Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

കൊവിഡ് വാക്സിൻ എപ്പോൾ വരും?

ലോകമിന്ന് അസാധാരണമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിലത് ഒരാരോഗ്യപ്രതിസന്ധിയല്ല ഇന്ന്, ജീവിതത്തിൻ്റെ സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയ ഒരു സാമൂഹികദുരന്തമായി മാറിക്കഴിഞ്ഞു. ചൈനയിലെ ഒരു ചന്തയിൽ നിന്നും ലോകത്താകമാനം പടർന്ന്, മനുഷ്യൻ്റെ സ്വൈര്യജീവിതത്തിൻ്റെ താളമാകെ തെറ്റിച്ച SARS Cov2 എന്ന അദൃശ്യനായ ഭീകരനാണാ പ്രതിസന്ധിക്ക് കാരണം. ഈ വൈറസ് കാരണമുണ്ടാകുന്ന കൊവിഡ്-19 എന്ന രോഗത്തിന് മുന്നിൽ ലോകമിന്ന് വിറങ്ങലിച്ച് നിൽപ്പാണ്. 

ഇതൊരു പുതിയ വൈറസും പുതിയ രോഗവുമാണ്. അതുകൊണ്ടുതന്നെ അതിനെതിരെ ഫലപ്രദമായ മരുന്നുമില്ല. മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലേക്ക് പോകുന്ന രോഗികളിൽ മുമ്പുണ്ടായിരുന്ന പല മരുന്നുകളും പരീക്ഷിച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് ലോകത്താകെയിന്ന് നടക്കുന്നത്. വന്നാൽ ചികിത്സിക്കാൻ വഴിയില്ലെങ്കിൽ ആ രോഗം വരാതിരിക്കാൻ നോക്കുകയേയുള്ളൂ, പിന്നെ പോംവഴി. വരാതിരിക്കാൻ എന്തു ചെയ്യണം? മാസ്ക്, സാമൂഹിക അകലം, കൈകളുടെ വൃത്തിയെന്നൊക്കെയായിരിക്കും എല്ലാവരും ആദ്യമോർക്കുക. അതു ശരിയാണ്, പക്ഷെ ഏതൊരു പകർച്ചവ്യാധിയും വരാതിരിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധമാർഗമേതെന്ന് ചോദിച്ചാലുത്തരം, വാക്സിനെന്നാണ്.

അതെ, ലോകമിന്ന് ഏറ്റവും കാത്തിരിക്കുന്നത് കൊവിഡ്- 19നെതിരെ ഒരു വാക്സിനാണ്. വൈദ്യശാസ്ത്രം അതിനായി അഘോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

അതിനെ പറ്റി ചില കാര്യങ്ങളറിഞ്ഞാലത്ഭുതം തോന്നാം. ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും ഇത്രയും വ്യാപകമായും, ഇത്രയും വേഗത്തിലും, ഇത്രയും വൈവിധ്യപൂർണവുമായ വാക്സിൻ ഗവേഷണം നടന്നിട്ടില്ല. ഇതുവരെയും 224 വാക്സിൻ കാൻഡിഡേറ്റുകളാണ് ലോകത്താകമാനമുള്ള ലാബുകളിൽ മനുഷ്യൻ്റെ ഭാവി നിർണയിക്കുന്ന ഈ പരീക്ഷകളിൽ പരീക്ഷിക്കപ്പെടുന്നതെന്നാണ് CEPI (Coalition of Epidemic Preparedness Innovations) പറയുന്നത്.

ലോകത്തെ പ്രമുഖരാജ്യങ്ങളെല്ലാം തന്നെ വാക്സിൻ ഗവേഷണത്തിൻ്റെ പിറകിലാണ്. ആൻ്റി കൊവിഡ് വാക്സിൻ ഗവേഷണങ്ങളുടെ 49 ശതമാനവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണ് നടക്കുന്നത്. അതേ സമയം ഏറ്റവും കൂടുതൽ വാക്സിൻ കാൻഡിഡേറ്റുകളെ ഗവേഷണത്തിൻ്റെ ഏറ്റവും മുൻനിരയിലെത്തിച്ച രാജ്യം ചൈനയാണ്. 5 തരം വാക്സിനുകൾ.

വാക്സിൻ വികസനത്തിൻ്റെ അന്താരാഷ്ട്രകാര്യങ്ങളിലേക്ക് കടക്കും മുമ്പ് മറ്റൊരു കാര്യത്തിലേക്ക് പോയിട്ട് വരാം. ഒരു വൈറസിനെതിരെ എങ്ങനെയാണ് ഇത്രയധികം വാക്സിൻ കാൻഡിഡേറ്റുകൾ ഉണ്ടാകുന്നതെന്ന് പലർക്കും സംശയം തോന്നാം. അതറിയണമെങ്കിൽ ഏതൊക്കെ തരം വാക്സിനുകൾ ഉണ്ടെന്നറിയണം. ഒരു വാക്സിനിൽ പ്രസ്തുത രോഗാണു ഏതവസ്ഥയിലാണ് അടങ്ങിയിരിക്കുന്നതെന്ന് അനുസരിച്ചാണത്.

വാക്സിനുകൾ പലതരമുണ്ട്. കിൽഡ് വാക്സിനുകൾ, ലൈവ് അറ്റനുവേറ്റഡ് വാക്സിനുകൾ, DNA or RNA വാക്സിനുകൾ, സബ് യൂണിറ്റ് വാക്സിനുകൾ, വെക്റ്റർ വാക്സിനുകൾ ഇങ്ങനെ നിരവധി. മേൽപറഞ്ഞ തരം വാക്സിനുകളാണ് കോവിഡ് 19-നു വേണ്ടി പല ലാബുകളിലെയും അണിയറയിൽ ഒരുങ്ങുന്നത്.

1.ലൈവ് അറ്റന്വേറ്റഡ് വാക്സിൻ
           ഈ തരം വാക്സിനിൽ ജീവനുള്ള മുഴുവൻ വൈറസിനെയാണ് ഉപയോഗിക്കുന്നത്. പക്ഷെ രോഗമുണ്ടാക്കാനുള്ള അതിൻ്റെ കഴിവ് പലരീതിയിൽ ഇല്ലാതാക്കിയതിന് ശേഷമാണത്. ഒരു യഥാർത്ഥ വൈറൽ രോഗം വരുമ്പോൾ നമ്മുടെ പ്രതിരോധസംവിധാനം എങ്ങനെ പ്രവർത്തിക്കുമോ, അതേരീതിയിൽ, അത്രയും കാര്യക്ഷമതയോടെ ഇവിടെയും വൈറസിനെതിരെ ആൻറിബോഡികൾ നിർമ്മിക്കപ്പെടും. പക്ഷേ അപൂർവമായി ഈ വാക്സിൻ വൈറസുകൾ കാരണം തന്നെ രോഗം ഉണ്ടാകാനുള്ള സാധ്യതയും ഇത്തരം വാക്സിനുകളുടെ ഒരു പ്രധാനപ്രശ്നമാണ്, പ്രത്യേകിച്ചും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ സ്ഥിരമായെടുക്കുന്നവരിലും മറ്റും. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന മീസിൽസ്, റൂബെല്ല, ഓറൽ പോളിയോ വാക്സിൻ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നവയാണ്. കൊവിഡിനെതിരേ Codagenix, Indian immunologicals limited തുടങ്ങിയവർ ഈ തരത്തിലുള്ള വാക്സിൻ്റെ നിർമ്മാണജോലികളിലാണ്.

2. കിൽഡ് (ഇനാക്റ്റിവേറ്റഡ്) വാക്സിൻ
              ഇവിടെയും വൈറസിനെ മുഴുവനായിട്ടാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. പക്ഷേ, അതിന് ജീവനില്ല. താപമോ ഏതെങ്കിലും രാസവസ്തുക്കളോ ഉപയോഗിച്ച് വൈറസിനെ കൊന്നതിനു ശേഷമാണിതിൽ ഉപയോഗിക്കുന്നത്. വൈറസിന് ജീവൻ ഇല്ലാത്തതുകൊണ്ട് തന്നെ, വാക്സിനിൽ നിന്നും രോഗബാധയുണ്ടാകുന്നതിനുള്ള സാധ്യത തീരെ ഇല്ല. പക്ഷേ ജീവനുള്ള വൈറസിനോട് ശരീരം പ്രതികരിക്കുന്ന അത്രയും കാര്യക്ഷമതയോടെ ഇവിടെ ആൻറിബോഡി നിർമാണം നടക്കില്ല. നമ്മൾ ഇഞ്ചക്ഷൻ ആയിട്ട് കൊടുക്കുന്ന പോളിയോ വാക്സിൻ ഈ ഗണത്തിലെ ഒരു വാക്സിനുദാഹരണമാണ്. Sinovac, SinoPharm തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് ഇപ്പോൾ ഇനാക്ടിവേറ്റഡ് കൊവിഡ് വാക്സിൻറെ നിർമ്മാണത്തിന് പുറകിലുള്ളത്.

3. DNA or RNA വാക്സിൻ
              ഒരു വൈറസ് എന്നു പറയുന്നത്, കുറച്ചു ജനിതക പദാർത്ഥവും, അതായത് DNA or RNA യും,  അതിനെ പൊതിഞ്ഞുകൊണ്ട് ഒരു കവചവും മാത്രമാണ്. ഈ ജനിതക പദാർത്ഥം ഓരോ വൈറസിനും വളരെ സ്പെസിഫിക് ആയിരിക്കും. അത് വേർതിരിച്ചെടുത്താൽ വാക്സിൻ നിർമ്മിക്കാൻ വളരെ എളുപ്പവുമാണ്. പക്ഷേ രോഗമുണ്ടാക്കുമോ എന്ന ഭയം കാരണം ഇത്രയും നാളും ഇത്തരത്തിൽ ഒരു വാക്സിൻ ഒരു രോഗത്തിനെതിരെയും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിൻ്റെ മറ്റ് പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള മുൻ പഠനങ്ങളൊന്നും തന്നെ നമ്മുടെ കയ്യിലില്ല. അമേരിക്കയിലെ മോഡേണ എന്ന മരുന്ന് നിർമ്മാതാക്കൾ കൊവിഡിനെതിരെ ഒരു RNA വാക്സിനും Inovio എന്നുപറയുന്ന വാക്സിൻ നിർമാതാക്കൾ ഒരു DNA വാക്സിനും നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ.

4. സബ് യൂണിറ്റ് അഥവാ ഉപഘടകവാക്സിൻ
                ഒരു രോഗാണുവിൻ്റെ കോശത്തിൽ നിന്ന് ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവമുള്ള ഒരു ഭാഗം മാത്രം വേർതിരിച്ചെടുത്ത്, അതിനെ വാക്സിനായി ഉപയോഗിക്കുന്നതാണ് ഈ രീതിയിൽ ചെയ്യുന്നത്. അത് ചിലപ്പോൾ വൈറസിനെ മനുഷ്യശരീര കോശത്തിലേക്ക് കടക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാവാം, അല്ലെങ്കിൽ ആ വൈറസിന് മാത്രമുള്ള ഒരു പ്രത്യേക എൻസൈം ആവാം, അങ്ങനെ എന്തുമാവാം. ആവശ്യത്തിനുള്ള ആൻറിബോഡി നിർമ്മാണത്തിനുള്ള കാര്യക്ഷമത ഇത്തരം വാക്സിനുകൾക്ക് പൊതുവേ കുറവാണ്. അതുകൊണ്ട് തന്നെ അത് കൂട്ടുന്നതിനുള്ള ചില രാസവസ്തുക്കൾ കൂടി വാക്സിനിൽ ചേർക്കേണ്ടി വരാറുണ്ട്. നമ്മൾ ഇന്നുപയോഗിക്കുന്ന വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് C, ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ തുടങ്ങിയവയൊക്കെ സബ് യൂണിറ്റ് വാക്സിനുകളാണ്. Novavax, AdaptVac തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് കോവിഡിനെതിരെ ഒരു സബ്യൂണിറ്റ് വാക്സിൻ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രമുഖർ.

5. വൈറൽ വെക്റ്റർ വാക്സിൻ
                നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ഇവിടെ ചെയ്യുന്ന രീതി. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കോവിഡിനെതിരെ ഒരു വൈറൽ വെക്ടർ വാക്സിൻ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റ്യൂട്ടും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുമാണ്.

ലോകത്തെ പല ലാബുകളിലും വാക്സിൻ നിർമ്മാണം ഏതാണ്ട് കഴിഞ്ഞ അവസ്ഥയിലാണ്. ഇപ്പോൾ നടക്കുന്നതെല്ലാം ഈ നിർമ്മിച്ച വാക്സിൻ മനുഷ്യനിൽ ഉപയോഗിക്കാൻ മാത്രം ഗുണപ്രദമാണോ എന്നുള്ള പരിശോധനകളാണ്. പല ഘടകങ്ങൾ അവിടെ പരിശോധിക്കേണ്ടതുണ്ട്. 

1. പ്രസ്തുത വാക്സിൻ മനുഷ്യശരീരത്തിൽ രോഗപ്രതിരോധ ആവശ്യത്തിനു വേണ്ടത്രയും ആൻറി ബോഡികൾ നിർമ്മിക്കുന്നുണ്ടോ?

2. വാക്സിൻ കാരണം ഒരു വ്യക്തിക്ക് രോഗബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുണ്ടോ?

3. ഈ വാക്സിൻ എത്രത്തോളം സുരക്ഷിതമാണ്?

തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തലാണ് ഈ സമയം നടന്നുകൊണ്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ വാക്സിൻ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ക്ലിനിക്കൽ ട്രയലിൽ മുൻപന്തിയിൽ നില്ക്കുന്നത് നാല് ലാബുകളിൽ നിന്നുള്ള വാക്സിനുകൾ ആണ്. അമേരിക്കയിലെ മോഡേണ ലാബ് നിർമ്മിക്കുന്ന വാക്സിൻ, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ, ചൈനയിൽ നിന്നുള്ള വാക്സിനുകൾ, ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയുടെ വാക്സിൻ എന്നിവ.

Moderna എന്ന വാക്കിലെ അവസാനത്തെ മൂന്നക്ഷരങ്ങൾ സൂചിപ്പിക്കുന്നതുപോലെ ആ ലാബിൽ നിർമ്മിക്കുന്നത് RNA വാക്സിനുകളാണ്.  അവർ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ മാർച്ചിൽ തന്നെ അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു. അവിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) ഗവേഷകരുമായി ചേർന്നാണ് ബയോടെക്നോളജി കമ്പനിയായ മോഡേണ mRNA-1273 എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. സിയാറ്റിലിലെ Kaiser Permanente Washington Health Research Institute -ലാണ് പരീക്ഷണം നടക്കുന്നത്.

ഈ വാക്സിൻ കാരണം COVID19 രോഗം വരില്ല. മാത്രമല്ല മറ്റ് ചില വാക്സിനുകളുടെ കാര്യത്തിലെന്നപോലെ ഇതിൽ ഈ വൈറസ് അപ്പാടെ അടങ്ങിയിട്ടുമില്ല. പകരം mRNA എന്ന ചെറിയ ജനിതക കോഡ് മാത്രമാണതിലുള്ളത്. Covid19 വൈറസിൽ നിന്ന് mRNA വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ വികസിപ്പിച്ചതാണീ വാക്സിൻ. 

mRNA എന്നു പറഞ്ഞാൽ കോശങ്ങളിൽ ഒരു നിശ്ചിതജോലി ചെയ്യേണ്ട പ്രോട്ടീനുകളെ കോഡ് ചെയ്തിരിക്കുന്ന ജനിതക പദാർത്ഥമാണ്. കൊറോണ വൈറസിന് മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്ന “സ്പൈക്ക് പ്രോട്ടീൻ" ഉണ്ടാക്കുന്ന mRNA ആണ് ഈ വാക്സിനിൽ ഉള്ളത്. COVID-19 ന്റെ ശരീരത്തിലെ പ്രവേശനം തന്നെ തടയുന്ന ഈ വാക്സിൻ ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യഘട്ട പരീക്ഷണത്തിനായി ആരോഗ്യമുള്ള 45 മുതിർന്നവരെയാണ് തെരെഞ്ഞെടുത്തത്. പങ്കെടുക്കുന്നവർക്ക് വാക്സിനേഷന്റെ രണ്ട് ഷോട്ടുകൾ വീതം നൽകി. 28 ദിവസത്തിൻ്റെ ഇടവേളകൾ രണ്ടുഡോസുകൾക്കിടയിൽ ഉണ്ടായിരുന്നു. ഈ കാലയളവിൽ വാക്സിൻ സുരക്ഷയും രോഗപ്രതിരോധശേഷിയും അവർ വിലയിരുത്തിയതിൽ വളരെ ആശാവഹമായ ഫലമാണ് ലഭിച്ചത്. 650 പേരിൽ പരീക്ഷിക്കുന്ന അടുത്തഘട്ട ക്ലിനിക്കൽ ട്രയലിലേക്ക് ഈ വാക്സിൻ ഇപ്പോൾ കടന്നു കഴിഞ്ഞു.

അതിലും വിജയിക്കുകയാണെങ്കിൽ ഈ വർഷത്തിൻ്റെ അവസാനത്തിന് മുമ്പുതന്നെ ഈ വാക്സിൻ ലോകമാകെ ലഭ്യമാകും എന്നാണ് കമ്പനിയുടെ അവകാശവാദം.

രണ്ടാമത്തെ പ്രധാനപ്പെട്ട വാക്സിൻ കാൻഡിഡേറ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജന്നർ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്സിനാണ്. AZD1222 എന്ന് അറിയപ്പെടുന്ന ഈ വാക്സിൻ ഇപ്പോൾ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിലാണ്. കുരങ്ങൻമാരിലാണ് ഈ വാക്സിൻ ആദ്യമായി പരീക്ഷിച്ചത്. ആ പരീക്ഷണത്തിൽ ആവശ്യത്തിന് ആൻറിബോഡികൾ കുരങ്ങിൻ്റെ ശരീരത്തിലുണ്ടാവുന്നതായിട്ടാണ് നിരീക്ഷിച്ചത്. കൊവിഡ് രോഗം വളരെ രൂക്ഷമായി ബാധിച്ച ബ്രസീലിൽ ഇതിൻ്റെ അടുത്തഘട്ട പരീക്ഷണം നടത്താനാണ് അവർ തയ്യാറാകുന്നത്.

ചൈനയിൽ നിന്നും അഞ്ച് വാക്സിൻ കാൻഡിഡേറ്റുകളാണ് ക്ലിനിക്കൽ ട്രയലിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. അഞ്ചിൽ നാലും ഇൻആക്ടിവേറ്റഡ് വാക്സിനുകളും ഒരെണ്ണം ഒരു വൈറൽ വെക്ടർ വാക്സിനുമാണ്. BBIBP-CorV എന്ന ഇൻആക്ടിവേറ്റഡ് വാക്സിൻ ഉയർന്ന തോതിൽ ആൻറി ബോഡികൾ നിർമ്മിക്കുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. വൈറസ് വെക്ടർ വാക്സിനിൽ (Ad5-nCoV) നിരുപദ്രവകാരിയായ ഒരുതരം അഡിനോ വൈറസിനെ ആണ് വെക്റ്ററായിട്ട് ഉപയോഗിച്ചിരിക്കുന്നത്.

എലികളിലും ഗിനിപ്പന്നികളിലും മുയലിലും പരീക്ഷിച്ചശേഷം സൈനോമോൾഗസ് കുരങ്ങുകളിലും റീസസ് കുരങ്ങുകളിലും നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. മനുഷ്യനിൽ ക്ലിനിക്കൽ ട്രയൽ കഴിഞ്ഞമാസം തന്നെ ആരംഭിച്ചതാണ്. ചൈനയിലെ പരീക്ഷണങ്ങളെല്ലാം ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൻ്റെ മേൽനോട്ടത്തിൽ ചൈനീസ് നാഷണൽ ബയോജനിക്സും ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോളും ചൈനീസ് അക്കാഡമി ഓഫ് മെഡിക്കൽ സയൻസസും സംയുക്തമായാണ് ചെയുന്നത്.

ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയും മുർദോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഒരു ലൈവ് അറ്റന്വേറ്റഡ് വാക്സിൻ ഗവേഷണം നടത്തുന്നുണ്ട്. Bacillus Calmette Guerin (BCG) live attenuated vaccine എന്നാണതറിയപ്പെടുന്നത്. BCG ക്ഷയരോഗത്തിന് എതിരെയുള്ള വാക്സിനാണ്. അതിനോട് കൊവിഡ്19 വൈറസിൻ്റെ ഒരു ലൈവ് സ്ട്രെയിൻ കൂടി യോജിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ കാൻഡിഡേറ്റ് തന്നെയാണിതും.

ഇന്ത്യയിലും വാക്സിൻ ഗവേഷണങ്ങൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കൾ. സിറം ഇൻസ്റ്റിറ്റ്യൂട്ട് മുകളിൽ പറഞ്ഞ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നിട്ടാണ് ഗവേഷണത്തിൽ പങ്കാളിയായിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്നതിൽ സഹായിക്കുകയും 2020 ഒക്ടോബറോടു കൂടിയെങ്കിലും വാക്സിൻ ജനങ്ങളിലേക്കെത്തിക്കാൻ പ്രയത്നിക്കുകയുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്.

അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയർലൻഡിലെ Rafana ഗ്രൂപ്പുമായി ചേർന്ന് സംയുക്തമായ വാക്സിൻ ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്ന് ലാബ് അമേരിക്കയിലെ Codagenix-മായി ചേർന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്സിൻ്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്. 

അമേരിക്കയിൽ വാക്സിൻ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായി മോഡേണ ലാബിനൊപ്പം തന്നെ മറ്റ് നാല് ലാബുകളെക്കൂടി അമേരിക്കൻ ഗവൺമെൻറ് ഷോർട്ട് ലിസ്റ്റ് ചെയ്ത് അവശ്യം വേണ്ട സഹായങ്ങൾ നൽകുന്നുമുണ്ട്. സിംഗപ്പൂരിലും അമേരിക്കയിലെ മോഡേണയിലേതു പോലെ തന്നെയുള്ള ഒരു mRNA വാക്സിനിൽ ഗവേഷണം നടക്കുന്നുണ്ട്. അതും ക്ലിനിക്കൽ ട്രയലിൻ്റെ രണ്ടാം ഫേസിലേക്ക് കടക്കുന്നു. പക്ഷേ വാക്സിൻ പൊതുജനങ്ങളിലേക്ക് എത്താൻ മിനിമം ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജപ്പാനിൽ നടക്കുന്ന വാക്സിൻ ഗവേഷണത്തിൻ്റെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കാൻ 2021 പകുതിയോളം ആകുമെന്നാണ് ജപ്പാൻ ഗവൺമെൻ്റും പറയുന്നത്.

Sanofi-യും GlaxoSmithKline (GSK)-ഉം അന്താരാഷ്ട്ര പ്രശസ്തരായ മരുന്ന് നിർമ്മാതാക്കളാണ്. അവർ സംയുക്തമായി മറ്റൊരു വാക്സിൻ്റെ നിർമ്മാണ-പരീക്ഷണ-ഗവേഷണങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ട്. കൊറോണ വൈറസ് ശരീരത്തിൽ കടക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളെ ആൻ്റിജനുകളാക്കി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനാണ് അവർ നിർമ്മിക്കുന്നത്. ആൻ്റിജൻ നിർമ്മിച്ച് നൽകുന്നത് sanofi -യും അതിൽ നിന്ന് വാക്സിൻ നിർമാണ ചുമതലയും ക്ലിനിക്കൽ ട്രയലും GSK- യുമാണ് ചെയ്യുന്നത്. ഉടനെ തന്നെ ഈ വാക്സിനും മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തുന്ന വാക്സിൻ ഗവേഷണത്തിൽ മറ്റൊരു RNA വാക്സിനാണ് പരീക്ഷിക്കുന്നത്. ജൂൺ 15-ന് 300 പേരിൽ ഈ വാക്സിൻ പരീക്ഷിച്ചു കൊണ്ടുള്ള ഫേസ് വൺ ക്ലിനിക്കൽ ട്രയലിന് തുടക്കം ആയിട്ടുണ്ട്. ഒക്ടോബറിൽ 6000 പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടാംഘട്ട ട്രയൽ നടത്താനാണ് അവരുടെ ഇപ്പോഴത്തെ പദ്ധതി.

ശരിക്കും കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ? അതോ വാക്സിൻ പഠനമൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും Covid19, അതിൻ്റെ അവതാരലക്ഷ്യമൊക്കെ പൂർത്തിയാക്കി സ്വയം സുഷുപ്തിയിലേക്ക് പോകുമോ? മറ്റൊരിക്കൽ മറ്റൊരു രൂപത്തിൽ മറ്റൊരിടത്ത് വീണ്ടും അവതരിക്കുമോ? അതൊന്നുമിപ്പോൾ പറയാനാവില്ല. കാത്തിരുന്ന് കാണേണ്ടതാണ്.

ചിലപ്പോൾ ഇതൊന്നും വിജയിച്ചെന്ന് വരില്ലാ. എന്നാലും നോക്കൂ, ശാസ്ത്രമെത്ര വേഗതയിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന്. ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസിൻ്റെ ജനിതക സീക്വൻസിംഗ് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി, അതിലൂടെ വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റുകളും കണ്ടെത്തി ലോകരാജ്യങ്ങൾക്ക് നൽകിയതുകൊണ്ടാണ് ഇന്ന് Covid19 സാന്നിധ്യം നമ്മളിത്ര വേഗം തിരിച്ചറിയുന്നത് തന്നെ. ഒരു 30 വർഷം മുമ്പാണെങ്കിൽ ഇതത്ര എളുപ്പമാകുമായിരുന്നില്ല. ശാസ്ത്രലോകമതിൻ്റെ പണി ഭംഗിയായി ചെയ്യുന്നതിൻ്റെ ഉദാഹരണമാണത്.

അതുപോലെതന്നെ ഇത്രയധികം വാക്സിൻ കാൻഡിഡേറ്റുകൾ ഒരു വൈറസിനെതിരെ നിർമ്മിച്ചെടുക്കാൻ കഴിയുന്നു എന്നത് തന്നെ ശാസ്ത്രത്തിൻ്റെ വലിയൊരു നേട്ടമാണ്. എന്നാലും നിരവധി കടമ്പകൾ, പ്രത്യേകിച്ചും വാക്സിൻ സുരക്ഷയുടെ കാര്യത്തിൽ, ഇനിയും ശാസ്ത്രത്തിന് താണ്ടാൻ ബാക്കിയുണ്ട്. അതൊരു വലിയ കടമ്പ തന്നെയാണ്. മുമ്പ് ഡെങ്കിപ്പനിക്ക് ഇതുപോലെ വാക്സിൻ കണ്ടെത്തുകയും, അവസാനമത് മനുഷ്യരിൽ ഉപയോഗിക്കാമെന്നായപ്പോൾ അത് രോഗത്തെക്കാൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

പക്ഷേ അതൊന്നും തന്നെ ശാസ്ത്രത്തിൻ്റെയോ മനുഷ്യരാശിയുടെയോ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ മാത്രം പോന്നതല്ല. കാരണം ഇതുപോലൊരു പാൻഡെമിക്കിനെ നേരിടാൻ നമ്മുടെ മുന്നിലുള്ള ഏക വഴി വാക്സിൻ കണ്ടെത്തുക എന്നുള്ളത് മാത്രമാണ്.

കൊവിഡിനെതിയുള്ള ഒരു വാക്സിൻ എന്നത് ശാസ്ത്രത്തിൻ്റെ ഗുണഫലമെന്നതിനേക്കാൾ മനുഷ്യരാശിയുടെ പ്രതീക്ഷയുടെ കൂടി പേരാണ്.. 

©മനോജ്‌ വെള്ളനാട്

(2020 ജൂലൈ ലക്കം മാതൃഭൂമി GK & CA യിൽ വന്ന ലേഖനം)










ബംഗാളികളും ORS ലായനിയും

കോളറാ കാലത്തെ യഥാർത്ഥ പ്രണയം ശരിക്കുമൊരു ത്രീസം അശ്ലീലമാണ്. മാർക്വേസിനതറിയില്ലായിരുന്നു. ശാസ്ത്രജ്ഞരാ രഹസ്യം മറച്ചുവച്ചു. ഒടുവിലാ അവിശുദ്ധ പ്രണയരഹസ്യമിതാ പുറത്തായിരിക്കുന്നു. വെള്ളവും ഉപ്പും പഞ്ചസാരയും തമ്മിൽ, ഒരു പാത്രത്തിൽ വച്ച്, ശ്ശോ! പറയാൻ തന്നെ നാണമാവുന്നു. എന്നിട്ടോ ORS എന്ന പേരുമിട്ട് കുഞ്ഞുകുട്ടികൾക്കു വരെ അത് കൊടുക്കുന്നു.  സദാചാരൻ ചേട്ടന്മാർ ഇത്രയും കാലം ഇതൊന്നും അറിയാത്തത് ഭാഗ്യം.

ഒരിക്കൽ രണ്ടു ബംഗാളികൾക്ക് വയറിളക്കം. ഇവന്മാർ അടുത്ത ഫാർമസീന്ന് ORS പൊടി വാങ്ങി കലക്കി കുടിയോടു കൂടി. വയറാണെങ്കിൽ ഇനി ഇളകാൻ വേറെ വല്ല വഴിയോ ഹോളോ ഉണ്ടോന്ന് തപ്പുന്നു. ഒരുവഴിയൊന്നും പോരാന്ന്. ശരീരത്തിലെ വെള്ളമൊക്കെ ഏതാണ്ട് തീരാറായപ്പൊ രണ്ടിനേം കൂടി കുറച്ചുപേർ ആശുപത്രിയിലെത്തിച്ചു. വിശദമായി ചോദിച്ചപ്പോഴാണറിയുന്നത്, ഇവന്മാർ ചെയ്തോണ്ടിരുന്നതിങ്ങനെയാണ്. ഓരോ പ്രാവശ്യം വയറിളകുമ്പോഴും ഒരു കവർ ORS പൊടി പൊട്ടിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഒറ്റവലി. ബാറിൽ ചെന്ന് നിൽപ്പനടിക്കുന്ന പോലെ. പക്ഷെ, നിന്നടിക്കാനുള്ള ഗ്യാപ് കിട്ടില്ല. വയറു വീണ്ടും പണി തുടങ്ങും അപ്പോഴേക്കും.

കാരണം, ആ ഒരു പായ്ക്കറ്റ് ശരിക്കും ഒരു ലിറ്റർ വെള്ളത്തിൽ കലക്കേണ്ടതായിരുന്നു. അതാണ് ഒരു ഗ്ലാസ് വെള്ളത്തിൽ ചാലിച്ച് സേവിച്ചോണ്ടിരുന്നത്. അന്ന് പിന്നെ ഡ്രിപ്പൊക്കെ ഇട്ട്, ORS കലക്കേണ്ട വിധമൊക്കെ പഠിപ്പിച്ച് വിട്ടു. രണ്ടുദിവസത്തിനകം ഇളക്കം നിന്നു.

ചരിത്രം പരിശോധിച്ചാൽ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചിട്ടുള്ള ഈ ത്രീസം ലായനിയ്ക്ക് ബംഗാളികളുമായി വേറെയും ബന്ധമുണ്ട്. എന്തിന് 71-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. അന്നത്തെ ഇന്ത്യാ-പാക്ക് യുദ്ധം ബംഗാളിലും ബംഗ്ലാദേശിലും കൂടിയാണല്ലോ നടന്നത്.

അങ്ങനെ യുദ്ധം നടക്കുന്ന സമയത്ത് കൊൽക്കത്തയിലെയും ബംഗ്ലാദേശിലെയും അഭയാർത്ഥി ക്യാമ്പുകളിൽ കോളറ പടർന്നു പിടിച്ചു. ശരീരത്തിലെ ജലാംശം മുഴുവൻ കക്കൂസിലൊഴുക്കിക്കളഞ്ഞ് ആവേശം ചോർന്ന്, നിസഹായരായിരിക്കുന്ന പട്ടാളക്കാരെയും അഭയാർത്ഥികളെയും കണ്ട ഡോ. ദിലീപ് മഹലനാബിസ് വലിയ പാത്രങ്ങളിൽ വെള്ളവും ഉപ്പും പഞ്ചസാരയും ആനുപാതികമായി കലർത്തി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ORS ലായനി ഉണ്ടാക്കി. ഡ്രിപ് നൽകാനുള്ള IV ഫ്ലൂയിഡ് കുപ്പികൾ ഒക്കെ കാലിയായ സമയമായിരുന്നു. പക്ഷെ, ORS അവിടെ അത്ഭുതം പ്രവർത്തിച്ചു. പട്ടാളക്കാരുടെ ആവേശം ഉണർന്നു. ഇന്ത്യ ജയിച്ചു. ബംഗ്ലാദേശ് ജനിച്ചു. ORS ന് സ്തുതി.

ORS -നെ പറ്റി രണ്ടു സുപ്രധാന കാര്യങ്ങൾ കൂടി പറഞ്ഞു തരാം.

1.ഒരു ദുർഗാഷ്ടമി ദിവസം, അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി  വയറിളക്കം തുടങ്ങുമ്പോൾ ORS പൊടി കടയിൽ പോയി വാങ്ങാനൊന്നും പറ്റിയെന്ന് വരില്ല. വലിയ സദാചാരപ്രിയരാവാതെ വീട്ടിൽ എളുപ്പത്തിൽ ഇതുണ്ടാക്കാം. തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൻ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്താൽ എളുപ്പത്തിൽ സംഗതി റെഡി. ഇത്തരം സിമ്പിൾ സ്റ്റെപ്സ് ഇഷ്ടമില്ലാത്തവർക്ക് ഒരു ലിറ്റർ വെള്ളമെടുത്ത് 6 ടീസ്പൂൺ (25.2 ഗ്രാം) പഞ്ചസാരയും അര ടീസ്പൂൺ (2.9 ഗ്രാം) ഉപ്പും ചേർത്തും ഈ ത്രീസം മിക്സ്ചർ ഉണ്ടാക്കാവുന്നതേയുള്ളൂ..

2. ORS പൊടി വാങ്ങി പൊട്ടിക്കുന്നതിന് മുമ്പ് കവറിലെഴുതിയിരിക്കുന്നത് വായിച്ചു നോക്കണം. അതു മൊത്തം ഒരു ഗ്ലാസിൽ കലക്കേണ്ടതാണോ, ഒരു ലിറ്ററിൽ കലക്കേണ്ടതാണോ എന്ന് നോക്കി ചെയ്യണം. ഒരു ലിറ്ററിന്റെതാണെങ്കിലും ഒരു പായ്ക്കറ്റ് മുഴുവൻ ഒരുമിച്ച് കലക്കണം. അരലിറ്റർ വെള്ളത്തിൽ പകുതി കലക്കീട്ട്, ബാക്കി പിന്നത്തേക്ക് വച്ചേക്കരുത്. ഈ അളവുകൾക്ക് വലിയ പ്രാധാന്യമുണ്ട്. തെറ്റിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും.

സദാചാരപ്രിയനായ ഞാൻ ഈ ത്രിസന്ധ്യാനേരത്ത് രാമനാമം ജപിക്കുന്നതിന് പകരം, എന്തിനീ ത്രീസം ലായനിയെ പറ്റി പറയുന്നു എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ഒന്നൂല്ലാ, ഇന്ന് ജൂലൈ 29 അല്ലെ. അത് ലോക ORS ദിനമാണ്..

©മനോജ്‌ വെള്ളനാട്



കളളങ്ങളുടെ ചെർണോബിൽ!

ചെർണോബിൽ ആണവദുരന്തത്തിൽ മരിച്ചവരെത്ര? ഉത്തരം = 31 😲

'ഇവിടെ എവിടെ വർഗീയത? ഉണ്ടെങ്കിൽ എവിടെ തെളിവുകൾ?' പലരും പലപ്പോഴായും ചോദിച്ചുകേട്ട ചോദ്യമാണ്. ദാ ന്ന് പറഞ്ഞ് എടുത്തുകൊടുക്കാൻ പറ്റുന്നതല്ലല്ലോ അത്. അതീ ചോദിക്കുന്നവർക്ക് നന്നായറിയാം. അവരോടൊക്കെ ആദ്യമാദ്യം തർക്കിച്ചിരുന്നത്, നിങ്ങൾ ചെർണോബിൽ എന്ന് കേട്ടിട്ടുണ്ടോ, ഉക്രെയിനിലെ ചെർണോബിലിൽ അന്തരീക്ഷത്തിലിപ്പോഴും മാരകമായ റേഡിയേഷനുണ്ടെന്നും, എവിടെ കാണട്ടെ എന്ന് പറഞ്ഞാൽ കാണിക്കാൻ പറ്റുന്നതല്ലാന്നും, അതുപോലാണ് നമ്മുടെയിടയിൽ വർഗീയതയുടെ സാന്നിധ്യമെന്നുമൊക്കെ ആയിരുന്നു. പക്ഷെ, ഉക്രെയിൻ, ചെർണോബിൽ, റേഡിയേഷൻ എന്നൊക്കെയുള്ള വാക്കുകൾ ഈ ചോദിച്ചവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് ആ ഉപമ ഞാൻ പിന്നീട് പച്ചക്കറിയിലെ കീടനാശിനിയിലേക്ക് പറിച്ചുനടുകയുണ്ടായി. ഇക്കാര്യങ്ങളിപ്പോ ഓർക്കാൻ കാരണമുണ്ട്.

HBO യുടെ 'ചെർണോബിൽ' എന്ന മിനി സീരീസിലെ അവസാന എപിസോഡും ഇന്നലെ വന്നു. ഒരു മാസമായി അതിങ്ങനെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. നിരന്തരമുള്ള ദീർഘനിശ്വാസങ്ങളുടെ ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയല്ലാതെ നമുക്കത് കണ്ടുകൊണ്ടിരിക്കാനാവില്ല. ഓരോ മണിക്കൂർ വീതമുള്ള 5 എപ്പിസോഡുകൾ. മുമ്പ് വായിച്ചിട്ടുള്ളതാണെങ്കിൽ കൂടി ആ കാഴ്ചകൾ എന്തൊരു ഷോക്കിംഗായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ കഥ. അതിന്റെ കാരണങ്ങളിലേക്കും മനുഷ്യനെന്ന ജന്തുവിന്റെ എടുത്താൽ പൊങ്ങാത്ത ഈഗോ അതിനെ നേരിട്ട ക്രൂരമായ വിധത്തിന്റെയും സാക്ഷ്യപത്രം. തീർച്ചയായും കണ്ടിരിക്കേണ്ടത്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.

ഒരു മൈക്രോസ്കോപ്പിന് പോലും കാണിക്കാൻ കഴിയാത്തത്ര കുഞ്ഞൻമാരാണ് ആറ്റങ്ങൾ. ആറ്റം ഒരു ഫുട്ബോൾ ഗ്രൗണ്ടാണെങ്കിൽ അതിന്റെ നടുക്കിരിക്കുന്ന ഒരു ഫുട്ബോളാണ് ന്യൂക്ലിയസ്. ഈ ഇത്തിരിക്കുഞ്ഞൻ ന്യൂക്ലിയസ് പിളരുമ്പോഴുണ്ടാവുന്ന ഭീകരമായ ആ വികിരണോർജത്തെയാണ് നമ്മൾ ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നത്. ആ ഊർജത്തെ നിയന്ത്രിക്കണമെങ്കിൽ അത്രയും പരിജ്ഞാനവും സങ്കീർണമായ സാങ്കേതികതയും നിർബന്ധം.

USSR - അമേരിക്ക ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന നാളുകൾ. ആ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു, അന്ന് ഉക്രെയ്ൻ. അവിടെ പ്രിപ്യാറ്റ് നദിയുടെ കരയിലെ ഒരു വനപ്രദേശമുണ്ടായിരുന്നു ചെർണോബിൽ. ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം സ്ഥാപിക്കാൻ റഷ്യൻ സർക്കാർ തെരഞ്ഞെടുത്തത് ഈ വനപ്രദേശമാണ്. അങ്ങനെ 1970 ൽ പ്രിപ്യാറ്റ് നദീതീരത്ത് അക്കാലത്തെ ഏറ്റവും ആധുനികമായ ആണവനിലയം ഉയർന്നു. റഷ്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് (RBMK) റിയാക്ടറുകളുടെ വിഭാഗത്തിൽ പെടുന്ന, 3600 മെഗാ വാട്ട് വീതം ശേഷിയുള്ള നാല് റിയാക്ടറുകളാണ് നിലയത്തിൽ ഉണ്ടായിരുന്നത്.

മേൽപ്പറഞ്ഞത് കള്ളമായിരുന്നു. ഏറ്റവും ആധുനികമായിരുന്നില്ല, ആ റിയാക്റ്ററുകൾ. അക്കാലത്തെ ഏറ്റവും ചീപ്പായ സാങ്കേതികവിദ്യയായിരുന്നു റഷ്യ ഈ റിയാക്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ആദ്യത്തെ പിഴവ്.

മുമ്പ് പലവട്ടം പരീക്ഷിച്ച് തോറ്റുപോയൊരു പരീക്ഷണം വാശിയോടെ ചെയ്ത് തീർക്കുന്ന ആ കറുത്തദിവസം. 1986 ഏപ്രിൽ 25 രാത്രി. നാലാം നമ്പർ റിയാക്ടറിലായിരുന്നു ആ പരീക്ഷണമെന്ന പ്രഹസനം. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ, എന്താണ് സംഭവിക്കുന്നതെന്ന തിരിച്ചറിവില്ലാതെ. ലക്ഷ്യമിതായിരുന്നു, റിയാക്ടറുകളുടെ പ്രവർത്തനം അടിയന്തിരാവശ്യങ്ങൾക്കായി നിർത്തേണ്ടി വരുമ്പോൾ അതിന്റെ ഇന്ധന അറയിലെ ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യണം. അതിനായി നാല് ഡീസൽ ജെനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ വാട്ടർ പാമ്പുകൾ പ്രവർത്തിച്ചു തുടങ്ങാൻ തൊണ്ണൂറ് സെക്കൻഡുകളാണ് എടുക്കുന്നത്. അത് കൂടുതലാണ്. ഇത് 30 സെക്കൻഡാക്കി കുറയ്ക്കാനൊക്കുമോ എന്ന് നോക്കുകയായിരുന്നു അവർ. എന്നാലീ പരീക്ഷണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കപ്പെട്ടത് വെറും 25 വയസും റിയാക്റ്ററിൽ 4 മാസത്തെ അനുഭവപരിചയവും മാത്രമുള്ള ടെപ്റ്റുനോവ് എന്ന പയ്യനെ. രണ്ടാമത്തെ പിഴവ്.

3600 MW ൽ നിന്നും ആദ്യം 1600 ലേക്കു റിയാക്റ്ററിന്റെ ശേഷി കുറച്ചു. ഇനിയത് 700MW ആയി കുറയ്ക്കണം. പരിചയസമ്പന്നരല്ലാത്ത ആ എഞ്ചിനീയർമാർക്ക് റിയാക്റ്ററിൽ എന്താ സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പറ്റും മുമ്പേ റിയാക്ടറിനുള്ളിലെ പവർ കുറഞ്ഞ് 30 മെഗാവാട്ടായി! അത്രയും പവർ കുറഞ്ഞത് റിയാക്ടറിന്റെ പ്രവർത്തനം തകരാറിലാക്കി. അതിനിടെ കൂളിംഗ് പമ്പുകളുടെ പ്രവർത്തന ശേഷിയും നഷ്ടമായി. അതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്യപ്പെടുന്ന വെള്ളത്തിന്റെ തോതും കുറഞ്ഞു. യൂറേനിയം എന്ന റേഡിയോ ആക്ടീവ് മൂലകം എതിരാളിയില്ലാത്ത യുദ്ധഭൂമിയിൽ അഴിഞ്ഞാടി. ചൂട് കൂടി റിയാക്ടറിലെ ജലം പൊടുന്നനെ  നീരാവിയായിത്തുടങ്ങി. അങ്ങനെ റിയാക്ടറിൽ കൂടുതൽ പവർ ഉൽപ്പാദിപ്പിക്കപ്പെട്ടു. 3600 MW പ്രവർത്തന ശേഷിയുടെ അനേകം ഇരട്ടി കടന്ന് പവർ 33,000 MWലെത്തിയ നിമിഷത്തിൽ മർദ്ദം താങ്ങാനാവാതെ, 1986 ഏപ്രിൽ 26 ന് വെളുപ്പിനെ ഒരു മണി നാൽപ്പത് മിനുട്ട് 23 ആം സെക്കൻഡിൽ നാലാം നമ്പർ റിയാക്ടറിന്റെ അതിശക്തമായ കവചം പൊട്ടിത്തെറിച്ചു.

ഉന്നത ഊഷ്മാവിൽ ഉള്ളിൽ രൂപപ്പെട്ടിരുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനെ കണ്ടുമുട്ടിയതോടെ മൂന്ന് സെക്കന്റിനകം രണ്ടാമത്തെ പൊട്ടിത്തെറിയും നടന്നു. ആണവ നിലയത്തിലെ രണ്ടു ജീവനക്കാർ തീഗോളങ്ങളായി എരിഞ്ഞടങ്ങി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം ഭേദിച്ച് എട്ടു ടൺ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ  ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു. 1945-ൽ ഹിരോഷിമയിൽ വീണ അണുബോംബിനേക്കാൾ 400 മടങ്ങ്  പ്രഹരശേഷിയുള്ള സ്ഫോടനമാണ് ചെർണോബിലിൽ സംഭവിച്ചത്. മനുഷ്യൻ എത്ര വലിയ നുണയനാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. ചെർണോബില്ലിലെ ഉദ്യോഗസ്ഥർ ഈ വൻ സ്ഫോടനത്തെ ചെറിയൊരു തീപിടിത്തം മാത്രമെന്ന നിലയിലായിരുന്നു ഗവൺമെന്റിനോടും പൊതുജനങ്ങളോടും പറഞ്ഞത്. മൂന്നാമത്തെ പിഴവ്.

തീപിടിച്ചാൽ എന്തു ചെയ്യും? അഗ്നിശമനസേനയെ വിളിച്ചു. സംഭവത്തിന്റെ ഗുരുതരാവസ്ഥ അറിയാത്ത അഗ്നിശമനസേനാംഗങ്ങൾ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ അമിതമായി വികിരണം പ്രസരിപ്പിക്കുന്ന ആണവ അവശിഷ്ടങ്ങൾക്കിടയിലേക്ക് നടന്നു ചെന്നു. റയിൽവേ പാലത്തിനുമുകളിൽ തീപിടിത്തത്തിന്റെ കാഴ്ച കാണാൻ പ്രിപ്യാറ്റ് നഗരവാസികൾ തടിച്ചുകൂടി. ഇവരാരും തന്നെ പിന്നധികനാൾ ജീവിച്ചില്ല.

റഷ്യൻ ഭരണകൂടം ഈ വൻ വിപത്ത് പൊതുജനങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാൻ ശ്രമിച്ചു. പക്ഷെ കാറ്റിൽ ആണവ വികിരണത്തിന്റെ വിഷ ധൂളികൾ യൂറോപ്പിലേക്ക് നീങ്ങി. ബെലാറസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ കടന്ന് അത് സ്വീഡനിലെത്തി. അവിടുത്തെ ആണവനിലയത്തിലെ അപായ മണികൾ മുഴങ്ങി. അവരാണത് തിരിച്ചറിയുന്നത്, ആണവദുരന്തം സംഭവിച്ചകാര്യം. സ്വീഡിഷ് പത്രങ്ങളാണ് ഈ വിവരങ്ങൾ ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്നത്.

അന്നത്തെ പ്രിപ്യാറ്റ് ഇന്നത്തെ കൊച്ചിയേക്കാൾ വികസിച്ച നഗരമായിരുന്നു. ആ ഒരു നിലവാരത്തിൽ ജീവിച്ചിരുന്നവർ. ആണവമാലിന്യം നാടാകെ ചിതറിയപ്പോൾ പ്രിപ്യാറ്റ്, ചെർണോബിൽ  നഗരങ്ങളിൽ നിന്നായി 35,000 പേരെ ഒഴിപ്പിക്കാൻ നിർദേശമുണ്ടായി. രണ്ടുദിവസത്തിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നും അപ്പോൾ തിരിച്ചുവരാമെന്നും പറഞ്ഞായിരുന്നു അത്. അങ്ങനെ സ്വന്തം വീട്ടിലെ സാധന സാമഗ്രികളിൽ ഒന്നുപോലും തൊടാനാവാതെ, ഇട്ടിരുന്ന വസ്ത്രങ്ങളോടെ, ആയിരക്കണക്കിനാളുകൾ എന്നന്നേക്കുമായി നാടുവിട്ടുപോയി, ഇനിയൊരു തിരിച്ചുവരവില്ലെന്ന ധാരണയില്ലാതെ.

ചെർണോബിലും പ്രിപ്പാറ്റും മനുഷ്യനെന്നല്ല, ജീവനുള്ളതൊന്നിനും സർവൈവ് ചെയ്യാനൊക്കാത്ത വിധം വികിരണമാലിന്യം നിറഞ്ഞിരുന്നു. ചെർണോബിൽ വനത്തിലെ മരങ്ങൾ കരിഞ്ഞു. മൃഗങ്ങൾ മരിച്ചൊടുങ്ങി. കുടിവെള്ളം പോലും വികിരണ വിഷം കാരണം ഉപയോഗശൂന്യമായി.

ചെർണോബിൽ ദുരന്തം നടന്നിട്ട്  ഇപ്പോൾ 33 വർഷങ്ങൾ കഴിഞ്ഞു. 4000 മുതൽ 93000 വരെയാണ് പല കണക്കുകളിലെയും മരണസംഖ്യ. എന്നാൽ 50 ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ് അനുമാനം. ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ക്യാൻസർ ബാധിതരായി കഴിയുന്നുമുണ്ട്. മരിച്ചവരിൽ 10 ലക്ഷം പേർ കുട്ടികളോ ഗർഭസ്ഥശിശുക്കളോ ആയിരുന്നു. ഈ പ്രദേശങ്ങളിൽ തൈറോയിഡ് ക്യാൻസർ 2400 ശതമാനം വർദ്ധിച്ചതായും പഠനങ്ങൾ പറയുന്നു!!

പക്ഷെ ഭരണകൂടം ഈ ദുരന്തത്തെ നേരിട്ടതെങ്ങനെയെന്ന് അറിയണമെങ്കിൽ ഔദ്യോഗിക കണക്കുകളിലെ മരണസംഖ്യ മാത്രം നോക്കിയാൽ മതി. വെറും 31 പേർ മാത്രം!

'ചെർണോബിൽ' എന്ന സീരീസിലെ നായകൻ വലേരി ലീഗസോവ് എന്ന ആണവശാസ്ത്രജ്ഞനാണ്. ശാസ്ത്രവും മാനവികതയും ഉയർത്തിപ്പിടിച്ച ആ മനുഷ്യന്റെ ആത്മഹത്യയോടെയാണ് ആദ്യ എപിസോഡ് തുടങ്ങുന്നത് തന്നെ. സത്യം പറഞ്ഞതിന് ഭരണകൂടം ഏകാന്തവാസം വിധിച്ച അദ്ദേഹം മരിക്കുന്നതിന് മുമ്പ്, സംഭവിച്ചതെല്ലാം ഓഡിയോ ടേപ്പുകളാക്കി ഒളിപ്പിച്ചു വച്ചു. അതിലൂടെയാണ് ഈ ദുരന്തത്തിന്റെ പിന്നിലെ യഥാർത്ഥ ചിത്രം ലോകമറിയുന്നത് തന്നെ.

നിപ്പയില്ലാന്ന് അവർ പറയും. നമ്മളുണ്ടെന്നും. എന്നാലെവിടെ വൈറസ്, കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. റേഡിയേഷൻ ഇല്ലാന്ന് അവർ പറയും. നമ്മളുണ്ടെന്നും. എന്നാൽ കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. വർഗീയത ഇല്ലെന്നവർ പറയും. നമ്മളുണ്ടെന്നും. എന്നാൽ കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. സത്യം പറയുകയെന്നാൽ സത്യത്തിൽ ചമ്മലാണ്.

ലീഗസോവ് കോടതിയിൽ സ്വരാജ്യമായ റഷ്യയെ വിശേഷിപ്പിച്ചത് നോക്കൂ.. ''നമ്മൾ കള്ളങ്ങൾ മാത്രം പറയുന്ന ജനതയാണ്. കള്ളങ്ങൾക്കു മുകളിൽ കളളങ്ങൾ നിറച്ചു വയ്ക്കുന്നവർ. സത്യമെന്താണെന്ന് തിരിച്ചറിയാനാവാത്ത വിധം അത് നമ്മെ വിഴുങ്ങിയിരിക്കുന്നു. ഈ കള്ളങ്ങളാണ് ഇന്ന് നമ്മെ നിർവചിക്കുന്നത് ''

ചെർണോബിലിലെ ശരിക്കുമുള്ള വില്ലൻ, ഡൈത്തലോവ് സംഭവം നടന്ന് നാളുകൾക്ക് ശേഷം ഒരിക്കൽ പറയുന്നുണ്ട് "നിങ്ങൾ ശരിയായ ചോദ്യം ചോദിച്ചാൽ സത്യസന്ധമായ ഒരുത്തരം കിട്ടുമെന്നാണോ കരുതുന്നത്. ഫൂളിഷ്. ഇവിടെ സത്യമെന്ന ഒന്നില്ലാ. എന്റെ മുകളിലുള്ളവരോട് ചോദിച്ചാൽ അവർ മറ്റൊരു കള്ളമേ പറയൂ.."

അതെ. ലോകത്ത് എല്ലായിടത്തും അതങ്ങനെയാണത്രേ.

സത്യം പറയുകയെന്നാൽ മരിക്കുക എന്നാണർത്ഥം. ലീഗസോവ് തന്റെ മരണം കൊണ്ടതാണ് തെളിയിച്ചത്. ആ സത്യമങ്ങനെ ലോകമറിഞ്ഞു. തുടർന്ന് USSR എന്ന സാമ്രാജ്യം തന്നെ തകർന്നു.

വചനം: കള്ളം കൊണ്ടു പടുത്തുയർത്തിയ ഒരു സാമ്രാജ്യത്തിന് ആയുസ് കുറവായിരിക്കും. പക്ഷെ, അവിടെ സത്യം പറയാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവണം.

©മനോജ്‌ വെള്ളനാട്




മിന്നലേ.. മിന്നലേ.. / Lightning Injury

സൂര്യാഘാതത്തീന്ന് രക്ഷപ്പെടാൻ വേനൽ മഴ വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് മഴവും കൂടെ മിന്നലും ഇടിയും മേമ്പൊടിക്ക് കാറ്റും. മിന്നലേറ്റ് ഇന്നലെ രണ്ടുപേർ മരിക്കുകേം ചെയ്തു.

എന്തു ചെയ്യാനൊക്കുമെന്നല്ലേ..? തെരെഞ്ഞെടുപ്പിൽ വേണ്ട കർശനമായ ജാഗ്രത ഇവിടെയും കാണിച്ചാ മതി. അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേരള ദുരന്ത നിവാരണ അതോറിറ്റി നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. അതോണ്ട്, നല്ലവരായ സമ്മതിദായകർ ഇനി പറയുന്ന കാര്യങ്ങൾ ശർദ്ദിച്ച്, സോറി ശ്രദ്ധിച്ച് കേൾക്കണം.

💥 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. 'ഹായ് മഴാ..' പോലുള്ള ആറാം തമ്പുരാൻ ഡയലോഗടിച്ചു നിൽക്കരുത്.

💥 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വെറുതെ ഇലക്ട്രിക്കൽ കടക്കാരന് പണിയുണ്ടാക്കരുത്.

💥 ജന്നലും വാതിലും അടച്ചിടുക. മിന്നൽ കണ്ടേ പറ്റു എന്നാണെങ്കിൽ യൂട്യൂബിൽ കിട്ടും.

💥 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. വെറുതെ അവരെ പ്രലോഭിപ്പിക്കരുത്. മിന്നൽ വേളയിൽ അവരൊക്കെ വികാരജീവികളാണ്.

💥 ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.

💥 ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്. ഉയരം കൂടും തോറും ചായയുടെ  (പതിനാറടിയന്തിരത്തിന്റെ) സ്വാദും കൂടും.

💥 വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

💥 വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി അകത്തു തന്നെ ഇരിക്കണം.

💥 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. ചിലപ്പോൾ നരസിംഹത്തിൽ മോഹൻലാൽ കിടക്കുമ്പോലെ കിടക്കേണ്ടി വരും.

💥 തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ (ചിത്രത്തിലേത് പോലെ) ഉരുണ്ട്‌ ഇരിക്കുക. ഓർക്കുക, അത് ശൗചാലയമല്ല.



💥 ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, അയ്യോ നനയുമെന്ന് പേടിച്ച് എടുക്കാൻ ഓടരുത്. അവ നനഞ്ഞാലും സാരമില്ല. ഉടുക്കാനുള്ള ആളാണ് പ്രധാനം.

💥 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഇനിയിപ്പൊ വേറെ സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്താനൊന്നും സമ്മതിക്കുകേലെന്നേ.

💥 ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.

💥 ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

ഇനി അടുത്തു നിക്കുന്ന ആളിന് മിന്നലേറ്റാലോ? എന്തുചെയ്യും നിങ്ങൾ?

💥 മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.

💥 സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ കറണ്ടടിക്കില്ല.

💥 പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.

💥 അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. എന്നുവച്ചാൽ കൃത്രിമ ശ്വാസോഛ്വാസം നൽകിയാൽ തന്നെ ആളെ രക്ഷിക്കാൻ പറ്റിയേക്കും. ഫ്രണ്ട്സ് സിനിമയിൽ ജയറാം മീനയെ രക്ഷിക്കുന്നില്ലേ, അതുപോലെ.

💥 സിനിമേലെ പോലെ അത്ര ഈസിയല്ല കാര്യങ്ങൾ. അതുകൊണ്ട് ചെയ്യാവുന്ന പ്രഥമശുശ്രൂഷയൊക്കെ കൊടുത്തിട്ട്, എത്രയും വേഗം എടുത്തോണ്ട് ആശൂത്രീ പോണം.

ഒരൊറ്റ കാര്യം കൂടി, ടിക് ടോക് നിരോധിച്ച പോലെ ആ 'മിന്നലേ മിന്നലേ താഴെ വരൂ' എന്ന പാട്ടുകൂടി രണ്ടുമാസത്തേക്ക് നിരോധിച്ചാൽ മിന്നലിൽ നിന്നും പൂർണമായും രക്ഷനേടാം. പിന്നൊരുകാര്യം വേനൽ മഴ അധികനാളുണ്ടാവില്ല. മഴ പെയ്താലും ചൂടു കുറയില്ല. അതുകൊണ്ട് വെള്ളം പാഴാക്കരുത്.  കാത്തിരിക്കുന്നത് വരൾച്ചയുടെ കാലമാണ്. വീണ്ടും ജാഗ്രതൈ..

©മനോജ്‌ വെള്ളനാട്

NB: 1.തമാശക്കപ്പുറം ജാഗ്രത മറക്കണ്ട!
        2.KSDMA ക്ക് വിവരങ്ങൾക്കും പടത്തിനും കടപ്പാട്


ഡോക്ടർ ഗൂഗിൾ / Doctor Google

'ഡോക്ടർ, അച്ഛന്റെ മെനിഞ്ചിയോമ ഏത് ടൈപ്പാണ്?

(മെനിഞ്ചിയോമ തലച്ചോറിന്റെ  ആവരണത്തെ ബാധിക്കുന്ന ഒരുതരം ട്യൂമറാണ്)

'ഓപറേഷൻ കഴിഞ്ഞല്ലോ. ബാക്കിയൊക്കെ ഇനി പത്തോളജി റിപ്പോർട്ട് വന്നാലല്ലേ പറയാൻ പറ്റൂ. അത് വരട്ടെ'

'അല്ലാതെ സ്കാൻ വച്ചിട്ട് ഇത് അനാപ്ലാസ്റ്റിക് ആണോ മെറ്റാപ്ലാസ്റ്റിക് ആണോ എന്നൊക്കെ അറിയാൻ പറ്റില്ലേ?

'😲😲😲🤯🤯🐦🐦'

'അങ്ങനാവുമ്പൊ ബാക്കി ചികിത്സ ഉടനെ തുടങ്ങാല്ലോ. അതാ..'

(പോയ 🐦യെ തിരിച്ചുകിട്ടാൻ അൽപ്പസമയമെടുത്ത ശേഷം)
'നിങ്ങളും.., ഡോക്ടറാണോ?'

'അല്ലല്ല. അയാം എ സോഫ്റ്റ് വെയർ എഞ്ചിനീർ. വർക്കിംഗ് ഹിയർ ഇൻ ടെക്നോപാർക്ക്'

'ഓക്കേ. ഈ അനാപ്ലാസ്റ്റിക്, മെറ്റാപ്ലാസ്റ്റിക് എന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ.'

'ഐ ഗൂഗിൾഡ് ഇറ്റ്. സ്റ്റഡീഡ് ഇറ്റ് ഇൻ ഡീറ്റെയിൽ. അനാപ്ലാസ്റ്റിക് ആണെങ്കിൽ ട്രീറ്റ്മെന്റ് ഡിലെ ചെയ്യാൻ പാടില്ലല്ലോ. ഇവിടെയാണെങ്കിൽ കീമോ, റേഡിയേഷൻ സൗകര്യങ്ങളുമില്ല. ഞാനിങ്ങനെ ആലോചിക്കുവായിരുന്നു, എത്രേം നേരത്തെ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റിയാലോന്ന്.. '

'നമ്മുടെ ഇതുവരെയുള്ള നിഗമനം വച്ചിട്ട് ഇത് 99 ശതമാനവും ബിനൈൻ ആവാനാണ് സാധ്യത. വേറെ ചികിത്സ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.'

'ഡോക്ടറിനും 100% ഉറപ്പില്ലല്ലോ ബിനൈനാണെന്ന്. ഇഫ് ഇറ്റ് കംസ് ആസ് മാലിഗ്നന്റ്, ട്രീറ്റ്മെന്റ് ഡിലേ ആവില്ലേ'

'എന്തായാലും ഒരാഴ്ചക്കകം പത്തോളജി റിപ്പോർട്ട് വരും. അപ്പൊ തീരുമാനിക്കാല്ലോ.'

'ഇനി അനാപ്ലാസ്റ്റിക് ആണെങ്കി ഒരാഴ്ച വൈകുന്നത് റിസ്കല്ലേ. നേരത്തെ എന്തെങ്കിലും'

'ഇതൊക്കെ ഏത് തരമെന്ന് വേർതിരിച്ചറിയാൻ ഒരാഴ്ച മിനിമം വേണം. അതുവരെ വെയ്റ്റ് ചെയ്തല്ലേ പറ്റൂ. ഓപറേഷന് മുമ്പ് എല്ലാം ഡീറ്റെയ്ൽഡായിട്ട് സംസാരിച്ചതല്ലേ?'

'ഞാനിതിപ്പൊഴാണ് ഡോക്ടർ ഗൂഗിൾ ചെയ്തത്. അപ്പൊ ഒരു ടെൻഷൻ'

'നിങ്ങൾ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നതിനേക്കാൾ ഗൂഗിളിനെ വിശ്വസിച്ചാ പിന്നെന്ത് ചെയ്യാൻ പറ്റും?'

'നിങ്ങൾ ഡോക്ടർമാർ പലപ്പോഴും ബയസ്ഡായിരിക്കും. ഒരുപാട് രോഗികളെ കാണുന്നതല്ലേ. സോ, ഗൂഗിൾ ഇൻഫർമേഷൻസ് കുറച്ചൂടെ റിലയബിൾ ആയിരിക്കുമെന്നാണ് എന്റെ തോന്നൽ.'

'💀💀🐦🐦🐦🐦🏃🏃🏃🏃🏃'

* * * * * * *

ആകാശവാണി, തിരോന്തരം ആലപ്പുഴ തൃശൂർ. ലോകാരോഗ്യ ദിനം പ്രമാണിച്ച്, നാലോ അഞ്ചോ വർഷം മുമ്പ് തിരോന്തരത്തെ ഒരാശുപത്രിയിൽ നടന്ന ഒരു സംഭാഷണശകലത്തിന്റെ പുന:സംപ്രേക്ഷണമാണ് ശ്രോതാക്കളിപ്പോൾ കേട്ടത്. 'സൈബർ കോൺട്രിയ' (Cyberchondria) എന്ന രോഗത്തിന്റെ ലക്ഷണമുള്ള ഒരാളുമായി ഡോക്ടർ നടത്തിയ സാഹസികമായ ഈ സന്ധിസംഭാഷണത്തിനൊടുവിൽ ഡോക്ടർ ഓടി രക്ഷപ്പെട്ടെന്നാണറിവ്.

ഏതെങ്കിലും രോഗത്തെ പറ്റി ഗൂഗിളിൽ നിന്നും കിട്ടുന്ന വിവരങ്ങളെ അമിതമായി വിശ്വസിക്കുകയും, പിന്നെ അതാലോചിച്ച് മനസമാധാനം നഷ്ടപ്പെട്ട് ജീവിക്കേണ്ടിയും വരുന്ന സവിശേഷമായ അവസ്ഥയാണ് 'സൈബർ കോൺട്രിയ'. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഗൂഗിളിന് കൊടുത്തിട്ട് ഗൂഗിൾ പറയുന്ന കൊട്ടക്കണക്കിന് രോഗങ്ങളിൽ 'അതാണോ' 'അല്ലേലിതാണോ' തന്റെ രോഗമെന്ന് കൺഫ്യൂഷനടിച്ച് ജീവിക്കുന്നതിൽ പ്രത്യേക തൽപ്പരരായിരിക്കും ഇത്തരക്കാരിലെ ഒരു വിഭാഗം. ശരിക്കും പറഞ്ഞാൽ ഒരസുഖവും കാണത്തുമില്ല.

രണ്ടാമത്തെ വിഭാഗം ഡോക്ടർമാരെ ചോദ്യം ചോദിച്ച് വധിക്കുന്ന ഹോബിയുള്ളവരാണ്. അവിടുന്നും ഇവിടുന്നും എന്തെങ്കിലും വായിച്ചിട്ട് വന്ന്, ജെനുവിൻ സംശയമെന്ന ധാരണയിൽ എന്തെങ്കിലുമൊക്കെ ചോദിച്ചോണ്ടിരിക്കും. ഡോക്ടറുടെ വായിലെ വെള്ളം വറ്റുന്നതു വരെ എക്സ്പ്ലെയ്ൻ ചെയ്താലും ഇവന്മാർക്ക് സംശയം തീരത്തില്ല.

മൂന്നാമത്തെ വിഭാഗം ചികിത്സിക്കാനേ സമ്മതിക്കത്തില്ല. മെഡിക്കൽ കോളേജിൽ ഒരു രോഗിയുണ്ടായിരുന്നു, അഞ്ചോളം ആശുപത്രികളിൽ പോയിട്ട് അസംതൃപ്തയായി ഒടുവിലിവിടെ എത്തിച്ചേർന്നതാണ്. കണ്ട ഡോക്ടർമാരെല്ലാം അവർക്ക് ഓപറേഷൻ വേണമെന്ന് പറഞ്ഞു. പക്ഷെ ഗൂഗിൾ ഒരുവിധത്തിലും സമ്മതിക്കുന്നില്ല. ഗൂഗിൾ പറയുന്നത് ഓപറേഷനില്ലാതെയും നോക്കാം, പിന്നെ ഓപറേഷന് കുറേ കോംപ്ലിക്കേഷൻസുമുണ്ട് എന്നൊക്കെയാണ്. അവസാനം അവരെ ഡിസ്ചാർജ് ചെയ്ത് വിട്ടു. ഇപ്പോഴും അവർ ഗൂഗിൾ പറയുന്ന പോലെ ചിന്തിക്കുന്ന ആ ഡോക്ടറെയും തേടി അലയുകയാവും.

ശ്രോതാക്കൾ ശ്രദ്ധിക്കുമല്ലോ, അത്യാവശ്യത്തിന് ഗൂഗിൾ ചെയ്ത് അറിവു തേടുന്നതിൽ തെറ്റില്ല. പക്ഷെ അവിടെ വരുന്നതെല്ലാം ആധികാരികമാണെന്ന് കരുതരുത്. ഒരേ ലക്ഷണങ്ങളുള്ള നൂറോളം രോഗങ്ങളുണ്ടാവും. ഒരേ രോഗത്തിന് തന്നെ ചികിത്സ പല രോഗികളിൽ പലതായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറെയാണ് ഗൂഗിളിനേക്കാൾ വിശ്വസിക്കേണ്ടത്. ഒരു സെക്കന്റ് ഒപീനിയൻ എടുക്കണമെങ്കിൽ വിദഗ്ദരായ മറ്റേതെങ്കിലും ഡോക്ടറെ സമീപിക്കുക. അപ്പൊ എല്ലാ ശ്രോതാക്കൾക്കും ഒരിക്കൽ കൂടി ആരോഗ്യദിനാശംസകൾ.

• * * * *
പ്രിയ ശ്രോതാക്കളെ, ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഡോക്ടർ മനോജ് വെള്ളനാട് അവതരിപ്പിച്ച ആരോഗ്യരംഗം സമാപിക്കുന്നു. അടുത്തതായി യുഗ്മഗാനങ്ങൾ.. ആദ്യഗാനം.....

©മനോജ്‌ വെള്ളനാട്




മലയാളിയുടെ മാതൃഭാഷ

1. WhatsApp- புலனம் - പുലനം

2. youtube - வலையொளி - വലൈയൊളി

3. Instagram - படவரி - പടവരി

4. WeChat - அளாவி - അളാവി

5.Messanger - பற்றியம் - പറ്റ്റിയം

രണ്ടുദിവസം മുമ്പ് കിട്ടിയ ഒരു വാട്സാപ്പ് മെസേജിലെ ചെറിയ ഭാഗമാണിത്. കാലത്തിനൊപ്പം, മാറ്റത്തിനൊപ്പം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയെ ഞെട്ടലോടെ വായിക്കുവായിരുന്നു.
മാതൃഭാഷയോട് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വിധേയത്വം നാം തമിഴനിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഓരോ സർക്കാർ കാര്യാലയങ്ങൾക്കും മുൻപിൽ ‘തമിഴ് വാഴ്‌ക‘ എന്ന് ആലേഖനം ചെയ്യുക മാത്രമല്ല, അത്യധികം ആദരപൂർവ്വം അതിന്റെ സമ്പന്നതയിൽ അഭിമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് തമിഴർ.

ഇത്രയും വായിച്ചവർക്ക് ആദ്യം തോന്നിയിട്ടുണ്ടാവുക, ഇതാ അടുത്തത് മലയാളത്തെ തമിഴുമായി താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടാനുള്ള പുറപ്പാടാണെന്നായിരിക്കും. എന്നാലല്ലാ. ഭാഷയും മനുഷ്യരെപ്പോലെയാണ്. ഓരോരുത്തർക്കും അവരവരുടേതായ കഴിവുകളും കുറവുകളുമുണ്ടാവും.  അടുത്തവീട്ടിലെ കുട്ടി കൂടുതൽ മാർക്കുവാങ്ങിയതിന് സ്വന്തം കുഞ്ഞിനെ തല്ലുന്ന പോലെയേ ഉള്ളു തമിഴ് മലയാളം താരതമ്യം. സിനിമാറ്റോഗ്രഫി എന്നാൽ ഛായാഗ്രഹണം എന്നും എഡിറ്റിംഗ് എന്നാൽ ചിത്രസംയോജനമെന്നുമൊക്കെ മേൽ സൂചിപ്പിച്ചപോലെ മൊഴിമാറ്റമായി വന്ന മനോഹരങ്ങളായ മലയാളവാക്കുകൾ നമ്മളിന്നും ഉപയോഗിക്കുന്നുണ്ട്. എം.ടി.യും കൂട്ടരുമാണെന്ന് തോന്നുന്നു ഇതിനു പിന്നിൽ (എവിടെയോ വായിച്ചൊരോർമ്മ). പക്ഷെ, അടുത്തെങ്ങും നിത്യേന ഉപയോഗിക്കുന്ന ഏതെങ്കിലും പുതിയ ഇംഗ്ലീഷ് വാക്കുകൾക്ക് പകരമായി നല്ലൊരു മലയാളം വാക്കുണ്ടായതായി അറിയില്ല. അതു ഭാഷാ പണ്ഡിതരുടെ പ്രശ്നമൊന്നുമല്ല. മലയാളത്തിന് പരിമിതികളുണ്ട്. 52 അക്ഷരങ്ങളുടെ ഭാരമുണ്ട്. പുതിയ കാലത്തിന്റെ പുതിയ സംഗതികളെ അതിന്റെ ശരിയായ അർത്ഥത്തിൽ ഒറ്റവാക്കിൽ സ്വാംശീകരിക്കാൻ മലയാളത്തിന് ബുദ്ധിമുട്ടുണ്ടെന്ന് തന്നെയാണ് എന്റെ തോന്നൽ. ലളിതവും ആകർഷണീയവുമായ വാക്കുകൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കാത്തത് അതുകൊണ്ടാണ്. ഭരണഭാഷ മലയാളമാക്കിയതിനു ശേഷം വന്ന ചില ഉദാഹരണങ്ങൾ നോക്കൂ. രജിസ്റ്റര്‍(പതിവേട്), അക്വിറ്റന്‍സ് (പറ്റുചീട്ട്), ഫെയര്‍ കോപ്പി (സുവാച്യപ്രതി), കാഷ്വല്‍ ലീവ് (ആകസ്മികാവധി), പെറ്റേണിറ്റി ലീവ് (പിതൃത്വാവധി), നോട്ടീസ് (പരിപത്രം). ഇതിൽ പിതൃത്വാവധി ഒഴികെയുള്ളതൊക്കെ പുതിയ ഒരു ഭാഷ പോലെ തോന്നുന്നു.

നമ്മുടെ മാതൃഭാഷയ്ക്ക് മങ്ങലേൽക്കുന്നു എന്നത് സത്യമാണ്. ലോകത്ത്‌ 7000 ത്തോളം ഭാഷകളാണ്‌ സംസാരഭാഷയായിട്ടുള്ളത്‌ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍ 96 ശതമാനം ഭാഷകളും ലോകജനസംഖ്യയുടെ നാലു ശതമാനത്തിൽ താഴെ മാത്രം ആളുകള്‍ സംസാരിക്കുന്നവയാണ്‌. ഇവയില്‍ ഏകദേശം നൂറ്‌ ഭാഷകള്‍ക്ക്‌ മാത്രമാണ്‌ ഭരണ-വിദ്യാഭ്യാസ തലത്തില്‍ മാന്യമായ സ്ഥാനമുള്ളത്‌. അവയിൽ മിക്കതിനും ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്‌ അത്രവലിയ സ്ഥാനവുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ഒരു പതിറ്റാണ്ട്‌ പിന്നിട്ടപ്പോഴേക്കും 50 ശതമാനം ഭാഷകളും മരണത്തിന്റെ വക്രത്തിലെത്തിയതാണ്‌ യുഎന്നിന്റെ വിലയിരുത്തൽ. ഭാഷ ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ലല്ലോ, അത്‌ സാമൂഹ്യ സമരസതയുടേയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടേയും നിദാനം കൂടിയാണ്‌. സര്‍വോപരി അത് സംസ്കാരത്തിന്റെ പ്രതീകവും! ഒരു ഭാഷക്ക്‌ മങ്ങലേല്‍ക്കുന്നു എന്നുവെച്ചാല്‍ ഒരു സംസ്ക്കാരം ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്‌.

പരിമിതികൾക്കുള്ളിൽ നിന്നും ഓടുന്ന കാലത്തിനൊപ്പം നടന്നെത്താൻ മലയാളത്തെ സംബന്ധിച്ച് 'ഭരണഭാഷാ പദവി' കൊണ്ട് മാത്രം സാധിക്കില്ല. കഥയും കവിതയും നോവലുമൊക്കെയാണ് ഒരു ഭാഷയെ പ്രാദേശികമായി വളർത്തുന്നത്. എത്ര മികച്ച ഭാഷയ്ക്കും ആ പ്രാദേശികതയെ ഭേദിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പലപ്പോഴും തർജമകൾ ആവശ്യമായി വരുന്നത് ( ഇംഗ്ലീഷ് ഒരു അപവാദമാണ്). എന്നാൽ ഈ പ്രാദേശികതയ്ക്കപ്പുറം വളരണമെങ്കിൽ ലോകം വളരുന്നതിനനുസരിച്ച് ഭാഷയും വളരണം. അല്ലെങ്കിൽ നിലവിലുള്ള ഭാഷയ്ക്കത് ഉൾക്കൊള്ളാൻ ശേഷിയുണ്ടാവണം. കഥകളിലും കവിതയിലും നോവലുകളിലും മാത്രം ജീവിക്കുന്ന ഒരു ഭാഷയ്ക്കത് അപ്രാപ്യമാണ്. പുതിയ ലോകം ശാസ്ത്രത്തിന്റെയും ഗവേഷണങ്ങളുടേതുമാണ്. ശാസ്ത്രപഠനവും ഗവേഷണങ്ങളും പ്രബന്ധങ്ങളും മലയാളത്തിൽ സംഭവിക്കുന്ന കാലത്ത് ഭാഷയ്ക്ക് ഒരൂർജ്ജം കൈവന്നേക്കും. മെഡിക്കൽ പുസ്തകങ്ങൾ പൂർണമായും മലയാളത്തിൽ വരുന്നതും കുട്ടികളത് പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്തായാലും ഇപ്പോഴെന്റെ സങ്കൽപ്പത്തിലില്ല. ക്രമേണ സംഭവിക്കാം. ലോകത്തു പലയിടത്തും സംഭവിച്ചിട്ടുണ്ട്.

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമാണ്. 1999 നവംബറിലാണ്‌ യുനെസ്കൊയുടെ പൊതുസഭ വിശ്വമാതൃഭാഷാദിന പ്രഖ്യാപനം നടത്തിയത്‌. 2000 മുതല്‍ ഫെബ്രുവരി 21 വിശ്വമാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു. 1952 ല്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലാദേശ്) വിദ്യാര്‍ത്ഥികള്‍ അവരുടെ മാതൃഭാഷയായ ബംഗളക്ക്‌ (ബംഗാളി ഭാഷ) അംഗീകാരം കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ശക്തമായ സമരം നടത്തുകയും അത്‌ പാക്കിസ്ഥാന്‍ രാഷ്ട്രീയം നിഷ്ഠുരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 21 ഡാക്കയില്‍ പോലീസ്‌ വെടിവെപ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. മാതൃഭാഷ സംരക്ഷിക്കാന്‍ വേണ്ടി രക്തസാക്ഷിത്വം വരിച്ച്‌ ആ വിദ്യാര്‍ത്ഥികളുടെ സ്മരണ കൂടി നിലനിര്‍ത്താനാണ്‌ യുഎന്‍ ഫെബ്രുവരി 21 തന്നെ വിശ്വമാതൃഭാഷാ ദിനമായി തെരഞ്ഞെടുക്കാന്‍ കാരണം.




(1. ചിത്രം - ഒരറ്റത്ത് ഭരണഭാഷാ ബോർഡും അപ്പുറത്ത് ഹിപ്പോക്രാറ്റസും; ലൈവ് ഫ്രം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ്.
2. ആദ്യം പറഞ്ഞ വാട്സാപ് മെസേജിന്റെ പൂർണരൂപം കമന്റ് ബോക്സിൽ.)

©മനോജ്‌ വെള്ളനാട്

ബയോപ്സി! / Biopsy!


'ബയോപ്സി' എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഇന്നത്തെ കാലത്തുണ്ടാവില്ല. കേൾക്കുന്നവന്റെയുള്ളിൽ ഭയത്തിന്റെ ചെറുവിത്തുകൾ കൂടി വിതറിയിടാറുണ്ട് ഈ വാക്ക്, പ്രത്യേകിച്ചും നമുക്കോ വേണ്ടപ്പെട്ടവർക്കോ ആണ് ആ പരിശോധന വേണ്ടതെങ്കിൽ. കാരണം, ഒരു സാധാരണക്കാരനെ സംബന്ധിച്ച് 'ബയോപ്സി' കാൻസറിന്റെ  രോഗനിർണ്ണയോപാധിയാണ്. ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ തനിക്കു കാൻസർ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. 'ബയോ' എന്നാൽ ജീവനുള്ളതെന്നും 'ഓപ്സി' എന്നാൽ കാണുകയെന്നുമാണർത്ഥം. ജീവനുള്ളവയുടെ സ്വഭാവസവിശേഷതകൾ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് പൊതുവേ ബയോപ്സി എന്ന് പറഞ്ഞാൽ തെറ്റില്ല. അറബ് ചികിത്സകനായിരുന്ന അബുൽകാസിസ് ആണ് രോഗനിർണയാവശ്യത്തിനായി ആദ്യമായി ബയോപ്സി പരിശോധന നടത്തിയതെന്നാണ് കരുതപ്പെടുന്നത്. അതും പതിനൊന്നാം നൂറ്റാണ്ടിൽ. എന്നാൽ മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇതിത്രയും വിപുലവും വിശ്വസനീയവുമായ രോഗനിർണയോപാധിയായി മാറിയത്. മെഡിക്കൽ ഡിക്ഷണറിയിലേക്ക് 'ബയോപ്സി' എന്ന വാക്ക് സംഭാവന ചെയ്തത് ഏണസ്റ്റ് ബസ്നിയർ എന്ന ഫ്രഞ്ച് ഡെർമറ്റോളജിസ്റ്റാണ്.



മനുഷ്യനെന്നാൽ നൂറായിരം കോടി കോശങ്ങളുടെ ഒരു കൂട്ടായ്മയാണെന്ന് നമുക്കറിയാം. ഓരോ അവയവങ്ങളിലും അതാതിന്റെ കടമകൾ അനുസരിച്ചുള്ള വിവിധ പ്രകൃതക്കാരായ, വ്യത്യസ്തമായ ഘടനയും സ്വഭാവസവിശേഷതകളുമുള്ള കോശങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒരു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ കോശങ്ങളുടെ ഈ സവിശേഷതകളെയും അവയിലുണ്ടാകുന്ന മാറ്റങ്ങളെയും കൃത്യമായി അപഗ്രഥിച്ചാണ് അവ രോഗബാധിതമാണോ, ആണെങ്കിൽ ഏത് രോഗമെന്നൊക്കെ മനസിലാക്കുന്നത്.

ബയോപ്സി: എന്ത്? എന്തിന്?

ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുമ്പോൾ, ആ ശരീരകലയുടെ ഒരു സാമ്പിൾ (Specimen) എടുത്ത് പരിശോധിക്കുകയാണ് പൊതുവേ ബയോപ്സിയിൽ ചെയ്യുന്നത്. ബയോപ്സി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം,

1.പ്രാഥമികമായ രോഗനിർണയത്തിന് (To make a new diagnosis)
              ഉദാഹരണത്തിന്, മാറിൽ പുതുതായി കണ്ടെത്തിയ ഒരു മുഴ കാൻസറാണോന്നറിയാൻ, അല്ലെങ്കിൽ കഴുത്തിലെ കഴലവീക്കം ക്ഷയരോഗത്തിന്റേതാണോന്നറിയാൻ ഒക്കെ ബയോപ്സി ചെയ്യണം. അതുപോലെ, ദീർഘനാളായി മലത്തിലൂടെ രക്തസ്രാവമുണ്ടാകുന്ന പ്രായമായ ഒരു രോഗിയ്ക്ക് അതിന്റെ കാരണം കണ്ടെത്താൻ. ആ രക്തസ്രാവത്തിനു കാരണം നിസാരമായ മൂലക്കുരു മുതൽ കാൻസർ വരെയാകാം. ഒരു കുഴൽ പരിശോധനയിലൂടെ (Colonoscopy) രക്തസ്രാവമുണ്ടാകുന്ന കുടലിന്റെ ഭാഗത്തു നിന്നും കുറച്ചുഭാഗം ബയോപ്സി പരിശോധനയ്ക്കെടുത്ത് രോഗനിർണയം നടത്താം.

2.സംശയത്തിലിരുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും ടെസ്റ്റിലൂടെ കണ്ടെത്തിയതോ ആയ ഒരു രോഗം അതു തന്നെയാണെന്നുറപ്പിക്കാൻ വേണ്ടി (To confirm a suspected or established clinical diagnosis)
             ചില രോഗങ്ങൾ സ്കാൻ വഴിയോ രക്തപരിശോധനയിലൂടെയോ ശരീരപരിശോധനയിലൂടെയോ ഒക്കെത്തന്നെ നിർണയിക്കാൻ സാധിക്കും. അപ്പോഴും 100 % അത് ആ രോഗമാണെന്നുറപ്പിക്കാൻ പലപ്പോഴും ബയോപ്സി ആവശ്യമായി വരാറുണ്ട്. ഉദാ: കുടലിലെ കാൻസർ, തൈറോയിഡ് മുഴകൾ. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ പലതും ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാമെങ്കിലും രോഗനിർണ്ണയം കൃത്യമാണെന്നുറപ്പിക്കാൻ ഒരു സ്കിൻ ബയോപ്സി ചെയ്യാം. ഉദാ: സോറിയാസിസ്. നെർവ് ബയോപ്സി, മസിൽ ബയോപ്സി ഒക്കെ രോഗമുറപ്പിക്കാൻ സാധാരണയായി ചെയ്യപ്പെടുന്ന ബയോപ്സികളാണ്.

3.ചികിത്സാ രീതികൾ തീരുമാനിക്കാൻ (To help Plan management)
                 രോഗമേതാണെന്ന് മാത്രമല്ല, രോഗത്തിന്റെ സ്വഭാവമെന്താണെന്നും കൂടി കൃത്യമായി മനസിലാക്കിയാൽ മാത്രമേ ഏറ്റവും അനുയോജ്യമായ ചികിത്സ നൽകാൻ സാധിക്കൂ. അതിനും പലപ്പോഴും ബയോപ്സി ഒഴിവാക്കാനാകാത്ത ഒരുപാധിയാണ്.
                 ‎
4.ചികിത്സയുടെ വിജയപരാജയ സാധ്യതകൾ പ്രവചിക്കാൻ (To assist with Prognosis)
              ബയോപ്സി പരിശോധനയിലൂടെ ഒരു രോഗത്തിന്റെ തീവ്രതയും സ്വഭാവവും മറ്റും മനസിലാക്കാൻ ഒരു പത്തോളജിസ്റ്റിന് സാധിക്കും. മരുന്നിനോടും മറ്റു ചികിത്സാവിധികളോടും ആ രോഗിയെങ്ങനെ പ്രതികരിക്കുമെന്നും, താരതമ്യേന നൽകാൻ പറ്റിയ മികച്ച ചികിത്സ എന്താണെന്നും ചികിത്സിക്കുന്ന ഡോക്ടർക്ക് മനസിലാക്കാനും അതൊക്കെ മുൻകൂട്ടി രോഗിയെയോ ബന്ധുജനങ്ങളെയോ അറിയിക്കാനും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാധിക്കും. പ്രത്യേകിച്ചും കാൻസർ ചികിത്സയിൽ ഇതൊരുപാട് ഗുണം ചെയ്യുന്നുണ്ട്.
              ‎
5.പ്രത്യക്ഷത്തിൽ സമാനസ്വഭാവമുള്ള, എന്നാൽ തികച്ചും വ്യത്യസ്തമായ മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാൻ (To exclude additional diagnosis)
              ഉദാഹരണത്തിന് കഴുത്തിലെ കഴലവീക്കം തന്നെയെടുക്കാം. അതൊരു വൈറൽ പനിയുടെ ഭാഗമാകാം, ക്ഷയരോഗത്തിന്റെ ലക്ഷണമാകാം, തൊണ്ടയിലെ അണുബാധയുടെ ഫലമാകാം, ലുക്കീമിയ പോലുള്ള കാൻസറിന്റെ ലക്ഷണമാകാം അല്ലെങ്കിൽ മറ്റേതെങ്കിലും അവയവത്തിനെ ബാധിച്ച കാൻസറിൽ നിന്നുള്ള പകർച്ചയാവാം. ഒരൊറ്റ ബയോപ്സി വഴി എന്താണ് കാരണമെന്ന് വളരെയെളുപ്പത്തിൽ കണ്ടെത്താം.



ബയോപ്സി: എങ്ങനെ?

ശരീരകലകളെ ശേഖരിച്ച് പരിശോധിക്കുകയാണല്ലോ ബയോപ്സിയിൽ ചെയ്യുന്നത്. രണ്ടുരീതിയിലാണ് സാധാരണയായി ബയോപ്സി വഴിയുള്ള രോഗപഠനം നടത്തുന്നത്. ഒന്ന്, സൈറ്റോപത്തോളജിക്കൽ അഥവാ കോശങ്ങളെ ഒന്നൊന്നായി അവയുടെ സ്വഭാവ-ഘടനാവ്യത്യാസങ്ങൾ പരിശോധിച്ച് രോഗനിർണയം നടത്തുന്ന രീതി. രണ്ട്, ഹിസ്റ്റോപത്തോളജിക്കൽ അഥവാ ഒരു കോശസമൂഹത്തെയാകെ പഠനവിധേയമാക്കുന്ന രീതി.

സൈറ്റോളജി/സൈറ്റോപത്തോളജി

സൈറ്റോളജി പരിശോധനയിൽ ഏത് ശരീരഭാഗമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് അടിസ്ഥാനമാക്കി വ്യത്യസ്ത രീതികളുണ്ട്. അതിൽ തന്നെ നമ്മൾ പലർക്കും ഏറെ പരിചിതമായ ഒന്നാണ്, FNAC അഥവാ Fine Needle Aspiration Cytology. ഒരു ചെറിയ സൂചികൊണ്ട് എന്തെങ്കിലും കട്ടിയോ തടിപ്പോ ഉള്ള ശരീരഭാഗത്തുനിന്നും കോശങ്ങൾ കുത്തിയെടുത്ത് പരിശോധിക്കുന്നതിനാണ് FNAC എന്ന് പറയുന്നത്. മാറിലോ, തൈറോയിഡ് ഗ്രന്ഥിയിലോ ഉണ്ടായ മുഴകൾ, കഴുത്തിലെയോ ഇടുപ്പിലെയോ കഴലവീക്കം, ഒക്കെ ഒരു നേർത്ത സൂചികൊണ്ട് കുത്തിയെടുത്ത് ഒരു ഗ്ലാസ് സ്ലൈഡിൽ തേച്ചുപിടിപ്പിച്ച് പരിശോധിക്കാൻ കൊണ്ടുപോകുന്നത് പലർക്കും അനുഭവമുണ്ടാവും. അതുപോലെ ഗർഭാശയഗള കാൻസറിന്റെ സാധ്യത (Cancer cervix)  പരിശോധിക്കുന്ന 'പാപ് സ്മിയർ' (Pap smear) ടെസ്റ്റും ഒരു സൈറ്റോളജിക്കൽ ബയോപ്സിയാണ്. ഐസ് ക്രീം കഴിക്കുന്ന തടിക്കരണ്ടി പോലുള്ള ചെറിയൊരുപകരണം കൊണ്ട് ഗർഭാശയഗളത്തിൽ നിന്നും കോശങ്ങൾ ചുരണ്ടിയെടുത്ത്, ഒരു ഗ്ലാസ് സ്ലൈസിലാക്കി ചില പ്രത്യേകതരം കളറുകൾ പുരട്ടി (പാപ്പിനിക്കോളോൺ സ്റ്റെയിൻ- അതിന്റെ ചുരുക്കപ്പേരാണ് പാപ്സ്മിയർ) മൈക്രോസ്കോപ്പിലൂടെ നോക്കിയാണിത് ചെയ്യുന്നത്. ഇങ്ങനെ നോക്കുമ്പോൾ ആ കോശങ്ങളുടെ ന്യൂക്ലിയസ്, സൈറ്റോപ്ലാസം, മറ്റു ഭാഗങ്ങൾ ഒക്കെ വ്യക്തമായി കാണാൻ സാധിക്കുകയും അതുവഴി രോഗസാധ്യത മനസിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.

പരിശോധന നടത്താനുള്ള എളുപ്പം, കുറഞ്ഞ സമയത്തിനുള്ളിൽ (1-2 ദിവസങ്ങൾ) തന്നെ പരിശോധനാഫലം ലഭിക്കുമെന്നത്, കുറഞ്ഞ ചെലവ് ഒക്കെ ഈ സൈറ്റോളജി പരിശോധനയുടെ മേന്മയാണ്. അതിനാൽ പലപ്പോഴും രോഗനിർണയത്തിലേക്കുള്ള ആദ്യപടിയായി സൈറ്റോളജി പരിശോധനയെയാണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്. എന്നാൽ ചികിത്സാവിധികൾ നിർണയിക്കാൻ സഹായിക്കുന്നതിൽ ഈ പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിന് ഹിസ്റ്റോപത്തോളജിക്കൽ പരിശോധന തന്നെ വേണ്ടിവരാറുണ്ട്.

ഹിസ്റ്റോപത്തോളജി

            ശസ്ത്രക്രിയ ചെയ്തോ, വലിയ സൂചികൊണ്ട് കുത്തിയോ ഒക്കെ ശരീരഭാഗങ്ങളിൽ നിന്ന് കലകൾ പരിശോധനയ്‌ക്കെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുതന്നെ പലവിധമുണ്ട്. കുടലിനെ ബാധിക്കുന്ന ഒരു മുഴയാണെങ്കിൽ, ശസ്ത്രക്രിയവഴി കുടലിന്റെ ആ ഭാഗം മുഴയുടെ രണ്ടുവശത്തുനിന്നും മുറിച്ചെടുത്ത് പരിശോധിക്കുന്നതിനെ റിസക്ഷൻ ബയോപ്സിയെന്ന് പറയും. നാക്കിലെ (മറ്റേത് ശരീരഭാഗവുമാകാം) ഉണങ്ങാത്ത മുറിവിന്റെ ഒരറ്റത്തെ ചെറിയൊരു ഭാഗം മാത്രം മുറിച്ചെടുക്കുന്നതിന് വെഡ്ജ് ബയോപ്സിയെന്ന് പറയും. ഒരു മുഴയെ അങ്ങനെതന്നെ ശസ്ത്രക്രിയ ചെയ്തെടുക്കുന്നതിന് എക്സിഷൻ ബയോപ്സിയെന്നും അതിന്റെ ഒരു കഷണം മാത്രം മുറിച്ചെടുക്കുന്നതിന് ഇൻസിഷൻ ബയോപ്സിയെന്നും പറയും. വലിയൊരു സൂചി മുഴകൾക്കുള്ളിലേക്ക് കടത്തി ചെറുചെറു കഷ്ണങ്ങൾ ശേഖരിക്കുന്നതിന് കോർ ബയോപ്സിയെന്നാണ് പറയുന്നത്.

സാധാരണഗതിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്തയിടങ്ങളിലുള്ള മുഴകളിൽ, അല്ലെങ്കിൽ രോഗം ബാധിച്ചിട്ടുള്ള ഭാഗം വളരെ ചെറുതാണെങ്കിൽ ഒക്കെ ചില സ്കാനുകളുടെ സഹായത്തോടെ ബയോപ്സി പരിശോധന നടത്താറുണ്ട്. ഉദാഹരണത്തിന്, വിരലുകൊണ്ട് തൊട്ട് മനസിലാക്കാൻ കഴിയാത്തത്ര ചെറിയ തൈറോയിഡ് മുഴകളിൽ അൾട്രാസൗണ്ട് സ്കാനിന്റെ സഹായത്തോടെ FNAC എടുക്കാറുണ്ട്. ഇതിനെ Ultrasound guided FNAC എന്ന് പറയും. അതുപോലെ ശ്വാസകോശത്തെയോ തലച്ചോറിനെയൊ ബാധിക്കുന്ന മുഴകളിൽ നിന്നും CT സ്കാനിന്റെ സഹായത്തോടെ  ചെയ്യുന്ന ബയോപ്സിയെ CT guided biopsy എന്നും പറയും.

ഇങ്ങനെയൊക്കെ ശേഖരിക്കുന്ന ശരീരകലകളുടെ സാമ്പിളുകളെ ഫോർമാലിൻ (10% ഫോർമാൽഡിഹൈഡ്) നിറച്ച ഒരു ബോട്ടിലിലാക്കി, അതിൽ രോഗിയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തി പത്തോളജി ലാബിലയക്കുകയാണ് ചെയ്യുന്നത്.

അവിടെ വിദഗ്ദരായ പത്തോളജിസ്റ്റുകളുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ഈ സ്പെസിമൻ കടന്നുപോകേണ്ടതുണ്ട്. ആദ്യം ഫോർമാലിനിൽ നിന്ന് ശരീരകലകളെ പുറത്തെടുത്ത് ചെറിയ ചെറിയ കഷണങ്ങളായി മുറിക്കും. ശേഷം ഓരോന്നിനെയും ചെറിയ പ്ലാസ്റ്റിക് കാസറ്റുകളിലേക്ക് മാറ്റും. എന്നിട്ട് പാരഫിൻ വാക്സിൽ പൊതിയും. ഇപ്പോളതൊരു ടിഷ്യു ബ്ലോക്കായി. ഈ ബ്ലോക്കിനെ മൈക്രോട്ടോം (Microtom) എന്ന ഉപകരണമുപയോഗിച്ച് അഞ്ച് മൈക്രോൺ ( 1 മൈക്രോൺ = 1 മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന്) മാത്രം കട്ടിയുള്ള ഷീറ്റുകളായി മുറിക്കും. ശേഷം ഓരോ ഷീറ്റിനെയും ഒരു ഗ്ലാസ് സ്ലൈഡിലെടുത്ത്, ഇയോസിൻ, ഹെമറ്റോക്‌സൈലിൻ (Eosin & Hematoxylin) തുടങ്ങിയ വർണദ്രാവകങ്ങൾ കൊണ്ട് നനയ്ക്കും. തുടർന്ന് ഒരു മൈക്രോസ്കോപ്പിലൂടെ നോക്കി വിശദമായ വിശകലനങ്ങൾ നടത്തി രോഗനിർണയം നടത്തും.

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഈ പരിശോധനാഫലത്തിന് വേണ്ടിവരുമെങ്കിലും ഏറ്റവും വിശ്വസനീയമായ രോഗനിർണയരീതി ഇതു തന്നെയാണ്. കാൻസർ പോലുള്ള രോഗങ്ങളിൽ ഇത് പരമപ്രധാനമാണ്.

രോഗനിർണയം മാത്രമല്ല ഹിസ്റ്റോപത്തോളജി പരിശോധന ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ. കാൻസറാണെങ്കിൽ ഏത് തരത്തിലുള്ള കാൻസറാണ് (കാർസിനോമ, സാർക്കോമ, മെലനോമ, ലിംഫോമ etc), അതിന്റെ ഗ്രേഡ് എന്താണ് (low grade/high grade or ഗ്രേഡ് 1,2,3,4), കോശങ്ങളുടെ അവകലനം (differentiation- well, moderate or poorly differentiated) , രക്തക്കുഴലുകളെയൊ നാഡികളെയോ ബാധിച്ചിട്ടുണ്ടോയെന്നത് (Vascular or perineural invasion), ശസ്ത്രക്രിയ ചെയ്തത് പൂർണമാണോ (Negative resection margins) എന്നൊക്കെ അറിയാൻ ഈയൊരു പരിശോധനയിലൂടെ സാധിക്കും. ഇവയെല്ലാം തന്നെ രോഗത്തിന്റെ തുടർചികിത്സയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ബയോപ്സി എന്നാൽ കാൻസറിന്റെ മാത്രം രോഗനിർണയ രീതിയല്ലെന്ന് ഇപ്പോൾ മനസിലായില്ലേ. മാത്രമല്ല ഒരുപാടധ്വാനവും കഴിവും സാങ്കേതിക സഹായങ്ങളും ആവശ്യമായ ഒരു മേഖലയും കൂടിയാണത്. മുഖക്കുരു മുതൽ മൂലക്കുരു വരെയും കഷണ്ടി മുതൽ ആണി രോഗം വരെയും ക്ഷയം മുതൽ വാതം വരെയും ഏത് രോഗത്തിന്റെയും കാരണം ഒരു ബയോപ്സി പരിശോധനയിലൂടെ മനസിലാക്കാവുന്നതാണ്. മാത്രമല്ല, വിശേഷപ്പെട്ട ചില സ്റ്റെയിനുകളുടെയും (special stains) ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയുടെയും (Immunohistochemistry) വരവോടെ ബയോപ്സിയിലൂടെയുള്ള രോഗനിർണയത്തിനുള്ള കൃത്യതയും വേഗതയും പതിന്മടങ്ങ് ഉയർന്നിട്ടുമുണ്ട്.

(2018 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയിൽ വന്ന ലേഖനം)


ALS എന്ന അപൂർവ്വരോഗവും ഹോക്കിങ്ങ് എന്ന അത്ഭുതവും

ഓരോ തലമുറയിലും ശാസ്ത്രത്തിന് ഓരോ പതാക വാഹകരുണ്ട്. ഐസക് ന്യൂട്ടൺ , ആൽബർട്ട് ഐൻസ്റ്റൈൻ , റിച്ചാർഡ് ഫെയ്ന്മാൻ എന്നിവരൊക്കെ മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റി വിടുന്ന രീതിയിൽ മൗലികമായ കണ്ടുപിടിത്തങ്ങൾ നടത്തിയവരും അതുവഴി മുഴുവൻ ലോകത്തിന്റെയും ആരാധനാപാത്രമായവരുമാണ് . മനുഷ്യരാശിയുടെ പുരോഗതിക്കുള്ള  ഒരേയൊരു പ്രത്യാശ ശാസ്ത്രമാണ് എന്നതിനാൽ ഒരു പക്ഷേ സമൂഹത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായ സ്ഥാനമാണ് ഇത്തരത്തിലുള്ളവർ വഹിക്കുന്നത് . നമ്മുടെ തലമുറയിൽ ശാസ്ത്രത്തിന് അത്തരത്തിലൊരു പതാകവാഹകൻ ഉണ്ടായിരുന്നു . ശ്രീ സ്റ്റീഫൻ ഹോക്കിങ് .  പ്രപഞ്ചവിജ്ഞാനീയത്തിൽ മൗലികമായ സംഭാവനകൾ നൽകുന്നതിൽ മാത്രമല്ല അത് പൊതുജനങ്ങൾക്ക് പോലും മനസ്സിലാവുന്ന ഭാഷയിൽ വിശദീകരിച്ചു കൊടുക്കാനും അദ്ദേഹം തന്റെ കഴിവുകൾ വിനിയോഗിച്ചു . അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന മാരകമായ അസുഖം ബാധിച്ച അദ്ദേഹം ഇത്രയും കാലം തന്റെ രോഗത്തോട് പടവെട്ടി ജീവിച്ചിരുന്നത് വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ് . എന്നാൽ അദ്ദേഹത്തെപ്പോലെ പലരും നൽകിയ സംഭാവനകളാൽ പുഷ്ടിപ്പെട്ട ശാസ്ത്രത്തിന്റെ മാസ്മരിക കഴിവുകളാണ്  അദ്ദേഹത്തിന്റെ ജീവൻ നീട്ടിക്കൊടുത്തത് എന്ന് കരുതുന്നതിൽ തെറ്റില്ല.



1963-ൽ തന്റെ ഇരുപത്തൊന്നാം വയസിൽ വൈദ്യശാസ്ത്രം പരമാവധി രണ്ടുവർഷം കൂടി മാത്രം ആയുസുവിധിച്ച ഹോക്കിംഗ് തന്റെ ഇച്ഛാശക്തിയും സ്വന്തം ജീവിതസപര്യയും മതവുമായി അദ്ദേഹം കരുതിയ ശാസ്ത്രത്തിന്റെ പിന്തുണയും കൊണ്ട് പിന്നെയും ജീവിച്ചത്, 55 വർഷങ്ങൾ! അതും വെറുതെ ജീവിക്കുകയായിരുന്നില്ല, സ്വന്തം തലച്ചോറിനെ കാലത്തിനും ബാഹ്യപ്രപഞ്ചത്തിനും ചുറ്റും അലയാനും അറിയാനും പറത്തിവിട്ട് ഒരു വീൽച്ചെയറിൽ ലോകത്തെ ശാസ്ത്രകുതുകികളെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിച്ചു. ഐൻസ്റ്റീനു ശേഷം വന്ന അപാരപ്രതിഭാശാലിയായ ഭൗതികശാസ്ത്രജ്ഞനെന്ന പേരിൽ മാത്രമല്ലാ, തന്റെ യുദ്ധവിരുദ്ധ നിലപാടുകളിലൂടെ മാനവികതയ്ക്കും മൂല്യം കൽപ്പിച്ചിരുന്ന ശാസ്ത്രജ്ഞനെന്ന പേരിൽ ആ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലി.

ഒപ്പം അദ്ദേഹത്തിന്റെ 21 ആം വയസുമുതൽ ജീവിതകാലത്തുടനീളം ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്ന, അപൂർവ്വമായ ആ രോഗത്തെ പറ്റി ചെറുതായെങ്കിലും അറിഞ്ഞു വയ്ക്കാൻ ഈ സമയം ഉപയോഗിക്കാം.

മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ നാഡീ വ്യവസ്ഥയാണ് . ചുറ്റുപാടും നിന്നുള്ള വിവരങ്ങൾ വൈദ്യുത തരംഗങ്ങളായി തലച്ചോർ എന്ന അത്ഭുതകരമായ കമ്പ്യൂട്ടറിലേക്ക് പായുന്നു . അവിടെ നിന്ന് തരംഗങ്ങൾ വിശകലനം ചെയ്യപ്പെടുകയും അവയ്ക്ക് അർത്ഥം കൽപ്പിക്കുകയും ചെയ്യുന്നു . പിന്നീടാണ് ഇവയോടുള്ള പ്രതികരണം . ശരീരത്തിലെ പേശീതന്തുക്കളിൽ ഏതൊക്കെ അനങ്ങണം അവ എത്രയൊക്കെ അനങ്ങണം എന്നെല്ലാമുള്ള സന്ദേശങ്ങൾ തിരിച്ചു നാഡികളിലൂടെ പേശികളിലേക്ക് പായുന്നു ‌. സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ചെയ്യുന്നത് മുതൽ ഏറ്റവും അടിസ്ഥാനമായ ശ്വാസോച്ഛ്വാസം വരെയുള്ള  എല്ലാ പേശീ പ്രവർത്തനങ്ങളിലും ഇത്തരത്തിൽ  വൈദ്യുത ആവേഗങ്ങൾ കടന്നുപോകുന്ന ചാലുകൾ അത്യാവശ്യമാണ്. ഈ ചാലുകളുടെ സാവധാനം ഉള്ളതും തിരിച്ചുപിടിക്കാൻ ആകാത്തതും ആയ നാശമാണ് അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (Amyotrophic Lateral Sclerosis, ALS). മോട്ടോർ ന്യൂറോൺ ഡിസീസസ് (MNDs) എന്നു പറയുന്ന ഒരു കൂട്ടം രോഗങ്ങളിൽ ഒന്നാണീ ALS.  ഇന്നേവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗം. രോഗം തിരിച്ചറിഞ്ഞാലും അതിന്റെ പുരോഗതി തടയാനുള്ള മരുന്നുകൾ പോലും നമുക്ക് ഇന്ന് ലഭ്യമല്ല. പൂർണ്ണമായി ബോധവും ധിഷണാശേഷിയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനവും അടക്കം എല്ലാമുള്ള ഒരു മനുഷ്യൻ കൂട്ടിലടച്ച കിളിയെപ്പോലെ ഒരു പേശിയുമനക്കാനാവാതെ കുരുങ്ങിപ്പോകുന്നു . അതിൽ നിന്ന് ഒരേയൊരു മോചനം മരണമാണുതാനും ‌. മസിലുകളുടെ കടുപ്പവും അനുസരണക്കുറവുമായാണ് അസുഖം തുടങ്ങുന്നതെങ്കിലും സാവധാനം ഓട്ടവും നടത്തവും ഭക്ഷണം കഴിക്കലും എന്തിന് ശ്വാസോച്ഛ്വാസം പോലും സാധ്യമാകാതെ വരും. ഉപയോഗിക്കപ്പെടാത്ത പേശികൾ കൊലുന്നനെ മുരടിച്ച് നശിച്ചുപോകും. A-myo-trophic എന്നു പറഞ്ഞാൽ മസിലുകൾ ചുരുങ്ങിപ്പോകുക എന്നാണർത്ഥം.  രോഗബാധിതരിൽ മിക്കവരും അഞ്ചുവർഷം തികയ്ക്കാറില്ല .

ഏതു പ്രായത്തിലും ലിംഗത്തിലും പെട്ടവരെയും രോഗം ബാധിക്കാമെങ്കിലും കൂടുതലായി കണ്ടുവരുന്നത് മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാരിലാണ്. ALS ൽ ഈ നാഡീകോശനാശം എന്തുകൊണ്ടുണ്ടാകുന്നുവെന്നത് ഇന്നും അജ്ഞാതമാണ്. 10-12 ശതമാനം രോഗികളിൽ പാരമ്പര്യമായിട്ടാണ് ഈ രോഗം വന്നിട്ടുള്ളത്. എന്നാൽ 90% ആൾക്കാരിലും കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ലാ. പാരമ്പര്യം, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, ജനിതകപരമായ വൈകല്യങ്ങളൊക്കെ കാരണമാകാമെന്നാണ് നിഗമനം. ജനിതകപ്രശ്നത്തിൽ പ്രധാനമായും പറയുന്നത് 21 ആം ക്രോമസോമിലെ സൂപ്പർ ഓക്സൈഡ് ഡിസ്മ്യൂട്ടേസ് എന്ന എൻസൈമിനെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രശ്നമാണ്. സ്റ്റീഫൻ ഹോക്കിങ്ങിന്റെ കാര്യത്തിലും രോഗകാരണം അജ്ഞാതമായി തന്നെ തുടരുന്നു.

മോട്ടോർ നാഡീകോശങ്ങൾ പതിയെപ്പതിയെ നശിക്കുന്ന ALS ന്റെ തുടക്കത്തിൽ കൈകാലുകൾക്ക് ചെറിയ തളർച്ചയും പേശികളിലെ തുടിപ്പു (Fasciculations) മായിരിക്കും രോഗലക്ഷണങ്ങൾ. ഈ വക ചെറിയ പ്രശ്നങ്ങൾ കാലക്രമേണ കൂടിക്കൂടി വരികയും കാലുകൾ അതിബലത്താൽ മടക്കാനോ നിവർത്താനോ കഴിയാത്ത അവസ്ഥയാവും. കൈകൾ തളർന്നു തീരെ ബലമില്ലാതാകും. നെഞ്ചിലെ പേശികളും ഡയഫ്രവും തളരുമ്പോൾ രോഗിയ്ക്ക് സ്വന്തമായി ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതി വരും. കഴുത്തിലെയും തൊണ്ടയിലെയും വായയ്ക്കുള്ളിലെയും പേശികൾ തളരുമ്പോൾ ഭക്ഷണമിറക്കാനോ ശബ്ദമുണ്ടാക്കാനോ ശ്വസിക്കാനോ കഴിയാതെ വരും. ഒരാളുടെ സഹായത്തോടെ പോലും ഒന്ന് നിൽക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയാവും.

കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന പേശികളും ആമാശയം, കുടൽ, മൂത്രസഞ്ചി, ഹൃദയം എന്നിവയിലെ മസിലുകളെയും ALS സാധാരണഗതിയിൽ ബാധിക്കാറില്ല. അതിനാൽ ഭക്ഷണം ട്യൂബുവഴി നൽകിയാൽ ദഹനവും വിസർജനവുമൊക്കെ സാധാരണ പോലെ നടക്കും. മാത്രമല്ല സ്പർശം, കേൾവി, കാഴ്ച, രുചി, ഗന്ധം, വേദന, ലൈംഗികചോദനകൾ, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം സാധാരണ എല്ലാവരെയും പോലെ അറിയാനും ആസ്വദിക്കാനും സാധിക്കും.

സാധാരണഗതിയിൽ കൈകാലുകളെയാണ് ALS ബാധിച്ചു തുടങ്ങുന്നതെങ്കിലും, അത് ഏത് ഭാഗത്തെ പേശികളിലും തുടങ്ങാവുന്നതാണ്. നെഞ്ചിലെ പേശികളെ ആദ്യമേ ബാധിച്ചാൽ വളരെ നേരത്തെ ശ്വസനസഹായികളെയൊക്കെ (ventillators) ആശ്രയിക്കേണ്ടി വന്നേക്കും. മാത്രമല്ല, ഒരു ഭാഗത്തെ ബാധിച്ചു തുടങ്ങിയ രോഗം എത്രവേഗത്തിൽ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുമെന്നത് വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കും. മറ്റു പേശികളെ ബാധിച്ചുതുടങ്ങുമ്പോൾ ആദ്യം ബാധിച്ച ഭാഗങ്ങളിൽ രോഗം കൂടുതൽ രൂക്ഷമാകുകയും ചെയ്യും.

ഈ രോഗത്തിന് ചികിത്സയില്ലായെന്നതാണ് ഇതിലെ ഏറ്റവും ദാരുണമായ കാര്യം. നാഡീനാശത്തിന്റെ തോത് കുറയ്ക്കുന്ന ചില മരുന്നുകൾ ഉണ്ടെങ്കിലും പൂർണമായും രോഗവ്യാപം തടയാനുള്ള കഴിവതിനില്ല. കാലാകാലങ്ങളിൽ ആവശ്യമായ പരിചരണങ്ങൾ, ഉദാഹരണത്തിന് ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിൽ വെന്റിലേറ്റർ സഹായം, മുക്കിലൂടെയോ വയറുതുളച്ചോ കുഴലുകടത്തി ഭക്ഷണം നൽകുക, ശ്വാസനാളത്തിന് തളർച്ച വന്നാൽ ട്രക്കിയോസ്റ്റമി (Tracheostomy) ഒക്കെ നൽകുക മാത്രമാണ് പോംവഴി. സാധാരണഗതിയിൽ രോഗനിർണയം കഴിഞ്ഞാൽ രണ്ടുമൂന്നു വർഷത്തിനുള്ളിൽ രോഗി മരിക്കുന്നതാണ് ഈ രോഗത്തിന്റെ വിധി. മരണകാരണം പലപ്പോഴും ശ്വാസകോശസംബന്ധിയായ രോഗങ്ങളാവും.

ALS എന്ന രോഗത്തിന്റെ ചരിത്രത്തിലെ തന്നെ അത്ഭുതങ്ങളിലൊന്നാണ് സ്റ്റീഫൻ ഹോക്കിംഗ്. പലപ്പോഴും മരണവക്ത്രത്തിൽ നിന്നും അദ്ദേഹം തിരിച്ചു വന്നിട്ടുള്ളതാണ്. എന്നിട്ടിപ്പോൾ ഏതൊരു സാധാരണ മനുഷ്യനെയും പോലെ തന്റെ വാർദ്ധക്യത്തിൽ, ചെയ്യേണ്ടതൊക്കെ ചെയ്തശേഷം മരിച്ചുപോയിരിക്കുന്നു.

പക്ഷെ ഏതൊരാളെയും ബാധിക്കുന്ന പോലെ തന്നെയായിരുന്നു ഹോക്കിങ്ങിനെയും ALS പിടികൂടിയത്. കൈകാലുകളിൽ തുടങ്ങി മറ്റെല്ലാ ഐച്ഛിക പേശികളിലേക്കും ക്രമേണ രോഗം പടർന്നു. രോഗത്തിന് കീഴടക്കാൻ സാധിക്കാതിരുന്ന രണ്ടുകാര്യങ്ങൾ ആ മനസും ജീവനുമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, ''അത് രണ്ടും സ്റ്റീഫൻ ഹോക്കിങ്ങിന്റേതായിരുന്നു'' എന്ന്. രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെ തുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു. തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായപ്പോൾ ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. Speech Synthesizer എന്നാണതിനു പറയുന്നത്. വീൽചെയറിൽ ഘടിപ്പിച്ച കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിച്ചത്.

ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഹോക്കിങ്ങിനെ ആവശ്യമായിരുന്നു. ഹോക്കിങ്ങിന്റെ ജീവൻ നിലനിർത്തേണ്ടത് ശാസ്ത്രത്തിന്റെ ബാധ്യതയും. ശാസ്ത്രവും മനുഷ്യനും ഒരുപോലെ പോരാടി വിജയിച്ച അപൂർവ്വം ചരിത്രങ്ങളിലൊന്നാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റേത്.

©മനോജ്‌ വെള്ളനാട്

ക്ഷീണത്തിന്റെ പര്യായങ്ങൾ!


പ്രണയം പോലെയാണ് ക്ഷീണവും. കൃത്യമായ ഒരു നിർവചനത്തിനകത്ത് ഒതുങ്ങില്ലത്. എന്നാലെല്ലാവർക്കും ഏതെങ്കിലും വിധത്തിൽ അതനുഭവിക്കാൻ പറ്റുകയും ചെയ്യും. നമുക്ക് ശാരീരികമോ മാനസികമോ ആയ പ്രസരിപ്പിന് മങ്ങലേൽക്കുകയും അസ്വസ്ഥയുളവാക്കുകയും ചെയ്യുന്ന ഏതൊരവസ്ഥയെയും തല്‍ക്കാലം ക്ഷീണമെന്ന് വിളിക്കാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം എത്താറുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെത്തന്നെ കുറച്ചുനേരത്തെ വിശ്രമം കൊണ്ട് ഊര്‍ജ്ജ്വസ്വലത വീണ്ടെടുക്കാൻ നമുക്ക് സാധിക്കും.

എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വരുന്നതോ ആവശ്യത്തിന് വിശ്രമത്തിനോ ഭക്ഷണത്തിനോ ശേഷവുമൊക്കെ തുടരുന്ന ക്ഷീണമാണെങ്കിൽ ശ്രദ്ധിക്കണം. അതിനു പിന്നിൽ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു കാരണം കാണും. അത് ശാരീരികമോ മാനസികമോ ആവാം. അത് കണ്ടെത്തണം. ചികിത്സ വേണ്ടതെങ്കിൽ ചികിത്സിക്കണം. വിട്ടുമാറാത്ത ക്ഷീണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങളാണ് ഈ കുറിപ്പിലുള്ളത്.

1.വിളർച്ച
               കൗമാരക്കാരായ പെൺകുട്ടികൾ, പ്രായമായവർ ഒക്കെ ഒക്കെ പലപ്പോഴും പരിക്ഷീണരായി കാണാറുണ്ട്. അതിന്റെ ഏറ്റവും പ്രധാനകാരണങ്ങളിലൊന്നാണ് വിളർച്ച അഥവാ അനീമിയ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍കൊണ്ടും വിളര്‍ച്ച ഉണ്ടാകാം. രക്തസ്രാവം, ആവശ്യത്തിന് ചുവന്നരക്താണുക്കള്‍ ഉണ്ടാകാതെ വരിക, രക്താണുക്കളുടെ അസ്വാഭാവിക നാശം തുടങ്ങിയവയാണ് വിളര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങള്‍. അര്‍ശസ്, അള്‍സര്‍, അമിതാര്‍ത്തവം ഇവ മൂലമുള്ള രക്തനഷ്ടം വിളര്‍ച്ചയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ച സാധാരണയായി ഉണ്ടാകുന്നത്. ചെറിയ കുട്ടികളിലും  കൗമാരക്കാരിലും ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. സ്ത്രീകളിൽ ആർത്തവം, ഗർഭകാലം, മുലയൂട്ടൽ എന്നീ ഘട്ടങ്ങളിലും ഇരുമ്പ് അധികമായി ആവശ്യം വരും. ദഹനേന്ദ്രിയവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം, കൊക്കപ്പുഴുബാധ ഇവയും വിളര്‍ച്ചയുണ്ടാക്കും. അതുകൊണ്ട് മലം കറുത്തനിറത്തിൽ പോകുന്നവർ, പ്രത്യേകിച്ചും പ്രായമായവർ ഡോക്ടറെ കണ്ട് പരിശോധനകൾ നിർബന്ധമായും നടത്തണം.
             
ശരീരത്തിലെ ഓരോ കോശങ്ങളിലേയ്ക്കും ഓക്സിജൻ എത്തിക്കുകയും അവിടുന്ന് കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത് ഹീമോഗ്ലോബിനാണ്. ഈ പ്രക്രിയയുടെ താളം തെറ്റുന്നതാണ് വിളർച്ചയുള്ളവരിൽ ക്ഷീണത്തിന് കാരണം. ഹൃദയത്തിന്റെ പ്രവർത്തനത്തെയും വിളർച്ച ബാധിക്കാറുണ്ട്. സ്ഥിരമായി ക്ഷീണം തോന്നുന്നവർക്ക് ഡോക്ടറെ കണ്ട്, ഒരു സാധാരണ രക്തപരിശോധന വഴി ഇത് കണ്ടെത്താം. 100 ml രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 11-ൽ താഴുമ്പോഴാണ് വിളർച്ചയെന്ന് വിളിക്കുന്നത്. ഇരുമ്പ് കൂടുതലടങ്ങിയ ഇലക്കറികൾ, കടലകൾ, മാംസം ഒക്കെ കഴിക്കുന്നത് വിളർച്ച തടയും. ഗർഭകാലത്ത് അയൺ ഗുളികകളും കഴിക്കേണ്ടി വരും.

2. നിർജ്ജലീകരണം
                ശരീരത്തില്‍ നിന്നും വിയർപ്പിലൂടെയും  നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. കൂടാതെ ഓരോ ശരീരകോശങ്ങളുടെയും ഉപാപചയത്തിനും ധാരാളം ജലം ആവശ്യമാണ്. ചൂടുകാലത്തും, ആവശ്യത്തിന് വെള്ളം കുടിക്കാത്ത സമയങ്ങളിലും ഉണ്ടാകുന്ന ക്ഷീണത്തിന്റെ പ്രധാനകാരണം നിര്‍ജ്ജലീകരണമാണ്. നിർജലീകരണത്തിന്റെ ആദ്യ ലക്ഷണം തന്നെ ക്ഷീണവും തളർച്ചയുമാണ്. പിന്നെയും വെള്ളം കുടിച്ചില്ലെങ്കിൽ മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര-മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം.


           
3.പ്രമേഹം
          വിട്ടുമാറാത്ത ക്ഷീണമാണ് ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം. ക്ഷീണവും തളര്‍ച്ചയും ഭാരക്കുറവുമെല്ലാം പ്രമേഹം കാരണമുണ്ടാവുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടും വരാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിക്കപ്പുറം കൂടുന്നതും കുറയുന്നതും  പ്രമേഹരോഗിക്ക് ക്ഷീണമുണ്ടാകും. പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങുമ്പോൾ ക്ഷീണമനുഭവപ്പെടാനുള്ള സാധ്യതയും കൂടും. കൂടാതെ പ്രമേഹരോഗം ബാധിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ക്ഷീണത്തിനിടയാക്കാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി മരുന്നുകഴിക്കുകയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകൾ നടത്തുകയും പ്രമേഹരോഗികളിൽ അനിവാര്യമാണ്.

4.ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
                ഹൃദയസംബന്ധിയായ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി എത്താറുണ്ട്. ഹൃദയത്തിനുള്ളിലെ വൈദ്യുത പ്രവാഹത്തിലുണ്ടാകുന്ന തടസങ്ങൾ (ഹാർട്ട് ബ്ലോക്ക്), വാൽവ് തകരാറുകൾ, പേശീ ബലക്കുറവുകൾ (കാർഡിയോമയോപ്പതി) ഒക്കെയാണ് പ്രധാന കാരണങ്ങൾ. മിക്കവരിലും നടക്കുമ്പോഴുള്ള കിതപ്പ്, ശ്വാസംമുട്ടൽ ഒക്കെയുമുണ്ടാകാറുണ്ട്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശിയുടെ സങ്കോചവികാസ ശേഷി കുറയും. ഇതുമൂലം ഹൃദയത്തിന്റെ അറകളില്‍നിന്ന് പുറത്തേക്കു പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്ന രക്തപ്രവാഹവും ഓക്സിജനും കുറയുന്നത് ക്ഷീണമുണ്ടാക്കും. രക്തസമ്മർദ്ദം അമിതമാകുന്നതും കുറഞ്ഞുപോകുന്നതും നമ്മളെ ക്ഷീണിതരാക്കാറുണ്ട്. ക്ഷീണത്തോടൊപ്പം തലകറക്കമോ നെഞ്ചിടിപ്പോ കിതപ്പോ ഒക്കെ ഉള്ളവർ ഡോക്ടറെ കണ്ട് ECG, Echo പോലുള്ള ടെസ്റ്റുകൾ ചെയ്യണ്ടതാവശ്യമാണ്.

5.തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍   
           തൈറോയിഡിന്റെ പ്രവർത്തനത്തിലെ അപാകതകൾ- പ്രവര്‍ത്തനമാന്ദ്യവും അമിത പ്രവര്‍ത്തനവും- ഒരുപോലെ ക്ഷീണത്തിനിടയാക്കും. ഹൈപ്പോ തൈറോയിഡിസം (മാന്ദ്യം) ബാധിച്ചവരില്‍ ക്ഷീണം, തളര്‍ച്ച, കിതപ്പ് ഇവ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകാറുണ്ട്. ശരീരഭാരം പെട്ടന്ന് കൂടുക, തണുപ്പ് അസഹ്യമാകുകയൊക്കെയാണ് മറ്റു ലക്ഷണങ്ങൾ. തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനത്തിലും ക്ഷീണവും നെഞ്ചിടിപ്പും ഉണ്ടാകും. ചിലർക്ക് ഉറക്കമില്ലായ്മയും ഭാരക്കുറയലുമൊക്കെ ഉണ്ടാകാറുണ്ട്. Thyroid function test (TFT) എന്ന രക്തപരിശോധനയിലൂടെ ഈ അവസ്ഥകൾ പെട്ടന്ന് തിരിച്ചറിയാം. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും ക്ഷീണത്തിന്റെ കാരണങ്ങളിലൊന്നാണ്.



6.ഉറക്കക്കുറവ് 
             ഉണര്‍വുള്ള പകലിന് ശരിയായ ഉറക്കം കൂടിയേതീരൂ. ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്. കുട്ടികൾക്കതിലധികവും. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ സുഖമായ ആഴത്തിലുള്ള ഉറക്കത്തിനായി സജ്ജമാക്കുക. സ്ലീപ് അപ്നിയ സിൻഡ്രമെന്ന ഉറക്കത്തിനിടയിലെ ശ്വാസതടസമുള്ളവർക്ക് ഉറങ്ങിയെന്ന് തോന്നിയാലും ക്ഷീണം അമിതമായിരിക്കും. ഇവർ ശ്വാസതടസം വന്നുണർന്ന ശേഷം, വീണ്ടും ഉറങ്ങുമെങ്കിലും നിദ്രയുടെ സ്വാഭാവികത നഷ്ടപ്പെടുന്നത് ഉന്മേഷം ഇല്ലാതാക്കും. തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയവയാണ് ഉറക്കത്തിലെ ശ്വാസതടസ്സം ഒഴിവാക്കാനുള്ള മാര്‍ഗം.

7.വിഷാദരോഗം 
                വിഷാദരോഗം മാനസികരോഗത്തിന്റെ ഗണത്തില്‍പ്പെടുന്നതാണെങ്കിലും അതുണ്ടാക്കുന്ന ശാരീരികപ്രശ്‌നങ്ങള്‍ ചെറുതല്ല. തലവേദന, വിശപ്പില്ലായ്മ എന്നിവയ്‌ക്കൊപ്പം ക്ഷീണവും നിരുത്സാഹവും സ്ഥായി ലക്ഷണങ്ങളാണ്. ചികിത്സ തേടേണ്ടത് ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്.

8.കരള്‍രോഗങ്ങള്‍
             മഞ്ഞപ്പിത്തം, മദ്യപാനം, പാരമ്പര്യംമൂലമുള്ള കരള്‍രോഗങ്ങള്‍  എല്ലാംതന്നെ കടുത്ത ക്ഷീണത്തിനിടയാക്കാറുണ്ട്. ഛര്‍ദി, ഓക്കാനം ഇവയോടൊപ്പം ക്ഷീണംകൂടി ഉണ്ടാകുമ്പോള്‍ കരള്‍രോഗി തീര്‍ത്തും അവശനാകുന്നു. സിറോസിസ് പോലുള്ള ഗുരുതരമായ കരൾരോഗവും അതിന്റെ ഭാഗമായ പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അളവില്ലാതെ രക്തം ഛര്‍ദിക്കുന്നതും വിളര്‍ച്ചയ്ക്കും തത്ഫലമായി ക്ഷീണം അധികരിക്കാനും  ഇടയാക്കിയേക്കും.



9.ക്രോണിക് ഫറ്റീഗ് സിൻഡ്രോം
               മറ്റു കാരണങ്ങളൊന്നും ഇല്ലാതെ 6-7 മാസത്തിലേറെ തുടര്‍ച്ചയായി നില്‍ക്കുന്ന രോഗമാണ് ദീര്‍ഘകാല ക്ഷീണരോഗം അഥവാ ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം. ഒന്നിലും ഉന്മേഷം തോന്നാത്ത ഇക്കൂട്ടര്‍ വിശ്രമിച്ചാലും ക്ഷീണം മാറുകയില്ല. അലസത, മന്ദത, ഓര്‍മക്കുറവ്, പേശിവേദന, സന്ധിവേദന, ഉറക്കംതൂങ്ങല്‍, വിഷാദം എന്നീ ലക്ഷണങ്ങള്‍ ഇവരില്‍ കാണാറുണ്ട്.

10.മറ്റു കാരണങ്ങൾ
              ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. അതുപോലെ വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, അമിതമായ ഫാസ്റ്റ്ഫുഡ് ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്. ശരീരത്തില്‍ ജലാംശവും ലവണാംശവും (ഇലക്ട്രൊലൈറ്റ്സ്) കുറയുന്നതും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും.


              ‎പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ക്ഷീണം വളരെ കൂടുതലാണ്. ശാരീരികവും മാനസികവുമായ പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ക്ഷീണം കൂട്ടും. കുട്ടികളിൽ വളരെ ഉത്സാഹത്തോടെ കളിച്ചു നടക്കേണ്ട പ്രായത്തിൽ, അതിന് വിപരീതമായി ദൈനംദിന കാര്യങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ ക്ഷീണം തളര്‍ത്തുന്നുവെങ്കില്‍ അത് രോഗലക്ഷണമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഉറക്കക്കുറവ്, പ്രമേഹം, മാനസികസമ്മര്‍ദം, വൃക്കത്തകരാറുകള്‍, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമായും കടുത്ത ക്ഷീണം എത്താറുണ്ട്. കുട്ടികളുടെ ദൈനംദിന പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ഡോക്ടറുടെ സഹായം തേടുകയും വേണം.
              ‎നിസാരമായ പനി മുതൽ കാൻസറിന്റെ വരെ ലക്ഷണമായി ക്ഷീണമുണ്ടാകാം. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ അതുണ്ടാവുകയാണെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ കാണുകയും ആവശ്യം വേണ്ട പരിശോധനകളും ചികിത്സയും ചെയ്യുകയും വേണം. നിലനിൽക്കുന്ന ക്ഷീണം നിസാരക്കാരനല്ല, നിശബ്ദനായ വില്ലനാണ്. ചിലപ്പോൾ രോഗകാരണത്തിലേക്ക് എളുപ്പത്തിലുള്ള വഴികാട്ടിയുമാകാം.

(ചിത്രങ്ങൾ: ഗൂഗിൾ)

©മനോജ്‌ വെള്ളനാട്

ഐൻസ്റ്റീന്റെ തലച്ചോർ!/Einstein's Brain!




അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആൽബർട്ട് ഐൻസ്റ്റീൻ. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോർ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവർ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.

1955 ൽ ഐൻസ്റ്റീൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ തോമസ് ഹാർവ്വി ആ തലച്ചോർ വേർപെടുത്തിയെടുത്തു (റൊണാൾഡ് ക്ലാർക്കിന്റെ ഐൻസ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തിൽ, മരിക്കുന്നതിന് മുമ്പേ ഐൻസ്റ്റീൻ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോർ ഗവേഷണങ്ങൾക്കുപയോഗിക്കാൻ. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തിൽ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവിൽ ഐൻസ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ എല്ലാം കോംപ്ലിമെന്റ്സാക്കി).

ഐൻസ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാർവ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂർത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാൾ (1300-1400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ ഹാർവ്വിയെടുത്തു. ആ ചെറിയ തലച്ചോറിൽ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇൻഫീരിയർ പരൈറ്റൽ ലോബിന്റെ വലിപ്പം സാധാരണയേക്കാൾ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.

ഡോ. ഹാർവി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണിൽ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താൻ നോക്കി. എന്നാൽ 1978 വരെയും ഇതൊന്നും വേറാർക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വർഷത്തിലധികം ഒരു സിഡർ ബോക്സിനുള്ളിൽ ആൾക്കഹോളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓർമ്മയുടെയും ഇലക്ട്രോൺ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ൽ സ്റ്റീഫൻ ലെവിയെന്ന ജേണലിസ്റ്റാണ് ഹാർവിയുടെ കയ്യിൽ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ഈ തലച്ചോർ കഷ്ണങ്ങൾ കുറച്ചു വീതം നൽകുകയും ചെയ്തത്.

1984-ലാണ് ഐൻസ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോർട്ട് പുറത്ത് വരുന്നത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മരിയൻ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയൽ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകൾക്ക് ഭക്ഷണമെത്തിക്കുക, അവർക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയൽ കോശങ്ങൾ. ഐൻസ്റ്റീന്റെ തലച്ചോറിൽ ഈ സഹായീകോശങ്ങൾ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇൻഫീരിയർ പരൈറ്റൽ ഭാഗങ്ങളിൽ. ഏത്, നമ്മുടെ കണക്കുമുറി തന്നെ.

2001-ൽ മറ്റൊരു കാലിഫോർണിയൻ സംഘം ഐൻസ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓർത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോർടെക്സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവർക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോർട്ടെക്സ്.

2013-ലെ ബ്രെയിൻ ജേണലിൽ മറ്റൊരു പഠനം കൂടി വന്നു. ഐൻസ്റ്റീൻ തലച്ചോറിന്റെ കോർപ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതു-വലതു പാതികളെ തമ്മിൽ ഘടനാപരമായും ധാർമ്മികമായും ചേർത്തു നിർത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അർത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോർട്ടിന്റെ സാരം.

വേറെയും പലതരം പലതലങ്ങളിലുള്ള ചർച്ചകളും തർക്കങ്ങളും ഐൻസ്റ്റീന്റെ തലച്ചോർ തുടങ്ങി വച്ചിരുന്നു. സിൽവിയൻ ഫിഷർ (Sylvian fissure) എന്ന രണ്ടു ലോബുകൾക്കിടയിൽ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റൽ ഓപർക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐൻസ്റ്റീൻ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങൾ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാർവ്വി 1955 ലെടുത്ത വിവിധ കോണുകളിൽ നിന്നുള്ള മസ്തിഷ്കചിത്രങ്ങൾ വച്ചുകൊണ്ടുള്ള നിഗമനങ്ങൾ മാത്രമാണ്. തലച്ചോർ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തർക്കം നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോർ കഷ്ണങ്ങളും മൈക്രോസ്കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്.

പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്ക ഭാഗങ്ങൾ ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയത്തിലും. മട്ടർ മ്യൂസിയത്തിൽ ഈ തലച്ചോറിനെ കാണികൾക്ക് മൈക്രോസ്കോപ്പിലൂടെ കാണാവുന്ന വിധത്തിൽ സ്ലൈഡുകളായി പ്രദർശിപ്പിച്ചിട്ടുണ്ട്.

ഐൻസ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തിൽ മറ്റു ചിലരുടെയും തലച്ചോറുകൾ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാൾ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞൻ, വ്ലാഡിമിർ ലെനിൻ, എഡ്വാർഡ് റുളോഫ് തുടങ്ങിയവരൊക്കെ അതിൽപെടും.

തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്കൂളുകളിലോ മോട്ടിവേഷൻ ക്ലാസുകളിലോ കേട്ടിരിക്കാൻ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മൾ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐൻസ്റ്റീൻ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോർമ്മ). എന്നാലിത് തെറ്റാണ്!

നമ്മൾ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവർത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാൽ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോർട്ടെക്സ് പ്രവർത്തനനിരതമായിരിക്കുമ്പോൾ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാൻ പറ്റൂ. ചിന്തിക്കാൻ, ചിന്തകളെ സ്വാംശീകരിക്കാൻ, അടക്കിയൊതുക്കി സൂക്ഷിക്കാൻ, ആവശ്യം വരുമ്പോൾ തിരിച്ചെടുത്ത് ഉപയോഗിക്കാൻ, കാണാൻ, കേൾക്കാൻ, മിണ്ടാൻ, ഓടാൻ, ചാടാൻ, ആസ്വദിക്കാൻ, സ്നേഹിക്കാൻ, ദേഷ്യപ്പെടാൻ, കാമിക്കാൻ, വിശക്കാൻ, മനസുനിറഞ്ഞു ചിരിക്കാൻ, ചിലപ്പോഴൊക്കെ ഛർദ്ദിക്കാൻ പോലും, ഇങ്ങനെ നൂറുജോലികൾ ചെയ്യാൻ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ.  കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ, നമ്മളുണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോൾ പോലും ഈ ഭയങ്കരൻ ചെയ്യുന്നത്!

മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 20 ശതമാനവും (5 ൽ 1) തലച്ചോറാണ് ഉപയോഗിച്ചു തീർക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതിൽ തെറ്റില്ലാ.

©മനോജ്‌ വെള്ളനാട്