട്ടുള്ളതുമാണ്.
4. കുട്ടികളിലെയോ മുതിർന്നവരിലെയോ ഏതെങ്കിലും കാൻസർ മൊബൈൽ റേഡിയേഷൻ കാരണം വരാമെന്നതിന് കുറേയേറെ പഠനങ്ങൾ നടത്തിയിട്ടും ഒരു തെളിവും ഇന്നേ വരെ കിട്ടിയിട്ടില്ല. മൊബൈൽ ഫോൺ വെറും നിരപരാധിയല്ലാ, അൽ-നിരപരാധിയാണ് ബ്രോ.
5. ഇനി, കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് (സ്ക്രീൻ ടൈം) കുറയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതവരുടെ സ്വഭാവ- വ്യക്തിത്വ വികാസത്തെ ബാധിക്കുമെന്നതിനാലാണ്. പകരം റേഡിയേഷനെ പേടിച്ചല്ലാ. (അത് കുട്ടികൾക്ക് മാത്രമല്ലാ കേട്ടോ ബാധകം... 🏃🏃🏃)
പട്ടിയുടെ വാലു പോലാണ്, ചില കാര്യങ്ങളിൽ നമ്മുടെ മുൻധാരണകൾ. അതിലൊന്നാണ് മൊബൈൽ ഫോണും കാൻസറുമായുള്ള അവിഹിതബന്ധം. അതിനാൽ മറ്റൊരു രൂപത്തിൽ, മറ്റൊരാളുടെ പേരിൽ ഇതേ സന്ദേശം നമ്മളെ തേടി വരുമെന്നത് വാലുകൾ നേരെയാക്കാൻ ശ്രമിച്ച് വളഞ്ഞുപോയ എണ്ണമില്ലാത്തത്രയും കുഴലുകളാണെ സത്യം.
(ഒരു രഹസ്യോം കൂടി പങ്കുവച്ചുകൊണ്ട് നിർത്താം, എന്റെയീ പോസ്റ്റിൽ ലൈക്കും കമൻറും ചെയ്യുന്നവരെ 'അൽ-ഗോരിത'ത്തിലേക്ക് ഉടനേ മാറ്റുന്നതായിരിക്കും. പോസ്റ്റ് ഷെയർ ചെയ്യുന്നവർക്ക് ഈ പ്രൊഫൈലിൽ 6 മാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യവുമാണ്..)
©മനോജ് വെള്ളനാട്
No comments:
Post a Comment