Showing posts with label രക്തം. Show all posts
Showing posts with label രക്തം. Show all posts

ക്രോസ്മാച്ചിംഗ്



രക്തം നല്‍കുന്നതിനുമുന്‍പ്‌ ദാതാവിന്‍റെ രക്തവും സ്വീകര്‍ത്താവിന്‍റെ രക്തവും തമ്മിലുള്ള ചേര്‍ച്ച നോക്കുന്ന പ്രക്രിയയാണ്‌ ക്രോസ് മാച്ചിംഗ്.



ABO രക്തഗ്രൂപ്പുകളില്‍ പ്രകൃത്യാ ചില പ്രതിവസ്തുക്കള്‍ (ANTIBODY) ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. ഈ വസ്തുക്കള്‍, ജനിച്ച് ആറേഴു മാസം പ്രായം ആകുമ്പോള്‍ മുതല്‍ ശിശുവിന്‍റെ രക്തത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. രക്തം നല്‍കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട രക്തം [ABO യും Rh ഘടകവും] തന്നെ നല്‍കിയില്ലെങ്കില്‍ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവര്‍ത്തിച്ചു, സ്വീകരിക്കുന്ന ആളിന് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിംഗ് ചെയ്യുന്നത്.


സ്വന്തമായി ആന്റിജനുകള്‍ ഇല്ലാത്ത ‘O’ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകര്‍ത്താവിന്‍റെ രക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രോസ്മാച്ച് ചെയ്യാതെയും നല്കാറുണ്ട്. ആര്‍ക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാല്‍ O NEGATIVE ഗ്രൂപിനെ ‘സാര്‍വത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആന്റിബോഡികള്‍ ഇല്ലാത്ത AB ഗ്രൂപ്പിന് ആരില്‍ നിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാര്‍വത്രിക സ്വീകര്‍ത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.  

ബോംബേ ബ്ലഡ്ഗ്രൂപ്പിൽ
സാധാരണ ABO ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ- ആന്റിജനോ ബി-ആന്റിജനോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് ആന്റിജൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം.
ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എച്ച് ആന്റിജനുകൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ ആന്റിജനുകൾക്കെതിരെ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള  antibody ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം അനുകൂലമല്ലാത്ത പല പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Ohരക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല.
ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ സന്നിവേശം (transfusion) ചെയ്യുക എന്നതുമാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.


<<<< ചാപ്റ്റർ 6:നിങ്ങൾ നൽകുന്ന രക്തത്തിതിനെന്ത് സംഭവിക്കുന്നു?

ചാപ്റ്റർ 8: ചില സാധാരണ സംശയങ്ങൾ >>>>
©മനോജ്‌ വെള്ളനാട്








രക്തഗ്രൂപ്പുകള്‍

ചാപ്റ്റർ 2: രക്തഗ്രൂപ്പുകൾ


അല്പം ചരിത്രം.. 1492 - പോപ്പ് ഇന്നസെന്റ് എട്ടാമൻ , വാർധക്യ വിമുക്തിക്കായി 3 യുവാക്കളിൽ നിന്ന് ശേഖരിച്ച രക്തം സന്നിവേശം ചെയ്യിച്ചു . നാല് പേരും മയ്യത്തായി . 1625 - ഡോ : റിച്ചാർഡ് ലോവർ dog to dog രക്തസന്നിവേശം നടത്തി . 1667 - ജീൻ ബാപ്റ്റിസ്റ്റ് ഡെനിസ് ആടിന്റെ രക്തം മനുഷ്യരിലേക്ക് കയറ്റി . ടിയാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്തി , പക്ഷേ ശിക്ഷിക്കപ്പെട്ടു . 1818 - ബ്രിട്ടീഷ് ഡോക്റ്റർ ജെയിംസ് ബ്ലെൻഡൽ man to man രക്തസന്നിവേശം വിജയകരമായി നടത്തി . 1901 - കാൾ ലാൻഡ് സ്റ്റെയ്നർ ABO ഗ്രൂപ്പിങ് കണ്ടുപിടിക്കുന്നു ... ........................ചരിത്രം തുടരുന്നു ..................

16-ആം  നൂറ്റാണ്ടു മുതൽക്കുതന്നെ ആവശ്യക്കാരായ രോഗികൾക്ക് രക്തം നല്‍കി വന്നിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമേ നാം ഇന്നു കാണുന്ന രീതിയില്‍ സുരക്ഷിതമായ രക്തസന്നിവേശ [Blood Transfusion] മാര്‍ഗങ്ങള്‍  നിലവില്‍ വന്നുള്ളൂ. ഇതിനുകാരണം വിവിധതരം രക്തഗ്രൂപ്പുകളുടെ കണ്ടെത്തലാണ്. കാൾ‍ ലാൻസ്റ്റെനർ എന്ന ആസ്ട്രിയക്കാരനായ ശാസ്ത്രജ്ഞനാനു എ, ബി, ഓ (ABO) എന്ന , ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന രക്തഗ്രൂപ്പുകളുടെ ഉപജഞാതാവ്.


ചുവന്ന രക്താണുക്കളുടെ ആവരണത്തിൽ ചില പ്രത്യേകതരം‍ ആന്റിജനുകൾ [ഒരു പ്രോട്ടീന്‍ പദാര്‍ത്ഥം] കാണപ്പെടുന്നു. അവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യമോ അസാനിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകളെ തരംതിരിക്കുക [blood grouping]. മൂന്നാമതായി 'H ' ആന്റിജൻ എന്നൊരു ഘടകം കൂടി RBC യുടെ ആവരണത്തിൽ പ്രധാനപ്പെട്ട ഒന്നായി കണ്ടെത്തപ്പെട്ടിട്ടുണ്ട്‌.

A ആന്റിജന്‍ ഉള്ള രക്തം ‘A’ ഗ്രൂപ്പെന്നും, B ആന്റിജന്‍ ഉള്ളത് ‘B' ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് ‘AB’ ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് ‘O’ ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല. മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്‌ ‘ഒ’ ഗ്രൂപ്പുകാരാണ്. പിന്നീട് ബി,എ,എബി എന്നാ ക്രമത്തിലും.

ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ ‘D” ആന്റിജന്‍റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ളൂട്ടിനോജൻ അറിയപ്പെടുന്നത്‌.Rh’ഡി’ ആന്റിജന്‍ ഉള്ളവരേ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു. വിവിധ തരത്തില്‍പ്പെട്ട 600-ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും ABO-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്. താങ്കളുടെ രക്തഗ്രൂപ്പ് താഴെക്കാണുന്നവയില്‍ ഏതെങ്കിലും ഒന്നാകാം.
Rhesus monkey

ഒ          പോസ്സിറ്റീവ് / നെഗറ്റീവ് (O+ve/ O-ve)
ബി       പോസ്സിറ്റീവ് / നെഗറ്റീവ് (B+ve/ B-ve)
എ        പോസ്സിറ്റീവ് / നെഗറ്റീവ് (A+ve/ A-ve)
എബി പോസ്സിറ്റീവ്  / നെഗറ്റീവ് (AB+ve/ AB-ve)

രക്തഗ്രൂപ്പുകള്‍ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. അതായത് ഒരാളുടെ മാതാപിതാക്കളുടെ രക്തഗ്രൂപ്പിനനുസൃതമായിരിക്കും അയാളുടെ രക്തഗ്രൂപ്പ്. രക്തഗ്രൂപ്പുകള്‍ ഒരാളിന്‍റെ വ്യക്തിമുദ്രയുടെ ഭാഗമാണ്. അയാളുടെ ജീവിതകാലത്തില്‍ ഇതിനു ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.  

നമ്മുടെ ജനസംഖ്യയില്‍ ഓരോ രക്തഗ്രൂപ്പുകളുടെയും അനുപാതം ചുവടെ ചേര്‍ക്കുന്നു.

ഒ  -  42%
ബി - 27%
എ - 25%
എബി - 6%

നമ്മുടെ ജനസംഖ്യയുടെ 93% പേരും Rh പോസ്സിറ്റീവ് ആയിട്ടുള്ളവരാണ്. ബാക്കി 7 ശതമാനം ആള്‍ക്കാര്‍ മാത്രമേ Rh നെഗറ്റീവുള്ളൂ. Rh ഘടകത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. Rh നെഗറ്റീവായിട്ടുള്ള വ്യക്തിക്ക് ആര്‍ എച്ച് പോസ്സിറ്റീവായിട്ടുള്ള രക്തം നല്‍കുകയോ, Rh നെഗറ്റീവ് സ്ത്രീ Rh പോസ്സിറ്റീവ് ആയിട്ടുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയോ ചെയ്കവഴി ത്വരിതഗതിയില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയുടെയും കുഞ്ഞിന്‍റെയും Rh ഘടകത്തിലെ വ്യത്യാസം നവജാത ശിശുക്കളില്‍,
രക്തക്കുറവ്, മഞ്ഞപ്പിത്തം, തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണംതന്നെ സംഭവിക്കാനും ഇടയാക്കുന്നു.

ബോംബേ ബ്ലഡ്ഗ്രൂപ്പ്
                    ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ‘എച്ച്’ (H) ആൻറിജൻ ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. H ഘടകത്തെ നിർമ്മിയ്ക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 
1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.




രക്തം- ചില അടിസ്ഥാന വസ്തുതകള്‍

ചാപ്റ്റർ 1: അടിസ്ഥാന വസ്തുതകൾ


എല്ലാ ജീവികളിലും ഏതെങ്കിലും തരത്തിലുള്ള ശരീരദ്രവങ്ങള്‍ ഉണ്ടെങ്കിലും പരിണാമപരമ്പരയിലെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ജീവികളില്‍ മാത്രമേ ഒരുപാട് സവിശേഷസ്വഭാവങ്ങളോട് കൂടിയ ‘രക്ത’ മുള്ളു. ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യരക്തം ഒരു സിദ്ധൗഷധമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു ശരീരകലകളില്‍ നിന്ന് വിഭിന്നമായി ഇതിനെ ശേഖരിക്കുവാനും സൂക്ഷിക്കുവാനും സാധിക്കുന്നു. രക്തത്തിന്‍റെ ഈ സവിശേഷതയാണ് നാം ഇന്ന് കാണുന്ന രീതിയില്‍ രക്തദാനം സാധ്യമാക്കിയതും.


രക്തത്തിന്‍റെ ധര്‍മ്മങ്ങള്‍

ജീവന്‍ നിലനിര്‍ത്തുന്ന ഈ പ്രത്യേക ദ്രാവകത്തിന് ഒരുപാട് ധര്‍മ്മങ്ങളുമുണ്ട്.  

1.കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പോഷകഘടകങ്ങള്‍, ഓക്സിജന്‍ എന്നിവ എത്തിക്കുക
2.പുറമേനിന്നുള്ള അണുക്കളുടെ ആക്രമണത്തെ ചെറുത്തു നില്‍ക്കുക
3.രക്തക്കുഴലുകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുക
4.ക്ഷതമേറ്റ രക്തക്കുഴലുകളില്‍ നിന്നുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രണാധീനമാക്കുക
5.രക്തചംക്രമണവ്യവസ്ഥ പരിരക്ഷിക്കുക
6.കോശങ്ങളില്‍ നിന്നുണ്ടാകുന്ന വിസ്സര്‍ജ്യവസ്തുക്കളും കാര്‍ബണ്‍ ഡയോക്സൈഡും പുറംതള്ളുക
7.ഹോര്‍മോണുകളെ അവയുടെ ശ്രോതസില്‍ നിന്നും നിശ്ചിതസ്ഥലങ്ങളിലേക്ക് എത്തിക്കുക
8.ശരീരതാപനില നിയന്ത്രിക്കുക ഇങ്ങനെ നിരവധി.

മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ ലിറ്റർ രക്തം ആണുള്ളത്‌. ഒരു വ്യക്തിയുടെ രക്തത്തിന്‍റെ അളവ് അയാളുടെ പൊക്കം, തൂക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരഭാരത്തിന്‍റെ എട്ടു ശതമാനം രക്തത്തിന്‍റെതാണ്. അതായത് ശരീരത്തില്‍ രക്തം ആവശ്യത്തിലധികം കരുതലുണ്ട്. എങ്കിലും നാലിലൊരു ഭാഗം രക്തം വാര്‍ന്നുപോവുകയും യഥാസമയം അത് രകതസന്നിവേശം (blood transfusion) വഴി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്‌താല്‍ മരണം സംഭവിക്കുക തന്നെ ചെയ്യും.

രക്തഘടകങ്ങളെ പൊതുവേ രണ്ടായി തിരിക്കാം.

1.പ്ലാസ്മ
2. രക്തകോശങ്ങള്‍

പ്ലാസ്മ
രക്തത്തിന്റെ പ്രധാന അംശമായ പ്ലാസ്മയ്ക്ക് വയ്ക്കോലിന്‍റെ (STRAW COLOUR- ഇളംമഞ്ഞ) നിറമാണ്. ആൽബുമിൻ‍, ഗ്ലോബുലിൻ‍, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകൾ ജലത്തില്‍ ലയിച്ചുണ്ടാകുന്നതാണ് പ്ലാസ്മ. പ്ലാസ്മയുടെ 93 ശതമാനവും ജലമാണ്. രക്തത്തിനു രക്തക്കുഴലിനുള്ളില്‍ നിലനില്‍ക്കാനുള്ള ഒസ്മോട്ടിക് പ്രെഷര്‍ നല്‍കുന്നത് ആല്‍ബുമിന്‍ എന്ന പ്രോട്ടീനാണ്. ഗ്ലോബുലിന്‍റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. വിവിധ കാരണങ്ങളാല്‍ ശരീരത്തിലുണ്ടാക്കുന്ന ആൻറിബോഡികളെല്ലാം ഗ്ലോബുലിന്‍റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് മുതലായ പോഷകങ്ങളും അയോണുകളും,യൂറിയ, ക്രിയാറ്റിനിന്‍ തുടങ്ങിയവ പോലുള്ള വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.

രക്തകോശങ്ങള്‍
ഇവ മൂന്നു തരമുണ്ട്
1.അരുണരക്താണുക്കള്‍ [red blood cells]
2.ശ്വേതരക്താണുക്കള്‍ [white blood cells]  
3.പ്ലേറ്റ്ലറ്റുകള്‍.
              അറുനൂറു ചുവന്ന രക്താണുക്കള്‍ക്ക്, നാല്‍പ്പതു പ്ലേറ്റ്ലറ്റുകളും ഒരു ശ്വേതരക്താണുവും എന്ന തോതിലാണ് രക്തത്തില്‍ ഇവ കാണപ്പെടുന്നത്.


1.അരുണരക്താണുക്കള്‍ [red blood cells]
            ചുവന്ന രക്താണുക്കളാണ് രക്തത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്.
RBC
ഇതിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകം രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ഹീമോഗ്ലോബിനാണ് ശ്വാസകോശങ്ങളില്‍ നിന്നും ഓക്സിജന്‍ സ്വീകരിച്ചു ശരീരകോശങ്ങള്‍ക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്‌സയിഡ് സ്വീകരിച്ചു ശ്വസകോശം വഴി പുറംതള്ളുകയും ചെയ്യുന്നത്.
ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏതാണ്ട് 50 ലക്ഷം ചുവന്ന രക്താണുക്കള്‍ കാണും. സാധാരണഗതിയിൽ 100 മി.ലി. രക്തത്തിൽ 12 മുതൽ15 ഗ്രാം വരെ ഹീമോഗ്ലോബിൻ ഉണ്ടാവും

2.ശ്വേതരക്താണുക്കള്‍ [white blood cells]
           ശ്വേതരക്താണുക്കള്‍ ചുവന്ന രക്താണുക്കളെക്കാള്‍ വലിപ്പം കൂടിയവയാണ്. ഇവ ല്യൂക്കോസൈറ്റ്സ് {Leucocytes} എന്നും അറിയപ്പെടുന്നു. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്റ്റീരിയകളെയും മറ്റു അണുക്കളെയും ഒരു വലയം[engulf] സൃഷ്ടിച്ച് നശിപ്പിക്കുന്നു. ഇതോടൊപ്പം രോഗപ്രതിരോധത്തിനാവശ്യമായ പ്രതിവസ്തുക്കളും [antibodies] നിര്‍മ്മിക്കുന്നു. ശ്വേതരക്താണുക്കള്‍ വിവിധതരമുണ്ട്
         1.ന്യൂട്രോഫില്‍
         2.ലിംഫോസൈറ്റ്
         3.ഈസിനോഫില്‍
         4.ബേസോഫില്‍
         5.മോണോസൈറ്റ്

ഓരോന്നിനും പ്രത്യേകം ധർമ്മങ്ങളുമുണ്ട്‌.
3.പ്ലേറ്റ്ലറ്റുകള്‍.
                   മജ്ജയില്‍ നിന്നുല്‍പ്പാദിപ്പിക്കപ്പെടുന്നതും കോശമര്‍മ്മം ഇല്ലാത്തതുമായ ചെറിയ ഇനം കോശങ്ങളാണ് പ്ലേറ്റ്ലറ്റുകള്‍. ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മില്ലിലിറ്റര്‍ രക്തത്തിൽ ഏകദേശം 250,000 മുതൽ 400,000 വരെ പ്ലേറ്റ്ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തസ്രാവം തടയുക എന്നതാണ് ഇവയുടെ പ്രധാനജോലി.


PLATELETS


ചുവന്ന രക്താണുക്കള്‍ 120 ദിവസംവരെ ജീവിച്ചിരിക്കും. പ്ലേറ്റ്ലെറ്റുകള്‍ 7 മുതല്‍ 9 ദിവസം വരെയും. വിവിധതരം ശ്വേതരക്താണുക്കളുണ്ട്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഓരോ ഇനത്തിലും വ്യത്യസ്തമായിരിക്കും.


<<<< മെയിൻ പേജ്
ചാപ്റ്റർ 2:രക്തഗ്രൂപ്പുകൾ >>>>


©മനോജ്‌ വെള്ളനാട്






രക്തദാനം- ചില സാധാരണ സംശയങ്ങള്‍




  1. എവിടെ രക്തദാനം നടത്താം

നിയമാനുസൃതം രക്തം ശേഖരിക്കാന്‍ സൗകര്യങ്ങളുള്ള ഏതൊരിടത്തും നിങ്ങള്‍ക്ക് രക്തദാനം നടത്താം. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ള രക്ത ബാങ്കുകളില്‍ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍, പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. രക്തദാനം ചെയ്യുന്ന വ്യക്തി, അതിനു യോജിച്ച ചുറ്റുപാടുകളാണ് രക്തബാങ്കില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണം.





2.രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ

     1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
     2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം


3. സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
 4. ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്‍റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തിയും ഉണ്ടാകുന്നു.
5.ചില തെറ്റായ ധാരണകള്‍
1.  ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
2. സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
3.രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
6. രക്തദാനം മൂലം ഉളവായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍
അധികം ദാതാക്കളിലും യാതൊരുവിധ പ്രശ്നങ്ങളും രക്തദാനം കൊണ്ട് ഉണ്ടാകുന്നില്ല. എന്നാല്‍ വളരെ അപൂര്‍വമായി നൂറില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക്, നേരിയതോതില്‍ ക്ഷീണമോ തലചുറ്റലോ തോന്നാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കൊണ്ടോ വിഭ്രാന്തി കൊണ്ടോ ആകാം. ആഹാരം കഴിക്കാതിരിക്കുന്നതുകൊണ്ടും ഉറക്കക്ഷീണംകൊണ്ടും ചിലപ്പോള്‍ ദാനം ചെയ്യപ്പെടുന്ന രക്തം കാണാന്‍ ഇടയാകുന്നതു കൊണ്ട് ഇങ്ങനെ സംഭവിക്കാം.






നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്ത് സംഭവിക്കുന്നു?



 
നിങ്ങള്‍ നല്‍കിയ രക്തം പലവിധ പരിശോധനകള്‍ക്ക് വിധേയമാകുന്നു
  1. രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,
  2. പ്രതിവസ്തുക്കളുടെ ANTIBODY) പരിശോധന
  3. രക്തംവഴി സ്വീകര്‍ത്താവിനു പകരാവുന്ന അസുഖങ്ങള്‍
  4. സ്വീകര്‍ത്താവിന്‍റെ രക്തത്തോട് ദാനം ചെയ്യപെട്ട രക്തം ചേരുമോ എന്ന് കണ്ടുപിടിക്കല്‍ -തുടങ്ങി നിരവധി പരിശോധനകള്‍ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നും രക്തം നമുക്ക് സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപയോളം ചെലവ് വരുന്നുണ്ട്.

രക്തം അപ്രകാരംതന്നെയോ (WHOLE BLOOD TRANSFUSION) അല്ലെങ്കില്‍ അതിനെ ഘടകങ്ങളായി വേര്‍തിരിച്ചോ ഉപയോഗിക്കുന്നു.


നാം നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുക വഴി ഒന്നിലധികം രോഗികള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. താഴെ പറയും വിധമാണ് അവ സാധാരണയായി വേര്‍തിരിക്കുന്നത്.

  1. അരുണരക്താണുക്കള്‍ മാത്രമായിട്ട്‌ (PACKED REDCELL- PRC)                                  വേര്‍തിരിച്ചെടുക്കുന്ന ചുവന്ന രക്താണുക്കളെ SAG-M (SALINE-ADENINE-GLUCOSE-MANNITOL) മിശ്രിതവുമായി ചേര്‍ത്ത് സൂക്ഷിക്കുന്നു. 2 മുതല്‍ 6 ഡിഗ്രീ സെല്‍ഷ്യസ് വരെ തണുപ്പില്‍ സൂക്ഷിക്കുന്ന ഇത് 5 ആഴ്ചവരെ കേടുകൂടാതിരിക്കും.
  2. PLATELETS മാത്രമായിട്ട്‌
                   ഇത് സൂക്ഷിക്കുന്നതിന് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകതരം കണ്ടെയിനര്‍ ആവശ്യമാണ്‌. 5 ദിവസം വരെ പ്ലേറ്റ്ലറ്റ് ഇങ്ങനെ സൂക്ഷിക്കാം.
FRESH FROZEN PLASMA
  1. അല്ലെങ്കില്‍ പ്ലസ്മയില്‍ നിന്നുള്ള ഘടകങ്ങള്‍ വേര്‍തിരിച്ചും.
                   ഉദാ: A. FRESH FROZEN PLASMA
                             B. CRYOPRECIPITATE
                    വ്യാവസായികാടിസ്ഥാനത്തില്‍ പ്ലാസ്മയില്‍ നിന്നും ഘടകങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഇങ്ങനെ രക്തം കട്ടപ്പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെ വേര്‍തിരിക്കാനും സാധിക്കുന്നു. ഈ ഘടകങ്ങള്‍ ഹീമോഫീലിയ പോലുള്ള (ജന്മനാല്‍ രക്തം കട്ടപ്പിടിക്കാതിരിക്കുന്ന അവസ്ഥ) രോഗങ്ങളുടെ ചികിത്സയ്ക്ക് വിലപ്പെട്ടതാണ്‌. മൈനസ് 30 ഡിഗ്രീ സെല്‍ഷ്യസിലും താഴെ സൂക്ഷിക്കുന്ന ഇവ അഞ്ചുവര്‍ഷം വരെ കേടുകൂടാതെ ഇരിക്കും.





<<<< ചാപ്റ്റർ 5:രക്തദാനം പാടില്ലാത്തതാർക്കൊക്കെ?

ചാപ്റ്റർ 7: ക്രോസ് മാച്ചിംഗ്  >>>>





രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?



സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തതില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.





  1. ഡെങ്കിപ്പനി വന്നിട്ടുള്ളവർ അസുഖം മാറി ആറുമാസത്തേയ്ക്ക് രക്തദാനം ചെയ്യാൻ പാടില്ല.
  2. മലമ്പനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനതിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (endemic) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
  3. മഞ്ഞപ്പിത്തം  പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിതബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
  4. ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്‍റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച് നിറുത്തിയിരിക്കുന്നു.
  5. രക്തസമ്മര്‍ദ്ദം 180/100 mmHg ക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച് നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
  6. പ്രമേഹ രോഗത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
  7. ചികിത്സയില്‍ കഴിയുന്ന ഹൃദ്‌രോഗികള്‍ ,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ - ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
  8. ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
  9. ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
  10. ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേധമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
  11. സ്ത്രീകള്‍ ഗര്‍ഭധാരണ  സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
  12. ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.



പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍..

ടെറ്റനസ് ടോക്സോയിഡ് (TT), ടൈഫോയിഡ്, കോളറ, ഇവയ്ക്കെതിരായി കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കിലും രക്തദാനം ചെയ്യാവുന്നതാണ്. ചിലപ്പോൾ 2 ആഴ്ച കഴിഞ്ഞ് ദാനത്തിനെത്താൻ രക്തബാങ്കുകാർ പറയാറുണ്ട്. എന്നാല്‍, ചില വാക്സിനുകളായി, വളരെ വീര്യം കുറഞ്ഞ ജീവനുള്ള അണുക്കളെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വാക്സിന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ രക്തദാനതിനായി മൂന്നാഴ്ച കാത്തിരിക്കേണ്ടതാണ്. ഉദാ: പോളിയോ, മണ്ണന്‍ (MEASLES), മുണ്ടിനീര്(MUMPS) etc.

പേവിഷബാധയ്ക്കെതിരായ  കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷമേ രക്തം നല്‍കാവൂ.




ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

  1. മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.
  2. മുന്‍പ് തന്‍റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍.
  3. അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍.
  4. എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍.
  5. എയിഡ്സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍  പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള  വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
  6. മയക്കുമരുന്നിന്‍റെ അടിമകള്‍.
  7. മറ്റു അപകടകരമായ സ്വഭാവദൂഷ്യം (high risk behavior) ഉള്ളവര്‍. (ഉദാ: ലൈംഗിക വൈകൃതങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വ്യക്തികളും ഇവരുടെ ലൈംഗിക പങ്കാളികളും)