Showing posts with label രക്തദാനം. Show all posts
Showing posts with label രക്തദാനം. Show all posts

ക്രോസ്മാച്ചിംഗ്



രക്തം നല്‍കുന്നതിനുമുന്‍പ്‌ ദാതാവിന്‍റെ രക്തവും സ്വീകര്‍ത്താവിന്‍റെ രക്തവും തമ്മിലുള്ള ചേര്‍ച്ച നോക്കുന്ന പ്രക്രിയയാണ്‌ ക്രോസ് മാച്ചിംഗ്.



ABO രക്തഗ്രൂപ്പുകളില്‍ പ്രകൃത്യാ ചില പ്രതിവസ്തുക്കള്‍ (ANTIBODY) ഉള്ള കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. ഈ വസ്തുക്കള്‍, ജനിച്ച് ആറേഴു മാസം പ്രായം ആകുമ്പോള്‍ മുതല്‍ ശിശുവിന്‍റെ രക്തത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. രക്തം നല്‍കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍പ്പെട്ട രക്തം [ABO യും Rh ഘടകവും] തന്നെ നല്‍കിയില്ലെങ്കില്‍ രക്തം സ്വീകരിക്കുന്ന രോഗിയുടെ പ്ലാസ്മയില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയുമായി സ്വീകരിക്കുന്ന രക്തം പ്രതിപ്രവര്‍ത്തിച്ചു, സ്വീകരിക്കുന്ന ആളിന് മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു. അതൊഴിവാക്കാനാണ് ക്രോസ് മാച്ചിംഗ് ചെയ്യുന്നത്.


സ്വന്തമായി ആന്റിജനുകള്‍ ഇല്ലാത്ത ‘O’ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം, സ്വീകര്‍ത്താവിന്‍റെ രക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രോസ്മാച്ച് ചെയ്യാതെയും നല്കാറുണ്ട്. ആര്‍ക്കും കൊടുക്കാവുന്ന ഗ്രൂപ്പായതിനാല്‍ O NEGATIVE ഗ്രൂപിനെ ‘സാര്‍വത്രിക ദാതാവ്’ (UNIVERSAL DONOR) എന്നും വിളിക്കാറുണ്ട്. അതുപോലെ സ്വന്തമായി ആന്റിബോഡികള്‍ ഇല്ലാത്ത AB ഗ്രൂപ്പിന് ആരില്‍ നിന്നും രക്തം സ്വീകരിക്കാനും സാധിക്കും. അതുകൊണ്ട് AB ഗ്രൂപ്പിനെ ‘സാര്‍വത്രിക സ്വീകര്‍ത്താവ്’ (UNIVERAL RECIPIENT) എന്നും വിളിക്കാറുണ്ട്.  

ബോംബേ ബ്ലഡ്ഗ്രൂപ്പിൽ
സാധാരണ ABO ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ- ആന്റിജനോ ബി-ആന്റിജനോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് ആന്റിജൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം.
ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എച്ച് ആന്റിജനുകൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ ആന്റിജനുകൾക്കെതിരെ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള  antibody ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം അനുകൂലമല്ലാത്ത പല പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Ohരക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല.
ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ സന്നിവേശം (transfusion) ചെയ്യുക എന്നതുമാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.


<<<< ചാപ്റ്റർ 6:നിങ്ങൾ നൽകുന്ന രക്തത്തിതിനെന്ത് സംഭവിക്കുന്നു?

ചാപ്റ്റർ 8: ചില സാധാരണ സംശയങ്ങൾ >>>>
©മനോജ്‌ വെള്ളനാട്








രക്തദാനം- ചില സാധാരണ സംശയങ്ങള്‍




  1. എവിടെ രക്തദാനം നടത്താം

നിയമാനുസൃതം രക്തം ശേഖരിക്കാന്‍ സൗകര്യങ്ങളുള്ള ഏതൊരിടത്തും നിങ്ങള്‍ക്ക് രക്തദാനം നടത്താം. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ള രക്ത ബാങ്കുകളില്‍ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍, പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. രക്തദാനം ചെയ്യുന്ന വ്യക്തി, അതിനു യോജിച്ച ചുറ്റുപാടുകളാണ് രക്തബാങ്കില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണം.





2.രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ

     1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
     2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം


3. സന്നദ്ധ രക്തദാനത്തിന്‍റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്‍റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
 4. ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്‍റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തിയും ഉണ്ടാകുന്നു.
5.ചില തെറ്റായ ധാരണകള്‍
1.  ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
2. സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
3.രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
6. രക്തദാനം മൂലം ഉളവായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍
അധികം ദാതാക്കളിലും യാതൊരുവിധ പ്രശ്നങ്ങളും രക്തദാനം കൊണ്ട് ഉണ്ടാകുന്നില്ല. എന്നാല്‍ വളരെ അപൂര്‍വമായി നൂറില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക്, നേരിയതോതില്‍ ക്ഷീണമോ തലചുറ്റലോ തോന്നാറുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കൊണ്ടോ വിഭ്രാന്തി കൊണ്ടോ ആകാം. ആഹാരം കഴിക്കാതിരിക്കുന്നതുകൊണ്ടും ഉറക്കക്ഷീണംകൊണ്ടും ചിലപ്പോള്‍ ദാനം ചെയ്യപ്പെടുന്ന രക്തം കാണാന്‍ ഇടയാകുന്നതു കൊണ്ട് ഇങ്ങനെ സംഭവിക്കാം.






നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്ത് സംഭവിക്കുന്നു?



 
നിങ്ങള്‍ നല്‍കിയ രക്തം പലവിധ പരിശോധനകള്‍ക്ക് വിധേയമാകുന്നു
  1. രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,
  2. പ്രതിവസ്തുക്കളുടെ ANTIBODY) പരിശോധന
  3. രക്തംവഴി സ്വീകര്‍ത്താവിനു പകരാവുന്ന അസുഖങ്ങള്‍
  4. സ്വീകര്‍ത്താവിന്‍റെ രക്തത്തോട് ദാനം ചെയ്യപെട്ട രക്തം ചേരുമോ എന്ന് കണ്ടുപിടിക്കല്‍ -തുടങ്ങി നിരവധി പരിശോധനകള്‍ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നും രക്തം നമുക്ക് സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപയോളം ചെലവ് വരുന്നുണ്ട്.

രക്തം അപ്രകാരംതന്നെയോ (WHOLE BLOOD TRANSFUSION) അല്ലെങ്കില്‍ അതിനെ ഘടകങ്ങളായി വേര്‍തിരിച്ചോ ഉപയോഗിക്കുന്നു.


നാം നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുക വഴി ഒന്നിലധികം രോഗികള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയും. താഴെ പറയും വിധമാണ് അവ സാധാരണയായി വേര്‍തിരിക്കുന്നത്.

  1. അരുണരക്താണുക്കള്‍ മാത്രമായിട്ട്‌ (PACKED REDCELL- PRC)                                  വേര്‍തിരിച്ചെടുക്കുന്ന ചുവന്ന രക്താണുക്കളെ SAG-M (SALINE-ADENINE-GLUCOSE-MANNITOL) മിശ്രിതവുമായി ചേര്‍ത്ത് സൂക്ഷിക്കുന്നു. 2 മുതല്‍ 6 ഡിഗ്രീ സെല്‍ഷ്യസ് വരെ തണുപ്പില്‍ സൂക്ഷിക്കുന്ന ഇത് 5 ആഴ്ചവരെ കേടുകൂടാതിരിക്കും.
  2. PLATELETS മാത്രമായിട്ട്‌
                   ഇത് സൂക്ഷിക്കുന്നതിന് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകതരം കണ്ടെയിനര്‍ ആവശ്യമാണ്‌. 5 ദിവസം വരെ പ്ലേറ്റ്ലറ്റ് ഇങ്ങനെ സൂക്ഷിക്കാം.
FRESH FROZEN PLASMA
  1. അല്ലെങ്കില്‍ പ്ലസ്മയില്‍ നിന്നുള്ള ഘടകങ്ങള്‍ വേര്‍തിരിച്ചും.
                   ഉദാ: A. FRESH FROZEN PLASMA
                             B. CRYOPRECIPITATE
                    വ്യാവസായികാടിസ്ഥാനത്തില്‍ പ്ലാസ്മയില്‍ നിന്നും ഘടകങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഇങ്ങനെ രക്തം കട്ടപ്പിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെ വേര്‍തിരിക്കാനും സാധിക്കുന്നു. ഈ ഘടകങ്ങള്‍ ഹീമോഫീലിയ പോലുള്ള (ജന്മനാല്‍ രക്തം കട്ടപ്പിടിക്കാതിരിക്കുന്ന അവസ്ഥ) രോഗങ്ങളുടെ ചികിത്സയ്ക്ക് വിലപ്പെട്ടതാണ്‌. മൈനസ് 30 ഡിഗ്രീ സെല്‍ഷ്യസിലും താഴെ സൂക്ഷിക്കുന്ന ഇവ അഞ്ചുവര്‍ഷം വരെ കേടുകൂടാതെ ഇരിക്കും.





<<<< ചാപ്റ്റർ 5:രക്തദാനം പാടില്ലാത്തതാർക്കൊക്കെ?

ചാപ്റ്റർ 7: ക്രോസ് മാച്ചിംഗ്  >>>>





രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?



സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തതില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.





  1. ഡെങ്കിപ്പനി വന്നിട്ടുള്ളവർ അസുഖം മാറി ആറുമാസത്തേയ്ക്ക് രക്തദാനം ചെയ്യാൻ പാടില്ല.
  2. മലമ്പനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനതിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (endemic) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
  3. മഞ്ഞപ്പിത്തം  പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിതബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
  4. ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്‍റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച് നിറുത്തിയിരിക്കുന്നു.
  5. രക്തസമ്മര്‍ദ്ദം 180/100 mmHg ക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച് നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
  6. പ്രമേഹ രോഗത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
  7. ചികിത്സയില്‍ കഴിയുന്ന ഹൃദ്‌രോഗികള്‍ ,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ - ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
  8. ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
  9. ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
  10. ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേധമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
  11. സ്ത്രീകള്‍ ഗര്‍ഭധാരണ  സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
  12. ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.



പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍..

ടെറ്റനസ് ടോക്സോയിഡ് (TT), ടൈഫോയിഡ്, കോളറ, ഇവയ്ക്കെതിരായി കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കിലും രക്തദാനം ചെയ്യാവുന്നതാണ്. ചിലപ്പോൾ 2 ആഴ്ച കഴിഞ്ഞ് ദാനത്തിനെത്താൻ രക്തബാങ്കുകാർ പറയാറുണ്ട്. എന്നാല്‍, ചില വാക്സിനുകളായി, വളരെ വീര്യം കുറഞ്ഞ ജീവനുള്ള അണുക്കളെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വാക്സിന്‍ ഉപയോഗിക്കുന്ന അവസരത്തില്‍ രക്തദാനതിനായി മൂന്നാഴ്ച കാത്തിരിക്കേണ്ടതാണ്. ഉദാ: പോളിയോ, മണ്ണന്‍ (MEASLES), മുണ്ടിനീര്(MUMPS) etc.

പേവിഷബാധയ്ക്കെതിരായ  കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷമേ രക്തം നല്‍കാവൂ.




ഒരിക്കലും രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

  1. മഞ്ഞപ്പിത്തത്തിന്റെ ‘ബി’ വൈറസുകളെ ‘സി’ വൈറസുകളെ ബാധിച്ചിട്ടുണ്ടെന്ന് (HEPATITIS B or C) രക്ത പരിശോധനയില്‍ തെളിച്ചിട്ടുള്ള വ്യക്തികള്‍.
  2. മുന്‍പ് തന്‍റെ രക്തം സ്വീകരിച്ച ആളില്‍ മഞ്ഞപ്പിത്തബാധ ഉണ്ടായിട്ടുള്ളതായി അറിവുള്ളവര്‍.
  3. അപസ്മാരരോഗമോ മനസികാസ്വാസ്ഥ്യമോ ഉള്ള ആള്‍.
  4. എച്ച്.ഐ.വി. പോസ്സിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുള്ളവര്‍.
  5. എയിഡ്സ് (AIDS) ഉണ്ടെന്നു സംശയിക്കുന്ന ആളുകളില്‍  പ്രകടമായി കാണുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍.(ഉദാ:വിട്ടുമാറാത്ത പനി, അകാരണമായി ശരീരഭാരം കുറയുക, ഗ്രന്ഥിവീക്കം, തുടര്‍ച്ചയായിട്ടുള്ള  വയറിളക്കം, സ്ഥായിയായ ചുമ, ശ്വാസതടസ്സം.)
  6. മയക്കുമരുന്നിന്‍റെ അടിമകള്‍.
  7. മറ്റു അപകടകരമായ സ്വഭാവദൂഷ്യം (high risk behavior) ഉള്ളവര്‍. (ഉദാ: ലൈംഗിക വൈകൃതങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വ്യക്തികളും ഇവരുടെ ലൈംഗിക പങ്കാളികളും)





ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം



ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. 45 കിലോഗ്രാമിനു മുകളില്‍ തൂക്കം ഉള്ളവരും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് 12.5 ഗ്രാമിനു മുകളിലുള്ളവര്‍ക്കും 18 നും 60 നും മദ്ധ്യേ പ്രായമുള്ള സ്ത്രീക്കും പുരുഷനും രക്തദാനം നടത്താം. ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ 5 ലിറ്റര്‍ രക്തം (70 ml /kg) ഉണ്ടാകും. ഇതില്‍ ഒരു കിലോ ഗ്രാമിന് 50 മി. ലി. എന്ന  തോതിലുള്ള രക്തമേ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് വേണ്ടിവരുന്നുള്ളൂ. ബാക്കി വരുന്ന രക്തം ശരീരത്തില്‍ അധികമായി  (surplus) സൂക്ഷിച്ചിരിക്കുന്നു.
ഇങ്ങനെ അധികമുള്ള രക്തതില്‍നിന്നു കിലോ ഗ്രാമിന് 8 ml വെച്ച് ദാനം ചെയ്യുക വഴി ആരോഗ്യത്തിനു യാതൊരുവിധ ദോഷവും സംഭവിക്കുന്നില്ല. എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം, നമുക്ക് നഷ്ടപ്പെടുന്നത് ½  പൈന്റ് രക്തം; എന്നാല്‍, നേടുന്നതോ ഒരു ജീവനും!

താങ്കള്‍ നല്‍കുന്ന ഒരു യൂണിറ്റു രക്തം വഴി താങ്കള്‍ക്കു നഷ്ടമാകുന്നത് എന്തെന്നു നോക്കാം?

വെള്ളം - 200ML
ഹീമോഗ്ലോബിന്‍ - 45 GRAMS
ഉപ്പു -  2.5 GRAMS
പ്രോട്ടീന്‍ - 14 GRAMS

ഇവയോടൊപ്പം വളരെ ചെറിയ അളവില്‍ വിറ്റാമിനുകളും മിനറലുകളും.
എന്നാല്‍ ഇതുകൊണ്ട് കൈവരിക്കുന്നതോ ഒരു ജീവന്‍റെ രക്ഷയും!

രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരത്തില്‍ പഴയകോശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പ്രകൃത്യാ നശിപ്പിക്കപ്പെടുകയും പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും. അതേസമയം പുതിയ കോശങ്ങളുടെ ഉല്‍പ്പാദനത്തിന് രക്തദാനം പ്രചോദനമാകുന്നു. രക്തം നല്‍കി അല്‍പ്പസമയത്തിനുള്ളില്‍ രക്തക്കുഴലുകള്‍ അവയുടെ വലിപ്പം (വ്യാസം) ക്രമപ്പെടുത്തുകയും എപ്പോഴും അവ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ അവയിലെ ദ്രാവകം രക്തത്തിലേക്ക് ഒഴുക്കിവിടുന്നു. അങ്ങനെ 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കകം രക്തത്തിന്‍റെ അളവ് പൂര്‍വസ്ഥിതിയിലെത്തുന്നു. രക്തദാനത്തിനും മുമ്പുള്ള ഹീമോഗ്ലോബിന്‍റെ അളവ്, രക്തം നല്‍കി 3 മുതല്‍ 4 വരെ ആഴ്ചകള്‍ക്കകം ക്രമീകരിക്കപ്പെടുന്നു. അതായത് ഒരുമാസത്തിനകം നിങ്ങളുടെ രക്തം രക്തദാനത്തിനു മുമ്പുള്ള അവസ്ഥയില്‍ എത്തുന്നു. എന്നാലും ചുരുക്കം ചിലരിലെങ്കിലും വിളര്‍ച്ച ബാധിക്കാതിരിക്കാനാണ് രക്തദാനം മൂന്നുമാസത്തിലൊരിക്കല്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നത്.

രക്തദാനം ചെയ്യുമ്പോള്‍..
                     രക്തദാതാക്കളെ വളരെ ലളിതമായ ചോദ്യവലിയിലൂടെ അവര്‍ രക്തദാനത്തിനു അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നു. വിശദമായ വൈദ്യപരിശോധനയും നടത്തുന്നു (medical checkup). ദാതാവിന്‍റെ പേര്, വയസ്സ്, ജോലി, വിലാസം തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുന്നതിനു ഒരു രജിസ്ട്രേഷന്‍ ഫോറം നല്‍കുന്നു. ഇത് ഒരു സമ്മതപത്രം കൂടിയാണ്. ആയതിനാല്‍ പൂര്‍ണമായും പൂരിപ്പിച്ച് കൈയൊപ്പ്‌ വെയ്ക്കേണ്ടതാണ്. താങ്കളുടെ വിരലിന്‍റെ അഗ്രത്തില്‍ നിന്നും ഹീമോഗ്ലോബിന്‍ പരിശോധനയ്ക്കായി ഒരു തുള്ളി രക്തം കുത്തി എടുക്കുന്നു. ഈ പരിശോധനാ വഴി രക്തത്തില്‍ ഹീമോഗ്ലോബിന്‍ ആവശ്യത്തിനു ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നു. ഇതിനു ശേഷം കൈയിലെ സിരയില്‍ നിന്ന് പ്രത്യേക പ്ലാസ്റിക് ബാഗിലേക്ക് (disposable) രക്തം ശേഖരിക്കുന്നു. ഒരാളില്‍ നിന്നും 350 ML രക്തമാണ് ഒരു സമയം ശേഖരിക്കുന്നത്. ഈ ബാഗുകളില്‍  രക്തം കട്ടപ്പിടിക്കതിരിക്കുന്നതിനുള്ള ഒരു ദ്രാവകം ഉണ്ടായിരിക്കും. രക്തദാനം 5 മുതല്‍ 7 മിനിട്ടുകള്‍ക്കകം പൂര്‍ത്തിയാക്കുന്നു. 30 മുതല്‍ 45 മിനിട്ടുകള്‍ക്കകം താങ്കള്‍ക്കു സാധാരണ ഗതിയില്‍ ചെയ്യാറുള്ള ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. രക്തം എടുത്ത ഭാഗത്ത്‌  ഒട്ടിക്കുന്ന പ്ലാസ്റ്റര്‍ കുറച്ചു മണിക്കൂറുകള്‍ അങ്ങനെ തന്നെ സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ രക്തദാനം നടത്തിയ സ്ഥാനത്തു നിന്ന് രക്തം വാര്‍ന്നു വരുന്നതായി കണ്ടാല്‍ ആ ഭാഗം 5 മിനിട്ട് നേരം ശക്തിയായി അമര്‍ത്തിപ്പിടിക്കുക. രക്തദാനം നടത്തിയ കൈകൊണ്ടു ഒരു ദിവസത്തേക്ക് ഭാരം ഉയര്‍ത്താന്‍ പാടുള്ളതല്ല. പുകവലിയും മദ്യപാനവും രക്തദാനം നടത്തി ഒരു മണിക്കൂര്‍ സമയത്തെക്കെങ്കിലും വര്‍ജ്ജിക്കെണ്ടതാണ്. രക്തം നല്‍കിയതിന്‍റെ പരിരക്ഷ എന്നവണ്ണം കൂടുതല്‍ ആഹാരം കഴിക്കേണ്ടതില്ല. മൂന്നുമാസം കഴിയുമ്പോള്‍ വീണ്ടും  സുരക്ഷിതമായി രക്തദാനം നടത്താവുന്നതാണ്.

എഫെരസിസ് (APHARESIS) എന്ന പ്രത്യേക രീതിവഴിയും രക്തദാനം നടത്താം. ‘എഫരസിസ്’ എന്നത് ഒരു ഗ്രീക്ക് പദമാണ്. ഇതിന്‍റെ അര്‍ഥം “പിന്‍വലിക്കല്‍" എന്നാണ്.ഒരു പ്രത്യേകതരം യന്ത്രം വഴി രക്തത്തിലെ ആവശ്യമുള്ള ഘടകം മാത്രം വേര്‍തിരിച്ചെടുത്ത ശേഷം മറ്റു ഘടകങ്ങള്‍ അതേ സൂചിവഴി  ദാതാവിന് തിരികെ നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നടത്തുന്ന രക്തദാനം മറ്റു രക്തഘടകങ്ങളുടെ  അളവിനെ ബാധിക്കാത്തതുകൊണ്ട്‌, മൂന്നുമാസത്തെ ഇടവേള ഇല്ലാതെ, കൂടുതല്‍ തവണ രക്തദാനം നടത്താവുന്നതാണ്.
“എഫെരിസിസ്” എന്ന പ്രക്രിയ വഴി പ്ലേറ്റ്ലറ്റുകള്‍, രക്തത്തിലെ പ്രോട്ടീനുകള്‍ എന്നിവ ശേഖരിക്കുവാന്‍ സാധിക്കുന്നു. ചികിത്സയില്‍ ഇരിക്കുന്ന രക്താര്‍ബുദ രോഗികള്‍ക്ക് അണുബാധ തടയാന്‍ ശ്വേതാരക്താണുക്കള്‍ മാത്രം വേര്‍തിരിച്ചും ഇതുവഴി നല്‍കാവുന്നതാണ്.






രക്തദാനത്തിന്‍റെ ആവശ്യകത



മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.
അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പൊള്ളല്‍, പ്രസവസംബന്ധമായ രക്തസ്രാവം, അര്‍ബുദങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്നു. അടിക്കടി രക്തം ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രക്തസംബന്ധിയായ രോഗങ്ങള്‍ക്കും അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന അവസരങ്ങളിലും രക്തം ആവശ്യമാണ്‌. രക്തത്തിന്‍റെ ലഭ്യത അതിന്‍റെ ആവശ്യകതയേക്കാള്‍ എത്രയോ കുറവാണ്. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിന് മുതിരുകയാണെങ്കില്‍ ഈ ആവശ്യം നിറവേറ്റപ്പെടാവുന്നതേയുള്ളൂ. അര്‍പ്പണബോധമുള്ള ചുരുക്കം ചില ദാതാക്കളാലാണ് രക്തദാനം എന്ന മഹത് സംരംഭം നിലനിന്നുപോകുന്നത്. ഒരു നിശ്ചിത സമയത്തെക്കുമാത്രമേ രക്തം സൂക്ഷിക്കാനാകു എന്നത് കൊണ്ടാണ് അടിക്കടി രക്തദാനം ആവശ്യമായി വരുന്നത്.

ആരോഗ്യവാനായ ഒരാള്‍ക്ക് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കല്‍ രക്തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്ലാസ്മാ അല്ലെങ്കില്‍ പ്ലേറ്റ്ലേറ്റ്  മാത്രമായിട്ടും ദാനം ചെയ്യാം.


രക്തദാനം രണ്ടു വിധം
1. സന്നദ്ധ രക്തദാനം (VOLUNTARY BLOOD DONATION)
2. റീപ്‌ളേസ്‌മെന്റ് രക്തദാനം
1.സന്നദ്ധ രക്തദാനം
  • ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ആകെയുള്ള രക്തദാനത്തിന്‍റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം. അതിനുള്ള ബോധവല്‍ക്കരണപരിപാടികള്‍ക്ക് ബ്ലഡ്‌ ഡോണേഴ്സ് കേരള നേതൃത്വം നല്‍കുന്നുണ്ട്.
2. റീപ്‌ളേസ്‌മെന്റ് ബ്ലഡ് ഡൊണേഷന്‍
  • അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്‌ളേസ്‌മെന്റ് ബ്‌ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്‌ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനമാണിത്.
മൂന്നാമതൊരു രക്തദാനരീതി കൂടിയുണ്ട്. ഓട്ടലോഗസ് രക്തദാനം (AUTOLOGUS BLOOD DONATION). നമുക്ക് നമ്മുടെ തന്നെ രക്തം മുന്‍കൂട്ടി രക്തബാങ്കില്‍ ശേഖരിച്ചുവയ്ക്കുന്ന രീതിയാണിത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയയ്ക്കോ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ രക്തദാനമാര്‍ഗ്ഗവും ഇത് തന്നെ. ചില പ്രായോഗിക- സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഓട്ടലോഗസ് രക്തദാനം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല നമ്മുടെയിടയില്‍.

©മനോജ്‌ വെള്ളനാട്



രക്തവും രക്തദാനവും/Blood & Blood donations



മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

രക്തം ജീവന്‍റെ ആധാരമാണ്. രക്തദാനം ജീവദാനമാണ്. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കു പ്രകാരം ഭാരതത്തില്‍ ആറു ദശലക്ഷം യൂണിറ്റു രക്തം വര്‍ഷംതോറും വേണ്ടിവരുന്നു. അതിന്‍റെ നേര്‍പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആയിരത്തില്‍ പത്തുപേരില്‍ താഴെ മാത്രമേ നമുക്കിടയില്‍ രക്തദാനം നടത്തുന്നുള്ളൂ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം രക്തദാനത്തില്‍ വളരെ പിന്നാക്കമാണ്.  രക്തദാതാക്കളില്‍ ഏറിയ പങ്കും, തന്‍റെ  പ്രത്യേക രോഗിക്കുമാത്രം രക്തദാനം ചെയ്യുന്നവരാണ്. സ്വമേധയാ രക്തദാനം (voluntary blood donors) നടത്തുന്നവര്‍ ധാരാളമായി രക്തദാനത്തിനായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

രക്തത്തെ പറ്റിയും രക്തദാനത്തെ പറ്റിയും എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തില്‍. ഒരുമിച്ചായാല്‍ നീളം കൂടുമെന്നുള്ളത് കൊണ്ട് പല അധ്യായങ്ങളായി തിരിച്ചിരിക്കുന്നുവെന്ന് മാത്രം. അറിയാൻ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് (ലിങ്കുകള്‍ തുറന്ന്) വായിക്കാം.


Chapter 1- രക്തം- ചില അടിസ്ഥാനവസ്തുതകള്‍
Chapter 2- രക്തഗ്രൂപ്പുകള്‍ 
Chapter 3- രക്തദാനത്തിന്‍റെ ആവശ്യകത 
Chapter 4- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാം?
Chapter 5- ആര്‍ക്കൊക്കെ രക്തദാനം ചെയ്യാന്‍ പാടില്ല ?
Chapter 6- നിങ്ങള്‍ നല്‍കുന്ന രക്തത്തിന് എന്തുസംഭവിക്കുന്നു? 
Chapter 7- ക്രോസ്മാച്ചിംഗ് 
Chapter 8- രക്തദാനം- സാധാരണ സംശയങ്ങള്‍ 




©മനോജ്‌ വെള്ളനാട്