Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

ഓണത്തിന് പിന്നിലെ യഥാർത്ഥചരിത്രം


പ്രിയരേ, മാവേലിയുടെയും വാമനന്റെയും കഥ വെറും കെട്ടുകഥയല്ലാ. ഒക്കെ ഒള്ളതാണ്. പക്ഷേ കഥ നടക്കുന്നത് കേരളത്തിന്റെ തെക്കോ വടക്കോ കിഴക്കോ പടിഞ്ഞാറോ ഒന്നുമല്ലാ. ഒത്ത നടുക്കാണ്. നടുമധ്യത്തിലാണ്. അങ്ങ് കൊച്ചീല്. യഥാർത്ഥ സംഭവത്തിൽ പക്ഷേ, അവതാരപുരുഷന്മാരോ അവിശ്വസനീയമായ ചവിട്ടിത്താഴ്ത്തൽ ബാലേ രംഗങ്ങളോ ഒന്നുമുണ്ടായിരുന്നില്ലാ. ചില പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതചിത്രം മാത്രം.  ഒരുകൂട്ടം സ്ഥലനാമചരിത്രകാരന്മാർ സ്ഥാപിച്ച വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ (ആധികാരികമായ അറിവുകൾ അവിടെയാണല്ലോ നിർമ്മിക്കുന്നത്) ഗവേഷണ ഫലമായിട്ടാണ് കൊച്ചിയ്ക്ക് വടക്കായും, ആലുവാപ്പുഴയ്ക്കിപ്പുറമായിട്ടും ഉറങ്ങിക്കിടക്കുകയായിരുന്ന ആ ചരിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇതാണാ പറഞ്ഞ ചരിത്രരേഖ. ഇന്നത്തെ കേരളത്തെ നൂറായിരം തുണ്ടുതുണ്ടു രാജ്യങ്ങളായി ചിന്നചിന്ന രാജാക്കന്മാര് ഭരിച്ചിരുന്ന ജനാധിപത്യം വഴിഞ്ഞൊഴുകിയിരുന്ന രാജഭരണകാലം. കൊച്ചീ സാമ്രാജ്യത്തിലെ HMT കോളനി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു സഖാവ് P. മാവേലി. HMT എന്നുപറഞ്ഞാൽ His Highness Maveli Thampuran എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു. ഇന്നത്തെ HMT ജംഗ്ഷനായിരുന്നത്രേ അദ്ദേഹത്തിന്റെ അന്നത്തെ തലസ്ഥാനം. പ്രജാക്ഷേമ തത്പരനായ മാവേലിത്തമ്പുരാന്റെ ഖ്യാതി പുഷ്പകവിമാനം വഴി (അന്നൊക്കെയെല്ലാരും ബിമാനത്തിലായിരുന്നല്ലോ പാലുവാങ്ങാൻ വരെ പോയിരുന്നത്) അങ്ങ് ഇടപ്പള്ളിയിലും വൈറ്റിലയിലും വരെ പടർന്നു. ഭാവിയിൽ തങ്ങളുടെ നാട്ടിൽ വരാനിരിയ്ക്കുന്ന ലുലുമാളും Q Cinemas സുമൊക്കെ മതേതര മാവേലിയുടെ HMT കോളനിയിലേയ്ക്ക് പോയേയ്ക്കുമോയെന്ന് അവിടുത്തെ രാജാക്കന്മാർ സ്വാഭാവികമായും ഭയന്നു. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നവർ ഉറപ്പിച്ചു. ഒരുകൈ സഹായമഭ്യർത്ഥിച്ച് അവർ പോയത് തൃക്കാക്കര കോവിലകത്തെ വാമനൻ നമ്പൂതിരിയുടെ അടുത്തേക്കാണ്. പിന്നെയവിടെ നടന്നത് ലോകത്തെ തന്നെ ഞെട്ടിച്ച, ലോകചരിത്രം തന്നെ മാറ്റിയെഴുതിയ ക്രിമിനൽ ഗൂഢാലോചനയാണ്. (സെൽഫികളും ടവർ ലൊക്കേഷനുമടക്കമുള്ള തെളിവുകൾ വാട്സാപ്പ് യൂണിവേഴ്സിറ്റി ശേഖരിച്ചിട്ടുണ്ട്)


സാത്വികനായ P. മാവേലിയെ അക്കാലത്ത് നാട്ടുരാജ്യങ്ങളിൽ പ്രസിദ്ധമായിരുന്ന നിൽപ്പനടി മത്സരത്തിൽ വെല്ലുവിളിക്കാനായിരുന്നു അവരുടെ പ്ലാൻ. മുല്ലപ്പന്തൽ ഷാപ്പിലെ നല്ലൊന്നാന്തരം ചിൽഡ് കള്ളാണെന്നും പറഞ്ഞായിരുന്നു അദ്ദേഹത്തെയവർ പ്രലോഭിപ്പിച്ചത്. ചതി മനസിലാക്കാതെ മത്സരിക്കാൻ തന്നെ മാവേലിത്തമ്പുരാൻ തീരുമാനിച്ചു. ഒന്നടിച്ചു, അദ്ദേഹത്തിന് ഭൂമി മൊത്തം കറങ്ങുന്നപോലെ തോന്നി. രണ്ടാമത്തേതിൽ ആകാശം തന്നെ താഴേയ്ക്കിറങ്ങി വന്ന പോലായിരുന്നു. മൂന്നാമത്തെ അടിയിൽ ആദ്യം തല പിളർന്നുപോകുന്ന പോലെ തോന്നി. പിന്നെ ഒന്നും കാണാൻ വയ്യാതായി. ചുറ്റും ഇരുട്ട്. കണ്ണടിച്ചുപോയി. സത്യത്തിൽ അവർ അദ്ദേഹത്തിന് നൽകിയത് നല്ലൊന്നാന്തരം വ്യാജനായിരുന്നു.

കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തെ അവർ പ്രീമിയർ ജംഗ്ഷൻ വഴി വലിച്ചിഴച്ച് നാലുമൈലപ്പുറത്തെ പാതാളമെന്ന സ്ഥലത്തുകൊണ്ടാക്കി. അവിടെയെത്തുമ്പോഴാണ് അദ്ദേഹത്തിന് ബോധം വരുന്നതും ഇതിനുപിന്നിലെ ചതി മനസിലാകുന്നതു പോലും. സങ്കടം കൊണ്ടു കരയുകയായിരുന്ന അദ്ദേഹത്തിന് ഒടുവിൽ, വർഷത്തിലൊരിക്കൽ HMT യിൽ വന്ന് തന്റെ പ്രജകളെ കാണാനുള്ള അനുമതിയവർ നൽകി. (ദിലീപിനോട് ആലുവ മജിസ്ട്രേറ്റ് പറഞ്ഞപോലെ, പെട്ടന്ന് പോയി, പെട്ടന്നിങ്ങ് വരണം എന്ന സ്റ്റൈലിൽ).



കഥയുടെ ട്വിസ്റ്റ് ഇതൊന്നുമല്ലാ. അന്ധനായിപ്പോയ മാവേലിയ്ക്ക് പിന്നൊരിക്കലും HMT കോളനിയിലേക്ക് തിരികെയെത്താൻ കഴിഞ്ഞില്ലാ. എല്ലാവർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് പാതാളത്തീന്ന് പുറപ്പെടും. കണ്ണു കാണാതെ ഏതെങ്കിലും ദിശയിൽ സഞ്ചരിച്ച് എങ്ങോട്ടെങ്കിലുമൊക്കെ പോകും. അങ്ങനെ HMT കോളനിയിലെ തന്റെ യഥാർത്ഥ പ്രജകളെത്തേടിയദ്ദേഹം കേരളദേശമാകെ നടന്നു. മാവേലിയുടെ ഈ വഴിതെറ്റിയ പോക്കും വരവും നാട്ടിലാകെ പാട്ടായി. കാലക്രമേണ, ചിങ്ങമാസത്തിലെ തിരുവോണത്തിന് വഴിതെറ്റിയെങ്കിലും സ്വന്തം നാട്ടിലെത്തുന്ന മാവേലിയെ പ്രതീക്ഷിച്ച് എല്ലാ നാട്ടുകാരും കാത്തിരിയ്ക്കാൻ തുടങ്ങി. ആ കാത്തിരിപ്പ് പിന്നീട് എല്ലാവരും ചേർന്നൊരാഘോഷമാക്കി. ദേശീയോത്സവമാക്കി. കഥകൾക്കു പിറകെ പുതിയ കഥകൾ മെനഞ്ഞൊണ്ടാക്കി കേരളചരിത്രത്തെ, യാഥാർത്ഥ്യങ്ങളെ തന്നെയവർ വളച്ചൊടിച്ചു.

വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ ആത്മാർത്ഥത അവിടം കൊണ്ട് തീർന്നില്ലാ. മാവേലി നാടായിരുന്ന HMT കോളനിയുടെ വർത്തമാനചിത്രവും അവർ പഠനവിധേയമാക്കി. വലിയൊരു ചതിയുടെ ദുരന്തസ്മാരകം പോലെ കൊച്ചി മൊത്തം വികസിച്ചിട്ടും HMT കോളനിയിന്നും പഴയപടി തന്നെ തുടരുന്നു. നാട്ടുകാർക്കൊരു നല്ലസമയം (അച്ഛാ ദിൻ) വാഗ്ദാനം നൽകിയിരുന്ന HMT വാച്ച് കമ്പനി അടച്ചുപൂട്ടി. ജനാധിപത്യം വന്നപ്പോൾ തുടങ്ങിയ HMT യിലെ സർക്കാർ മെഡിക്കൽ കോളേജ് ഇടപ്പള്ളിയിലെയും പാലാരിവട്ടത്തെയും സ്വകാര്യക്കാരുടെ ഇടപെടലുകൾ മൂലം വികസനമില്ലാതെ തുടങ്ങിയ അവസ്ഥയിൽ തന്നെയാണിപ്പോഴും. എന്തിന്, കൊച്ചിയിൽ മെട്രോ റെയിൽ വന്നപ്പോഴും, അത് HMT ജംഗ്ഷൻ വഴി കടത്തിവിടാമായിരുന്നിട്ടും നാഷണൽ ഹൈവേ വഴി വിട്ടതുതന്നെ മാവേലിയോടും മാവേലിനാടിനോടും അഭിനവ വാമനന്മാർക്കുള്ള കലിപ്പായി തന്നെയാണ് ചരിത്രാന്വേഷികൾ വീക്ഷിക്കുന്നത്. HMT യുടെ ഫുൾഫോം പോലും മാറ്റിയെഴുതിയില്ലേ പഹയന്മാര്.

ഓണം, വലിയൊരു ഗൂഢാലോചനയുടെ, ചതിയുടെ പ്രായശ്ചിത്തം പോലെ ഇപ്പൊഴും ഘോഷിക്കപ്പെടുന്നു.  പഴയ ആ അച്ഛാദിൻ സ്മരണകൾ പാട്ടുകളായും പലപല കലാരൂപങ്ങളായുമൊക്കെ കാലത്തിന്റെ നെടുവീർപ്പുകളായി മാറുന്നു. ഈ നെടുവീർപ്പിനിടയിലും എല്ലാവർക്കും എന്റെ ഓണാശംസകൾ.

(ഇത്തരം ചരിത്രസത്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിച്ച് എല്ലാവരെയും അറിയിക്കുമല്ലോ കൂട്ടുകാരേ..
ഒരു ഷെയർ = ഒരു ഹാപ്പി ഓണം.. :D )

©മനോജ്‌ വെള്ളനാട്

ഓണം- ഒരോര്‍മ്മപ്പെരുക്കം





ഊഞ്ഞാല്‍


ചന്തിയിലെ കരിനീലിച്ച നോവാണ് ഊഞ്ഞാലോര്‍മ്മ. രണ്ടു വലിയ പ്ലാവ് ഉണ്ടായിരുന്നു വീടിനു പുറകിലെ തൊടിയില്‍. ഒരുപാട് കരഞ്ഞു നിലവിളിച്ചപ്പോഴാണ് അതിലൊന്നില്‍ ഒരൂഞ്ഞാല്‍ കെട്ടിത്തന്നത്. ഓണം ദേ വന്നൂ, ദാ പോയി എന്ന് പറഞ്ഞ പോലായിരുന്നു. പക്ഷെ എനിക്ക് ഊഞ്ഞാലാട്ടത്തിന്‍റെ കൊതിയടങ്ങിയില്ല. ഓണം കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞിട്ടും ഊഞ്ഞാല്‍ അഴിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. അതിന്‍റെ പേരില്‍ വീട്ടിലും നാട്ടിലും എനിക്കെതിരെ ചെറിയ ചെറിയ മുറുമുറുപ്പുകള്‍ അടുക്കളകളിലും കുളക്കരയിലും മുഴങ്ങുന്നുണ്ടായിരുന്നു. അമ്മയും അമ്മൂമ്മയും പലവട്ടം സന്ധിസംഭാഷണങ്ങള്‍ നടത്തി. ഊഞ്ഞാല്‍ അഴിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. ഇടനിലക്കാരായി വന്ന മാമന്മാരെ ഞാന്‍ കരഞ്ഞു തോല്‍പ്പിച്ചു.


ആ ദിവസം.. ഓണം വന്നുപോയിട്ട് ഒരു മാസത്തില്‍ അധികമായിട്ടുണ്ടാകും. രാവിലെ ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു നേരെ ഊഞ്ഞാലില്‍ ചെന്നിരുന്ന് ഒന്ന് മുന്നോട്ടാഞ്ഞതും, വീണിതല്ലോ കിടക്കുന്നു ധരണിയില്‍, ഞാനും ഊഞ്ഞാല്‍ പടിയും. നല്ല ഉറച്ച മണ്ണിന്മേല്‍ ചന്തിയിടിച്ച് ഒന്നെഴുന്നെല്‍ക്കാന്‍ പോലുമാകാതെ ഞാന്‍ കരഞ്ഞു. ആരൊക്കെയോ ഓടി വന്നു. ഞാന്‍ ഒരു കൈകൊണ്ട് ചന്തിയില്‍ അമര്‍ത്തി തടവി. മറ്റേ കൈ കൊണ്ട് കണ്ണീര്‍ തുടച്ചു. ആരോ എന്‍റെ നിക്കര്‍ ഊരി നോക്കി. രണ്ടു കരിനീലിച്ച ചന്തികള്‍ അവര്‍ കണ്ടെത്തി. ചന്തി ചതഞ്ഞു രക്തം ചത്തു കിടന്നു. അന്നേ ഞാന്‍ പറഞ്ഞതാ എന്ന് അമ്മ. അനുസരണ ഇല്ലാത്തതിന്‍റെ ഫലമെന്ന് അമ്മൂമ്മ. നിന്‍റെ കന്നന്തുരുവിനു നിനക്കിത്രേം കിട്ടിയാപ്പോരെന്നു അടുത്തവീട്ടിലെ മാമി. എല്ലാവരും അവരവരുടെ നയങ്ങള്‍ വ്യക്തമാക്കി.


എനിക്ക് വേദന സഹിക്കുന്നില്ല. ഇനി ഊഞ്ഞാലും വേണ്ട കൂഞ്ഞാലും വേണ്ടാന്ന് പറഞ്ഞു അപ്പൊ തന്നെ ആരോ പ്ലാവില്‍ കേറി അതഴിച്ചെടുത്തു. എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു, ഇവരില്‍ ആരെങ്കിലും തന്നെ ആയിരിക്കും ഊഞ്ഞാല്‍ അറുത്ത് വച്ചത് എന്ന്. തലേന്ന് വൈകുന്നേരം എഴുമണിവരെയും ഞാനതില്‍ ആടിയതാണ്. രാത്രിയില്‍ ആരെങ്കിലും ചെയ്തതാകും.

പക്ഷെ ആരാണാ ഭീരുവായ ശത്രുവെന്ന് മാത്രം ഇപ്പോഴുമറിയില്ല.

ഇപ്പോഴും എവിടേലും  ഊഞ്ഞാല്‍ കാണുമ്പോള്‍ കൈ അറിയാതെയൊന്ന് ചന്തിതടവും. അവിടെന്തോ പെരുത്തിരിക്കുന്നത് പോലെ തോന്നും. പക്ഷെ ആ പെരുപ്പ്‌ മാത്രമേ ഇപ്പോള്‍ ഉള്ളു. ഊഞ്ഞാല്‍ ഇല്ല. ഊഞ്ഞാലിടാന്‍ പറ്റിയ മരങ്ങളില്ല. ആ പ്ലാവിരുന്നിടത്തു കുഞ്ഞമ്മ വീട് വച്ചു. ചുറ്റുംറ്റിനും കുറെ റബ്ബറും.





ഉത്രാടപ്പാച്ചില്‍


മൊത്തത്തില്‍ ജീവിതം ദാരിദ്ര്യത്തിന്‍റെ ധാരാളിത്തത്തിലായിരുന്നെങ്കിലും ഓണക്കാലം പലതരത്തിലും സമ്പല്‍ സമൃദ്ധമായിരുന്നു. ഓണം ആഘോഷിക്കാന്‍ വേണ്ടിയാണു ബാക്കിയുള്ള ഒരുവര്‍ഷം ഈ കെടന്നു കഷ്ടപ്പെടുന്നതെന്ന് അമ്മയും കുഞ്ഞമ്മമാരും പലപ്പോഴും പറയുമായിരുന്നു. അവര്‍ക്കൊക്കെ ഖാദിയില്‍ നിന്നും ബോണസ് കിട്ടുന്ന സമയമാണ്. എന്നാലും ഒന്നിനും തികയില്ല. തികഞ്ഞില്ലെങ്കിലെന്താ, ഉത്രാടദിവസം വൈകുന്നേരമാകുമ്പോള്‍ അമ്മ മാവേലി സ്റ്റോറില്‍ ക്യൂവില്‍ ആയിരിക്കും. കുഞ്ഞമ്മാരില്‍ ഒരാള്‍ പച്ചക്കറിക്കടയില്‍ ആയിരിക്കും. ഞാന്‍ മറ്റേ കുഞ്ഞമ്മയുടെ കൂടെ ഏതെങ്കിലും ജൌളിക്കടയില്‍ എനിക്കുള്ള നിക്കറെടുക്കാന്‍ നില്‍ക്കുകയായിരിക്കും. പക്ഷെ എല്ലാവര്‍ക്കും ജൌളിക്കടയില്‍ നിന്നും വാങ്ങാന്‍ കാശ് തികയാത്തതിനാല്‍ തുണികള്‍ ഇന്‍സ്റ്റാള്‍മെന്റിനു കൊടുക്കുന്ന മുകുന്ദന്‍ മാമന്‍റെ വീട്ടില്‍ പോകും പിന്നീട്. മുന്‍വര്‍ഷത്തെ കടത്തില്‍ കുറച്ചു കൊടുത്തശേഷം ഇരട്ടിക്ക് പിന്നേം കടം പറയും. എല്ലാ കൊല്ലവും എനിക്കൊരു മഞ്ഞക്കോടി മുകുന്ദന്‍ മാമന്‍റെ വക ഫ്രീ ഉണ്ട്. അതും കഴുത്തില്‍ ചുറ്റിയാണ്‌ പിറ്റേന്ന് തിരുവോണത്തിന് എന്‍റെ വിലസല്‍. എന്തൊക്കെ ദാരിദ്ര്യം പറഞ്ഞാലും ഉത്രാടദിവസം രാത്രിയാകുമ്പോള്‍ വീട്ടില്‍ അടുത്ത ഒരുമാസത്തേക്ക് വേണ്ട പലവ്യജ്ഞനസാധനങ്ങള്‍, മൂന്ന് ദിവസത്തേക്കും പായസം വയ്ക്കാനുള്ള സാമഗ്രികള്‍, ഒരാഴ്ചത്തേക്കുള്ള പച്ചക്കറികള്‍, എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടാകും.


ഒരു കൊല്ലം നിര്‍ത്താതെ ഓടിയിട്ടാണിതൊക്കെ എന്നറിയാമെങ്കിലും പേര് ഉത്രാടപ്പാച്ചില്‍ എന്നാണ്. എന്താല്ലേ..


തലപ്പട്ടം




തലപ്പട്ടമായിരുന്നു ഓണക്കാലത്തെ കുട്ടികളുടെ പ്രധാനകളി. കാശുവച്ചുള്ള ചീട്ടുകളി ആയിരുന്നു മുതിര്‍ന്നവരുടെ പ്രധാനകളി. അവരത് രാവും പകലുമില്ലാതെ, സ്ഥലകാലബോധമില്ലാതെ, വളരെ ഉത്തരവാദിത്തത്തോടെ, സ്വയം മറന്നു കളിക്കുമായിരുന്നു. അവരില്‍ പലരും ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു.


പക്ഷെ ഞങ്ങള്‍ കുട്ടികള്‍ അങ്ങനെ അല്ല. പച്ചോല കൊണ്ട് പന്തുണ്ടാക്കും. പന്തെന്നു പറഞ്ഞാല്‍ ഉരുണ്ടിട്ടല്ല, ക്യൂബ് ആകൃതി. സാമാന്യവലിപ്പമുള്ള ഒരു കല്ലെടുത്ത് കുറ്റിപോലെ വയ്ക്കും. അതാണ് അമ്മാവി. ഉള്ളവരെ രണ്ടു ടീമായി തിരിക്കും. അമ്മാവിയുടെ മുന്നില്‍ നിന്നുകൊണ്ട് പന്ത് തട്ടണം. ക്രിക്കറ്റില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതുപോലെ ബാക്കിയുള്ളവര്‍ പന്തുപിടിക്കാന്‍ നില്‍ക്കും. താഴെ പോകും മുമ്പ് പിടിച്ചാല്‍ അപ്പൊ പന്ത് തട്ടിയവന്‍ ഔട്ട്‌. താഴെ പോയാലോ, പന്ത് എവിടെ വീഴുന്നോ അവിടുന്ന് എറിഞ്ഞു കൊള്ളിക്കണം, അമ്മാവിയെ. അങ്ങനെ കൊണ്ടാലും അയാള്‍ ഔട്ട്‌. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ അയാള്‍ക്ക് അടുത്ത ലെവലിലേക്ക് പോകാം.


ഇന്നത്തെ കാന്‍ഡി ക്രഷ് സാഗയൊക്കെ പോലെ പല ലെവലുകള്‍ ഉള്ള കളിയാണ്‌. ഒറ്റ, ഇരട്ട, കബടി, താളം, തലമ അങ്ങനെയായിരുന്നു ഓരോ ലെവലിന്‍റെയും പേരുകള്‍. ഓരോന്നിലും പന്ത് തട്ടുന്ന രീതിയിലും വ്യത്യാസം ഉണ്ട്. ഉദാഹരണത്തിന് തലമയില്‍ പുറംതിരിഞ്ഞു നിന്നിട്ട് പുറകിലേക്ക് വേണം പന്ത് തട്ടാന്‍. കബഡിയില്‍ കാലിനിടയില്‍ കൂടി പന്ത് മേലേക്കിട്ടു കൈകൊണ്ട് തട്ടിത്തെറിപ്പിക്കണം, അങ്ങനെ. എല്ലകളികളും ഇപ്പോള്‍ ചില മങ്ങിയ ഓര്‍മ്മകള്‍ മാത്രമാണ്. കളിയുടെ നിയമങ്ങളും പേരുകളും എല്ലാം മറന്നിരിക്കുന്നു, അന്ന് ഇതിലൊക്കെ ചാമ്പ്യന്‍ ആയിരുന്നെങ്കിലും.


കുട്ടീം കോലും, സെവന്‍ ടീസ്, ഓടിത്തൊട്ടുകളി, കൊന്നിത്തൊട്ടുകളി, കിളിത്തട്ടുകളി, ഗോലികളി അങ്ങനെ ഓര്‍മ്മയില്‍ എന്തോരം ഓണക്കളികള്‍. കരിയില മാടനും പുലികളിയും മറ്റും ഞങ്ങള്‍ കാശ് ഉണ്ടാക്കാന്‍ വേണ്ടി ചെയ്യുമായിരുന്നു. വേഷമൊക്കെ കെട്ടി, ഒരു  പാട്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കി വീടുവീടാന്തരം കേറി ഇറങ്ങും. തിരിച്ചെത്തുമ്പോള്‍ മിനിമം നൂറു രൂപ ഒത്തിട്ടുണ്ടാകും.


ഇന്നിപ്പോ ഓണാവധിക്കും കുട്ടികള്‍ ടൂഷന് പോകുന്നുണ്ടാകും അല്ലേ. എങ്ങനെ കളിക്കും, എവിടെപ്പോയി കളിക്കും, ആരോടൊപ്പം കളിക്കും?


തുമ്പിതുള്ളല്‍


ബാല്യം വിട്ടു കൌമാരത്തിലേക്ക് കടന്നപ്പോഴാണ് പുരകെട്ടി പൂക്കളമിടുന്ന ചേട്ടന്‍മാരുടെ ഗ്യാങ്ങില്‍ ചേരുന്നത്. അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസം സ്കൂള്‍ വിട്ടാല്‍ ഊണും ഉറക്കവുമൊക്കെ അത്തപ്പുരയില്‍ തന്നെ. നാടുതെണ്ടി പൂപറിച്ച്‌ വരുമ്പോള്‍ ഇരുട്ടിയിട്ടുണ്ടാകും. രാത്രിയില്‍ എല്ലാരും കൂടിയിരുന്ന്- ഇരിക്കുന്നത് നടുറോഡില്‍ ഒക്കെ ആയിരിക്കും- പൂവിറുക്കും. പ്രായഭേദമന്യേ ഒരുപാട് പേരുണ്ടാകും. നന്നായി പൂക്കളത്തിന്‍റെ ഡിസൈന്‍ വരയ്ക്കുന്ന പലരും ഉണ്ടായിരുന്നു കൂട്ടത്തില്‍. അതില്‍ പ്രധാനിയായിരുന്നു അനുരാജ്. അനുരാജ് തിരിഞ്ഞും മറിഞ്ഞും കിടന്നുമൊക്കെ ഡിസൈന്‍ വരയ്ക്കുന്നത് ഞങ്ങള്‍ അന്തംവിട്ടു നോക്കിനിക്കും. പിന്നെ എല്ലാരും കൂടി പൂവിടലായി. പരസ്പരം കളിയാക്കിയും പഴയ തമാശകള്‍ പൊട്ടിച്ചും ഉറങ്ങാത്ത, എന്നാല്‍ ക്ഷീണം ലേശമില്ലാത്ത പത്തുനാളുകള്‍.


തിരുവോണദിവസം രാവിലെ മുതല്‍ വിവിധ കലാകായിക പരിപാടികളാണ്. കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, സുന്ദരന് മീശ വരയ്ക്കല്‍, കണ്ണുകെട്ടി കലമടി, കസേര ചുറ്റല്‍ (മെയില്‍ ആന്‍ഡ്‌ ഫീമെയില്‍), കമുകില്‍ കയറ്റം അങ്ങനെ പലതും. അവസാനം വടംവലി. എന്താണെന്നറിയില്ല, ഈ വക വിനോദങ്ങളില്‍ നാട്ടിലെ നാണം കുണുങ്ങികളായ നിരവധിയായ പെണ്‍പിള്ളേരോട് ഞാനെല്ലാ കൊല്ലവും തോല്‍ക്കുമായിരുന്നു.


വൈകുന്നേരമായാല്‍ പിന്നെ അത്തം ഇളക്കല്‍ ചടങ്ങാണ്. അത്തപ്പുരയ്ക്ക് മുന്നില്‍ അടുപ്പുകൂട്ടി പായസം വയ്ക്കും (പൊങ്കാല). പിന്നെ ഒരാളെ തുമ്പിയായി പിടിച്ചിരുത്തും. ശരീരം മുഴുവന്‍ ഭസ്മം പൂശും. തുമ്പപ്പൂ, കമുകിന്‍ പൂങ്കുല, ചൂലില്‍ നിന്നെടുത്ത ഈര്‍ക്കിലുകള്‍ എന്നിവ കൂട്ടിക്കെട്ടി കൈയ്യില്‍ പിടിപ്പിക്കും. തലയില്‍ തോര്‍ത്തുമൂടി തുമ്പി അത്തപ്പുരയ്ക്ക് മുന്നില്‍, പൂക്കളത്തിനഭിമുഖമായി ചമ്മണം പടിഞ്ഞ്‌ കുനിഞ്ഞിരിക്കും. കൂടിനിക്കുന്ന ഒരാള്‍ പാടിത്തുടങ്ങും, തുമ്പി തുള്ളല്‍ പാട്ട്.


    "ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും
      പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
      തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
      തുമ്പിക്കുതിര്‍മാല പൊന്മാല.."


എല്ലാവരും താളത്തില്‍ കയ്യടിയോടെ ഏറ്റുപാടും, ഓരോ വരിയും.


    "രണ്ടാം തുമ്പിയും അവര്‍ പെറ്റ മക്കളും
      പോയീ കടപ്പുറത്തുമ്പി തുള്ളാന്‍..
      തുമ്പി ഇരുമ്പല്ല, ചെമ്പല്ല, പോടല്ല
      തുമ്പിക്കുതിര്‍മാല പൊന്മാല.."


അങ്ങനെ പതിനെട്ടാം തുമ്പിവരെ.. ഇടയ്ക്കിടയ്ക്ക് അനങ്ങാതെ, യാതൊരു കൂസലുമില്ലാതെ ഇരിക്കുന്ന തുമ്പിയെ നോക്കി ഇങ്ങനെയും പാടും.


    "എന്താ തുമ്പീ തുള്ളാതിരിക്കണ്
      പൂവ് പോരാഞ്ഞോ, പൂക്കുല പോരാഞ്ഞോ
      ആള് പോരഞ്ഞോ, അലങ്കാരം പോരാഞ്ഞോ.
      എന്താ തുമ്പീ തുള്ളാതിരിക്കണ്..
      കൊട്ട് പോരാഞ്ഞോ, കുരവ പോരാഞ്ഞോ
      ആര്‍പ്പ് പോരാഞ്ഞോ, ആരവം പോരഞ്ഞോ
      എന്താ തുമ്പീ തുള്ളാതിരിക്കണ്..."


കുറെ കഴിയുമ്പോ, പാട്ട് അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ തുമ്പിയുടെ കയ്യിലിരുന്നു പൂക്കുല വിറച്ചു തുടങ്ങും. പിന്നെ പതിയെ ആ ശരീരവും. വിറയ്ക്കുന്ന ശരീരം നിരങ്ങിനീങ്ങി അത്തപ്പുരയ്ക്കുള്ളില്‍ കടന്നു പൂക്കളത്തെ പിച്ചി ചീന്തും, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ. ആ സമയത്ത് പാട്ടും കൈക്കൊട്ടും കൊണ്ട് അന്തരീക്ഷമാകെ ശബ്ദമുഖരിതമായിരിക്കും.


എല്ലാം കഴിയുമ്പോള്‍ തുമ്പി അബോധം അഭിനയിച്ചു നിലത്തു വീഴും. കുറച്ചുപേര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കിണറ്റിന്‍കരയിലോ പൈപ്പിന്‍ ചുവട്ടിലോ കൊണ്ടുപോകും. അതോടെ പത്തുദിവസത്തെ പൂക്കളമിടല്‍ മഹാമഹം അവസാനിക്കും.


എല്ലാം കഴിയുമ്പോള്‍ പത്തുദിവസമായി അടക്കി വച്ചിരുന്ന ക്ഷീണം എവിടുന്നൊക്കെയോ പറന്നു വരും. കാലിന്‍റെ പെരുവിരല്‍ മുതല്‍ ഉച്ചിവരെ പെരുക്കും. ഒന്നുറങ്ങി ഉണരുമ്പോഴേക്കും, ആ ക്ഷീണമൊക്കെ മാറി വരുമ്പോഴേക്കും, ചതയവും കടന്ന്‍ ഓണം നാടുവിട്ടുണ്ടാകും.


ശേഷം..

ഇതുപോലെ എന്തോരം ഓര്‍മ്മകള്‍ കൂടുന്നതാണല്ലെ ഒരോണം. വിവിധ വര്‍ണ്ണത്തിലുള്ള നിരവധി പൂക്കള്‍ ചേരുമ്പോള്‍ നല്ലൊരു പൂക്കളം ഉണ്ടാകുന്നത് പോലെ ഇമ്മാതിരി നൂറുനൂറു ഓര്‍മ്മപ്പൂക്കള്‍ കൊണ്ടുള്ള ഓര്‍മ്മക്കളമാണ് ഓണത്തിന്‍റെ ശേഷിപ്പ്. കാലത്തിന്‍റെ തുമ്പിതുള്ളലില്‍ അവയൊന്നും തകരാതിരിക്കട്ടെ.

©മനോജ്‌ വെള്ളനാട്






ഓണം- ഒരോര്‍മ്മപ്പെടുത്തല്‍


[വെള്ളനാട്,'ആചാര്യ'യില്‍ 'തൂലിക'യുടെ ഓണപ്പതിപ്പില്‍ 2013 സെപ്റ്റംബര്‍ 5-നു പ്രസിദ്ധീകരിച്ചത്]



    ഇപ്രാവശ്യം ഇടവപ്പാതിയില്‍  ഇടഞ്ഞപ്രകൃതിയെ ആണ് നമ്മള്‍ കണ്ടത്. അതിന്‍റെ കഷ്ടതകള്‍ കര്‍ക്കിടകത്തിലും തുടര്‍ന്നൂ. ഏതൊരു കഷ്ടതയിലും മലയാളികളെ എക്കാലവും മുന്നോട്ടു നയിക്കുന്ന ഒരു കാര്യമുണ്ട്. ഇടവപ്പാതിയുടെ ഈറനുമായി കര്‍ക്കിടകത്തിന്‍റെ പടവുകള്‍ കയറി ചെല്ലുമ്പോള്‍ അവിടെ വരുംവര്‍ഷത്തിന്‍റെ മുഴുവന്‍ ഐശ്വര്യവുമായി ചിങ്ങവും ഓണവും കാത്തുനില്‍ക്കുന്നുണ്ടാകുമെന്ന പ്രതീക്ഷ. പക്ഷെ ഇക്കൊല്ലം ചിങ്ങം വന്നിട്ടും ഓണം വന്നില്ല. മനുഷ്യനും പ്രകൃതിയും എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു നൂലില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന പോലെ,ഓണവും ചിങ്ങത്തിന്‍റെ വാലില്‍ തൂങ്ങി കന്നിയുടെ കൂടെ പോയി. നഷ്ടപ്പെട്ടുപോകുന്ന, കൈവിട്ടുപോകുന്ന എന്തോ ഒന്നിനെ ഓര്‍മ്മിപ്പിക്കും പോലെ.
    
         ജന്മംകൊണ്ട് അസുരനെങ്കിലും കര്‍മ്മംകൊണ്ട് ദേവകളെക്കാളും ആദരിക്കപ്പെട്ടിരുന്ന മഹാബലി എന്ന മഹാരാജാവിന്‍റെ കഥ, വെറും കഥമാത്രമാണ്. പക്ഷെ ഒരസുരന്‍ ഭരിച്ചിരുന്ന രാജ്യം പോലും കള്ളവും ചതിയുമില്ലാതെ, കൊള്ളയും അഴിമതിയുമില്ലാതെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത്, ഇന്നത്തെ കാലത്ത് നിന്ന് നോക്കുമ്പോള്‍ അതിശയോക്തി തന്നെയല്ലേ? എല്ലാ അതിശയോക്തികള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഓണം ഇന്നും ആഘോഷിക്കപ്പെടുമ്പോള്‍, ആ നന്മയുടെ നുറുങ്ങുവെട്ടം നമ്മുടെയൊക്കെ മനസ്സുകളില്‍ ഇനിയും ശേഷിക്കുന്നുണ്ട് എന്ന് ചേര്‍ത്തു വായിക്കണോ? അതോ ഇഹലോകത്തിലെ അവസാനനന്മയും ഏതോ ഒരു ബാലന്‍ തന്‍റെ കാലടികളാല്‍ ചവിട്ടിത്താഴ്ത്തിയതിന്‍റെ ആണ്ടോര്‍മ്മയോ ഓണം?
     
           ഓണം നന്മയുടെ മാത്രമല്ല, ഒരായിരം വര്‍ണങ്ങളുടെ, ഗന്ധങ്ങളുടെ, രുചിയുടെ ആഘോഷം കൂടിയാണ്. തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമൊരുക്കി നമ്മള്‍ പ്രകൃതിയെയും അതിശയിപ്പിക്കും. പച്ചനിറത്തിലുള്ള തൂശനിലയില്‍ വിവിധ വര്‍ണങ്ങളില്‍, നാവൂറുന്ന ഗന്ധങ്ങളില്‍, വിവിധ രുചിഭേദങ്ങളില്‍ വിഭവസദ്യയൊരുക്കി, കളിച്ചും ചിരിച്ചും പങ്കുവച്ചും നമ്മള്‍ ഓണം കൊണ്ടാടുന്നു.
     
            ഒരുപാട് പ്രായമൊന്നും ആയില്ലെങ്കിലും എനിക്കിപ്പോള്‍ ഓണം പഴയ ഓര്‍മകളുടെ ഒരു മേളമാത്രമാണ്. ഇന്നേത് ഓണംകേറാമൂലയിലും ഓണമുണ്ട്. പക്ഷെ യഥാര്‍ത്ഥ ഓണത്തിനു കേറാന്‍മാത്രം മൂലയില്ലാ. അതിന്‍റെ സ്ഥാനം ടി.വി. ചാനലുകളും, വസ്ത്ര-ആഭരണ-ഗൃഹോപകരണ ശാലകളും കയ്യടക്കി. ഓണക്കാലത്ത് ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാവേലിയും മാറി. ഓണം ഓണവും, ആഘോഷങ്ങള്‍ ആഘോഷങ്ങളായും രണ്ടു ധ്രുവങ്ങളില്‍ മിഴിച്ചു നില്‍ക്കുന്നു. മുഴച്ചു നില്‍ക്കുന്നു.
     
         എങ്കിലും ഓണം ഓരോര്‍മ്മപ്പെടുത്തലാണ്.. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ, ഇനിയും വറ്റാത്ത നന്മയുടെ, പങ്കുവക്കലിന്‍റെ, ഒരുമയുടെ ഒക്കെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ഓരോ ആഘോഷവും അതിന്‍റെ ശരിയായ അര്‍ത്ഥം ഉള്‍ക്കൊണ്ട് ഘോഷിക്കുമ്പോഴാണ്, അര്‍ത്ഥവത്താകുന്നത്. ജീവിതമൊട്ടുക്കും ഓര്‍ത്തിരിക്കാവുന്ന നല്ലനല്ല ഓര്‍മ്മകളുടെ പ്രഭവകേന്ദ്രമാകണം ഓരോ ഓണക്കാലവും. 

'വെള്ളനാടന്‍ ഡയറി'യുടെ ഓരോ വായനക്കാര്‍ക്കും സര്‍വൈശ്വര്യ സമ്പൂര്‍ണമായ ഒരോണക്കാലം ആയിരിക്കട്ടെ ഇത് എന്ന പ്രാര്‍ത്ഥനയോടെ, എന്‍റെ ഒരായിരം ഓണാശംസകള്‍`. 


                                                                       

മറ്റൊരു ഓണവിശേഷം വായിക്കാന്‍
ഓണത്തിന്‍റെ ഓര്‍മ്മപ്പെരുക്കം

©മനോജ്‌ വെള്ളനാട്