Showing posts with label Science. Show all posts
Showing posts with label Science. Show all posts

വൃക്കകളുടെ യഥാർത്ഥ സ്വഭാവമറിഞ്ഞാൽ നിങ്ങൾ ഞെട്ടും!


1. നമ്മുടെ വൃക്കകൾ രക്തദാഹികളാണ്. ഹൃദയത്തിൽ നിന്നും പമ്പ് ചെയ്യുന്ന രക്തത്തിന്റെ 25 ശതമാനവും രണ്ടു വൃക്കകളും കൂടിയാണ് അടിച്ചു മാറ്റുന്നത്.

2. നമ്മുടെ ആകെ ശരീരഭാരത്തിന്റെ 0.5 ശതമാനം പോലുമില്ലാത്ത ഇത്തിരി കുഞ്ഞന്മാരാണീ പരാക്രമമൊക്കെ കാണിക്കുന്നത്.

3. പയർ മണിയുടെ ആകൃതിയും വെറുമൊരു കമ്പ്യൂട്ടർ മൗസിന്റെ അത്ര മാത്രം വലിപ്പവുമാണൊരു വൃക്കക്കുളളത്.

4. നിരന്തരം, അക്ഷീണം പരിശ്രമിക്കുന്ന രണ്ടു വൃക്കക്കുട്ടന്മാരും കൂടി ഓരോ 30 മിനിട്ടിലും നമ്മുടെ രക്തം പൂർണമായും ശുദ്ധീകരിച്ചു തിരികെ തരുന്നു.

5. അങ്ങനെ ഒരു ദിവസം 50 പ്രാവശ്യമാണ് വൃക്കകൾ രക്തശുദ്ധീകർമ്മം നിർവഹിക്കുന്നത്. എന്നുവച്ചാൽ ഓരോ തുള്ളി രക്തവും ഡെയ്ലി 50 പ്രാവശ്യം വൃക്ക സന്ദർശനം നടത്തുന്നുണ്ട്.

6. ഒരു ഇത്തിരിക്കുഞ്ഞൻ വൃക്കക്കുള്ളിൽ 10 ലക്ഷം നെഫ്രോണുകളാണുള്ളത്. ഈ നെഫ്രോണുകളാണല്ലോ ശരിക്കുമുള്ള അരിപ്പ.

7. നെഫ്രോണുകൾ ഒരു മിനിട്ടിൽ അതിലെത്തുന്ന രക്തത്തിൽ നിന്ന് 125ml അരിച്ചെടുക്കും.

8. ഒന്നു നിക്കണേ. അൽപനേരം കിഡ്നിക്ക് പകരം ആ തലച്ചോറൊന്ന് പ്രവർത്തിപ്പിച്ച് ഈ കണക്കൊന്ന് നോക്കൂ. 125x 60 x 24 = 180000ml. ഒരു ദിവസത്തെ ജോലിയാണ്. അതായത് 180 ലിറ്റർ. 150 ഗ്രാം വീതമുള്ള രണ്ടണ്ണന്മാരും കൂടി ഒരു ദിവസം അരിച്ചെടുക്കുന്നതിന്റെ അളവാണ്!

9. ഒരു ദിവസം കൂടിപ്പോയാൽ ഒന്നര, അല്ലെങ്കിൽ 2 ലിറ്റർ മൂത്രമാണ് ഒരാളൊഴിക്കുന്നത്. എന്നു വച്ചാൽ ഈ അരിച്ചെടുത്ത 180 ലിറ്ററീന്ന് 178 ലിറ്ററും വൃക്കക്കുട്ടന്മാർ തിരിച്ച് വലിച്ചുകേറ്റും. നിങ്ങടെ വീട്ടിലെ പമ്പുസെറ്റിനുണ്ടോ മാഷേ ഇത്രേം കപ്പാസിറ്റി?!

10. ഒരാളുടെ ശരീരത്തിലെ നെഫ്രോണുകളെ നിവർത്തി, ഒന്നിനു പിറകെ ഒന്നായി ചേർത്തുവച്ചാൽ എത്ര നീളം വരുമെന്നറിയാമോ? ഏതാണ്ട് 16 കിലോമീറ്റർ!

11. പിന്നേ, കിഡ്നിക്കേ മൂത്രമുണ്ടാക്കല് മാത്രമല്ല കേട്ടോ പണി. രക്തത്തിലെ ഹീമോഗ്ലോബിനുണ്ടാവാൻ സഹായിക്കുന്ന എറിത്രോ പോയെട്ടിൻ ഉണ്ടാക്കണം, രക്തസമ്മർദ്ദം കൃത്യമാണോന്ന് ചെക്ക് ചെയ്ത്, വ്യത്യാസമുണ്ടെങ്കിൽ അതിനനുസരിച്ച് കറക്റ്റ് ചെയ്യണം, വൈറ്റമിൻ ഡി-യെ കർമ്മോത്സുകനാക്കണം, ശരീരത്തിലെ ആസിഡ്- ബേസ് സന്തുലിതാവസ്ഥ നിലനിർത്തണം, രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങി പിരിയോഡിക് ടേബിളിലുള്ള സകലവന്മാരെയും വരുതിക്ക് നിർത്തണം. ഇനീമൊണ്ട് കുറേ. ഇത്രേക്ക ചെയ്താലും മൂത്രോണ്ടാക്കുന്നവനെന്ന ആ വിളിയാ ബാക്കി.

ഇതൊക്കെ ആലോചിച്ച് ഞാനിടയ്ക്കൊക്കെ അത്ഭുതപ്പെടാറുണ്ട്. ഒരു കൈ വെള്ളേടത്ര പോലുമില്ലെങ്കിലും, ഓഹ്! എന്നാ പെർഫോമൻസാന്നേ..!!
©മനോജ്‌ വെള്ളനാട്


മേരിയുടെ നോട്ടുപുസ്തകം!/ Marie's Notebook


''ഈ പുസ്തകങ്ങൾ നിങ്ങൾ കാണുന്നത് നിങ്ങളുടെ സ്വന്തം റിസ്കിൽ വേണം. ശേഷമുണ്ടാവുന്ന യാതൊരു ഭവിഷ്യത്തിനും ഞങ്ങളുത്തരവാദികളല്ല.''

ഇതൊരു മുന്നറിയിപ്പാണ്. ശ്രദ്ധിക്കണം, പുസ്തകം വായിക്കുന്നതിനല്ലാ, കാണുന്നതിനു മുമ്പുള്ള മുന്നറിയിപ്പാണിത്. വായിച്ചാൽ നിങ്ങൾക്കെന്തെങ്കിലും മനസിലാകുമോ, വായിക്കാൻ നിങ്ങൾക്കറിയാമോ എന്നതൊന്നും ഒരു വിഷയമേയല്ല. കാണണമെങ്കിൽ, അടുത്തു ചെല്ലണമെങ്കിൽ ഈ സമ്മതപത്രം കൂടിയേ തീരൂ. ഏതാണെന്നല്ലേ ഇത്രയും ഭീകരനായ ആ പുസ്തകം. അതാണ്, 'മേരിയുടെ നോട്ടുപുസ്തകം.'

പോളണ്ടിനെ പറ്റി ഒരക്ഷരമല്ലാ, നാലക്ഷരം തന്നെ ശാസ്ത്രസമൂഹത്തെ കൊണ്ട് പറയിപ്പിച്ച വനിതയായിരുന്നു മേരി. ആ നാലക്ഷരം ചേർത്ത് പൊളോണിയം എന്നാണ് വായിക്കുക. അതൊരു റേഡിയോ ആക്ടീവ് മൂലകമായിരുന്നു. അതു കണ്ടെത്തിയത് പോളണ്ടുകാരിയായ ഈ മേരിയായിരുന്നു. ആ മൂലകത്തിന് പൊളോണിയം എന്ന് പേരിടുമ്പോൾ ജന്മരാജ്യത്തോടുള്ള സ്നേഹം മാത്രമല്ല, റഷ്യൻ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രയായിട്ടില്ലാതിരുന്ന അന്നത്തെ പോളണ്ടിന്റെ  രാഷ്ട്രീയമുദ്രാവാക്യം കൂടിയാവുകയിരുന്നു അത്. ഒറ്റയ്ക്ക്, സ്വതന്ത്രമായി നിലനിൽക്കാനുള്ള സ്വരാജ്യത്തിന്റെ അഭിവാഞ്ജ രസതന്ത്രത്തിൽ ചാലിച്ച മേരി. ആ മേരിയുടെ നോട്ടുപുസ്തകത്തെയാണ് നമ്മൾ പേടിയോടെ നോക്കേണ്ടത്. അടുത്തു ചെല്ലാൻ ഭയപ്പെടേണ്ടത്.

ആരാണാ മേരിയെന്നല്ലേ? നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിതയായിരുന്നു അവർ. രണ്ടു തവണ നോബൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയും. രണ്ടു വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തിയും അവർ തന്നെ. മാഡം ക്യൂറിയെന്നും മേരി ക്യൂറിയെന്നുമൊക്കെ നമ്മൾ വിളിക്കുന്ന മേരി സ്ക്ളോഡോവ്സ്ക ക്യൂറി. 1903 ൽ ഫിസിക്സിനുള്ള നോബൽ സമ്മാനം നേടിയ മേഡം ക്യൂറിയ്ക്ക് 1911-ൽ കെമിസ്ട്രിയ്ക്കുള്ള നോബേലും ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിയ്ക്കൊപ്പമായിരുന്നു അവരുടെ ഗവേഷണങ്ങൾ. 'റേഡിയോ ആക്ടിവിറ്റി' എന്ന വാക്ക് തന്നെ അവരുടെ സംഭാവനയാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പുകളെ വേർതിരിച്ചെടുക്കാനുള്ള മാർഗങ്ങൾ ഗവേഷിച്ച് കണ്ടെത്തിയതും ക്യൂറിയും കൂട്ടുകാരുമായിരുന്നു. കാൻസർ ചികിത്സയ്ക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ഉപയോഗിച്ചാലോയെന്ന തോന്നലുകൾ ഉരുത്തിരിഞ്ഞതും അതിനായി പഠനങ്ങൾ ആരംഭിച്ചതും മേരി ക്യൂറിയുടെ മസ്തിഷ്കമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധഭൂമിയിൽ ഉപയോഗിക്കാൻ ഉതകും വിധത്തിലുള്ള Xray മെഷീനുകളും അവർ നിർമ്മിച്ചു നൽകിയത്രേ!



യുറേനിയത്തിന്റെ അയിരിൽ നിന്നായിരുന്നു ക്യൂറി കുടുംബം റേഡിയോ ആക്ടീവ് മൂലകങ്ങളായ പോളോണിയവും റേഡിയവും കണ്ടെത്തുന്നത്. ഇതിൽ പൊളോണിയത്തിന്റെ അർദ്ധായുസ് (Half life) വളരെ കുറവായതിനാൽ അതുവേഗം വികിരണശേഷി നശിച്ച് ഇല്ലാതാകും. എന്നാൽ റേഡിയം അങ്ങനല്ലാ. അതിന്റെ തന്നെ ഒരു ഐസോടോപ്പായ റേഡിയം-226 ന്റെ അർദ്ധായുസ് 1600 വർഷമാണ്. വളരെ നശീകരണശേഷിയുള്ള വികിരണങ്ങൾ പുറപ്പെടുവിക്കുന്ന ഈ 226 കാരൻ റേഡിയമാണ് മേരിയുടെ നോട്ടുപുസ്തകത്തിലെയും വില്ലൻ. മേരി ക്യൂറിയുടെ ജീവിതത്തിലും വില്ലനായത് ഇവൻ തന്നെ. ഈ റേഡിയേഷൻ കാരണം രക്തമജ്ജയെ ബാധിക്കുന്ന അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ചായിരുന്നു മേഡം ക്യൂറിയുടെ മരണവും.

നോട്ടുപുസ്തകത്തിൽ മാത്രമല്ല, മേരി ക്യൂറി ഉപയോഗിച്ചുകൊണ്ടിരുന്ന സകലസാധനങ്ങളിലും ഈ റേഡിയത്തിന്റെ അംശമുണ്ടായിരുന്നു. അല്ലാ, ഇപ്പോഴുമുണ്ട്. മേശ, വസ്ത്രങ്ങൾ, പാത്രങ്ങൾ, പേന അങ്ങനെ സകലതും ഇപ്പോഴും വികിരണവർഷം നടത്തിക്കൊണ്ടേയിരിക്കുന്നു. ഈ വികിരണമേൽക്കുന്നവർക്ക് കാൻസർ, വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സാധ്യതയധികമാണ്. ഇനിയും നൂറ്റാണ്ടുകൾ അതിങ്ങനെ തുടരുകയും ചെയ്യും. അതിനാലാണ് മേരി ക്യൂറിയുടെ ലബോറട്ടറി നോട്സ് സൂക്ഷിക്കുന്ന ഫ്രാൻസിലെ ബിബ്ലിയോത്തിക് മ്യൂസിയം സന്ദർശകർക്ക് ഇങ്ങനൊരു മുന്നറിയിപ്പ് നൽകുന്നത് - ''ഈ പുസ്തകങ്ങൾ നിങ്ങൾ കാണുന്നത് നിങ്ങളുടെ സ്വന്തം റിസ്കിൽ വേണം. ശേഷമുണ്ടാവുന്ന യാതൊരു ഭവിഷ്യത്തിനും ഞങ്ങളുത്തരവാദികളല്ല.'' എഴുതി ഒപ്പിട്ടു കൊടുത്താലേ കാണിക്കൂ.

നോട്ടുബുക്കും മറ്റു സാമഗ്രികളും മാത്രമല്ലല്ലോ. അതുപയോഗിച്ച വ്യക്തിയും റേഡിയം വികിരണത്തിന്റെ സ്രോതസായിരിക്കുമല്ലോ.  പോക്കറ്റിലെപ്പോഴും റേഡിയവുമായി ജീവിച്ച വ്യക്തിയാകുമ്പോൾ പ്രത്യേകിച്ചും. അതെ, മേരി ക്യൂറിയുടെ ഭൗതികശരീരവും മാരകമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതായിരുന്നു. അതിനാൽ ഒരിഞ്ച് വീതിയുള്ള ഈയത്തിൽ (Lead) നിർമ്മിച്ച ശവപ്പെട്ടിയിലാണ് ഭൗതികശാസ്ത്രത്തിന്റെ ആ മാതാവ് അന്ത്യവിശ്രമം കൊള്ളുന്നത്!

©മനോജ്‌ വെള്ളനാട്

പല തള്ളയ്ക്ക് പിറക്കാം..! ടെക്നിക്കലി പോസിബിളാണ്!!


കുമ്പളങ്ങിയിലെ ബേബിമോൾ നല്ല കോമൺസെൻസും അത്യാവശ്യം ശാസ്ത്രബോധവും ഉള്ളവളാണെന്ന് സിനിമ കണ്ടവർക്കറിയാം. പല തന്തയ്ക്കു പിറക്കുന്നത് ടെക്നിക്കലി പോസിബിളല്ലെന്നവൾ പറഞ്ഞത് ആ ബോധമുള്ളോണ്ടാണ്. ഫേസ്ബുക്കിൽ മനോജ് ബ്രൈറ്റ് ബേബിമോളുടെ വാദങ്ങളെ ശാസ്ത്രീയമായി എതിർക്കുകയും പല തന്തയ്ക്ക് പിറക്കുന്നത് 'കൈമെറ' യിലൂടെ പോസിബളാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. പക്ഷെ കൈമെറ ഒരു തിയററ്റിക്കൽ പോസിബിളിറ്റിയായതിനാൽ (കാരണം, അതിന് ജീവനോടെ ജനിക്കാനോ സർവൈവ് ചെയ്യാനൊ ഒക്കത്തില്ല) ആ വാദം വിടാം. പക്ഷെ, പല തള്ളയ്ക്ക്, എന്നുവച്ചാൽ ഒന്നിലധികം അമ്മയും ഒരച്ഛനും ആയി കുഞ്ഞുങ്ങൾ ഉണ്ടാകാം. ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ജീവിക്കുന്നുണ്ട്, സാധാരണകുട്ടികളെപ്പോലെ.

ഒരച്ഛനുമമ്മയ്ക്കുമുണ്ടായ ഭ്രൂണത്തെ മറ്റൊരമ്മയുടെ ഗർഭപാത്രത്തിൽ വളർത്തി (സറോഗേറ്റ് മദർ), പ്രസവിപ്പിക്കുന്ന കാര്യമല്ലേ. ഇതാണോ വല്യ ആനക്കാര്യം എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ തെറ്റി. പല തന്തയ്ക്ക് പിറന്നതെന്ന് കേൾക്കുമ്പോൾ അതൊരു കുറച്ചിലായി തോന്നുന്നതിന് കാരണം, അവിടെ നമ്മുടെ പാരമ്പര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മംഗലശ്ശേരി മാധവമേനോന്റെ മകനല്ല താനെന്നറിയുന്ന നീലകണ്ഠന്റെ ഫ്രസ്ട്രേഷൻ നമ്മൾ കണ്ടിട്ടുള്ളതാണല്ലോ. അപ്പൊ അതാണ് കാര്യം. പാരമ്പര്യം അഥവാ ജനിതകം, എന്നുവച്ചാ ജെനറ്റിക്സിനെയാണ്, ഞാനെന്ന ശരിക്കും ഞാനിനെയാണ് ആ വിളി ഹർട്ട് ചെയ്യുന്നത്.

ജെനറ്റിക്സ് എന്നാൽ ജീനുകളെ സംബന്ധിച്ചത് എന്നർത്ഥം. നമ്മളാരാണ്, എന്താണ്, ആരുടെ ആരാണ് എന്നൊക്കെ തീരുമാനിക്കുന്നത് ഈ ജീനുകളാണ്. ഒരു കുഞ്ഞുണ്ടാവുന്നത് അച്ഛന്റേന്ന് പകുതിയും അമ്മേടേന്ന് പകുതിയും ജീനുകൾ സംയോജിച്ചാണല്ലോ. ഈ ജീനുകളിരിക്കുന്നത് DNA യിലാണ് (അതെ, ഫാദർ റോബിൻ വടക്കുംചേരിക്ക് പണി കൊടുത്ത അതേ DNA). ഈ DNA ഉള്ളത് ക്രോമസോമിനുള്ളിലും ക്രോമസോം കോശത്തിലെ ന്യൂക്ലിയസിലുമാണ് കുടികൊള്ളുന്നത്‌. അച്ഛന്റെ ബീജത്തിലെ ന്യൂക്ലിയസിനുള്ളിൽ 23 (22+X or 22+Y) ക്രോമസോമും അമ്മയുടെ അണ്ഡത്തിലെ ന്യൂക്ലിയസിനുള്ളിൽ മറ്റൊരു 23 (22+X) ക്രോമസോമുമാണ് ഉള്ളത്.

ബീജസംയോജന സമയത്ത് പുരുഷബീജത്തിലെ നൂക്ലിയസ് (ന്യൂക്ലിയസ് മാത്രം) അമ്മയുടെ അണ്ഡത്തിനകത്തേക്ക് കടക്കും. അണ്ഡത്തിനകത്തെ അരണ്ട നിലാവെളിച്ചത്തിൽ, ആ മൈറ്റോക്കോൺട്രിയൽ തണലിൽ വച്ച്  ന്യൂക്ലിയസുകൾ പരസ്പരം കണ്ടുമുട്ടും. കെട്ടിപ്പുണരും. അവരൊന്നാകും. പഴയ ജാതകങ്ങളിലെ ഫൈനൽ ഡയലോഗു പോലെ, ശേഷം ചിന്ത്യം. എന്നുവച്ചാ ബാക്കി ഊഹിച്ചോളാൻ. മേൽപ്പറഞ്ഞ പോലെയൊക്കെയാണ് സാധാരണഗതിയിൽ ബീജസംയോജനം നടക്കുന്നതും അതു വളർന്നു കുട്ടിയുണ്ടാകുന്നതും ആ കുട്ടി അച്ഛന്റെയും അമ്മയുടെയും ജനിതകം അതിനുള്ളിലിരുന്ന് പ്രവർത്തിക്കുന്നതനുസരിച്ച് അവരുടെ കുട്ടിയായി വളരുന്നതും.

കഥയിൽ ട്വിസ്റ്റ് ഇനിയാണ്. മനുഷ്യശരീരകോശങ്ങളിൽ ജനിതകമുള്ള, എന്നുവച്ചാൽ സ്വന്തമായി പാരമ്പര്യമവകാശപ്പെടാൻ യോഗ്യതയുള്ളത് ന്യൂക്ലിയസിന് മാത്രമല്ല. മൈറ്റോക്കോൺട്രിയയ്ക്കുമുണ്ട് ആ യോഗ്യത. സ്വന്തമായി DNA ഉള്ളതുകൊണ്ടുതന്നെ, കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള ആളാണീ മൈ.കോ. ഒരു കോശത്തിൽ തന്നെ ഒരുപാട് മൈറ്റോക്കോൺട്രിയകളുമുണ്ട്. മൈ.കോ.യിലെ DNA യിൽ പ്രശ്നങ്ങളുണ്ടായാലും നമുക്ക് ജനിതകവൈകല്യങ്ങൾ ഉണ്ടാവാം (ഗൂഗിളിൽ mitochondrial DNA disorders സെർച്ച് ചെയ്താ കാണാം). സാധാരണ ബീജസംയോജനം നടന്ന് കുട്ടികളുണ്ടാവുമ്പോൾ അമ്മയുടെ അണ്ഡത്തിനുള്ളിലെ ഈ മൈ.കോ. DNA കൂടി മക്കൾക്ക് കിട്ടും. അതങ്ങനെ അമ്മ വഴി, പെൺമക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കൊണ്ടേയിരിക്കും (ചുരുക്കിപ്പറഞ്ഞാൽ നമ്മൾ മേൽപ്പറഞ്ഞ 50:50 അല്ല. കുട്ടിയുടെമേൽ അച്ഛനേക്കാൾ ജനിതക ഷെയർ അവകാശപ്പെടാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നർത്ഥം).

ചിലപ്പോൾ ഈ മൈ.കോ. DNA യിലെ എന്തെങ്കിലും ഗുരുതരമായപ്രശ്നങ്ങൾ കാരണമോ അല്ലെങ്കിൽ അണ്ഡത്തിലെ കോശദ്രവത്തിന്റെ പ്രശ്നം കാരണമോ ബീജസംയോജനം നടന്നാലും അതൊരു കുട്ടിയായി മാറില്ല. ഇക്കാരണത്താൽ വന്ധ്യതയനുഭവിക്കുന്നവരിൽ എല്ലാ ടെസ്റ്റുകളും ചികിത്സാവിധികളും പരാജയമായിരിക്കും. IVF ഓ ICSI യോ ഒക്കെ ചെയ്യുമ്പോഴും അത് വീണ്ടും വീണ്ടും പരാജയപ്പെടും. ആ അവസരത്തിലായിരിക്കും എല്ലാറ്റിനും കാരണമിതാണെന്ന് കണ്ടെത്തപ്പെടുന്നത്. കട്ട ഡെസ്പ് സീനാണ്. കാരണം ആ അച്ഛനുമമ്മയ്ക്കും കുട്ടികളുണ്ടാവില്ല. ഉണ്ടായാൽ തന്നെ ജനിതകവൈകല്യങ്ങളോടെ ആയിരിക്കും.

ഈ അവസ്ഥയ്ക്കൊരു പരിഹാരമാണ് "പ്രോന്യൂക്ലിയാർ ട്രാൻസ്ഫർ'' എന്ന ടെക്നിക്ക്. ഇവിടെ നമുക്കൊരു ദാതാവിനെ ആവശ്യമുണ്ട്. ദാതാവെന്നുവച്ചാൽ സ്വന്തം അണ്ഡം (ovum) ദാനം ചെയ്യാൻ മാത്രം വിശാലമനസുള്ളൊരാൾ. ഇവിടെ ചെയ്യുന്നത്, ആദ്യം ദമ്പതികളിൽ നിന്നും ആരോഗ്യമുള്ള അണ്ഡവും ബീജവും ശേഖരിക്കും. ശേഷം ദാതാവിൽ നിന്നും അണ്ഡങ്ങളും ശേഖരിക്കും. ICSI ടെക്നിക്കിലേതു പോലെ അമ്മയുടെ അണ്ഡകോശത്തിനുള്ളിലേക്ക് അച്ഛന്റെ ബീജത്തിന്റെ ന്യൂക്ലിയസ് ഇൻജക്റ്റ് ചെയ്യും. ഇങ്ങനെ സംയോജിച്ചുണ്ടാകുന്ന പുതിയ ന്യൂക്ലിയസിനെ അമ്മയുടെ അണ്ഡകോശത്തിൽ നിന്നും സൂത്രത്തിൽ പുറത്തെടുക്കും. ശേഷം ദാതാവിന്റെ അണ്ഡകോശത്തിൽ നിന്നും അതിലെ ന്യൂക്ലിയസ് എടുത്തുമാറ്റും. എന്നിട്ടതിലേക്ക് സംയോജിപ്പിച്ചു വച്ചേക്കുന്ന ന്യൂക്ലിയസ് ഇൻജക്റ്റ് ചെയ്യും. ഇതല്ലെങ്കിൽ അമ്മയുടെ ന്യൂക്ലിയസ് ആദ്യമേ ദാതാവിന്റെ അണ്ഡകോശത്തിലേക്ക് ട്രാൻസ്ഫർ ചെയ്തശേഷം, ബീജസംയോജനം നടത്തുകയും ആവാം. എങ്ങനെയായാലും അങ്ങനെയുണ്ടാവുന്ന പുതിയ സിക്താണ്ഡത്തെ അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. സിക്താണ്ഡം പിന്നെ കേരള കോൺഗ്രസാവും. പിളർന്നും വളർന്നും വളരുന്തോറും പിന്നേം പിളർന്നും അതൊരു സാധാരണ മനുഷ്യക്കുഞ്ഞാവും.

ഇങ്ങനെ ഉണ്ടാവുന്ന കുഞ്ഞുങ്ങളിൽ മൂന്നുപേരുടെ  ജനിതകഘടകങ്ങൾ ഉണ്ടാവും. യഥാർത്ഥ അച്ഛനമ്മമാരുടെ ന്യൂക്ലിയാർ DNA യും ദാതാവിന്റെ മൈ. കോ. DNA യും. അതായത്, ബയോളജിക്കലി രണ്ടമ്മയും ഒരച്ഛനും. ഇങ്ങനെ "പ്രോന്യൂക്ലിയാർ ട്രാൻസ്ഫർ" വഴി ആദ്യത്തെ കുഞ്ഞ് 2016 ഏപ്രിലിൽ ജോർദ്ദാൻ ദമ്പതികൾക്ക് അമേരിക്കയിൽ ജനിച്ചു. ന്യൂയോർക്കിലെ ന്യൂ ഹോപ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. ജോൺ ഴാങ്ങിന്റെ നേതൃത്വത്തിലായിരുന്നു അത്.



കുമ്പളങ്ങിയിലെ ബേബി മോൾ ശാസ്ത്രബോധമുള്ളവളാണ്. സൂപ്പറാണ്. അവൾക്കിതറിയാമായിരിക്കും ചിലപ്പോൾ. കുമ്പളങ്ങിയ്ക്ക് പുറത്തെ ബേബിമോൾമാർ കൂടി സൂപ്പറാവട്ടെ.

©മനോജ്‌ വെള്ളനാട്

ALS എന്ന അപൂർവ്വരോഗവും ഹോക്കിങ്ങ് എന്ന അത്ഭുതവും

ഓരോ തലമുറയിലും ശാസ്ത്രത്തിന് ഓരോ പതാക വാഹകരുണ്ട്. ഐസക് ന്യൂട്ടൺ , ആൽബർട്ട് ഐൻസ്റ്റൈൻ , റിച്ചാർഡ് ഫെയ്ന്മാൻ എന്നിവരൊക്കെ മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റി വിടുന്ന രീതിയിൽ മൗലികമായ കണ്ടുപിടിത്തങ്ങൾ നടത്തിയവരും അതുവഴി മുഴുവൻ ലോകത്തിന്റെയും ആരാധനാപാത്രമായവരുമാണ് . മനുഷ്യരാശിയുടെ പുരോഗതിക്കുള്ള  ഒരേയൊരു പ്രത്യാശ ശാസ്ത്രമാണ് എന്നതിനാൽ ഒരു പക്ഷേ സമൂഹത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായ സ്ഥാനമാണ് ഇത്തരത്തിലുള്ളവർ വഹിക്കുന്നത് . നമ്മുടെ തലമുറയിൽ ശാസ്ത്രത്തിന് അത്തരത്തിലൊരു പതാകവാഹകൻ ഉണ്ടായിരുന്നു . ശ്രീ സ്റ്റീഫൻ ഹോക്കിങ് .  പ്രപഞ്ചവിജ്ഞാനീയത്തിൽ മൗലികമായ സംഭാവനകൾ നൽകുന്നതിൽ മാത്രമല്ല അത് പൊതുജനങ്ങൾക്ക് പോലും മനസ്സിലാവുന്ന ഭാഷയിൽ വിശദീകരിച്ചു കൊടുക്കാനും അദ്ദേഹം തന്റെ കഴിവുകൾ വിനിയോഗിച്ചു . അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന മാരകമായ അസുഖം ബാധിച്ച അദ്ദേഹം ഇത്രയും കാലം തന്റെ രോഗത്തോട് പടവെട്ടി ജീവിച്ചിരുന്നത് വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ് . എന്നാൽ അദ്ദേഹത്തെപ്പോലെ പലരും നൽകിയ സംഭാവനകളാൽ പുഷ്ടിപ്പെട്ട ശാസ്ത്രത്തിന്റെ മാസ്മരിക കഴിവുകളാണ്  അദ്ദേഹത്തിന്റെ ജീവൻ നീട്ടിക്കൊടുത്തത് എന്ന് കരുതുന്നതിൽ തെറ്റില്ല.



1963-ൽ തന്റെ ഇരുപത്തൊന്നാം വയസിൽ വൈദ്യശാസ്ത്രം പരമാവധി രണ്ടുവർഷം കൂടി മാത്രം ആയുസുവിധിച്ച ഹോക്കിംഗ് തന്റെ ഇച്ഛാശക്തിയും സ്വന്തം ജീവിതസപര്യയും മതവുമായി അദ്ദേഹം കരുതിയ ശാസ്ത്രത്തിന്റെ പിന്തുണയും കൊണ്ട് പിന്നെയും ജീവിച്ചത്, 55 വർഷങ്ങൾ! അതും വെറുതെ ജീവിക്കുകയായിരുന്നില്ല, സ്വന്തം തലച്ചോറിനെ കാലത്തിനും ബാഹ്യപ്രപഞ്ചത്തിനും ചുറ്റും അലയാനും അറിയാനും പറത്തിവിട്ട് ഒരു വീൽച്ചെയറിൽ ലോകത്തെ ശാസ്ത്രകുതുകികളെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിച്ചു. ഐൻസ്റ്റീനു ശേഷം വന്ന അപാരപ്രതിഭാശാലിയായ ഭൗതികശാസ്ത്രജ്ഞനെന്ന പേരിൽ മാത്രമല്ലാ, തന്റെ യുദ്ധവിരുദ്ധ നിലപാടുകളിലൂടെ മാനവികതയ്ക്കും മൂല്യം കൽപ്പിച്ചിരുന്ന ശാസ്ത്രജ്ഞനെന്ന പേരിൽ ആ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലി.

ഒപ്പം അദ്ദേഹത്തിന്റെ 21 ആം വയസുമുതൽ ജീവിതകാലത്തുടനീളം ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്ന, അപൂർവ്വമായ ആ രോഗത്തെ പറ്റി ചെറുതായെങ്കിലും അറിഞ്ഞു വയ്ക്കാൻ ഈ സമയം ഉപയോഗിക്കാം.

മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ നാഡീ വ്യവസ്ഥയാണ് . ചുറ്റുപാടും നിന്നുള്ള വിവരങ്ങൾ വൈദ്യുത തരംഗങ്ങളായി തലച്ചോർ എന്ന അത്ഭുതകരമായ കമ്പ്യൂട്ടറിലേക്ക് പായുന്നു . അവിടെ നിന്ന് തരംഗങ്ങൾ വിശകലനം ചെയ്യപ്പെടുകയും അവയ്ക്ക് അർത്ഥം കൽപ്പിക്കുകയും ചെയ്യുന്നു . പിന്നീടാണ് ഇവയോടുള്ള പ്രതികരണം . ശരീരത്തിലെ പേശീതന്തുക്കളിൽ ഏതൊക്കെ അനങ്ങണം അവ എത്രയൊക്കെ അനങ്ങണം എന്നെല്ലാമുള്ള സന്ദേശങ്ങൾ തിരിച്ചു നാഡികളിലൂടെ പേശികളിലേക്ക് പായുന്നു ‌. സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ചെയ്യുന്നത് മുതൽ ഏറ്റവും അടിസ്ഥാനമായ ശ്വാസോച്ഛ്വാസം വരെയുള്ള  എല്ലാ പേശീ പ്രവർത്തനങ്ങളിലും ഇത്തരത്തിൽ  വൈദ്യുത ആവേഗങ്ങൾ കടന്നുപോകുന്ന ചാലുകൾ അത്യാവശ്യമാണ്. ഈ ചാലുകളുടെ സാവധാനം ഉള്ളതും തിരിച്ചുപിടിക്കാൻ ആകാത്തതും ആയ നാശമാണ് അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (Amyotrophic Lateral Sclerosis, ALS). മോട്ടോർ ന്യൂറോൺ ഡിസീസസ് (MNDs) എന്നു പറയുന്ന ഒരു കൂട്ടം രോഗങ്ങളിൽ ഒന്നാണീ ALS.  ഇന്നേവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത രോഗം. രോഗം തിരിച്ചറിഞ്ഞാലും അതിന്റെ പുരോഗതി തടയാനുള്ള മരുന്നുകൾ പോലും നമുക്ക് ഇന്ന് ലഭ്യമല്ല. പൂർണ്ണമായി ബോധവും ധിഷണാശേഷിയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനവും അടക്കം എല്ലാമുള്ള ഒരു മനുഷ്യൻ കൂട്ടിലടച്ച കിളിയെപ്പോലെ ഒരു പേശിയുമനക്കാനാവാതെ കുരുങ്ങിപ്പോകുന്നു . അതിൽ നിന്ന് ഒരേയൊരു മോചനം മരണമാണുതാനും ‌. മസിലുകളുടെ കടുപ്പവും അനുസരണക്കുറവുമായാണ് അസുഖം തുടങ്ങുന്നതെങ്കിലും സാവധാനം ഓട്ടവും നടത്തവും ഭക്ഷണം കഴിക്കലും എന്തിന് ശ്വാസോച്ഛ്വാസം പോലും സാധ്യമാകാതെ വരും. ഉപയോഗിക്കപ്പെടാത്ത പേശികൾ കൊലുന്നനെ മുരടിച്ച് നശിച്ചുപോകും. A-myo-trophic എന്നു പറഞ്ഞാൽ മസിലുകൾ ചുരുങ്ങിപ്പോകുക എന്നാണർത്ഥം.  രോഗബാധിതരിൽ മിക്കവരും അഞ്ചുവർഷം തികയ്ക്കാറില്ല .

ഏതു പ്രായത്തിലും ലിംഗത്തിലും പെട്ടവരെയും രോഗം ബാധിക്കാമെങ്കിലും കൂടുതലായി കണ്ടുവരുന്നത് മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാരിലാണ്. ALS ൽ ഈ നാഡീകോശനാശം എന്തുകൊണ്ടുണ്ടാകുന്നുവെന്നത് ഇന്നും അജ്ഞാതമാണ്. 10-12 ശതമാനം രോഗികളിൽ പാരമ്പര്യമായിട്ടാണ് ഈ രോഗം വന്നിട്ടുള്ളത്. എന്നാൽ 90% ആൾക്കാരിലും കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ലാ. പാരമ്പര്യം, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, ജനിതകപരമായ വൈകല്യങ്ങളൊക്കെ കാരണമാകാമെന്നാണ് നിഗമനം. ജനിതകപ്രശ്നത്തിൽ പ്രധാനമായും പറയുന്നത് 21 ആം ക്രോമസോമിലെ സൂപ്പർ ഓക്സൈഡ് ഡിസ്മ്യൂട്ടേസ് എന്ന എൻസൈമിനെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രശ്നമാണ്. സ്റ്റീഫൻ ഹോക്കിങ്ങിന്റെ കാര്യത്തിലും രോഗകാരണം അജ്ഞാതമായി തന്നെ തുടരുന്നു.

മോട്ടോർ നാഡീകോശങ്ങൾ പതിയെപ്പതിയെ നശിക്കുന്ന ALS ന്റെ തുടക്കത്തിൽ കൈകാലുകൾക്ക് ചെറിയ തളർച്ചയും പേശികളിലെ തുടിപ്പു (Fasciculations) മായിരിക്കും രോഗലക്ഷണങ്ങൾ. ഈ വക ചെറിയ പ്രശ്നങ്ങൾ കാലക്രമേണ കൂടിക്കൂടി വരികയും കാലുകൾ അതിബലത്താൽ മടക്കാനോ നിവർത്താനോ കഴിയാത്ത അവസ്ഥയാവും. കൈകൾ തളർന്നു തീരെ ബലമില്ലാതാകും. നെഞ്ചിലെ പേശികളും ഡയഫ്രവും തളരുമ്പോൾ രോഗിയ്ക്ക് സ്വന്തമായി ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതി വരും. കഴുത്തിലെയും തൊണ്ടയിലെയും വായയ്ക്കുള്ളിലെയും പേശികൾ തളരുമ്പോൾ ഭക്ഷണമിറക്കാനോ ശബ്ദമുണ്ടാക്കാനോ ശ്വസിക്കാനോ കഴിയാതെ വരും. ഒരാളുടെ സഹായത്തോടെ പോലും ഒന്ന് നിൽക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയാവും.

കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന പേശികളും ആമാശയം, കുടൽ, മൂത്രസഞ്ചി, ഹൃദയം എന്നിവയിലെ മസിലുകളെയും ALS സാധാരണഗതിയിൽ ബാധിക്കാറില്ല. അതിനാൽ ഭക്ഷണം ട്യൂബുവഴി നൽകിയാൽ ദഹനവും വിസർജനവുമൊക്കെ സാധാരണ പോലെ നടക്കും. മാത്രമല്ല സ്പർശം, കേൾവി, കാഴ്ച, രുചി, ഗന്ധം, വേദന, ലൈംഗികചോദനകൾ, പ്രത്യുത്പാദനം തുടങ്ങിയവയെല്ലാം സാധാരണ എല്ലാവരെയും പോലെ അറിയാനും ആസ്വദിക്കാനും സാധിക്കും.

സാധാരണഗതിയിൽ കൈകാലുകളെയാണ് ALS ബാധിച്ചു തുടങ്ങുന്നതെങ്കിലും, അത് ഏത് ഭാഗത്തെ പേശികളിലും തുടങ്ങാവുന്നതാണ്. നെഞ്ചിലെ പേശികളെ ആദ്യമേ ബാധിച്ചാൽ വളരെ നേരത്തെ ശ്വസനസഹായികളെയൊക്കെ (ventillators) ആശ്രയിക്കേണ്ടി വന്നേക്കും. മാത്രമല്ല, ഒരു ഭാഗത്തെ ബാധിച്ചു തുടങ്ങിയ രോഗം എത്രവേഗത്തിൽ മറ്റു ശരീരഭാഗങ്ങളെ ബാധിക്കുമെന്നത് വ്യക്തിഗതമായി വ്യത്യാസപ്പെട്ടിരിക്കും. മറ്റു പേശികളെ ബാധിച്ചുതുടങ്ങുമ്പോൾ ആദ്യം ബാധിച്ച ഭാഗങ്ങളിൽ രോഗം കൂടുതൽ രൂക്ഷമാകുകയും ചെയ്യും.

ഈ രോഗത്തിന് ചികിത്സയില്ലായെന്നതാണ് ഇതിലെ ഏറ്റവും ദാരുണമായ കാര്യം. നാഡീനാശത്തിന്റെ തോത് കുറയ്ക്കുന്ന ചില മരുന്നുകൾ ഉണ്ടെങ്കിലും പൂർണമായും രോഗവ്യാപം തടയാനുള്ള കഴിവതിനില്ല. കാലാകാലങ്ങളിൽ ആവശ്യമായ പരിചരണങ്ങൾ, ഉദാഹരണത്തിന് ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിൽ വെന്റിലേറ്റർ സഹായം, മുക്കിലൂടെയോ വയറുതുളച്ചോ കുഴലുകടത്തി ഭക്ഷണം നൽകുക, ശ്വാസനാളത്തിന് തളർച്ച വന്നാൽ ട്രക്കിയോസ്റ്റമി (Tracheostomy) ഒക്കെ നൽകുക മാത്രമാണ് പോംവഴി. സാധാരണഗതിയിൽ രോഗനിർണയം കഴിഞ്ഞാൽ രണ്ടുമൂന്നു വർഷത്തിനുള്ളിൽ രോഗി മരിക്കുന്നതാണ് ഈ രോഗത്തിന്റെ വിധി. മരണകാരണം പലപ്പോഴും ശ്വാസകോശസംബന്ധിയായ രോഗങ്ങളാവും.

ALS എന്ന രോഗത്തിന്റെ ചരിത്രത്തിലെ തന്നെ അത്ഭുതങ്ങളിലൊന്നാണ് സ്റ്റീഫൻ ഹോക്കിംഗ്. പലപ്പോഴും മരണവക്ത്രത്തിൽ നിന്നും അദ്ദേഹം തിരിച്ചു വന്നിട്ടുള്ളതാണ്. എന്നിട്ടിപ്പോൾ ഏതൊരു സാധാരണ മനുഷ്യനെയും പോലെ തന്റെ വാർദ്ധക്യത്തിൽ, ചെയ്യേണ്ടതൊക്കെ ചെയ്തശേഷം മരിച്ചുപോയിരിക്കുന്നു.

പക്ഷെ ഏതൊരാളെയും ബാധിക്കുന്ന പോലെ തന്നെയായിരുന്നു ഹോക്കിങ്ങിനെയും ALS പിടികൂടിയത്. കൈകാലുകളിൽ തുടങ്ങി മറ്റെല്ലാ ഐച്ഛിക പേശികളിലേക്കും ക്രമേണ രോഗം പടർന്നു. രോഗത്തിന് കീഴടക്കാൻ സാധിക്കാതിരുന്ന രണ്ടുകാര്യങ്ങൾ ആ മനസും ജീവനുമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, ''അത് രണ്ടും സ്റ്റീഫൻ ഹോക്കിങ്ങിന്റേതായിരുന്നു'' എന്ന്. രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെ തുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു. തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായപ്പോൾ ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. Speech Synthesizer എന്നാണതിനു പറയുന്നത്. വീൽചെയറിൽ ഘടിപ്പിച്ച കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിച്ചത്.

ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഹോക്കിങ്ങിനെ ആവശ്യമായിരുന്നു. ഹോക്കിങ്ങിന്റെ ജീവൻ നിലനിർത്തേണ്ടത് ശാസ്ത്രത്തിന്റെ ബാധ്യതയും. ശാസ്ത്രവും മനുഷ്യനും ഒരുപോലെ പോരാടി വിജയിച്ച അപൂർവ്വം ചരിത്രങ്ങളിലൊന്നാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റേത്.

©മനോജ്‌ വെള്ളനാട്

ഐൻസ്റ്റീന്റെ തലച്ചോർ!/Einstein's Brain!




അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആൽബർട്ട് ഐൻസ്റ്റീൻ. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോർ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവർ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.

1955 ൽ ഐൻസ്റ്റീൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ തോമസ് ഹാർവ്വി ആ തലച്ചോർ വേർപെടുത്തിയെടുത്തു (റൊണാൾഡ് ക്ലാർക്കിന്റെ ഐൻസ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തിൽ, മരിക്കുന്നതിന് മുമ്പേ ഐൻസ്റ്റീൻ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോർ ഗവേഷണങ്ങൾക്കുപയോഗിക്കാൻ. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തിൽ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവിൽ ഐൻസ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ എല്ലാം കോംപ്ലിമെന്റ്സാക്കി).

ഐൻസ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാർവ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂർത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാൾ (1300-1400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ ഹാർവ്വിയെടുത്തു. ആ ചെറിയ തലച്ചോറിൽ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇൻഫീരിയർ പരൈറ്റൽ ലോബിന്റെ വലിപ്പം സാധാരണയേക്കാൾ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.

ഡോ. ഹാർവി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണിൽ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താൻ നോക്കി. എന്നാൽ 1978 വരെയും ഇതൊന്നും വേറാർക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വർഷത്തിലധികം ഒരു സിഡർ ബോക്സിനുള്ളിൽ ആൾക്കഹോളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓർമ്മയുടെയും ഇലക്ട്രോൺ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ൽ സ്റ്റീഫൻ ലെവിയെന്ന ജേണലിസ്റ്റാണ് ഹാർവിയുടെ കയ്യിൽ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ഈ തലച്ചോർ കഷ്ണങ്ങൾ കുറച്ചു വീതം നൽകുകയും ചെയ്തത്.

1984-ലാണ് ഐൻസ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോർട്ട് പുറത്ത് വരുന്നത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മരിയൻ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയൽ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകൾക്ക് ഭക്ഷണമെത്തിക്കുക, അവർക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയൽ കോശങ്ങൾ. ഐൻസ്റ്റീന്റെ തലച്ചോറിൽ ഈ സഹായീകോശങ്ങൾ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇൻഫീരിയർ പരൈറ്റൽ ഭാഗങ്ങളിൽ. ഏത്, നമ്മുടെ കണക്കുമുറി തന്നെ.

2001-ൽ മറ്റൊരു കാലിഫോർണിയൻ സംഘം ഐൻസ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓർത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോർടെക്സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവർക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോർട്ടെക്സ്.

2013-ലെ ബ്രെയിൻ ജേണലിൽ മറ്റൊരു പഠനം കൂടി വന്നു. ഐൻസ്റ്റീൻ തലച്ചോറിന്റെ കോർപ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതു-വലതു പാതികളെ തമ്മിൽ ഘടനാപരമായും ധാർമ്മികമായും ചേർത്തു നിർത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അർത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോർട്ടിന്റെ സാരം.

വേറെയും പലതരം പലതലങ്ങളിലുള്ള ചർച്ചകളും തർക്കങ്ങളും ഐൻസ്റ്റീന്റെ തലച്ചോർ തുടങ്ങി വച്ചിരുന്നു. സിൽവിയൻ ഫിഷർ (Sylvian fissure) എന്ന രണ്ടു ലോബുകൾക്കിടയിൽ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റൽ ഓപർക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐൻസ്റ്റീൻ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങൾ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാർവ്വി 1955 ലെടുത്ത വിവിധ കോണുകളിൽ നിന്നുള്ള മസ്തിഷ്കചിത്രങ്ങൾ വച്ചുകൊണ്ടുള്ള നിഗമനങ്ങൾ മാത്രമാണ്. തലച്ചോർ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തർക്കം നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോർ കഷ്ണങ്ങളും മൈക്രോസ്കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്.

പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്ക ഭാഗങ്ങൾ ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയത്തിലും. മട്ടർ മ്യൂസിയത്തിൽ ഈ തലച്ചോറിനെ കാണികൾക്ക് മൈക്രോസ്കോപ്പിലൂടെ കാണാവുന്ന വിധത്തിൽ സ്ലൈഡുകളായി പ്രദർശിപ്പിച്ചിട്ടുണ്ട്.

ഐൻസ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തിൽ മറ്റു ചിലരുടെയും തലച്ചോറുകൾ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാൾ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞൻ, വ്ലാഡിമിർ ലെനിൻ, എഡ്വാർഡ് റുളോഫ് തുടങ്ങിയവരൊക്കെ അതിൽപെടും.

തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്കൂളുകളിലോ മോട്ടിവേഷൻ ക്ലാസുകളിലോ കേട്ടിരിക്കാൻ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മൾ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐൻസ്റ്റീൻ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോർമ്മ). എന്നാലിത് തെറ്റാണ്!

നമ്മൾ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവർത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാൽ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോർട്ടെക്സ് പ്രവർത്തനനിരതമായിരിക്കുമ്പോൾ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാൻ പറ്റൂ. ചിന്തിക്കാൻ, ചിന്തകളെ സ്വാംശീകരിക്കാൻ, അടക്കിയൊതുക്കി സൂക്ഷിക്കാൻ, ആവശ്യം വരുമ്പോൾ തിരിച്ചെടുത്ത് ഉപയോഗിക്കാൻ, കാണാൻ, കേൾക്കാൻ, മിണ്ടാൻ, ഓടാൻ, ചാടാൻ, ആസ്വദിക്കാൻ, സ്നേഹിക്കാൻ, ദേഷ്യപ്പെടാൻ, കാമിക്കാൻ, വിശക്കാൻ, മനസുനിറഞ്ഞു ചിരിക്കാൻ, ചിലപ്പോഴൊക്കെ ഛർദ്ദിക്കാൻ പോലും, ഇങ്ങനെ നൂറുജോലികൾ ചെയ്യാൻ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ.  കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ, നമ്മളുണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോൾ പോലും ഈ ഭയങ്കരൻ ചെയ്യുന്നത്!

മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 20 ശതമാനവും (5 ൽ 1) തലച്ചോറാണ് ഉപയോഗിച്ചു തീർക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതിൽ തെറ്റില്ലാ.

©മനോജ്‌ വെള്ളനാട്

നവമാധ്യമ ആരോഗ്യ (തട്)ടിപ്പുകൾ / Medical Internet Hoaxes


ഫ്രൂട്ടി ജ്യൂസ്‌ കമ്പനിയിലെ എയിഡ്സ് രോഗിയായ ഒരു തൊഴിലാളി എച്ച്.ഐ.വി.അണുക്കൾ കലർന്ന  തന്‍റെ രക്തം ഉൽപ്പന്നത്തിൽ കലർത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അവരുടെ ഒരു ഉൽപ്പന്നവും കുറച്ചുനാളത്തേക്ക് വാങ്ങരുതെന്നും പറഞ്ഞുകൊണ്ടുള്ള ഒരറിയിപ്പ് ഫേസ്ബുക്കും വാട്സാപ്പും വഴി കറങ്ങി നടക്കാൻ തുടങ്ങിയിട്ടുകുറേ ആയി. എവിടുന്നൊക്കെയോ ഇടയ്ക്കിടയ്ക്ക് അത്  പൊങ്ങി വരികയും ചെയ്യും. ഒരാധികാരികതയുടെ പിൻബലത്തിനായി ഡൽഹി പോലീസാണ് ഈ വാർത്ത‍ പുറത്തുവിട്ടതെന്നും NDTV ഇത് റിപ്പോർട്ട്‌ ചെയ്തുവെന്നും കൂടി ചേർത്തിട്ടുണ്ട്. ഇതാ എന്‍റെ കയ്യിൽ അവസാനം വന്ന വാർത്തയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെയായി  ഒരു അഖിലേന്ത്യാതല ബോധവൽക്കരണത്തിനുള്ള കോപ്പുകൂട്ടൽ കാണാം. ഈ സ്ക്രീൻ ഷോട്ട് കണ്ടാ  മനസിലാകും.


ഒരു കവിതയോ അനുഭവമോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ലാഘവത്തോടെയാണ് HOAX എന്നറിയപ്പെടുന്ന ഇത്തരം പറ്റിപ്പ്‌ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പരക്കുന്നത്. ഇവ പലപ്പോഴും നിരുപദ്രവകരമായി തോന്നാമെങ്കിലും ചിലപ്പോഴെങ്കിലും അതങ്ങനെ അല്ലാതെയും ആകും. മേൽപ്പറഞ്ഞ വാർത്തയിൽ ആരും ഫ്രൂട്ടി വാങ്ങി കുടിച്ചില്ലെങ്കിൽ ഫ്രൂട്ടി കമ്പനിക്ക് മാത്രമേ നഷ്ടമുള്ളൂ. പക്ഷെ അതിനുള്ളിലെ വിവരക്കേട് അക്ഷന്തവ്യമായ തെറ്റാണ്. ഇത്തരം HOAX കൾക്ക് മറ്റൊരു ഉദാഹരണമാണ്, നടൻ സലിം കുമാറും മാമുക്കോയയുമൊക്കെ മരിച്ചുവെന്നുള്ള വാർത്ത‍കൾ. കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയകളിൽ അനുശോചനസന്ദേശങ്ങൾ വന്നു നിറയുന്നു. കുറച്ചുകഴിഞ്ഞു സലിം കുമാർ തന്നെ നേരിട്ടുവന്നു പറയുന്നു, താൻ മരിച്ചിട്ടില്ലായെന്ന്. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് ആൾക്കാർ പറയുന്നത് വിശ്വസിക്കണോ, അതോ സലിം കുമാർ ഒറ്റൊയൊരാൾ പറയുന്നത് വിശ്വസിക്കണോ എന്ന സംശയം അപ്പോഴും സോഷ്യൽ മീഡിയയിലാകെ നിലനിൽക്കുന്നു!

എന്നാൽ ആരോഗ്യരംഗത്ത് ഉണ്ടായി വരുന്ന ഇത്തരം ഹോക്സുകൾ എല്ലായ്പ്പോഴും നിഷ്കളങ്കമോ നിരുപദ്രവകരമോ ആയിരിക്കണം എന്നില്ല. കഴിഞ്ഞകൊല്ലം ആഫ്രിക്കയിൽ എബോള പടർന്നുപിടിക്കുന്ന സമയത്ത്, ഉപ്പുവെള്ളം കുടിച്ചാൽ എബോള പകരുന്നത് തടയാം എന്നൊരു വാർത്ത ആരോ സൃഷ്ടിച്ചു. സോഷ്യൽ മീഡിയ വഴി എബോളയെക്കാൾ വേഗത്തിൽ ആ ഹോക്സ് പരന്നു. സംഭവിച്ചതോ, ഉപ്പുവെള്ളം കുടിച്ചു രണ്ടുപേർ മരിച്ചു. കുറച്ചുപേർ ആശുപത്രിയിലുമായി. പല രൂപത്തിൽ ഒറ്റനോട്ടത്തിൽ തന്നെ  അപഹാസ്യമെന്നോ അവിശ്വസനീയമെന്നോ മനസിലാക്കാൻ കഴിയുന്ന  സാമാന്യബുദ്ധിക്ക് നിരക്കാത്ത അസംബന്ധങ്ങൾ മുതൽ ആധികാരികം എന്ന് തോന്നിപ്പിക്കുന്ന ’ശാസ്ത്രീയ വിവരക്കേടുകൾ' വരെ ഇങ്ങനെ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ വളരെയധികം  സ്വീകാര്യത ലഭിക്കാവുന്ന ഇത്തരം വാർത്തകളിൽ മേമ്പൊടിക്ക് ലോകാരോഗ്യസംഘടന പറഞ്ഞെന്നോ, മേയോക്ലിനിക് ഡോക്ടർമാർ, പോലീസ് വൃത്തങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രശസ്തനായ വ്യക്തിയുടെ പേര് ഒക്കെ ചേർത്ത് അങ്ങ് പ്രചരിപ്പിക്കുകയാണ്.  ഇതൊക്കെ വാസ്തവമാണോ എന്ന് പരിശോധിക്കാൻ ആർക്കാണ് നേരം? അത് തന്നെയാണ് അവരുടെ ധൈര്യവും.

ജനോപകാരപ്രദമായ നിരവധി നല്ല കാര്യങ്ങൾ ഓൺലൈൻ ആരോഗ്യവാർത്തകളിൽ വരുന്നുണ്ടെന്നത് മറന്നുകൊണ്ടല്ലാ, ചിലത് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ ലേഖനം. സാധാരണയായി കണ്ടുവരുന്ന ഇത്തരം തട്ടിപ്പുപോസ്റ്റുകളെ ഇങ്ങനെ തരാം തിരിക്കാം.


1.ആരോഗ്യജീവിതത്തിനുള്ള (തട്)ടിപ്പുകൾ.
          കേട്ടാൽ വളരെ സിംപിളും, ‘ഇത്രയും കാലം എനിക്കീ ബുദ്ധി തോന്നിയില്ലല്ലോ.’ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ സംഭവങ്ങൾഇതിലുണ്ട്. എന്നാൽ ഫലത്തിൽ ഒരുപകാരമില്ലാത്ത ഇത്തരം പോസ്റ്റുകൾ മിക്കവയും  സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഉദാഹരണത്തിന് ഇത് നോക്കു. അഞ്ചുമിനിറ്റിനുള്ളിൽ തലവേദന മാറ്റാം എന്ന നിഷ്കളങ്കമായ ഒരു ആരോഗ്യടിപ്പാണ്. തലവേദന വരുമ്പോൾ നിങ്ങൾ ഇടത്തെ മൂക്കിൽ കൂടി ശ്വാസം വിടുക. ക്ഷീണിക്കുമ്പോൾ വലത്തേ മൂക്ക്  ഉപയോഗിക്കുക. ഉപയോഗിക്കാത്ത നാസാരന്ധ്രം അടച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കണ്ടുനിൽക്കുന്നവർക്ക് ചിരി വരുമെന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. അതുപോലെ മറ്റൊന്ന്, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വലത്തെ ചെവി ഉപയോഗിച്ചാൽ ഹൃദയത്തിന് നല്ലതാണെന്നും ഇടത്തെ ചെവി ഉപയോഗിച്ചാൽ തലച്ചോറിലേക്കുള്ള റേഡിയേഷൻ കുറയുമെന്നും ഏതോ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പേരും വച്ചുള്ള പോസ്റ്റ്. മൊബൈൽ ഉപയോഗിച്ചാൽ കാൻസർ സാധ്യതയുണ്ടോ എന്നുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ഇതുവരെയും സാധൂകരിക്കാവുന്ന  തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. പിന്നെ ഈ റേഡിയേഷൻ ഏതുചെവിയിൽ വച്ചാലും ഒരുപോലെയല്ലേ വരൂ? വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഇങ്ങനെ കുറെയേറെ വായിച്ചതാണ്. അതിലിപ്പോഴും ഓർക്കുന്ന ഒന്നാണ്, ഭക്ഷണം കഴിക്കുമ്പോൾ തണുത്ത വെള്ളം കുടിച്ചാൽ ആ തണുപ്പിൽ ഭക്ഷണത്തിലെ എണ്ണ ഘനീഭവിച്ച് കാൻസർ വരുത്തുമെന്ന അതിശയകരമായ ഒരു കണ്ടെത്തൽ.

ഇത്തരം ടിപ്പുകളിൽ ഏറ്റവും ജനപ്രിയം ലൈംഗികബന്ധത്തെ കുറിച്ചുള്ളവയാണ്. അവയിൽ മിക്കതും  നിർദ്ദോഷവും ഉഭയസമ്മതപ്രകാരം പരീക്ഷിച്ചു  നോക്കാവുന്നതുമൊക്കെ തന്നെ. എന്നാൽ ഗർഭധാരണത്തിനു പറ്റിയ പൊസിഷൻ, ആൺകുഞ്ഞുണ്ടാകാൻ അല്ലെങ്കിൽ പെൺകുഞ്ഞുണ്ടാകാൻ സ്വീകരിക്കേണ്ട  മുൻകരുതൽ എന്നൊക്കെ പറഞ്ഞു വരുന്ന (തട്)ടിപ്പുകൾ കയ്യോടെ  പൊളിച്ചു കൊടുക്കണം.


2. തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുന്നു എന്ന ലേബലിൽ ഉള്ള തട്ടിപ്പുകൾ 
            ആധുനിക വൈദ്യശാസ്ത്രത്തിലെ ചൂഷണം ചൂണ്ടിക്കാട്ടുന്നു എന്ന പേരിൽ അശാസ്ത്രീയമായ സ്വന്തം ചികിത്സാരീതികൾ പ്രചരിപ്പിക്കുന്ന വിരുതന്മാർ കേരളത്തിൽ ധാരാളം. സോഷ്യൽ മീഡിയ നൽകുന്ന  സ്വാതന്ത്ര്യവും കുടിലബുദ്ധിയും കൊണ്ട് അവർ മെനഞ്ഞുണ്ടാക്കുന്ന ചില കഥകളുണ്ട്. വാക്സിൻ വിരുദ്ധ കോലാഹലങ്ങളും രോഗാണുക്കളേ നിലവിലില്ലായെന്നുള്ള നിലവിളികളും  ചില പഴയ  ഉദാഹരണങ്ങൾ മാത്രം. അത്തരക്കാരുടെ പുതിയ ചില വാദങ്ങൾ ഈയിടെ വീഡിയോ ദൃശ്യങ്ങളായി ഓടിനടക്കുന്നുണ്ടായിരുന്നു. സ്കാനിംഗ് മെഷീനുകളിലെ തട്ടിപ്പാണ് വിഷയം. സ്കാനിംഗ് മെഷീനുകൾക്കുള്ളിൽ (MRI, CT, ULTRA SOUND തുടങ്ങിയവ) ഓരോ രോഗത്തിനും  കാണിക്കേണ്ട ചിത്രങ്ങൾ നേരത്തെ സ്റ്റോർ ചെയ്തിട്ടുണ്ടെന്നും നമ്മൾ സ്കാൻ ചെയ്യുമ്പോൾ നമ്മുടെ അവയവങ്ങളുടെ ചിത്രമല്ല, പകരം ഉപകരണം  ഉണ്ടാക്കിയ രാജ്യത്തിലെ ഏതോ രോഗിയുടെ അവയവചിത്രമാണ് തെളിയുന്നതെന്നുമാണ് വാദം. എന്നുവച്ചാൽ, സോണിയുടെ ക്യാമറകൊണ്ട് നമ്മുടെ  ഫോട്ടോ എടുത്താൽ പതിയുന്നത് ഏതെങ്കിലും ജപ്പാൻകാരന്‍റെ മുഖമായിരിക്കും എന്നും മറിച്ചു ആപ്പിളിന്‍റെ ക്യാമറയാണെങ്കിൽ അമേരിക്കക്കാരന്‍റെതായിരിക്കുമെന്നും  വാദിക്കുന്ന അതേ ലോജിക്കാണ് പാവങ്ങൾക്ക്.  ഇതൊക്കെ അവരുടെ നിഷ്കളങ്കമായ വിവരക്കേടുകളായോ  അറിവില്ലായ്മകൊണ്ട് പറയുന്നതായോ കരുതാൻ വയ്യ. പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളോടെയുള്ള ക്രിമിനൽ കുറ്റങ്ങൾ തന്നെയാണ് ഇത്തരം  ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കൽ. ഇതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും വരെ കേരളത്തിൽ ആളുണ്ടെന്നത് തികച്ചും ലജ്ജാവകം തന്നെ.


3.  അത്ഭുത ഒറ്റമൂലികൾ, സർവ്വരോഗസംഹാരികളായ സസ്യങ്ങൾ, അവിശ്വസനീയ സൗഖ്യം

ഇന്നിപ്പോൾ പ്രത്യേകിച്ചൊരു എക്സ്പ്ലനേഷൻ വേണ്ടാത്ത വിഷയമാണിത്. ലക്ഷ്മി തരുവും മുള്ളാത്തയും അത്ഭുതസസ്യങ്ങൾ അല്ലായെന്നും അറിവില്ലായ്മയും തെറ്റിദ്ധരിപ്പിക്കലും കാരണം ജീവൻ നഷ്ടപ്പെടുന്നവരോട് സഹതപിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ലെന്നും ഇപ്പോൾ നമുക്കറിയാം. ഇവയൊക്കെ കാരണം അകാലത്തിൽ പൊലിഞ്ഞ സെബിയേയും ജിഷ്ണുവിനെയും മാത്രമേ നമുക്കറിയൂ. അറിയപ്പെടാത്ത എത്രയോ പേർ വേറെയുണ്ടാകും!!


ഇത്തരം വ്യാജ-അത്ഭുതചികിത്സകളുടെ മരണവലകളിൽ ഏറ്റവുമധികം പെട്ടുപോകുന്നതും കാൻസർ രോഗികൾ തന്നെയാണ്. ഇടയ്ക്ക് എന്‍റെയൊരു ഫേസ്ബുക്ക്‌ പോസ്റ്റിനുകീഴിൽ നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ ബഹുമാന്യസ്ഥാനവുമുള്ള ഒരു സുഹൃത്ത് ആവർത്തിച്ച ഒരു ചോദ്യമുണ്ട്, “കാൻസറിനു ചികിത്സയുണ്ട്, പക്ഷെ മരുന്നുണ്ടോ?” എന്ന്. അദ്ദേഹം  ഏതെങ്കിലും ഒറ്റമൂലി ആയിരിക്കും ഉദ്ദേശിച്ചതെന്നു ഞാൻ കരുതുന്നു. ഇവരെപ്പോലെയുള്ളവരും ചേർന്നാണ് മേൽപ്പറഞ്ഞവ പോലുള്ള പൊട്ടത്തരങ്ങൾക്ക് പ്രചാരം നൽകുന്നത് എന്നത് വേദനാജനകം.

കാൻസർ രോഗം എന്താണെന്നു ജനങ്ങൾ മനസിലാക്കാത്തതാണ് ഇത്തരം വ്യാജവിദ്യകളുമായി ഓരോരുത്തർ രംഗപ്രവേശം ചെയ്യാൻ കാരണം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാരീതികൾക്കൊപ്പം ആന്‍റിഒക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രോഗശമനത്തിന് സഹായകരം ആയിരിക്കും. എന്ന് കരുതി അവമാത്രം  ഉപയോഗിച്ച് കാൻസർ മുക്തിനേടാം എന്നത് വ്യാജപ്രചരണം മാത്രം. ഇന്ന് കാൻസർ കീമോതെറാപ്പിയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും സസ്യങ്ങളിൽ   നിന്നും വേർതിരിച്ചു എടുത്തിട്ടുള്ളതാണ്. എന്നുകരുതി ആ  സസ്യങ്ങൾ അതുപോലെ ഉപയോഗിച്ചാൽ ഈ പറയുന്ന ഗുണമുണ്ടാകില്ല. എന്ന് മാത്രമല്ല, അനാവശ്യമായതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതുമായ അനവധി രാസപദാർത്ഥങ്ങൾ അതിൽ വേറെയുമുണ്ടാകും. അതുകൊണ്ട്, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയെ എന്തെങ്കിലും പാർശ്വഫലങ്ങളുടെ പേരിൽ അവഗണിച്ചു, ഏതെങ്കിലും വ്യാജന്മാരുടെ ഊഹാപോഹങ്ങൾക്ക്  ചെവികൊടുത്ത്‌ പാഴാക്കി കളയാനുള്ളതല്ല നമ്മുടെ ജീവിതം.

കാൻസർ പോലെ ഇത്തരക്കാർക്ക് പ്രിയപ്പെട്ട മറ്റൊരു വിഷയമാണ് ഹൃദ്രോഗം. ഹൃദയത്തിലെ ബ്ലോക്ക് ഓപറേഷൻ കൂടാതെ മാറ്റാം, ഈ പഴം കഴിക്കൂ  എന്നൊക്കെ പറഞ്ഞുകൊണ്ട് ധാരാളം ലിങ്കുകൾ കറങ്ങി നടക്കുന്നുണ്ട്. തീർച്ചയായും അതൊരു ജീവിതശൈലീ രോഗം തന്നെയാണ്. പുകവലി  ഉപേക്ഷിക്കുക, കൃത്യമായ് വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക  എന്നിവയൊക്കെയാണ് ഹൃദ്രോഗം വരാതിരിക്കാനുള്ള ‘ഒറ്റമൂലികൾ'. അല്ലാതെ മാതളവും വെളുത്തുള്ളിയും കാന്താരിമുളകും ചവച്ചുകഴിച്ചാൽ ഹൃദയത്തിലെ ബ്ലോക്ക് അലിഞ്ഞുപോകും എന്നുപറയുന്നത് മണ്ടത്തരം മാത്രം. ഇതൊന്നും കഴിക്കുന്നതിൽ തെറ്റില്ലാ, പക്ഷെ ആദ്യം ചെയ്യേണ്ടത് ആദ്യം  പറഞ്ഞ കാര്യങ്ങളാണ്.

4. ‘നീ തീർന്നെടാ, തീർന്നു' എന്ന മട്ടിലുള്ള ബോധവൽകരണ പരിപാടികൾ
           നമ്മൾ നിത്യേന, അല്ലെങ്കിൽ സർവവ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ, നമ്മുടെ ശീലങ്ങൾ എന്നിവയിൽ ആസന്നവും ഭയപ്പെടുത്തുന്നതുമായ അപകടഭീതി ആരോപിക്കുന്ന ധാരാളം പോസ്റ്റുകൾ ദിവസേന പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവും ഭയം സൃഷ്ടിക്കുന്ന കാൻസർ, എയിഡ്സ്, മരണം മുതലായ ഭവിഷ്യത്തുകൾ ആണ് ഇത്തരക്കാർക്ക് ഏറെ പ്രിയം.



കിൻഡർ ജോയ് കഴിച്ചാൽ, അതിൽ വാക്സ്  അടങ്ങിയിട്ടുള്ളതിനാൽ കാൻസർ വരും എന്നുള്ള  ഈ പോസ്റ്റ്‌ നോക്കുക. ഫുഡ്‌ ഗ്രേഡ് പാരഫിൻ വാക്സ് പല ചോക്കലേറ്റുകളിലും ഉള്ളതാണ്. അവ മനുഷ്യശരീരത്തിനു ഗുണകരമോ ആവശ്യമുള്ളതോ അല്ല എന്നതും സത്യം. എന്നാൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ അത് കാൻസർ ഉണ്ടാക്കും എന്ന് പറഞ്ഞുപരത്തുന്നത് അനാവശ്യമായ പരിഭ്രാന്തി ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. അതുപോലെ മക് ഡോണാൾഡ്സ് ബർഗറിൽ ശുക്ലത്തിന്‍റെ അംശം  കണ്ടെത്തി എന്നൊക്കെയുള്ള വാർത്തകൾ. മക് ഡോണാൾഡ്സ് പോലുള്ളവയ്ക്കെതിരെ വരുന്ന ഇത്തരം പോസ്റ്റുകൾ ജങ്ക് ഫുഡിനെതിരെയുള്ള സ്വാഗതാർഹമായ നീക്കങ്ങളായിക്കണ്ട് ചിലർ ഷെയർ ചെയ്യുന്നതും കണ്ടിട്ടുണ്ട്. എന്നാൽ യുക്തിയ്ക്ക് നിരക്കാത്ത  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പരക്കെ ഷെയർ ചെയ്യുന്നതിലൂടെയുള്ള ഇത്തരം നീക്കങ്ങൾ വിപരീതഫലമാണ് പലപ്പോഴും ഉണ്ടാക്കുക.

ആദ്യം സൂചിപ്പിച്ച ഫ്രൂട്ടിയിൽ എച്ച്.ഐ.വി. വൈറസ് കലർന്നിട്ടുണ്ട് എന്ന പോസ്റ്റും ഇതിനുദാഹരണമാണ്. എയിഡ്സ് രോഗിയുടെ രക്തം സിറിഞ്ചുവഴി കുത്തിവച്ച ഓറഞ്ചുകൾ വിപണിയിലെത്തിയെന്നും പറഞ്ഞു മറ്റൊരു വാർത്തയും, ചിത്രങ്ങൾ സഹിതം ഇടയ്ക്ക് കണ്ടിരുന്നു. മനുഷ്യശരീരത്തിന് പുറത്തു നിമിഷങ്ങൾക്കപ്പുറം ഈ വൈറസ് വളരില്ലായെന്നും ഭക്ഷണത്തിലൂടെ എയിഡ്സ് പകരില്ലായെന്നും നമ്മൾ  മനസിലാക്കിയാൽ ഇത്തരം ഹോക്സുകൾ സൃഷ്ടിക്കുന്ന അനാവശ്യഭീതി ഉണ്ടാകില്ല.

ഓർമ്മ വന്നതും, പെട്ടന്ന് കൈയ്യിൽ തടഞ്ഞതുമായ  കുറച്ചു വാർത്തകൾ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളൂ. നിരവധി പോസ്റ്റുകൾ ഇനിയുമുണ്ട്. ഉറങ്ങാനുള്ള ജ്യൂസ്‌, പങ്കാളിയുടെ മുഖം നോക്കി ലൈംഗിക  സംപ്തൃപ്തി  അറിയാനുള്ള പൊടിക്കൈകൾ എന്നൊക്കെ പറഞ്ഞു പുതിയവ ഓരോ ദിവസവും വരുന്നുമുണ്ട്.

ഇനി ഇത്തരം വാർത്തകൾ കാണുമ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും?

ശാസ്ത്രീയമായി ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. അനുഭവസാക്ഷ്യങ്ങളും അവകാശവാദങ്ങളും ആയി  അവതരിപ്പിക്കുന്ന ചികിത്സാരീതികൾക്ക് ശാസ്ത്രീയം എന്ന് കരുതാവുന്നഎന്തെങ്കിലും അടിസ്ഥാനം, കാര്യകാരണബന്ധം എന്നിവ അതിന്‍റെ പ്രചാരകർ പറയുന്നുണ്ടോ എന്ന് നോക്കുക.

സര്‍വരോഗശമനിയായ ഒരു മരുന്നോ സസ്യമോ ഇതുവരെയും ആരും  കണ്ടെത്തിയിട്ടില്ല. ഇനി അതിനുള്ള സാധ്യതയും കുറവാണ്.

ഇങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സാമാന്യയുക്തിയ്ക്ക് നിരക്കുന്നതാണോ എന്ന് ഒരുനിമിഷം ചിന്തിച്ചു നോക്കുക. കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിക്കരുത്, അത് തലച്ചോറിന് കേടാണെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള മനുഷ്യനെ മണ്ടരാക്കുന്ന പോസ്റ്റുകൾ പോലും വിശ്വസിക്കുന്നവർ ഇവിടെയുണ്ട്.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ വിഷയത്തിൽ ശാസ്ത്രീയമായ അവഗാഹമുള്ള ആരോടെങ്കിലും ചോദിച്ചു ആശങ്കകൾ അകറ്റുക.


കാപ്പാട്- നമ്മുടെ ആരോഗ്യം, Dr Anjit unni
ചിത്രങ്ങൾ- ഗൂഗിൾ, ഫേസ്ബുക്ക്‌

©മനോജ്‌ വെള്ളനാട്

ഇടംകൈവഴക്കം / LEFT HANDEDNESS

ഈ ലോകം വലംകയ്യന്മാരുടെതാണ്. അവരാണ് അധികവും. അതുകൊണ്ടാണ് ഇടംകൈ കൊണ്ട് എഴുതുന്നവരെയും ഇടം കൈകൊണ്ട് കായിക വിനോദങ്ങളിലേർപ്പെടുന്നവരെയും ഒക്കെ നമ്മൾ കൗതുകത്തോടെ നോക്കുന്നത്. ഒരുപക്ഷെ സാധാരണ ജീവിതത്തിലേക്കാൾ കൂടുതൽ ഇടംകയ്യന്‍മാരെ നമ്മൾ കണ്ടിട്ടുള്ളത് ക്രിക്കറ്റ്‌  മൈതാനത്തായിരിക്കും. കളിക്കാരന്‍റെ കൈവഴക്കം  അത്രയ്ക്കും പ്രകടമാകുന്ന കായിക ഇനങ്ങൾ ക്രിക്കറ്റും ബേസ്ബോളും ടെന്നീസുമൊക്കെയാണ്. ലോകം എന്നും ഓർക്കുന്ന പലരും, ഗാംഗുലി, ജയസൂര്യ, ബ്രയാൻ ലാറ ഒക്കെ  ഇടംകയ്യന്മാരാണെന്ന് നമുക്കറിയാം. അതുപോലെ ഒബാമ, ബിൽഗേറ്റ്സ്, ആഞ്ജലീന ജോളി തുടങ്ങിയ പ്രശസ്തർ.

ലോകത്ത് 87 മുതൽ 90 ശതമാനം വരെ ആൾക്കാർ വലംകയ്യന്‍മാരാണ്. 10 -12 ശതമാനം ഇടംകയ്യന്മാരും. ഒരു  ശതമാനം ആൾക്കാർക്ക് രണ്ടുകയ്യും ഓരോ ആവശ്യത്തിനനുസരിച്ചു മാറിമാറി ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുന്നത് വലംകയ്യനായാണെങ്കിലും എഴുതുന്നത് ഇടതുകൈ കൊണ്ടാണെന്ന് നമുക്കറിയാം. അതുപോലെ അമിതാഭ് ബച്ചൻ രണ്ടുകൈയും മാറിമാറി ഉപയോഗിക്കാൻ കഴിയുന്ന ആളാണ്. ഇതിനെ Cross dominance/ mixed handedness എന്നുപറയും. എന്നാൽ മറ്റൊരു ചെറിയ ശതമാനം ആൾക്കാർക്ക് ഏതാവശ്യത്തിനും രണ്ടുകയ്യും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. അവരെ ആമ്പിഡെക്സ്ട്രസ് (ambidexterous) എന്നാണ് വിളിക്കുന്നത്.



എന്തുകൊണ്ടാണ് ചിലർ ഇടംകയ്യന്മാരായി പോകുന്നത്?

അതൊരു രോഗമോ അപകർഷത തോന്നേണ്ട ഒരു കുറവോ അല്ലെന്ന് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ തന്നെ സാക്ഷ്യം. നിരവധി ഘടകങ്ങൾ ഒരാളുടെ കൈവഴക്കത്തെ നിർണയിക്കുന്നതായുണ്ട്. നമ്മുടെ ശരീരത്തിന്‍റെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ ഇടതുഭാഗവും ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ വലതുഭാഗവുമാണ്. ഭൂരിഭാഗം മനുഷ്യരിലും ഇടത് തലച്ചോറായിരിക്കും വലതിനേക്കാൾ ആധിപത്യസ്വഭാവം (DOMINANCE) ഉള്ളത്. തലച്ചോറിന്‍റെ വളർച്ചയിൽ സംഭവിക്കുന്ന ഈ നേരിയ വ്യത്യാസമാണ് ഒരാൾ ഇടംകയ്യനോ വലംകയ്യനോ ആകാൻ കാരണം. എന്നാൽ പൂർണ്ണമായും അത് തലച്ചോറിന്‍റെ ആധിപത്യവ്യത്യാസം കൊണ്ടാണെന്നും പറയാൻ പറ്റില്ല. കാരണം 60 ശതമാനം ഇടംകയ്യന്മാരിലും ഇടത് തലച്ചോറു തന്നെയാണ് പ്രമാണി. ജനിതകപരമായതും ചില ഹോർമോണുകളുടെ സ്വാധീനവും കൂടി ഇക്കാര്യത്തിലുണ്ടെന്നതാണ് വസ്തുത. ഒരാളിൽ തന്നെയുള്ള ഒന്നിലധികം ജനിതകഘടകങ്ങളുടെ വ്യതിയാനം അയാളുടെ കൈവഴക്കത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് (Polygenic inheritance) മനസിലാകുന്നത്.  അച്ഛനുമമ്മയും ഇടം കൈയരാണെങ്കിൽ അവരുടെ കുട്ടികൾ ഇടം കയ്യരാകാനുള്ള സാധ്യത 26% മാണെന്നും പഠനങ്ങളിൽ പറയുന്നു. ഇടംകൈ വഴക്കമുള്ളവർ കൂടുതലും ആണുങ്ങളാണെന്നത് ഹോർമോണിന്റെ സ്വാധീനത്തിലേയ്ക്കും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

ഒരു കുട്ടി വലംകയ്യനാണോ ഇടംകയ്യനാണോ എന്ന് കൃത്യമായി അറിയാൻ മൂന്നു നാല് വയസ്സെങ്കിലുമാകണം. ചില പഠനങ്ങളിൽ ഇടംകൈവഴക്കമുള്ളവർ ബുദ്ധിശക്തി കൂടിയവരാണെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഒരാളെ നിർബന്ധിച്ചു ഇടംകയ്യനോ വലംകയ്യനോ ആക്കാൻ സാധിക്കില്ല. പല അച്ഛനമ്മമാരും ഇടംകൈയരായ കുട്ടികളെ നിർബന്ധിച്ച് വലം കൈയരാക്കാൻ ശ്രമിക്കുന്നത്  കണ്ടിട്ടുണ്ട്. അതൊരിയ്ക്കലും ശരിയല്ല.

ആഗസ്റ്റ് 13 ആണ് ഇടംകൈയ്യരുടെ അന്താരാഷ്ട്രദിനം (World Left handers day)

©മനോജ്‌ വെള്ളനാട്

സ്വർണരക്തം /Golden Blood



സ്വിറ്റ്സർലൻഡുകാരനായ തോമസ് ഓരോ ആറുമാസം കൂടുമ്പോഴും സ്വന്തം ചിലവിൽ വിമാനം കയറി ഫ്രാൻസിലേയ്ക്ക് പോകും. സന്നദ്ധരക്തദാനത്തിനു വേണ്ടി മാത്രം. സ്വന്തം നാട്ടിൽ രക്തബാങ്കുകളില്ലാഞ്ഞിട്ടല്ലാ അത്. കാരണം പാരീസിലും ആംസ്റ്റർഡാമിലും മാത്രമേ രക്തം ഫ്രീസ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യമുള്ളൂ. മാത്രമല്ലാ, ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് രക്തം കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ സ്വിറ്റ്സർലൻഡിൽ കൂടുതൽ കണിശവുമാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ആർക്കെങ്കിലും തന്റെ രക്തം എപ്പോഴെങ്കിലും ആവശ്യം വന്നാലോയെന്ന് കരുതിയാണ് തോമസ് വർഷങ്ങളായി ഈ "അന്താരാഷ്ട്ര രക്തദാനം'' തുടരുന്നത്. ലോകത്തേറ്റവും വിലയേറിയ രക്തത്തിന്റെ, 'സ്വർണരക്ത'ത്തിന്റെ ഉടമയാണ് തോമസ്.

ഏതാണ്ട് മുപ്പത്തിയഞ്ചിലധികം അറിയപ്പെടുന്ന രക്ത ഗ്രൂപ്പുനിർണ്ണയ രീതികളുണ്ട്. ഓരോന്നും ചുവന്ന രക്താണുക്കളിലെ വിവിധതരം ആന്റിജനുകളെ ആശ്രയിച്ചാണ്. അങ്ങനെ 342 ആന്റിജനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 35 ഗ്രൂപ്പുനിർണയരീതികളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണ് നമുക്കെല്ലാം സുപരിചിതമായ ABO ഗ്രൂപ്പും Rh ഗ്രൂപ്പും. ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് Rh ആന്റിജന്‍റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ളൂട്ടിനോജൻ അറിയപ്പെടുന്നത്‌. Rh ആന്റിജൻ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജൻ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു.

ഈ Rh ഗ്രൂപ്പിന്റെ സംവിധാനത്തിനുള്ളിൽ തന്നെ 50 വ്യത്യസ്തരായ ഉപ-രക്തഗ്രൂപ്പ് ആൻറിജനുകൾ അടങ്ങിയിരിക്കുന്നു. അതിൽ D, C, c, E, e, എന്നീ അഞ്ച് ആന്റിജനുകളാണ് ഈ അമ്പതിൽ ഏറ്റവും പ്രധാനപ്പെട്ടവർ. സാധാരണയായി നമ്മൾ Rh പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്ന് ഒരാളെ പറ്റി പറയുന്നത് ഇതിലെ 'D' ആന്റിജനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്.

നെഗറ്റീവ് ഗ്രൂപ്പുള്ള ഒരാളിൽ 'D' ആന്റിജൻ ഇല്ലെങ്കിലും  മറ്റാന്റിജനുകളിൽ ഏതെങ്കിലുമൊക്കെ സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാൽ, ഈ 50 Rh ആന്റിജനുകളിൽ ഒന്നുപോലുമില്ലാത്ത രക്തത്തെയാണ് സ്വർണരക്തം അഥവാ Rh null രക്തമെന്ന് പറയുന്നത്. ഈ രക്തമുള്ള കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ വച്ചോ ശൈശവാവസ്ഥയിലോ മരിച്ചുപോകുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിചാരം, 1961-ൽ ഒരു ആസ്ട്രേലിയൻ യുവതിയിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തുന്നതു വരെ.



എന്താണിതിന്റെ പ്രാധാന്യം?
                  1961-ന് ശേഷം 56 വർഷങ്ങൾക്കിപ്പുറവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി വെറും 43 Rh null ആൾക്കാരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. അതിലൊരാളാണ് സ്വിസ് പൗരനായ തോമസ്. ഇതിന്റെ പ്രാധാന്യമെന്തെന്ന് വച്ചാൽ,   
                  ‎1.ഈ രക്തഗ്രൂപ്പുകാർക്ക് അവരിലൊരാളുടെ രക്തം മാത്രമേ സ്വീകരിക്കാൻ സാധിക്കൂ.
                  ‎2.എന്നാലിവരുടെ രക്തം മറ്റേതുതരം ദുർലഭ നെഗറ്റീവ് രക്തഗ്രൂപ്പുകാർക്കും (Rare negative blood group) സ്വീകരിക്കാം. തോമസിന്റെ ഈ അപൂർവ്വരക്തം കൊണ്ട് ശരീരത്തിൽ രക്തമില്ലാതെ ജനിച്ച ഒരു കുഞ്ഞിനെത്തന്നെ ജീവിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, സ്വിറ്റ്സർലൻഡിൽ. (അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പ് വ്യതിയാനമുള്ള രോഗം. അങ്ങനെയുള്ള രണ്ടുകുഞ്ഞുങ്ങൾ മാത്രമാണ് ലോകത്ത് ജീവിച്ചതെന്നാണ് ശാസ്ത്രലേഖനങ്ങൾ പറയുന്നത്)
                  ‎ 3.43 Rh null ആൾക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ 9 പേർക്കുമാത്രമേ രക്തദാനം ചെയ്യാൻ സാധിക്കുന്നവരുള്ളൂ. എന്നുവച്ചാൽ ഇവരിലാർക്കെങ്കിലും എപ്പോഴെങ്കിലും രക്തമാവശ്യമായി വന്നാൽ, ഇവിടുള്ള 760 കോടി മനുഷ്യരിൽ അവരെ സഹായിക്കാൻ കഴിയുന്നത് വെറും 9 പേർക്ക് മാത്രമാണ്.
                  ‎ ഇത്രയും അപൂർവ്വമായ, പല ദുർലഭ രക്തഗ്രൂപ്പുകാർക്കും ഒരു ദിവ്യൗഷധമായ ഈ രക്തത്തെ സ്വർണരക്തമെന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്..
©മനോജ്‌ വെള്ളനാട്

വാക്സിന്‍ സുരക്ഷിതത്വവും പാര്‍ശ്വഫലങ്ങളും



വാക്സിപീഡിയ: ചാപ്റ്റർ 4

വാക്സിനുകളുടെ സുരക്ഷിതത്വം

വാക്സിനുകളുടെ സുരക്ഷിതത്വം അവയുടെ ആവിഷ്ക്കർത്താക്കളെയും ഇതര ശാസ്ത്രജ്ഞരെയും അതിലുപരി സാധാരണക്കരെയും എന്നും ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ആരോഗ്യമുള്ള ഒരാളിൽ അയാൾ തുടർന്നും അങ്ങനെ തന്നെയിരിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പ്രയോഗമെന്ന നിലക്ക് ഇത് ഗുണകരമായിരിക്കുന്നതു പോലെത്തന്നെ തികച്ചും സുരക്ഷിതവുമായിരിക്കണം. അതുകൊണ്ടുതന്നെ ഈ ഉത്കണ്ഠകൾ ന്യായീകരിക്കത്തക്കതാണ്. രോഗമില്ലാത്ത ഒരു വ്യക്തിക്ക് രോഗം വരാതിരിക്കാൻ നടത്തുന്ന ഒരു ഇടപെടൽ എന്ന നിലക്ക് ഇത് തീർച്ചയായും സർവ്വപ്രധാനമാണ്.

സ്വാഭാവിക വസൂരികൊണ്ട് 20-30 ശതമാനംവരെ ആളുകൾ മരണപ്പെട്ടിരുന്നപ്പോൾ ജന്നറുടെ വാക്സിൻ വരുന്നതിന് മുൻപ് പലയിടത്തും വളരെ പ്രചാരത്തിലുണ്ടായിരുന്ന വാരിയോളേഷൻ മൂലം 1-2 ശതമാനം പേരാണ് മരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഈ മരണനിരക്ക് സ്വീകാര്യമായി അനുഭവപ്പെട്ടു. ജന്നറുടെ വസൂരിവാക്സിനും പൂർണ്ണമായി സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. മുമ്പ് സൂചിപ്പിച്ചപോലെ രോഗാണുക്കളെ കണ്ടെത്തലും രോഗാണു സിദ്ധാന്തവുമെല്ലാം ഒരു നൂറ്റാണ്ടകലെയായിരുന്ന കാലത്ത് കെട്ടുകഥകളെയും അനുഭവങ്ങളെയും പിന്തുടർന്നാണല്ലോ ജന്നർ തന്‍റെ വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്. പശുക്കളിൽ വസൂരിരോഗം അത്ര സർവ്വസാധാരണമായിരുന്നില്ല എന്നതുകൊണ്ട് ഒട്ടേറെപ്പേരിൽ ഉപയോഗിക്കാനാവും വിധം ഗോവസൂരി അണുക്കൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് ഒരാളെ കുത്തിവച്ചാൽ, അയാളിലുണ്ടാവുന്ന വ്രണം മറ്റൊരാളുടെ ശരീരത്തിലുണ്ടാക്കുന്ന മുറിവിൽ ചേർത്തുവച്ചാണ് അയാളെ വാക്സിനേറ്റു ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് ആ വ്യക്തിയിൽ നിന്ന് റ്റെറ്റനസ്, സിഫിലിസ്, ക്ഷയം മുതലായവയുടെ രോഗാണുക്കൾ പകരാനുള്ള സാദ്ധ്യത ധാരാളമായി ഉണ്ടായിരുന്നു. മുറിവു പഴുക്കുന്നതിനിടയാക്കുന്ന സ്റ്റ്രെപ്റ്റോകോക്കസ്, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ അണുക്കൾ സംക്രമിക്കാനും സാധ്യത വിരളമല്ലായിരുന്നു.



പിന്നീടു ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണല്ലോ ലൂയി പാസ്ച്ചറുടെ റാബീസ് വാക്സിൻ വരുന്നത്. ഈ വാക്സിൻ നിർമ്മിക്കാൻ അന്നു കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളെ ശോഷിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം ഇന്നത്തെ നിലക്കു വളരെ പ്രാകൃതമായ ഒന്നായിരുന്നു എന്നുപറയാം. മുയലുകളുടെ നാഡീകലകളിൽ പേവിഷബാധയേൽപ്പിച്ച് ആ നാഡീകലകളെ പുകയേൽപ്പിച്ചും പിന്നീട് രാസവസ്തുക്കളുപയോഗിച്ചുമാണത് നിർവ്വഹിച്ചിരുന്നത്. ധാരാളമായി നാഡീകലകൾ അടങ്ങിയ ഈ വാക്സിൻ കുത്തിവക്കുന്ന മനുഷ്യരിൽ അത്ര അസാധാരണമല്ലാത്തവിധം നാഡീരോഗങ്ങൾ ഉണ്ടാക്കുമായിരുന്നു. സമീപകാലംവരെ നാം ഉപയോഗിച്ചുകൊണ്ടിരുന്ന റാബീസ് വാക്സിൻ ഈ രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ വളരെ സാധാരണവുമായിരുന്നു. നൂറുശതമാനം മരണസാദ്ധ്യതയുള്ള രോഗത്തെ സംബന്ധിച്ച് ഇത് അസ്വീകാര്യമാകേണ്ടതില്ലല്ലോ. അതേസമയം പുതിയ സെൽ കൾച്ചർ വാക്സിൻ വന്നതോടെ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടു. ഇത്തരത്തിലുള്ള നാഡീകലാവാക്സിന്‍റെ (നാം ഉപയോഗിച്ചിരുന്ന സേമ്പിൾ വാക്സിൻ) തുടർന്നുള്ള ഉപയോഗം മനുഷ്യത്വഹീനമാണെന്ന സുപ്രീംകോടതി നിരീക്ഷണവും ഇതിനുപകരം തികച്ചും സുരക്ഷിതമായ സെൽ കൾച്ചർ വാക്സിനിലേക്കു മാറാൻ ഭാരതസർക്കാർ നിർബന്ധിതമായതിനു പിന്നിൽ ഉണ്ടായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കുകയാണ്.

എഡ്വേർഡ് ജന്നറുടെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ സൂക്ഷ്മജീവീശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയുമൊക്കെ പരിമിതികൾ മൂലം വാക്സിനുകൾ തികച്ചും സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. വിവിധ സാംക്രമികരോഗങ്ങൾ വാക്സിനേഷൻ വഴി ഉണ്ടായിക്കൊണ്ടിരുന്നു. സിഫിലിസ്, സെപ്റ്റിസീമിയ, ടെറ്റനസ്, ബി വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ഒക്കെ ഇതിൽപ്പെടും. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ വാക്സിനുകളുടെ ഉപയോഗം വഴി ഇതര സാംക്രമിക രോഗബാധകളും മരണങ്ങളുമുണ്ടായ സന്ദർഭങ്ങൾ നിരവധിയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് 1930കളിൽ ആവിഷ്കൃതമായി രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ സേനയിൽ വ്യാപകമായുപയോഗിച്ച മഞ്ഞപ്പനി വാക്സിൻ. ഇതുമൂലം അനേകായിരം പേർക്ക് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള മഞ്ഞപ്പിത്തമുണ്ടാകുകയും നൂറുകണക്കിനാളുകൾ മരണമടയുകയുമുബായി. അതിനു കാരണമാകട്ടെ ഈ വാക്സിൻ ഉണ്ടാക്കാനുപയോഗിച്ച രക്തസിറത്തിൽ പലതും ഹെപ്പറ്റൈറ്റിസ് ബി അണുക്കൾ അടങ്ങിയതായിരുന്നു എന്നതാണ്. എന്നാൽ എൺപതുകളിൽ ആദ്യമായി ആവിഷ്കൃതമായ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ, ഈ രീതിയിൽത്തന്നെ നിർമ്മിച്ചതായിരുന്നു എങ്കിലും ഇത്തരത്തിൽ മറ്റു രോഗങ്ങളൊന്നും തന്നെ, അതും എയിഡ്സിന്‍റെ ആരംഭകാലത്ത്, അതിന്‍റെ സംക്രമണരീതികൾ വിശദീകരിക്കപ്പെടുന്നതിനും മുമ്പ് ആയിരുന്നിട്ടുകൂടി സംക്രമിക്കുകയുണ്ടായില്ല എന്നോർക്കണം. അതിനു കാരണം അതുണ്ടാക്കാൻ പാലിച്ച അതീവ ജാഗ്രതയും അതിനു സഹായിച്ച സാങ്കേതികത്തികവുമായിരുന്നു.

വാക്സിനുകളുടെ പാർശ്വഫലങ്ങൾ

വാക്സിനുകളുടെ പാർശ്വഫല സംബന്ധിയായ ചർച്ചയിലുണ്ടാവുന്ന ഒരു മുഖ്യപ്രശ്നം അവയെ ഔഷധങ്ങൾ ഉൾപ്പടെയുള്ള മറ്റു രാസികങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ നിന്നുണ്ടാവുന്നതാണ്. വാക്സിൻ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അണുക്കൾക്കെതിരായ പ്രതിവസ്തുക്കൾ നിർമ്മിക്കുന്നു. ഈ പ്രതിവസ്തുക്കൾ നിർമ്മിക്കുന്ന തോടൊപ്പം ഇവ നിർമ്മിക്കാൻ വേണ്ട ഒരു ഓർമ്മയും നമ്മുടെ ചില കോശങ്ങൾക്കു നൽകുന്നു. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുക മാത്രമാണവ ചെയ്യുന്നത്. അവയിൽ മറ്റു ‘രാസവസ്തുക്കൾ’ ഒന്നും അടങ്ങിയിട്ടില്ല–വളരെ സൂക്ഷ്മമായ അളവിലല്ലാതെ, ഇവയാണെങ്കിലോ കാലാകാലങ്ങളായി ഉപയോഗിച്ചു അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുള്ളതുമാണ്. വാക്സിനുകൾ ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക മാത്രം ചെയ്യുമ്പോൾ മറ്റൗഷധങ്ങൾ ഒരു രാസപ്രക്രിയയെയാണ് സ്വാധീനിക്കുന്നത്. ആ പ്രക്രിയയാകട്ടെ ശരീരത്തിലെ പല കലകൾക്കും (ശരീരത്തിലെ ഒരു പ്രത്യേക പ്രവർത്തനം നടത്തുന്ന കോശസമൂഹത്തെയാണ് കല അഥവാ റ്റിഷ്യു എന്നതു കൊണ്ട് വിവക്ഷിക്കുന്നത്) അത് വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതായിരിക്കും, അതുകൊണ്ടുതന്നെ അതു നാം ആഗഹിക്കുന്ന ഫലത്തോടൊപ്പം ചില പാർശ്വഫലങ്ങളും, ഉളവാക്കിയേക്കാം. മിക്കവാറും മരുന്നുകളെ സംബന്ധിച്ചും ഇതു നിസ്സാരമായിരിക്കുമെന്നു മാത്രം. വാക്സിനുകൾ അവ ലക്ഷ്യമിടുന്ന പ്രവൃത്തികൾ മാത്രം ചെയ്യുന്നു. ആ പ്രവൃത്തികൾ സ്വാഭാവികമായും ശരീരത്തിൽ താത്ക്കാലികമായി ചിലഫലങ്ങൾ ഉളവാക്കുന്നു. അതു രോഗാണുഘടകങ്ങൾ കൊണ്ടോ അതിൽ ചേർന്നിട്ടുള്ള അലുമിനിയം, തയൊമെർസാൽ തുടങ്ങിയവയുടെ ഫലമോ ആകാം. പക്ഷെ ഇതു പൊതുവായിപ്പറഞ്ഞാൽ കുത്തിവച്ച സ്ഥലത്ത് ഒതുങ്ങുന്നവയായിരിക്കും. വളരെ ചുരുക്കം വാക്സിനുകൾക്കു ഒന്നോ രണ്ടോ ദിവസത്തേക്കു ചെറിയ പനി (ഉയർന്ന ശരീരോഷ്മാവ്) ഉണ്ടായെന്നും വരാം.

വാക്സിനുകൾക്കു ആകെയുണ്ടാകാനിടയുള്ള ഒരു പാർശ്വഫലം അവയിലെ ഘടകങ്ങൾക്കെതിരായുള്ള അലർജിയാണ്. അലർജി എന്നത് ഒരു പ്രത്യേക വസ്തുവിനോട് ശരീരത്തിന്‍റെ അമിതമായ പ്രതികരണമാണ്. ഇതിനുള്ള സാധ്യത ഒരാൾക്കു പാരമ്പര്യമായി കിട്ടുന്നതാണ്. അതു പ്രവചിക്കുക എളുപ്പമല്ല. നീണ്ടുനിൽക്കുന്ന അലർജിയൊന്നും വാക്സിനുകൾ ഉണ്ടാക്കാറില്ല. ഏതൊരു അലർജിയും അതിനു കാരണമായ വസ്തുക്കൾ ശരീരത്തിൽ നിന്നും ഒഴിവായിക്കഴിയുമ്പോൾ അപ്രത്യക്ഷമാകുന്നതാണ്. പക്ഷെ ചുരുക്കമായി അലർജി വളരെ രൂക്ഷവും ക്ഷിപ്രവുമാകാം. വളരെ അസാധാരണമായി മാത്രം സംഭവിക്കാറുള്ളതാണിത്. ഇങ്ങനെയുണ്ടാവുന്ന അലർജിക്ക് അനാഫൈലാക്സിസ് എന്നുപറയുന്നു. ഇതാകട്ടെ മരുന്ന് അല്ലെങ്കിൽ വാക്സിൻ കൊടുത്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാവുന്നതാണ്. ഉടൻ ചികിത്സ ലഭിക്കാതിരുന്നാൽ മരണകാരണം പോലുമായേക്കാവുന്ന ഒരവസ്ഥയാണ്. ഇത്തരം പ്രതികരണങ്ങൾ വാക്സിനുകളുടെയോ ഔഷധങ്ങളുടെയോ മാത്രം പ്രശ്നമല്ല. തേനീച്ചയുടെയും കടന്നലിന്‍റെയും കുത്ത് ഇങ്ങനെയുണ്ടാക്കാൻ സാദ്ധ്യതയേറെയുള്ള ഒന്നാണ്. ചില ഭക്ഷണങ്ങളോടുള്ള അലർജിയും ഉദാഹരണം.

download pdf

<<<< ചാപ്റ്റർ 3: വാക്സിൻ- ചേരുവകളും വിവാദങ്ങളും

ചാപ്റ്റർ 5: വാക്സിനുകളും ഓട്ടിസവും > > > >
മനോജ്‌ വെള്ളനാട്

ശാസ്ത്രമെന്നാലെന്താണ്?


നിങ്ങൾ വീട്ടിൽ ഒറ്റയ്ക്ക് ഒരു പണിയുമില്ലാതെ, ഏറ്റവും ബോറടിച്ചിരിക്കുവാണെങ്കിലും  വീട്ടിലെ വളർത്തുപൂച്ചയെ കൂട്ടി ചെസ് കളിക്കാൻ ഒരുമ്പെടുമോ? ഇല്ലല്ലേ. നിങ്ങൾക്കറിയാം പൂച്ചയ്ക്ക് ചെസ് കളിയറിയില്ലെന്ന്. ചെസ് പോലെ ബുദ്ധിയും ചിന്താശേഷിയും ആവശ്യമായ ഒരു ഗെയിം പൂച്ച ഏതെങ്കിലും കാലത്ത് പഠിക്കുമെന്നും നിങ്ങൾ വിചാരിക്കുന്നില്ലാ. ഇനി അഥവാ കളിപ്പിയ്ക്കാൻ ഒരു ശ്രമം നടത്തിയാലോ, നിങ്ങളൊരിക്കലും ജയിക്കാനും പോണില്ലാ. നിങ്ങൾ നിരത്തുന്ന കരുക്കൾ അതു തട്ടിമറിച്ചിട്ടേക്കുമെന്ന് മാത്രം. അതിന്റെ തലച്ചോറിൽ ചെസ് ബോർഡും കരുക്കളും എന്തുവികാരമാണ് ജനിപ്പിച്ചതെന്ന് പോലും നിങ്ങൾക്കറിയാൻ പറ്റില്ലാ.

സയൻസ് അഥവാ ശാസ്ത്രം എന്താണെന്നറിയാത്ത ഒരു വിഭാഗം ആൾക്കാരോട് ശാസ്ത്രീയതയെ പറ്റി സംസാരിക്കാൻ പോകുന്നതും ഏതാണ്ടിതുപോലെയാണ്. പലപ്പോഴും പല ചർച്ചകളിലും ക്ലാസുകളിലും ഇങ്ങനെയൊരു പ്രശ്നം സംഭവിക്കുന്നത് കണ്ടിട്ടുണ്ട്. വലിയ വിദ്യാഭ്യാസമുള്ളവർ പോലും കപടശാസ്ത്രങ്ങൾക്ക് (Pseudoscience) വേണ്ടി വാദിക്കുന്നതും കണ്ടിട്ടുണ്ട്. ശാസ്ത്രം, ശാസ്ത്രീയം എന്നൊക്കെയുള്ള വാക്കുകൾ അവരുടെ തലച്ചോറിൽ പൂച്ച ചെസ്ബോർഡ് കണ്ടതുപോലുള്ള ഒരു ഫീലാണ് ഉണ്ടാക്കുന്നത്. പൂച്ചയെ സംബന്ധിച്ച് ചെസ് ബോർഡും ചോറുകൊടുക്കുന്ന പിഞ്ഞാണവും തമ്മിൽ വലിയ വ്യത്യാസമില്ലാ. അതുപോലെയാണ് ശാസ്ത്രമെന്താണെന്നറിയാത്തവർ ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വിലയിരുത്തുന്നത്. പൂച്ചയ്ക്കു പ്രിയം പിഞ്ഞാണത്തോട് തന്നെയായിരിക്കുമെന്ന് പറയണ്ടല്ലോ.

ശാസ്ത്രമെന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് പറയാനുള്ള ലേഖനമാണിത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങി ന്യൂക്ലിയാർ സയൻസും സ്പേസ് സയൻസുമൊക്കെ ഉൾപ്പെടുന്ന ശാസ്ത്രത്തെ പറ്റി. മലയാളത്തിൽ ശാസ്ത്രമെന്നു പറയുമ്പോൾ ശാസനകൾ എന്ന് കൂടി അർത്ഥമുണ്ട്. അതായത്, മുടി വെട്ടിയാൽ കുളിച്ചിട്ടേ വീട്ടിൽ കയറാവൂ, ആർത്തവ സമയത്ത് അശുദ്ധിയാണ്, ചൊവ്വാദോഷമുള്ളവരെ കെട്ടരുത്, വടക്കോട്ട് തലവച്ചുറങ്ങരുത് എന്നൊക്കെയുള്ള കാര്യങ്ങൾ ശാസ്ത്രമാണെന്ന് പഴമക്കാർ പറയും. 'ശാസിക്കപ്പെട്ടത്' എന്നർത്ഥത്തിലാണ് (രാജമാതാ ശിവഗാമിദേവിയുടെ കട്ടളൈ ശാസനം പോലെ) ഇവിടെ ശാസ്ത്രമെന്ന വാക്കുപയോഗിച്ചിരിക്കുന്നത്. അത്തരം ശാസനങ്ങളെ പറ്റിയല്ലാ ശരിക്കുമുള്ള ശാസ്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

എന്താണ് ശാസ്ത്രമെന്ന് നിർവചിച്ചു പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമായിരിക്കും. ശാസ്ത്രമെന്നാൽ നിരന്തരമായ അന്വേഷണമാണ്.  ഒരുകാര്യം ശാസ്ത്രീയമാകണമെങ്കിൽ എന്തൊക്കെ നിയമങ്ങൾ പാലിച്ചിരിക്കണം എന്ന് പറയുന്നതായിരിക്കും എളുപ്പം. അതിനുപുറത്തുള്ളതെല്ലാം ശാസ്ത്രീയമല്ലെന്ന് തന്നെ പറയാം.

ഒരു വിഷയം ശാസ്ത്രമാകണമെങ്കിൽ വേണ്ടത്:

1)അത് പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയമായിരിക്കണം
2)അത് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ എന്നു തെളിയിക്കപ്പെടാവുന്നതും ആവണം.
3)പൂർണമായും തെളിവുകളെ ആശ്രയിക്കണം
4)ശാസ്ത്രസമൂഹത്തെ ഉൾക്കൊള്ളിക്കണം
5)പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം
6)പങ്കെടുക്കുന്നവർക്ക് ശാസ്ത്രബോധം വേണം

ഓരോന്നും എന്താണെന്ന് നോക്കാം.

1. പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളായിരിക്കണം

ശാസ്ത്രപഠനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ കുറിച്ചാണ്. പ്രകൃതി എന്ന് പറഞ്ഞാൽ ഈ പ്രപഞ്ചം മുഴുവനും. പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എന്തും ശാസ്ത്രത്തിന്റെ പഠനവിഷയമാണ്. പ്രപഞ്ചത്തിലെ ഓരോ ഘടകവും (അണുക്കൾ, മൃഗങ്ങൾ, ചെടികൾ, മണ്ണ്, ജലം, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ അങ്ങനെ എല്ലാം) പരസ്പരം എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നാണ് ശാസ്ത്രം പഠിക്കുന്നത്.

ശാസ്ത്രത്തിന് മേൽപ്പറഞ്ഞ പ്രാകൃതികലോകം എന്നൊരു ലോകം മാത്രമേ ഉള്ളു. ഇതൊന്നുമല്ലാത്ത ഊഹാപോഹങ്ങളുടെ വേറെയൊരു ലോകം ഇല്ല. ഉണ്ടെന്ന് അവകാശപെടുന്നവർ, എന്താണ് പ്രാകൃതികമല്ലാത്ത ലോകം എന്ന് വിശദീകരിക്കാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അവ പ്രാകൃതികലോകവുമായി ഏതെങ്കിലും രീതിയിൽ ഇടപെടുന്നുണ്ട് എന്നു അവർക്ക് തെളിയിക്കാൻ കഴിയുമ്പോൾ, അത് ശാസ്ത്രത്തിന്റെ പരിധിയിൽ വരികയും അവർ പറയുന്നതിനെ ശാസ്ത്രീയമായി വിലയിരുത്താൻ സാധിക്കുകയും ചെയ്യും. ദൈവമെന്ന കൺസപ്റ്റ് ശാസ്ത്രത്തിന് പുറത്താകാൻ കാരണം, അല്ലെങ്കിൽ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്. ഇന്നേവരെ അങ്ങനെ മുന്നോട്ടുകൊണ്ടുവന്ന "സൂപ്പർനാച്യുറൽ" വാദങ്ങളെല്ലാം, നമ്മൾ ആർജ്ജിച്ച ശാസ്ത്രജ്ഞാനവുമായി ഒത്തുപോകാത്തതാണ്.

പ്രാകൃതികലോകത്ത് നടക്കുന്ന പ്രതിഭാസങ്ങൾക്ക് ശരിയും വ്യക്തതയും ഉള്ള വിശദീകരണങ്ങൾ നൽകുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ചോദ്യങ്ങൾ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങൾ തേടിക്കണ്ടെത്തുകയുമാണ് ശാസ്ത്രീയരീതി. എങ്ങനെ? എന്തുകൊണ്ട്? എപ്പോൾ? എന്തുഫലം? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്നതേ ശാസ്ത്രമാകൂ. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടും ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതുകൊണ്ടും ശാസ്ത്രജ്ഞാനങ്ങൾ മാറിക്കൊണ്ടിരിക്കും. ഹോമിയോപ്പതിയും നാച്ചറോപ്പതിയും ഉൾപ്പടെയുള്ള ചികിത്സകൾ കപടശാസ്ത്രമാകുന്നത് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പില്ലാത്തതു കൊണ്ടാണ്. അവയൊക്കെ ഏതുകാലത്താണോ ഉരുത്തിരിഞ്ഞത്, അന്നത്തെ അതേ അവസ്ഥയിൽ തന്നെയാണിപ്പോഴുമെന്നതു തന്നെ അതിനു തെളിവ്.

മാറ്റങ്ങൾക്ക് വിധേയം ആണെങ്കിലും, ശാസ്ത്രജ്ഞാനം വിശ്വസനീയവും ആശ്രയിക്കാവുന്നതും ആണ്. അതു പകരുന്ന അറിവ് ശാസ്ത്രീയവും ശാസ്ത്രസമൂഹത്തിന് സ്വീകാര്യവും ആയത് അവയ്ക്ക് പലതരം തെളിവുകളുടെ പിൻബലം ഉള്ളതുകൊണ്ടാണ്.

2. മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നതും തെറ്റോ ശരിയോ തെളിയിക്കപെടാവുന്നതും ആവണം.

പരിശോധിക്കാൻ കഴിയുന്ന ആശയങ്ങൾക്ക് മാത്രമെ ശാസ്ത്രത്തിൽ സ്ഥാനം ഉള്ളു. കളിമണ്ണു കുഴച്ചോ മറ്റൊരാളുടെ വാരിയെല്ലിൽ നിന്നോ ഉള്ള മനുഷ്യന്റെ ജനനവും ദിവ്യഗർഭവുമൊക്കെ നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് വിരുദ്ധവും പരിശോധിക്കാൻ കഴിയാത്തതുമായ ആശയമാണ്. എന്നാൽ തേങ്ങാപ്പിണ്ണാക്ക് കഴിച്ചാൽ ക്യാൻസർ മാറാൻ സാധ്യതയുണ്ടെന്ന് (ഉദാഹരണമാണേ..) ഒരു ശാസ്ത്രസമൂഹം പറഞ്ഞാൽ അതിന്റെ സാധ്യതകളെ പറ്റി ശാസ്ത്രീയമായി പഠിക്കാവുന്നതാണ്. അതായത്, ഒരു ആശയം പരിശോധിക്കാൻ കഴിയണമെങ്കിൽ അത് കൃത്യമായ രീതികളിലൂടെ പരീക്ഷിക്കാനും ഓരോ ഘട്ടത്തിലെയും മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിക്കണം. ആ നിരീക്ഷണങ്ങളിൽ നിന്നുരുത്തിരിയുന്നതാണ് ശാസ്ത്രീയമായ തെളിവുകൾ.

മോഡേൺ മെഡിസിൻ പൂർണമായും ശാസ്ത്രീയമാകുകയും ആയുർവേദം ശാസ്ത്രപഠനങ്ങൾക്കുള്ള വാതിൽ തുറന്നിട്ടിട്ട് നിസംഗമായിരിക്കുന്നതും ഹോമിയോ ഒരടഞ്ഞ അധ്യായമാകുന്നതും ഇവിടെയാണ്. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും കൃത്യമായ തെളിവുകളുടെയും ശക്തമായ തൂണുകൾക്കുമുകളിലൂടെയാണ് ശാസ്ത്രമെന്ന മെട്രോ ഓടുന്നത്.

3.തെളിവുകളെ ആശ്രയിക്കണം:

ഏറ്റവും പ്രധാനപ്പെട്ട കാര്യവുമിതാണ്. കൃത്യവും യുക്തിയ്ക്ക് നിരക്കുന്നതുമായ തെളിവുകൾ വേണമെന്നത്.

ശാസ്ത്രിയമായി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ പരിശോധിക്കാൻ കഴിയുന്നവ ആകണം എന്ന് മാത്രമല്ല അവ കർക്കശമായി പരിശോധിക്കുകയും വേണം. മേൽപ്പറഞ്ഞ തേങ്ങാപ്പിണ്ണാക്കിന്റെ കാര്യം തന്നെയെടുത്താൽ, ആദ്യം തേങ്ങാപിണ്ണാക്ക് കഴിച്ച് ക്യാൻസർ ഭേദപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തണം. റിസൾട്ട് പോസിറ്റീവാണെങ്കിൽ മാത്രം കൂടുതൽ പഠനങ്ങളിലേയ്ക്ക് പോകും. പിണ്ണാക്കിലെ ഏത് ഘടകമാണതിന് കാരണമെന്നും അതെങ്ങനെയാണ് ക്യാൻസർ കോശങ്ങളിൽ പ്രവർത്തിക്കുന്നതെന്നും കൃത്യമായി മനസിലാക്കണം. ആ ഘടകത്തിന്റെ സൈഡ് എഫക്ടുകളെ പറ്റിയും എങ്ങനെ ശരീരത്തിൽ നിന്നും പുറംതള്ളപ്പെടുന്നുവെന്നും മനസിലാക്കണം. റിസൽറ്റുകൾ കൊള്ളേണ്ടതോ തള്ളേണ്ടതോ ആകാം. ചിലപ്പോൾ വർഷങ്ങളുടെ ഗവേഷണശേഷമായിരിക്കും തേങ്ങാപ്പിണ്ണാക്കിന് ക്യാൻസറിൽ ഒരു റോളുമില്ലെന്ന് തിരിച്ചറിയുന്നത്. അത്രയും സങ്കീർണമാണ് ശാസ്ത്രീയമായ രീതി.

ഇങ്ങനെ ഒരു വിഷയത്തെ പറ്റിത്തന്നെ പല തലങ്ങളിൽ പല ആൾക്കാരിൽ നിന്നും വരുന്ന തെളിവുകൾ ശേഖരിക്കണം. ശാസ്ത്രരീതിയുടെ അവശ്യമായ ഘടകമാണിത്. ശാസ്ത്രജ്ഞർ അവരുടെ ആശയങ്ങൾ പരിശോധിക്കാൻ വേണ്ട തെളിവുകൾക്കായി നിരന്തരം പരിശ്രമിക്കുന്നു. അതിനുവേണ്ട പരീക്ഷണങ്ങൾ എത്ര തന്നെ ദുർഘടം പിടിച്ചതായാലും, ശാസ്ത്രത്തിന്റെ രീതികൾക്ക് അത് ഒഴിച്ചുകൂടാനാവാത്തതാണു. ഒരു ഒറ്റ പരീക്ഷണഫലം കിട്ടാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തി അവിടെയുള്ള മഞ്ഞിനുള്ളിൽ അകപെട്ടുകിടക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ശേഖരിക്കണ്ടിവന്നേക്കാം, അതും അല്ലെങ്കിൽ ആയിരകണക്കിന് DNA സാമ്പിളുകൾ ലോകത്തിന്റെ പല ഭാഗത്തുനിന്ന് ശേഖരിച്ച് പരിശോധിക്കേണ്ടി വന്നേക്കാം. എന്തുതന്നെയായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ആണ് ശാസ്ത്രം ഒരു ആശയം തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത് .അല്ലാതെ, ശീലങ്ങൾക്കും പാരമ്പര്യത്തിനും പൊതുഅഭിപ്രായത്തിനും ഒന്നും ഒരു പ്രാധാന്യവും ഇല്ല.

ഒരാളുടെ പരീക്ഷണഫലം ഏതു ചോദ്യത്തിനും ഉത്തരം നൽകാവുന്നവിധം മറ്റൊരാൾക്ക് ബോധ്യപ്പെടണമെന്നത് ശാസ്ത്രത്തിന്റെ ആണിക്കല്ലാണ്. ഊഹാപോഹങ്ങൾക്കും അനുഭവസാക്ഷ്യങ്ങൾക്കും ശാസ്ത്രത്തിൽ വലിയ സ്ഥാനമില്ലാ.

4.ശാസ്ത്ര സമൂഹത്തെ ഉൾക്കൊള്ളിക്കണം:

ശാസ്ത്രത്തിന്റെ പുരോഗമനത്തിന് ശാസ്ത്രസമൂഹത്തിനുള്ളിലെ പരസ്പരപ്രവർത്തനങ്ങൾക്ക് വലിയ ഒരു പങ്കുണ്ട്. കാരണം അവരാണ് പുതിയ ആശയങ്ങൾ മുന്നോട്ടു വെക്കുന്നതും അതിനുവേണ്ടിയുള്ള തെളിവുകൾ പല പ്രവർത്തനതലങ്ങളിൽ നിന്നും കണ്ടെത്തുന്നതും, അവ പരിശോധിക്കുന്നതും പഠനവിധേയമാക്കുന്നതുമെല്ലാം. കൂടാതെ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഇറക്കുക, കോൺഫെറൻസുകൾ സംഘടിപ്പിക്കുക, റിസർച്ച് ചെയ്യാനുള്ള ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങളും അവരാണ് ചെയ്യുന്നത്. പുതിയ ആശയങ്ങൾ കൂലങ്കഷമായി വിലയിരുത്തുകയും മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നത് വഴി, തെറ്റുകൾ ഇല്ല എന്നും മികച്ച ആശയങ്ങൾ ആണ് പരിഗണിക്കപെടുന്നതെന്നും ഉറപ്പ് വരുത്തുന്നു.

5.പുതിയ ഗവേഷണങ്ങളിലേക്ക് നയിക്കണം:

ശാസ്ത്രം എന്നും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേയ്ക്ക് എന്നതാണ് ശാസ്ത്രത്തിന്റെ വളർച്ച. ഇന്ന് മനുഷ്യരാശി അറിയാൻ ശ്രമിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങൾ എന്ന് വിചാരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തിയാലും ശാസ്ത്രപഠനങ്ങൾ മുന്നോട്ട് തന്നെ പൊയ്കൊണ്ടിരിക്കും. ശാസ്ത്രത്തിൽ സാധാരണയായി ഒരു ചോദ്യത്തിനുത്തരം കണ്ടെത്തുമ്പോൾ, പുതിയ ചോദ്യങ്ങൾ ചോദിക്കാനും കൂടുതൽ വ്യക്തത വരുത്താനും നാം പ്രേരിപ്പിക്കപ്പെടും. ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാത്തതായി എന്തെങ്കിലുമുള്ളടത്തോളം കാലം അതിനുത്തരം തേടി ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും.

പുതിയ ഉത്തരങ്ങൾ കിട്ടുമ്പോൾ പഴയതു പലതും തിരുത്തപ്പെടും. അലോപ്പതി വിരുദ്ധരായ പലരും പലപ്പോഴും ചോദിച്ചിട്ടുള്ള ചോദ്യമാണ്, മോഡേൺ മെഡിസിനിൽ മുമ്പുപയോഗിച്ചിരുന്ന മരുന്നൊക്കെ ഇപ്പോഴെവിടെ? എല്ലാം തെറ്റായിരുന്നുവെന്ന് തെളിഞ്ഞില്ലേ? അവരോട് ചോദിക്കാനുള്ളത്, കുറച്ചുവർഷങ്ങൾക്കു മുമ്പ് നിങ്ങൾ ഉപയോഗിച്ചിരുന്ന 60 വാട്ടിന്റെ സാധാബൾബാണോ വീട്ടിലിപ്പോഴും? CFL/ LED ലൈറ്റുകളല്ലേ? പഴയ ബൾബുകൾ മോശമായതുകൊണ്ടല്ലല്ലോ കൂടുതൽ മെച്ചപ്പെട്ട ബൾബുകൾ കണ്ടുപിടിച്ചതുകൊണ്ടല്ലേ ആ മാറ്റം. അതുപോലെയാണ് ശാസ്ത്രത്തിന്റെ എല്ലാ മേഖലയിലും.

6.പങ്കെടുക്കുന്ന ശാസ്ത്രജ്ഞരുടെ ശാസ്ത്രബോധം :

ശാസ്ത്രം ആർക്കും പഠിക്കാം. ശാസ്ത്രീയരീതിയിലുഉള്ള പഠനങ്ങൾ ആരിൽ നിന്ന് വന്നാലും ശാസ്ത്രസമൂഹത്തിൽ സ്വീകരിക്കപ്പെടും. അവ അങ്ങനെ കറയറ്റരീതിയിൽ സൂഗമമായി നടക്കണമെങ്കിൽ ശാസ്ത്രസമൂഹത്തിലുള്ളവർ ശാസ്ത്രബോധത്തോടെ പെരുമാറണം. അതായത് ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയിൽ ആയിരിക്കണം അവർ പെരുമാറേണ്ടത്. ശാസ്ത്രബോധത്തിൽ പ്രധാനം തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താനുള്ള മനസാണ്. മതപ്രചാരകരും കപടശാസ്ത്ര ഉപാസകരും ശാസ്ത്രത്തിന് പുറത്താകുന്നത് ഇവിടെയാണ്.

മുകളിൽപ്പറഞ്ഞ വിശേഷണങ്ങളാണ് പ്രധാനമായും ശാസ്ത്രപഠനങ്ങൾക്ക് വേണ്ടത്. ശാസ്ത്രത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഇതു ബാധകമാണ്. ഇവ പാലിച്ചുകൊണ്ടുള്ള പഠനങ്ങൾ ആയതുകൊണ്ടാണ് ശാസ്ത്രജ്ഞാനം ഏറ്റവും മികച്ചതും വിശ്വാസ്യയോഗ്യവുമാകുന്നത്. മനുഷ്യജീവിതത്തിന്റെയും അറിവിന്റെയും പുരോഗതി നോക്കിയാൽ മാത്രം മതി ശാസ്ത്രരീതി എത്രത്തോളം വിജയകരം ആണെന്ന് മനസിലാക്കാൻ.

മനുഷ്യനിന്നോളം നേടിയ ഏറ്റവും വലിയ സമ്പാദ്യം അവന്റെ അറിവ് തന്നെയാണ്. മതപരമായ അന്ധത പലപ്പോഴും ശാസ്ത്രത്തെ ശരിക്കും മനസിലാക്കാൻ തടസമാകുന്നുണ്ട്. ഇപ്പോഴും ഭൂമി പരന്നതാണെന്നും ചൊവ്വാദോഷത്തിലുമൊക്കെ വിശ്വസിക്കുന്നവരുമുണ്ടല്ലോ. തുടക്കത്തിൽ പറഞ്ഞ വീട്ടിലെ വളർത്തുപൂച്ചയെ പോലുള്ളവർ.

ശാസ്ത്രത്തിന്റെ പരിമിതികൾ

ഇന്നു നാം അനുഭവിക്കുന്ന സകല സൗഭാഗ്യങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. ചൊവ്വയിൽ ജീവൻ തേടി പോകുന്ന ശാസ്ത്രം ഇങ്ങ് ഭൂമിയിൽ ആറ്റത്തിന്റെ ഏറ്റവും ചെറിയ കണങ്ങളിലേക്കും ഊളിയിടുന്നു. ഭൂകമ്പങ്ങൾ പ്രവചിക്കുന്ന ശാസ്ത്രം ജീൻ മാറ്റിവച്ചുള്ള ചികിത്സകൾ കണ്ടെത്തുന്നു. ഇതെല്ലാം ശാസ്ത്രത്തിന് പരിമിതികളില്ലാ എന്നൊരു തോന്നലുണ്ടാക്കുന്നുണ്ട്. എന്നാലങ്ങനെയല്ലാ. ശാസ്ത്രത്തിനുമുണ്ട് ചില പരിമിതികൾ.

1.ധാർമ്മികതയിലൂന്നിയുള്ള തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make moral judgements)

       ദയാവധം ചെയ്യുന്നത് ശരിയോ തെറ്റോ? ഈ പ്രപഞ്ചത്തിൽ മനുഷ്യന്റെ സവിശേഷാധികാരം എന്താണ്? മറ്റു ജീവജാലങ്ങൾക്ക് പ്രകൃതിയുടെ മേലുള്ള അവകാശമെന്താണ്? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ട്. ഒരു രോഗിയുടെ അവസ്ഥ ഗുരുതരമാണെന്നും ജീവിതത്തിലേയ്ക്ക് തിരികെ വരില്ലെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരും. ശാസ്ത്രം തീരുമാനങ്ങളല്ലാ, അറിവുകളാണ് തരുന്നത്. ആ അറിവും മറ്റു നിയമങ്ങളും യുക്തിയും ധാർമ്മികതയും ഉപയോഗിച്ച് നമ്മൾ തീരുമാനിക്കണം മേൽപ്പറഞ്ഞവ പോലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം. ഈ ലോകത്തെ സകലതും ശാസ്ത്രം നമുക്ക് പഠിപ്പിച്ചു തരും. അതിൽ ശരി/തെറ്റ്, നല്ലത്/ മോശമായത് തുടങ്ങിയ വേർതിരിവുകൾ നടത്താൻ ശാസ്ത്രത്തിന് പരിമിതികളുണ്ട്.

2. കലാസൗന്ദര്യവിദ്യാപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി (Science doesn't make aesthetic judgement)

      ഒരു മ്യൂസിക്കൽ നോട്ടിന്റെ ഫ്രീക്വൻസി എത്രയെന്നും അത് ശബ്ദതരംഗമായി ചെവിയിലൂടെ തലച്ചോറിലേക്ക് എങ്ങനെയെത്തുന്നു എന്നൊക്കെ ശാസ്ത്രം പറഞ്ഞുതരും. അതുപോലെ കണ്ണുകൾ കളറുകളെ തിരിച്ചറിയുന്നതിനെ പറ്റിയും. പക്ഷേ ഒരു ബീഥോവൻ സിംഫണി അല്ലെങ്കിൽ ഒരു രവിവർമ്മാ ചിത്രം, ഒരു സിനിമ ഇതൊക്കെ എങ്ങനെ ആസ്വദിക്കണമെന്ന് പറഞ്ഞുതരാൻ ശാസ്ത്രത്തിനാകില്ല. അത് നമ്മുടെ തലച്ചോറിന്റെ തീരുമാനമാണ്.

3. ശാസ്ത്രജ്ഞാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't tell you how to use scientific knowledge)

     ശാസ്ത്രം നൽകുന്ന സാധ്യതകളും അറിവുകളും എങ്ങനെ അല്ലെങ്കിൽ എന്തിനുവേണ്ടി ഉപയോഗിക്കണമെന്ന് പറയാൻ ശാസ്ത്രത്തിന് പരിമിതിയുണ്ട്. ഉദാഹരണത്തിന്, ഒരു ജീവിയുടെ DNA യിൽ എങ്ങനെ, എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്ന് ശാസ്ത്രം പറഞ്ഞുതരും. പക്ഷേ അത് ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കണോ പുതിയൊരു ബാക്ടീരിയയെ സൃഷ്ടിക്കാൻ ഉപയോഗിക്കണോ പുഴുകയറാത്ത മാമ്പഴം നിർമ്മിക്കാൻ ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഉപയോക്താക്കളാണ്. ന്യൂക്ലിയാർ റിയാക്റ്ററിന്റെയും അണുബോംബിന്റെയും അടിസ്ഥാനശാസ്ത്രം ഒന്നുതന്നെയാണല്ലോ. ശാസ്ത്രത്തിന് ശരിതെറ്റുകളില്ലാ, അതുപയോഗിക്കുന്ന ആളിന്റെ ആവശ്യവും നൈതികതയും അനുസരിച്ചായിരിക്കും ശരിതെറ്റുകൾ തീരുമാനിക്കപ്പെടുന്നത്.

4. പ്രകൃത്യാതീതമായ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള പരിമിതി (Science doesn't draw conclusions about supernatural explanations)

       ദൈവമുണ്ടോ? മരണാനന്തരജീവിതമുണ്ടോ? പുനർജന്മമുണ്ടോ? തുടങ്ങിയവ പോലുള്ള ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ നിരീക്ഷണ-പരീക്ഷണ പരിധിയ്ക്ക് പുറത്താണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്ന് ചുരുക്കിപ്പറയാം. അന്വേഷണം, യുക്തിഭദ്രമായ തെളിവുകൾ, പുതിയ അറിവുകൾ ആർജ്ജിക്കൽ, തെറ്റുതിരുത്തൽ, നിരന്തരം പുതുക്കിക്കൊണ്ടിരിക്കാനുള്ള കഴിവ് ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ സ്വഭാവവിശേഷങ്ങൾ. ഇവയില്ലാത്തതെല്ലാം കപടമാണ്. നിങ്ങൾ ശാസ്ത്രമെന്നു വിളിക്കുന്ന പലതും ശാസ്ത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലും കിടക്കാൻ യോഗ്യതയില്ലാത്തതാണെന്ന് ചിന്തിച്ചാൽ മനസിലാകും. ഇന്നു നാം അനുഭവിയ്ക്കുന്ന ഈ ലോകം ശാസ്ത്രത്തിന്റെ സംഭാവനയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ടാണ്, അതിന്റെ പാരമ്യത്തിൽ നിന്നുകൊണ്ടാണ്, അതിന്റെ സാധ്യതകൾ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ചിലർ ശാസ്ത്രനിഷേധം പ്രചരിപ്പിക്കുന്നത്. വലിയൊരു ശതമാനം പേർ അതേറ്റുപാടുന്നത്. അതേറ്റവുമധികമുള്ളത് വൈദ്യശാസ്ത്രമേഖലയിലുമാണ്.

വസൂരിയെ തുടച്ചുനീക്കിയ ലോകത്ത്, എയിഡ്സ് രോഗി സാധാരണക്കാരനെപ്പോലെ പതിറ്റാണ്ടുകൾ ജീവിക്കുന്ന ലോകത്ത്, ക്യാൻസർ ചികിത്സ കഴിഞ്ഞവർ പത്തും ഇരുപതും അതിലധികവും വർഷങ്ങൾ ജീവിക്കുന്ന ലോകത്ത്, പോളിയോ നിർമ്മാർജനത്തിന്റെ വക്കിൽ നിന്നുകൊണ്ടാണ് ശാസ്ത്രനിഷേധികൾ വാക്സിൻ വിരുദ്ധത  പ്രചരിപ്പിക്കുന്നതും ആന്റിബയോട്ടിക്കുകളെയും കീമോയേയും എതിർക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചാണകത്തിന്റെ ഔഷധമൂല്യവും രക്തമൂറ്റലിന്റെ മാജിക്കും രോഗശാന്തിയ്ക്കുള്ള നിലവിളികളുമായി അവർ സാധാരണക്കാരുടെ അജ്ഞതയെ അങ്ങേയറ്റം മുതലെടുക്കുന്നു. കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ ഫേസ്ബുക്ക് ലൈവിലൂടെ  സുക്കർബർഗിന്റെ അച്ഛന് വിളിയ്ക്കുന്നതിന് തുല്യമാണ് ഇവരീ കാണിക്കുന്ന ശാസ്ത്രനിഷേധം.

നിർത്തുന്നൂ, ഇത്രയും കൂടി. ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചിലതുണ്ട്. അതിനുള്ള ഉത്തരങ്ങൾ ശാസ്ത്രം തന്നെ കണ്ടെത്തും. അതിനു പകരം അല്ലെങ്കിൽ പരിഹാരം കപടശാസ്ത്രമല്ലാ.ചിന്തിക്കുന്നവന്റെ മാത്രം സുഹൃത്താണ്, അവന്റെ മാത്രം പ്രശ്നമാണ് ശാസ്ത്രം. അല്ലാത്തവർക്ക് ആദ്യം പറഞ്ഞ പൂച്ചയ്ക്ക് ചെസ് ബോർഡ് പോലെയും.

©മനോജ്‌ വെള്ളനാട്

download pdf