Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

എ പ്ലസ് ആന്റ് എ മൈനസ്

രണ്ടു മൂന്ന് വർഷം മുമ്പാണ്. ഒരു കല്യാണത്തിന് പോയതായിരുന്നു. കല്യാണ മണ്ഡപത്തിന് തൊട്ടടുത്ത് സ്കൂളാണ്. ആ വർഷത്തെ SSLC പരീക്ഷയ്ക്ക് ഇനി കുറച്ചു ദിവസമേയുള്ളു. വിദ്യാർത്ഥികൾക്ക് ദിവസേന മൂന്ന് നേരം വച്ച് പ്രൊഫഷണൽ മോട്ടിവേഷണൽ സ്പീക്കർമാരുടെ, ടൈം മാനേജ്മെന്റ് സിംഹങ്ങളുടെ, സൈക്കോളജിസ്റ്റുകളുടെ, പോരാത്തതിന് അധ്യാപകരുടെ ഒക്കെ എക്സാം ഓറിയന്റഡ് ക്ലാസുകൾ നടക്കുകയാണ്.

സ്കൂളിന്റെ തൊട്ടടുത്ത് ഉണ്ടെന്ന കാര്യമറിഞ്ഞ ഒരു സുഹൃത്ത്, കുട്ടികളോട് രണ്ട് വാക്ക് മോട്ടിവേഷൻ കൊടുക്കണമെന്ന് നിർബന്ധിച്ചപ്പോ അവിടെ പോയി. കാലിൽ പ്ലാസ്റ്ററാണ്, നടക്കാൻ വയ്യാ, സംസാരിക്കാൻ ഞാൻ വളരെ മോശമാണ് എന്നൊക്കെ പറഞ്ഞു പരമാവധി ഒഴിയാൻ നോക്കിയതാണ്. പുള്ളി വിട്ടില്ല.

ചെന്നപ്പോൾ വലിയ ഒരു ഹാളിൽ നൂറിലധികം കുട്ടികൾ. പ്രഗത്ഭനായ ഒരു സ്പീക്കറുടെ മണിക്കൂർ നീണ്ടുനിന്ന സംസാരത്തിന്റെ അവസാന ലാപ്പാണ്. എല്ലാ വിഷയത്തിനും A+ നേടേണ്ടതിന്റെ ആവശ്യകതയും, പഠിച്ചു വലിയ ആളായ മനുഷ്യരുടെ കഥകളും ഒക്കെയായി അദ്ദേഹം കുട്ടികളെ ശരിക്കും മോട്ടിവേറ്റ് ചെയ്തു കൊണ്ടിരിക്കുവായിരുന്നു.

അദ്ദേഹം നിർത്തിയപ്പോൾ എന്റെ ഊഴമായി. 

''എല്ലാ വിഷയത്തിനും A+ നേടുന്നതല്ല ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യമായിരിക്കേണ്ടത്''

ഞാൻ സംസാരിച്ചു തുടങ്ങിയപ്പൊഴേ ക്ലാസ് ടീച്ചറിന്റെയും ഗസ്റ്റ് സ്പീക്കറുടെയും എന്നെ വിളിച്ച സുഹൃത്തിന്റെയും മുഖത്തെ A+ പ്രകാശം, A or B+ ആയി.

ഞാൻ തുടർന്നു, എല്ലാത്തിനും A+ കിട്ടിയാൽ നല്ലത് തന്നെ. പക്ഷെ കിട്ടിയില്ലാന്ന് കരുതി അതൊരു തോൽവിയോ കുറവോ ആവുന്നില്ല. പക്ഷെ, നിങ്ങൾ നിങ്ങളുടെ 100 ശതമാനം കഴിവും ഉപയോഗിക്കാത്തത് കൊണ്ടാണ് നിങ്ങൾക്കത് കിട്ടാത്തതെങ്കിൽ അതൊരു കുറവാണ്. നിങ്ങൾ നിങ്ങളാലാവുന്ന വിധം പരമാവധി ശ്രമിച്ചു, എന്നിട്ടും B അല്ലെങ്കിൽ C ആണ് കിട്ടിയതെങ്കിലും അതിൽ ഒട്ടും വിഷമിക്കേണ്ടതില്ല. പരിശ്രമിക്കാൻ മനസുള്ളവർക്ക് വിജയിക്കാൻ ജീവിതമിങ്ങനെ നീണ്ട് നിവർന്ന് മുന്നിൽ കിടക്കുവാണ്. 

ജീവിതത്തിൽ ജയിക്കാൻ നമുക്കൊരു ഗ്രേഡിന്റെയും ആവശ്യമില്ല. പരിശ്രമിക്കാനുള്ള മനസ് മാത്രം മതി. ഇനി കുറച്ചു ദിവസമേയുള്ളു SSLC പരീക്ഷയ്ക്ക്. ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുക. പരിശ്രമിച്ചെഴുതുക. നിങ്ങളുടെ 100% തന്നെ അവിടെ കൊടുക്കുക. എന്നിട്ട് കിട്ടുന്നത് ഏത് ഗ്രേഡാണെങ്കിലും അതിൽ സന്തോഷിക്കുകയും സംതൃപ്തിയോടെ ഇരിക്കുകയും ചെയ്യുക. എനിക്ക് SSLC ക്ക് എല്ലാ വിഷയത്തിനും A യോ A+ ഓ കിട്ടിയിട്ടില്ല, അന്ന് ഗ്രേഡിംഗ് അല്ലായിരുന്നെങ്കിലും. പക്ഷെ, ഞാനിന്ന് ഹാപ്പിയാണ്. സാറ്റിസ്ഫൈഡ് ആണ്. 

കുട്ടികൾക്കിടയിൽ നിന്നും random ആശ്വാസ (?) നെടുവീർപ്പുകൾ ഉതിരുന്നത് കേൾക്കാമായിരുന്നു അപ്പോൾ. അവർ കുറച്ചെങ്കിലും റിലാക്സ്ഡായിക്കാണും എന്നു ഞാൻ കരുതുന്നു. എന്തായാലും, പിന്നെയാരും എന്നെ കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ ക്ഷണിച്ചിട്ടില്ലാ എന്നതാണ് സത്യം.. 😀



ഇന്നിപ്പൊ SSLC റിസൾട്ട് വന്നു. വിജയിച്ച 99.26% ശതമാനം പേർക്കും ആശംസകൾ. തോറ്റുപോയ 0.74% കുട്ടികളോടും ഇത്രയേ പറയാനുള്ളൂ, ജീവിതമിങ്ങനെ മുന്നിൽ നെടുനീളത്തിൽ കിടക്കുമ്പോൾ SSLC ഒന്നും ഒരു പരീക്ഷയേ അല്ല. അവിടെ തോൽക്കാതിരുന്നാ മതി.. ❤️

©മനോജ്‌ വെള്ളനാട്

വിജയ് ബാബുവും ശരിതെറ്റുകളും

വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാൾക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ, ആ ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിന്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്. ആർക്ക്, എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അയാൾക്കറിയാം.

റേപ് ചെയ്യപ്പെട്ട, അല്ലെങ്കിൽ അങ്ങനെ പരാതി പറഞ്ഞ, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് കൃത്യമായ നിയമം ഉണ്ടെന്നും അതറിയാമെന്നും അയാൾ സമ്മതിക്കുന്നുണ്ട്. എന്നിട്ടും നിയമം ലംഘിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് പണവും സ്വാധീനവും മാത്രമല്ല, നമ്മളെ പറ്റി അയാൾക്കുള്ള വ്യക്തമായ ആ ധാരണ കൂടിയാണ്.

നമുക്കറിയാം, 3 വർഷം മുമ്പ് തെലങ്കാനയിൽ ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാവുകയും ശേഷം പ്രതികൾ ആ പെൺകുട്ടിയെ ജീവനോടെയോ അല്ലാതെയോ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി നടന്ന ശേഷമുള്ള ദിവസങ്ങളിൽ ഇന്റർനെറ്റിൽ, പ്രത്യേകിച്ചും പോൺ സൈറ്റുകളിൽ, ഏറ്റവും കൂടുതൽ തെരയപ്പെട്ട കീ വേഡ്, Telangana girl rape video ആയിരുന്നു. കേരളത്തിൽ നടി ആക്രമിക്കപ്പെട്ടപ്പോഴും സോളാർ അഴിമതിക്കേസ് കത്തി നിന്നപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്. മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ ഈ മനോഭാവത്തെ കൃത്യമായി ഉപയോഗിക്കുകയാണ് വളരെ ആത്മവിശ്വാസത്തോടെ വിജയ് ബാബുവും ചെയ്തത്.

ഒരു കേസിൽ ഇരയായോ വില്ലത്തിയായോ സഹായിയായോ നോക്കി നിന്നവളായോ ഒരു പെണ്ണ് വന്നാൽ, പിന്നീടുള്ള ശ്രദ്ധ മുഴുവൻ അവളിലേക്ക് പോകുമെന്നും പിന്നെ വരുന്ന ഒരുവിധമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് അവളുടെ മാത്രം ബാധ്യതയാണെന്നും നമ്മളൊരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ. അത് കൃത്യ സമയത്ത് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്.

നമ്മളതിൽ കൊത്താൻ പാടില്ല. കൊത്തിയാൽ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവും. സ്ലട് ഷെയിമിംഗിലും ഇക്കിളിക്കഥകളിലും അഭിരമിക്കുന്ന നമുക്കിടയിലേക്ക് ഇനി ഇത്തരമൊരു കേസുമായി കടന്നുവരാൻ യഥാർത്ഥ ഇരകൾ മടിക്കും. അവരാ ട്രോമയിൽ തന്നെ മരിക്കും. പ്രതികൾ നിരപരാധിയായി ചമഞ്ഞ് പുതിയ ഇരകളെ തേടിക്കൊണ്ടുമിരിക്കും.

ഈ കേസിൽ അയാൾ കുറ്റക്കാരനാണോ അല്ലയോ എന്നത് നമുക്കറിയില്ല. പക്ഷെ, അയാൾ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. അത് നിയമവിരുദ്ധമാണ്. അക്കാര്യത്തിൽ അയാൾ കുറ്റക്കാരനുമാണ്.



Section 375 എന്നൊരു ഹിന്ദി സിനിമയുണ്ട്. കണ്ടിട്ടില്ലെങ്കിൽ കാണണം. ആമസോണിൽ ഉണ്ട്. പ്രശസ്തനായ ഒരു സിനിമാ സംവിധായകനെതിരേ അയാളുടെ കീഴിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് റേപ് കേസ് ഫയൽ ചെയ്യുന്നതാണ് കഥ. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത്, അങ്ങനെ വാങ്ങിയ കൺസെന്റിന്റെ പുറത്ത് ഉഭയസമ്മതത്തോടെ  അവർ sex ചെയ്യുന്നുണ്ട്. പക്ഷെ അയാൾക്കവളിൽ താൽപര്യം തീരുമ്പോൾ പറഞ്ഞതും ചെയ്തതും എല്ലാം മറക്കുന്നു. ഈ ട്രോമയിൽ നിന്നും പുറത്തു വരുന്ന പെൺകുട്ടി കേസ് കൊടുക്കുന്നു. ബാക്കി കഥ പറഞ്ഞാൽ സ്പോയിലർ ആവും. പക്ഷെ ക്ലൈമാക്സിൽ ആ പെൺകുട്ടി പറയുന്ന ഒരു ഡയലോഗുണ്ട്,

"What he said was right, he didn't rape me. But it was nothing short of it.." എന്നുവച്ചാൽ അയാളെന്നെ റേപ് ചെയ്തിട്ടില്ലാ. പക്ഷെ, ചെയ്ത കാര്യങ്ങൾ റേപിൽ ഒട്ടും കുറഞ്ഞതുമല്ല, എന്ന്. ഇരയായ പെൺകുട്ടി വെറുതേ പോയി കേസു കൊടുത്താൽ നിയമത്തിന് മുന്നിൽ ഇത്തരം കേസുകൾ പ്രൂവ് ചെയ്യാൻ പ്രയാസമാണ്. സോഷ്യൽ മീഡിയയിൽ ഏതോ ലോകത്തിരുന്ന് ഏതോ ഒരുത്തൻ ചോദിക്കുന്ന വഷളൻ ചോദ്യങ്ങൾ തന്നെ കോടതി മുറിയിലും അവൾക്ക് നേരിടേണ്ടി വരും. ഒടുവിൽ തെളിവുകളില്ലായെന്ന പേരിൽ പ്രതി രക്ഷപ്പെടുകയും ചെയ്യും. ഈ പറഞ്ഞ സിനിമയിൽ പക്ഷെ, മുൻകരുതലായി ചില വളഞ്ഞവഴികൾ സ്വീകരിക്കുന്നുണ്ട് നായിക. ആ സിനിമയെയോ അതിലവൾ സ്വീകരിക്കുന്ന മാർഗത്തെയോ ഞാൻ ഒരിക്കലും എൻഡോഴ്സ് ചെയ്യുന്നില്ല.

പക്ഷെ, നിയമം നടപ്പാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന 100 കേസുകളെടുത്താൽ അതിൽ വലിയൊരു ശതമാനവും ഇത്തരം റേപ് കേസുകൾ ആണെന്നതും നമ്മളോർക്കണം. അതിനേറ്റവും നല്ല ഉദാഹരണം കഴിഞ്ഞ 5 വർഷമായി നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ. 


©മനോജ്‌ വെള്ളനാട്

കാതില്ലാത്ത പാമ്പുകളും കാതുള്ള സുരേഷും

വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിർഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നിൽക്കുന്ന മനുഷ്യർക്കും ജീവനു തന്നെ ഭീഷണിയും പാമ്പിന്റെ പ്രദർശനവും ട്രാൻസ്പോർട്ടേഷനും നിയമ വിരുദ്ധവുമാണ്.

അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്നും വാവ സുരേഷിപ്പോൾ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ (ASV + സപ്പോർട്സ്) ലഭ്യമാക്കിയാൽ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിൻ്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിൻ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേൽക്കുമ്പോ കൊണ്ടുപോയി രക്ഷിക്കാൻ മാത്രമുള്ളതല്ലാ, ശാസ്ത്രീയരീതികൾ. കടിയേൽക്കാതിരിക്കാനും കൂടിയാണ്.

പക്ഷെ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാൻസോ അതുമാത്രം മനസിലാക്കില്ല.

💥അപ്പൊ വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തണമെന്നാണോ?
    അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയിൽ തുടരട്ടെ. പക്ഷെ, അദ്ദേഹം പാമ്പിന്റെ പ്രദർശനവും അതിനെ കയ്യിൽ പിടിച്ചുള്ള ഷോയും നിർത്തണം.

💥എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?
      പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാൻ.
   
💥ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?
        വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിംഗ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്‌ഷനില്ല. കാഴ്ചക്കാരൻ്റെ കൈയടി നേടാനവിടെ സ്കോപ്പില്ല.  അല്ലാതൊരു കാരണവും കാണുന്നില്ല.

💥വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കുന്നതെന്തിനാണ്?
         എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകൾ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാൻസ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കയറി നിൽക്കുന്നവൻ്റെ 'ധൈര്യ'ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാർ.

💥വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഫാൻസിന്റെ വാദങ്ങൾ എന്തായിരുന്നു?
       1. വാവ പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും?
       2. നാളെ മുതൽ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാൻ നടന്നവർ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ.
       3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാർക്കും.
       4. അയ്യോ സുരേഷേട്ടാ പോവല്ലേ..

💥ഈ ഫാൻസിനോടൊരു ചോദ്യം -
        നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാൽ, മറ്റന്നാൾ മുതൽ ആര് പാമ്പിനെ പിടിക്കും? ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാൾക്കുചുറ്റും കാഴ്ച കാണാൻ നിൽക്കുന്നവരുടെയോ ജീവനെ നിങ്ങൾ അൽപ്പമെങ്കിലും വിലമതിക്കുന്നുണ്ടോ? എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? എല്ലായ്പ്പോഴും രക്ഷപ്പെടാൻ ചാൻസുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവർക്ക് കടിയേറ്റിട്ടുള്ള, കടിയേൽക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണേ.

💥ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ?
       അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമർശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ.

💥മേഖലയിൽ ഇത്രയും എക്സ്പീരിയൻസുള്ള ഒരാൾ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്.
         ഒരു ഡ്രൈവറുണ്ട്. വണ്ടിയോടിക്കലിൽ 25 വർഷത്തെ എക്സ്പീരിയൻസുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്നലിലും വൺ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്സിഡന്റിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ ഡ്രൈവറാക്കുമെങ്കിൽ വാവയും ജോലി തുടരണമെന്ന് പറയാം.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും, അല്ലെങ്കിൽ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെയത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു..



©മനോജ്‌ വെള്ളനാട്

കാഷ്വാലിറ്റിയിലെ ചൊറിച്ചില്‍

കഴിഞ്ഞ ഞായറാഴ്ച രാത്രി. സമയം 10:30- 11. സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി കാഷ്വാലിറ്റി. ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോയിട്ടുള്ളവർക്ക് അവിടുത്തെ ആ സമയത്തെ തിരക്കൂഹിക്കാം. നെഞ്ചിൽ ട്യൂബിട്ടവരും വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടവരും ട്യൂബുകളൊന്നുമിടാത്തവരും ആക്സിഡന്റിലും അക്രമത്തിലും മുറിവേറ്റവരുമൊക്കെയായി 15-ലധികം പേർ അവിടെയുണ്ട്. എല്ലാ ഡോക്ടർമാരും തിരക്കിലാണ്.

പാരിപ്പള്ളി മെഡിക്കൽ കോളേജീന്ന് റെഫർ ചെയ്ത് വന്ന ഒരു രോഗിയെ ഞാനന്തം വിട്ടു നോക്കുകയായിരുന്നു. അന്തം വിടാൻ കാരണം, ആ അമ്മച്ചി വളരെ കൂളായിട്ട് നടന്നാണ് കാഷ്വാലിറ്റിയിലേക്ക് വന്നത്. അവിടുന്ന് കൊടുത്തുവിട്ട വയറിന്റെ X-ray യിൽ അമ്മച്ചിയുടെ കുടലിലെവിടെയോ ദ്വാരം വീണിട്ടുണ്ടെന്നതിന്റെ തെളിവുണ്ടായിരുന്നു. ഇതും വച്ചിട്ടാണവർ നടന്നു വരുന്നത്! അവരെ ഉള്ള സ്ഥലത്തുടനേ പിടിച്ചു കിടത്തിയിട്ട്, ഒരു ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചു. എത്രയും വേഗം അഡ്മിറ്റാക്കി, അക്കമ്പനി ചെയ്ത് വാർഡിലെത്തിക്കാൻ പറഞ്ഞു. കാരണമത്, നടന്നാണ് വന്നതെങ്കിലും എമർജൻസി ഓപറേഷൻ വേണ്ട രോഗിയാണ്.

തിക്കിത്തിരക്കുന്ന വീൽ ചെയറുകൾക്കും ട്രോളികൾക്കും അവയെ അനുഗമിക്കുന്ന മനുഷ്യർക്കുമിടയിലൂടെ ഉന്തിത്തള്ളി രണ്ടുപേർ എന്റെ അടുത്തെത്തി, അപ്പോഴേക്കും. അച്ഛനും മകനുമാണ്. മകനാണ് രോഗി.

'എന്തു പറ്റിയതാണ്?' ഞാൻ ചോദിച്ചു.

'അതെന്റെ കാല്, ചെരിപ്പിട്ടപ്പൊ ഒന്നു പൊള്ളി' രോഗി ചെരുപ്പൂരി കാല് കാണിച്ചു. ശരിയാണ് കാൽ പാദത്തിൽ ചെറിയൊരു പാടുണ്ട്. പൊള്ളലുണ്ടാക്കിയ പുതിയ ചെരുപ്പ് മാറ്റിയിട്ടുണ്ട്.

ചെരുപ്പിട്ട് വരുന്ന പൊള്ളൽ കാണിക്കാനുള്ള സ്ഥലമല്ല സർജറി കാഷ്വാലിറ്റി. എന്നാലും രാത്രിയൊക്കെ വരുമ്പോ കാര്യമായ ബുദ്ധിമുട്ട് കാണണമല്ലോ. ഞാൻ ചോദിച്ചു,

'എത്ര ദിവസമായി?'

'ഇതിപ്പൊ രണ്ടു ദിവസമായി..'

'അപ്പൊ, ഈ നേരത്തിപ്പൊ വരാൻ കാര്യം?'

'ഞങ്ങളപ്പുറത്തൊരു സ്ഥലം വരെ വന്നതാ. അപ്പൊ ഇതൊന്ന് കാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചു.' അച്ഛനാണ് മറുപടി പറഞ്ഞത്.

'ചേട്ടാ, ഇത് കാഷ്വാലിറ്റിയാണ്. ആക്സിഡൻറും എമർജൻസി കേസുകളും നോക്കുന്ന സ്ഥലം. നിങ്ങൾ നാളെ രാവിലെ ഓപിയിൽ വന്ന് കാണിക്ക്.'

'നാളെയോ? ഇതൊന്ന് നോക്കാനെന്താണിത്ര പാട്?' അച്ഛൻ ചൂടായി തുടങ്ങി.

'അതാണ് പറഞ്ഞത്, ഇത് അലർജി ചികിത്സിക്കുന്ന സ്ഥലമല്ലാ. ഈ കിടക്കുന്നവരും ഇരിക്കുന്നവരുമൊക്കെ കാര്യമായ പ്രശ്നങ്ങളുള്ളവരാണ്. ഇതവരെ നോക്കാനുള്ള സ്ഥലമാണ്.' ഞാൻ പറഞ്ഞു.

ഞാനടുത്ത രോഗിയിലേക്ക് തിരിഞ്ഞു. അപ്പോഴാ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു,

'അലർജി നോക്കാൻ പറ്റൂലങ്കി പുറത്ത് ബോർഡെഴുതി വയ്ക്കണം, നോക്കാൻ പറ്റൂലാന്ന്. അപ്പൊ പിന്നെ മനുഷ്യൻ മെനക്കെട്ട് വരൂല്ലല്ലോ. ഓരോരോ പത്രാസുകള്..'

'കാര്യമായ വേദനയോ മറ്റോ ഉണ്ടെങ്കിൽ തൽക്കാലം അതിനുള്ള മരുന്നെഴുതി തരാം. എന്തായാലും ഇതിന് ചികിത്സിക്കുന്ന സ്ഥലമല്ലാ ഇത്.'

'എന്നാ താൻ ചികിത്സിക്കണ്ടാ..'

അയാളാ ഓപി ടിക്കറ്റും വലിച്ചെടുത്തു കൊണ്ട് ഒറ്റ പോക്ക്. അടി കിട്ടാത്തതിലുള്ള ആശ്വാസത്തിൽ, ഒന്ന് നെടുവീർപ്പെട്ട് ഞാനടുത്ത രോഗിയെ നോക്കിത്തുടങ്ങി.

അടി കിട്ടിയിരുന്നെങ്കിൽ പിറ്റേന്ന് പത്രത്തിൽ വെണ്ടയ്ക്കാ വലിപ്പത്തിൽ 5 കോളം വാർത്ത വന്നേനെ, ചികിത്സ നിഷേധിച്ചെന്നും പറഞ്ഞ്. രോഗമെന്താണ്? ചെരുപ്പിട്ടപ്പൊ കാലിലെ തൊലി അടർന്നത്. കാണിക്കാൻ വന്നത്, സർജറി കാഷ്വാലിറ്റിയിൽ. അതൊന്നും ആരും വായിക്കില്ല. വായിച്ചാലൊട്ടു മനസിലാക്കുകേമില്ല.

മേൽ വിവരിച്ചതിൽ വാക്കുപോലും ഞാൻ എക്സ്ട്രാ ചേർത്തിട്ടില്ല. 100% റിയൽ. ആ നടന്നു വന്ന അമ്മച്ചി ഒരു കോയിൻസിഡന്റായിരുന്നെങ്കിലും അതിനും പ്രസക്തിയുണ്ട്. കാരണം, രോഗി നടന്നു വന്നതാണെങ്കിലും അതൊരു എമർജൻസിയാണെങ്കിൽ തിരിച്ചറിയാൻ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണത്.

കാഷ്വാലിറ്റിയിൽ വെറുതേയിരിക്കുന്ന നേരത്താണെങ്കിൽ രണ്ടു വർഷം പഴക്കമുള്ള അരിമ്പാറയാണെങ്കിക്കൂടി നോക്കി വിടാറുണ്ട്. ഇനി ഓപിയിലോടിച്ച് മെനക്കെടുത്തണ്ടല്ലോന്ന് വിചാരിച്ച് മാത്രം. പക്ഷെ തിരക്കുള്ള സമയത്ത്, ഇതുപോലെ വെറുതേ ഒന്ന് കാണിച്ചിട്ട് പോകാൻ വരുന്നവരുണ്ടാക്കുന്ന ഇറിറ്റേഷൻ ചില്ലറയല്ലാ. പറഞ്ഞാ പോലും മനസിലാവാതെ തർക്കിക്കാൻ നിക്കുന്നവർ അന്നത്തെ മൊത്തം മൂഡും നശിപ്പിക്കും.

ഇത്രയും പറഞ്ഞത് ഇമ്മാതിരിയൊരു പത്രവാർത്ത ഇപ്പൊ വായിച്ചതു കൊണ്ടു കൂടിയാണ്. പത്രക്കാർക്ക് എത്തിക്സ് പാടില്ലാന്നുള്ളതുകൊണ്ട്, അവർക്ക് എന്തും കൊടുക്കാല്ലോ. സെൻസേഷൻ മാത്രം നോക്കിയാ മതി. അതോണ്ട് അവരോടൊന്നും പറയാനില്ല. മറ്റുള്ളവരോടാണ്,

കാഷ്വാലിറ്റിയെന്നത് വെറുതേ പോകുമ്പോ കേറീട്ട് പോകാനുള്ളതോ, ദിവസങ്ങളായുള്ള രോഗങ്ങളോ, ജലദോഷവും ചുമയും തൊണ്ടവേദനയും ചെരുപ്പിന്റെ അലർജിയും കാണിക്കാനുള്ളതോ ആയ സ്ഥലമല്ലാ. അവിടെ ഓരോ 10-15 മിനിട്ടിലും ഒരാളുടെയെങ്കിലും ജീവനോ ജീവിതമോ രക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിനുവേണ്ടിയുള്ളതാണ്. അതിനെ തടസപ്പെടുത്താതിരിക്കേണ്ടത് നിങ്ങടെ കടമയാണ്.

ഓപ്പിയിലെ പോലെ രോഗിയെ നോക്കി മരുന്നെഴുതൽ മാത്രമല്ലാ അവിടെ നടക്കുന്നത്. അടിപിടിയോ ആക്സിഡന്റോ പൊള്ളലോ ആത്മഹത്യാ ശ്രമമോ ഒക്കെയായി വരുന്നവരുടെയൊക്കെ ഭാവി തന്നെ തീരുമാനിക്കാവുന്ന മെഡിക്കോലീഗൽ പേപ്പർ വർക്കുകളും (Wound certificate, Police intimation etc) ഇതിനൊപ്പം തന്നെ നടക്കുന്നുണ്ട്. അപൂർവ്വം അവസരങ്ങളിലല്ലാതെ അവിടാരും വിശ്രമിക്കാറുമില്ല.

അതിനാൽ ഇനിമുതൽ ഈ വക കാര്യങ്ങൾ മനസിലാക്കി സ്വയം ചിന്തിച്ച ശേഷം മാത്രം, അല്ലെങ്കിൽ പരിചയമുള്ള ഡോക്ടർമാരെയോ നഴ്സുമാരെയോ വിളിച്ചു ഒരഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം, സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് പോകുമല്ലോ..



©മനോജ്‌ വെള്ളനാട്

വേണമൊരു കടിഞ്ഞാണ്‍, ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്കും..

ബാംഗ്ലൂർ സിറ്റി കമ്മീഷണറായ ഭാസ്കർ റാവു IPS കഴിഞ്ഞ ദിവസം ഒരു ട്വീറ്റെഴുതി. ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാക്കളെ പറ്റിയായിരുന്നു അത്. അതിന്റെ മലയാള പരിഭാഷ ഏതാണ്ടിങ്ങനെയാണ്,

''നിശ്ചിത സമയമായ 30 മിനിട്ട് കഴിഞ്ഞതിനാൽ, തന്റെ ജീവൻ വരെ പണയപ്പെടുത്തി നമ്മുടെ അടുത്തെത്തുന്ന ഒരു ഡെലിവറി ബോയിയിൽ നിന്ന് സൗജന്യമായി ആ പിസ്സ വാങ്ങി കഴിക്കാൻ നമുക്കെല്ലാം എങ്ങനെയാണ് കഴിയുന്നത്? അൽപ്പം മനസാക്ഷി വേണ്ടേ? എല്ലാ ട്രാഫിക് നിയമങ്ങളും ലംഘിച്ച്, തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഈ കുട്ടികളീ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഡെലിവറി സമയം കുറഞ്ഞത് 40 മിനിട്ടാക്കാൻ പിസ്സ കമ്പനികളോട് ആവശ്യപ്പെടുന്ന കാര്യം ഞാൻ ഗൗരവമായി പരിഗണിക്കുന്നുണ്ട്''

സമയം കഴിഞ്ഞാൽ ഓർഡർ ചെയ്യുന്നവർക്ക് ആ ഫുഡ് ഫ്രീയായി കിട്ടുമെന്നാണ് നിയമം. ട്വീറ്റ് കണ്ട പലരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാനെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയും സൊമാറ്റോയും അതിലുൾപ്പെടും. അതിൽ സ്വിഗ്ഗിയുടെ ട്വീറ്റ് ഇങ്ങനായിരുന്നു.

''ഹായ്, നിങ്ങളുടെ ആശങ്ക ഞങ്ങൾക്ക് മനസ്സിലാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളെ ഞങ്ങളൊരിക്കലും അംഗീകരിക്കുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടാൽ ഞങ്ങളെ 080-46866699 എന്ന നമ്പറിൽ വിളിച്ചറിയിക്കാം. Have a nice day''

ബെസ്റ്റ്! പോയി അടിച്ചിട്ട് വാടാ എന്ന് പറഞ്ഞ് പിള്ളേരെ തല്ലുകൂടാൻ പറഞ്ഞുവിട്ടിട്ട്, ആരെങ്കിലും ചോദിക്കാൻ വരുമ്പോ അവനിങ്ങ് വരട്ടെ, നല്ല പെട കൊടുക്കുന്നുണ്ടെന്ന് പറയുന്ന അച്ഛനെ പോലെ. ഇതുകണ്ട ഭാസ്കർ റാവു സാറിന് ദേഷ്യം വരാതിരിക്കുമോ? പുളളി അപ്പൊഴേ മറുപടി എഴുതി,

''മിസ്റ്റർ സ്വിഗ്ഗി, നിങ്ങളാണിവിടുത്തെ ഏറ്റവും വലിയ നിയമലംഘകർ. എന്നിട്ട് നിയമപാലനത്തെ പറ്റി സംസാരിക്കാൻ അപാര തന്റേടം തന്നെ വേണം. നിങ്ങൾ പിഴ ഈടാക്കുമെന്ന് പേടിച്ച് നിങ്ങളുടെ ഡെലിവറി തൊഴിലാളികൾ പോലീസുകാരോട് യാചിക്കേണ്ട അവസ്ഥയാണിവിടെ. ഇനിയൊരു തവണ ഒരു സ്വിഗ്ഗി കുട്ടിയ്ക്കെങ്കിലും റോഡിൽ വച്ച് പരിക്കേറ്റാൽ, നിങ്ങളുടെ മാനേജുമെന്റും കൂടി അഴിയെണ്ണേണ്ടി വരും.. ''



കൃത്യമായ മറുപടി. കാരണം ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികളുടെ ഈ മരണപ്പാച്ചിലിന്റെ പ്രധാന ഉത്തരവാദി ആ കമ്പനികൾ തന്നെ. അവർ മാറി ചിന്തിച്ചാലേ മൊത്തത്തിൽ മാറ്റം വരൂ. അതിനുള്ള സമ്മർദ്ദം ഇതുപോലെ കീ പൊസിഷനുകളിലിരിക്കുന്നവർ ചെലുത്തിയാൽ എളുപ്പത്തിലവർ വഴങ്ങും.

ഇതിലൊരു മാറ്റം ആവശ്യമാണ്. ഇങ്ങനെ ഭക്ഷണവുമായി പായുന്നവർ ഇവരുടെ മാത്രം ജീവനല്ലാ, വഴിയേ പോകുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. 3 ആഴ്ച മുമ്പ് തിരുവനന്തപുരത്ത് ഒരാൾ (ഡെലിവറി ബോയ്) അപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. അന്നെഴുതിയ കുറിപ്പിന്റെ ലിങ്ക് കമന്റിൽ.

നല്ല നല്ല മാറ്റങ്ങൾ ഉടനെ വരുമെന്ന പ്രതീക്ഷയോടെ, ഭാസ്കർ റാവു സാറിന് ഒരു ബിഗ് സല്യൂട്ട്..

©മനോജ്‌ വെള്ളനാട്

ഉടായിപ്പ് വില്‍ക്കാനുണ്ടേ... (പാര്‍ട്ട്‌ 2)


വീടുകൾ തോറും കയറിയിറങ്ങി മരുന്ന് വിൽക്കുന്ന ഏതോ ഒരുത്തന്റെ കൈയീന്ന് മരുന്നെന്നും പറഞ്ഞ് അയാൾ കൊടുത്ത എന്തൊക്കെയോ കഴിച്ച് 100 പേരോളം ആശുപത്രിയിലാണെന്ന് വാർത്ത. വാർത്ത കേൾക്കുമ്പോ, നമ്മൾ വിചാരിക്കും അത് UP യിലോ ബീഹാറിലോ ആണെന്ന്. നമ്മളത്രയ്ക്ക് മണ്ടന്മാരല്ലാന്ന് നമുക്ക് ഭയങ്കര ആത്മവിശ്വാസമാണല്ലോ. സംഭവം നമ്മുടെ നാട്ടിൽ തന്നെ. കൊല്ലം, അഞ്ചലിൽ.



2-3 മാസം മുമ്പ് അഞ്ചലിൽ തന്നെ വീടുകൾ തോറും തൈറോയ്ഡ് ഗുളികകൾ വിൽക്കാൻ വന്നൊരാളെ പറ്റി സുഹൃത്ത് വിനീത് പറഞ്ഞിരുന്നു. അതിനെ പറ്റി വിശദമായൊരു കുറിപ്പ് അന്നെഴുതിയിരുന്നു. ഇനിയെങ്ങനൊരാളെ കണ്ടാലെന്ത് ചെയ്യണമെന്നൊക്കെ അതിലുണ്ടായിരുന്നു. (ലിങ്ക് കമന്റിൽ).

കഷ്ടമാണ് ചിലപ്പോഴൊക്കെ നമ്മുടെ കാര്യം. നമ്മളൊക്കെ എന്തൊരു മണ്ടന്മാരാണെന്ന് ഇടയ്ക്കെങ്കിലും സ്വയം ചോദിക്കുന്നതും നല്ലതാണ്. കമ്പിളിപ്പുതപ്പും കാർപ്പറ്റും വിൽക്കാൻ വരുന്നവരെ പോലും സംശയത്തോടെ നോക്കുന്ന മലയാളിക്ക്, 5000 രൂപയുടെ മരുന്ന് വിയ്ക്കാൻ വീടുകൾ കയറിയിറങ്ങുന്ന ഫ്രോഡുകളെ ഭയങ്കര വിശ്വാസമാണ്.

അവിടെ കാശവർക്ക് പ്രശ്നമില്ലാ. ഇതു മരുന്നാണോന്നോ എന്തിനുള്ളതാണെന്നോ കഴിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോന്നോ, ഒന്നിലും ഒരു സംശയവുമില്ലാ. കുട്ടികൾക്കു വരെ കലക്കിക്കൊടുക്കും. കഴിച്ചുകൊണ്ടിരുന്ന പ്രമേഹത്തിന്റേം പ്രഷറിന്റേം തൈറോയിഡിന്റേം മരുന്നുകളെടുത്ത് കിണറ്റിലിട്ടിട്ടായിരിക്കും ഈ സാഹസമൊക്കെ.

എത്രയൊക്കെ അനുഭവങ്ങൾ ആർക്കൊക്കെ ഉണ്ടായെന്ന് പറഞ്ഞാലും അതു വാർത്തയായാലും, ഈ കുറിപ്പ് നിങ്ങൾ വായിക്കുന്ന ഈ നേരത്തും, മരുന്നു വിൽക്കാൻ വന്ന ഏതെങ്കിലും ഫ്രോഡിനെ കേരളത്തിലെവിടേങ്കിലും ആരെങ്കിലും സൽക്കരിക്കുകയായിരിക്കും. തട്ടിപ്പിനിവിടെ ഗംഭീര മാർക്കറ്റാണല്ലോ ഉള്ളത്. കാശുള്ള ഫ്രോഡുകൾ പത്രത്തിൽ പരസ്യം നൽകി ആളെ പറ്റിക്കുന്നു, അത്രയ്ക്കും കാശില്ലാത്ത ഫ്രോഡുകൾ വീടുകൾ കയറിയിറങ്ങി ആൾക്കാരെ പറ്റിക്കുന്നു. ചരിത്രം പരിശോധിച്ചാൽ, ആദ്യം പറഞ്ഞ ആൾക്കാരെല്ലാം പണ്ട് രണ്ടാമത്തെ ആൾക്കാരെ പോലെ കവലകളിലും വീടുകളിലും മരുന്നു കച്ചവടം നടത്തിയിരുന്നവർ ആയിരുന്നെന്ന് കാണാം.

സർക്കാരിനോ ആരോഗ്യവകുപ്പിനോ ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മൾ അനുഭവിക്കുക തന്നെ.

എന്നാലും നമ്മൾ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ ഒരിക്കൽ കൂടി പറയാമെന്ന് കരുതി (ഇതെത്രാമത്തെ വട്ടമാണെന്ന് എനിക്കറിയില്ല!)

1.ഇങ്ങനെ വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക. അവർ 100% ഫ്രോഡുകളായിരിക്കും. അവരുടെ വാക്ചാതുരിയിലും പൊടിപ്പും തൊങ്ങലും നിറഞ്ഞ വാഗ്ദാനങ്ങളിലും വീഴാതിരിക്കുക.

2. സ്വന്തം കാര്യത്തിനപ്പുറം അൽപ്പം കൂടി ജാഗ്രത നമ്മളവിടെ കാണിക്കണം. നമ്മൾ രക്ഷപ്പെട്ടല്ലോന്ന് കരുതി മിണ്ടാതിരിക്കാതെ, അടുത്ത വീടുകളിൽ കൂടി ഒരു ജാഗ്രത നിർദ്ദേശം കൊടുക്കണം.

3. അവർ നിങ്ങളെ പറ്റിച്ച് നിങ്ങളുടെ കാശ് മാത്രമല്ല കവരുന്നത്. നിങ്ങടെ രോഗത്തിന് ശരിയായ ചികിത്സയെടുക്കുന്നത് തന്നെ അവർ വിലക്കുകയാണ്. എന്നിട്ട് മറ്റെന്തോ ആണ് മരുന്നെന്നും പറഞ്ഞ് തരുന്നത്. നിങ്ങളുടെ ആരോഗ്യവും ചിലപ്പോൾ ജീവനും കൂടിയവർ കവർന്നെടുത്തേക്കാം.

4. മറ്റൊന്നുകൂടി നിങ്ങൾക്കീ കാര്യത്തിൽ ചെയ്യാനുണ്ട്. ഇത്തരക്കാരെ കണ്ടു കഴിഞ്ഞാൽ അവരുടെയും അവർ വിൽക്കാൻ കൊണ്ടുവന്ന ഉൽപ്പന്നത്തിന്റെയും ഫുൾ ഡീറ്റെയിൽസും ചോദിച്ചു വാങ്ങുക. എന്നിട്ടത് കേരള ഡ്രഗ് കൺട്രോളർക്ക് (dckerala@gmail.com) മെയിലായി അയക്കുക. @Capsule (capsulekerala@gmail.com) യ്ക്ക് കൂടി ആ മെയിലിന്റെ കോപ്പി അയച്ചാൽ അവരത് കൃത്യമായി ഫോളോ അപ്പ് ചെയ്തോളും. നിങ്ങളതിന്റെ പിറകേ പോവുകയൊന്നും വേണ്ടാ.

5. മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഒരുത്തരവുണ്ട്. അതിത്തരം ഫ്രോഡ് മരുന്നുകളുടെ അനധികൃത പരസ്യങ്ങൾ തടയണമെന്നും ഡ്രഗ് കൺട്രോളർ അതന്വേഷിച്ച് റിപ്പോർട്ട് കൊടുക്കണമെന്നുമാണ്. പക്ഷെ പരസ്യങ്ങൾ മാത്രമല്ലാ, മീൻ വിൽക്കാൻ വരുന്നപോലെ വീടുകളിൽ മരുന്ന് വിൽക്കാൻ വരുന്ന പ്രവണതയും തടയേണ്ടതും നിയമപരമായി നേരിടേണ്ടതുമാണ്. അത് നമ്മളോരോരുത്തരും വിചാരിച്ചാൽ നടക്കും. മേൽപ്പറഞ്ഞ പോലെ ചെയ്താ മതി.

പ്രിയപ്പെട്ടവരേ, നമ്മുടെ വീടുകളിൽ കമ്പിളിപ്പുതപ്പും നോൺ സ്റ്റിക്ക് ടവയും വിൽക്കാൻ വരുന്നവരിൽ നിന്നൊക്കെ രണ്ടും കൽപ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും. നിങ്ങൾക്ക് രോഗമുണ്ടെങ്കിൽ അതിന്റെ ശരിയായ ചികിത്സ ആ മേഖലയിൽ അറിവുള്ളവരിൽ നിന്ന് മാത്രേ സ്വീകരിക്കാവൂ. ഒരു കാര്യം മാത്രം ഓർത്താ മതി, അറിവുള്ളവരാരും ഇവിടെ രോഗിയുണ്ടോ എന്ന് തിരക്കി വീടുതെണ്ടി നാടുനീളെ നടക്കാറില്ല. സോ, ജാഗ്രതൈ.

©മനോജ്‌ വെള്ളനാട്

സ്നേഹസദ്യ


ഇന്നലത്തെ, ഞായറാഴ്ച. RCC-യുടെ മുന്നിൽ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് മുഖത്ത് ആശുപത്രിയിലെ മാസ്ക് ധരിച്ച ഒരാൾ നടന്നുവന്നു. അയാളൊരു പേപ്പറെടുത്ത് കാണിച്ചു. കണ്ടാൽ തന്നെ രോഗിയാണെന്ന് അറിയാമായിരുന്ന അയാളോട് ക്യൂ നിന്നാ മതി, ഇതൊന്നും കാണിക്കണ്ടാന്നവർ പറഞ്ഞു.

പക്ഷെ അയാളതൊന്ന് വായിച്ചു നോക്കാൻ ആംഗ്യം കാണിച്ചു അവിടെ തന്നെ നിന്നു. അവരാ പേപ്പർ വാങ്ങി. എല്ലാ ആഴ്ചയും മുടങ്ങാതെ അവിടെ ഭക്ഷണമെത്തിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് തീർച്ചയായും സന്തോഷം തോന്നേണ്ട കാര്യമാണതിലുണ്ടായിരുന്നത്.

പക്ഷെ അതിലെഴുതിയത് വായിച്ചാൽ സന്തോഷത്തേക്കാൾ സങ്കടമേ വരൂ, അവർക്കെന്നല്ലാ, ആർക്കായാലും. ആ കുറിപ്പാണ് ചിത്രത്തിൽ.

'സ്നേഹസദ്യ' എന്ന പേരിൽ 'ബ്ലഡ് ഡോണേഴ്സ് കേരള' സ്നേഹത്തിന്റെ ഈ ഉരുളകൾ കൊടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ ഞായറാഴ്ചയും ഹർത്താൽ ദിനങ്ങളിലും മുടക്കമില്ലാതെ അവരിത് ചെയ്യുന്നുണ്ട്. അവർ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണീ സ്നേഹസദ്യ. അതിനൊക്കെ പിന്നിൽ മാനസികവും ശാരീരികവുമായ ഒരുപാടധ്വാനവും പണച്ചെലവുമെല്ലാം ഉള്ളതാണ്. എന്നാലും, ഒരിക്കലുമിതൊന്നും മുടങ്ങിയിട്ടില്ല. കാരണം, ആ കൂട്ടായ്മയുടെ കരുത്ത് തന്നെ.

അവരോട് സ്നേഹം തോന്നി, ഈ കുറിപ്പെഴുതിയ ആ മനുഷ്യനോട് എന്റെയും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം. അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാവട്ടെ. അദ്ദേഹമൊരു പ്രതിനിധി മാത്രമാണെന്നും അതുപോലെ ചിന്തിക്കുന്ന നൂറുകണക്കിന് മനുഷ്യർ വേറെയുമുണ്ടെന്നും എനിക്കറിയാം.

Dear ബ്ലഡ്‌ ഡോണേഴ്സ് കേരള & dear friends, ഇതേ ഊർജത്തോടെ എന്നും സ്നേഹത്തിന്റെ ഈ വറ്റുകൾ, മുടക്കമില്ലാതെ അർഹിക്കുന്നവരിലെത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.. 😍😍. ഒരുപാട് സ്നേഹത്തോടെ,

©മനോജ്‌ വെള്ളനാട്



പൂച്ച മാന്തിയാലും പേ പിടിക്കാം..


പൂച്ച മാന്തിയതുകാരണം പേവിഷബാധയേറ്റ് 11 വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലും രണ്ടു ദിവസമായി ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. നിസാരമായി ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.

മുമ്പും എഴുതിയിട്ടുള്ളതാണ്, പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്നതുമായ പേവിഷബാധയെ പറ്റി. ഈ പേവിഷമെന്ന് കേൾക്കുമ്പോൾ, നമ്മുടെ മനസിൽ 'പട്ടി'യുടെ 'കടി'യാണാദ്യം വരുന്നതല്ലേ. അതുകൊണ്ടാണ് പൂച്ചയുടെ മാന്തലിനൊന്നും നമുക്ക് വലിയ വിലയില്ലാത്തത്.

ഡിയർ ഇന്ത്യൻസ്, പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്. പിന്നെ ചില കുറുക്കന്മാരും ഇന്ത്യൻ പൗരന്മാരല്ലാത്ത വവ്വാലുകളും ഇക്കൂട്ടരിൽ പെടും. ഇവയുടെയൊക്കെ 'കടി' മാത്രമല്ല, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും.

ഇവയിലേതെങ്കിലും ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.

💥മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയേരെ.. Be safe

💥എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

💥ഇമ്യൂണോ ഗ്ലോബുലിൻ വേണ്ടി വന്നാൽ മാത്രം കാശാവും. മുറിവേത് കാറ്റഗറിയിൽ പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറതൊക്കെ വേണോ വേണ്ടേന്ന് തീരുമാനിക്കുന്നത്.

💥പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.

💥0, 3, 7, 28 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

💥കടിച്ച പട്ടിയെ/ മാന്തിയ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകവാസം വെടിഞ്ഞോളും. എന്നു കരുതി പട്ടിണിക്കിട്ട് കൊല്ലരുത്.

💥10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.

💥ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

💥തെരുവ് നായയൊക്കെ ആണെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും ഓടിപ്പോയി എടുക്കണം.

💥നിങ്ങൾക്കറിയാമോ, പേവിഷബാധ, പട്ടികടിയേറ്റ് 20 വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. ഹൊറിബിൾ!

അതുകൊണ്ട്, ഈ ചരിത്രമൊക്കെ അറിഞ്ഞിരിക്കുകയും കൃത്യ സമയത്ത് കുത്തി വയ്പ്പെടുക്കുകയും ഒക്കെ ചെയ്താൽ, ഒരു പട്ടിയേം പേടിക്കാതെ ജീവിക്കാം.



മരിച്ചുപോയ കുട്ടിയ്ക്ക് ആദരാഞ്ജലികൾ.

©മനോജ്‌ വെള്ളനാട്

വലതു കൈ ചെയ്യുന്നത്...


പത്താം ക്ലാസ് റിസൾട്ട് വന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നെപ്പറ്റി ഒരു വാർത്ത പത്രത്തിൽ വന്നു. എന്റെ വീട്ടിലെ ദാരിദ്ര്യവും തുടർ പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ വിവരിച്ചു കൊണ്ടുള്ള ഒന്ന്. വാർത്ത വന്നതിന് ശേഷമാണ് ഞാനതറിയുന്നത് തന്നെ. എന്റെ ബുദ്ധിമുട്ടുകൾ എനിക്കറിയാത്ത ലോകത്തുള്ള സകലരും അറിഞ്ഞതിൽ എനിക്ക് വല്ലാത്ത ജാള്യത തോന്നി. അതുകൊണ്ടു തന്നെ എന്റെ കയ്യിൽ കിട്ടിയ ആ പത്രവാർത്ത ഞാൻ കീറിക്കളഞ്ഞു.

പക്ഷെ, ആ വാർത്ത കൊടുത്തവരുടെ നല്ല മനസ് ഞാൻ കാണാതിരുന്നില്ല. അവർക്കെന്നെ ആവും വിധം സഹായിക്കണമെന്ന ഒറ്റ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളൂ. ആ സ്നേഹം ഇപ്പോഴും എനിക്കവരോടുണ്ട്.

ആ വാർത്ത കണ്ട് എനിക്കൊരു സ്പോൺസറുണ്ടായി. അദ്ദേഹം എന്റെ വീട്ടിൽ വന്ന് സാഹചര്യങ്ങൾ നേരിട്ട് കണ്ടതിന് ശേഷമാണ് സ്പോൺസറായത്. മൂന്ന് നേരത്തെ ഭക്ഷണമുൾപ്പെടെ എന്റെ സകല ചെലവും അദ്ദേഹം സ്പോൺസർ ചെയ്തു. വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്യുന്ന സഹായം മറ്റൊരാൾ അറിയണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത, സഹായം സ്വീകരിക്കുന്ന എന്റെ സ്വകാര്യതയെ ഒരിക്കലും ഹനിക്കാത്ത, ഇതാ ഞാൻ സഹായിക്കുന്ന കുട്ടിയെന്ന് എന്നെ കാണിച്ച് ആരുടെ മുന്നിലും ആളാവാൻ ശ്രമിക്കാത്ത ഒരു വലിയ മനുഷ്യൻ. സാമുവൽ അങ്കിൾ

മറ്റൊരാളിൽ നിന്നും സഹായം സ്വീകരിച്ച് 'ജീവിക്കുന്ന'തിൽ എനിക്കുള്ള ജാള്യത അദ്ദേഹത്തിന്റെ ഈ ക്വാളിറ്റീസ് കാരണം എനിക്ക് മറി കടക്കാനായി. എന്നിരുന്നാലും +2 തീരും മുമ്പേ ഞങ്ങൾ പിണങ്ങി. ഒരു കാരണവശാലും എന്നെ MBBS- ന് വിടില്ലാന്നുള്ള അദ്ദേഹത്തിന്റെ വാശിയായിരുന്നു കാരണം. എനിക്കതൊട്ടും സമ്മതമല്ലായിരുന്നു. അങ്ങനെ +2 വിൽ അവസാനത്തെ 4-5 മാസം അദ്ദേഹം സഹായിച്ചതേയില്ല.

ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തി. വലിയൊരു സുവർണാവസരമാണ് ഞാൻ വാശി കാണിച്ച് കളയുന്നതെന്ന് പലരും പറഞ്ഞു. നന്ദിയില്ലായ്മയാണ് ഞാൻ കാണിക്കുന്നതെന്നും, ഒന്ന് തഞ്ചത്തിലൊക്കെ നിന്നിരുന്നെങ്കിൽ പുഷ്പം പോലെ എന്നെ അദ്ദേഹം വിദേശത്തോ മറ്റോ ഒരു ജോലി വാങ്ങി തന്ന് രക്ഷപ്പെടുത്തിയേനെ എന്നും പറഞ്ഞവരുണ്ട്. അതൊക്കെ ശരിയായിരുന്നു. അദ്ദേഹത്തിന് ഞാൻ രക്ഷപ്പെടണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, MBBS വഴി ഒഴികെ. പക്ഷെ.... അങ്ങേയറ്റം റെസ്പെക്റ്റോടെ ഞാനാ സ്പോൺസർഷിപ്പ് വേണ്ടാന്ന് വച്ചു.

ഇത്രയുമിപ്പോൾ എഴുതാൻ കാരണം വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പുതിയ തീരുമാനമാണ്. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിൽ അത് പരസ്യം ചെയ്ത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന രീതിയിലാവരുതെന്ന തീരുമാനം. അതിനെ വലിയ കയ്യടിയോടെ സ്വാഗതം ചെയ്യുന്നു.

എനിക്കന്ന് വളരെ ഈസിയായി ആ സ്പോൺസർഷിപ്പിൽ നിന്ന് ഇറങ്ങി വരാൻ കഴിഞ്ഞത്, എനിക്ക് വളരെ കുറച്ചു പേരോട് മാത്രം മറുപടി പറഞ്ഞാൽ മതിയായിരുന്നു എന്നതു കൊണ്ടാണ്. എന്റെ ആത്മാഭിമാനത്തെ സാമുവൽ അങ്കിളും എന്റെ കൂടെയുള്ളവരും മാനിച്ചിരുന്നതു കൊണ്ടാണ്. അല്ലെങ്കിലത് തന്നെ വലിയ വാർത്തയോ ചർച്ചാ വിഷയമോ ആയേനെ.

ലോകത്തെല്ലാ കുട്ടികളും അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കുന്നത് കൊണ്ടു തന്നെ, ഞങ്ങൾ കുറച്ചു കൂട്ടുകാർ എഡ്യൂകെയർ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങിയപ്പോൾ കുട്ടികളുടെ വിവരങ്ങൾ (മാർക്ക് ലിസ്റ്റ് ഒഴികെ) ഒന്നും മറ്റാർക്കും ഷെയർ ചെയ്യില്ലാന്ന് തീരുമാനിച്ചത്. ഇപ്പോഴും എഡ്യൂകെയറിന്റെ സഹായം ലഭിക്കുന്ന കുട്ടികൾ വെള്ളനാട്ടുണ്ട്. അവരെ നമുക്ക് കുറച്ചു പേർക്ക് മാത്രേ അറിയൂ, സ്പോൺസർ ചെയ്യുന്നവർക്ക് നേരിട്ടൊരു കോണ്ടാക്റ്റും അവരോടില്ല.

കുട്ടികളുടെ മാത്രമല്ലാ, മുതിർന്ന ആളാണെങ്കിലും, തെരുവിൽ കിടക്കുന്ന ആളാണെങ്കിലും, നമ്മളൊരാളെ സഹായിക്കുമ്പോൾ അയാളുടെ സ്വകാര്യതയെയും അഭിമാനത്തെയും മാനിക്കണമെന്നാണ് എന്റെ പക്ഷം, അതയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ആഗ്രഹിച്ചില്ലെങ്കിലും. കക്കൂസ് നിർമ്മിക്കാൻ കാശു പിരിച്ചു കൊടുത്ത്, ആ കക്കൂസിന്റെ മുന്നിൽ വീട്ടുകാരെ മൊത്തം നിർത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുന്നവരെ വരെ കണ്ടിട്ടുണ്ട്. സഹായിച്ചവരെ പിണക്കണ്ടാന്ന് കരുതി അവരാരും മറുത്തൊന്നും പറയില്ല. അല്ലേൽ അവരിതൊന്നും അറിയുന്നില്ല.

നമ്മുടെ പ്രവൃത്തി ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ലാ. പക്ഷെ അതിനേക്കാട്ടിലും മേലെയാണ് ഒരാളുടെ ആത്മാഭിമാനമെന്ന് ഞാൻ വിചാരിക്കുന്നു.

നമ്മളാരുടെ സന്തോഷത്തിന് വേണ്ടിയാണ് ഒരാളെ സഹായിക്കുന്നതെന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും. സഹായം കിട്ടുന്നയാളുടെ സന്തോഷമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾ സഹായിച്ചതോടെ ആ പർപ്പസ് നേടിക്കഴിഞ്ഞു. നിങ്ങളുടെ സന്തോഷവും കൂടിയാണ് ലക്ഷ്യമെങ്കിൽ അവിടെ ഒരു നിമിഷം ആലോചിച്ച ശേഷം ഉചിതമായത് ചെയ്യുക.

©മനോജ്‌ വെള്ളനാട്



മാറുന്ന കാലം മാറുന്ന കുടുംബം


കാലം മാറി. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതുവഴി നമ്മുടെ ജീവിതരീതികളൊക്കെ മാറി. കൂട്ടപ്രാർത്ഥനയ്ക്ക് പോലും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്ന വിധം നമ്മുടെ ആചാരങ്ങൾ വരെ മാറി. ആ മാറ്റങ്ങളെയൊക്കെ ഒരു മെസേജയച്ചു കിട്ടുന്നതിനേക്കാൾ വേഗത്തിലാണ് നമ്മൾ ജീവിതത്തോട് ചേർത്ത് വച്ചത്. പക്ഷെ ചില കാര്യങ്ങളിൽ മാത്രം നമ്മളപ്പോഴും കടുംപിടിത്തം കാട്ടി നിന്നു.

അതിലൊന്നാണ്, ലൈംഗികതയും കുടുംബമെന്ന സങ്കൽപ്പവുമൊക്കെ. ആണും പെണ്ണും കല്യാണം കഴിക്കുകയും അവർക്ക് കുട്ടികളുണ്ടാവുകയും അവരുമതുപോലെ കല്യാണം കഴിക്കുകയും പേരക്കുട്ടികളുണ്ടാവുകയും... അങ്ങനെ തുടർന്ന് പോകുന്ന ഒന്നായിരുന്നു നമ്മുടെ കുടുംബമെന്ന യാഥാർത്ഥ്യം. ഒരു 3 ദശാബ്ദത്തിൽ താഴെയേ ആയിട്ടുള്ളൂ, നമ്മുടെ നാട്ടിൽ ലിവിംഗ് ടുഗെദർ ഒക്കെ സംഭവിക്കുകയും ആ രീതിയിലൊരു കുടുംബം നിർമ്മിക്കുകയുമൊക്കെ ഉണ്ടായിട്ട്. എന്നുവച്ചാൽ 'കുടുംബം' നിർമ്മിക്കാൻ കല്യാണം കഴിക്കണ്ടാന്നായിട്ട്..

മനുഷ്യൻ മനുഷ്യനെ കൂടുതൽ മനസിലാക്കുന്തോറും അവർക്കു മനസിലായി, കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ ഒരു ചെസ് ബോർഡ് പോലല്ലാ, അവന്റെ ലൈംഗികതയുടെ സ്പെക്ട്രമെന്ന്. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും, ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവരോടും അവർ തമ്മിലും ഒക്കെ മനുഷ്യന്റെ ലൈംഗികതയുടെ വർണരാജി അങ്ങനെ പടർന്ന് കിടക്കുകയാണെന്ന്. അതൊക്കെ പണ്ടു കരുതിയിരുന്നതു പോലെ പ്രകൃതി വിരുദ്ധമല്ലായിരുന്നെന്ന്. ലൈംഗികതയുടെ ആസ്വാദനം പുറമേയുള്ള ഏതെങ്കിലും അവയവത്തിലല്ലാ, പകരം തലച്ചോറിലാണ് നടക്കുന്നതെന്ന്..

അറിവുകൾക്ക് കൂടുതൽ ക്ലാരിറ്റി വന്നതനുസരിച്ച് കുടുംബമെന്ന സങ്കൽപ്പത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു, ലോകത്ത്. പല രാജ്യങ്ങളും സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കി. അവർക്ക് കുട്ടികളെ ദത്തെടുക്കാനും, മറ്റു മാർഗ്ഗങ്ങളിലൂടെ സ്വന്തം കുഞ്ഞിനെ തന്നെ നേടാനും നിയമപരിരക്ഷയുണ്ടായി. നമ്മുടെ രാജ്യത്ത് ഇന്ന് സ്വവർഗപ്രണയം നിയമവിധേയമാണ്. അവരുടെ വിവാഹവും അങ്ങനാവേണ്ട സമയം കഴിഞ്ഞു.

നോക്കൂ, വാട്സാപ്പും ഫേസ്ബുക്കും കണ്ടുപിടിക്കുന്നതും, തമോഗർത്തത്തിന്റെ ചിത്രമെടുക്കുന്നതും ഒക്കെ പോലെ തന്നെ ശാസ്ത്രീയമായ അറിവാണ് ലൈംഗികതയുടെ സ്പെക്ട്രത്തെ പറ്റിയും ഇന്ന് നമുക്കുള്ളത്. പക്ഷെ, മറ്റുള്ളവയ്ക്ക് കിട്ടുന്ന സ്വീകാര്യത പല കാരണങ്ങൾ കൊണ്ടും ഇതിന് കിട്ടുന്നില്ലാന്ന് മാത്രമല്ലാ, സാമൂഹികമായ എതിർപ്പും നേരിടുന്നുണ്ട്.

അതൊക്കെ മാറണം. മാറേണ്ട കാലമെന്നേ കഴിഞ്ഞതാണ്. ഇനി വലിയ തോതിലാ മാറ്റങ്ങൾ വരണമെങ്കിൽ നമ്മുടെ കുട്ടികളെ ആ രീതിയിൽ ബോധവത്കരിച്ചു വളർത്തി കൊണ്ടുവരണം. അവരിലൂടെ ആ അറിവുകൾ തലമുറകളിലേക്ക് പകരണം. നമ്മുടെ തലച്ചോറിലെ നൂറ്റാണ്ടുകൾ പഴകിയ വിരുദ്ധമനോഭാവങ്ങളുടെ ഡേറ്റ, പതിയെ മായ്ച്ചു കളയണം. അതിനേറ്റവും നല്ല ഉപാധി പാഠപുസ്തകങ്ങളാണ്.

ചിത്രത്തിലേത്, തമിഴ്നാട്ടിലെ ഒരു നാലാം ക്ലാസ് പാഠപുസ്തകമാണെന്നാണ് അറിഞ്ഞത്. കുടുംബങ്ങൾ എന്ന പാഠഭാഗം. എന്ത് ക്ലിയറായിട്ടാണ് ചിത്രങ്ങളിലൂടെ വിവിധതരം കുടുംബങ്ങളെ അതിൽ വിശദമാക്കിയിരിക്കുന്നത്. തീർച്ചയായും കൈയടി അർഹിക്കുന്ന പ്രവൃത്തി. നമ്മുടെ നാട്ടിലും ഈ രീതിയിൽ മാറ്റങ്ങൾ ഉടനെ വരുമെന്നു തന്നെ പ്രത്യാശിക്കുന്നു.

പ്രിയപ്പെട്ടവരെ, കൂടുമ്പോൾ ഇമ്പമുണ്ടാവുന്നതാണ് കുടുംബങ്ങൾ. അതിന് 'ജെൻഡർ' ഒരു പരിമിതിയേ അല്ലാ. ഇനി നമ്മളായിട്ട് പരിമിതികൾ കൽപ്പിച്ചാലും, മാറ്റി നിർത്തിയാലും കാലമതിനെ തിരുത്തും. നമ്മളെത്ര ശ്രമിച്ചാലും നാളത്തെ സൂര്യോദയം തടയാൻ പറ്റാത്ത പോലെ..



©മനോജ്‌ വെള്ളനാട്

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി എന്ന സര്‍ക്കസ്


മാസത്തിലൊന്നോ രണ്ടോ തവണ ഞാനും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങാറുണ്ട്. വാങ്ങുമ്പോഴൊക്കെ ഹോട്ടലീന്നുള്ള ദൂരമനുസരിച്ച് ടിപ്പും കൊടുക്കാറുണ്ട്. എന്തു സൗകര്യമാണല്ലേ ഈ ആപ്പുകൾ. വീട്ടിലോ ആശുപത്രിയിലോ ലോഡ്ജിലോ എവിടെയിരുന്നാലും ഇഷ്ടഭക്ഷണം വാതിൽക്കലെത്തും. തിന്നുന്ന ജോലി മാത്രം നമ്മൾ ചെയ്താ മതി. മാത്രമല്ല പാർട്ട് ടൈമായിട്ടും ഫുൾ ടൈമായിട്ടും എത്ര ചെറുപ്പക്കാർക്കാണിതു വഴി ജോലി കിട്ടുന്നത്.

ഇങ്ങനെ പലവിധത്തിൽ ഗുണപ്രദമൊക്കെയാണെങ്കിലും, പരമാവധി ഈ ആപ്പുകൾ വഴി ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കാൻ ശ്രമിക്കാറാണ് എന്റെ പതിവ്. കാരണം മറ്റൊന്നുമല്ല ഒരു സിനിമയിൽ അല്ലു അർജുൻ പിസ ഡെലിവറി ബോയിയായി, ഹെവി ട്രാഫിക്കുള്ള റോഡിൽ ബൈക്കിൽ ഹീറോയിസം കാണിക്കുന്നത് പോലെയുള്ള സർക്കസുകൾ നേരിട്ടു കണ്ടിട്ടാണ്. പേടിച്ചു പോകും പലപ്പോഴും.

എത്രയോ പ്രാവശ്യം ദേഷ്യം വന്നിട്ടുണ്ട്, ഇവരുടെയീ പോക്ക് കണ്ടിട്ട്. ഓവർ സ്പീഡ്, ഈച്ച മാത്രം കടക്കുന്ന ഇത്തിരി ഗ്യാപ്പിലൂടെയോ ഇടതു വശത്തൂടെയോ ഉള്ള ഓവർ ടേക്കിംഗ്, അതിനിടയിലും മൊബൈൽ സ്ക്രീനിലെ റൂട്ട് മാപ്പിലേക്കുള്ള ശ്രദ്ധ, ഒക്കെക്കൂടി മുന്നിലെവിടെയോ പതിയിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ പായ്ക്കേജുമായിട്ടാണ് അവർ നമുക്കുള്ള ഭക്ഷണവുമായി വരുന്നത്.

അതുകൊണ്ടാണ് ഞാനത് പരമാവധി ഒഴിവാക്കുന്നത്. ഞാൻ ഫുഡ് ഓർഡർ ചെയ്തതു കാരണം ഇവരിൽ ഒരാളെയോ റോഡിലുള്ള മറ്റുള്ളവരെയോ അപകടത്തിലാക്കണ്ടാന്ന് കരുതിയിട്ടാണ്.

പ്രിയപ്പെട്ട ഡെലിവറി സുഹൃത്തുക്കളെ, ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത്, നിങ്ങളിലൊരാൾ, ഒരു ചെറുപ്പക്കാരൻ മരിച്ചുപോയ വിവരം നിങ്ങളുമറിഞ്ഞു കാണുമല്ലോ. അതുകൊണ്ടു കൂടിയാണിതെഴുതുന്നത്. സ്വന്തം ജീവൻ പണയം വച്ച് നിങ്ങൾ ഭക്ഷണം കൊണ്ടു തരേണ്ട കാര്യമൊന്നുമില്ല. അഞ്ചോ പത്തോ മിനിട്ട് വൈകിയാലും ആരുമൊന്നും പറയില്ല ബ്രോ. നമ്മൾ തരുന്ന 5 സ്റ്റാറിനേക്കാൾ എത്രയോ വലുതാണ് സ്വന്തം ജീവനും ജീവിതവും.

ഡിയർ ഫ്രണ്ട്സ്, ഭക്ഷണമെന്നാൽ സന്തോഷമെന്നാണ്. നിങ്ങൾ സന്തോഷത്തിന്റെ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ചെയ്യേണ്ടത്. അതെന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ..

©മനോജ്‌ വെള്ളനാട്