Showing posts with label LGBTIQ. Show all posts
Showing posts with label LGBTIQ. Show all posts

ഡോക്ടർമാരും വിശ്വാസവും

ശരിയാണ്, ജഗി വാസുദേവിനെ പോലുള്ള ആത്മീയതാ കച്ചവടക്കാരനെ ഡോക്ടർമാരുടെ കോൺഫറൻസിൽ സംസാരിക്കാൻ വിളിക്കുന്നതൊക്കെ അപഹാസ്യമാണ്. ശാസ്ത്രപഠനവും ശാസ്ത്രാവബോധവും തമ്മിൽ വലിയ ബന്ധമൊന്നുമില്ലല്ലോ. അതുകൊണ്ടതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ ഇവിടെ ഡോക്ടർമാർ അപഹാസ്യരാവുന്നു എന്നതിനപ്പുറം രോഗികൾക്കോ സമൂഹത്തിനോ എക്‌സ്ട്രാ ദോഷമൊന്നുമില്ല. പക്ഷെ മെഡിക്കൽ പുസ്തകങ്ങൾക്കും നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ശാസ്ത്രീയമായ നിഗമനങ്ങൾക്കും മുകളിൽ മതപുസ്തകങ്ങൾക്കും മതപരമായ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഡോക്ടർമാർ ചിലപ്പോഴെങ്കിലും അവരുടെ രോഗികൾക്കു വ്യക്തിപരമായും ആകെ മൊത്തം സമൂഹത്തിനും ഉണ്ടാക്കുന്ന ഡാമേജ് ചില്ലറയല്ലാ. എന്റെ അറിവിൽ ഭൂരിഭാഗം ഡോക്ടർമാരും വിശ്വാസികളാണ്. പക്ഷെ അവരിൽ ബഹുഭൂരിപക്ഷവും അവരുടെ വിശ്വാസത്തിനും പ്രൊഫഷണൽ ലൈഫിനും ഇടയിൽ കൃത്യമായ അതിരു വരച്ചിട്ടുള്ളവരുമാണ്. ഡോക്ടർമാർ വിശ്വാസികളാവുന്നതിൽ തെറ്റൊന്നുമില്ല. അതുപക്ഷേ രോഗി അർഹിക്കുന്ന ശാസ്ത്രീയമായ ചികിത്സാ പദ്ധതിയെ ഒരു രീതിയിലും ബാധിക്കാൻ പാടില്ലാന്ന് മാത്രം. വ്യക്തികളുടെ അന്തസും ഐഡന്റിറ്റിയും ഹനിക്കുന്ന വാക്കോ പ്രവൃത്തിയോ ആയി മാറാനും പാടില്ല. LGBTIQ മനുഷ്യരെ നോർമലായി കാണാനോ അംഗീകരിക്കാനോ പല ഡോക്ടർമാരെയും തടയുന്നത് പലപ്പോഴും മതമാണ്. PG യും സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രിയും ഒക്കെയുള്ള ഡോക്ടർമാർ അക്കൂട്ടത്തിലുണ്ട്. അംഗീകരിക്കാത്തത് മാത്രമല്ല, പലരും പലപ്പോഴും ക്വിയർ മനുഷ്യരെ രോഗികളായി ചിത്രീകരിക്കുകയും ചികിത്സിക്കുകയും (!!) റിഗ്രസീവായ പദപ്രയോഗങ്ങളിലൂടെ അവരെ പൊതുമധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഡോക്ടർക്ക് വേണമെങ്കിൽ ക്വിയർ മനുഷ്യരെ തന്റെ രോഗീഗണത്തിൽ നിന്നും ഒഴിവാക്കാം. മറ്റാരെയെങ്കിലും കാണാൻ നിർദ്ദേശിക്കുകയോ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും അവരുടെ അന്തസിന് കോട്ടം തട്ടാതെ സ്വയം മൗനം പാലിക്കുകയോ ചെയ്യാം. അതിനു പകരം അവരെ അപമാനിക്കുന്നതരം എഴുത്തും പറച്ചിലും അംഗീകരിച്ചു കൊടുക്കേണ്ട ബാധ്യത സമൂഹത്തിനില്ല. വിശ്വാസപരമായ കാരണങ്ങളാൽ, തന്നെ കാണാൻ വരുന്ന ദമ്പതികളോട് ഗർഭനിരോധന മാർഗങ്ങൾ ഒന്നും സ്വീകരിക്കരുതെന്ന് പറയുന്ന ഡോക്ടർമാരും ഈ കൂട്ടത്തിൽ പെടുന്നവരാണ്. അതുപോലെ അബോർഷനെ കണ്ണുംപൂട്ടി എതിർക്കുന്ന ഡോക്ടർമാരുമുണ്ട്. അപൂർവ്വമായി ചിലരെങ്കിലും ഇതെല്ലാം തന്റെ വിശ്വാസങ്ങൾക്കെതിരായതു കൊണ്ടാണെന്ന് തുറന്ന് പറയാറുണ്ട്. അപ്പോൾ രോഗിക്ക് വേണമെങ്കിൽ വേറൊരു ഡോക്ടറെ പോയി കാണാം. പക്ഷെ ഭൂരിഭാഗം ഡോക്ടർമാരും അത് പറയാറില്ല. മതവിശ്വാസം അണ്ടർവെയർ പോലെ ആവണമെന്നൊരു പറച്ചിലുണ്ട്. നിങ്ങൾക്കതുണ്ടെങ്കിൽ നിങ്ങളുടെ മാത്രം സ്വകാര്യകാര്യം. മറ്റുള്ളവരെ ബാധിക്കുന്നവിധം അത് പ്രദർശിപ്പിക്കുന്നത് വൃത്തികേടാണ്. പ്രത്യേകിച്ചും ഡോക്ടർമാർ.. NB: ജഗിയല്ലാ, ജട്ടിയാണ് കൂടുതൽ പ്രശ്നം! :) മനോജ് വെള്ളനാട്

ഡാനി പ്രസവിച്ചു.. അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു

ഡാനി പ്രസവിച്ചു.. അച്ഛനും മകളും സുഖമായിരിക്കുന്നു..

ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. അവൻ ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. മകൾ, ലിയ. 


പെൺ ശരീരവും ആണിൻ്റെ സ്വത്വവും, അതാണ് ഒരു ട്രാൻസ് മാൻ. ശരീരം കൊണ്ടും ആണാവാൻ തൻ്റെ സ്തനങ്ങൾ ഡാനി റിമൂവ് ചെയ്തിരുന്നു. പക്ഷെ, ഗർഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗർഭിണിയാവാൻ കഴിഞ്ഞത്.


ഡാനി വേക്ഫീൽഡ് ലോകത്തെ ആദ്യത്തെ 'ട്രാൻസ് ഡാഡ്' ഒന്നുമല്ല. പക്ഷെ, തൻ്റെ ഗർഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. ഗർഭിണിയാകുന്ന ആദ്യകാലത്തെ മോണിംഗ് സിക്ക്നെസ്, കുഞ്ഞിൻ്റെ അനക്കം, വയർ വലിപ്പം വയ്ക്കുന്നത് ഒക്കെ.


ഗർഭാവസ്ഥ താൻ എത്രത്തോളം എഞ്ചോയ് ചെയ്യുന്നുവെന്ന്, പലതിനെ പറ്റിയും ഓർത്ത് ടെൻഷനടിക്കാറുള്ളത്, വയറ്റിനുള്ളിലെ കുഞ്ഞ് ഡാനിയോടുള്ള സ്നേഹം, കരുതൽ ഒക്കെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ലോകത്തെ മറ്റേതൊരു ഗർഭിണിയെയും പോലെ തന്നെയാണ് താനും എന്ന് അയാൾ പറയാതെ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞ് വരുമ്പോൾ വേണ്ടവയെല്ലാം ഓരോന്നായി നേരത്തെ കൂട്ടി ഒരുക്കി വച്ചു. മുലപ്പാൽ (ആദ്യ പാലായ കൊളോസ്ട്രം ഉൾപ്പെടെ) നേരത്തേ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചു.


ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും  സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ലോകത്തോട് വിളിച്ചു പറയാൻ തന്നെയാണ് ഡാനി ഓരോന്നും ഇങ്ങനെ ഷെയർ ചെയ്തു കൊണ്ടിരുന്നത്. ഒരുപാട് പേർ ഡാനിയെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തു.


പക്ഷെ, ഡാനിയുടെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും താഴെ അയാളെയും ട്രാൻസ് കമ്യുണിറ്റിയെയും അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ദിവസവും പലരും വന്നിരുന്നു. എന്നാൽ അതിനെയൊക്കെ ചിരിച്ചു കൊണ്ടും കൃത്യമായ മറുപടികൾ കൊണ്ടും ഡാനി നേരിട്ടു. ട്രമ്പിൻ്റെ ആൻ്റി ട്രാൻസ് നയങ്ങൾക്കെതിരെ ട്രമ്പ് തോൽക്കുന്ന അവസാന നിമിഷം വരെയും ഡാനി ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു..


എവിടെയെങ്കിലും ട്രാൻസ് വ്യക്തികൾ പ്രഗ്നൻറാവുമ്പോൾ, മറ്റു മനുഷ്യരുടെ പ്രധാന ആധി 'അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?' എന്നാണ്. ട്രാൻസ് എന്നത് ഒരു 'അബ്നോർമാലിറ്റി' അല്ലാത്തതുകൊണ്ട് തന്നെ അവർ പ്രഗ്നൻ്റായാലും മറ്റുള്ളവർക്കുള്ള അതേ റിസ്കേ അവർക്കുമുള്ളൂ. അവരോ മറ്റു Queer മനുഷ്യരോ വളർത്തുന്ന കുഞ്ഞുങ്ങൾ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്പുമില്ല. പലരും വായിച്ചിട്ടുണ്ടാവും, ഇപ്പോഴത്തെ ഫിൻലൻഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ PM ആയ (ഇപ്പോൾ 35വയസ്) സന്നാ മരിനെ വളർത്തിയത് ലെസ്ബിയൻ ദമ്പതികളാണ് എന്നത്.


ഓർക്കേണ്ടത്, ട്രാൻസും മറ്റ് Queer മനുഷ്യരും തീർച്ചയായും വ്യത്യസ്തരാണ്. പക്ഷെ അതൊട്ടും അസാധാരണമല്ലാ. They are as normal as anybody else.


 



ഈ ചിത്രങ്ങൾ നോക്കൂ, എന്ത് ക്യൂട്ടാല്ലേ ഗർഭവതനായിരുന്ന ഡാനിയെ കാണാനും ഇപ്പോൾ കുഞ്ഞ് ലിയയും. കഴിഞ്ഞ ദിവസം ലിയയെ ചേർത്ത് പിടിച്ച് ഡാനി ഇങ്ങനെ എഴുതി,


''I’ve never been more head over heels in love with something in my entire life. Wilder Lea, you’re everything that is perfect in this world.'' എന്ന്.


ഡാഡി ഡാനിക്കും ക്യൂട് ലിയയ്ക്കും മംഗളാശംസകൾ.. 


(ഒറിജിനൽ പോസ്റ്റും കമന്റ്സും ഇവിടെ വായിക്കാം )


©മനോജ്‌ വെള്ളനാട്