Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

സൈക്കിൾ എന്ന വലിയ സ്വപ്നം

ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകുവായിരുന്നു. അപ്പൊഴതാ റോഡിൽ ഒരു കൊച്ചു പെൺകുട്ടി. കളിക്കുന്നതിനിടയിൽ ഇറങ്ങി ഓടിയതാവും. ആ പാഞ്ഞു വരുന്ന ഒരു കാർ അവളെ ഇപ്പൊ ഇടിക്കും. ഞാനോടി. ഓടിച്ചെന്ന് ആ കുഞ്ഞിനെ റാഞ്ചിയെടുത്ത്, രക്ഷിച്ച് റോഡരികിലേക്ക് നിർത്തി. കുഞ്ഞും ഞാനും കിതച്ചു കൊണ്ട് നിൽക്കുമ്പോഴതാ കുഞ്ഞിൻ്റെ അച്ഛനുമമ്മയും ഓടി വരുന്നു. അവരാദ്യം കുഞ്ഞിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ എൻ്റെ അടുത്തേക്ക് വന്നൂ, തോളിൽ തട്ടി. ആ അച്ഛൻ അപ്പോഴും കരയുകയായിരുന്നു.


'നീ ഇല്ലായിരുന്നെങ്കിൽ.. ദൈവമാണ് നിന്നെ ഇപ്പൊഴിവിടെ എത്തിച്ചത്.. എൻ്റെ കുഞ്ഞിനെ രക്ഷിച്ചതിന് ഞാനെന്ത് പ്രതിഫലമാണ് നിനക്ക് തരേണ്ടത്..?'


ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ പറഞ്ഞൂ,


'ഒരു സൈക്കിൾ..'


ഇതാ മോനേ എന്നു പറഞ്ഞ് അപ്പൊത്തന്നെ അവരൊരു സൈക്കിളെനിക്ക് എടുത്തു തന്നു. ഞാനാ സൈക്കിളും ചവിട്ടി വീട്ടിലേക്ക് പോയി.


മറ്റൊരു സ്വപ്നത്തിൽ ആ കാറുകാരനായിരുന്നു എനിക്ക് സൈക്കിൾ വാങ്ങി തന്നത്, കുഞ്ഞിനെ രക്ഷിച്ചതിന്. എൻ്റെ ധൈര്യത്തിനുള്ള പുരസ്കാരമായിട്ട്. ഇവര് രണ്ടുപേരെയും കുറേനാളായിട്ടും വഴിയിലെങ്ങും കാണാത്തതിനാൽ ചിലപ്പോഴൊക്കെ ദൈവം തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ട് 'ഇതാ മോനേ നിൻ്റെ സൈക്കിൾ' എന്നൊക്കെ പറയുമായിരുന്നു..


ഇതൊന്നും തന്നെ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളല്ലായിരുന്നു. പട്ടാപ്പകൽ. ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ്. സ്കൂളീന്ന് വീടുവരെ രണ്ടരക്കിലോ മീറ്റർ ദൂരമുണ്ട്. ആ നടത്തം മുഴുവനും ഇങ്ങനെയുള്ള സിനിമാറ്റിക് സ്വപ്നങ്ങളും കണ്ടുകൊണ്ടാണ്. അത്രയ്ക്ക് ആഗ്രഹമായിരുന്നു അന്നൊരു സൈക്കിൾ കിട്ടാൻ..


ആ സ്വപ്നങ്ങൾ പല രൂപത്തിലും ഭാവത്തിലും പത്താം ക്ലാസ് കഴിയും വരെയും സ്വപ്നങ്ങളായി തന്നെ എൻ്റെ കൂടെ വളർന്നു. അതിലേറ്റവും ഇഷ്ടമുള്ള സ്വപ്നം ഒരു പേന കളഞ്ഞു കിട്ടുന്നതായിരുന്നു.


റോഡരികിൽ കിടന്ന ആ പേന ഞാൻ കൈയിലെടുത്തു. തെളിയുമോന്ന് നോക്കാനായി ബുക്കെടുത്ത് ആദ്യം തന്നെ 'സൈക്കിൾ' എന്നെഴുതി. എഴുതിക്കഴിഞ്ഞതും അതാ മുമ്പിലൊരു കിടിലൻ സൈക്കിൾ പ്രത്യക്ഷപ്പെട്ടു. അതിൽ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു, കാരണമതൊരു മാന്ത്രികപ്പേന ആയിരുന്നല്ലോ. ആ പേന കൊണ്ട് എന്തെഴുതിയാലും അത് നമുക്കപ്പൊ മുന്നിൽ കിട്ടും. സിമ്പിൾ.


+1- ലായപ്പോഴാണ് സൈക്കിൾ ഈ സ്വപ്നങ്ങളിൽ നിന്നെല്ലാം പുറത്തിറങ്ങി ജീവിതത്തിൻ്റെ, ശരീരത്തിൻ്റെ തന്നെ ഭാഗമാകുന്നത്. 18 വർഷം മുമ്പ്. എൻ്റെ മഹാനായ സ്പോൺസർ സാമുവൽ അങ്കിളിൻ്റെ ബർത്ത് ഡേ ഗിഫ്റ്റായിരുന്നു അത്. (സാമുവൽ അങ്കിളിനെ പറ്റിയും മുമ്പൊരിക്കൽ എഴുതിയിരുന്നു). ആഗ്രഹമുണ്ടെങ്കിലും അങ്ങനൊരാവശ്യം ഞാനങ്കിളിനോട് പറഞ്ഞിട്ടേയില്ലായിരുന്നു. എന്നിട്ടും ആ ബർത്ത്ഡേ ദിവസം സാമുവലങ്കിൾ എന്നെയും കൂട്ടി പഴവങ്ങാടിയിലെ New India cycles -ൽ ചെന്നു. ഹൊ, എന്തുമാത്രം സൈക്കിളുകൾ! കണ്ടെൻ്റെ തൊണ്ട വരണ്ടു. ഇഷ്ടമുള്ളതെടുക്കാൻ അങ്കിൾ പറഞ്ഞു. ഞാനൊരു സ്ലിം, മെറൂൺ കളർ സുന്ദരി BSA-യെ തൊട്ടു കാണിച്ചു.


അത് പല പീസുകളായി, രണ്ടു പെട്ടികളിലായി KSRTC ബസിൽ എൻ്റെ കൂടെ വെള്ളനാട്ടേക്കു വന്നു. ബസിറങ്ങി നേരെ വർക് ഷോപ്പിൽ കൊണ്ടുകൊടുത്തു, അസംബിൾ ചെയ്യാൻ.


ഭയങ്കര ഭംഗിയായിരുന്നു അതിന്. എൻ്റെ ആദ്യ കാമുകിയായിരുന്നു. എന്നാലും, എൻ്റെ രണ്ടാമത്തെ കാമുകിയുടെ പുറകേ എന്നോടൊപ്പം യാതൊരു പരിഭവവുമില്ലാതെ, സമയവും കാലവും നോക്കാതെ കൂട്ടുവന്നിട്ടുമുണ്ട്. അവളുള്ള ട്രക്കറിന് പിറകേ, അതേ സ്പീഡിൽ എൻ്റെ മനസറിഞ്ഞ് പായുമായിരുന്നു. 


+1-ഉം +2-ഉം കഴിഞ്ഞ് MBBS-ന് ചേരും വരെയും എൻ്റെ ശരീരത്തിൻ്റെ തന്നെ ഭാഗമായിരുന്നു അവൾ. കള്ളന്മാരെ പേടിച്ച്, വീട്ടിൽ സൈക്കിൾ വയ്ക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ ഞാൻ കിടക്കുന്ന കുടുസു മുറിയിൽ എൻ്റെ ഓരത്ത് തന്നെ ഞാനുറങ്ങുമ്പോഴും അവളുണ്ടാകുമായിരുന്നു. വലിയ പത്രാസുള്ള കടയിലാണ് ജീവിച്ചിരുന്നതെങ്കിലും എൻ്റെ ചോരുന്ന വീട്ടിലും അവൾക്ക് പരിഭവമൊന്നും ഇല്ലായിരുന്നു. ഞാൻ കൊണ്ട മഴയും വെയിലുമെല്ലാം അവളും കൊണ്ടിട്ടുണ്ട്. മഴ കൊള്ളാനിഷ്ടവുമായിരുന്നു. പക്ഷെ, മറ്റേതൊരു കാമുകിയെയും പോലെ തൻ്റെ റോൾ കഴിഞ്ഞാൽ എൻ്റെ ജീവിതത്തിൽ നിന്നും പെട്ടന്നങ്ങ് അപ്രത്യക്ഷയാവാനായിരുന്നു അവളുടെയും നിയോഗം.


ഇന്ന് ലോക സൈക്കിൾ ദിനമാണെന്ന് കണ്ടപ്പോഴാണ്, ഒരു കാലത്ത് സൈക്കിളിനെ പറ്റി മാത്രം ചിന്തിച്ചിരുന്ന, സ്വപ്നം കണ്ട് നടന്നിരുന്ന എന്നെ ഞാൻ വീണ്ടുമോർത്തത്. കൂടെ, ഞാനത്രയും നാൾ കണ്ടു നടന്നിരുന്ന ആ സ്വപ്നം, ഒരു ദിവസം പെട്ടന്ന് ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെട്ട് എനിക്കൊരു സൈക്കിൾ സമ്മാനിക്കുന്ന, ആ അത്ഭുതം പ്രവർത്തിച്ച, സാമുവലങ്കിളിനെയും. വേറെയും കുറേയേറെ കാര്യങ്ങളെയും….. അങ്ങനെ എത്രയെത്ര അത്ഭുത പ്രവർത്തനങ്ങളിലൂടെയാണ് ജീവിതത്തിൻ്റെ സൈക്കിൾ ബാലൻസ് തെറ്റാതോടുന്നത്, അല്ലെ..!




കൂട്ടിന് ഇപ്പോഴുമുണ്ടൊരു സൈക്കിൾ സുന്ദരി. അവളാണ് ചിത്രത്തിൽ.. ക്യൂട്ടാണ്.. പക്ഷെ അതിൻ്റെ അഹങ്കാരമൊന്നുമില്ലാ, പാവമാണ്.. ☺️☺️


©മനോജ്‌ വെള്ളനാട്


വലതു കൈ ചെയ്യുന്നത്...


പത്താം ക്ലാസ് റിസൾട്ട് വന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നെപ്പറ്റി ഒരു വാർത്ത പത്രത്തിൽ വന്നു. എന്റെ വീട്ടിലെ ദാരിദ്ര്യവും തുടർ പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ വിവരിച്ചു കൊണ്ടുള്ള ഒന്ന്. വാർത്ത വന്നതിന് ശേഷമാണ് ഞാനതറിയുന്നത് തന്നെ. എന്റെ ബുദ്ധിമുട്ടുകൾ എനിക്കറിയാത്ത ലോകത്തുള്ള സകലരും അറിഞ്ഞതിൽ എനിക്ക് വല്ലാത്ത ജാള്യത തോന്നി. അതുകൊണ്ടു തന്നെ എന്റെ കയ്യിൽ കിട്ടിയ ആ പത്രവാർത്ത ഞാൻ കീറിക്കളഞ്ഞു.

പക്ഷെ, ആ വാർത്ത കൊടുത്തവരുടെ നല്ല മനസ് ഞാൻ കാണാതിരുന്നില്ല. അവർക്കെന്നെ ആവും വിധം സഹായിക്കണമെന്ന ഒറ്റ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളൂ. ആ സ്നേഹം ഇപ്പോഴും എനിക്കവരോടുണ്ട്.

ആ വാർത്ത കണ്ട് എനിക്കൊരു സ്പോൺസറുണ്ടായി. അദ്ദേഹം എന്റെ വീട്ടിൽ വന്ന് സാഹചര്യങ്ങൾ നേരിട്ട് കണ്ടതിന് ശേഷമാണ് സ്പോൺസറായത്. മൂന്ന് നേരത്തെ ഭക്ഷണമുൾപ്പെടെ എന്റെ സകല ചെലവും അദ്ദേഹം സ്പോൺസർ ചെയ്തു. വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്യുന്ന സഹായം മറ്റൊരാൾ അറിയണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത, സഹായം സ്വീകരിക്കുന്ന എന്റെ സ്വകാര്യതയെ ഒരിക്കലും ഹനിക്കാത്ത, ഇതാ ഞാൻ സഹായിക്കുന്ന കുട്ടിയെന്ന് എന്നെ കാണിച്ച് ആരുടെ മുന്നിലും ആളാവാൻ ശ്രമിക്കാത്ത ഒരു വലിയ മനുഷ്യൻ. സാമുവൽ അങ്കിൾ

മറ്റൊരാളിൽ നിന്നും സഹായം സ്വീകരിച്ച് 'ജീവിക്കുന്ന'തിൽ എനിക്കുള്ള ജാള്യത അദ്ദേഹത്തിന്റെ ഈ ക്വാളിറ്റീസ് കാരണം എനിക്ക് മറി കടക്കാനായി. എന്നിരുന്നാലും +2 തീരും മുമ്പേ ഞങ്ങൾ പിണങ്ങി. ഒരു കാരണവശാലും എന്നെ MBBS- ന് വിടില്ലാന്നുള്ള അദ്ദേഹത്തിന്റെ വാശിയായിരുന്നു കാരണം. എനിക്കതൊട്ടും സമ്മതമല്ലായിരുന്നു. അങ്ങനെ +2 വിൽ അവസാനത്തെ 4-5 മാസം അദ്ദേഹം സഹായിച്ചതേയില്ല.

ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തി. വലിയൊരു സുവർണാവസരമാണ് ഞാൻ വാശി കാണിച്ച് കളയുന്നതെന്ന് പലരും പറഞ്ഞു. നന്ദിയില്ലായ്മയാണ് ഞാൻ കാണിക്കുന്നതെന്നും, ഒന്ന് തഞ്ചത്തിലൊക്കെ നിന്നിരുന്നെങ്കിൽ പുഷ്പം പോലെ എന്നെ അദ്ദേഹം വിദേശത്തോ മറ്റോ ഒരു ജോലി വാങ്ങി തന്ന് രക്ഷപ്പെടുത്തിയേനെ എന്നും പറഞ്ഞവരുണ്ട്. അതൊക്കെ ശരിയായിരുന്നു. അദ്ദേഹത്തിന് ഞാൻ രക്ഷപ്പെടണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, MBBS വഴി ഒഴികെ. പക്ഷെ.... അങ്ങേയറ്റം റെസ്പെക്റ്റോടെ ഞാനാ സ്പോൺസർഷിപ്പ് വേണ്ടാന്ന് വച്ചു.

ഇത്രയുമിപ്പോൾ എഴുതാൻ കാരണം വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പുതിയ തീരുമാനമാണ്. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിൽ അത് പരസ്യം ചെയ്ത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന രീതിയിലാവരുതെന്ന തീരുമാനം. അതിനെ വലിയ കയ്യടിയോടെ സ്വാഗതം ചെയ്യുന്നു.

എനിക്കന്ന് വളരെ ഈസിയായി ആ സ്പോൺസർഷിപ്പിൽ നിന്ന് ഇറങ്ങി വരാൻ കഴിഞ്ഞത്, എനിക്ക് വളരെ കുറച്ചു പേരോട് മാത്രം മറുപടി പറഞ്ഞാൽ മതിയായിരുന്നു എന്നതു കൊണ്ടാണ്. എന്റെ ആത്മാഭിമാനത്തെ സാമുവൽ അങ്കിളും എന്റെ കൂടെയുള്ളവരും മാനിച്ചിരുന്നതു കൊണ്ടാണ്. അല്ലെങ്കിലത് തന്നെ വലിയ വാർത്തയോ ചർച്ചാ വിഷയമോ ആയേനെ.

ലോകത്തെല്ലാ കുട്ടികളും അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കുന്നത് കൊണ്ടു തന്നെ, ഞങ്ങൾ കുറച്ചു കൂട്ടുകാർ എഡ്യൂകെയർ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങിയപ്പോൾ കുട്ടികളുടെ വിവരങ്ങൾ (മാർക്ക് ലിസ്റ്റ് ഒഴികെ) ഒന്നും മറ്റാർക്കും ഷെയർ ചെയ്യില്ലാന്ന് തീരുമാനിച്ചത്. ഇപ്പോഴും എഡ്യൂകെയറിന്റെ സഹായം ലഭിക്കുന്ന കുട്ടികൾ വെള്ളനാട്ടുണ്ട്. അവരെ നമുക്ക് കുറച്ചു പേർക്ക് മാത്രേ അറിയൂ, സ്പോൺസർ ചെയ്യുന്നവർക്ക് നേരിട്ടൊരു കോണ്ടാക്റ്റും അവരോടില്ല.

കുട്ടികളുടെ മാത്രമല്ലാ, മുതിർന്ന ആളാണെങ്കിലും, തെരുവിൽ കിടക്കുന്ന ആളാണെങ്കിലും, നമ്മളൊരാളെ സഹായിക്കുമ്പോൾ അയാളുടെ സ്വകാര്യതയെയും അഭിമാനത്തെയും മാനിക്കണമെന്നാണ് എന്റെ പക്ഷം, അതയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ആഗ്രഹിച്ചില്ലെങ്കിലും. കക്കൂസ് നിർമ്മിക്കാൻ കാശു പിരിച്ചു കൊടുത്ത്, ആ കക്കൂസിന്റെ മുന്നിൽ വീട്ടുകാരെ മൊത്തം നിർത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുന്നവരെ വരെ കണ്ടിട്ടുണ്ട്. സഹായിച്ചവരെ പിണക്കണ്ടാന്ന് കരുതി അവരാരും മറുത്തൊന്നും പറയില്ല. അല്ലേൽ അവരിതൊന്നും അറിയുന്നില്ല.

നമ്മുടെ പ്രവൃത്തി ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ലാ. പക്ഷെ അതിനേക്കാട്ടിലും മേലെയാണ് ഒരാളുടെ ആത്മാഭിമാനമെന്ന് ഞാൻ വിചാരിക്കുന്നു.

നമ്മളാരുടെ സന്തോഷത്തിന് വേണ്ടിയാണ് ഒരാളെ സഹായിക്കുന്നതെന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും. സഹായം കിട്ടുന്നയാളുടെ സന്തോഷമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾ സഹായിച്ചതോടെ ആ പർപ്പസ് നേടിക്കഴിഞ്ഞു. നിങ്ങളുടെ സന്തോഷവും കൂടിയാണ് ലക്ഷ്യമെങ്കിൽ അവിടെ ഒരു നിമിഷം ആലോചിച്ച ശേഷം ഉചിതമായത് ചെയ്യുക.

©മനോജ്‌ വെള്ളനാട്



ഒരു രാത്രിയുടെ വില!

'ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..?'

പുറത്തുപോയി ഡിന്നർ കഴിച്ച് വരുന്നവഴി അവനെന്നോട് ചോദിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് നിക്കുന്ന സമയമാണ്. ഇനി പലപ്പോഴായി ലീവെടുത്തതിന്റെ എക്സ്റ്റൻഷൻ കൂടിയേയുള്ളു. എക്സ്റ്റൻഷനില്ലാതെ കംപ്ലീറ്റ് ചെയ്തവരെല്ലാം പല വഴിക്ക് പിരിഞ്ഞു തുടങ്ങിയിരുന്നു.

എനിക്ക് ഒരാഴ്ചയും അവന് രണ്ടാഴ്ചയും എക്സ്റ്റൻഷനുണ്ടായിരുന്നു. ഒരുമിച്ച് തീർക്കാനായി ഞാനാദ്യത്തെ ആഴ്ച ഡ്യൂട്ടിയ്ക്ക് പോയില്ല. പക്ഷെ പുതിയ ബാച്ച് ഹൗസ് സർജൻസ് എത്തിയിട്ടില്ലാത്തതിനാൽ എന്നും വിളി വരും ചെല്ലാൻ. എന്നാലും പോയില്ലാ.

അവനിപ്പോ കാഴ്ചയിൽ സന്തോഷത്തിലാണെങ്കിലും, ഇപ്പോൾ ഗുളികകളൊക്കെ സ്വന്തം ഇഷ്ടപ്രകാരം നിർത്തി, ഇനിയതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് നടപ്പാണെങ്കിലും, ഞാനെപ്പോഴും കൂടെ വേണമെന്നത് എന്റെ നിർബന്ധമായിരുന്നു. രാവിലെ ഒരുമിച്ചുപോയി കഴിക്കും. ശേഷം, അവൻ ഡ്യൂട്ടിയ്ക്ക് പോകും, ഞാൻ ഹോസ്റ്റലിലേക്കും. ഉച്ചയ്ക്കവന്റെ ഡ്യൂട്ടി കഴിയും മുമ്പ് ഞാനവിടെത്തും. വീണ്ടും പോയി കഴിക്കും. പിന്നെ കറങ്ങാനോ സിനിമയ്ക്കോ പോകും. അതായിരുന്നു ദിനചര്യ.

അന്നു രാത്രിയിൽ ലേബർ റൂം ഡ്യൂട്ടിയ്ക്ക് വേറെ ഹൗസ് സർജൻസാരെയും കിട്ടാഞ്ഞിട്ടാണ് എനിക്ക് നിരന്തരം വിളി വന്നത്. ഗത്യന്തരമില്ലാതെ ഞാൻ സമ്മതിച്ചു. അവന്റെ ജീവിതത്തിലെ ഒരു നിർണായക സംഭവമുണ്ടായ ദിവസമാണതെന്ന് ഞാൻ മറന്നതല്ല. മറ്റുവഴിയില്ലായിരുന്നു. അപ്പോഴാണവൻ ചോദിച്ചത്,

'ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..? രാത്രി നമുക്കെവിടേലും പോകാം..'

'വേറാരുമില്ല ഡ്യൂട്ടിയ്ക്ക്, ഇനി മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല. നീയൊരു കാര്യം ചെയ്യ് കുറച്ചു കഴിഞ്ഞങ്ങോട്ട് വാ. നമുക്കവിടെ കിടക്കാം..'

അവനതിനൊന്നും പറഞ്ഞില്ല. ഒരു നോർമൽ ഡെലിവറി കഴിഞ്ഞ് രാത്രിയേതാണ്ട് 11 മണിയോടെ ഞാനവനെ വിളിച്ചു, വരുന്നില്ലേന്ന് ചോദിക്കാൻ. ഇല്ലാ, ഞാനുറങ്ങാൻ കിടന്നുവെന്ന് പറഞ്ഞ് ഫോൺ വച്ചു. ശബ്ദത്തിൽ ഉറക്കച്ചടവും എനിക്ക് തോന്നി. പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തി നേരെയവന്റെ റൂമിൽ പോയി തട്ടി. തുറക്കുന്നില്ല. ഫോണിൽ വിളിച്ചു. ബെല്ലടിക്കുന്നൂ, എടുക്കുന്നില്ല. ഒരു കസേരയെടുത്തു കൊണ്ടുവന്ന് വാതിലിന് മുകളിലൂടെ നോക്കുമ്പോളവനാ ഫാനിൽ തൂങ്ങി നിൽപ്പൊണ്ട്.

പരിചയപ്പെടുന്നവരാരും ഒരിക്കലും മറക്കാത്ത, ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത, ജീവിതത്തെ പോസിറ്റീവായി മാത്രം കണ്ടിരുന്നൊരാൾ. കടുത്ത വിഷാദത്തിലേക്ക് പോയപ്പോൾ ഞങ്ങളൊരുപാട് പേർ അവന് പല രീതിയിലും താങ്ങാവാൻ ശ്രമിച്ചതാണ്. ഇനിയൊരു അറ്റംപ്റ്റ് കൂടിയുണ്ടാവാതിരിക്കാൻ ഒരു നിഴൽ പോലെ കൂടെക്കൊണ്ടു നടന്നതുമാണ്..

ആ നശിച്ച രാത്രിയിലെനിക്ക് ഡ്യൂട്ടിയെടുക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ... അവൻ പോകണ്ടാന്ന് പറഞ്ഞപ്പോഴെങ്കിലും വല്ല പനിയെന്നോ മറ്റോ കള്ളം പറഞ്ഞ് ഞാൻ പോകാതിരുന്നിരുന്നെങ്കിൽ.. അന്നത്തെ ആ രാത്രി ഒന്നും സംഭവിക്കാതെ കടന്നു പോയിരുന്നെങ്കിൽ.. അതുമല്ലെങ്കിൽ കുറേ നിർബന്ധിച്ചെങ്കിലും ആ മരുന്ന് കഴിപ്പിച്ചിരുന്നെങ്കിൽ, അവനിപ്പോഴും...

ഓർക്കുമ്പോളിപ്പോഴും കരച്ചിൽ വരും. ഞാൻ കാരണമാണെന്നൊക്കെ തോന്നും. ആ തോന്നൽ പൂർണമായും തെറ്റല്ലെന്ന് വാദിച്ച് ഞാനെന്നെ തന്നെ കുറ്റവാളിയാക്കും. കാരണം, എനിക്കവനെ രക്ഷിക്കാൻ കഴിയുമായിരുന്നു, എനിക്കു മാത്രം..



ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ആത്മഹത്യകളെ പ്രതിരോധിക്കാൻ ഒരു 40 സെക്കന്റ് വേണ്ടപ്പെട്ടവർക്കായി നീക്കി വയ്ക്കണമെന്നാണ് ഇന്നത്തെ സന്ദേശം. മിക്കവാറും ആത്മഹത്യകളും നമുക്കൊന്ന് മനസു വച്ചാൽ തടയാൻ കഴിയുന്നതാണ്. വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സിക്കാൻ പ്രേരിപ്പിക്കണം. കൃത്യമായ ശാസ്ത്രീയമായ ചികിത്സ തന്നെ ലഭ്യമാക്കണം. ഒപ്പം, നമ്മൾ കൂടെയുണ്ടെന്ന കരുതലും..

ചില കുറ്റബോധങ്ങൾ 40 വർഷം കഴിഞ്ഞാലും അറ്റുപോവില്ല. അതുകൊണ്ട് മറക്കണ്ടാ, ഒരു 40 സെക്കന്റ്!

©മനോജ്‌ വെള്ളനാട്


തള്ളൽ കലയുടെ മൂന്ന് സുവർണവർഷങ്ങൾ

''ഭൗതികമോ ആത്മീയമോ സർഗാത്മകമോ ആയ സംഗതികൾ യാഥാർത്ഥ്യത്തിൽ നിലവിലില്ലാത്ത സ്ഥിതിയിൽ, അതുണ്ടെന്ന് പറയുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ഒടുവിൽ ചമ്മിപ്പോവുകയും ചെയ്യുന്നതിനെയാണ് 'തള്ള്' എന്ന് പറയുന്നത് ''
(നാസ, 2014)

'തള്ള്' ഒരു ദേശീയവിനോദമോ രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു കലാരൂപമോ ആയിട്ടില്ലാത്ത കാലത്തെ കഥയാണിത്. കഥയെന്ന് പറഞ്ഞാൽ ശരിക്കും കഥയല്ല കേട്ടോ. ഒറിജിനലാണ്. നല്ല ഒറിജിനൽ തള്ള്. ഞാൻ 5,6,7 ക്ലാസുകളിൽ വെള്ളനാട് സ്കൂളിൽ പഠിക്കുന്നതാണ് കാലഘട്ടം. 9,10,11 വയസുകളിലൂടെ കടന്നുപോകുന്ന ഇളംകുമാരനായ നായകൻ. പഠിക്കാനത്ര മിടുക്കൊന്നും ഇല്ലായിരുന്നെങ്കിലും തള്ളിന്റെ കാര്യത്തിൽ റാങ്ക് ഹോൾഡറായിരുന്ന സുവർണവർഷങ്ങൾ.

മുഖവുരയിവിടെ നിർത്തി സവിനയം തളളുകളിലേയ്ക്ക് നേരിട്ട് കടക്കുകയാണ്. 'എന്തുകൊണ്ടീ തളളുകൾ?' എന്ന് അവസാനം പറയാം. ഏവർക്കും സ്വാഗതം.

🙌 എന്റെത് രണ്ടുനിലയുള്ള ടെറസ് വീടാണെന്ന് കൂട്ടുകാരോട് പറഞ്ഞതാണ് ഓർമ്മയിലെ ആദ്യ തളള്. അഞ്ചാം ക്ലാസിൽ വച്ചായിരുന്നു അത്. നമ്മുടെ ക്ലാസ് റൂമിന് മുമ്പിൽ നിൽക്കുന്ന വലിയ മാവിനെക്കാളും വലിയ മാവാണ്, ഞങ്ങടെ ടെറസിന് മീതേ ചാഞ്ഞു കിടക്കുന്നതെന്നും വെറുതെ പടി കയറിച്ചെന്ന് മാങ്ങ പറിച്ചു തിന്നുന്നതാണെന്റെ ഒഴിവു സമയ വിനോദമെന്നൊക്കെ ഞാൻ പറഞ്ഞപ്പൊ അവന്മാരുടെ കണ്ണിൽ അസൂയയുടെ മാമ്പൂ പൂക്കുന്നത് കാണേണ്ടതായിരുന്നു. വീടിനടുത്തുള്ള കുട്ടികളാരും എന്റെ ക്ലാസിലില്ലാ എന്ന ധൈര്യത്തിലാണിതൊക്കെ കാച്ചുന്നത്. എന്നു കരുതി വെറുതെ തള്ളാൻ വേണ്ടി തള്ളുന്ന സ്വഭാവമൊന്നുമില്ലായിരുന്നു. ഓരോ സാഹചര്യത്തിലും അതിനനുസരിച്ചുള്ള തള്ളുകൾ മാത്രം.

🙌വീട്ടിൽ കക്കൂസില്ലാത്തതിനാൽ വല്ലവരുടെയും മരച്ചീനിവിളയിലൊ റബ്ബർവിളയിലോ ആണ് പോണതെന്നിവരെങ്ങാനും അറിയുമോ എന്നതായിരുന്നു എന്റെ അക്കാലത്തെ വലിയ പേടികളിലൊന്ന്. അതെങ്ങാനും അവരറിഞ്ഞാ പിന്നെ പിറ്റേന്ന് മുതൽ സ്കൂളിൽ പോവില്ലാന്ന് ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്റെ വിചാരം ഞാൻ മാത്രമാണിങ്ങനെയെന്നാണ്. അന്നൊരിക്കൽ കുട്ടീം കോലും കളിച്ചപ്പോ കൈ മുറിഞ്ഞത് വീട്ടിലെ യൂറോപ്യൻ ക്ലോസറ്റിന്റെ വിജാഗിരിക്കിടയിൽ അറിയാതെ പെട്ടതാണെന്ന് ഞാൻ പറഞ്ഞത് പലരും വിശ്വസിച്ചു. ശരിക്കും ആ കാലത്ത്, ഈ യൂറോപ്യൻ ക്ലോസറ്റ് എങ്ങനെയിരിക്കുമെന്ന് തന്നെ അറിയില്ലായിരുന്നു. ഒരു പടത്തിൽ പോലും കണ്ടിട്ടില്ല. എന്റെ സഹപാഠികളും എന്നെ പോലെ 'ക്ലോസറ്റ് നിരക്ഷര'രായിരുന്നെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.

🙌എന്റെ അപ്പൂപ്പന് സ്വന്തമായി ടെമ്പോ ട്രാവലർ ഉണ്ടെന്നായിരുന്നു മറ്റൊരു ചെറിയ തള്ളൽ. ഒന്നുരണ്ടുവട്ടം ആ കഥ പറഞ്ഞപ്പോ ആർക്കൊക്കെയോ സംശയമുള്ള പോലെ തോന്നി. അപ്പൊ ഞാനത് ചെറുതായൊന്ന് പരിഷ്കരിച്ചു. അപ്പൂപ്പൻ ടെമ്പോ ഡ്രൈവറാണെന്നാക്കി. വീടിനടുത്തുള്ള വേലുക്കുട്ടി അപ്പൂപ്പന്റെ വീട്ടിലെ ടെമ്പോയാണെന്നും.

🙌പലരും അവരുടെ വീട്ടിലെ ടീവിയെ പറ്റി വാചാലരായപ്പോ എന്റെ വീട്ടിലും നല്ല കളർ ടീവിയുണ്ടെന്ന് ഞാനും തട്ടിവിട്ടു ( നമ്മുടെ ദേശത്ത് കറണ്ട് പോലും വന്നത് പിന്നേം അഞ്ചാറ് വർഷം കഴിഞ്ഞാണ് :) ). ഒരിക്കൽ സ്കൂളീന്ന് വരുന്നവഴിയുലടനീളം ഇങ്ങനെ ടീവിക്കാര്യം തള്ളിത്തള്ളി വരികയാണ്. വേറെ ഡിവിഷനിൽ പഠിക്കുന്ന കൃഷ്ണേന്ദും ഉണ്ട് കൂട്ടത്തിൽ. അവൻ പൊടുന്നനെ ഒരു സംശയാലുവായി കിണ്ടിക്കിണ്ടി ഓരോന്ന് ചോദിക്കാൻ തുടങ്ങി. എന്റെ കള്ളങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതിയായി. ഞാൻ വിട്ടില്ല. ഒന്നിനുമുകളിലൊന്നായി കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് ഒടുവിൽ ഞാൻ പറഞ്ഞു, അത് അപ്പൂപ്പൻ ഓടിച്ചിരുന്ന ടെമ്പോ ട്രാവലറിൽ വച്ചിരുന്ന ചെറിയ ടിവിയാണെന്ന്. അപ്പോഴേക്കും അവന് തിരിയാനുള്ള വളവെത്തി. ഭാഗ്യം. ഈ വേലുക്കുട്ടി അപ്പൂപ്പൻ അവന്റെ ബന്ധുവാണെന്ന് ഞാൻ പിന്നീടാണറിയുന്നത്. 😲

😎എന്റെ അപ്പൂപ്പൻ വേലുക്കുട്ടി അപ്പൂപ്പന്റെ വീട്ടിലെ ഡ്രൈവറായിരുന്നത് സത്യമാണ്. പക്ഷെ, വാഹനം ടെമ്പോയല്ലാ, കാളവണ്ടിയായിരുന്നു. മാത്രമല്ല ഞാൻ ജനിക്കണേന് രണ്ടുവർഷം മുമ്പേ അപ്പൂപ്പൻ മരിച്ചും പോയിരുന്നു.

🙌ഇങ്ങനെ നീളുന്ന തള്ള് പുരാണത്തിൽ ഒരിക്കൽ എന്റെ വീട്ടിൽ രണ്ടുപത്രം വരുത്തുന്നുണ്ടെന്ന് ഞാൻ കാച്ചി. പെട്ടന്ന് അതേതൊക്കെ എന്ന് ചോദിച്ചപ്പോ പറയാൻ പേര് തികയുന്നില്ല. മനോരമ മാത്രേ കണ്ടിട്ടുള്ളൂ. വേറൊരു പത്രത്തിന്റെ പേര് പോലുമറിയില്ലായിരുന്നു.

🙌ആ സമയത്ത് ചെറിയ രീതിയിൽ രണ്ടുവരി കഥയോ കവിതയോ ഒക്കെ എഴുതിത്തുടങ്ങിയെങ്കിലും ആരെയും കാണിക്കാനുള്ള ഒരു കോൺഫിഡൻസില്ലായിരുന്നു. പക്ഷെ, ഏഴാം ക്ലാസിൽ വച്ച് ഒരു കഥയെഴുതിയത് സാഹിത്യകുതുകിയായ സഹപാഠി ശ്രീനാഥിനെ (@Sreenath Sreekumari) കാണിച്ചു. വായിച്ച ഉടനെ അവൻ പറയുവാ, ഇതീ ലക്കം ബാലഭൂമിയിൽ ഉള്ളതല്ലേന്ന്, ഞാൻ കോപ്പിയടിച്ചതല്ലേന്ന്! ബ്ലഡി ഫൂൾ, എല്ലാ ലക്കവും അപ്പൊ തന്നെ പോയി വായിച്ചോളും.

ഞാനിങ്ങനെ ക്ലാസിലെ പ്രധാനതള്ളുകാരനായതിന്റെ മൂലകാരണം ഒന്നിനും കൊള്ളാത്തവനെന്ന തിരിച്ചറിവായിരുന്നു. എനിക്കെന്നോടും ചുറ്റുപാടുകളോടുമുള്ള കഠിനമായ അപകർഷതയായിരുന്നു. വീട്ടിൽ ദാരിദ്ര്യത്തിന്റെ ധൂർത്തായിരുന്നു. എന്നുകരുതി അതിന്റെ അഹങ്കാരം ആർക്കുമില്ല താനും. എന്നും എപ്പോഴും പരസ്പരം വഴക്കാണ്. ഒരുതരം ഇന്ത്യാ പാക്കിസ്ഥാൻ ബോർഡർ അന്തരീക്ഷമായിരുന്നു മിക്കപ്പോഴും. ആരെങ്കിലും ഒരാൾ വെടി നിർത്തൽ കരാർ ലംഘിച്ചാൽ പിന്നെ ചറപറാ വെടിയാണ്. ചിലപ്പോഴൊക്കെ ഈ വഴക്കിന് ഞാൻ തന്നെ നേരിട്ട് കാരണക്കാരനുമായിട്ടുണ്ട്. മറ്റു പലതും പറഞ്ഞാണ് തുടങ്ങുന്നതെങ്കിൽ പോലും എന്റെ കാര്യം പറഞ്ഞാണ് ആ ഘോരഘോരമുള്ള വാദപ്രതിവാദങ്ങൾ പുരോഗമിച്ചിരുന്നത്. ആരും ജയിക്കാത്ത, ആരും തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത പാക്കിസ്ഥാൻ ബോർഡറിൽ ഞാനങ്ങനെ അഫ്ഗാനിസ്ഥാനിലേക്ക് നിൽക്കും. മാത്രമല്ല, സ്കൂളിലെ 'മണ്ടന്മാരുടെ ലീഡറെ'ന്നാണ് എന്റെ സ്വന്തം മാമൻ അക്കാലത്ത് എന്നെ സ്ഥിരം വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ വീട്ടിൽ ഞാനൊരധികപ്പറ്റാണെന്ന തോന്നൽ ഓർമ്മ വച്ചപ്പൊ മുതലേ ഉണ്ട്. സ്കൂളിലൊക്കെ പോവുമ്പോ ആ തോന്നലിൽ അൽപ്പം കുറവ് വരും. അപ്പൊത്തന്നെ ആ കുറവ് നാട്ടുകാർ ഇടപെട്ട് മാറ്റി തരുമായിരുന്നു. എന്നെക്കാണുമ്പോൾ ഏതോ അശ്രീകരത്തെ കണ്ടപോലെ പെരുമാറിയിരുന്നവർ തന്നെ നിരവധിയാണ്. അവരെയൊക്കെ ഇന്ന് കാണുമ്പോഴും എനിക്കെന്തോ പോലെയാണ്. (അങ്ങനെ അല്ലാത്തവരായിരുന്നു കേട്ടോ അധികവും. <3 പക്ഷെ, ആ സമയത്ത് നമ്മളെ മുറിവേൽപ്പിക്കുന്ന പെരുമാറ്റങ്ങളാണല്ലോ മനസിൽ നന്നായി പതിയുന്നത് :) )

നാടുവിടൽ, ആത്മഹത്യ തുടങ്ങിയ ചീപ്പ് എസ്കേപ്പ് ഫിനോമെനലുകളെ പറ്റി പലപ്പോഴും സീരിയസായി ചിന്തിച്ചെങ്കിലും വലിയ കാശു ചെലവും മെനക്കേടും ധൈര്യവുമൊക്കെ വേണ്ടതായതിനാൽ പല പ്ലാനുകളും താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. പ്രതിരോധിക്കാതെ വഴിയില്ലെന്നായി. സ്കൂളിൽ കൂട്ടുകാർക്കിടയിലെങ്കിലും നെലേം വെലേമുള്ളൊരാളാവാൻ തന്നെ തീരുമാനിച്ചു. ഇല്ലാത്ത ഭൗതികതകൾ പലതും ഉണ്ടെന്ന് ഭാവിക്കാനും പറയാനും ഞാൻ ആത്മാർത്ഥമായി തന്നെ ശ്രമിച്ചു. അങ്ങനെ പതിയെപ്പതിയെ ഞാൻ പോലുമറിയാതെ ഞാനൊരു തള്ളുവീരനായി മാറുകയായിരുന്നു.

പക്ഷെ എട്ടാം ക്ലാസൊക്കെ ആയപ്പൊ കുറച്ച് തിരിച്ചറിവൊക്കെ വന്നോണ്ടായിരിക്കും, തള്ളൊക്കെ അങ്ങ് നിർത്തി. ഒൻപതാം ക്ലാസായപ്പോഴേക്കും ടെറസിലേക്ക് മാവ് ചാഞ്ഞുകിടക്കുന്ന ആ ഇരുനില ബംഗ്ലാവിരിക്കേണ്ടിടത്തെ, മഴ തോർന്നാലും പെയ്ത് തോരാത്ത മൺവീട്ടിലേക്ക്, യാഥാർത്ഥ്യത്തിലേക്ക്, ഞാൻ എന്റെ കൂട്ടുകാരെയൊക്കെ കൂട്ടിക്കൊണ്ടുപോയി. 😍

🙌എന്റെയാ തള്ളുജീവിതത്തിൽ നിന്ന് ഞാനിടയ്ക്കിടെ ഓർക്കുന്ന ഒരെണ്ണം കൂടി പറഞ്ഞ് നിർത്താം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണത്. കൂടെ പഠിക്കുന്ന രതീഷിന് 'അപ്പൻഡിസൈറ്റിസ്' എന്ന അസുഖം വന്ന കാര്യം അവൻ പറഞ്ഞു. അന്നോളം മര്യാദയ്ക്കൊരസുഖം പോലും വന്നിട്ടില്ലാത്ത എനിക്കത് ഹർട്ടായി. കൂട്ടുകാർക്കൊക്കെ എന്തുനല്ല അസുഖങ്ങളാണ് വരുന്നത്. അവിടെയും ഞാൻ മോശക്കാരനായി. ഞാനുടനെ ആവശ്യത്തിന് പുച്ഛത്തോടെ അവനോട് പറഞ്ഞു, 'എനിക്ക് ഈ അസുഖമൊന്നുമല്ല വന്നത്. വലുതാ. ഹാർട്ട് അറ്റാക്ക് എന്ന് നീ കേട്ടിട്ടുണ്ടാ. ഊം, അതായിരുന്നു..' 😲

വേദവാക്യം: നിങ്ങളിൽ തള്ളിയിട്ടില്ലാത്തവർ കല്ലെറിയട്ടെ..

മനോജ്‌ വെള്ളനാട്

ഒന്നുവരാമോ ഡോക്ടർ, ആദരിക്കാനാ..!

ഒരു വർഷം പോലുമായിട്ടില്ല. വെള്ളനാട് പഞ്ചായത്തിലെ ഡോക്ടർമാരെ ആദരിക്കാൻ വെള്ളനാട്ടെ വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഒരു പരിപാടി സംഘടിപ്പിച്ചു. ഉത്ഘാടകനായ യുവ MLA സംസാരിച്ചു തുടങ്ങിയതു തന്നെ ഡോക്ടർമാർക്ക് പെരുമാറാനറിയില്ല എന്നു പറഞ്ഞുകൊണ്ടാണ്. ആദരിക്കാൻ വിളിച്ചിരുത്തിയിരിക്കുന്നതാണെങ്കിലും എനിക്കാ ഡയലോഗിൽ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം ഒരു കോഴ്സ് പഠിച്ചു എന്നതുകൊണ്ട് ആരെങ്കിലും പ്രത്യേകിച്ച് ആദരിക്കപ്പെടേണ്ടവരാണെന്ന് ഞാനതിന് മുമ്പും വിചാരിക്കാത്തത് കൊണ്ടാണ്. ഒരു ബാങ്കിലെ ക്ലർക്കിനോ ഒരു വില്ലേജോഫീസർക്കോ ഒരധ്യാപകനോ ഒരു നഴ്സിനോ അയാളുടെ ജോലി സ്ഥലത്ത് കിട്ടേണ്ടുന്ന ആദരവേ ഒരാശുപത്രിയിൽ ഒരു ഡോക്ടർക്കും കൊടുക്കാവൂ. പക്ഷേ, മിനിമം അത്രയെങ്കിലും അവർ അർഹിക്കുന്നുണ്ടെന്നത് സത്യം.

നമ്മുടെ ജനപ്രതിനിധിയ്ക്ക് ഡോക്ടർമാരെ പറ്റി ഇങ്ങനെ തോന്നാൻ കാരണം അദ്ദേഹത്തിനുണ്ടായ ഒരു അനുഭവമാണ്. അതദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

'എനിക്ക് വേണ്ടപ്പെട്ട ഒരാളെ രോഗം ബാധിച്ച് ഒരു ദിവസം അർദ്ധരാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നു. മെഡിസിൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. രാത്രി ഒരു മണിയോടടുത്ത് ഞാനും എന്റെ സഹായികൾ രണ്ടുമൂന്നുപേരും കൂടി രോഗവിവരമറിയാൻ അവിടെ ചെന്നു. വാർഡിലുണ്ടായിരുന്ന ഡോക്ടറോട് കാര്യങ്ങൾ തിരക്കി. പുള്ളി കുറച്ചു തിരക്കിലായിരുന്നു. ഞാൻ ജീൻസും ടീഷർട്ടും ധരിച്ചിരുന്നോണ്ടായിരിക്കും എന്നെ മനസിലായില്ലാന്ന് തോന്നുന്നു. ഞാനെമ്മല്ലേ ആണെന്ന് പറഞ്ഞുമില്ല. ഡോക്ടർ ഞങ്ങളോട് വാർഡിന് പുറത്തിറങ്ങി നിക്കാൻ പറഞ്ഞു. എന്റെ കൂടെ വന്നവർക്കത് ഇഷ്ടമായില്ല. ഡോക്ടർക്കെതിരേ കംപ്ലയിന്റ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനവരോട് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അതങ്ങ് ഒതുക്കി.'

ഇതാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്ന ഒരു ദിവസം പോയിട്ടുള്ളവർക്കറിയാം, എത്ര തിരക്കാണെന്ന്. ഓരോ മിനിറ്റിലും വന്നടിഞ്ഞു കൊണ്ടിരിക്കുന്ന രോഗികളെ മാനേജ് ചെയ്യാൻ അവിടുള്ളവർ പെടുന്ന പാട് കണ്ടാലേ അറിയൂ. ആ വാർഡ് പരിചയമുള്ളവർ രാത്രി ഒരുമണിക്ക് അവിടുത്തെ അവസ്ഥ ഒന്ന് വെറുതേ സങ്കൽപ്പിക്കൂ.

നോക്കൂ, ഇവിടെ ആ ഡോക്ടറോ നമ്മുടെ MLA യോ മോശമായിട്ടൊന്നും ചെയ്തിട്ടില്ല. പക്ഷെ MLA യുടെ സഹായികൾക്ക് ഡോക്ടറവരോട് വാർഡിന് പുറത്ത് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. അതുപോട്ടെ, ഇവിടെ MLA 'ഞാനൊരു MLA യാണ്, ഇതെനിക്ക് വേണ്ടപ്പെട്ട രോഗിയാണ് ' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിലോ? സീൻ മാറിയേനെ. ഒരു പഞ്ചായത്ത് മെമ്പറാണ് രോഗിയുടെ വിവരമറിയാൻ വരുന്നതെങ്കിൽ കൂടി ഡോക്ടർമാർ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കാറുണ്ട്. അതവരെ ഭയന്നിട്ടല്ല. ഒരു ജനപ്രതിനിധിയോടുള്ള ബഹുമാനമാണ്. അതൊക്കെ എല്ലാ ദിവസവും അവിടുത്തെ സ്ഥിരം കാഴ്ചയുമാണ്. ഇവിടെയും അത് സംഭവിക്കുമായിരുന്നു. അർദ്ധരാത്രി MLA നേരിട്ട് വന്നന്വേഷിച്ച രോഗിയെന്ന പരിഗണന രോഗിക്കും കിട്ടിയേനെ.

ഈ സംഭവമാണ് ഡോക്ടർമാർക്ക് പെരുമാറാനറിയില്ലായെന്ന് ഒരു പൊതുപരിപാടിയിൽ MLA യെക്കൊണ്ട് പറയിപ്പിച്ചത്. ഈ ഉദാഹരണമദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്,

''ആ ഡോക്ടർ ഇപ്പോഴും അവിടെത്തന്നെ ജോലി ചെയ്യുന്നുണ്ട്"

ആ ഡയലോഗ് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നില്ല എന്നാണെന്റെ തോന്നൽ.

ഇതിപ്പോളോർക്കാൻ കാര്യം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം തലവൻ, @Purushothaman സർ എഴുതിയ കുറിപ്പാണ്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു കുട്ടിയെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുവാണ്. ആ വാർഡിന് പുറത്ത് 'പുരുഷന്മാർക്ക് പ്രവേശനമില്ലെന്ന' ബോർഡുമുണ്ട്. സാറിന്റെ കുറിപ്പിലെ ഒരു ഭാഗം ഇങ്ങനെയാണ്,

// കാണാനെത്തുന്നവർ ഒരുപാടാവുമ്പോൾ അണുബാധ ഉണ്ടായേക്കാൻ ഏറെ സാധ്യത ഉള്ളത് കൊണ്ട്, ഉള്ളതിൽ വെച്ച് മെച്ചമായ ഒരു കൊച്ചു വാർഡിൽ ആക്കി. എട്ടു കുട്ടികളും ഒരു സ്റ്റാഫ് നേഴ്സും. “പുരുഷന്മാർക്ക് പ്രവേശനം ഇല്ല “ എന്ന ബോർഡ് നേരത്തെ ഉണ്ട് മുറിക്കു പുറത്തു.
കുഞ്ഞിനെ കാണാൻ മൂന്നു പേര് അകത്തേക്ക് വന്നപ്പോ

“ നിങ്ങള് പുറത്തേക്കു നിൽക്കണം .കൂടെ അമ്മ മാത്രം"

“ക്ഷമിക്കണം, ബോർഡ് കണ്ടില്ല,” എന്നോ
”കുഞ്ഞിന്റെ നില അറിയാനുള്ള ബദ്ധപ്പാടിൽ അറിയാതെ കയറിയതാണെന്നോ “ ഒക്കെ പറഞ്ഞു പുറത്തേക്കു പോകുകയാണ് സാമാന്യ മര്യാദ.

ഇത് പറഞ്ഞ സിസ്റ്റർ എട്ടു മാസം ഗർഭിണി. സിസ്റ്ററുടെ വായടപ്പിക്കാൻ പറ്റിയ ആയുധം തന്നെ മൂപ്പർ പ്രയോഗിച്ചു

“ആണുങ്ങൾ കയറി ഇറങ്ങാതെ ആണോടീ നീ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത്?”

വാക്കു തർക്കം അവിടെ നിന്നില്ല.പിറ്റേന്ന് കയ്യാങ്കളിയായി. //

ആദ്യം പറഞ്ഞത് ജനപ്രതിനിധി. രണ്ടാമത്തേത് ജനം. ഇതാണ് നമ്മുടെ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ഒരു മുഖം. സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്തു എന്നതു മാത്രമാണ് രണ്ടിലെയും ആരോഗ്യപ്രവർത്തകരുടെ തെറ്റ്. അവരുടെ ഭാഗത്തൊരു തെറ്റു കണ്ടാൽ ചൂണ്ടിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ഇവിടൊന്നും അങ്ങനല്ലാ. ഇനിയന്ന്, MLA യുടെ സഹായി ആ ഡോക്ടർക്കെതിരെ പരാതിപ്പെടുകയോ അതിലുമെളുപ്പത്തിൽ വാർത്തയാക്കുകയോ ചെയ്തിരുന്നെങ്കിൽ ഡോക്ടറുടെ അവസ്ഥ വെറുതെ ഒന്ന് ഇമാജിൻ ചെയ്യൂ. സ്വന്തം മനസാക്ഷി പോലുമറിയാത്ത എന്തോ ഒന്നിന്, സോഷ്യൽ മീഡിയയിലെ തെറിയഭിഷേകത്തിന് പുറമേ നിയമപരമായും ചിലപ്പോൾ ശിക്ഷിക്കപ്പെട്ടേനെ.

ആ ഡോക്ടറുടെയും നഴ്സിന്റെയും ഒക്കെ സ്ഥാനത്ത് എന്നെക്കൂടി കണ്ടുകൊണ്ട് തന്നെയാണ് ഞാനിതെഴുതുന്നത്. നാളെ എനിക്കും ഈ ഗതി വരാം. അന്നർദ്ധരാത്രിയിൽ എന്റെ കൂടി വോട്ട് നേടി വിജയിച്ച (അതിപ്പോഴും തെറ്റിയില്ലാ എന്ന് തന്നെ വിശ്വസിക്കുന്നു. ഒരുദാഹരണം കൊണ്ടൊരാളെ ആകെ വിലയിരുത്തരുതല്ലോ. വെള്ളനാട്ടെ, ജില്ലയിലെ തന്നെ മികച്ച റോഡിലൂടെ സഞ്ചരിക്കുമ്പോഴും ഞാൻ നിങ്ങളെ ഓർക്കാറുണ്ട് സർ :) ), എന്നെക്കൂടി പ്രതിനിധീകരിക്കുന്ന MLA സംയമനത്തോടെ പെരുമാറിയല്ലോ എന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരോടുള്ള കാഴ്ചപ്പാടുകൾ ഇനിയും മാറേണ്ടതുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു.

ടേക് ഹോം മെസേജ് : ഡോക്ടർമാരെ മാത്രമല്ല, ഏതു ജോലി ചെയ്യുന്നവരെയും ആദരിക്കേണ്ടത് അവരെ അവരുടെ ജോലി ഭംഗിയായി ചെയ്യാൻ അനുവദിച്ചുകൊണ്ടാകണം. അത്രയേ വേണ്ടൂ. അതുവേണം.

©മനോജ്‌ വെള്ളനാട്

ആ പരിപാടിയിൽ നിന്ന്..


SSLC റിസൾട്ടും അരക്കിലോമീറ്റർ ആഘോഷവും!

നാളുകൾക്ക് ശേഷം ഫേസ്ബുക്കിലേക്ക് തിരികെ വന്നപ്പോൾ ആദ്യം കണ്ടത് രാജേഷേട്ടന്റെ (TC Rajesh) ഡെസ്പ് പോസ്റ്റ്. മകൻ SSLC പരീക്ഷ ജയിച്ചതാഘോഷിക്കാൻ മുട്ടായി വാങ്ങണമെങ്കിൽ ആരോടെങ്കിലും കടം വാങ്ങണമല്ലോ എന്നദ്ദേഹം എഴുതിയത് കണ്ടപ്പോ ഞാനെന്റെ SSLC റിസൾട്ട് വന്ന ദിവസത്തെ ആഘോഷത്തെ പറ്റി ഓർത്തു. ചെറിയ ആഘോഷമൊന്നുമല്ലായിരുന്നു, വീട്ടീന്ന് അരക്കിലോമീറ്റർ ദൂരെ മുതൽ ആഘോഷമേഖലയായി അങ്ങ് പ്രഖ്യാപിച്ചായിരുന്നു സെലിബ്രേഷൻ.

2002 ലെ ആ മെയ് മാസം. ഞാനന്ന് വീടിനടുത്തുള്ള പലവ്യജ്ഞനക്കടയിലെ ഫുൾ ടൈം ജോലിക്കാരനാണ്. രാവിലെ മുതലാളീടെ വീട്ടീന്ന് താക്കോലുവാങ്ങി വന്ന് കട തുറക്കുന്നതോടെ എന്റെ ദിവസം ക്രിയാത്മകമായി ആരംഭിക്കുകയായി. ഉച്ചയ്ക്ക് രണ്ടിന് ഊണുകഴിക്കാൻ പോകാനായി അടയ്ക്കും. വൈകുന്നേരം നാലിന് വീണ്ടും തുറക്കും. രാത്രി ഒമ്പതര പത്തുവരെ പിന്നെ അവിടെത്തന്നെ. റിസൾട്ട് വന്ന ദിവസവും അങ്ങനെ തന്നെയാണ് തുടങ്ങിയത്. റിസൾട്ടറിയുമ്പോൾ നോക്കി വയ്ക്കാനായി റോൾ നമ്പർ ഒരു ഫ്രണ്ടിനെ ഏൽപ്പിച്ചിരുന്നു. ഒരു പതിനൊന്നര മണിയായപ്പോൾ അടുത്തൊരു വീട്ടിൽ പോയി ഫോൺ ചെയ്ത് ചോദിച്ച്, ഞാനെന്റെ റിസൾട്ടറിഞ്ഞു. തിരിച്ചു കടയിൽ വന്നപ്പോൾ ബിനു മാമൻ (ദി കടമുതലാളി) ചോദിച്ചു,

'എന്തായി?'

'ജയിച്ചൂ, ഡിസ്റ്റിംഗ്ഷൻ' - ഞാൻ പറഞ്ഞൂ.

റിസൾട്ടിന്റെ ബഹളങ്ങൾ അവിടെ കഴിഞ്ഞതാണ്. ഉച്ചയ്ക്ക് കടയടച്ച് വീട്ടിൽ പോയപ്പോഴാണ് ഒരാഗ്രഹം തോന്നിയത്. വീടിനടുത്തുള്ള വീടുകളിലെ എല്ലാവർക്കും കുറച്ച് മുട്ടായി വാങ്ങിക്കൊടുത്താലോന്ന്. ജയിച്ചത് ഞാനാണെങ്കിലും, SSLC എന്നറിയപ്പെടുന്ന ജീവിതത്തിലെ ടേണിംഗ് പോയിന്റ് പരീക്ഷയ്ക്ക് ഒരു നിലേം വെലേം ഒക്കെ ഉള്ളതല്ലേ? അതു നമ്മൾ മാനിക്കണ്ടേ. കൈയിലിത്തിരി കാശും ഇരിപ്പോണ്ടല്ലോ. അടിച്ചുപൊളിക്കാൻ തന്നെ തീരുമാനിച്ചു. നാലുമണിക്ക് കട തുറക്കുന്നതു വരെ കാത്തിരുന്നാൽ പിന്നെ മുട്ടായി വിതരണം ചെയ്യാനൊക്കില്ല. അതുകൊണ്ട് ഊണ് കഴിച്ച്, ഉടനേ ഇറങ്ങി. നേരെ നടന്ന് ഒരു കിലോമീറ്ററിനപ്പുറം കമ്പനിമുക്കിലെത്തി അസറി മാമന്റെ (ലോട്ട്സ് ഓഫ് മാമൻമാരുള്ള നാടാണ് നമ്മുടേത്. ഇനിയും വരാനുണ്ട് പലരും) കടേന്നൊരു പായ്ക്കറ്റ് മുട്ടായി വാങ്ങി.

തിരികെ നടന്ന് പാതിവഴിയായപ്പോ അതാ പ്രഭാകരൻ മാമന്റെ ചായക്കടയുടെ വരാന്തയിലിരുന്ന് ആരോ വിളിച്ചു ചോദിക്കുന്നൂ,

'ഡാ നീ പത്തിലല്ലായിരുന്നോ? ജയിച്ചാ?'

ഞാൻ അതേന്ന് ആംഗ്യം കാട്ടി.

'ജയിച്ചിട്ട് മിണ്ടാതെ പോവാണോ, മുട്ടായിയൊന്നും ഇല്ലേ?'

ആരാണതെന്ന് പോലുമറിയില്ല. എന്നാലും ചോദിച്ച സ്ഥിതിയ്ക്ക് കൊടുക്കാതിരിക്കുന്നതെങ്ങനെ. അങ്ങനെ കവറ് പൊട്ടിച്ച് അവിടിരുന്ന അജ്ഞാതരായ എല്ലാവർക്കും മുട്ടായി കൊടുത്തു. അവർക്ക് കൊടുത്താൽ പിന്നെ തൊട്ടപ്പുറത്തെ രാജീവേട്ടന്റെ വീട്ടിൽ കൊടുക്കാതിരിക്കുന്നതെങ്ങനെ? അവിടെ കയറി അവിടുള്ളവർക്കും കൊടുത്തു.

പിന്നീടാണ് ആകെ ധർമ്മസങ്കടത്തിലായത്. പോകുന്ന വഴിക്ക് കുറേ വീടുകളുണ്ട്. ഇവിടെ മുട്ടായി കൊടുത്തിട്ട് അവിടെങ്ങും കൊടുക്കാതെ പോയാൽ അവരൊക്കെ എന്തെങ്കിലും വിചാരിച്ചാലോ? മഹാമോശമല്ലേ. എന്നെ അവർക്കൊക്കെ അറിയാമായിരുന്നോ എന്നുപോലുമെനിക്കറിയില്ല. എന്തായാലും ആരെയും ഒഴിവാക്കാൻ തോന്നീല്ല. ആ റോഡ് സൈഡിലുള്ള വീടികളിലെല്ലാം കയറിയിറങ്ങി. ഉച്ചയ്ക്ക് ഊണ് കഴിച്ചോണ്ടിരുന്നവരെയും ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നവരെയും ഒക്കെ തട്ടിവിളിച്ച് മുട്ടായി കൊടുത്തു.

ചിലരൊക്കെ 'ഇവനു വേറെ പണിയില്ലേ, ഇങ്ങനെ നാടുനീളെ നടന്ന് മുട്ടായി കൊടുക്കാൻ' എന്ന ഭാവത്തോടെയാണെങ്കിൽ, മറ്റു ചിലർ 'അയ്യോ, എന്ത് പാവമല്ലേ..' എന്ന ദയനീയതയോടെയാണ് മുട്ടായി നുണഞ്ഞത്. വഴിയിൽ മുട്ടായി വിൽക്കുന്ന ഒരു കടയിൽ പോലും മുട്ടായി കൊടുത്തു.  ഉച്ചയുറക്കത്തീന്നെണീറ്റ് വന്ന് മുട്ടായി വാങ്ങുന്നതിനിടയിൽ, 'നീ, ഏത് വീട്ടിലേതാടാ കൊച്ചനേ?' എന്ന് ചോദിച്ച പ്രഭാകരപ്പണിക്കരപ്പൂപ്പനോട് 'കുരുമ്പേലി' എന്ന് മാത്രം പറഞ്ഞിട്ട് ഞാൻ വേഗം നടന്നു. പിറകിൽ 'ഏത് കുരുമ്പേലി?' കൺഫ്യൂഷനടിച്ച് നിക്കുന്ന അപ്പൂപ്പനെ ഞാൻ ഭാവനയിൽ കണ്ടു.

'ഓ.. നീയും ജയിച്ചാ' എന്ന് തികഞ്ഞ പുച്ഛത്തോടെ, ഒന്ന് ചിരിക്കുക പോലും ചെയ്യാതെ വന്ന് മുട്ടായി വാങ്ങി, കതകടച്ചിട്ടു പോയ ഒരാളുമുണ്ട്. നല്ല പരിചയമുള്ളയാളാണ്. ഞാനൊട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്. അവരോട് പിന്നെ വർഷങ്ങൾക്കുശേഷം ഞാൻ പ്രതികാരമൊക്കെ ചെയ്തു. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോ കണ്ടപാടേ ഡിലീറ്റ് ചെയ്തു. അല്ല പിന്നെ.

ഇനിയധികം പറഞ്ഞ് നീട്ടുന്നില്ല. എന്നാലും 'ഇവനീ പറയുന്നത് സത്യമാണാ? ശരിക്കും ജയിച്ചോ?' എന്ന് അവിശ്വസനീയതയോടെ വന്ന് മുട്ടായി വാങ്ങുന്ന പ്രസന്നൻ മാമന്റെ മുഖം ഞാനെന്തായാലും ചത്താലും മറക്കില്ല. :)

വീട്ടിലും അതിനു ചുറ്റുമുള്ളവർക്കും കൊടുക്കാൻ വേണ്ടി മുട്ടായി വാങ്ങാൻ പോയിട്ട്, തിരിച്ച് വീട്ടിലെത്തിയപ്പൊ ആ പായ്ക്കറ്റിൽ ബാക്കി ഒരു മുട്ടായി. അതു ഞാനങ്ങ് തിന്നു. കയ്യിലിനി വേറെ കാശൊന്നുമില്ല. തൽക്കാലം ചീറ്റിപ്പോയ വിജയാഘോഷ പരിപാടിയുടെ കാര്യം ആരോടും പറഞ്ഞില്ല. നാലു മണിയായപ്പൊ ഞാൻ എന്നത്തെയും പോലെ കടയിലേയ്ക്ക് പോയി.

അന്നത്തെ ആ ഒരു നടത്തത്തിലൂടെ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. SSLC യെക്കാൾ വലിയ പാഠങ്ങൾ.  നൊസ്റ്റാൾജിക്കായ സംഭവമൊന്നുമല്ലെങ്കിലും ഇതിപ്പൊ ഓർക്കാൻ കാരണം രാജേഷേട്ടന്റെ ആ പോസ്റ്റാണ്. അൻവറിക്കയുടെ മകളും മികച്ച വിജയമാണ് ഇപ്രാവശ്യം നേടിയത്. അശ്വഘോഷിനും അസ്നയ്ക്കും ആശംസകൾ. മക്കളുടെ വിജയങ്ങളിൽ അഭിമാനത്തോടെ അവരെ ചേർത്തു പിടിക്കുന്നതിൽ പരം എന്ത് മധുരമാണ് മാതാപിതാക്കൾ അവർക്ക് കൊടുക്കേണ്ടത്. നിങ്ങളെപ്പോലെ ലോകത്തിന് മാതൃകയായ, ആദർശവാൻമാരായ അച്ഛന്മാരുടെ അഭിമാനമുയർത്താൻ കഴിഞ്ഞല്ലോ എന്ന് അവർക്ക് തോന്നിയാൽ മതി, അതാണ് മധുരം. അതാണ് വിജയം.

ഒരാളുടെ വിജയവും തോൽവിയുമൊക്കെ അവരെ വളരെ അടുത്തു നിന്ന് സ്നേഹിക്കുന്നവരുടേത് മാത്രമാണ്. ആ സർക്കിളിന് പുറത്ത് അതിന് വലിയ മധുരമോ കയ്പ്പോ ഒന്നുമുണ്ടാവില്ല. അഥവാ, അങ്ങനെയൊരാളുണ്ടെങ്കിൽ അവരാ സർക്കിളിലേക്ക് സ്വമേധയാ കയറി വന്നോളും, മധുരവുമായി :)

ശരിക്കും, മത്സരിച്ചു വിജയിച്ചു വരുന്നൊരാൾക്ക് നമ്മളങ്ങോട്ടല്ലേ മധുരം നൽകേണ്ടത്. തിരിച്ചല്ലല്ലോ. പഠിക്കുകയും ജയിക്കുകയും ചെയ്യുന്നവർ തന്നെ കാശുമുടക്കി മധുരം വാങ്ങി അതിന്റെ വിലയൊട്ടും മനസിലാവാത്ത കുറേ പേർക്ക് വിതരണം ചെയ്യുന്നതിലെന്തർത്ഥമാണുള്ളത്? അന്ന്, ആ അരക്കിലോ മീറ്റർ ദൂരം ഞാൻ ആഘോഷിച്ച പോലെ...

©മനോജ്‌ വെള്ളനാട്


ചിതറിയ കുടുക്കകള്‍ ബാക്കി വയ്ക്കുന്നത്




മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന സമയത്ത്, ഞാന്‍ പഠിച്ചിരുന്ന  എല്‍.പി.സ്കൂളിന്‍റെ മതിലിന് പുറത്ത് ഉച്ചനേരമാകുമ്പോള്‍ ഒരു കാരയ്ക്ക അമ്മച്ചി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഉപ്പിലിട്ട കാരയ്ക്ക, നെല്ലിക്ക, ലൗലോലിക്ക, ചാമ്പക്ക, ഇഞ്ചിമുട്ടായി, തൂക്കുപടി മുട്ടായി തുടങ്ങി കുട്ടികളെ ആകര്‍ഷിക്കാനുള്ള സകല സാധന സാമഗ്രികളുമായിട്ടായിരുന്നു അമ്മച്ചിയുടെ വരവ്. ഉച്ചക്ക് സ്കൂളില്‍നിന്നുമുള്ള കഞ്ഞിയുംപയറും അകത്താക്കിയാലുടനെ വായ കഴുകിയെന്ന് വരുത്തി ഒരൊറ്റ ഓട്ടമാണ്, അമ്മച്ചിയുടെ പ്ലാസ്റ്റിക് ചാക്കുവിരിച്ച മുട്ടായിച്ചന്തയിലേക്ക്. ഞാനും പോകും. നവജീവന്‍ ഹോമില്‍ നിന്നും വരുന്ന തോമസ്‌, ക്ലാസ്സില്‍ എന്‍റെ അടുത്തിരിക്കുന്നവനും തല്ലുകൊള്ളിയും സര്‍വോപരി ദാനധര്‍മ്മിഷ്ഠനുമായിരുന്നു. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ദരിദ്രരായ കുട്ടികളെ വിദ്യാഭ്യാസം നല്‍കാനായി ദത്തെടുത്ത് പോറ്റുന്ന സ്ഥാപനമാണ്‌ നവജീവന്‍ ഹോം. കൈവെള്ളപോലും വിയര്‍ക്കാറുള്ള തോമസിന്‍റെ നനഞ്ഞ പോക്കറ്റില്‍ കുറഞ്ഞത് പത്തുപൈസയെങ്കിലും ദിവസവും ഉണ്ടാകും. അവനതെവിടുന്നു കിട്ടുന്നതാണെന്ന് എനിക്കറിയില്ല. പത്തുപൈസയ്ക്ക് രണ്ടു കാരയ്ക്ക, അല്ലെങ്കില്‍ രണ്ടു ചാമ്പക്ക, ഒരിഞ്ചി മുട്ടായി അങ്ങനെ എന്തെങ്കിലും അവനെന്നും വാങ്ങും. അതിന്‍റെ പകുതി ഞാന്‍ ആര്‍ത്തിയോടെ അകത്താക്കുകയും ചെയ്യും. ഒരന്നാന്തരം കൊതിയനായിരുന്നെങ്കിലും സ്കൂളില്‍ പൈസ കൊണ്ടുപോകുന്ന ശീലമില്ലാത്തതിനാല്‍ എന്‍റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദാനശീലന്‍ തന്‍റെ കുംഭകര്‍ണ്ണസേവ വിട്ടുണര്‍ന്നതേയില്ല. എനിക്ക് കിട്ടുന്ന പൈസയെല്ലാം ഞാനെന്‍റെ കാശിക്കുടുക്കയില്‍ സ്ഥിരനിക്ഷേപം നടത്തും. ഉജാല വാങ്ങുന്ന, ഉരുണ്ടകഴുത്തിനുകീഴെ ആകെച്ചപ്പിയ നീലപ്ലാസ്റ്റിക് കുപ്പികളായിരുന്നു അക്കാലത്ത് എന്‍റെ കാശിക്കുടുക്കകള്‍. എന്നിട്ട് എല്ലാദിവസവും നിരവധി തവണ കുലുക്കിനോക്കും. അതിന്‍റെ കിലുകിലെന്നുള്ള കിലുക്കത്തില്‍ കുബേരപുളകിതനാകും.



ഉജാലപ്പോണിയുടെ അടിയില്‍ കത്തികൊണ്ട് വരഞ്ഞുവരഞ്ഞു ഒറ്റനാണയം മാത്രം കടക്കുന്ന ഒരോട്ടയുണ്ടാക്കിയാണ് അതിനെ കുടുക്കയായി പരിവര്‍ത്തനം ചെയ്യിക്കുന്നത്. ഡയമണ്ട് ആകൃതിയിലുള്ള അഞ്ചുപൈസ, പൂ പോലുള്ള പത്തുപൈസ, സമഷഡ്ഭുജാകൃതിയില്‍ ഇരുപതുപൈസയൊക്കെ നിലവിലുള്ള കാലമാണ്. ഇവയെല്ലാം തന്നെ അലുമിനിയം അലോയ് കൊണ്ടുണ്ടാക്കിയതായിരുന്നു. ഇരുപത്തഞ്ചിന്‍റെയും അമ്പതിന്‍റെയും ഒരുരൂപയുടെയുമൊക്കെ ചെമ്പുതുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്‍റെ ഉജാലബാങ്കിനെ സംബന്ധിച്ച്, അതൊക്കെ അന്യന്‍റെ പറമ്പിലെ തേങ്ങപോലെയായിരുന്നു. അതിമോഹ വിദൂരദര്‍ശനം മാത്രം.


അക്കാലത്തെ എന്‍റെ സാമ്പത്തികസ്രോതസ്സുകള്‍ വളരെ ആയാസം നിറഞ്ഞതായിരുന്നു. പരിസരത്തെ ഏതുവീട്ടുകാര്‍ക്കും ഏതുസമയത്തും എന്തുസാധനം വാങ്ങണമെങ്കിലും ഞാന്‍ റെഡി. പലപ്പോഴും പാചകം പകുതിയാകുമ്പോഴായിരിക്കും അയ്യോ! കടുകില്ലല്ലോ, മസാലയില്ലല്ലോ, വെളിച്ചെണ്ണ തീര്‍ന്നല്ലോ എന്നൊക്കെ പലരും തിരിച്ചറിയുന്നത്. മുറ്റത്തുകളിക്കുന്ന സ്വന്തം മക്കളെ അല്‍പനേരത്തേക്കെങ്കിലും മറന്നുകൊണ്ട്, അടുക്കളയില്‍ നിന്നുതന്നെ എന്‍റെ പേരുറക്കെവിളിക്കും. കേള്‍ക്കേണ്ടതാമസം ഞാനങ്ങോട്ടോടും. നട്ടുച്ചയ്ക്ക് സ്വന്തം മക്കളെ വെയിലുകൊള്ളിക്കാന്‍ എതൊരമ്മയും സ്വാഭാവികമായും ഭയക്കും. ആ ഭയം ഞാന്‍ മുതലാക്കും. ഒരുപ്രാവശ്യം കടയില്‍ പോകുന്നതിന് പത്തുമുതല്‍ മുപ്പതുപൈസവരെ ഞാന്‍ പ്രതിഫലം ചോദിച്ചുവാങ്ങും. നെല്‍പ്പാടങ്ങളും വരമ്പുകളും തോടുകളുമൊക്കെ കടന്നു പലവഴിതാണ്ടിപ്പോയി ചുരുങ്ങിയനേരംകൊണ്ട് സാധനം വാങ്ങിയിട്ടുവരുന്നത് ചില്ലറ കാര്യമല്ല. അതുകൊണ്ട് സാധനം വാങ്ങുന്നത് കടം പറഞ്ഞിട്ടാണെങ്കില്‍ പോലും എന്നോട് കടംപറയുന്നതിന്‍റെ പരിണതഫലങ്ങള്‍ ഗുരുതരമായതിനാല്‍ ആരുമതിന് മുതിരാറില്ല. വല്ലപ്പോഴും ഒരു കപ്പലണ്ടി മുട്ടായിയും തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍മാത്രം ഒരു പെന്‍സിലും വാങ്ങുന്ന എനിക്ക് മറ്റു ചെലവുകളൊന്നുമില്ല. ഒരത്യാവശ്യത്തിന്‌ വീട്ടുകാരാരെങ്കിലും ചോദിച്ചാല്‍ കൊടുത്തു സഹായിക്കുന്ന ദുശീലം തീരെയില്ല. അതൊക്കെകൊണ്ടുതന്നെ എന്‍റെ ഉജാല ബാങ്ക് എന്നും നിറവിന്‍റെ ഭണ്ടാരമായിരുന്നു.


മൂന്നാംതരത്തില്‍ പഠിക്കുമ്പോള്‍, ക്ലാസില്‍ മിക്ക കുട്ടികള്‍ക്കും ഒടിഞ്ഞ സ്ലേറ്റ്‌ പെന്‍സിലിടാന്‍ ഒരു കുഞ്ഞുപെട്ടിയുണ്ടായിരുന്നു. തോമസിനും നവജീവനില്‍ നിന്നുവരുന്നവര്‍ക്കാര്‍ക്കും അങ്ങനൊരാഡംബരം ഇല്ലായിരുന്നെങ്കിലും എനിക്കതില്ലാത്തതില്‍ ഞാന്‍ സങ്കടപ്പെട്ടു. വിഷയം വീട്ടിലവതരിപ്പിച്ചപ്പോള്‍ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ''ഒന്ന് പോടാര്‍ക്കാ.." എന്ന് ഒട്ടും ദാക്ഷിണ്യമില്ലാതെ കൈമലര്‍ത്തി. ചിലതൊക്കെ ആഗ്രഹിച്ചുപോയാല്‍ പിന്നെ, അതെത്രയും പെട്ടന്ന് സാധിച്ചെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ഒരസ്വസ്ഥത അന്നേ എന്‍റെ ദൗര്‍ബല്യമാണ്. മറ്റു നിവൃത്തിയൊന്നുമില്ലാതായപ്പോള്‍ അന്നാദ്യമായി ഞാനെന്‍റെ ഉജാല ബാങ്ക്, അതിന്‍റെ കഴുത്തിനുതാഴെ കറിയറപ്പോത്തി കൊണ്ട് കുത്തിത്തുറന്നു. എല്ലാം അഞ്ചോ പത്തോ ഇരുപതോ പൈസത്തുട്ടുകള്‍. മൊത്തം അഞ്ചു രൂപ ഇരുപത്തഞ്ചു പൈസയുണ്ട്.


നിരവധി കടകള്‍ കയറിയിറങ്ങി അവസാനം ഒരു കിലോമീറ്ററിലധികം നടന്നു, കമ്പനിമുക്കിലൊരു കടയില്‍ എന്‍റെ കയ്യിലെ കാശിലൊതുങ്ങുന്ന ഒരു പ്ലാസ്റിക് പെട്ടി, ഇന്നിപ്പോള്‍ ആള്‍ക്കാര്‍ കണ്ണടയൊക്കെ ഇട്ടുസൂക്ഷിക്കുന്ന മാതിരി ഓരെണ്ണം കണ്ടെത്തി. വില നാലര രൂപ. ഹോ! എന്‍റെ ഇളം നെഞ്ചൊന്നുപിടഞ്ഞു. എണ്ണിക്കൊടുക്കേണ്ടത് വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ്. പോക്കറ്റില്‍നിന്നും ഒരുപിടി ചില്ലറവാരി പലവ്യഞ്ജനപ്പെട്ടിയുടെ പടിയില്‍വച്ചു എണ്ണിത്തുടങ്ങുമ്പോഴായിരുന്നു, കടയുടെ ഒരു മൂലയില്‍ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ ഒരു ചുമന്ന മണ്‍കുടുക്ക എന്‍റെ കണ്ണിലുടക്കുന്നത്. ഒരു റബ്ബര്‍ പന്തിനെക്കാളും അല്‍പംകൂടി വലുത്. ഞാനതിന്‍റെ വില ചോദിച്ചു. അഞ്ചുരൂപ! കണ്‍ഫ്യൂഷന്‍ എന്ന വാക്കോ അതിനര്‍ത്ഥമോ അന്നു പഠിച്ചിട്ടില്ലെങ്കിലും അടുത്ത അഞ്ചുമിനിട്ടോളം ഞാനതിന്‍റെ പരകോടിയിലായിരുന്നു. മനസിലൊരു വടംവലിതന്നെ നടന്നു. കുടുക്ക ഇങ്ങോട്ടുവലിക്കുമ്പോള്‍ പെന്‍സില്‍ബോക്സ് അങ്ങോട്ട്‌ വലിക്കും. ഒടുവില്‍ സ്ലേറ്റ്‌ പെന്‍സില്‍ പോക്കറ്റില്‍ കിടന്നാല്‍ മതിയെന്നങ്ങു തീരുമാനിച്ചു. പൈസയിടാന്‍ പൈസകൊടുത്ത് ഒരു കുടുക്ക വാങ്ങുന്ന കാര്യം അന്നോളം ചിന്തിച്ചിട്ടുകൂടിയില്ല. അധികമുണ്ടായിരുന്ന ഇരുപത്തഞ്ചുപൈസയായിരുന്നു പുതിയ ധനസംഭരണിയിലെ ആദ്യനിക്ഷേപം.


ലോവര്‍ പ്രൈമറിയില്‍ നിന്നും ജയിച്ച് അപ്പറിലേക്ക്, വെള്ളനാട് സ്കൂളിലേക്ക്, മാറിപ്പോയപ്പോള്‍ ജീവിതച്ചിലവ് പെട്ടന്നുകൂടി. സ്ലേറ്റിന്‍റെ സ്ഥാനം നോട്ട്ബുക്കുകളും സ്ലേറ്റ്‌ പെന്‍സിലിന്‍റെത് പേനയും കാര്‍ബണ്‍ പെന്‍സിലും, മഷിത്തണ്ടിന്‍റെത് റബ്ബര്‍കട്ടയും കയ്യടക്കിയതോടെ സാമ്പത്തികസ്ഥിതിയാകെ ഉലഞ്ഞു. പിന്നെ അന്നോളം കേട്ടിട്ടില്ലാത്ത ഡ്രോയിംഗ് ക്ലാസ്, തയ്യല്‍ ക്ലാസ്, സംഗീതക്ലാസ് (അതും ഞാന്‍!) അങ്ങനെ പലതും. ഇതിനൊക്കെയുള്ള ബുക്കും തുണിയും സൂചീം നൂലുമൊക്കെ നമ്മള്‍തന്നെ വാങ്ങണം. സര്‍ക്കാര്‍വക സൗജന്യവിദ്യാഭ്യാസം എന്‍റെ കുടുക്കനിക്ഷേപങ്ങളെ ദാരുണമായി കൊള്ളയടിച്ചെന്നു പറഞ്ഞാ മതിയല്ലോ. സ്കൂളില്‍ പോകുന്നത് സമയനഷ്ടത്തിനൊപ്പം ധനനഷ്ടവുമുണ്ടാക്കുമെന്നത് സങ്കടകരം തന്നെ. പഠിത്തം നിര്‍ത്തിയാലോ എന്നൊക്കെ ഞാന്‍ സീരിയസ്സായിട്ട് ചിന്തിച്ചും തുടങ്ങിയിരുന്നു. പക്ഷെ ആ മണ്‍കുടുക്ക പൊട്ടിക്കാന്‍ മാത്രം മനസ്സുവന്നില്ല. പൊട്ടിച്ചാല്‍ മറ്റൊന്നുവാങ്ങാന്‍ വകയില്ല. അതുകൊണ്ട് ഈര്‍ക്കിലിന്‍റെ അറ്റത്ത് ചക്കയരക്ക് പുരട്ടി കുടുക്കയില്‍ കടത്തി, അതിവിദഗ്ദനായ ഒരു മോഷ്ടാവിനെ പോലെയായിരുന്നു കാശെടുത്തിരുന്നത്. ആ പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുചില സാമ്പത്തികശ്രോതസ്സുകള്‍ കൂടി ഞാന്‍ കണ്ടെത്തിയിരുന്നു. സ്കൂളില്ലാത്തപ്പോള്‍ പാടത്തും പറമ്പിലും നടന്ന് കുടങ്ങല്‍ പുല്ല് (ഒരു തരം പച്ചമരുന്ന്. നാഡീരോഗങ്ങള്‍ക്ക് ബെസ്റ്റാ) പറിച്ചു വെയിലത്തിട്ടുണക്കി വെള്ളനാട് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതായിരുന്നു ഒന്ന്. ഉണക്കപ്പുല്ല് കിലോയ്ക്കന്ന് പതിനഞ്ചു മുതല്‍ ഇരുപത് രൂപവരെ കിട്ടും. പക്ഷെ ഒരു രണ്ടാഴ്ചയെങ്കിലും കാടും മേടും താണ്ടി നടന്നാലേ ഈ ഒരു കിലോ കുടങ്ങലുണ്ടാകൂ. സീസണ്‍ സമയത്ത് വയലേലകളില്‍ ഞാറിളക്കാനും കളപറിക്കാനും പോകുന്നതായിരുന്നു മറ്റൊന്ന്. അന്നൊക്കെ ചാങ്ങയിലും പരിസരങ്ങളിലും നിറയെ നെല്‍കൃഷിയൊക്കെ ഉണ്ടായിരുന്നതാണ്. നെല്ലുവിളഞ്ഞിരുന്ന പാടങ്ങളിലിന്ന് ഭൂതകാലമോര്‍ത്ത് കരയുന്ന മരങ്ങളാണ്.
കുടങ്ങല്‍ പുല്ല്



'കാശിക്കുടുക്കവിപ്ലവം' എന്ന് വെള്ളനാട്ടെ ശിലാഫലകങ്ങളില്‍ ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ ചരിത്രസംഭവം പൊട്ടിപ്പുറപ്പെട്ടത് ആ കാലഘട്ടത്തിലാണ്. വെള്ളനാട് സര്‍വീസ് സഹകരണബാങ്കായിരുന്നു ആ വിപ്ലവകാരി. ഭദ്ര ടാക്കീസിലെ ആഴ്ചപ്പടം മാറുന്നതറിയിക്കാന്‍ ഉച്ചഭാഷിണിയുമായി നാടുചുറ്റുന്ന ട്രക്കറിനു പുറകെ വിപ്ലവസന്ദേശവുമായി ബാങ്കിന്‍റെ ജീപ്പും നോട്ടീസുകള്‍ വിതറിക്കൊണ്ട് മാറ്റത്തിന്‍റെ പൊടിപറത്തി. തേന്മാവിന്‍ കൊമ്പത്തിന്‍റെയും വിപ്ലവക്കുടുക്കയുടെയും നോട്ടീസുകള്‍ക്കായി ഞങ്ങള്‍ വണ്ടികളുടെ പിറകേ ഓടി. അമ്പതുരൂപ ആദ്യമേ മുടക്കാന്‍ തയ്യാറുള്ള എല്ലാവീടുകളിലും ബാങ്ക് തകരംകൊണ്ടു നിര്‍മ്മിച്ച, ഉച്ചിയില്‍ ഓട്ടയും പള്ളയില്‍ പൂട്ടുമുള്ള കാശിക്കുടുക്കകള്‍ സ്ഥാപിച്ചു. ഓരോ ബാങ്കക്കൗണ്ടും നല്‍കി. കുടുക്കയുടെ താക്കോല്‍ ബാങ്കുതന്നെ സൂക്ഷിക്കും. വീട്ടുകാര്‍ ആ കുടുക്കയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കണം. എല്ലാമാസവും ബാങ്കിന്‍റെ പ്രതിനിധി വീട്ടിലെത്തി കുടുക്കതുറന്ന്, ചില്ലറകളെല്ലാം എണ്ണിത്തിട്ടപ്പെടുത്തി പാസ്ബുക്കിലത് രേഖപ്പെടുത്തി, കുടുക്ക പൂട്ടി താക്കോലും കാശുമായി മടങ്ങും. ബാങ്കുകാര്‍ അറിയാതെ ഞാനും ഈ വിപ്ലവത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഇളയമാമന്‍റെ ഭാര്യ ബാങ്കിന്‍റെ കുടുക്ക കളക്ഷന്‍ എജന്‍റായിരുന്നു. ഇന്നത്തെ എല്‍.ഐ.സി. ഏജന്റിന്‍റെ ഒരു പവറായിരുന്നു അന്നതിന്. സ്കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ എന്നെയുംകൂട്ടിയായിരുന്നു ബാങ്കിനുവേണ്ടി നിക്ഷേപസമാഹരണത്തിന് പോയിരുന്നത്. വീടുവീടാന്തരം നടന്നു തളര്‍ന്നവശനായി തിരികെ വീട്ടിലെത്തിയാലുടനെ ആ തളര്‍ച്ചയൊക്കെ ഞാന്‍ ഇറയത്തെ ചാണകത്തറയിലേക്ക് ആവേശത്തോടെ തട്ടിയിടും. എന്നിട്ടിരുട്ടുവോളം ഇരുന്ന്‍ ഓരോ തുട്ടുകളെയും അവയുടെ മൂല്യമനുസരിച്ച് തരംതിരിക്കും. പത്തോ ഇരുപതോ നാണയങ്ങള്‍ ഒന്നിനുമുകളിലൊന്നായി അടുക്കിയടുക്കി ഗോപുരങ്ങള്‍ പണിയും. ഒപ്പം ഞാനെന്‍റെ മാത്രം കുഞ്ഞുകുഞ്ഞു സ്വപ്നഗോപുരങ്ങളും.


അഞ്ചുപൈസ കൊടുത്താല്‍ വെള്ളനാട് സ്കൂളിനുമുന്നിലെ അമ്മിണി അപ്പൂപ്പന്‍റെ കടയില്‍ നിന്നും രണ്ടുപല്ലിമുട്ടായി കിട്ടുമായിരുന്നു (അമ്മിണി രണ്ടും തൂങ്ങിക്കിടക്കുന്ന അപ്പൂപ്പനായതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. യഥാര്‍ഥ പേരാര്‍ക്കുമറിയില്ല). അഞ്ചുപൈസയൊക്കെ കയ്യിലുണ്ടാകുമെങ്കിലും പിശുക്ക് കാരണം ഞാനാ കൊതി ഉമിനീരില്‍ മുക്കി വിഴുങ്ങാറാണ് പതിവ്. ആ സ്കൂളിനുമുന്നിലുമുണ്ടായിരുന്നു പണ്ടത്തെപോലത്തെ ഒരു മുട്ടായി അമ്മച്ചി. പക്ഷെ അവരുടെ കടലമിട്ടായിയേക്കാള്‍ കമ്പം അമ്പലമുറ്റത്ത് ഉച്ചക്ക് സൈക്കിളില്‍ കൊണ്ടുവരാറുള്ള പച്ചയും മഞ്ഞയും ചുമപ്പും നിറങ്ങളിലുള്ള കമ്പൈസ്ക്രീമിനോടായിരുന്നു. കമ്പൈസ്ക്രീമെന്നാണ് പറയുന്നതെങ്കിലും, ചേര്‍ത്തുവച്ച രണ്ട് ഈര്‍ക്കില്‍കഷണങ്ങളിലായിരുന്നു ആ ചതുരക്കട്ടകള്‍ നനഞ്ഞൊലിച്ചുകൊണ്ട് നിന്നിരുന്നത്. ഒരെണ്ണം അമ്പതുപൈസയാണ്. ആറാംക്ലാസുമുതല്‍ ടിപിന്‍ എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഓസിനു തിന്നാന്‍ എല്‍.പി.സ്കൂളില്‍ വച്ചുതന്നെ ഡോക്ടറേറ്റ്‌ നേടിയ ഞാന്‍, എന്‍റെ ഐസ്ക്രീം സ്പോണ്‍സറായി അവനെത്തന്നെ ആദ്യമേയങ്ങു നിയമിച്ചു. അവനാണെങ്കില്‍ പഠിക്കുന്നതിനേക്കാള്‍ ഉത്തരവാദിത്തത്തോടെ അത് ചെയ്തും വന്നൂ. എട്ടാംക്ലാസില്‍ വച്ചൊരിക്കല്‍ ഒരീര്‍ക്കിലൈസ്ക്രീം വാങ്ങി നുണഞ്ഞുനുണഞ്ഞു ചെന്നപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലുള്ള ആ ജലചതുരത്തിനുള്ളില്‍ നിന്നും പുളയുന്ന രണ്ടുപുഴുക്കളെ ഉള്ളുപിടയ്ക്കുന്ന അറപ്പോടെ ഞാന്‍ കണ്ടെത്തുംവരെയേ അതു നീണ്ടുള്ളൂ. ഓര്‍മ്മയിലാദ്യമായി അന്നാണ് ഞാന്‍ ചര്‍ദ്ദിക്കുന്നത്.

ഇതിലെ സ്റ്റിക്കിന് പകരം ഈര്‍ക്കില്‍,
അതാണ് ഈര്‍ക്കിലൈസ്ക്രീം



അന്നഞ്ചുരൂപ കൊടുത്തു വാങ്ങിയ ആ മണ്‍കുടുക്ക പച്ചമാങ്ങ ഇടിച്ചുപൊട്ടിക്കും പോലെ ഇറയത്തെ വാതിലിന്‍റെ കട്ടിളപ്പടിയിലിടിച്ച് ഉടച്ചത് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അപ്പോഴേക്കും ഞാന്‍ വീടിനടുത്തുള്ള ഒരു പലവ്യജ്ഞനക്കടയില്‍ പാര്‍ട്ട്‌ ടൈം ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. ആദ്യം ഉള്ളിയും സവാളയും മുളകുമൊക്കെ സൂക്ഷിക്കുന്ന ഗോഡൌണ്‍ വൃത്തിയാക്കലായിരുന്നു പണി. പിന്നെ പതിയെ പ്രമോഷനായി സാധനം അളന്നുതൂക്കി നല്‍കുന്ന സെയില്‍സ് അസ്സിസ്റ്റന്റായി. ആ വകയിലുള്ള സമ്പാദ്യം വഴി എന്‍റെ കുടുക്ക മുക്കാലും നിറഞ്ഞിരിക്കുന്ന സമയത്താണ് സ്കൂളില്‍ നിന്നും കൊച്ചിയിലേക്ക് ഒരു വിനോദയാത്ര പോകുന്നത്. ഇരുന്നൂറുരൂപയായിരുന്നു യാത്രാചെലവ്. വീട്ടുകാര്‍ കൈമലര്‍ത്തിയപ്പോള്‍ നുറുങ്ങുന്നഹൃദയത്തോടെ കുടുക്കയില്‍ കൈവച്ചു. കട്ടിളപ്പടിയിലുടഞ്ഞു ചിതറിയതെല്ലാം കൂടി നൂറ്റിഅറുപതോളം രൂപ മാത്രം. തുടര്‍ന്നുള്ള രണ്ടുമൂന്നു ഞായറാഴ്ചകള്‍ പാര്‍ട്ട്‌ടൈം ജോലി ഫുള്‍ടൈമാക്കി ഒരുവിധം നൂറ്റി അറുപതിനെ ഇരുന്നൂറില്‍ കൊണ്ടെത്തിച്ചു. മാത്രമല്ല, യാത്രയ്ക്കിടയില്‍ കഴിക്കാനെന്ന പേരില്‍ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റ് സൗജന്യമായി കടയില്‍നിന്നും പൊതിഞ്ഞെടുക്കുകയും ചെയ്തു.


പക്ഷെ, കുടുക്കയില്ലാതായതോടെ സമ്പാദ്യമെല്ലാം ചോരാന്‍ തുടങ്ങി. മറ്റൊരു കുടുക്ക വാങ്ങാനുള്ള സാമ്പത്തിക സാവകാശം ലഭിച്ചതുമില്ല. അപ്പോഴേക്കും അല്പസ്വല്‍പം ഉത്തരവാദിത്വബോധമുണ്ടായതാണ് പ്രധാന വെല്ലുവിളിയായത്. അതുകാരണം വീട്ടുകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. പിന്നെ പറയണ്ടല്ലോ. പതിയെ പഠിത്തത്തേക്കാള്‍, സമ്പാദിക്കുന്നതിനേക്കാള്‍ വലുത് അതുതന്നെയായി. എന്നും സ്കൂള്‍ വിട്ടുവന്നു നേരെ കടയില്‍ പോകും. രാത്രിയില്‍ കട അടയ്ക്കുന്നതുവരെ അവിടെത്തന്നെ. പോരുമ്പോള്‍ വീട്ടിലേക്ക് കുറച്ചു ഗോതമ്പുമാവോ അരിയോ പൊതിഞ്ഞെടുക്കും. അതുകൊണ്ടുതന്നെ കാശിന്‍റെ രൂപത്തിലുള്ള ശമ്പളമില്ല. വല്ലപ്പോഴും എന്തെങ്കിലും കിട്ടിയാല്‍ തന്നെ അതൊന്നിനും തികയാറുമില്ല. കാര്യമങ്ങനെയൊക്കെയാണെങ്കിലും ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച നല്ലൊരു കാലമായിരുന്നു അത്. സമൂഹത്തിലെ എല്ലാവിഭാഗം ആള്‍ക്കാരെയും അടുത്തുനിന്ന് മനസിലാക്കുന്നത് ആ സമയത്താണ്. ഇടയിലെപ്പൊഴോ ഒരു കുടുക്ക വാങ്ങിയെങ്കിലും വലിയ നിക്ഷേപമൊന്നും നടന്നില്ല. സുദീര്‍ഘമായ അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം, മെഡിക്കല്‍ കോളെജിലേക്ക് വണ്ടി കയറുന്നതിന്‍റെ തലേന്നുവരെയും എന്‍റെ വിയര്‍പ്പിന് അവിടുത്തെ മുളകിന്‍റെയും പഞ്ചസാരയുടെയും ഉരുളക്കിഴങ്ങിന്‍റെയുമൊക്കെ എരിവും മണവും മധുരവുമായിരുന്നു. അതെല്ലാം ഓട്ടയില്ലാത്ത ഒരു ഹൃദയക്കുടുക്കയില്‍ സംഭരിച്ചുകൊണ്ടായിരുന്നു ആ യാത്ര.


കോളേജിലെത്തിയപ്പോഴേക്കും കാശിക്കുടുക്കകള്‍ വിദൂരമായ ഏതോ ഭൂതകാലത്തിന്‍റെ ഒറ്റവാതിലറകളായി മാറിയിരുന്നു. ഇടയ്ക്ക് ഹോസ്റ്റലില്‍ വച്ച്, വീട്ടീന്ന് അവിലോസുപൊടി പൊതിഞ്ഞുകൊണ്ടുപോയ പ്ലാസ്റ്റിക് കുപ്പിയെ കുടുക്കയാക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും സാമ്പത്തിക ശ്രോതസുകളുടെ അഭാവംകാരണം അത് പ്രാവര്‍ത്തികമായില്ല. കാലത്തിന്‍റെ കുടുക്കയില്‍ നിന്നും ദിവസങ്ങളും മാസങ്ങളും മോഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. പഠിത്തം കഴിഞ്ഞു ജോലിയൊക്കെയായപ്പോള്‍ ഓര്‍മ്മകളിലെവിടെയോ ആ പഴയ നാണയക്കിലുക്കങ്ങള്‍ വീണ്ടും കേട്ടുതുടങ്ങി. ശമ്പളം ബാങ്ക് അക്കൗണ്ടായും ചെലവുകള്‍ ഡെബിറ്റും ക്രെഡിറ്റുമൊക്കെയുള്ള കാര്‍ഡുകളായും മാറിയ കാലത്തും കാശിക്കുടുക്കകളുടെ കിലുക്കം വീണ്ടും കേള്‍ക്കുന്നെങ്കില്‍ അതാ പഴയഭ്രാന്തിന്‍റെ ബാക്കിയല്ലാതെ പിന്നെന്ത്. ഒരു പുതിയ കുടുക്ക വാങ്ങാനായി കടയില്‍ ചെല്ലുമ്പോള്‍ അതിശയിച്ചുപോയി. മനുഷ്യന്‍റെയും കരടിയുടെയും കുടത്തിന്‍റെയും കിണ്ടിയുടെയും ഭരണിയുടെയും വാട്ടര്‍ടാങ്കിന്‍റെയുമൊക്കെ ആകൃതികളിലുള്ള ന്യൂജെനറേഷന്‍ കുടുക്കകളിങ്ങനെ നിരന്നിരിക്കുന്നു.  മിക്കതും പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയത്. ഈ കുടുക്ക സംസ്കാരമൊക്കെ ഇപ്പോഴും നിലവിലുണ്ടെന്നത് എനിക്കതിശയമായിരുന്നു. ഞാന്‍ കരുതിയിരുന്നത് എന്നെപ്പോലെ 'ക്രോണിക് സിവിയര്‍ നൊസ്റ്റാള്‍ജിയ' ബാധിച്ചവര്‍ക്കുമാത്രമാണ് ഇപ്പോഴും ഈ ഭ്രാന്തൊക്കെ ഉള്ളതെന്നാണ്. ഞാനൊരു മണ്‍കുടുക്ക തന്നെ, പണ്ടുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം വലുത്, ഒരെണ്ണം വാങ്ങി.


മൂന്നു മൂന്നരവര്‍ഷം മുമ്പായിരുന്നു അത്. പലപ്പോഴും കൈയ്യില്‍ തടയുന്ന ചില്ലറകള്‍ പുതിയ കുടുക്കയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ഏതാണ്ട് രണ്ടരവര്‍ഷം മുമ്പ് ആ കുടുക്കയേതാണ്ട് പാതിനിറഞ്ഞ സമയത്താണ് വളരെ യാദൃശ്ചികമായി പഴയ തോമസിനെയും ടിപിനെയുമൊക്കെ വീണ്ടുമോര്‍ക്കുന്നത്. ചാമ്പക്കയുടെയും കമ്പൈസ്ക്രീമിന്‍റെയും രൂപത്തില്‍, തിരികെ ഒന്നും മോഹിക്കാതെ അവരൊക്കെ പകര്‍ന്നു തന്നിരുന്ന ആ സ്നേഹം മാത്രം ഞാനൊരു കുടുക്കയിലും സൂക്ഷിച്ചിരുന്നില്ലല്ലോ. തോമസ്‌ എല്‍.പി. സ്കൂള്‍ കഴിഞ്ഞു പിന്നെ പഠിക്കാന്‍ പോയില്ല. നവജീവന്‍ ട്രസ്റ്റുകാര്‍ അവനെ നാട്ടിലേക്ക് തിരിച്ചയച്ചു. ടിപിന്‍റെ അച്ഛന്‍ മരിച്ചതോടെ അവനും സ്കൂളില്‍ വരുന്നത് വിരളമായി. ഒമ്പതാം ക്ലാസില്‍ തോറ്റപ്പോള്‍ മുതല്‍ സ്കൂള്‍ നിര്‍ത്തി കൂലിപ്പണിക്ക് പോയി. അവനെയും പിന്നെ കണ്ടിട്ടില്ല.


അന്നും ഇന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കണമെങ്കില്‍ പോലും വേണം കൈയ്യില്‍ കുറച്ചുകാശ്. ദാരിദ്ര്യംകൊണ്ട് പഠനം മുടങ്ങിയവരായിരുന്നു തോമസും ടിപിനും. അതുപോലെ എനിക്കറിയാത്ത എത്രയോപേര്‍ ഉണ്ടായിരുന്നിരിക്കും.


ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ഒരു 'സ്നേഹക്കുടുക്ക' എന്ന ആശയം അവിടെ പൊട്ടിമുളയ്ക്കുകയായിരുന്നു. രണ്ടരവര്‍ഷംമുമ്പ് വെള്ളനാട്ടെ പഠിക്കാന്‍ മിടുക്കരായ, സാമ്പത്തികമില്ലാത്ത കുട്ടികളുടെ പഠനച്ചെലവ് മുഴുവന്‍ വഹിക്കുക എന്ന ലക്ഷ്യത്തോടെ ‘EduCare Sponsorships’ എന്ന സംരംഭം ആരംഭിക്കുന്നത് അങ്ങനെയാണ്. ഒരു കുടുക്കയില്‍ നിന്നുണ്ടായ ആശയത്തിന് എന്‍റെ പുതിയ കുടുക്ക പൊട്ടിച്ചുകൊണ്ടുതന്നെയായിരുന്നു തുടക്കവും. അതിലുണ്ടായിരുന്ന ആയിരത്തിയെഴുന്നൂറ്റി അമ്പതുരൂപയാണ് ‘EduCare’ന്‍റെ ആദ്യമൂലധനം. അത് സുഹൃത്തും വെള്ളനാട് ആചാര്യ അക്കാദമിയുടെ പ്രിന്‍സിപ്പാളുമായിരുന്ന സന്ദീപ് സാറിനെ ഏല്‍പ്പിച്ചു. ഒരു ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനും, അത്യാവശ്യം വേണ്ട ഫയലുകളും രെജിസ്റ്ററുകളും അപേക്ഷാ ഫോറങ്ങളും മറ്റും വാങ്ങാനും മാത്രമേ അത് തികഞ്ഞുള്ളൂ. ആദ്യവര്‍ഷം അപേക്ഷകള്‍ ക്ഷണിച്ച് അര്‍ഹരായ മൂന്നുകുട്ടികളെ കണ്ടെത്തി. ഏറ്റവും അടുത്ത ചില സുഹൃത്തുക്കളെ മാത്രമേ ഇതറിയിച്ചൊള്ളൂ. നിര്‍ബന്ധിക്കാതെ മുന്നോട്ടുവന്ന ചില സുഹൃത്തുക്കളെക്കൂടി കുട്ടികളുടെ സ്പോണ്‍സര്‍മാരായി കൂടെക്കൂട്ടി. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ വെള്ളനാട്സ്കൂളില്‍ പഠിച്ച  ഏഴുകുട്ടികളുടെ പഠനസമ്പന്ധമായ എല്ലാ ചെലവുകളും ‘EduCare’ സ്പോണ്‍സര്‍ ചെയ്തുകഴിഞ്ഞു. (പലരും സ്കൂളിലെ ഏറ്റവും മിടുക്കരായി ജയിച്ചിറങ്ങി, ആത്മവിശ്വാസത്തോടെ  പുതിയ ഉയരങ്ങള്‍ തേടി പോയിരിക്കുന്നു.)  മിടുക്കരായ കുറച്ചുകുട്ടികള്‍ക്ക് ഇപ്പോഴും ‘EduCare’ന്‍റെ സഹായം ലഭിക്കുന്നുണ്ട്. ഈ ഓര്‍മ്മക്കുറിപ്പ് 'EduCare'ന്‍റെ പരസ്യമല്ല. ‘EduCare’ ഒരു കുടുക്കയില്‍ നിന്നുത്ഭവിച്ച ചിന്തയായതിനാലും എഴുതിവന്നപ്പോള്‍ ഈ കുടുക്കക്കഥ അതില്‍ തന്നെ അവസാനിപ്പിക്കണമെന്ന് തോന്നിയതിനാലും അതിവിടെ സൂചിപ്പിച്ചെന്നേയുള്ളൂ.
ഇപ്പോഴത്തെ കൂട്ടുകാരന്‍



ഇപ്പോഴുമുണ്ട് എനിക്കൊരു മണ്‍കുടുക്ക. അതില്‍ നിക്ഷേപിക്കാറുണ്ട്. പഴയപോലെ ഇടയ്ക്കിടയ്ക്ക് കുലുക്കിനോക്കാറുണ്ട്. ഇപ്പോള്‍ ആ  കിലുക്കങ്ങള്‍ക്കൊക്കെത്തന്നെ അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിന്‍റെ ആത്മാവറിഞ്ഞ സുഗന്ധമുണ്ട്. പകര്‍ന്ന ആത്മവിശ്വാസത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഹൃദയംതൊടുന്ന മുഴക്കമുണ്ട്. ഒപ്പം, സ്നേഹത്തിന്‍റെയോ നന്മയുടെയോ ഒരു നുറുങ്ങുവെളിച്ചം കൂടി ആരുടെയൊക്കെയോ ജീവിതത്തില്‍ പകരാന്‍ കഴിയുന്നതിന്‍റെ കരുണാര്‍ദ്രമായ ഒരു പുഞ്ചിരിയുമുണ്ട്.







RELATED POSTS
മെഡിക്കല്‍കോളേജ് ഹോസ്റ്റലിലെ ആദ്യ 24 മണിക്കൂര്‍
ഡെത്ത് ഡിക്ലറേഷന്‍



©മനോജ്‌ വെള്ളനാട്




അപൂര്‍വസഹോദരങ്ങള്‍



    
              ഓര്‍ക്കുമ്പോള്‍ എന്‍റെ കാലുകള്‍ ഇപ്പോഴും വിറക്കുന്നുണ്ട്, രണ്ടുകാലുകളും കൂട്ടിക്കെട്ടിയത് പോലെ മുറുകെ പിടിച്ചിരിക്കുന്ന ആ വിറയാര്‍ന്ന കൈകള്‍ക്കുള്ളില്‍ ഇരുന്ന്‍. കാലുകളില്‍ വീണു കരയുന്ന  മാരിയപ്പനെ, ആ വയസനെ, ഞാനെങ്ങനെ ആശ്വസിപ്പിക്കും. ആരെങ്കിലും ഓടി വന്നു എന്നെ ഒന്ന് രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. ഐ.സി.യു.വിന്‍റെ വാതിലിനടുത്ത് സഹതാപം കൊണ്ട് ഏതോ നേഴ്സ് കൊണ്ടുകൊടുത്ത കസേരയില്‍ അയാള്‍ വിഷണ്ണനായി കുമ്പിട്ടിരിക്കുമ്പോഴായിരുന്നു ഞാനാ വാതില്‍ തുറന്ന് പുറത്ത് വന്നത്. എന്നെ കണ്ടതും അയാള്‍ കാല്‍ക്കലേക്ക് പതിക്കുകയായിരുന്നു. സെക്യൂരിറ്റി ഓടി വന്ന്, അയാളെ എഴുന്നേല്‍പിച്ചു വീണ്ടും കസേരയില്‍ കൊണ്ടിരുത്തി. പോകാന്‍ ധൃതി ഉണ്ടായിട്ടും അല്‍പനേരം ഞാനയാളുടെ വലംകൈ കരഗതമാക്കി നിശബ്ദനായി നിന്നു. പിന്നൊന്നും മിണ്ടാതെ ആ വരാന്തയുടെ അങ്ങേ അറ്റത്തേക്ക് വേഗം നടന്നു.


രണ്ടുകൊല്ലം മുമ്പ് ഓഗസ്റ്റ്‌ മാസം മുപ്പതാം തീയതി വൈകുന്നേരം ആറുമണിയോടടുപ്പിച്ചാണ് ദാസിനെയും കൊണ്ട് അത്രതന്നെ പ്രായം തോന്നിക്കുന്ന രണ്ടു വയസന്മാര്‍ കാഷ്വാല്‍റ്റിയില്‍ എത്തുന്നത്.  കൊയമ്പത്തൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്ന് നേരെ വരികയാണ്‌. ദാസിനു തലച്ചോറിന്‍റെ വലതുഭാഗത്ത് രക്തം കട്ടപിടിച്ചു ശരീരത്തിന്‍റെ ഇടതുവശം തളര്‍ന്നു പോയിരുന്നു. അമിതമായിട്ടുണ്ടായ രക്തക്കട്ട കോയമ്പത്തൂരിലെ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. വലതുകപാലപകുതി മുറിച്ചുമാറ്റിയിരുന്നതിനാല്‍ തലയുടെ ആകെയുള്ള ആകൃതി ആപ്പിള്‍ കമ്പനിയുടെ ലോഗോ പോലിരുന്നു. ബോധമുണ്ട്. എന്നാല്‍ പറയുന്നത് മനസിലാക്കാനോ പ്രതികരിക്കാനോ സാധിക്കില്ല. തുടര്‍ ചികിത്സയ്ക്ക് നമ്മുടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണ്‌.
ദാസിനു പ്രായം എഴുപത്. കൂടെയുള്ളത് ഒന്ന് ചേട്ടന്‍, കുമരേശന്‍. മറ്റേത് അനിയന്‍ മാരിയപ്പന്‍. മധുരയ്ക്കടുത്ത് ഏതോ ഒരുള്‍പ്രദേശമാണ് സ്വദേശം. മൂന്നുപേരും അവിവാഹിതര്‍. കുമാരേശന് സര്‍ക്കാര്‍ നല്‍കുന്ന ചെറിയ പെന്‍ഷന്‍ തുക കൊണ്ടാണ് മൂന്ന് സഹോദരങ്ങളും കഴിഞ്ഞു വന്നത്. അടുത്ത ബന്ധുക്കള്‍ ആരുംതന്നെ ഇല്ല. അങ്ങനെ പരസ്പരം താങ്ങായി ജീവിതരഥമുന്തിത്തള്ളി നീങ്ങുമ്പോഴാണ് ദാസിന് പ്രഷര്‍ അധികമായി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്.

വന്ന ദിവസം ആദ്യം കണ്ടതും,നമ്മുടെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ അഡ്മിറ്റ്‌ ആക്കിയതും, പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ സ്ഥിരമായി റൌണ്ട്സിന് കാണുന്നതും എന്നെയായതിനാല്‍ കൂടെയുള്ള രണ്ടുപേര്‍ക്കും എന്നോടൊരു അടുപ്പം കൂടുതലുണ്ടായി. വളരെ താണ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നാണ് വരുന്നതെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ക്ക് മനസിലാകുന്ന വിധം മലയാളവും എന്നാലാകുന്ന തമിഴും ചേര്‍ത്തു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. അതും അവരോടു എന്നെ കൂടുതല്‍ അടുപ്പിച്ചുവെന്നാണ് കരുതുന്നത്. ആശുപത്രിയ്ക്കകത്തോ പുറത്ത് റോഡിലോ അങ്ങനെ എവിടെ വച്ച് കണ്ടാലും അവരാ സ്നേഹവും ബഹുമാനവും തന്നിരുന്നു.

കൃത്യമായ ചികിത്സയും പരിചരണവും കൊണ്ട് ദാസിന്‍റെ ആരോഗ്യനില മെച്ചപ്പെടാന്‍ തുടങ്ങി. കൂടെയുള്ളവരെ തിരിച്ചറിയാനും പറയുന്നത് അനുസരിക്കാനുമൊക്കെ സാധിക്കുന്നുണ്ട്. പക്ഷെ തലച്ചോറിലുണ്ടായ ക്ഷതം വലുതായതിനാല്‍ കൈകാലുകളുടെ ബലക്ഷയം പഴയതുപോലെ മെച്ചപ്പെട്ടുവന്നില്ല. എങ്കിലും ദാസിനും ഞങ്ങളെ ഒക്കെ മനസിലാകുന്നുണ്ടായിരുന്നു. ചെറുതായി സംസാരിക്കാനുമൊക്കെ സാധിക്കുന്നുണ്ടായിരുന്നു. നമ്മുടെ പരിചരണം കൂടാതെ, ആ രണ്ടു സഹോദരങ്ങളും ദാസിനെ ശുശ്രൂഷിക്കുന്നത്, സഹോദരസ്നേഹത്തിന്‍റെ അപൂര്‍വമായ മാതൃകയായിരുന്നു. ഒരാള്‍ ഭക്ഷണം വാരിക്കൊടുക്കുമ്പോള്‍, മറ്റെയാള്‍ തോര്‍ത്തുകൊണ്ട് ചിറിയില്‍ പറ്റിയ വറ്റുകള്‍ തുടച്ചുകൊടുക്കും. ഒരാള്‍ കൈകഴുകിക്കുമ്പോള്‍ മറ്റെയാള്‍ വായ കഴുകിയിട്ട് തുപ്പാനുള്ള പാത്രവും പിടിച്ചു നില്‍ക്കുന്നുണ്ടാകും. എന്നിട്ടിരുവരും ചേര്‍ന്ന് ദാസിനു ടിവി കണ്ടുകൊണ്ട് ചാരി ഇരിക്കത്തക്കവിധം കട്ടില്‍ ശരിപ്പെടുത്തും.

സാധാരണയായി എത്ര സീരിയസ്സായിട്ടുള്ള രോഗമാണെങ്കിലും ഒരു രോഗിയും മൂന്നോ നാലോ, പരമാവധി ആറുമാസത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ കിടക്കാറില്ല. എന്നാല്‍ ദാസിനും സഹോദരങ്ങള്‍ക്കും ആശുപത്രി വിട്ടു വീട്ടില്‍ പോകുന്നതിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തികസ്ഥിതിയും ദാസിനു പരമാവധി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമുക്തിയും ബോധ്യമുള്ളതിനാല്‍ നമ്മള്‍ പലവട്ടം പറഞ്ഞതുമാണ്, ഇനി ഇതേ പരിചരണം വീട്ടില്‍ കൊടുത്താല്‍ മതിയെന്ന്. പക്ഷെ അവര്‍ ചെവി കൊണ്ടില്ല. മാത്രമല്ല നാട്ടില്‍ ആകെയുണ്ടായിരുന്ന കൊച്ചുവീടും ദാസിന്‍റെ ചികിത്സക്കായി വില്‍ക്കുകയും ചെയ്തു!!

നെഞ്ചിലൂറുന്ന കഫം ചുമച്ചു തുപ്പാനുള്ള ശേഷിയില്ലാത്തതിനാല്‍ ഇടയ്ക്കിടയ്ക്ക് ന്യുമോണിയ വരാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഐ.സി.യു.വിലേക്കും മാറ്റേണ്ടി വരാറുണ്ടായിരുന്നു. അപ്പോഴൊക്കെയും ഭക്ഷണം പോലും കഴിക്കാതെ കുമരേശനും മാരിയപ്പനും ഐ.സി.യു.വിനു മുന്നില്‍ പ്രതീക്ഷയും സങ്കടവും ഒരേ അളവില്‍ കുടിച്ചിറക്കി നിശബ്ദരായി ഇരിക്കുമായിരുന്നു. വിലയേറിയതെന്തിനോ കാവലിരിക്കുന്നത് പോലെ.

2012 ആഗസ്റ്റ് മുപ്പതിനാണ് ദാസ്‌ നമ്മുടെ ആശുപത്രിയില്‍ എത്തുന്നത്. ഒന്നും രണ്ടുമല്ല, ഇരുപ്പത്തിരണ്ടു മാസം അവര്‍ മൂന്നുപേരും നമ്മുടെ സ്വന്തം വീടിലെ അംഗങ്ങളെപ്പോലെ എങ്ങും പോകാതെ അവിടെ ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പുവരെ. ദാസ്‌ ഒരുപാട് മെച്ചപ്പെട്ടിരുന്നു അപ്പോള്‍.

ഏതെങ്കിലും രോഗിയുടെ നില പെട്ടന്ന് വഷളാകുമ്പോള്‍ എല്ലാവിഭാഗം ഡോക്ടര്‍മാരെയും മറ്റു സ്റ്റാഫിനെയും വേഗം വിവരം അറിയിക്കാനുള്ള സംവിധാനമാണ് 'കോഡ് ബ്ലു'. ഒരു ദിവസം ഞാന്‍ ഓപിയിലെ തിരക്കില്‍ ഇരിക്കുമ്പോഴാണ് കോഡ് ബ്ലു വിളിക്കുന്നത് കേട്ടത്. നല്ല തിരക്കായതിനാല്‍ പോകാന്‍ സാധിച്ചില്ല. വിളിച്ചു ചോദിച്ചു, ഏതു രോഗിക്കാണ്, എന്താണ് പ്രശ്നമെന്ന്. ഒരാള്‍ പെട്ടന്ന് ഹൃദയസ്തംഭനം വന്നു വീണതാണെന്നും, മറ്റു ഡോക്ടര്‍മാര്‍ എല്ലാം ഉണ്ടെന്നും മറുപടി കിട്ടി. ആരാണെന്നു മനസിലായില്ലെങ്കിലും നമ്മുടെ കീഴിലുള്ള രോഗിയല്ല എന്ന് ഉറപ്പായി. ഞാന്‍ ഓപിയിലെ ജോലി തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അവിടുന്ന് ഒരു വിളിവരുന്നത്.

"സര്‍, നമ്മുടെ ദാസിന്‍റെ കൂടെയുണ്ടായിരുന്ന ഒരു ബൈസ്റ്റാന്‍ഡര്‍ കാര്‍ഡിയാക് അറെസ്റ്റ്‌ വന്നു കൊളാപ്സ് ചെയ്തു സര്‍.. ഇപ്പൊ വെന്റിലേറ്ററില്‍ ഐ.സി.യു.വിലേക്ക് മാറ്റി സര്‍.."

ഞാനാകെ ഞെട്ടി. ആരാണ്, കുമരേശനോ മാരിയപ്പനോ? പുതിയ സ്റ്റാഫ് ഒരാളായിരുന്നു വിളിച്ചത്.

"പേരറിയില്ല സര്‍.. താടിയുള്ള ആളാണ്.."

'കുമരേശന്‍ !!'

എനിക്ക് ഓപിയില്‍ ഇരുപ്പുറച്ചില്ല. സീനിയര്‍ ഡോക്ടറോട് ഞാനുടനെ വരാമെന്ന് പറഞ്ഞു വേഗം ഐ.സി.യു.വിലേക്ക് ചെന്നു. പുറത്ത് വാതിലിനരികില്‍ ഒരു കസേരയില്‍ കുനിഞ്ഞിരിക്കുകയായിരുന്നു മാരിയപ്പന്‍. ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അയാള്‍ എന്നെ കണ്ടില്ല. നമ്മുടെ എല്ലാ പ്രയത്നങ്ങളും മരുന്നിന്‍റെ മാന്ത്രികക്കൂടും ഭേദിച്ച്, മാരിയപ്പന്‍റെ പ്രാര്‍ത്ഥനകളും നിഷ്പ്രഭമാക്കി കുമരേശന്‍ പോയിക്കഴിഞ്ഞിരുന്നു അപ്പോള്‍. കുറച്ചുനേരം ചൂടുമാറാത്ത ആ നിര്‍ജീവശരീരത്തിനടുത്ത് നിന്നശേഷം ഞാന്‍ പുറത്തിറങ്ങി. ഒന്ന് നോക്കിയതേ ഉള്ളു, ഒന്ന് കണ്ടതേ ഉള്ളു, മാരിയപ്പന്‍ നിലവിളിച്ചുകൊണ്ട് എന്‍റെ കാല്‍ക്കലേക്ക് വീഴുകയായിരുന്നു.

"എപ്പടിയാവത് കാപ്പാത്തുങ്കോ സര്‍.. യേ അണ്ണനെ കാപ്പാത്തുങ്കോ സര്‍.."

അയാള്‍ ഇരുകൈകളും കൊണ്ടെന്‍റെ കാലുകള്‍ കൂട്ടിപ്പിടിച്ചിരുന്നു. എന്തുപറയണം എന്നറിയാതെ ഞാന്‍ വല്ലാതെ കുഴഞ്ഞു. അപ്പോഴേക്കും ഒരു സെക്യൂരിറ്റി ഓടി വന്നു അയാളെ പിടിച്ചുമാറ്റി. അയാള്‍ കുറച്ചുനേരം കൂടി കരഞ്ഞു.ഞാന്‍ നിശബ്ദനായി ആ കൈകള്‍ പിടിച്ചു നിന്നു. പിന്നെ ഒന്നും പറയാതെ, എങ്ങോട്ടെന്നില്ലാതെ ഞാനാ നീണ്ടുനിവര്‍ന്ന ഇടനാഴിയിലൂടെ വേഗം നടന്നു. ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതനുസരിച്ച് അകന്നബന്ധത്തിലുള്ള ഒരു പയ്യന്‍ വന്നിരുന്നു. അന്ന് രാത്രിയില്‍ കുമരേശന്‍റെ ശരീരത്തോടൊപ്പം ജീവനുള്ള രണ്ടു ശരീരങ്ങള്‍ കൂടി ആ ആംബുലന്‍സില്‍ കയറി തെക്ക് ദിക്കിലേക്ക് പോയി, ദീര്‍ഘനാളത്തെ ആ കുടുംബജീവിതത്തിന്‍റെ ഓര്‍മ്മകള്‍ 428 ആം നമ്പര്‍ മുറിയിലും, നമ്മുടെ മനസുകളിലും ബാക്കി വച്ച്. അവരുടെ അവസ്ഥ നന്നായി അറിയുമായിരുന്നതിനാല്‍ അതുവരെയുള്ള ബില്ല് ആശുപത്രി അധികൃതര്‍ വേണ്ടാന്ന് വച്ചു.

അപൂര്‍വസഹോദരങ്ങള്‍.. ജീവിതമെന്ന മരണക്കിണറില്‍ പരസ്പരസ്നേഹവും, കരുതലും അച്ചുതണ്ടാക്കി കറങ്ങിക്കൊണ്ടിരുന്ന മൂന്നുപേര്‍. വിധിയുടെ ഗുരുത്വാകര്‍ഷണബലപരീക്ഷണത്തില്‍ ആ അച്ചുതണ്ടിന്‍റെ കാമ്പ് തന്നെ നിലംപൊത്തി. സ്വന്തമായി വീടോ, പരിചരിക്കാന്‍ ആളുകളോ ഇല്ലാതെ ദാസും മാരിയപ്പനും പിന്നെത്ര നാള്‍ ആ ബലപരീക്ഷയില്‍ പിടിച്ചു നില്‍ക്കുമെന്നറിയില്ല. എന്‍റെ മനസ് പറയുന്നു, അവര്‍ ഇതിനകം തന്നെ തോറ്റുപോയിട്ടുണ്ടാകും. കാരണം അവര്‍ അത്രയധികം നിഷ്കളങ്കരായിരുന്നു.




©മനോജ്‌ വെള്ളനാട്






അപരിചിതനായ സഹമുറിയന്‍




അനുഭവങ്ങളും അവയുടെ ഓര്‍മ്മകളും ഉപ്പിലിട്ട മാങ്ങ പോലെയാണ്. അനുഭവങ്ങളെ അച്ചാറിടുമ്പോള്‍ വൈകാരികതയുടെ വിനാഗിരി ചേര്‍ന്നിട്ടില്ലെങ്കില്‍ നാളുകള്‍ കഴിയുമ്പോള്‍ മറവിയുടെ പൂപ്പല്‍ പിടിച്ചു നശിച്ചുപോയേക്കും. മറവിയുടെ വെളുത്തപാട മൂടിത്തുടങ്ങിയ ചില നേരനുഭവങ്ങളെ ഓര്‍മ്മയുടെ തുരുമ്പിച്ച കരണ്ടിയാല്‍ ചുരണ്ടി അനാവൃതം ചെയ്തെടുക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ എത്ര ചുരണ്ടിയിട്ടും വെളിപ്പെടാതെ മറവി കട്ടിപിടിച്ചിരിക്കുന്നത് ആ മുഖത്തിന് മീതെയാണ്. അതോര്‍ക്കാനേ കഴിയുന്നില്ല. ഒരേ ലക്ഷ്യത്തിനായി വന്നു, ഒരു രാത്രിയില്‍ ഒരു മുറിയില്‍ ഒരേ ഭയത്തോടെ ഉറങ്ങുകയും ഉണരുകയും ചെയ്ത എന്‍റെ ആദ്യത്തെ സഹമുറിയന്‍റെ മുഖം. ഒരു പേരിനപ്പുറം അന്നും ഇന്നും അപരിചിതനായി തന്നെ തുടരുന്ന ആ സുഹൃത്തിനെ പറ്റി ആകെയുള്ള ഓര്‍മ്മകളാണീ കുറിപ്പ്. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ എന്‍റെ ആദ്യത്തെ 24 മണിക്കൂര്‍..


ഉച്ചവെയിലില്‍ വെന്തുകിടന്ന ആ പൊടിപാറുന്ന മണ്ണിലേക്ക്, മെഡിക്കല്‍കോളേജിന്‍റെ കവാടത്തിനടുത്തുള്ള ആ മട്ടക്കോണ്‍ വളവില്‍ ഞാനും ആന്‍റോ ജോണും ഒരേ ബസില്‍ വന്നിറങ്ങി. പരസ്പരം അപരിചിതരായിരിക്കുക എന്നത് നിയോഗമായതിനാല്‍ ആന്‍റോയുടെ പേരും സ്ഥലവും മാത്രമേ ചോദിച്ചുള്ളൂ. ആന്‍റോ അധികം സംസാരിച്ചില്ല. ഞാന്‍ പണ്ടേ അങ്ങനെ തന്നെ. ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നമ്മള്‍ രണ്ടുപേരുടെയും മുഖത്ത് നിഴലിച്ചു നിന്നത് ഒരേ ഭയം തന്നെയായിരുന്നിരിക്കണം.


അഡ്മിഷന്‍ ആകാന്‍ ചെന്ന ദിവസം, ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് ഹോസ്റ്റല്‍ കാണാന്‍ പോയത്.  അപ്പോള്‍ മുതല്‍ ഈ ഭയപ്പാട് നെഞ്ചിനുള്ളില്‍ ഒരു ഭാരം കണക്ക് വിങ്ങിക്കൂടിയതാണ്. ആദ്യവര്‍ഷ അധ്യയനം തുടങ്ങിയിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിരുന്നു. ദൂരെ നിന്നേ കാണത്തക്ക വിധത്തില്‍ ഹോസ്റ്റലിനു മുകളില്‍ ''കയറി വാ മക്കളേ.." എന്നെഴുതിയ ഒരു ഫ്ലെക്സ് ബാനര്‍. രക്തമൊലിക്കുന്ന ദംഷ്ട്രകളുമായി വാ പിളര്‍ന്ന ഒരു ഭീകരസത്വത്തിന്‍റെ ചിത്രത്തിന് മുകളില്‍ ആയിരുന്നു അതെഴുതിയിരുന്നത്. അമൃതം ഗമയ സിനിമയും അതിലെ റാഗ്ഗിംഗ് രംഗങ്ങളും  ഞാന്‍ ഒരാഴ്ച മുന്നേ കണ്ടതേ ഉണ്ടായിരുന്നുള്ളു. പല നിലകളില്‍ നിന്നും ഭീതി വമിക്കുന്ന തുറിച്ചു നോട്ടങ്ങള്‍, കൈ ചൂണ്ടിയുള്ള പരിഹാസങ്ങള്‍. ഹോസ്റ്റല്‍ മുറികള്‍ കാണാന്‍ ചെല്ലുന്നതിനിടയില്‍ എനിക്കൊരു താക്കീതും കിട്ടിയിരുന്നു, ഒരു സീനിയര്‍ ചേട്ടന്‍റെ വക, "ഇനി കാണുമ്പോ ആ മീശ അവിടെ കണ്ടാലാണ്‌..!!" പറഞ്ഞിട്ടയാള്‍ പല്ലിറുമ്മി നടന്നു പോയി. ആന്‍റോയ്ക്ക് മീശ പൊടിച്ചിട്ടില്ലെങ്കിലും അയാളുടെ കണ്ണുരുട്ടലില്‍ അവന്‍ വെറുതെ നിന്നങ്ങു പേടിച്ചു.


അതിനു രണ്ടുദിവസം കഴിഞ്ഞിട്ടാണ് ഇതാ ഞങ്ങള്‍  പെട്ടിയും കിടക്കയുമൊക്കെയായി ഈ സിംഹക്കൂട്ടില്‍ സ്ഥിരം പൊറുതിക്ക് വന്നിരിക്കുന്നത്. 113-ആം നമ്പര്‍ മുറിയില്‍, സാധനങ്ങള്‍ ഒരു വശത്ത് ഒതുക്കി വച്ച് കതകടച്ച് ഞാനും ആന്‍റോയും പേടിയോടെ ഇരുന്നു. പുറത്തു കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ എന്‍റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ അസഹ്യമാകും വിധം ഉച്ചത്തിലായി. ആന്‍റോ വിയര്‍ത്ത് കുളിച്ച്, കണ്ണുകള്‍ തുറിപ്പിച്ച്‌ എന്നെ നോക്കി. കാലൊച്ചകള്‍ നിലച്ചയുടനെ കതകില്‍ മുട്ട് തുടങ്ങി. എനിക്കും ശ്വാസം വിങ്ങുന്നുണ്ടായിരുന്നു. എന്നാലും ധൈര്യം സംഭരിച്ച് പോയി കതക് തുറന്നു. പൊക്കം കുറഞ്ഞു, ലേശം കറുത്ത ഒരു ഭീകരന്‍റെ നേതൃത്വത്തില്‍ മൂന്നാല് തടിയന്മാര്‍ മുന്നില്‍. പൊക്കം കുറവെങ്കിലും നേതാവ് ഏന്തിവലിഞ്ഞു എന്‍റെ ഉടുപ്പിന്‍റെ കോളറില്‍ പിടുത്തമിട്ട്, എന്നെ വാതിലിനു പുറത്തേക്ക് മാറ്റി നിര്‍ത്തി. എന്നിട്ട് ഒട്ടും ആസ്വാദ്യകരമല്ലാത്ത ഏതോ ഭാഷയില്‍ അലറി,


"എന്താടാ, _____മോനെ നിന്‍റെ പേര്..?"


ഞാന്‍ നിന്ന് വിയര്‍ത്തു. വിറച്ചുകൊണ്ട് പേര് പറഞ്ഞു.


"മുഴുവന്‍ പേര് പറയെടാ.."  കൂടെ നിന്നയാള്‍ പല്ല് ഞെരിച്ചുകൊണ്ട് എന്നെ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി. ബഹുഭാഷാ പണ്ഡിതരായ വൈദ്യവിദ്യാര്‍ത്ഥികളെ കണ്ടെന്‍റെ കണ്ണുനിറഞ്ഞു. ഓരോ വാചകത്തിലും എന്‍റെ പിതാമഹന്മാര്‍ ചുടലപ്പറമ്പില്‍ എഴുന്നേറ്റ് നിന്ന് തുമ്മി. ഈ സമയം ആന്‍റോ അകത്ത് എന്ത് ചെയ്യുകയായിരുന്നു എന്നെനിക്കറിയില്ല. അവനെ പിന്നീടാണ്‌ അവര്‍ പിടികൂടിയത്. ഞങ്ങളെ രണ്ടുപേരെയും പുറത്തെ വരാന്തയില്‍ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി ചോദിച്ചു,


"മെഡിക്കല്‍ സല്യൂട്ട് ചെയ്യാന്‍ അറിയുമോടാ..?"


അറിയില്ല എന്ന് പറഞ്ഞപ്പോ എന്‍റെ നാവ് വായ്ക്കുള്ളില്‍ ഒട്ടുന്നുണ്ടായിരുന്നു, ഉണങ്ങിയിട്ട്.


"----- മോനെ നീ പിന്നെ എന്തറിഞ്ഞിട്ടാടാ മെഡിക്കല്‍ കോഴ്സിനു വന്നത്..?"


ആരൊക്കെയോ പല്ല് ഞെരിച്ചു. ആരൊക്കെയോ പൊട്ടിച്ചിരിച്ചു. ഞാനും ആന്‍റോയും വിയര്‍ത്തു കുളിച്ചു. ആന്‍റോയുടെ നെഞ്ചിന്‍കൂട് ബലാല്‍സംഗത്തിനു ഉമ്മറിന്‍റെ മുന്നില്‍ നിന്നുകൊടുക്കുന്ന ജയഭാരതിയുടേത് പോലെ ആവശ്യത്തിലധികം പൊങ്ങുകയും താഴുകയും ചെയ്തു.


"ഒരു പ്രാവശ്യം.. ഒരിക്കല്‍ മാത്രം പറഞ്ഞു തരും.. ഊം.. രണ്ടു പേരും നീങ്ങി നില്‍ക്ക്.." കുള്ളനായ ഭീകരന്‍ ആജ്ഞാപിച്ചു.


ഞങ്ങളെ അല്‍പം അകലത്തില്‍ നീക്കി നിര്‍ത്തി. ഇടതു കൈ പുറകോട്ടു വളച്ചു പൃഷ്ഠവിടവില്‍ അമര്‍ത്തി വയ്ക്കാന്‍ പറഞ്ഞു. വലതുകൈകൊണ്ട് ജനനേന്ദ്രിയത്തില്‍ പിടിക്കാനും. രണ്ടുകാലും ഒരുമിച്ചുയര്‍ത്തി അന്തരീക്ഷത്തില്‍ ഒരു വട്ടം കറങ്ങി നിലത്തുനിന്ന ശേഷം വലതു കൈകൊണ്ട് സല്യൂട്ട് വയ്ക്കണം. ഒപ്പം 'കോക് സര്‍..' എന്നും ഉറക്കെ പറയണം. നാലഞ്ചുവട്ടം ശ്രമിച്ച ശേഷമാണു എനിക്കത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞത്. ആന്‍റോ അപ്പോഴും ശ്രമിക്കുന്നുണ്ട്.


"എപ്പോ, എവിടെ വച്ച് സീനിയേഴ്സിനെ കണ്ടാലും ചെയ്തോണം.. കേട്ടോടാ.. " അയാള്‍ പിന്നെയും അലറി. ഞാന്‍ ശരിയെന്നു തലകുലുക്കി.


"നിനക്കെന്താടാ വായില്‍ നാക്കില്ലേ.. ചെയ്യുമെന്ന് പറയെടാ.."


വിയര്‍ത്തു, നമ്രശിരസ്കനായി നില്‍ക്കുന്ന ആന്‍റോയോടാണ്. അവന്‍ പേടിയോടെ തലയുയര്‍ത്തി നോക്കിയിട്ട് പറഞ്ഞു, "ചെയ്യാം ചേട്ടാ.."


"ചേട്ടനോ.. (പിന്നേം തെറി) . സര്‍ എന്ന് വിളിച്ചോണം.. അവന്‍റെ ഒരു ചേട്ടന്‍..!!!"


ആന്‍റോയുടെ കണ്‍പോളകള്‍ക്ക് അപ്പോഴേക്കും ഒരു  അണക്കെട്ടിനെ താങ്ങിനിര്‍ത്താനുള്ള ശേഷി നശിച്ചിരുന്നു. അടുത്തെന്താണ് ഇവര്‍ ചെയ്യാന്‍ പോകുന്നതെന്നോര്‍ത്ത് ഞാന്‍ വിറച്ചു. കൂടുതല്‍ വിയര്‍ത്തു. പിന്നെ കേട്ടത് ഒരു കൂട്ടച്ചിരി ആയിരുന്നു. ഞാന്‍ അത്ഭുതത്തോടെ തലയുയര്‍ത്തി നോക്കുമ്പോള്‍ അത്രയുംനേരം കണ്ണുകളില്‍ ഇറച്ചിവെട്ടുകാരന്‍റെ ക്രൌര്യം നിറച്ചുനിന്നവര്‍  മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ചുണ്ടുകളില്‍ സൗഹൃദത്തിന്‍റെ പുഞ്ചിരിയും ഘടിപ്പിച്ചു നില്‍ക്കുന്നു. അതിനിടയില്‍ ഒരുവന്‍ തോളില്‍ തട്ടിയിട്ട് പറഞ്ഞു,


"അളിയാ.. ഞങ്ങള്‍ സീനിയേഴ്സ് ഒന്നും അല്ല.. ഒരേ ബാച്ചാ.. ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതല്ലേ.. ഹ.. ഹ.. ഹ. "


അടുത്തയാള്‍,
"ഇതൊരു സാമ്പിള്‍ മാത്രം. നീയൊക്കെ ഇങ്ങനെ പേടിച്ചാല്‍ കുറച്ചു പാടുപെടും..!!"


എന്തൊക്കെ ആയാലും എനിക്കല്‍പം ആശ്വാസം തോന്നി. ശ്വാസഗതി നേരെയായി തുടങ്ങി. ആന്‍റോ അപ്പോഴും ഭയന്ന് നിക്കുകയായിരുന്നു, ഇതൊക്കെ സത്യമാണോ എന്നറിയാതെ. കുറച്ചുനേരം എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം  പിരിഞ്ഞു.


രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ മെസ് ഹാളില്‍ ചെന്നപ്പോള്‍ ഒന്ന് രണ്ടു സീനിയര്‍ ചേട്ടന്മാര്‍ വന്നു പേര് ചോദിക്കുകയും പരിചയപ്പെടുകയും ഒക്കെ ചെയ്തു. ഞാനും ആന്‍റോയും പേടിച്ച പോലൊന്നും അപ്പോള്‍ സംഭവിച്ചില്ല. പക്ഷെ ആന്‍റോയെ വല്ലാത്തൊരു ഭയം പിടികൂടിയിരുന്നു. തിരിച്ചു മുറിയില്‍ എത്തിയിട്ടും കനത്ത മുഖഭാവത്തോടെ ഒന്നും മിണ്ടാതെ ഇരുന്നു. ഞാനെന്തൊക്കെയോ ചോദിച്ചപ്പോഴും മറുപടി ചെറിയ മൂളലുകളില്‍ ഒതുക്കി. ഉത്തരങ്ങള്‍ മൂളലുകള്‍ മാത്രമായപ്പോള്‍ ചോദ്യങ്ങള്‍ മൌനത്തിന്‍റെ പുതപ്പുമായി ഉറങ്ങാന്‍ കിടന്നു. പക്ഷെ രാത്രിയില്‍ ആരെങ്കിലും കതകില്‍ തട്ടി വിളിക്കുമെന്നും, വെളുക്കുവോളം റാഗിങ്ങ് ഉണ്ടാകുമെന്നും ഞങ്ങള്‍ ഭയന്നിരുന്നു, ആധി പരസ്പരം പങ്കുവച്ചില്ലെങ്കിലും.


രാവിലെ എട്ടുമണി ആയിരുന്നു ക്ലാസ് തുടങ്ങുന്ന സമയം. ഞാന്‍ കുളിച്ചു വന്നപ്പോഴേക്കും ആന്‍റോ പതിയെ കുളിക്കാന്‍ തയ്യാറാകുന്നതെ ഉള്ളു. വേഗം പോയി കുളിച്ചിട്ട് വാ, ഒരുമിച്ചിറങ്ങാം എന്ന് പറഞ്ഞു ഞാന്‍ ഡ്രസ്സ്‌ ചെയ്യാന്‍ തുടങ്ങി. ആന്‍റോ കുളിച്ച് വന്നപ്പോഴേക്കും സമയം 7.55 ആയി.


"നീ പൊയ്ക്കോ, ഞാന്‍ വന്നോളാം .." എന്നും പറഞ്ഞു അവന്‍ തയ്യാറാകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നോട്ടുപുസ്തകങ്ങളുമായി ഇറങ്ങി. മെഡിക്കല്‍ കോളേജിലെ എന്‍റെ ആദ്യക്ലാസിലേക്ക്. ആദ്യദിവസം തന്നെ വൈകിയെത്തുന്നത്  ഐശ്വര്യക്കേട്‌ ആയതിനാല്‍ റൂം പൂട്ടി താക്കോല്‍ എടുക്കാന്‍ മറക്കരുതെന്നോര്‍മ്മിപ്പിച്ചു ഞാന്‍ ഓടി. ക്ലാസ് തുടങ്ങി മിനുട്ടുകള്‍ കഴിഞ്ഞിട്ടും ആന്‍റോ ക്ലാസില്‍ വന്നില്ല. വെളുത്തു ചുവന്നു തുടുത്തു സുന്ദരിയായ രാജശ്രീ മാഡത്തിന്‍റെ ഹിന്ദി കലര്‍ന്ന ഇംഗ്ലീഷില്‍ മനുഷ്യരക്തത്തിന്‍റെ അഴകളവുകള്‍ കേട്ട് പഠിക്കുമ്പോഴും എന്‍റെ മനസ്സ് ആന്‍റോയെ തേടുകയായിരുന്നു. തുടര്‍ന്ന് അനാട്ടമി ക്ലാസ്സിലെ ശവംകീറിപഠനസ്ഥലത്തും ഞാന്‍ അവനെ കണ്ടില്ല. ഒന്ന് വിളിച്ചന്വേഷിക്കാന്‍ അന്ന് ആരുടേയും കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. എല്ലാം കഴിഞ്ഞു ഉച്ചയൂണിനു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്നും കൊളുത്തിട്ടിട്ടുണ്ട്, പൂട്ടിയിട്ടില്ല. ആന്‍റോയുടെ സാധനങ്ങള്‍ അകത്തുണ്ട്. ആന്‍റോ ഇല്ല.


ഊണ് കഴിക്കാനുള്ള സമയം മാത്രമേ ഉള്ളു. ഉടനെ അടുത്ത ക്ലാസ് തുടങ്ങും. ചോറുണ്ട് ഉടനെ ക്ലാസ്സിലേക്കോടി. അപ്പോഴും മനസ്സിലെ തെളിച്ചം മങ്ങിയ ഇരട്ട സ്ക്രീനുകളില്‍ ഒന്നില്‍ ഞാന്‍ ആന്‍റോ ജോണിനെ അന്വേഷിക്കുകയായിരുന്നു.. ക്ലാസൊക്കെ കഴിഞ്ഞു വീണ്ടും ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, ആന്‍റോ റാഗിംഗ് പേടിച്ചു വീട്ടില്‍ പോയിട്ടുണ്ടായിരിക്കും എന്ന്. ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് എന്നോടൊപ്പം ഈ പടി കയറി വന്ന ആന്‍റോയെ കാണാന്‍ ഇല്ലാ എന്ന് ഞാന്‍ സുഹൃത്തുക്കളെയും തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെയും വിവരം അറിയിച്ചു. വാര്‍ഡന്‍ ആന്‍റോയുടെ വീട്ടില്‍ വിളിച്ചു. പക്ഷെ, ആന്‍റോ വീട്ടില്‍ എത്തിയിട്ടില്ല..!!


ആന്‍റോ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. വീട്ടുകാരും പോലീസും സംശയദൃഷ്ടിയോടെ പലവട്ടം എന്നെ ചോദ്യം ചെയ്തു. പക്ഷെ അവര്‍ക്ക് ഉപയോഗമുള്ള വിവരങ്ങള്‍ ഒന്നും തന്നെ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഞാന്‍ മറ്റൊരു മുറിയില്‍ മറ്റു രണ്ടു പേരോടൊപ്പം താമസം തുടങ്ങിയിരുന്നു. ഒരാഴ്ചയോളം കഴിഞ്ഞു ആരോ പറഞ്ഞറിഞ്ഞു, ആന്‍റോ കോഴിക്കോട് എവിടെയോ ഒളിവില്‍ കഴിയുക ആയിരുന്നു എന്ന്. തിരിച്ചു വിളിച്ചുകൊണ്ടുവന്നെങ്കിലും, വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും കോളേജിലേക്ക് തിരിച്ചുവരാന്‍ അവന്‍ തയ്യാറായില്ല. പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു അവന്‍റെ അച്ഛന്‍ വന്നു ഹോസ്റ്റലില്‍ നിന്നും സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി, അതും വാര്‍ഡന്‍ പറഞ്ഞാണറിയുന്നത്. മറ്റൊന്ന് കൂടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോ പറഞ്ഞറിഞ്ഞു, ആന്‍റോ ഇനി പഠിക്കാന്‍ പോകുന്നില്ലത്രേ.!!


വൈദ്യപഠനത്തിന്‍റെ ആദ്യനാളുകളിലെ വിശ്രമമില്ലാതെയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ആന്‍റോയെ പറ്റി അന്വേഷിക്കാന്‍ സമയം കിട്ടിയില്ല. പിന്നെ പതിയെ അവനെ അങ്ങ് മറന്നു.
ആദ്യ ദിവസം ഞങ്ങളെ മോക്ക്റാഗിംഗ് നടത്തി വിരട്ടിയ ആ 'ഭീകരന്‍', എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തും പിന്നീടുള്ള വര്‍ഷങ്ങളില്‍ എന്‍റെ സഹമുറിയനും ഒക്കെയായി മാറിയെന്നത് രസകരമായ യാദൃച്ഛികത തന്നെ. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഒക്കെയും ഇപ്പോഴും എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെ, ആന്‍റോ ജോണ്‍ ഒഴികെ.


വര്‍ഷങ്ങള്‍ കൊഴിഞ്ഞു. പഠനം കഴിഞ്ഞു. എല്ലാവരും പലവഴി പിരിഞ്ഞു.  വെറുമൊരു അരമുറി ഓര്‍മ്മയ്ക്കപ്പുറം വ്യക്തിപരമായി ആന്‍റോ ജോണിന് എന്‍റെ ജീവിതത്തില്‍ ഒട്ടുംതന്നെ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തത് കൊണ്ടുകൂടി ആകണം ആ മുഖമോ അവനെ സംബന്ധിക്കുന്ന മറ്റെന്തെങ്കിലുമോ ഓര്‍ത്തെടുക്കാന്‍ എനിക്കിന്ന് കഴിയാത്തത്. പല സുഹൃത്തുക്കള്‍ വഴിയും, ഫേസ്ബുക്കിലൂടെയും ഒക്കെ ആന്‍റോയിലേക്കെത്താനുള്ള വഴികള്‍ ഞാന്‍ തേടി. ഒടുവില്‍ കോളേജിലെ പഴയ രജിസ്റ്ററില്‍ നിന്നും അവന്‍റെ അഡ്രെസ്സ് തേടിപ്പിടിച്ചു, ഒരു കത്തെഴുതി. കുറച്ചുനാളായെങ്കിലും, മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുന്നു.


സത്യത്തില്‍ റാഗിങ്ങ് ഭയന്നിട്ടാണോ ആന്‍റോ അന്ന് നാടുവിട്ടത്? ആഗ്രഹിച്ചു പഠിച്ചു മികച്ച റാങ്കും വാങ്ങി ഡോക്ടര്‍ ആകാന്‍ വന്നവന്‍ ആ ഒരൊറ്റ രാത്രികൊണ്ട് അതെല്ലാം വേണ്ടാന്നു വയ്ക്കാന്‍ മാത്രം കാരണം മറ്റെന്തെങ്കിലും ആയിരിക്കും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ എങ്കില്‍ അതെന്തായിരിക്കും? അന്ന് എനിക്ക് ഏതെങ്കിലും വിധത്തില്‍ ഈ വിഷയത്തില്‍ ഇടപെട്ട് അവനെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?!  ഒരു മെഡിക്കല്‍ സീറ്റ്‌ നഷ്ടപ്പെടുത്തിയതിന് സര്‍ക്കാര്‍ അവനില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിക്കാണുമോ..? ഒരുപക്ഷെ ഇതിനൊക്കെ ഉത്തരം തരാന്‍ കഴിയുന്ന ഒരേ ഒരാള്‍ ആന്‍റോ ജോണ്‍ മാത്രമായിരിക്കും.


ഓര്‍മ്മകള്‍ക്കും മറവിക്കും ഒരേ ഭാഷയും ഒരേ ശബ്ദങ്ങളുമാണ്. ഗുരുതരമായ അക്ഷരത്തെറ്റ് വന്നു എഴുതിയവന് പോലും തിരിച്ചറിയാനാവാത്തവിധം വികൃതമായ ഓര്‍മ്മകള്‍ തന്നെയാണ് മറവി. ഒരു ഓര്‍മ്മത്തെറ്റ്‌.
അതെ, ആ പേരിനും ഈ ഓര്‍മ്മകള്‍ക്കും അപ്പുറം ആന്‍റോ എനിക്കപരിചിതനാണ്.  മനപ്പൂര്‍വമായൊരു ഓര്‍മ്മത്തെറ്റ്‌. ഇന്നിതെഴുതുമ്പോള്‍ അന്ന് ആന്‍റോയെ മറന്നു, ആ സംഭവങ്ങള്‍ എല്ലാം മറന്നു സ്വാര്‍ത്ഥനായി എന്നിലേക്ക് മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെത്തന്നെയും എനിക്കൊരപരിചിതനായി തോന്നുന്നു.

ആന്‍റോയുടെ അപരിചിതനായ സഹമുറിയന്‍.!!