വലതു കൈ ചെയ്യുന്നത്...


പത്താം ക്ലാസ് റിസൾട്ട് വന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നെപ്പറ്റി ഒരു വാർത്ത പത്രത്തിൽ വന്നു. എന്റെ വീട്ടിലെ ദാരിദ്ര്യവും തുടർ പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ വിവരിച്ചു കൊണ്ടുള്ള ഒന്ന്. വാർത്ത വന്നതിന് ശേഷമാണ് ഞാനതറിയുന്നത് തന്നെ. എന്റെ ബുദ്ധിമുട്ടുകൾ എനിക്കറിയാത്ത ലോകത്തുള്ള സകലരും അറിഞ്ഞതിൽ എനിക്ക് വല്ലാത്ത ജാള്യത തോന്നി. അതുകൊണ്ടു തന്നെ എന്റെ കയ്യിൽ കിട്ടിയ ആ പത്രവാർത്ത ഞാൻ കീറിക്കളഞ്ഞു.

പക്ഷെ, ആ വാർത്ത കൊടുത്തവരുടെ നല്ല മനസ് ഞാൻ കാണാതിരുന്നില്ല. അവർക്കെന്നെ ആവും വിധം സഹായിക്കണമെന്ന ഒറ്റ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളൂ. ആ സ്നേഹം ഇപ്പോഴും എനിക്കവരോടുണ്ട്.

ആ വാർത്ത കണ്ട് എനിക്കൊരു സ്പോൺസറുണ്ടായി. അദ്ദേഹം എന്റെ വീട്ടിൽ വന്ന് സാഹചര്യങ്ങൾ നേരിട്ട് കണ്ടതിന് ശേഷമാണ് സ്പോൺസറായത്. മൂന്ന് നേരത്തെ ഭക്ഷണമുൾപ്പെടെ എന്റെ സകല ചെലവും അദ്ദേഹം സ്പോൺസർ ചെയ്തു. വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്യുന്ന സഹായം മറ്റൊരാൾ അറിയണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത, സഹായം സ്വീകരിക്കുന്ന എന്റെ സ്വകാര്യതയെ ഒരിക്കലും ഹനിക്കാത്ത, ഇതാ ഞാൻ സഹായിക്കുന്ന കുട്ടിയെന്ന് എന്നെ കാണിച്ച് ആരുടെ മുന്നിലും ആളാവാൻ ശ്രമിക്കാത്ത ഒരു വലിയ മനുഷ്യൻ. സാമുവൽ അങ്കിൾ

മറ്റൊരാളിൽ നിന്നും സഹായം സ്വീകരിച്ച് 'ജീവിക്കുന്ന'തിൽ എനിക്കുള്ള ജാള്യത അദ്ദേഹത്തിന്റെ ഈ ക്വാളിറ്റീസ് കാരണം എനിക്ക് മറി കടക്കാനായി. എന്നിരുന്നാലും +2 തീരും മുമ്പേ ഞങ്ങൾ പിണങ്ങി. ഒരു കാരണവശാലും എന്നെ MBBS- ന് വിടില്ലാന്നുള്ള അദ്ദേഹത്തിന്റെ വാശിയായിരുന്നു കാരണം. എനിക്കതൊട്ടും സമ്മതമല്ലായിരുന്നു. അങ്ങനെ +2 വിൽ അവസാനത്തെ 4-5 മാസം അദ്ദേഹം സഹായിച്ചതേയില്ല.

ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തി. വലിയൊരു സുവർണാവസരമാണ് ഞാൻ വാശി കാണിച്ച് കളയുന്നതെന്ന് പലരും പറഞ്ഞു. നന്ദിയില്ലായ്മയാണ് ഞാൻ കാണിക്കുന്നതെന്നും, ഒന്ന് തഞ്ചത്തിലൊക്കെ നിന്നിരുന്നെങ്കിൽ പുഷ്പം പോലെ എന്നെ അദ്ദേഹം വിദേശത്തോ മറ്റോ ഒരു ജോലി വാങ്ങി തന്ന് രക്ഷപ്പെടുത്തിയേനെ എന്നും പറഞ്ഞവരുണ്ട്. അതൊക്കെ ശരിയായിരുന്നു. അദ്ദേഹത്തിന് ഞാൻ രക്ഷപ്പെടണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, MBBS വഴി ഒഴികെ. പക്ഷെ.... അങ്ങേയറ്റം റെസ്പെക്റ്റോടെ ഞാനാ സ്പോൺസർഷിപ്പ് വേണ്ടാന്ന് വച്ചു.

ഇത്രയുമിപ്പോൾ എഴുതാൻ കാരണം വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പുതിയ തീരുമാനമാണ്. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിൽ അത് പരസ്യം ചെയ്ത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന രീതിയിലാവരുതെന്ന തീരുമാനം. അതിനെ വലിയ കയ്യടിയോടെ സ്വാഗതം ചെയ്യുന്നു.

എനിക്കന്ന് വളരെ ഈസിയായി ആ സ്പോൺസർഷിപ്പിൽ നിന്ന് ഇറങ്ങി വരാൻ കഴിഞ്ഞത്, എനിക്ക് വളരെ കുറച്ചു പേരോട് മാത്രം മറുപടി പറഞ്ഞാൽ മതിയായിരുന്നു എന്നതു കൊണ്ടാണ്. എന്റെ ആത്മാഭിമാനത്തെ സാമുവൽ അങ്കിളും എന്റെ കൂടെയുള്ളവരും മാനിച്ചിരുന്നതു കൊണ്ടാണ്. അല്ലെങ്കിലത് തന്നെ വലിയ വാർത്തയോ ചർച്ചാ വിഷയമോ ആയേനെ.

ലോകത്തെല്ലാ കുട്ടികളും അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കുന്നത് കൊണ്ടു തന്നെ, ഞങ്ങൾ കുറച്ചു കൂട്ടുകാർ എഡ്യൂകെയർ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങിയപ്പോൾ കുട്ടികളുടെ വിവരങ്ങൾ (മാർക്ക് ലിസ്റ്റ് ഒഴികെ) ഒന്നും മറ്റാർക്കും ഷെയർ ചെയ്യില്ലാന്ന് തീരുമാനിച്ചത്. ഇപ്പോഴും എഡ്യൂകെയറിന്റെ സഹായം ലഭിക്കുന്ന കുട്ടികൾ വെള്ളനാട്ടുണ്ട്. അവരെ നമുക്ക് കുറച്ചു പേർക്ക് മാത്രേ അറിയൂ, സ്പോൺസർ ചെയ്യുന്നവർക്ക് നേരിട്ടൊരു കോണ്ടാക്റ്റും അവരോടില്ല.

കുട്ടികളുടെ മാത്രമല്ലാ, മുതിർന്ന ആളാണെങ്കിലും, തെരുവിൽ കിടക്കുന്ന ആളാണെങ്കിലും, നമ്മളൊരാളെ സഹായിക്കുമ്പോൾ അയാളുടെ സ്വകാര്യതയെയും അഭിമാനത്തെയും മാനിക്കണമെന്നാണ് എന്റെ പക്ഷം, അതയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ആഗ്രഹിച്ചില്ലെങ്കിലും. കക്കൂസ് നിർമ്മിക്കാൻ കാശു പിരിച്ചു കൊടുത്ത്, ആ കക്കൂസിന്റെ മുന്നിൽ വീട്ടുകാരെ മൊത്തം നിർത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുന്നവരെ വരെ കണ്ടിട്ടുണ്ട്. സഹായിച്ചവരെ പിണക്കണ്ടാന്ന് കരുതി അവരാരും മറുത്തൊന്നും പറയില്ല. അല്ലേൽ അവരിതൊന്നും അറിയുന്നില്ല.

നമ്മുടെ പ്രവൃത്തി ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ലാ. പക്ഷെ അതിനേക്കാട്ടിലും മേലെയാണ് ഒരാളുടെ ആത്മാഭിമാനമെന്ന് ഞാൻ വിചാരിക്കുന്നു.

നമ്മളാരുടെ സന്തോഷത്തിന് വേണ്ടിയാണ് ഒരാളെ സഹായിക്കുന്നതെന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും. സഹായം കിട്ടുന്നയാളുടെ സന്തോഷമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾ സഹായിച്ചതോടെ ആ പർപ്പസ് നേടിക്കഴിഞ്ഞു. നിങ്ങളുടെ സന്തോഷവും കൂടിയാണ് ലക്ഷ്യമെങ്കിൽ അവിടെ ഒരു നിമിഷം ആലോചിച്ച ശേഷം ഉചിതമായത് ചെയ്യുക.

©മനോജ്‌ വെള്ളനാട്



1 comment:

  1. അതെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്   

    ReplyDelete